Reminiscece Of Air Force Life

Thursday, April 25, 2013

വിമല മേനോന്റെ കവിത - തുടിയുടെ ഗീതം

                           
                     

           എന്നുറക്കത്തിന്നു താളമേകി
            എന്റെ കളികൾക്ക് മേളമായി
           ഞാനറിയാതെയുമെന്നെയറിയിച്ചും
           നീപെടും പാടോ പെടാപ്പാടുതാൻ.

           എൻ കർമ്മഗാഥക്കു രാജസപ്രൗഡ്‌ഠിയും
            എൻ വികാരങ്ങൾക്ക് നേർത്ത ചൂടും
            എന്നിലെ മോഹക്കുരുന്നിനു ജീവനും
            നിൻ തുടിത്താളങ്ങളെന്നുമേകി

             ഒരു മാത്രപോലും പിരിയാനുമാവാതെ
             ധിറുതിയിൽ നിന്നെ ഞാൻ സ്വന്തമാക്കി
             മൃദുവായ മാംസക്കവചത്തിലാക്കിയീ
             രുധിരക്കിടങ്ങിന്റെയുള്ളിലാക്കി.

             വിടുതലോ വേണ്ടെനിക്കീ വലയത്തിൽ - നി-
             ന്നൊരു മുക്തി, യതു നൂനമെന്റെയന്ത്യം!
             ഇറുകെപ്പുണർന്നേയിരിക്കണം നമ്മളീ-
             ച്ചുടു ചോരയാറിത്തണുക്കുവോളം 

              വെയിൽമങ്ങിടുന്നുവോ- കണ്ണിന്നു കാഴ്ചയും
              കുറയുന്നവോ, പ്രായമേറിടുന്നോ?
              ദ്രുതതാളസന്ധ്യകൾ വിരളങ്ങളോ- നിന്റെ
              തെളി നീരൊഴുക്കും തളർന്നുവെന്നോ!

              വഴിയറ്റത്തുള്ളൊരാത്താവളമെത്തും-    
              മുമ്പൊരു കറുംപാട- നനുത്തപാട
              അതു വന്നെൻ കണ്ണിനെ പൊതിയുന്ന നേരത്തും
              കരളോർത്തു ഞാൻ നിന്റെ തുടികൊട്ടിന്നായ്.

              ഒച്ചകളൊന്നുമേ കേൾക്കുന്നതില്ല ഞാൻ
               കട്ട പിടിച്ചോരിരുട്ടിന്റെയുള്ളിലായ്
               തച്ചുടച്ചാരോയിക്കുഞ്ഞിക്കിളിക്കൂടെ-
               ന്നൊറ്റത്തുടിപ്പാട്ടുമൊപ്പം നിലച്ചുപോയ്‌ !

              --------------------------------------------------------------













              

             

