Reminiscece Of Air Force Life

Wednesday, May 15, 2013

ഞാൻ അംബാനി ആയ കഥ - 1

    ഞാൻ എന്റെ, ജീവിതത്തിൽ ഉണ്ടായ പല മാറ്റങ്ങളും, അതേ പോലെ ആർക്കും  ഉണ്ടാകാൻ, ഇടയാക്കിയേക്കാവുന്ന  ചില സംഭവങ്ങളെയും
കു റിച്ചാണ് ഇക്കുറി എഴുതുന്നത്. എന്റെ കഴിഞ്ഞ ബ്ലോഗ്‌ വായിച്ച ചിലർ അഭിപ്രായപ്പെട്ടു,  'സംഗതി    കൊള്ളാമായിരുന്നു', 'നീണ്ടു പോയി', ബ്ലോഗു വായനക്കാരെ സംബധിച്ചിടത്തോളം, ഇത് രണ്ടു പോസ്റ്റുകൾ ആയി ഇടാമായിരുന്നു!' അത് കൊണ്ട് ഇപ്പോൾ എഴുതുന്നത്, ഞാൻ രണ്ടു ഭാഗമായി പോസ്റ്റ്‌ ചെയ്യുന്നു.
------------------------------------------------------------------------------------------------------------
 
