Reminiscece Of Air Force Life

Monday, July 8, 2013

ആദ്യ അംഗീകാരം

                ( എന്റെ ആദ്യ ഗുരുവിന്, വൈകി നൽകുന്ന ഒരു ഗുരു ദക്ഷിണ!)
                      
                                 എന്റെ അപ്പൂപ്പൻ വാർധക്യസഹജമായ കാരണങ്ങളാൽ രോഗശയ്യനായി  കിടക്കുകയാണ്.
                  വയസ്സ് തോണ്ണൂറിനു മേൽ. ഒരു വർഷം മുൻപ് വരെ, കൃത്യനിഷ്ടയുള്ള ജീവിതക്രമവും, സൂര്യനമസ്കാരവും ഒക്കെ ആയി ഉൽസാഹനിരതനായി നടന്ന ശരീരത്തിന്റെ ഉടമ.
                  മനുഷ്യായസ്സിനും ഒരു പരിധി ഉണ്ട്, എന്ന് ഞാൻ മനസ്സിലാക്കിയ നാളുകൾ. ഏതു കാര്യത്തിനും, എന്ത് കാര്യത്തിനും, ഞാൻ എന്റേതായ തന്നിഷ്ടങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയ പ്രായം.
                പക്ഷെ അപ്പോഴും, അപ്പൂപ്പന്റെ ഏതു ആവശ്യങ്ങൾക്കും ഞാൻ സദാ
സന്നദ്ധൻ ആയിരുന്നു.
                       എന്തായിരുന്നു കാരണം?   ഞാൻ പലപ്പോഴും പിൻതിരിഞ്ഞു ആലോചിച്ചിട്ടുണ്ട്.
                  അപ്പൂപ്പൻ എന്നോട് ഒരിക്കലും കറുത്ത് ഒന്നും പറഞ്ഞിട്ടില്ല.
             അങ്ങിനെ അദ്ദേഹം ആരോടും പറയുന്നത് ഞാൻ കേട്ടിട്ടില്ല .
          അച്ഛനെ വിളിച്ചു കൊണ്ട് വന്നാലേ ക്ലാസിൽ കയറാൻ പറ്റുകയുള്ളൂ
എന്ന് ഹെഡ്മാസ്റ്റർ 'കാനാട്ടു നാരായണപിള്ള സാർ' കടുംപിടുത്തം നടത്തിയ സമയം.
                            അച്ഛനെ ഹെഡ്മാസ്റ്റർക്ക് കാണണം എന്ന് പറഞ്ഞു
         '  ത്രിക്കണ്ണാൽ  എന്റെ അച്ഛൻ നിരൂപിച്ചു ' ഇത് എന്തോ കൊനിഷ്ടാണ്!
 പിന്നെ ഒരു പ്രസംഗം  ആയിരുന്നു ......
        "നിന്റെ ചേച്ചിമാരും, ചേട്ടനും പഠിച്ചപ്പോൾ എന്നെ വിളിക്കുമായിരുന്നു-
              സ്കോളർഷിപ്പിന്റെ 'ഫോം' ഒപ്പിട്ടു കൊടുക്കാൻ "
               ഇപ്പോൾ വിളിച്ചത് എന്തിനെനെന്നു എനിക്ക് ഊഹിക്കാം! "
                                                            ഞാൻ വരില്ല -
                            ഒരാഴ്ച  ക്ലാസ്സിൽ കയറാതെ  ഞാൻ ഒപ്പിച്ചു.
                               എന്തോ പന്തികേട്‌ കണ്ട അപ്പൂപ്പൻ  ചോദിച്ചു
                                                     എന്താ  തന്റെ പ്രശനം ?
                          ഞാൻ കുറെ സെന്റി ഒക്കെ ചേർത്ത്, എന്റെ നിവർത്തികേട്  അറിയിച്ചു.
                  അടുത്ത ദിവസം, അപ്പൂപ്പൻ എന്നെയും കൂട്ടി സ്കൂളിൽ ചെന്നു.
     അപ്പൂപ്പനെ നേരിട്ടറിയാവുന്ന നാരായണപിള്ള സാർ, എണീറ്റ്‌  ആധിതേയ മര്യാദയോടെ, കസേരയിൽ ഇരുത്തി.
                       എന്നോട് വെളിയിൽപോയി നിൽക്കാൻ പറഞ്ഞു !
       അതുകഴിഞ്ഞ്, ഞാൻ അകത്തു ചെല്ലുമ്പോൾ പറയുന്ന വാചകമിതാണ്!
                     നിങ്ങളുടെ സ്കൂൾ നടപടി നിങ്ങളുടെതാണ്, അതിനെ ഞാൻ മാനിക്കേണ്ടതാണ്, പക്ഷെ ഇയ്യാളുടെ പഠിത്തം മുടങ്ങാൻ ഇടയാവരുത് ,
അതാണ്‌ എന്റെ അപേക്ഷ.
