Reminiscece Of Air Force Life

Wednesday, January 29, 2014

താമ്പരത്തെ പഴയ ഓരോണാഘോഷം - 2 (ചീങ്ങണ്ണി ത്രേസ്യ)

      ഇത് നേരത്തേ എഴുതിയിരുന്ന ഒരു പോസ്റ്റിന്‍റെ രണ്ടാം ഭാഗമാണ് -

   "വൈക്കം രാധാകൃഷ്ണന്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി, ഒട്ടനവധി സിനിമകളില്‍ തെളിയിച്ചിട്ടുണ്ട്"    
               എന്നതാണ് പങ്കയുടെ അഭിപ്രായം !  
          നാടകത്തിന്‍റെ ആദ്യ റിഹെഴ്സലില്‍, ശ്രീ. വൈക്കം രാധാകൃഷ്ണന്‍ തന്നെ വന്നു കഥ കേട്ടു. കൂടെ 'സ്റ്റേജ് ഷോയെ' കുറിച്ചും, നാടകത്തെ കുറിച്ചും, സിനിമയെ കുറിച്ചും ഞങ്ങള്‍ക്ക് ഒരുപാട് അനുഭവ  സമ്പത്ത് പകര്‍ന്നു തന്നു.
          പിന്നെ, അങ്ങേര്‍ കൈകാര്യം ചെയ്യാന്‍ പോകുന്ന പ്രോജെക്ടുകളുടെ ഒന്ന് രണ്ട് 'പൂജ'  നടന്നതിന്‍റെയും, നടന്മാരായ 'പ്രേംനസീര്‍', സുകുമാരന്‍ തുടങ്ങിയ ചില  ചലച്ചിത്ര നടന്മാരുടെയും, നടിമാരായ 'സീമ', 'ലക്ഷ്മി',  ജയഭാരതി തുടങ്ങിയ നടികളുടെയും കൂടെ നിന്നുള്ള കുറെ ഫോട്ടോകളും, ഞങ്ങളെ കാണിച്ചു -
                   നടികള്‍ക്ക് വേണ്ടി, മത്തായിയുടെ പെണ്ണും പിള്ളയേയും, നായരുടെ
അച്ചിയെയും, നിര്‍ബന്ധിക്കേണ്ടാതില്ലെന്നു ഞങ്ങള്‍ക്ക്   ഒരു ആത്മവിശ്വാസം
കിട്ടി -
               അങ്ങേരുടെ അടുത്ത പടത്തില്‍ 'ഹീറോയിന്‍' ആകാന്‍ പോകുന്ന 'ട്രീസ',
അദ്ദേഹം പറഞ്ഞാല്‍ വരാതിരിക്കുകയില്ല എന്ന ഉറപ്പും, അയാള്‍ തന്നു -
                            'ട്രീസയുടെ' കുറെ ഫോട്ടോകള്‍ കണ്ടപ്പോള്‍, ഞങ്ങള്‍ ഹര്‍ഷോന്മത്തരായി!  
                 "ഇത് കലക്കും ഗഡിയെ", ത്രിശൂര്‍ക്കാരന്‍ ഓനായി പറഞ്ഞു -
                         റിഹേഴ്സലിനായി ആദ്യം 'ട്രീസ' താംബരം സ്റ്റേഷനില്‍ വന്നപ്പോള്‍,
സ്വീകരിക്കാന്‍,  എയര്‍ ഫോഴ്സുകാരായ കലാ സഹൃദയരുടെ ഒരു ജനാവലി തന്നെ ഉണ്ടായിരുന്നു -
                                          'റിഹേഴ്സല്‍ കാംമ്പ്', അവധിക്കു ഭാര്യ പോയ, ഒരു ഭാസ്കരേട്ടന്‍റെ  വീട് ആയിരുന്നു -
              അവിടെ എത്തിയപ്പോള്‍ 'ട്രീസ്യുടെ' സൗകര്യം നോക്കാനും, ക്ഷേമം
അന്വേഷിക്കാനും, ആളുകള്‍ ഒട്ടനവധി !