   പട്ടാളത്തിൽ നിന്ന് പതിനഞ്ച് കൊല്ലം കഴിഞ്ഞ്, പെൻഷൻ അർഹതയോടെ,
പിരിഞ്ഞു പോരുമ്പോൾ, എന്റെ മനസ്സിൽ, കിനാവുകൾ ഏറെ ആയിരുന്നു.
          അന്നത്തെ കാലത്ത്, മോശമില്ലാത്ത ഒരു തുക എന്റെ കൈയ്യിൽ ഉണ്ട്.
     പിന്നെ ബംഗ്ലൂർ 'സെന്റ്‌ ജോസഫ് കോളേജിൽ, ഈവനിങ്ങ് ക്ലാസ്സിൽ കൂടി
നേടിയ മാനെജ്മെന്റ് പി.ജി. ഡിപ്ലോമയും!
                                 'പീറ്റർ ഡ്രെക്കർ',   'രംഗനെക്കർ' എന്ന മാനെജുമെന്റ് ഗുരുക്കുന്മാരുടെ, ഒട്ടനവധി സുവിശേഷങ്ങളും, ബംഗ്ലൂരിലെ 'ഐ. റ്റി. ഐ. യിലേയും, 'ബെല്ലിലെയും' മാർക്കറ്റിങ്ങ് തലവന്മാർ എടുത്ത ക്ലാസ്സുകളും എല്ലാം, എന്റെ തലയിൽ വിങ്ങി നിൽക്കുന്ന സമയം. എന്റെ കുടുംബത്തിൽ ആരും ചെയ്യാത്ത 'ബിസ്സിനസ്സ് ഫീൽഡിൽ' , ഞാൻ ഒന്ന് തെളിയിക്കുവാൻ തീരുമാനിച്ചു!
                     അന്ന് 'ബിൽഗേറ്റ്സും', 'നാരായണ മൂർത്തിയും' ഒന്നും രംഗത്ത്‌, ഉണ്ടായിരുന്നില്ല.
            'റോക്ക്ഫെല്ലർ', ജനറൽ മോട്ടോഴ്സ്', എന്ന തരത്തിലുള്ള വെന്നിക്കൊടി പാറിച്ച, അനുഭവ സമ്പത്തുകൾ ആണ്, ക്ലാസിൽ പറഞ്ഞു തന്നിരുന്നത് !
                എയർ ഫോഴ്സിൽ നിന്ന്, അവസാനത്തെ അവധിയിൽ വന്നപ്പോൾ മുതലേ, ഞാനതിനു വേണ്ട ഗൃഹ പാഠങ്ങൾ ചെയ്തു തുടങ്ങി.
                       ഞാനേതു ബിസ്സിനസ്സാണ് തുടങ്ങേണ്ടത്?
      അനുദിനം, മനുഷ്യന് ആവശ്യം ഉള്ള ഒരു 'പ്രോഡക്റ്റു' ആയിരിക്കണം-
                     അപ്പോഴാണ്‌, പട്ടാളത്തിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ്,
'പ്രീ റിലീസ് അവയറനസിന്റെ' ഭാഗമായി ലഭിച്ച, ചില സ്വയം തൊഴിൽ സംരഭങ്ങളെ കുറിച്ചുള്ള ലഘുലേഖകൾ വായിച്ചതോർമവന്നത് !
                  'കൃഷി,  ഡയറി ഫാം, പന്നി വളർത്തൽ, കോഴി വളർത്തൽ അങ്ങിനെ പലതും!
                  ഇതെല്ലാം ആലോചിച്ചപ്പോൾ, എന്നെ പോലുള്ള ഒരു വ്യക്തിക്ക് അഭികാമ്യമായത്, 'ഇറച്ചിക്കോഴി ബിസ്സിനസ്' ആണ് എന്ന് തോന്നി-
                        'നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം" എന്ന പോലെ!
            വലിയ മുടക്കുമുതൽ ഇല്ല. ഏഴെട്ട് ആഴ്ചകൾ കൊണ്ട്, മുടക്കിയ പൈസ
വസൂലാക്കുകയും ചെയ്യാം.
                അങ്ങിനെ പട്ടാളത്തിൽ നിന്ന് വന്ന അവസാനത്തെ അവധി മുതൽ,
ഞാനിതിനെക്കുറിച്ച് പഠിക്കുവാൻ സമയം ചിലവാക്കി.
          ' നമ്മൾ വിൽക്കുന്ന സാധനത്തെ കുറിച്ച്, നമുക്ക് എല്ലാ വിവരങ്ങളും
ഉണ്ടായിരിക്കണം'-  'ഞാൻ പഠിച്ച തിയറി!'   
             വൈക്കത്തിനടുത്ത് ചെമ്പിൽ (മമ്മൂട്ടിയുടെ നാട്), ചന്ദ്രൻ പിള്ള എന്നൊരു മുൻസൈനികൻ, ബ്രോയിലർ ഫാം നടത്തുന്നതായി അറിഞ്ഞു.
               അവസാനം, ഞാൻ അങ്ങേരെ തപ്പി പിടിച്ച് ചെന്നപ്പോൾ, 'ഒരേ തൂവൽ പക്ഷികളാണ്' എന്ന പരിഗണനയിൽ, ഫാം മുഴുവൻ കാണാനും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉള്ളറിഞ്ഞ് പറഞ്ഞു തരുവാനും ഉള്ള സന്നദ്ധത ഉണ്ടായി-