                               കൊല്ലങ്ങൾക്ക് ശേഷം, ആ കാര്യം ആലോചിക്കുമ്പോൾ,
എന്റെ 'അപക്വതയെ' ഞാൻ മനസ്സിലാക്കുന്നുണ്ട് എന്നതാണ് എന്റെ ആശ്വാസം.
      വയസ്സുകാലത്ത്, ഞാനായിരിക്കാം, ലഭിച്ചേക്കാവുന്ന ഒരാശ്രയം എന്ന് അദ്ദേഹം കണ്ടത് കൊണ്ടായിരിക്കാം.
                           വിദ്യാഭ്യാസവും, സംസ്കൃത പാണ്ഡിത്യവും, പല വേദാന്ത പുസ്തകങ്ങളും എഴുതിയിട്ടുള്ള, അദ്ദേഹത്തിന്റെ ചില ചിന്തകൾ, ആ പ്രായത്തിൽ എനിക്ക് അപ്രായോഗികമായി തോന്നിയിരുന്നു.
                അദ്ദേഹത്തോട് മാത്രം, എനിക്ക് സംസാരിക്കാൻ സർവ സ്വാതന്ത്ര്യവും
ഉണ്ടായിയിരുന്നു.
           മനസ്സിൽ തോന്നുന്നത് പറയാം. അതിനു വിലക്കുകൾ ഇല്ലായിരുന്നു.
     അതുകൊണ്ടായിരിക്കാം വയസ്സുകാലത്ത്, അദ്ദേഹത്തെ പരിചരിക്കാൻ
എനിക്ക് തോന്നിയ ചേതോവികാരം.
                           അദ്ദേഹം എന്നോട് കൂടെക്കൂടെ പറയാറുള്ള ചെറു വാക്കുകളിൽ കൂടി എന്നിലേക്ക്‌ എളുപ്പം പകർന്നു തരാൻ ശ്രമിച്ച ചില ആശയങ്ങൾ പോലും, എന്റെ പ്രാ.യത്തിനും, ചില കുട്ടികളിൽ കാണാറുള്ള അമിതൊർജത്തിനും, ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല !
            "ക്ഷമ,   ശ്രദ്ധ, സഹജീവബോധം, നിഷ്കാമ കർമം, കരുണയിൽ കൂടി കിട്ടുന്ന സന്തോഷം - മനസ്സമാധാനം" ഇങ്ങനെ ചില ഒറ്റ മൂലികൾ,         പിൽക്കാലത്ത്, വളരെ ഉപകരിച്ചു എന്ന് ഞാൻ മനസ്സിലാക്കി.
                  അന്നൊക്കെ തിരക്ക് കാരണം  കൂട്ടുകുടുംബത്തിലെ കുട്ടികളെ, ഓരോരുത്തരേയും, മാതാപിതാക്കൾക്ക് ശ്രദ്ധിക്കാൻ സമയം കിട്ടിയിരുന്നില്ല-
            ഫലം രാത്രി അച്ഛൻ വീട്ടില് വരുമ്പോൾ, ഏതെങ്കിലും അക്കൌണ്ടിൽ 'അടി' ഉറപ്പ്!
              ഒരു രാത്രി അച്ഛൻ മടങ്ങി വരാൻ താമസിച്ചപ്പോൾ, ചേച്ചി ഏഷണി കൂട്ടി, അന്ന് കിട്ടാൻ സാധ്യതയുള്ളത് കിട്ടാതെ, എനിക്ക് ഉറക്കം വന്നില്ല!
               മണി   പതിനൊന്നു കഴിഞ്ഞിട്ടും, കിട്ടാനുള്ളത് കിട്ടുന്നില്ല -
       അവസാനം ഞാൻ തന്നെ എഴുന്നേറ്റു ചെന്ന് അച്ഛനോട് പറഞ്ഞു -
                            "തരാനുള്ളത്‌ തന്നെങ്കിൽ, എനിക്ക് മനസ്സമാധാനത്തോടെ ഉറങ്ങായിരുന്നു !"
                    ഇന്നോ, മാതാപിതാക്കന്മാരുടെ അമിതമായ തിരക്ക് കാരണം, കുട്ടികൾക്ക് സ്വയം വളരാൻ പറ്റാത്ത അവസ്ഥയും !
                            "പാവം കുട്ടികൾ"!

                അപ്പൂപ്പൻ  മരിക്കുന്നതിന്റെ തൊട്ടു മുൻപുള്ള മൂന്നാലുമാസങ്ങൾ.
                അത്രയും 'സാത്വിക' ഗുണമുള്ള ഒരു മനുഷ്യൻ മരണശയ്യയിൽ കിടന്ന്, അങ്ങിനെ അനുഭവിക്കുന്നത് കണ്ടപ്പോൾ, എനിക്ക് ദൈവ സങ്കൽപ്പത്തോടും,
സങ്കീർത്തന കഥകളോടും ഒരു മടുപ്പ് തോന്നി.