Thursday, April 11, 2013

ചേമ്പില

                                    
                        ഏതോ സമുദ്ര തലത്തില്‍ നിന്നും, സൂര്യതാപമേറ്റ്  ഉണ്ടായ നീരാവി  മുകളിലേക്ക് ഉയര്‍ന്നു . അകാശത്ത് ഏറെ നേരം തത്തി കളിച്ച കാര്‍മേഘങ്ങള്‍ ഒത്തുകൂടി, കാറ്റിന്റെ ഗതിക്ക്‌ അനുസരിച്ച് അവ ഒഴുകി നടന്നു  - കനത്ത് കട്ടികൂടി അവ മലമുകളില്‍ തടഞ്ഞ് മഴയായി ഭൂമിയില്‍ പതിച്ചു -
                     നാട്ടുകാര്‍ അതിനെ സമയം അനുസരിച്ച് ' ഇടവപ്പാതി' എന്നും 'തുലാവര്‍ഷമെന്നും' വിളിച്ചു.
                                   മേല്‍ക്കൂരയുടെ പഴകിയ ഓലയുടെ സുഷിരത്തില്‍ കൂടി
കാര്‍മേഘത്തിനിടയിലൂടെ  പതിച്ച സൂര്യകിരണം അവളുടെ കണ്ണില്‍ പതിച്ചു. ദ്രവിച്ച് നില്‍ക്കുന്ന ഈ മേല്‍ക്കൂര ഒന്ന് മേയണം എന്ന് വിചാരിച്ചിട്ട് ഒത്തിരി നാളായി.                              
     അതെങ്ങിനെയാ, ആ കാലമാടന്‍ പളനിച്ചാമിയോടു മേടിച്ച വായ്പയുടെ പലിശ കൊടുക്കാന്‍ പോലും കാശ്  തികയുന്നില്ല- നൂറ്റിക്ക് അഞ്ചല്ലെ മാസപ്പലിശ!
                                  പഴയ പോലെ ആളുകള്‍ക്കും തന്നോട് പ്രതിപത്തിയും
ഇല്ല- തന്റെ ചന്തം നഷ്ടപ്പെട്ടു പോലും!തോലിമിനുപ്പു കൈമോശം വന്ന, നീരുറവ വറ്റി വൃക്ഷ ലതാതികള്‍  ഇല്ലാത്ത വരണ്ട സഹ്യന്‍ !
                           പണ്ട് തിരക്ക് കാരണം സമാധാനമായി ഒന്ന് ഉറങ്ങാന്‍ പോലും
കഴിയുമായിരുന്നില്ല! എന്തായിരുന്നു ഒരോരുത്തന്റെ ആക്രാന്തം !
                          ഇപ്പോള്‍ മനുഷ്യര്‍, തന്നെ ഈ പരുവത്തില്‍ ആക്കിയിട്ട്, തന്റെ  ഇല്ലായ്മയില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നു -
            മേല്‍ക്കൂരയിലെ ഓട്ടയില്‍ കൂടി സൂര്യനെ കാര്‍മേഘങ്ങള്‍ മറക്കുന്ന മങ്ങല്‍ മുറിയില്‍ അനുഭവപ്പെട്ടപ്പോള്‍ ആരോ വരുന്നുണ്ട് എന്ന് മനസ്സിലായി -
വശ്യമായ ഒരു പുഞ്ചിരിയോടെ വാതിലിനു വെളിയിലീക്ക് ഇറങ്ങി നിന്നു.
അകലത്തു നിന്നു വന്ന വിരുന്നുകാരന്‍, പോകുന്ന പോക്കില്‍ ഒന്ന് നോക്കിയിട്ട്  തന്റെ മുന്നിലൂടെ, കൂടുതല്‍ കാര്യ സാധ്യതയുള്ള ദൂരെ ഉള്ള മറ്റൊരു പര്‍വതത്തെ തേടി പോയി! കൂടെ ഒരു കമന്റും -
                  " ഇപ്പോള്‍ പഴയ ഉഷാറൊന്നും കാണുന്നില്ലല്ലോ " !
           അവന്റെ തള്ളക്കു വിളിക്കാന്‍ തോന്നി - പക്ഷെ സംയമനം പാലിച്ചു -
    നാളെയോ മറ്റന്നാളോ ഒരു മനം മാറ്റം തോന്നി വീണ്ടും സന്ദര്‍ശിക്കാനുള്ള
ഒരവസരം ഇല്ലാതെ ആക്കണ്ടല്ലോ!
                     അവസാനം വഴി തെറ്റി വന്നതോ, അതോ ഇനിയും അലയാന്‍ ആരോഗ്യമില്ലാത്ത ഒരു  കാര്‍മേഘക്കീറ് വന്നണഞ്ഞു -
                 ഉപചാരങ്ങള്‍ക്ക് ഒരു കുറവും വരുത്തിയില്ല -
                               " അതിഥി ദേവോ ഭവ" -
              അതിഥിയുടെ അമിതോത്സാഹം അരോചകമായിരുന്നു -
           എങ്കിലും മനസ്സ് വേറെ മേഘലകളില്‍ വ്യാപരിക്കാന്‍ വിട്ടുകൊണ്ട് നിസ്സംഗമായി നിലകൊണ്ടു -
            അലസമായി കിടക്കുന്ന മുടിയിലെ നരയും കൈത്തണ്ടിലെ തൊലിക്ക് ബാധിച്ച ജരയും ശ്രദ്ധിച്ചു!
                     പണ്ട് നാട് ഭരിച്ചിരുന്ന രാജകുടുംബത്തിലെ ചില അംഗങ്ങള്‍ വേട്ടക്കായി ഈ പ്രദേശത്ത് തങ്ങിയപ്പോള്‍, അതിലെ ഒരു വേന്ദ്രന്‍, തന്റെ
നെറ്റിയിലേക്ക് ഞാന്നു കിടന്നിരുന്ന ഒരു കുടുന്ന അളകം കത്രിക കൊണ്ട് വെട്ടി എടുത്തിട്ട്,
                                     " ഇത് നിന്റെ ഓര്‍മയ്ക്ക്"  
       എന്നും പറഞ്ഞ്പിരിഞ്ഞു പോയത് ഓര്‍മയില്‍ വന്നു. അതൊരു കാലം !
                   ഇന്ന് തൊടിയിലേക്ക് നോക്കുമ്പോള്‍, മരുന്നിന് താഴുതാമയോ കുറുന്തോട്ടിയോ പറിക്കാന്‍ ആയിട്ടെങ്കിലും, പിള്ളേരെ പോലും കാണാനില്ല~!
              മഴയുടെ ഇരമ്പല്‍ ദൂരെ നിന്ന് കേള്‍ക്കുന്നത് പോലെ തോന്നി!
          ഒന്ന് പെയ്തിരുന്നെങ്കില്‍ ഈ ഉഷ്ണത്തിന് ഒരറുതി വന്നേനെ !
                  നല്ല ഒരു തായമ്പകയുടെ കാലക്രമം മുറുകുന്നത് പോലെ മഴ ഇരമ്പി അടുത്തു - കൊട്ടുകാരന്റെ നെറ്റിയില്‍ നിന്നും പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍
ഉപകരണത്തില്‍ വീണ് ചിന്നി ചിതറി !
                 അവസാനം വൃഷ്ടിയുടെ ഓരോ തുള്ളികളും വരണ്ടുണങ്ങിയ ഭൂമിയെ പുല്‍കാനായി താഴോട്ട് കുതിച്ചു -
                              കീഴെ അവശേഷിച്ച മരച്ചില്ലകളില്‍ തട്ടി ചിതറി, തായമ്പക ദ്രുതത്തിലായി!
                    ഒരു തുള്ളിക്ക്‌ ഒരു കുടം എന്ന പോലെ -
താഴെ ഭൂമിയില്‍ ഉണ്ടായിരുന്ന പുല്‍ക്കൊടികള്‍ എല്ലാം കുളിരണിഞ്ഞു -
       അപ്പോഴും കുന്നിന്റെ ചെരുവിലെ ചെമ്പില മാത്രം അല്‍പം പോലും നനവ്‌ ഏല്‍ക്കാതെ കാറ്റത്ത് തലയാട്ടി നിന്നു!
          പിന്നീട് മഴയുടെ താളക്രമം ഗതി മാറി വിളംബത്തില്‍ ആയി -
               തലയ്ക്കു വെച്ചിരുന്ന തലേണക്കീഴില്‍ നിന്നും തുരുമ്പിച്ച മുറുക്കാന്‍ ചെല്ലം തപ്പി എടുത്തു. അതില്‍ നിന്നും ഒരു തളിര്‍ വെറ്റില തപ്പി എടുത്ത്, അതില്‍ ചുണ്ണാമ്പ് തേച്ചു. കൈവിരലില്‍ പറ്റിയിരുന്ന ബാക്കി ചുണ്ണാമ്പ് കിടക്കയുടെ വശത്തുള്ള ചുമരില്‍ തേച്ചു. കിടക്കയില്‍ നിന്ന് കൈയ്യെത്താവുന്ന ഉയരത്തില്‍, ചുണ്ണാമ്പ് തേച്ച കൈവിരല്‍ പാടുകള്‍....--. .- - മനസ്സില്‍ അറപ്പ് ഉളവാക്കി !
      അരിഞ്ഞു വെച്ചിരുന്ന രണ്ട് മൂന്നു അടക്കാ കഷണങ്ങള്‍ എടുത്ത് ഒന്നൂതിയ ശേഷം വായിലേക്ക് എറിഞ്ഞു.  എന്നിട്ട് അടക്കി പിടിച്ച വിരസതയോടെ
നസ്സംഗയായി ചോദിച്ചു -
                                 " കഴിഞ്ഞോ " !