                  ഒരു ചെയിൻ അസംബ്ലി പ്രൊഡക്ഷൻ പോലെ, ഓരോ ആഴ്ചയും കോഴിക്കുഞ്ഞുങ്ങൾ, ബാംഗ്ലൂർ ഹാച്ചറിയിൽ നിന്ന് വന്നു കൊണ്ടിരിക്കും.
എട്ടാഴ്ചകൾ കഴിയുമ്പോൾ, ആ ബാച്ച്, മാർക്കറ്റിൽ കൊടുക്കുവാൻ തൂക്കമാവും. അതിന്റെ വിൽപ്പനക്ക് ശേഷം, കൂടെല്ലാം 'ഡീ ഇൻഫെക്റ്റു' ചെയ്ത്, അപ്പോൾ വരുന്ന ബാച്ചിനെ അങ്ങോട്ട് കയറ്റും.
                   കൂടിന്റെ സവിശേഷത, നിലത്ത് വിരിക്കുന്ന അറക്കപൊടിയുടെ ഘനം, തീറ്റക്ക് വെക്കേണ്ട പാത്രങ്ങൾ, വേണ്ട ജല സംവിധാനം, തൂക്കം കിട്ടാൻ കൊടുക്കേണ്ട മരുന്നുകൾ, വാക്സിനുകൾ, 'കാലു' ലോഷനിൽ ചവിട്ടി അകത്തേക്ക് കയറാനുള്ള സംവിധാനം,   തണുപ്പുകാലത്ത് ചൂട് നൽകാനുള്ള ലൈറ്റ് സംവിധാനങ്ങൾ അങ്ങിനെ നിരവധി പ്രായോഗിക ടിപ്പണികൾ അങ്ങേരു പറഞ്ഞു തന്നു.    
                           ഞാൻ മനസ്സാലെ ചന്ദ്രൻ പിള്ളക്ക്, ദക്ഷിണ വെച്ചു-
                           അക്കാലത്ത്, മുന്തിയ ഇനം പട്ടികളെ വളർത്തി, ബ്രീഡ് ചെയ്തു 'പെഡിഗ്രിയോടെ'  വിറ്റ്, ലക്ഷങ്ങൾ ഉണ്ടാക്കിയ, ഒരു റിട്ടയേഡ് ബ്രിഗേഡിയർ. മേനോനെ, കൊച്ചി ക്ലബ്ബുകളിൽ  'പട്ടി മേനോൻ' എന്ന് അറിയപ്പെട്ടിരുന്നത് പോലെ, നാളെ എന്നെ 'കോഴി മേനോൻ' എന്നായിരിക്കും, കൊച്ചി അറിയുക, എന്ന് തോന്നി"!
          "ഐഡന്റിഫൈ  യുവെഴ്സെൽഫ് വിത്ത് ദി പ്രോഡക്ട്ട്"
                    എന്നാണല്ലോ മാനെജ്മെന്റ് സൂക്ത വാക്യം !
                               ഞാനീക്കാര്യം ഭാര്യയോടു പറഞ്ഞപ്പോൾ, 'സരസമ്മയായ'
അവൾ പറയുകയാണ്‌ -
               "  ബ്രിഗേഡിയരെ പോലെ ആയില്ലെങ്കിലും, പിന്നീട് പറഞ്ഞ ആ പേര് കിട്ടാനുള്ള സാധ്യത ഞാൻ തള്ളിക്കളയുന്നില്ല!"
                         എയർഫൊഴ്സിലുണ്ടായിരുന്ന ഞാൻ, അവസാന ഒരു വർഷം,
കൊച്ചി നേവൽ ബേസിലായിരുന്നു!
         (ആ 'കതിന' ഞാൻ വേറൊരു പോസ്റ്റിൽ കൂടി കത്തിക്കാൻ വെച്ചിട്ടുണ്ട്!)
                                താമസം ഭാര്യ വീട്ടിൽ- അച്ചി വീട്ടിൽ ഉണ്ട് താമസിക്കുന്ന,
ഒരു നല്ല നായരായിട്ട്!
                   ഭാര്യവീട്ടിലെ പറമ്പിന്റെ പടിഞ്ഞാറേ കോണിൽ, ചന്ദ്രൻ പിള്ളയുടെ ഫാമിൽ കണ്ട പോലുള്ള, മൂന്നു ഷെഡുകൾ ഞാൻ വിഭാവന ചെയ്തു.  
                ആയിടയ്ക്ക് ഒന്ന് രണ്ടു ബാങ്ക് ടെസ്റ്റുകളും, എഫ്. എ. സി. ടിയിൽ ,
ജോലി കിട്ടാനുള്ള ഒരു ചാൻസും ഉണ്ടായിരുന്നു.
          കൊള്ളാവുന്ന ഒരു ജോലി കിട്ടിയാൽ, ഈ പുലിവാലൊക്കെ വേണോ ?
                      എന്നിലെ യാഥാസ്ഥിതികൻ മന്ത്രിച്ചു !
                          അതുകൊണ്ട്, നാളെ ഒരു ജോലി കിട്ടിയാൽ, റീസെയിൽ വാല്യൂ കിട്ടുന്ന തരത്തിൽ ആയിരിക്കണം, ഞാൻ മുതൽ  മുടക്കേണ്ടത്-
                     അപ്പോൾ,  'ആസ്ബെറ്റൊസിനു' ഒന്നും പോകാതെ, ഓടു വെച്ച്