                ആ നാട്ടിലെ നാനാജാതി മതസ്ഥർക്കും, പൂജിതനായ വ്യക്തി.
                            ആ കാലത്ത് കാലടി ശ്രീരാമകൃഷ്ണ ആശ്രമത്തിൽ നിന്ന്
 'ആഗമാനന്ദ സ്വാമിയുടെ' മാർഗ നിർദേശത്താൽ,  ഒരുപാട് ആത്മീയ കാര്യങ്ങൾ ഉള്ളടക്കം ചെയ്ത പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
'അമൃതവാണി', 'പ്രബുദ്ധകേരളം' എന്നിവ, ആശ്രമത്തിൽ നിന്ന്, അന്ന് പ്രസിദ്ധീകരിച്ചിരുന്ന ചില മാസികകൾ ആയിരുന്നു.
              കൂടാതെ എല്ലാ മതങ്ങളിലേയും, മഹനീയമായ അഭിപ്രായങ്ങളുടെ,
പ്രവാചക ദർശനങ്ങൾ , സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ, ഇംഗ്ലീഷിലും മലയാളത്തിലും  ചെറിയ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു.
                     (മതം എന്ന വാക്കിന്റെ അർത്ഥം, അഭിപ്രായം എന്നാണ് എന്ന്  അപ്പൂപ്പൻ പറഞ്ഞു തന്നതും ഞാൻ ഓർക്കുന്നു)
          'ദസ് സ്പോക് ജീസസ്', 'ദസ് സ്പോക് മുഹമ്മദ്‌',  'ദസ് സ്പോക്  ഗാന്ധി',
  'ദസ് സ്പോക് ഗുരു നാനാക്ക്',    'ദസ് സ്പോക് വിവേകാനന്ദ', തുടങ്ങിയ
ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ.
                           'സൂക്തങ്ങൾ' എന്ന തലക്കെട്ടിൽ, ഇതിന്റെയെല്ലാം മലയാളം പരിഭാഷകളും.
                      അപ്പൂപ്പന് കിട്ടുന്ന പെൻഷന്റെ നല്ല ഭാഗം, ഈ പുസ്തകങ്ങൾ മേടിക്കാൻ, അദ്ദേഹം വിനിയോഗിച്ചിരുന്നു.
                         വീട്ടിൽ  വരുന്നവർക്കെല്ലാം, കൂടാതെ കല്യാണം തുടങ്ങിയ ചടങ്ങുകളിലും,  ഓരോരുത്തരുടെ വിശ്വാസ പ്രമാണങ്ങൾക്ക് അനുസരിച്ച്, അദ്ദേഹം ഈ പുസ്തകങ്ങൾ സമ്മാനമായി നല്കുമായിരുന്നു.
               അങ്ങിനെയുള്ള ഒരു സാത്വിക മനസ്സിന്റെ ഉടമക്ക്, ആയുസ്സ് തൊണ്ണൂറു വരെ കിട്ടി എങ്കിലും, അവസാന കാലം കിടന്ന കിടപ്പോർക്കുമ്പോൾ, ഇതൊന്നും ആയിരുന്നില്ലാത്ത എന്റെ അച്ഛൻ അറുപത്തിമൂന്നിൽ, വൈകുന്നേരം ന്യൂസ് കേട്ടിരിക്കുമ്പോൾ, രണ്ടു മൂന്നു മിനിട്ടിനുള്ളിൽ 'വിസ' കിട്ടി പോയതും തമ്മിൽ
ഞാൻ പലപ്പോഴും താരതമ്യപ്പെടുത്താറുണ്ട്.
                       അപ്പൂപ്പന്റെ മരണത്തിനു മുൻപുള്ള കുറെ മാസങ്ങൾ അദ്ദേഹം കൂടുതൽ സമയവും മയക്കത്തിൽ ആയിരുന്നു.
               എപ്പോഴൊക്കെ ബോധം വരുന്നോ, അപ്പോഴെല്ലാം അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിയ ചില വാചകങ്ങൾ ആവർത്തിക്കുമായിരുന്നു.
                                'അഹം ബ്ര്ഹ്മാർപ്പണ വസ്തു'
        സർവജ്ഞനിൽ ലയിച്ചു ചേരാനുള്ള കേവലം ഒരു വസ്തു ആണ് താൻ എന്നാ സത്യം തിരിച്ചറിഞ്ഞതിന്റെ പാരകമ്യം.
                             ആരുടെയോ കൈയ്യിൽ നിന്ന് മേടിച്ച 'പത്തു രൂപ' തിരിച്ച്
നൽകാൻ പറ്റിയില്ല എന്ന വ്യാകുലത.