-----------------------------------------------------------------------------------------------------------



             
             

  

Thursday, April 4, 2013

മിഷന്‍ കൊക്ക്രജാര്‍""!" " " ""

                                           മിഷന്‍ കൊക്ക്രജാര്‍""!" 

            "കൊക്ക്രജാര്‍"" ',  ഈയിടെയായി വാര്‍ത്തയിലും, ടി. വി യുലുമൊക്കെ വന്ന ഒരു സ്ഥലത്തിന്റെ പേരാണ്.
              എന്തോ സാമുദായിക അസ്വസ്ഥത പൊട്ടിപ്പുറപ്പെട്ട, ആസ്സാമിലെ ഒരു സ്ഥലമാണ് അത്.
         ഞാനും 'കൊക്ക്രജാറും' തമ്മിലുള്ള ബന്ധത്തിന്, ഒരു നാല്‍പ്പതു കൊല്ലം
പഴക്കമുണ്ട്.
       അപ്പോള്‍ തോന്നിയ ഒരു കുസൃതിയെ കുറിച്ചാണ് ഞാന്‍ എഴുതുന്നത്‌.
              ഒരു വാരാന്ത്യം എയര് ഫോഴ്സ് യൂണിറ്റിലെ ബാറിൽ ഇരുന്ന് മൂന്നാലെണ്ണം അടിച്ച് തലയ്ക്കു പിടിച്ചപ്പോള്‍, എനിക്ക് തോന്നിയ ഒരാശയം!