                       അഭിനയിക്കാന്‍ വലിയ പാടവമില്ലാത്ത ഞാന്‍, എന്‍റെ റോള്‍ 'പ്രോമപ്ടിങ്ങില്‍' നിറുത്തി -
                        നാടക റിഹേഴ്സല്‍ തുടര്‍ന്നു -
         ഒരു രംഗത്തില്‍ പറയേണ്ട ഡയലോഗ് ഞാന്‍ പറഞ്ഞു കൊടുത്തു -
             'ബാബുവേട്ടാ, എന്‍റെ ചാരിത്ര്യം വിറ്റിട്ടാണെങ്കിലും, ഞാന്‍ നിങ്ങളുടെ  
ചികിത്സക്ക് പണം ഉണ്ടാക്കും'-
                             ട്രീസ ഡയലോഗ് പറഞ്ഞു തുടങ്ങി -
    "ബാബു' എന്ന വാക്ക് വരുമ്പോള്‍, 'വാവു' എന്നാണ്, ഉച്ചരിച്ചിരുന്നത്-
                         'വാവു'  ഉണ്ടെങ്കിലും, അയാള്‍ 'ബാബു' ആണ്, പല തവണ രാധാകൃഷ്ണന്‍ തിരുത്തി -  അത്  കഴിഞ്ഞ്,  ചാരിത്ര്യം,എന്ന വാക്ക് പറഞ്ഞു വരുമ്പോള്‍, അവളുടെ നാക്ക് വഴങ്ങുന്നില്ല !
                    ഒന്ന് രണ്ട് ആവര്‍ത്തി കഴിഞ്ഞപ്പോള്‍ അവള്‍ കയര്‍ത്തു -
              "ഈ വായില്‍ കൊള്ളാത്ത വാക്കുകളില്ലാതെ, ഇതൊന്നു മാറ്റിക്കൂടെ"
     " ഇതാണ് ഈ നാടകത്തിലെ പഞ്ച്ഡയലോഗ്, അത്  മാറ്റാന്‍ പറ്റില്ല"
               പങ്ക, സംഘാടകന്‍ എന്ന രീതിയില്‍, തറപ്പിച്ചു പറഞ്ഞു -
     പിന്നെയും ആവര്‍ത്തിച്ചു - പിന്നെയും തെറ്റി - സഹികേട്ട് അവള്‍ ചോദിച്ചു -
              " ഈ ചാരിത്ര്യം എന്ന് പറഞ്ഞാല്‍ എന്താ സാറേ? "
      അവിടെ ആണ് 'വൈക്കം രാധാകൃഷ്ണന്‍' എന്ന ആളിലുള്ള കലാഹൃദയം
ഞാന്‍ കണ്ടത് -
           അദ്ദേഹം അവള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു കൊടുത്തു -
                 "ഇല്ലാത്ത ഒരു കാര്യം നിനക്ക് മനസ്സിലാക്കി തരാന്‍ വിഷമമാണ്, നമ്മള്‍ മനസ്സിലാക്കാത്തതും, നമ്മള്‍ അറിയാത്തതുമായ പല വാക്കുകള്‍ ഉണ്ട്, അതുകൊണ്ട്, ഞാന്‍ പറയുന്നത് അനുസരിക്കൂ" !  
                                  ഓണത്തിന് നാടകം മാത്രം പോരല്ലോ -ബാക്കി 'വെറൈറ്റി' പരിപാടികളെ  കുറിച്ച് ചിന്തിക്കുന്ന ഘട്ടം വന്നു.
      ഫ്ലൈറ്റ് ലെഫ്ട്ടനന്‍ന്റ്.  ശങ്കരന്‍ സാറിന്‍റെ മക്കളുടെ ഭാരത നാട്ട്യം, ഒഴിവാക്കാന്‍ പറ്റില്ലല്ലോ!
             ഒരു 'ഫുള്‍ റിഹേഴ്സലില്‍', ആ പെണ്‍ കുട്ടികളെ കണ്ടപ്പോള്‍ എന്‍റെ
കണ്ണ് തള്ളിപ്പോയി !
           ചെറുപ്പക്കാര്‍ക്ക് ആര്‍ക്കും ശ്രദ്ധിക്കാതിരിക്കാന്‍ പറ്റാത്ത സുന്ദരികള്‍!