                            പിന്നെ പറഞ്ഞിരുന്നത്
                    "രഘു ........ എ ഷാർപ്പ്  ഇന്റെലക്റ്റ് "
                 എനിക്ക് കിട്ടിയ ആദ്യത്തെ അംഗീകാരം.
        അത്യാസന്ന നിലയിൽ കിടക്കുന്ന അപ്പൂപ്പനെ കാണാൻ ആരു വരുമ്പോഴും,
ഈ മൂന്നു കാര്യങ്ങളും അദ്ദേഹം നിരന്തരം പറഞ്ഞു കൊണ്ടിരുന്നു.
             തിരുവതാംകൂറിലെ 'അസ്സിസ്റ്റന്റു ദിവാൻ പേഷ്കാർ' എന്ന ഉന്നത പദവിയിൽ നിന്ന് വിരമിച്ച വ്യക്തിയെ കാണാൻ വന്നിരുന്നവരെല്ലാം,
വലിയ പദവികളിൽ ഇരിക്കുന്ന പഴയ ആശ്രിതരും, വിശിഷ്ട വ്യക്തികളും ആയിരുന്നു.
                       അദ്ദേഹം പകുതി ബോധത്തോടെ പറഞ്ഞ ആദ്യത്തെ രണ്ടു കാര്യങ്ങളും, വിവരമുള്ളവർ പറയുന്നതോ, അല്ലെങ്കിൽ സ്വയം ഉണ്ടായ കുറ്റബോധത്തിന്റെ പ്രതിഫലനമായോ, സന്ദർശകർ സംഗ്രഹിച്ചു .
               പക്ഷെ ഈ മൂന്നാമത്തെ കാര്യം, എന്നെ കുറിച്ചാണ് എന്ന് അറിയാവുന്നവർ 'പുരികം ചുളിച്ച്' എന്നെ ഒന്നളന്നു. അറിയാത്തവരിൽ ചിലർ, ആരാണീ 'രഘു', എന്ന് ബന്ധുക്കളോട് ചോദിച്ചു.
                  എന്നെ ചൂണ്ടി കാണിച്ച എന്റെ അമ്മ, അമ്മാമ്മ, അമ്മാവന്മാർ എന്നിവരുടെ മുന്നിൽ, ഞാൻ നിലത്തും ആകാശത്തും അല്ലാത്ത ഒരവസ്ഥയിൽ നിന്നത് ഓർക്കുന്നു.
             അപ്പൂപ്പന്റെ വിയോഗം എന്നിൽ ഒരുപാട് ദുഃഖം ഉളവാക്കി.
                             മരണത്തിൽ കൂടി, വേണ്ടപ്പെട്ടവരുടെ വേർപാട് നേരിൽ കണ്ട ,ആദ്യത്തെ  ആഘാതം.
                  പിന്നീട്, ജീവിതയാത്രയിൽ കൂടി, വേണ്ടപ്പെട്ട പലരെയും നഷ്ടപ്പെട്ട്  നിസ്സംഗനായി ഞാൻ മുന്നോട്ട് നീങ്ങിയപ്പോൾ, 'അടുത്ത വളവു കഴിയുമ്പോൾ
ഒരു ലോറി വന്നിടിച്ചായിരിക്കാം എന്റെ മരണം എന്ന് വരെ കണ്ട് ജീവിക്കാൻ" എന്നെ പ്രാപ്തനാക്കി.
                   കാലം കടന്നപ്പോൾ  എ. അയ്യപ്പൻ പറഞ്ഞത് പോലെ, നമുക്ക് സുപരിചിരായതും, സ്മൃതിപഥത്തിൽ നിൽക്കുന്നതും ആയ ഒട്ടേറെപ്പേർ,
അക്കരയിലാണല്ലോ എന്ന സമാശ്വാസം!
               ജീവിത സത്യത്തിന്റെ സ്വയം കണ്ടെത്തിയ കാഴ്ചപ്പാടുകൾ!
                        കൊല്ലങ്ങൾക്ക് ശേഷം, ഇത്രയും ജ്ഞാനമുള്ള എന്റെ അപ്പൂപ്പന്  എന്തുകൊണ്ടാണ് അങ്ങിനെ ഒരഭിപ്രായം എന്നെ കുറിച്ച് പറയാൻ തോന്നിയത്, എന്ന വസ്തുത എന്റെ മനസ്സിനെ മഥിച്ചിരുന്നു!
                    പ്രായാധിക്യം കൊണ്ടുണ്ടായ, ജൽപ്പനം ആയിരിക്കാം.
           ഞാൻ ചുഴിഞ്ഞാലൊചിചപ്പൊൾ, അദ്ദേഹം ഈ 'കമന്റ്' പറഞ്ഞ ആദ്യ മുഹൂർത്തം, എന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
            അപ്പൂപ്പന്റെ കാലിൽ കുഴിനഖം ഉണ്ടായി. അത് പഴുക്കുന്ന ലക്ഷണം കണ്ടു തുടങ്ങി.