                    "നാളെ ജോലി നഷ്ടപ്പെടുകയാണെങ്കില്‍", ഞാന്‍ എങ്ങിനെ ജീവിക്കും
എന്ന് അറിയാനുള്ള ഒരു കൌതുകം -
                             അന്ന് വായനാശീലം, ഞാന്‍ തന്നെ എന്നില്‍ അടിച്ചേല്‍പ്പിച്ച് , 'എനിക്ക് ഒന്ന് നന്നാകണം' എന്ന് തോന്നിയ സമയം ആയിരുന്നു.
                                     വേറെ സാമ്പത്തികമായോ, ചുമതലയില്‍ കൂടിയോ ഒരു പ്രതിസന്ധിയും ഇല്ല.
                       ആ കൊല്ലം, എനിക്ക് എടുക്കാന്‍ അര്‍ഹതയുള്ള കാഷ്വല്‍ ലീവ് ബാക്കിയും. വെറുതെ അപേക്ഷിച്ചപ്പോള്‍, ലീവും സാന്ക്ഷനായി. പത്തു ദിവസം. നാട്ടില്‍ പോയി വരാനുള്ള സമയം ഇല്ല താനും.
                എന്റെ അടുത്ത കട്ടിലില്‍ ഒരു ആസ്സാമി ആയിരുന്നു- അവന്റെ പേര്
'ഗൊഗോയി' - അവന്റെ ഗ്രാമത്തെ കുറിച്ചും അവിടത്തെ ആളുകളെ കുറിച്ചും
ഞാന്‍ അന്വേഷിച്ചു . അങ്ങിനെയാണ് ഈ "കൊക്ക്രജാര്‍"" ' എന്ന സ്ഥലം, ഞാന്‍ പരിചയപ്പെടാന്‍ ഇടയായത്.
                  ഞാന്‍ താമസിക്കുന്ന എയർ ഫോഴ്സ് യൂണിറ്റിൽ നിന്ന് എട്ടു മണിക്കൂര്‍ തീവണ്ടി യാത്ര.
                        വേറെ ഒരു സ്റ്റേറ്റ്, വേറൊരു ചുറ്റുപാട്-
                ഞാന്‍ പുറപ്പെട്ടു. കൈയ്യില്‍ ഒരു നയാപൈസ പോലും പാടില്ല, എന്നത് ആയിരുന്നു, എന്റെ കളിയിലെ ഞാന്‍ തന്നെ നിഷ്ക്കര്‍ഷിച്ച,  ആദ്യത്തെ
നിയമം.
                   ഈ വിവരം എന്റെ കൂട്ടുകാരനും, നാട്ടുകാരനുമായ 'സാര്‍ജെന്ട്' വിജയനോട് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. അങ്ങേരു തലയില്‍ കൈ വെച്ച്, എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ കൂട്ടാക്കിയില്ല -
          അങ്ങിനെ ഞാന്‍ കാലിക്കീശയുമായി ആ സംരംഭത്തിന് ഇറങ്ങി.
  ആസ്സാം ഏരിയയില്‍ അന്ന്, 'മീറ്റര്‍ ഗേജു' ട്രെയിനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ട്രെയിനിന്റെ അകത്ത് കൂടി യാത്ര ചെയ്യുന്ന അതെ തിരക്കാണ്, ട്രെയിനിന്റെ മേലെ ഇരുന്നു യാത്ര ചെയ്യുന്ന സംഖ്യയിലും!
          അകത്ത് സ്ഥലമില്ല, പൈസയെടുക്കാഞ്ഞത്  കൊണ്ട് ടിക്കറ്റും എടുത്തിട്ടില്ല.
ട്രെയിനിന്റെ മേലെ ഇരുന്നു യാത്ര ചെയ്യുന്നവരെ കണ്ടപ്പോള്‍, എനിക്കും ഒരു
പൂതി. അടുത്ത സ്റ്റേഷനില്‍ നിന്ന്, ഞാനും ബോഗിയുടെ മേലെ ഇരുന്നു യാത്ര ചെയ്യുന്ന വ്യക്തികളില്‍ ഒന്നായി!
                     "എന്താ ഒരു കൂട്ടായ്മ !
      ഓരോ പാലം വരുമ്പോഴും, പരിചിതരായ അനുഭവസ്ഥര്‍ പറയും -
                   "ശീര്‍ നീച്ചേ കരോ"
          അപ്പോള്‍ എല്ലാപേരും തല കുനിച്ചിരിക്കും -
                   ഞാന്‍ ശരിക്കും ആസ്വദിച്ചു.
         രാത്രി 'കൊക്ക്രജാര്‍' സ്റ്റേഷനില്‍ എത്തി. തനി ഗ്രാമാന്തരീക്ഷത്തില്‍ ഉള്ള,
ഒരു റെയില്‍വേ സ്റ്റേഷന്‍ . രാത്രി ഒന്നും ചെയ്യാനില്ല - റെയില്‍വേ സ്റ്റേഷനിലെ
ചാരുബെഞ്ചില്‍  കിടന്നുറങ്ങി.
            കാലത്തെ എണീറ്റപ്പോള്‍ ആണ് മനസ്സിലാക്കിയത്, പ്രാഥമിക കര്‍ത്തവ്യങ്ങള്‍ പോലും ചെയ്യാന്‍ സൌകര്യമില്ലാത്ത ഒരു സ്റ്റെഷനായിരുന്നു
അത് എന്ന്.
           തലേ ദിവസം ഒന്നും കഴിച്ചിട്ടില്ല എങ്കിലും, അതിനു മുന്‍പ് കഴിച്ചതിന്റെ
സമ്മര്‍ദം, അനുഭവപ്പെട്ടു. നേരം വെളുത്തു വരുന്നതേ ഉള്ളൂ.
                              പ്ലാറ്റ്ഫോമിന്റെ അങ്ങേ തലക്കല്‍ പോയി നോക്കിയപ്പോള്‍,
ദൂരെ വയലില്‍, കോടാനുകോടി, ഇന്ത്യന്‍ പ്രജകള്‍ കാലത്തെ ചെയ്യുന്ന ആ ദിനചര്യ കണ്ടു.
               തമ്മില്‍ ഒരു കുശല പ്രശ്നവും നടത്താത്ത ഒരു സദസ്സ്! ചിലര്‍ തലയില്‍,
ഒരു തുണി മൂടിയിട്ടുണ്ട്‌. -
           ഉടു തുണിക്ക് മറുതുണി ഇല്ലാത്ത ഞാന്‍ അവിടത്തെ ഒരു 'ബി.പി എല്‍'
കാരനായി കൂടി!
         അത് കഴിഞ്ഞപ്പോള്‍,  തുള്ളല്‍ പാട്ടിലെ വരികള്‍ ഞാന്‍ ഓര്‍ത്തു!