                   അന്നത്തെ കാലത്ത് പാട്ടിനായി ആകെ ഉണ്ടായിരുന്നത്,  'സ്പൂളില്‍' കറങ്ങുന്ന ടേപ്പ് റിക്കോര്‍ഡുകള്‍ ആയിരുന്നു -
                  അത് കൊണ്ട് സ്റ്റേജില്‍ ഇരുന്ന് പാടുന്ന നര്‍ത്ത കാഴ്ച്ചകള്‍ക്കായിരുന്നു
പ്രാധാന്യം- 'ലൈവ് പെര്‍ഫോമന്‍സ്'-
                അതിനുവേണ്ടി, ശങ്കരന്‍ സാര്‍ ഒരു 'സുബ്ബംമ്മാളിനെ' പാട്ട് പാടാന്‍ കണ്ടു പിടിച്ചു - ആ സ്ത്രീയുടെ പാട്ടെല്ലാം കൊള്ളാം- കര്‍ണാടക  സംഗീതത്തില്‍ നൈപുണ്യവും ഉണ്ട് - പക്ഷെ നൃത്തത്തിന്‍റെ  'ജതി' വരുമ്പോള്‍, അവര്‍
പറയുന്ന 'വായ്ത്താരി', അരോചകമായി തോന്നി -
              സാഹിത്യവും ഭാവാഭിനയവും കഴിഞ്ഞ് 'ജതിയിലേക്ക്' കടക്കുമ്പോള്‍,
ഒരു ഇഫെക്ട്ടും ഇല്ല എന്ന് തോന്നി -
               തീരെ സഹിക്കാതെ വന്നപ്പോള്‍,കമ്മിറ്റിയിലെ തലമൂത്ത ആളായ
വാസുവേട്ടനോടും,കലാമണ്ടലത്തില്‍  ഒന്ന് രണ്ട് കൊല്ലം പഠിച്ച, അങ്ങേരുടെ ഭാര്യ സുഹാസിനി ചേച്ചിയോടും, ഞാന്‍ തുറന്ന് പറഞ്ഞു -
                         'ഇതൊരു കലാവധമാണ്"  
           "ഇതിനേക്കാള്‍ ഭേദമായി എനിക്കിത് കൈകാര്യം ചെയ്യാന്‍ പറ്റും, ഇക്കാര്യം ഞാന്‍ പറയുന്നതിനേക്കാള്‍ ഉചിതം ചേച്ചി പറയുന്നതാണ് "-
               മൂന്ന് കൊല്ലം 'കലാതിലകം' കിട്ടിയ എന്‍റെ  അനന്തിരവളുടെ കൂടെ നിരവധി നൃത്ത സദസ്സ് കണ്ടിട്ടുള്ള വ്യക്തി ആണ് ഞാന്‍ എന്ന്, ചേച്ചിക്ക് അറിയാമായിരുന്നു.  
             'വെമ്പട്ടി ചിന്നസത്യത്തിന്‍റെയും, രാജരത്നം മാസ്റ്റരുടെയം', പരിപാടികളുടെ, 'ജതി വായ്ത്താരികള്‍', എത്രയോ തവണ കേട്ടിരിക്കുന്നു !
                   അടുത്ത റിഹേഴ്സലില്‍ എന്നെ വിളിക്കപ്പെട്ടു -
                         പിന്നീടുള്ള  റിഹേഴ്സലില്‍ എല്ലാം ഞാന്‍ 'ജതി' ചോല്ലാന്‍ വേണ്ടി കാര്‍ അയക്കപ്പെട്ടു !
             ഒരു ദിവസം ആ കുട്ടി തന്നെ പറഞ്ഞു -
       "ഐ, റിയലി അഡ്‌മെയര്‍ യുവര്‍ പാഷന്‍ ഫോര്‍ ക്ലാസ്സിക്കല്‍ ഡാന്‍സ്, യു സൌണ്ട് സൊ പ്രൊഫഷണല്‍ "-
                          അതോടെ ഞാന്‍ വീണു പോയി -
        ഏതോ മുകേഷ് സിനിമയില്‍ കാണുന്നത് പോലെ, ഞാന്‍ അവളെ ആരാധ്യ
മൂര്‍ത്തിയാക്കി-
              ഇതേസമയത്ത് നാടക റിഹേഴ്സലുകളും നടക്കുന്നുണ്ടായിരുന്നു.
                                      ചില ദിവസങ്ങളില്‍, ലാസ്റ്റ് ട്രെയിന്‍ മിസ്സ്‌ ചെയ്യാനുള്ള  സാഹചര്യത്തില്‍, വൈക്കം. രാധാകൃഷ്ണനും ട്രീസക്കും, അവിടെ തന്നെ തങ്ങേണ്ടാതായിട്ടും വന്നിട്ടുണ്ട് !!  