                              കാലു, നീര് വെക്കാൻ തുടങ്ങി
           കാണാൻ വരുന്ന മെഡിക്കൽ കോളേജിലെ പ്രൊഫസർമാരായ, പല പേരക്കിടാങ്ങളെയും , കാണിച്ചു.
                       കാലിനു പ്രത്യേക പ്രശ്നങ്ങൾ കാണാത്ത അവർ 'ലസിക്സു' പോലുള്ള 'ആന്റീ ഇന്ഫ്ലാമേടറി  മരുന്നുകൾ കുറിച്ച് കൊടുത്തു. കൂടെ, നല്ലത് പോലെ വെള്ളം കുടിക്കണം എന്ന ഒരു ഉപദേശവും!
                ഒരു ദിവസം അപ്പൂപ്പൻ, എന്നോട് വേദനയോടെ പറഞ്ഞു .
     "വലിയ, വലിയ ഡോക്ടർമാർ തന്ന മരുന്ന് കൊണ്ട്, കുറവൊന്നും തോന്നുന്നില്ല.
                 അപ്പോഴാണ്‌ ഞാൻ അപ്പൂപ്പന്റെ കാൽ ശ്രദ്ധിച്ചത്!
           സാധാരണ നമ്മുടെ നാട്ടുകാർക്കിടയിൽ കാണുന്ന 'കുഴിനഖം'!
    അപ്പൂപ്പാ ഇത് കുഴിനഖമാണ്, ഇതിനു നീര് വറ്റാനുള്ള മരുന്ന് കഴിച്ചിട്ട് കാര്യമില്ല.
                                "നീരല്ല അപ്പൂപ്പന്റെ പ്രശ്നം"
                എന്റെ കൂട്ടുകാരന്റെ അപ്പന് ഇതുപോലെ വന്നപ്പോൾ, ചെയ്ത പ്രയോഗം, ഞാൻ ഉപദേശിച്ചു.
                      "ചൂട് വെള്ളത്തിൽ ഉപ്പിട്ട് പെരുവിരൽ മുക്കി വെക്കുക, പിന്നെ ഒരു നാരങ്ങ  തുളച്ച്, പെരുവിരലിൽ ഇടുക"
         "ചിലര് പറയുന്നുണ്ട്, അവിടെ മൂത്രമൊഴിക്കുന്നതും ഒരു മരുന്നാണ് എന്ന്"
                           രണ്ടാഴ്ചകൾ കൊണ്ട് കുഴിനഖം ഉണങ്ങി !
            അപ്പോൾ മുതലാണ്‌ "രഘു ..... എ ഷാർപ്പ് ഇന്റെലെക്റ്റ്" എന്ന വിശേഷണത്തിന്, ഞാൻ അർഹനായത്  എന്ന് തോന്നുന്നു.

                         പനി, തലവേദന, വയറ്റിളക്കം,  എന്നിവ അസുഖത്തിന്റെ ലക്ഷണങ്ങൾ ആണ്, എന്നും ചികിത്സ, രോഗത്തിന് വേണ്ടിയാണ് ഉണ്ടാകേണ്ടത് എന്നും, പിൽക്കാലത്ത് ഞാൻ മനസ്സിലാക്കി. ഇത് ഒരു ആറാം ക്ലാസ്സുകാരനിൽ,
അദ്ദേഹം കണ്ടു എന്നതാകാം "ഷാർപ്പ് ഇന്റെലക്റ്റ്" എന്ന് അദ്ദേഹം എന്നിൽ കണ്ടത് !!!
    -----------------------------------------------------------------------------------------------
                        

Tuesday, July 2, 2013

സാവി, ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ..



                        "സാവി, ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ.. "
         അയാൾ പിന്നെയും തന്റെ ഭാര്യ സാവിത്രിയോട്‌ അപേക്ഷിച്ചു.
                                   ഇന്നലെയാണ് അയാളെ  ഐ. സി. യൂവിൽ നിന്ന് വാർഡിലേക്ക് മാറ്റിയത്.
                     "ചേട്ടൻ അധികം സംസാരിക്കരുത് എന്ന് ഡോക്ടർമാർ പ്രത്യേകം
പറഞ്ഞതല്ലേ- മിണ്ടാതിരിക്കു."
                        ലോകവിധി നടത്തപ്പെടുന്ന നീതിന്യായ കോടതിയിൽ, നശ്വരനായ
അയാൾക്ക്‌, ആ സത്യം അവസാനമെങ്കിലും തന്റെ ഭാര്യയോടു ഒന്നേറ്റു പറയണം എന്ന് പണ്ടേ മുതൽ തോന്നാൻ തുടങ്ങിയതാണ്.  