                                 'ഒന്നും രണ്ടും കഴിഞ്ഞിട്ടവന്‍
                        വെള്ളം തൊടാതെ, മടങ്ങിയെത്തീടിനാന്‍ '
         അപ്പോള്‍ എന്റെ അവസ്ഥയും, ഏതാണ്ട് അത് തന്നെ ആയിരുന്നു !
                        ദൂരെയുള്ള ഒരു കനാലില്‍ ചെന്ന്, പാശ്ചാത്യർക്ക് അത്ര നിർബന്ധമില്ലാത്ത ആ 'കര്‍മ്മവും', തദ്ദേശവാസികളെ അനുകരിച്ച് ഞാനും ചെയ്തു.
                           ഇനി എന്താണ് ചെയ്യേണ്ടത്?
             ഒരു ജോലി സംബാതിക്കുക - മാമം കഴിക്കണ്ടേ!
 ഞാന്‍ നേടിയിട്ടുള്ള, വിദ്യാഭ്യാസ യോഗ്യതകള്‍ എല്ലാം ഉരുവിട്ട്, ഓഫീസുകള്‍ തെണ്ടി-
                           ആര്‍ക്കും താല്പര്യമില്ല !
        അവസാനം, എന്തെങ്കിലും കാര്യം നടക്കണം എന്നുണ്ടെങ്കില്‍, ഈ 'ഗ്വാ- ഗ്വാ'
അല്ല വേണ്ടത് എന്ന് എനിക്ക് മനസ്സിലായി.
         ഇതെല്ലാം മുൻകൂട്ടികണ്ടിട്ടാണ്, ഞാന്‍ ഇതിന് ഇറങ്ങിയെതെങ്കിലും, വിശപ്പിന് ഇത്രയും കത്തല്‍ ഉണ്ടെന്നു അപ്പോള്‍ ആണ് എനിക്ക് മനസ്സിലായത്‌...
                     ഞാന്‍ എന്റെ ഷര്‍ട്ട്‌ ഒക്കെ വലിച്ച്‌ കീറി ഒരു 'അഗതി' ലുക്കിലേക്ക് സ്വയം മാറി. ആ രൂപത്തില്‍ പല ഇടങ്ങളിലും ജോലിക്ക് തെണ്ടി. എന്ത് ജോലിയും ചെയ്യാന്‍, സന്നദ്ധതയുള്ള ഒരാള്‍ ആയിട്ട്!
               കൊക്ക്രജാര്‍ എന്നാ സ്ഥലത്തെ പ്രധാന ബിസിനസ്സും ആക്ട്ടിവിറ്റിയും, തടി മില്ലുകള്‍ ആയിരുന്നു. ഏതാണ്ട് നാട്ടിലെ 'പെരുമ്പാവൂര്‍' എന്ന സ്ഥലത്തെ
ഓര്‍മിപ്പിക്കുന്ന ഭൂപ്രദേശം.
             അങ്ങിനെ ഒരു തടി മില്ലില്‍ 'നീയും ചേര്‍ന്നോ', എന്ന് മുതലാളി പറഞ്ഞ വാക്കില്‍, എന്നെ ജോലിക്ക് എടുക്കപ്പെട്ടു.
          കാട്ടിലെ തടി അറത്തു, ഏഴടി നീളവും, നാല് ഇഞ്ച് വീതിയും ഘനവും
ഉള്ള, തടിക്കഷണങ്ങള്‍ ആക്കി മാറ്റുന്ന ഒരു പ്രക്രിയ ആയിരുന്നു, ആ മില്ലില്‍
നടന്നിരുന്നത്. അറത്ത് തീര്‍ന്ന തടിക്കഷണങ്ങള്‍ ചുമന്നു, ദൂരെ ലോറിയില്‍
കയറ്റാന്‍ പറ്റുന്ന പാകത്തില്‍, അടുക്കുന്ന ജോലിയായിരുന്നു, എന്റേത്.                                .                             എന്റെ ആകാരത്തിനു താങ്ങാന്‍ പറ്റുന്നതിനേക്കാള്‍, വലിയ
തടിക്കഷണങ്ങള്‍ ആയിരുന്നു, അവ ഓരോന്നും !
            'ചുമ്മാടും, വാഴയില മടക്കി വെച്ചും, ആദ്യത്തെ കുറെ ലോഡുകള്‍, ഞാന്‍
കൊണ്ട് വെച്ചു. അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്, ചുമലില്‍ നിന്ന്, ചോര പൊടിയുന്നു.
            'അസ്സംബ്ലി ലൈന്‍' പോലെ നടക്കുന്ന, ആ പ്രക്രിയയില്‍ നിന്ന്, ഞാന്‍ മാറി നിന്നാല്‍, ആ 'യൂട്ടിലിട്ടി ചെയിനിനെ' മുഴുവന്‍  ബാധിക്കും-
                                 'വ്യാവസായിക വിപ്ലവത്തിനോട്' അനുബന്ധിച്ച് നടന്ന
 'യന്ത്രവല്‍ക്കരണത്തിനെ' കളിയാക്കി കൊണ്ട്, ഞാന്‍ കണ്ട 'ചാര്‍ളി ചാപ്ലിന്‍'
ചിത്രങ്ങള്‍ ഓര്‍ത്തു!
         'കുമളിച്ച' തോളുമായി, ഇതെല്ലാം ഞാന്‍ ചെയ്യുന്നത് കണ്ട, അവിടത്തെ
ആജാനുബാഹുവായ ഒരു തൊഴിലാളി, ആസാമിയും ഭോസ്പൂരിയും കലര്‍ന്ന,
ഒരു സ്വരത്തില്‍ എന്നോട് ചോദിച്ചു
                                   'നവാ ഹൈ?'
           അയാളുടെ ശബ്ദവും, ആകാരത്തെ പോലെ പരുപരുത്തത് ആയിരുന്നു.
                        ഞാന്‍, തല ആട്ടി കാണിച്ച് പോകുമ്പോഴും, അയാള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, എന്ന് എനിക്ക് മനസ്സിലായി!
              അയാള്‍ എന്നെ ഒരു വശത്ത് കൊണ്ട് ഇരുത്തിയിട്ട്, എന്റെ ജോലികള്‍ കൂടി ചെയ്യാന്‍ തുടങ്ങി.
                  ഇടയ്ക്കു വന്ന്, ഒരുണക്ക ചപ്പാത്തിയും, ഒരു കഷണം ഉള്ളിയും,  കുറച്ചു വെള്ളവും തരാന്‍ മറന്നില്ല.
               പിന്നെ ഞാന്‍ കാണുന്നത്, ജോലി തീരുമ്പോള്‍, കൂലി കൊടുക്കുന്ന കാഴ്ചയാണ് -