             ബാക്കി ഉള്ള ആളുകള്‍ക്ക്, ഇതിനെ കുറിച്ചൊക്കെ പലതും പറയാന്‍
ആയിരം നാവുള്ളപ്പോഴും, എന്‍റെ മനസ്സില്‍ ശങ്കരന്‍  സാറിന്‍റെ മകളുട
രൂപമായിരുന്നു -
                        ഓണത്തിനോടടുത്ത വാരാന്ത്യമാണ്, മറുനാടന്‍ മലയാളികളുടെ ഓണാഘോഷ പരിപാടികള്‍ -
                  ഓണത്തിന്‍റെ അന്ന് വൈകുന്നേരം, ശങ്കരന്‍ സാര്‍, വീട്ടില്‍ ഒരു പാര്‍ട്ടി നടത്തി - അദ്ദേഹത്തിന്‍റെ  വസതിയില്‍ വെച്ച് -
                മകളുടെ മിഴിവില്‍, ഭാഗഭാക്കായ എന്നെയും ക്ഷണിച്ചിരുന്നു !
      ക്ഷേത്ര വിളംബരപ്രഖ്യാപനത്തിന് ശേഷം, ഗുരുവായൂരെ മതില്‍ക്കെട്ടിന്  വെളിയില്‍ നിന്ന്, ചുറ്റംബലത്തിലേക്ക് കയാറാന്‍ പറ്റിയ ഒരു സവര്‍ണ്ണന്‍ അല്ലാത്തവന്‍റെ, ധന്യത !
           ഞാന്‍ അവിടെ ചെന്നപ്പോള്‍, പുഴയില്‍ നിന്ന്‍  കരക്ക് പിടിച്ചിട്ട ഒരു മീനിന്‍റെ പ്രതീതി ആണ് എനിക്ക് തോന്നിയത് -
               ബാല്‍ക്കണിയില്‍, 'വെള്ളം' അടിച്ചു കൊണ്ടിരിക്കുന്ന അങ്ങേരും കൂട്ടുകാരും -
           ഡൈനിംഗ് റൂമില്‍, കുറെ പൊങ്ങച്ചം പറയുന്ന പെണ്ണുങ്ങള്‍ - ഇതൊന്നും അറിയാതെ കളിക്കുന്ന കുറെ കുട്ടികള്‍ -
              എന്‍റെ കണ്ണുകള്‍ ശങ്കരന്‍ സാറിന്‍റെ മകളെ പരതി -
     അവളുടെ കൂടെയും ഉണ്ട് കുറെ 'ആഷ്പൂഷായ'  ആണ്‍ പിള്ളേരും
പെണ്‍ പിള്ളേരും !
             ഇരിക്കാനും, ഇട്ടെറിഞ്ഞു പോകാനും പറ്റാത്ത അവസ്ഥ !
    അവസാനം കേണല്‍..- രാജിന്‍റെ മകനെ, എന്നെ അവള്‍  പരിചയ      പ്പെടുത്തി-
                     "ഹി ഈസ് സൂപ്പെര്‍ബ് ഇന്‍ ക്ലാസ്സിക്കല്‍ മ്യൂസിക്ക്, ഇന്ത്യന്‍ ആന്‍ഡ്‌  വെസ്റ്റേണ്‍"" "
        "വെസ്റ്റേണ്‍"!  -"എനിക്ക് കേട്ടു കേള്‍വി പോലും ഇല്ല !
                പറയാന്‍ ഒരവസരം കിട്ടൂന്നതിനു മുന്‍പ്, അവര്‍ ചെവിവട്ടത്തില്‍
നിന്ന് അകലെ ആയി -
                          പാര്‍ട്ടി കഴിഞ്ഞപ്പോള്‍, ശങ്കരന്‍ സാര്‍ പറഞ്ഞു
       "മോളു, വൈ ഡോണ്ട് യു ഡ്രോപ്പ് മേനോന്‍ ടു ദി നിയറെസ്റ്റ് സ്റ്റേഷന്‍?"
                      "രാഹുല്‍, യു മേ ഗിവ് ഹെര്‍ എ കമ്പനി"  
       അങ്ങിനെ, കേണല്‍..- രാജിന്‍റെ മകനും, ഓളും കൂടി, ഏതോ ഒരു റെയില്‍ പാളം കാണുന്ന ദിക്കില്‍ എന്നെ ഇറക്കി വിട്ടിട്ട് പറഞ്ഞു -
             "ദാ കാണുന്നതാണ് റെയില്‍വേ സ്റ്റേഷന്‍, ഒണ്ലി ഫൈവ് മിനിട്ട്സ് വാക്ക്"!