                         കണ്ണടയാൻ പോകുന്നവർക്ക്, എന്താണ് അന്ത്യാഭിലാഷം ആയി തോന്നുന്നത്  എന്ന് നമുക്കറിയില്ലല്ലോ?
                          ഒരവസാന കുംബസാരത്തിനു അയാൾ  ഒരുങ്ങുമ്പോഴേക്കും,
അയാളെക്കുറിച്ച് അയാൾ തന്നെ പണ്ട് മുഴക്കിയ ശംഖൊലികളുടെ മാറ്റൊലികളാണ് കേട്ടത്.
                                     "അൻപത് കൊല്ലത്തെ, സഹവർത്തിത്തത്തിനിടയിൽ, എനിക്കറിയാത്ത എന്തെങ്കിലും രഹസ്യമുണ്ടോ നിങ്ങൾക്ക്? കൊച്ചുംനാളിൽ കള്ള് കുടിച്ചും അല്ലാതെയും ചെയ്ത വികൃതിത്തരങ്ങൾ ഒരായിരം വട്ടം ഞാൻ കേട്ടിട്ടുണ്ട്"
                    "അതല്ല ഞാൻ പറയുന്നത് - ഞാൻ പറയാൻ ഉദ്ദേശിച്ചത് ഗായത്രിയെ
കുറിച്ച് ആണ് "
                 "ഗായത്രി, ഗോമതി, ഗൌരി , ഈ പേരുകളെല്ലാം ഞാൻ കേട്ടിട്ടുള്ളതാണ്. വിവാഹത്തിനു മുൻപുള്ള, നമ്മുടെ ഇരുവരുടെയും കാര്യങ്ങൾ, നമ്മൾ ജീവിതത്തിൽ അനുവർത്തിക്കുകയൊ,  ആവർത്തിക്കുകയൊ,  ചെയ്യില്ല എന്ന് ചേട്ടൻ തന്നെ അല്ലേ, എന്നെക്കൊണ്ട് സമ്മതിപ്പിച്ചത്?"
                      "എന്നാലും സാവി,....  ഗായത്രി എന്ന സ്ത്രീ എന്റെ മനസ്സിനെ
വേട്ടയാടുന്നു "......

                               xxxx      xxxx       xxxx    xxxx     xxxx    xxxx     xxxx
 
                            പ്രതാപമുള്ള കൂട്ടുകുടുംബത്തിൽ വസിച്ചിരുന്ന കുസൃതി കൌമാരക്കാരാനുള്ള  ഒരു വീട്ടിൽ, രണ്ടു മൂന്ന് പഴയ വേലക്കാരികളിൽ,
എന്തോ പന്തികേട്‌ കണ്ട അയാളുടെ അമ്മ, കാര്യക്കാരൻ ശങ്കുണ്ണി പിള്ളയോട്,
ഇനി വേണ്ട അപ്പോയിന്റ്മെന്റിന്റെ അടിസ്ഥാന അവശ്യകതകൾ നിഷ്ക്കർഷിച്ചു -
                     "ഇവിടെ അത്ര പിടിപ്പെട്ട പണിയൊന്നും ചെയ്യാനില്ല!,
ഒരു കൈസഹായം - പത്തു പന്ത്രണ്ടിൽ താഴെയുള്ള ഒരാൾ ആയാലും മതിയാകും. അല്ലെങ്കിൽ പത്തൻപത് കഴിഞ്ഞ ഒരാളായാലും മതി!"
                                       അയാളുടെ അമ്മ, അയാളേക്കാൾ ഉപരി അയാളെ മനസ്സിലാക്കിയിരിക്കുന്നു  എന്ന് നിശ്ചയമായി !
                                          പക്ഷെ  ശങ്കുണ്ണി പിള്ള കൊണ്ട് വന്നത് ഒരു തനി നാടൻ  പതിനെട്ടുകാരിയെയാണ്!
                                      ഏതോ ഒരു ക്ഷയിച്ച ഒരു ഇല്ലത്തിലെ, കുടുംബക്കാരും ബന്ധുക്കളുമായി വഞ്ചിക്കപ്പെട്ട്, മുദ്രപ്പത്രങ്ങൾ വായിച്ചുനോക്കാതെ ഒപ്പിടാൻ മാത്രം തലവിധി ഉണ്ടായിരുന്ന ഒരു ജന്മത്തെ!
                     പുതിയ റിക്രൂട്ടിൻറെ,മേൽനോട്ടത്തിനും,   അളവെടുക്കാനും, അയാളും അയാളുടെ അമ്മാവന്റെ മകൻ ഗോപനും വ്യഗ്രരായി!
                        വടക്കിനിക്കപ്പുറം ഉള്ള ചായിപ്പിന്റെയും, ഉരപ്പുരയിലെയും, വിറകുപുരയുടെയും  ഇരുണ്ട മൂലകൾ അവർക്ക്‌ സുപരിചിതമായിരുന്നു!