ഷെഡ്‌ ഉണ്ടാക്കുന്നതായിരിക്കും ബുദ്ധി. ഓടിനു റീസെയിൽ വാല്യൂ ഉണ്ടല്ലോ!
                          എന്റെ ഭാര്യ വീട്ടിലെ പറമ്പിൽ, ഇഷ്ടം പോലെ തേക്കും!
        അങ്ങിനെ ഓടു മേഞ്ഞ ഒരു കോഴിക്കൂടിന്റെ തുടക്കത്തിൽ ആയി ഞാൻ-
                     ആകസ്മികമായി  ആണ്, എന്റെ ഭാര്യയുടെ മുത്തച്ഛൻ പറഞ്ഞത് -
         "വിറകുപുരയുടെ അപ്പുറത്തുള്ള പടിഞ്ഞാറേ കോണിൽ, ഒന്നും വാഴില്ല"
                                എന്ന് ആരോ പറഞ്ഞിട്ടുണ്ട് പോലും!
              അതിലൊന്നും വിശ്വാസമില്ലാത്ത ഞാൻ, അതവഗണിച്ചു, പണി തുടങ്ങി -
                              ആദ്യത്തെ ഷെഡ്‌ പൂർത്തിയായി. അതിൽ ഓടുകൾ നിരത്തി ഏതാണ്ട് പൂർത്തിയായപ്പോൾ ......... !
                ഓടിന്റെ ഭാരം താങ്ങാൻ ആവാതെ വന്ന 'പന്തി' (രണ്ടു വശത്തും ഉള്ള ഉത്തരങ്ങൾ ഘടിപ്പിക്കുന്ന 'സെൻട്രൽ പീസ്‌))') അതിന്റെ വരുതിയിൽ നിന്നും,   അത് അടിച്ചുറപ്പിച്ച   'പൊഴിയിൽ' നിന്നും വിട്ട് പോയി!
                      പണി നടത്തിക്കൊണ്ടുപോയ 'പെരുന്തച്ചൻ' പറഞ്ഞു -
             "ഇതാണ്,  ഉണ്ടാക്കിയ ഈ മേൽക്കൂരയെ ബലവത്താക്കുന്നത്-
                  ഇത് കടിച്ചു നിന്നില്ലെങ്കിൽ കണക്കു മുഴുവൻ തെറ്റും -
                      ഭാരം താങ്ങാൻ പറ്റുകയില്ല " !
        നാട്ടിൻപുറം ആയത് കാരണം ഒരുപാട് ഉപദേശങ്ങൾ !
                    "അത് കൊട്ടുവടിക്കടിച്ചു, ആ ഗാപ്പിലേക്ക് ആക്ക്"
     ഇത്രയും ഭാരമുള്ള മേൽക്കൂര നിൽക്കുമ്പോൾ, കൊട്ടുവടി പ്രഹരം ഒന്നും ഫലവത്താകും, എന്ന് തോന്നുന്നില്ല!
                        തച്ചന്റെ മറുപടി !
         എന്നാൽ, ആ ഭാരം ലഘൂകരിച്ച്, നമ്മൾക്കിത് ചെയ്യാൻ പറ്റില്ലേ?
                   എം. എസ്. സി. ഫിസിക്സ് പഠിക്കുന്ന, പത്തിൽ, തൊണ്ണൂറു ശതമാനം
മാർക്ക് മേടിച്ച,   നാളത്തെ വാഗ്ദാനമായി, ആ ഗ്രാമം കണ്ടിട്ടുള്ള, ഒരു യുവ
തലമുറക്കാരന്റെ ആശയം -
                        'ലിവറേജ്' തത്വം അനുസരിച്ച്, മേൽക്കൂരക്കു ഒരു സപ്പോർട്ട് കൊടുത്ത്, അതിൽ ലിവറേജു കൊടുക്കുമ്പോൾ, തച്ചൻ പന്തിയെ അതിന്റെ, വായ്തലയിൽ അടിച്ചുറപ്പിക്കുക-
                "വാട്ട് ആൻ ഐഡിയ സർജി  "!
                 ഈ പറഞ്ഞ പോലെ മേൽക്കൂര പൊക്കി -
  കൃത്യ സമയത്ത് കൊട്ടുവടി കൊണ്ട് അടിച്ചു, പന്തി പൊഴിയിൽ ആക്കാൻ തച്ചനും റെഡി !,,
           ഇങ്ങിനെ പൊക്കുന്നതിന്റെ പ്രക്രിയയിൽ ഉണ്ടാകുന്ന ശക്തിക്ക് ഒരു
കണക്കും ഇല്ല, അടിസ്ഥാനവും ഇല്ല!  വെറും യുക്തി മാത്രം!
                         സംഗതി മേല്ക്കൂര പൊങ്ങി -  
             പിന്നെ കേൾക്കുന്നത്, ഇടിവെട്ടുന്ന പോലെയുള്ള ഒരു ശബ്ദമാണ് !
      ഷെഡിന്റെ മേൽക്കൂര, മേഞ്ഞ ഓടുകളുമായി, മൊത്തം നിലം പൊത്തി!
              ഞങ്ങൾ പത്തുപതിനഞ്ചുപേര്, അതിന്റെ കീഴിലും !!