                                താങ്ക്യു പറഞ്ഞ്, ഞാന്‍ റെയില്‍വേ പാളത്തില്‍ കൂടി നടക്കാന്‍ തുടങ്ങി -
           അമ്പതു മീറ്റര്‍ കഴിഞ്ഞപ്പോള്‍ ഒരു റെയില്‍വേ പാലം- സമയം രാത്രിയും!
                           കൈപിടിക്കാന്‍ ഒരു 'കമ്പി' പോലും ഇല്ല -
                      തടികള്‍ക്കിടയില്‍ കൂടി, നിലാവെളിച്ചത്തില്‍, താഴെ വെള്ളമാണ് എന്ന് മനസ്സിലായി - അടുത്ത തടിക്കഷണം എവിടെയാണ് എന്ന് കാണാനും പറ്റുന്നില്ല -
                   അറിയാതെ ഒരു നാടന്‍ 'ശീല്' ഞാന്‍ മൂളി -
              "അന്തിപ്പോന്മാനം കണ്ടാശിക്കല്ലേപെണ്ണേ " ..........            
                         റെയില്‍വേ പാളത്തിലെ,  ഓരോ തടിയും, കാലും കൈയ്യും കൊണ്ട്  തപ്പി നാട്ടുവംഗം നാല് കാലില്‍ മുന്നേറിയപ്പോള്‍, ഇപ്പോള്‍ ഒരു 'ഇലക്ടിക്ക് ട്രെയിന്‍' വന്നാലോ, എന്ന ചിന്ത  ആയിരുന്നു ! എന്നില്‍ -                
                            റെയില്‍വേ പാലങ്ങള്‍ക്ക് ഇടയില്‍, കയറി നില്‍ക്കാന്‍ ഒരു സംവിധാനമുണ്ട് എന്ന് മനസ്സിലായത് അന്നാണ് !
   "അത് പോലെ, അവനവന്‍റെ കൊക്കില്‍ ഒതുങ്ങന്നതെ കൊത്താവൂ"എന്നതും!                  എന്നെ കൊണ്ട് വിടാനുള്ള പശ്ചാത്തലത്തില്‍, രാഹുലും, ശങ്കരന്‍ സാറിന്‍റെ മോളും എവിടെയോ ഇരുന്ന് 'ഐസ്ക്രീം, കഴിക്കുകയാവാം
എന്ന തിരിച്ചറിവും !
   എന്തായാലും ഓണാഘോഷത്തിനു കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനും, പങ്കെടുപ്പിക്കാനും ഉള്ള ഒരു പ്രമേയം, കമ്മിറ്റി പാസ്സാക്കി-
             കൂടുതല്‍ പുതുമുഖങ്ങളെ, ഓരോരുത്തരും കൊണ്ട് വരിക -
            അങ്ങിനെ മുന്‍ പരിചയമുള്ള, കാലടിക്കാരനായ ഒരു ബാബുവിനെയും
ഞാന്‍ കൊണ്ടു വന്നു -
            എന്‍റെ ഒരു പഴയ പരിചയക്കാരന്‍ ആയിരുന്നു - അയാള്‍ക്ക്‌ ചിത്ര രചനയിലും, ആര്‍ട്ട് വര്‍ക്കുകളിലും നല്ല വശമുണ്ടായിരുന്നു -
            'ബാക്ക് ഡ്രോപ്പ്", 'സൈഡ് കട്ടൌട്ട്" തുടങ്ങിയ  കാര്യങ്ങള്‍ അയാള്‍ക്ക് ചെയ്യാന്‍ പറ്റും എന്ന് അറിയാമായിരുന്നു -
x------ x---------x-----------x-----------x---------x-----------x--------x----------x ------------                
                ഓണാഘോഷം ഗംഭീരമായി നടന്നു - എം. ജി സോമനും, പി. ജെ ആന്റണിയും ഉണ്ടായിരുന്നു -
                നാടകവും കൈയ്യടിയോടെ കാണികള്‍ സ്വീകരിച്ചു -
                   ശങ്കരന്‍  സാറിന്‍റെ മോളുടെ ഡാന്‍സിനു 'ജതി' ചൊല്ലിയതിന്, എനിക്ക് 'നട്ടുവംഗം മേനോന്‍' എന്ന ഒരു കളിപ്പേരും കിട്ടി -
                 "നട്ടുവംഗം മേനോന്‍, നാലുകാലില്‍, നടക്കേണ്ടി വന്ന അവസ്ഥ നാട്ടുകാര്‍ക്ക്  അറിയില്ലല്ലോ !"