                അതേ പോലെ, ചായിപ്പിന്റെ പുറത്തോട്ടുള്ള വാതിൽ ജനലഴികളുടെ ഇടയിൽക്കൂടി തുറക്കാനുള്ള വൈദക്ധ്യവും!
                     മൂന്നാലു ദിവസങ്ങൾക്കു ശേഷം, തങ്ങളുടെ നേട്ടങ്ങൾ അവർ പങ്കിട്ടപ്പോൾ, സാധാരണ അനുഭവങ്ങളിൽ നിന്ന് വ്യത്യസ്ഥമായ എന്തോ എല്ലാം അവർക്ക് രണ്ടുപേർക്കും നേരിടാൻ ഇടയായി എന്ന പ്രത്യേകത!
                    "കക്ഷി, കാര്യമാത്ര പ്രക്രിയകൾക്കപ്പുറം , ഏതോ ഒരു ലോകത്തിൽ
ആയിരുന്നു എന്ന വസ്തുത"
                അത് കത്തി ജ്വലിക്കുന്ന യൌവനത്തിന്റെ ആസക്തി ആയിരുന്നില്ല!
                കാമനകളുടെ നനവുകൾക്കുപരി, വേറെ എന്തോ ആയിരുന്നു എന്ന്!
                അള്ളിപ്പിടിച്ച്, നെഞ്ചോടണയുമ്പോൾ..... .....
               "നീ ആണ് എന്നെ മനസ്സിലാക്കാൻ ശ്രമിച്ച, ആദ്യത്തെ വ്യക്തി എന്ന്
കണ്ടെത്തിയത് പോലെയുള്ള ഒരു വെമ്പൽ !"
                                     എന്ത് കഴിഞ്ഞാലും
           "നിനക്കെങ്കിലും എന്നെ മനസ്സിലാക്കാൻ പറ്റുന്നുണ്ട് എന്നുള്ള തേങ്ങൽ !"
                             ആൾവാസമില്ലാത്ത ഏതോ ഒരു തുരുത്തിൽ, നടാടെ മറ്റൊരു മനുഷ്യജീവിയെ കണ്ട് ആശയവിനിമയം ചെയ്യുമ്പോൾ ലഭിക്കുന്ന സുഷുപ്തി!
                      ദീർഘ മൌനത്തിൽ നിന്നും, ദീർഘ നിശ്വാസത്തിൽ നിന്നും, ദേഹത്ത്
പതിച്ച ചുടു കണ്ണീരിൽ നിന്നും, അവർക്ക് രണ്ടുപേർക്കും അത് അനുഭവപ്പെട്ടു!
                                                അങ്ങിനെയിരിക്കെയാണ്‌ ഒരു വാരാന്ത്യം എന്തോ അത്യാവശ്യകാര്യത്തിന്, ഗായത്രി, അയാളുടെ അമ്മയോട് അനുമതി തേടി പോയത്.
                        കൂട്ടുകുടുംബത്തിലെ എല്ലാ അംഗങ്ങുളുടെയും, ദിനചര്യകളും ,
ചിട്ടകളും, ഇംഗിതങ്ങളും നോക്കി നടത്തിയിരുന്ന അയാളുടെ അമ്മ, നാലഞ്ചു
ദിവസങ്ങൾ കഴിഞ്ഞിട്ടും, വേലക്കാരി തിരികെ വരാതിരുന്നതിനാൽ, നട്ടം തിരിഞ്ഞു.                    
                    ശങ്കുണ്ണി പിള്ളക്ക്, ആരോ ഒരേജന്ടു മുഖാന്തിരം ഇടപാടാക്കിയത്
കാരണം, അവളുടെ വീടും മേൽവിലാസവും അറിയില്ലായിരുന്നു!
     പത്തു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പുതിയ മറ്റൊരു അപ്പോയിന്റ്മെന്റ്!
                                                    "കനകലത"
              അയാളും ഗോപനും, അടുക്കള ഭാഗത്ത് ആക്റ്റീവ് ആയി!
                         ഒരു ദിവസം അയാളുടെ അമ്മ കുളിക്കാൻ പോയപ്പോൾ, ദോശ ചുടുന്നതിന്, എന്തെങ്കിലും സഹായം വേണോ എന്ന് ഗോപൻ ആരാഞ്ഞു.
                  ദോശ ചുടുന്ന ചട്ടുകം, അൽപനേരം തീയിൽ പിടിച്ചിട്ട് അവൾ പറഞ്ഞു .........
             "ഇത് വെച്ച് മോന്തക്ക് ഒരു തേമ്പ് തേമ്ബിയാൽ, കണ്ണാടി നോക്കാൻ നല്ല ശേലായിരിക്കും"
                              ഗോപൻ ഈ അനുഭവം അയാളോട്  പറഞ്ഞത് മുതൽ, അയാൾ  കനകലതയോടുള്ള സംബോധന "കനക ചേച്ചി" എന്നാക്കി മാറ്റി.