                            എനിക്കും കിട്ടി, ഒന്നര രൂപ !
          എനിക്ക് കിട്ടിയ തുകയില്‍ നിന്ന്, അമ്പതു പൈസ കൈയ്യില്‍ വെച്ച്,
ബാക്കി, സമയോചിതമായി എന്നെ സഹായിച്ച, ആ വ്യക്തിക്ക് ഞാന്‍ നല്‍കി.
           മാനുഷികമായ തിരിച്ചറിവിന്, ഭാഷയില്ല, സമുദായമില്ല, മതമില്ല സാമൂഹിക പരിവേഷങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് ഞാന്‍ മനസ്സിലാക്കിയ മുഹൂര്‍ത്തം -
            അയാളുടെ പേര് 'കാലിയ' എന്നായിടുന്നു. ഒരു ബീഹാറി. പക്ഷെ  അസ്സാമിലുള്ള ആ മുതലാളിയുടെ കുടുംബത്തില്‍ ആണ്  അയാളുടെ ഓര്‍മയുടെ തുടക്കം. കൊക്ക്രജാര്‍ ഒഴിച്ചാല്‍ ബാക്കി എല്ലാ സ്ഥലങ്ങളും,
വിദേശ രാജ്യങ്ങളാണ്. ചുരുക്കത്തില്‍ ആസ്സാം, ഇന്ത്യയുടെ ഒരു ഭാഗമാണ്
എന്ന് പോലും മനസ്സിലാക്കാത്ത, ഒരു കഥാപാത്രം.
              എനിക്ക് കിട്ടിയ ആദ്യത്തെ പ്രതിഫലം, ഞാനങ്ങേര്‍ക്ക് നല്‍കിയപ്പോള്‍,
അങ്ങേരെന്നോട് ചോദിച്ചു -
                            "നീ എവിടെയാ രാത്രി ഉറങ്ങുന്നത്?"
        രാത്രിയും പകലും നിശ്ചയിക്കാതെ ഇറങ്ങിയ ഞാന്‍ പ്രതികരിച്ചു.
                 " അറിയില്ല, നീ ആണെന്റെ ഗുരു, നീ പായുന്നത് പോലെ"
        കാലിയാക്ക്, അവന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കാം ഇങ്ങനെ ഒരു മറുപടി കിട്ടുന്നത്!
                 അങ്ങിനെ കാലിയയുടെ താമസസ്ഥലത്ത്, അയ്യപ്പന്മാർ പമ്പയില്‍ തങ്ങുന്നത് പോലെ ഒരു 'വിരി' വെയ്ക്കാന്‍ സൗകര്യം തരമായി-
                 പൊളിഞ്ഞ ഒരു പഴയ 'വെയര്‍ ഹൗസിന്റെ' മൂലയിലുള്ള, പ്ലാസ്റ്റിക്ക്,
തകരം, പഴയ ചാക്ക് മുതലായവയാല്‍, നിര്‍മിക്കപ്പെട്ടതാണ്, കാലിയയുടെ കൊട്ടാരം- അതിനോട് ചേര്‍ന്ന് തന്നെ ഒരു പൊതു ടോയിലെറ്റും കുളിമുറിയും -
വെള്ളം കുറെ ദൂരെ നിന്ന് കൊണ്ടുവരണം.
                തണുത്ത വെള്ളം ശരീരത്തില്‍ വീണപ്പോള്‍ മേലും കൈയ്യുമെല്ലാം നീറുന്നുണ്ടായിരുന്നു.ദേഹം അവിടെ ഇവിടെയെല്ലാം, തടിയുടെ കൂര്‍ത്ത
മൂലകള്‍ ഉരസി കരുവാളിച്ചിരിക്കുന്നു.
                 കുളി കഴിഞ്ഞ് കുറച്ചു നേരം പരസ്പരം വിശേഷങ്ങള്‍ കൈമാറി.
ഞാന്‍ എന്റെ വരവിന്റെ ഉദ്ദേശം മറച്ചു വെച്ചു.
                കാലിയയുടെ ഓര്‍മ  തുടങ്ങുന്നത് തന്നെ, തടിമില്ലിന്റെ മുതലാളിയായ 'ഗജേന്ദ്ര ബാബുവിന്റെ' വീട്ടുമുറ്റത്ത് നിന്നാണ്. ആ മുതലാളിയുടെ ഉപ്പും ചോറും ആണ്, ഈ ഏഴടി പൊക്കവും, അതിനൊത്ത ഉറച്ച ശരീരവും ലഭിച്ചത് എന്ന് അവന്‍ നന്ദിപുരസ്സരം പല പ്രാവശ്യം സൂചിപ്പിച്ചു.  'ഭോസുപൂരി' പാട്ടും പാടി, ബാക്കി ഉള്ളവരേക്കാള്‍ കൂടുതല്‍ ജോലി, ആസ്വദിച്ചു ചെയ്യുന്നത്, ഞാന്‍ ശ്രദ്ധിച്ചിരുന്നു.
               ഗജേന്ദ്ര ബാബുവിന്, ഇത് പോലെ നൂറു കണക്കു 'കാലിയമാര്‍', അങ്ങേരുടെ ആറേഴു മില്ലുകളില്‍ ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ, കാലിയാക്ക് ഒരു പ്രത്യേക, പരിഗണന ഉണ്ടായിരുന്നു. ഗജേന്ദ്ര ബാബുവിന്റെ ആസ്രിതത്വത്തില്‍, കൊക്ക്രജാരില്‍ നാല് ഗ്രാമങ്ങള്‍ ഉണ്ടായിരുന്നു.  
                 എനിക്ക് ആവശ്യം വിദ്യാഭ്യാസമുണ്ടെന്നു അറിഞ്ഞപ്പോള്‍, 'തു', 'തും'
എന്നുള്ള വിളിയില്‍ നിന്നും, കാലിയ ബഹുമാനാർഥം  'ബാബൂ' എന്നാക്കി മാറ്റി.
                   രാത്രി എട്ടര മണി ആയപ്പോള്‍ ഏതോ അമ്പലത്തില്‍, മണി അടിക്കുന്ന ശബ്ദം കേട്ടു.
                 എന്തോ ഓര്‍ത്തിട്ടെന്ന പോലെ, അവന്‍ ചാടി എണീറ്റ്‌ എന്നെയും കൂട്ടി ,
വെളിയിലേക്ക് ഇറങ്ങി.
                      ഇരുട്ടില്‍ കൂടി ഏതോ വഴികള്‍ താണ്ടി, മതില്‍ ഇല്ലാത്ത ഒരു അമ്പലത്തിന്റെ മുന്നില്‍ എത്തി.
                                     "ജയ് ശങ്കര്‍ ഭഗവാന്‍" "
            ഉച്ചത്തിലുള്ള കാലിയയുടെ അലര്‍ച്ച കേട്ട്, ഞാന്‍ പരിഭ്രാന്തനായി !