                പക്ഷെ ഞാന്‍ കൂട്ടി കൊണ്ട് പോയ 'കാലടിക്കാരന്‍ ബാബു' പറഞ്ഞ ഒരു കാര്യം, വെളിയില്‍  ആരോടും പറഞ്ഞില്ല -
              ബാബു ആദ്യമായി റിഹേഴ്സല്‍ കാണാന്‍ വന്നത്, ഏറെ പ്രതീക്ഷയോടെ
ആയിരുന്നു- സിനിമാനടി 'ട്രീസയെ'  കാണാന്‍ ഉള്ള താല്‍പ്പര്യവുമായി -
                വന്നു കണ്ടപ്പോള്‍,അയാള്‍ പറഞ്ഞത്, ഞാന്‍ ബാബുവിന്‍റെ ഭാഷയില്‍ തന്നെ പറയാം -
              "ചേട്ടാ ഇവളെ എനിക്കറിയാം- അങ്കമാലി മാര്‍ക്കറ്റില്‍ അരി അളന്നു വില്‍ക്കുന്ന  സ്ഥലത്ത് ഇവളെ കണ്ടിട്ടുണ്ട് - 'സൈഡ് കട്ടൌട്ടും' , ചിലപ്പോള്‍
'ഫ്രണ്ട് കര്‍ട്ടനും'   ഇല്ലാതെ - അളവ് തെറ്റിക്കാനുള്ള അവളുടെ അടവ്
അങ്കമാലിയില്‍ പ്രസിദ്ധമാണ്!"
                                                     "ഇവളെ ഞങ്ങളുടെ നാട്ടില്‍ അറിയപ്പെട്ടിരുന്നത് 'ചീങ്ങണ്ണി ത്രേസ്യ' എന്നാണ്" !!

---------------------------------------------------------------------------------------------------------
     അടിക്കുറിപ്പ് :-
                  പുതിയ പടത്തിന്‍റെ ഫണ്ട്, 'ടൈറ്റ്' ആയപ്പോള്‍, കലാ സഹൃദയരും, സിനിമാലോക പ്രേമികളും ആയ താംബരത്തെ മലയാളി
എയര്‍ ഫോഴ്സുകാര്‍, കുറേ ആയിരങ്ങള്‍ സമാഹരിച്ച്,  'ചീങ്ങണ്ണിക്കും, വൈക്കത്തിനും' കൊടുത്തു - സിനിമ റിലീസ് ആയി ഓടുമ്പോള്‍ 'ടൈറ്റില്‍'
എഴുതി കാണിക്കുന്നതിന്‍റെ കൂടെ, നിങ്ങളോടുള്ള 'നന്ദി പ്രകാശനവും'
ഉണ്ടാകും എന്നൊരു ഉറപ്പും തന്നു! പക്ഷെ "വൈക്കം രാധാകൃഷ്ണന്‍ എന്ന ഒരു  ഡയറക്ടറെ കുറിച്ചോ,  'ട്രീസ' എന്ന ഒരു നായികയെ കുറിച്ചോ, ഞങ്ങള്‍ക്ക് ആര്‍ക്കും    കേള്‍ക്കേണ്ടതായി പോലും വന്നില്ല!    
        " സരിതമാരും, ബിച്ചു രാധാകൃഷ്ണന്മാരും" അന്നും ഉണ്ടായിരുന്നു!"  
 

4 comments:

 1. സരിതമാരും ബിജു രാധാകൃഷ്നന്മാരും എന്നും ഉണ്ടായിരുന്നു
  ആ റെയില്‍ പാലത്തില്‍ കൂടെ നാലുകാലില്‍ കടന്നുപോയ ദൃശ്യം ഞാനൊന്ന് സങ്കല്പിച്ചു ചിരിയ്ക്കട്ടെ!!!

  ReplyDelete
 2. നട്ടുവംഗം നാല് കാലില്‍ -

  ReplyDelete
 3. കൈനഷ്ടം വരാതിരുന്നത് ഭാഗ്യം...

  ReplyDelete