                                                                                ശേഷം അടുത്ത പോസ്റ്റിൽ !
 -----------------------------------------------------------------------------------------------------                            
      

12 comments:

 1. ങ്ഹേ...സസ്പെന്‍സില്‍ കൊണ്ടുനിര്‍ത്തിയല്ലോ
  ബാക്കി കോഴിക്കഥ കേള്‍ക്കട്ടെ

  ReplyDelete
 2. നിങ്ങൾ ഇതിന്റെ മൂട്ടിൽ തന്നെയാണോ ?

  പ്രസിദ്ധീകരിച്ചതിന് നിമിഷങ്ങൾക്കകം കമന്റു വന്നത് കൊണ്ട്
  പറഞ്ഞതാണേ!
  നന്ദി അജിത് - എന്നോട് പലരും പറഞ്ഞു -സ്വന്തം അനുഭവങ്ങൾ, എല്ലാർക്കും
  കാണാൻ പറ്റുന്ന ഒരു സ്ക്രീനിലേക്ക് കൊണ്ടുവരൂഎന്ന് -
  ഞാൻ ശ്രമിക്കട്ടെ !
  നന്ദി അജിത്‌ - പ്രചോദനമാല്മകമായ ഈ കമന്റിന്

  ReplyDelete
 3. എന്നാലും ഈ സസ്പെന്‍സ്... ഇനിയിപ്പോള്‍ ബാക്കി ഭാഗം വായിക്കാതെ തരമില്ല!!!

  ReplyDelete
  Replies
  1. ഞാനീ രംഗത്ത് അധികം പഴക്കമില്ലല്ലോ !
   ഈ നമ്പരുകളൊക്കെ നിങ്ങളിൽ നിന്ന് പഠിച്ചതാണ് !
   നന്ദി

   Delete
 4. ഇതിപ്പൊള്‍ കൊണ്ട് നിര്‍ത്തിയത്
  വല്ലാത്ത സ്ഥലത്തായി പൊയല്ലൊ ...
  അതിനടീന്ന് ഇത്തിരി മാറ്റി നിര്‍ത്തിയിട്ട് , നിര്‍ത്തിയാല്‍ മതിയായിരുന്നു .
  ചുമ്മാതല്ല , മുത്തശ്ശി പറഞ്ഞത് കേള്‍ക്കാഞ്ഞിട്ടല്ലേ ..
  മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും
  പിന്നെ മൊത്തതില്‍ തലയിലൂടെ വീഴും :)
  അടുത്തത് പെട്ടെന്നാവട്ടെ ..

  ReplyDelete
  Replies
  1. ഉദ്ദേശിച്ച ഫലം ഉണ്ടായി എന്നറിയിച്ചതിൽ
   സന്തോഷം

   Delete
 5. രണ്ടാം ഘട്ടം കോഴിക്കൂട് ഉയരട്ടെ.. ഉയരുമോ..??

  ReplyDelete
 6. വായനക്കാർക്ക് ശ്വാസം എടുക്കാൻ ഒരു
  സമയം കൊടുത്തതാണ് ! കൂട് പണിഞ്ഞ അംബാനി
  രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ നിങ്ങളെ കാണാൻ വരുന്നുണ്ട് !

  ReplyDelete
 7. ജീവിതത്തിലും സസ്പെന്‍സ് തുടങ്ങി....മുഴുവന്‍ വായിച്ചാല്‍ അംബാനി ആവുമോ ?

  ReplyDelete
 8. ആയില്ലെങ്കിലും, ചില കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞേക്കാം !

  ReplyDelete
 9. ആദ്യത്തെ പണി പാളി അടുത്തത് നോക്കാം......

  ReplyDelete
 10. എല്ലാർക്കും
  കാണാൻ പറ്റുന്ന ഒരു സ്ക്രീനിലേക്ക് കൊണ്ടുവരൂഎന്ന് -
  അതെങ്ങനെയാണ്‌ സര്‍.ആ സ്ക്രീന്‍ എനിക്കും ഒന്ന് പറഞ്ഞു തരണേ..

  എന്റെ കുടുംബത്തില്‍ ഒരു ചെറുപ്പക്കാരന്‍ ഇതുപോലെ കോഴി ബിസിനെസ്സ് തുടങ്ങി. സംഗതി ക്ലിക്കായി എങ്കിലും അയാള്‍ക്ക് ഒരു പേരു കിട്ടി. കോഴി സുരേഷ്

  ReplyDelete