                  ആസ്സാമി ഭാഷയില്‍ എന്തോ സംസാരിച്ചുകൊണ്ട് ഒരു പൂജാരി, അമ്പലത്തില്‍ നിന്ന് ഇറങ്ങി വന്നു-
               'വെണ്ണ' പോലെ എന്തോ ഉരുള  ഉരുട്ടിയ ഒരു വസ്തു, കാലിയാക്ക് എറിഞ്ഞു കൊടുത്തു.
               ക്രിക്കറ്റ് കളിക്കാരന്‍ 'യുവരാജ് സിങ്ങിന്റെ' വൈദക്ധ്യത്ത്യൊടെ,
കാലിയ  ആ കാച്ച് പിടിച്ചു. എന്നിട്ട് എന്നെ  ചൂണ്ടി എന്തോ പറഞ്ഞു.
                             ഇതാ വരുന്നു, മറ്റൊരു കാച്ച് !
            എന്നിട്ട് ഇലയില്‍ കുത്തിയ കുമ്പിളില്‍, പാലിന്റെ നിറമുള്ള, ഒരു
ദ്രാവകവും കൊടുത്തു.
             വെളിയില്‍ ഇറങ്ങി ഒരു ആല്‍ത്തറയില്‍ ഇരുന്നപ്പോഴാണ്, എനിക്ക് കാര്യം പിടി കിട്ടിയത്-
                          പൂജാരി നിവേദ്യമായി കൊടുത്തത് 'ഭാംഗാണ്'!
      കഞ്ചാവ് പോലുള്ള, ഉത്തര ഇന്ത്യയില്‍ സുലഭമായി വളരുന്ന ഒരു ചെടി.
ലഹരിക്ക്‌ ഇതിന്റെ ഇല ഉണക്കി പൊടിച്ച്, സിഗററ്റില്‍ ചേര്‍ത്ത്, ആളുകള്‍  വലിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്-ഇതിന്റെ ഇലയുടെ നീരെടുത്ത് പാല്‍ കട്ടിയിലും, പാലിലും കലക്കി, 'ഹോളി' മുതലായ ആഘോഷങ്ങളില്‍, ഉത്തര
ഇന്ത്യയില്‍ പരക്കെ ഉപയോഗിക്കാറുണ്ട്.
                   കഞ്ചാവ് കൃഷി നിരോധിക്കുന്നത് പോലെ  ഇതിന് നിരോധനം   ഏര്‍പ്പെടുത്താന്‍ സാധിക്കുക ഇല്ല. നമ്മുടെ നാട്ടില്‍ 'കമ്യൂണിസ്റ്റ്റ് പച്ച' വളരുന്നത്‌ പോലെ ആണ് വടക്കേ ഇന്ത്യയിലുള്ള, ഇവന്റെ സാന്നിധ്യം!
              'ഹഷിമാര' എയര്‍ ഫോഴ്സ് കാമ്പിലും, 'ഇന്ക്ലിമെന്ടു വെദര്‍'
പ്രഖ്യാപിക്കപ്പെടുന്ന ദിനങ്ങളില്‍ (മൂടല്‍ മഞ്ഞു കാരണം, ആ ദിവസത്തെ
'ഫ്ലയിങ്ങ് പ്രോഗ്രാം' കാന്‍സെല്‍ ചെയ്യുന്ന അവസരം) യൂനിറ്റ് 'കയോസ്കില്‍'
ഉണ്ടാക്കപ്പെടുന്ന പക്കവടയില്‍, ഉള്ളിയുടെ കൂടെ ഈ ചെടിയുടെ കുറച്ചു ഇലകളും,  ചെര്‍ക്കാറുണ്ടായിരുന്നു!
            കാലിയ, എനിക്കിതു നീട്ടിയപ്പോള്‍, പണ്ട് അലഹബാദില്‍ വച്ച്, ഹോളി
ആഘോഷത്തോടനുബന്ധിച്ചു, കലണ്ടറിലെ മൂന്നു ദിവസങ്ങള്‍, എന്നെ അറിയിക്കാതെ കടന്നു പോയ അനുഭവം ഞാന്‍ ഓര്‍ത്തു!
           അവസാനം ഈ പ്രസാദത്തിന്റെ ഒരു ഭാഗം, സ്വല്‍പ്പം ചകിരിയുടെ കൂടെ ചേര്‍ത്ത്, ഒരു മുളം കമ്പില്‍ തിരുകി, 'വിന്‍സ്ട്ടന്‍ ചര്‍ച്ചില്‍' സ്റ്റൈലില്‍,
കാലിയയുടെ ഒരു 'പൈപ്പ്' വലിയും ഉണ്ടായിരുന്നു-
                   പിന്നെ എന്നെയും കൂട്ടി പോയത്, ഒരു വലിയ മതില്‍ക്കെട്ടിന്റെ  പിന്‍ വാതിലിലേക്ക് ആണ്.
                    അവിടെയും, വാതിലില്‍ ഉറക്കെ മുട്ടിക്കൊണ്ട്,  അമ്പലത്തില്‍ നടത്തിയ ആ പ്രകടനം കാലിയ ആവര്‍ത്തിച്ചു -                    
                                        "ജയ് ശങ്കര്‍ ഭഗവാന്‍" "
              പക്ഷെ ഇത്തവണ, ഞാന്‍ ഞെട്ടിയില്ല. ഈ കോഡ് കൊണ്ട്, എന്താണ് ഉദ്ദേശിക്കുന്നത് എന്ന ജിജ്ഞാസയില്‍ ആയിരുന്നു ഞാന്‍!! !
             എന്താണ് സംഭവിക്കുന്നത്‌ എന്ന്, 'ഭാംഗിന്റെ' ഭാഗികമായ കെട്ടിനാല്‍,
മുങ്ങി തപ്പി ഞാന്‍ നില്‍ക്കുമ്പോള്‍, ആ ചെറു വാതില്‍ തുറന്ന്‍, ചെമ്പ് വളകള്‍ അണിഞ്ഞ രണ്ടു കൈയ്യുകള്‍, പത്തിരുപത് ചപ്പാത്തികളും, ഒരു ചട്ടി നിറയെ
ദാലുമായി പ്രത്യക്ഷപ്പെട്ടു- കാലിയ, എന്തോ അസ്സാമിയില്‍ പറഞ്ഞു.
                  ജോലി ചെയ്യുന്നതിനിടയില്‍, പാട്ട് പാടുമ്പോള്‍ പോലും, കാലിയയുടെ
ശബ്ദം, ഇത്ര മൃദുലമായിരുന്നില്ല !
                       മതിലിന്റെ അപ്പുറത്ത് നിന്ന്, ചിലങ്ക കിലുങ്ങുന്ന പോലെ ഒരു ചിരിയും, ഒന്ന് രണ്ടു വാക്കുകളും കേട്ടപ്പോള്‍, അറിയാതെ ഞാന്‍, ബഷീറിന്റെ  'മതിലുകള്‍' എന്ന നോവലിലെ  'നാരായണിയെ' ഓര്‍ത്തു.
                  അത്താഴം കുശാലായി കഴിക്കുമ്പോള്‍, കാലിയ എന്നോട് പറഞ്ഞു.
                   "ഞാന്‍ ബാബുവിന്, നാളെ ഒരു വരദാനം തരാന്‍ പോകുകയാണ്!"
         'ഭാംഗ്' അതിന്റെ  പ്രവര്‍ത്തി തുടങ്ങി എന്ന് എനിക്ക് തോന്നി!
             അടുത്ത ദിവസം, എന്നെ കാലിയ, മുതലാളിയുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോയി-
             കാലിയയുടെ ജീവിതത്തില്‍, ആദ്യമായി മുതലാളിയോട് ഉന്നയിച്ച
ഒരു നിവേദനം.
             "എഴുത്തും വായനയും അറിയാവുന്ന എനിക്ക്,മെച്ചപ്പെട്ട ഒരു ജോലി
നല്‍കണം".
              ഉദ്ദേശം മുപ്പതു നാല്‍പ്പതു കൊല്ലമായി, ആഹാരവും അത്യാവശ്യം ചോദിക്കുന്ന ചെറിയ തുകയും മാത്രം മുടക്കുമുതലായുള്ള മുതലാളിക്ക്,
കാലിയയുടെ ആദ്യത്തെ ആ അപേക്ഷ തള്ളിക്കളയാന്‍ പറ്റില്ലല്ലോ!
             അങ്ങിനെ ഞാന്‍ ഒരു കണക്കെഴുത്ത്പിള്ളയുടെ പോസ്റ്റിലേക്ക്
നിയോഗിക്കപ്പെട്ടു.
             അവിടെ എത്തപ്പെടുന്ന തടികളുടെ നീളവും ചുറ്റളവും കുറിച്ച്, അത്
എത്ര ക്യൂബിക്ക് അടി ഉണ്ടെന്നു കണക്കുകൂട്ടി, റിക്കോഡിൽ എഴുതുന്ന ജോലി.
              അന്ന് കാലിയാക്ക് ഒരു ഉത്സവത്തിമിര്‍പ്പായിരുന്നു. അതുവരെ ഇല്ലാഞ്ഞ, അനുഭവപ്പെടാത്ത, ഒരു സുഹൃത്ത് ബന്ധത്തിന്, അവനാല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന സംതൃപ്തിയില്‍--
             അന്ന് പൂജാരിയോട് ഒരു ഉരുള പാല്‍ക്കട്ടി കൂടി അവന്‍ ചോദിച്ചു മേടിച്ചു.
             എന്റെ തോളിലെ പരിക്കുകള്‍ പഴുക്കാന്‍ തുടങ്ങുന്നു എന്നെനിക്കു
മനസ്സിലായി. ആന്റീബയൊട്ടിക്ക്സ് എടുത്തില്ലെങ്കില്‍, പ്രശ്നം കൈവിട്ടു പോകുമെന്ന് എനിക്ക് ബോധ്യമായി.
              രാത്രി മുഴുവന്‍ വേദനയും കുറച്ചു 'ഭാന്ഗും' ആയി കഴിഞ്ഞ ഞാന്‍.
ഒരു തീരുമാനത്തില്‍ എത്തി.
                എന്റെ 'മിഷന്‍ സക്സസ്ഫുള്‍'- ജോലി കിട്ടി, സൂപ്പര്‍വൈസര്‍ തലത്തില്‍ ഉദ്യോഗക്കയറ്റവും ലഭിച്ചു. ഇനി തുടര്‍ന്നാല്‍, വല്ല മിലിട്ടറി ആശുപത്രികളിലും പോയി കിടക്കേണ്ടി വരും. കൂടാതെ ഇതെങ്ങിനെ സംഭവിച്ചു എന്ന് പറഞ്ഞാല്‍, പട്ടാളത്തിന്റെ വക 'ഇണ്ടാസ്' വേറെയും!
                 അടുത്ത ദിവസം വൈകുന്നേരം, കാലിയയോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു. കാലിയയും ഒരു രഹസ്യം കൈമാറി. ഗജേന്ദ്ര ബാബുവിന്റെ, മതില്‍കെട്ടിന്റെ പിന്‍വശത്തെ കിളിവാതില്‍ തുറക്കുമ്പോള്‍, കാലിയയുടെ ശബ്ദം മൃദുലം ആകുന്നതിന്റെ രഹസ്യം.
                        എന്റെ നിഗമനം ശരി ആയിരുന്നു. അവളുടെ പേര് 'ചെംബ'.  അവര്‍ ഒരുമിച്ച് കളിച്ചു വളര്‍ന്ന, ആ വീട്ടിലെ ബാല്യ കാലം- പിന്നീട്, കാലവും,  വളര്‍ച്ചയും, ഒരു ശാപമായ ഘട്ടത്തില്‍, അവര്‍ വേര്‍പിരിക്കപ്പെട്ടു.
                                ഇത് പോലെ, ജനാധിപത്യ ഇന്ത്യയില്‍, തമിഴ് നാട്ടിലെ കൌണ്ടരുമാരുടെ, അധീനത്തില്‍, ആന്ധ്രയിലെ നായിഡു- റാവുമാരുടെ
കീഴില്‍, വടക്കേ ഇന്ത്യയിലെ , ത്രിപാഠി-റാത്തോര്‍- -=--, -യാദവ്  തുടങ്ങിയ 'ജമീന്ദാര്‍' മാരുടെ   ചൊല്‍പ്പടിയില്‍, പണ്ട് കേരളത്തിലെ 'മാടമ്പിമാരുടെ'
ആസ്രിതത്വത്തില്‍,  എത്ര കോടി  'കാലിയമാരും', 'ചെമ്പമാരും' ജീവിച്ചിരുന്നു !
ജീവിക്കുന്നു!
            വൈകുന്നേരത്തെ ട്രെയിനില്‍, ഞാന്‍ തിരിച്ച് പോരുമ്പോള്‍, കണ്ട കാലിയയുടെ ഈറനണിഞ്ഞ കണ്മിഴികള്‍, ഇത്രയും കൊല്ലങ്ങള്‍ കഴിഞ്ഞും ഞാന്‍ ഓര്‍ക്കുന്നു.
   
            ----------------------------------------------------------------------------------

അടിക്കുറിപ്പ്:- 

                                                   തിരിച്ചു കാമ്പില്‍ വന്ന ശേഷം, കൂടെ താമസിക്കുന്ന 'ഗൊഗോയിയെക്കൊണ്ട്', ഗജേന്ദ്ര ബാബുവിന്റെ 'മില്ലിലെ' മേല്‍വിലാസത്തില്‍,
കാലിയയുടെയും ചെമ്പയുടെയും, താല്‍പര്യവും സൂചിപ്പിച്ച്, ആസാമി ഭാഷയിൽ ഒരു കത്തെഴുതിപ്പിച്ചു! മറുപടി ഒന്നും കിട്ടിയില്ല!!