              അപ്പോഴാണ്‌ ഒരു ശനിയാഴ്ച ഗായത്രി തിരിച്ചു വരുന്നത്!
                                         ഒരു തുണിക്കെട്ടുമായി!
      അയാളും ഗോപനും ഊണ് മുറിയിൽ ഇരുന്ന് പേപ്പറും, നോവലും വായിച്ച്
കൊണ്ട് ചായിപ്പിൽ നടക്കുന്ന വർത്തമാനത്തിൽ കാതോർത്തിരുന്നു.
                   അടുക്കളയിൽ സശ്രധമായ അശ്രദ്ധയോടെ, കനകലതയും, എല്ലാം കേട്ട്
ജോലികൾ ചെയ്യുന്നുണ്ടായിരുന്നു.      
                   ഇടയ്ക്കു ഗോപൻ , പഴയ ചട്ടുകപ്രയോഗം ഓർത്തിട്ടെന്നപൊലെ,
കനകലതയെ നോക്കി ചുണ്ട് വക്രിച്ചു.
                      "നിന്റെ ചീട്ടു കീറാൻ പോകുകയാണ് എന്ന വ്യന്ഗ്യേന"
      പക്ഷെ ചായിപ്പിൽ നിന്നും, അയാളുടെ അമ്മയുടെയും അച്ചമ്മയുടെയും
ചോദ്യശരങ്ങൾ മാത്രമേ അവർക്ക് കേൾക്കാൻ കഴിഞ്ഞുള്ളു.
                       വൈകുന്നേരം ആയപ്പോൾ അവർ അപ്പുറത്തെ പറമ്പിൽ കളിക്കാൻ പോയി.
                              തിരിച്ചു വന്നപ്പോൾ അയാളുടെ അമ്മ വേവലാതി പൂണ്ട് അവരോടു പറഞ്ഞു.
                   "ഈ പെണ്ണിനെ എങ്ങിനെ എങ്കിലും പറഞ്ഞു വിട്, എനിക്ക് പേടി ആകുന്നു".
             ഗായത്രി വന്നപ്പോൾ മുതൽ, കരഞ്ഞുകൊണ്ട്‌ നിൽക്കുകയല്ലാതെ കമാ എന്നൊരു അക്ഷരം പോലും ഉരിയാടിയില്ല പോലും!
              പുതിയ ഒരാളെ നിയമിച്ചത് കൊണ്ട്, വേറെ എവിടെ എങ്കിലും ജോലി നോക്കുവാനാണ്, അയാളുടെ അമ്മയും അച്ഛമ്മയും കൂടി വന്നപ്പോൾ മുതൽ അവളോട്‌ പറഞ്ഞത്.
           തോനെ കരഞ്ഞു കൊണ്ട് നിന്നതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല!
                          അവസാനം ഒരു വാചകം പറഞ്ഞു പോലും!
                                " ഈ വീട്ടിനു മുൻപിൽ ഞാൻ തൂങ്ങി ചാകും"
                                    ഈ വാർത്ത കേട്ടപ്പോൾ ഗോപനും അയാളും ഞെട്ടി
             ചൂടുള്ള ദോശക്കല്ലിൽ, വെള്ളം ഒഴിക്കുമ്പോൾ, കേൾക്കുന്ന  എന്തോ പോലെ, അവർക്ക് അവരുടെ വയറ്റിൽ ഒരനുഭവം!
                          അമ്മയുടെ നിർദേശപ്രകാരം,  അയാൾ ഗായത്രിയെ ഒരുപാട് ഉപദേശിച്ചു നോക്കി.
                                    നിയമാനുസൃതമല്ലാത്ത ഒരു ബന്ധത്തിൽ നിന്നുണ്ടായ ജന്മത്തിന്റെ സർവ അവകാശങ്ങളും നിഷേധിക്കപ്പെട്ട്, കുടുംബത്തിൽ നിന്ന് നിഷ്ക്കരുണം പെരുവഴിയിലേക്ക്‌ വലിച്ച് എറിയപ്പെട്ട ഒരു സ്ത്രീയുടെ നിസ്സഹായതയും, കണ്ണീരുമാണ് അതെന്നു അയാൾ മനസ്സിലാക്കിയത് പിന്നീടാണ്.
                                അപ്പോഴേക്കും വൈകിയിരുന്നു!
                   "ഇവളെ പിടിച്ച്, വെളിയിലാക്കി പടിപ്പുര അടക്ക്"
                                           കൂട്ടുകുടുംബത്തിലെ കാർന്നൊത്തിയായ അച്ഛമ്മയുടെ ഉത്തരവുകൾ, അന്നേവരെ ആരും ലംഘിച്ചിട്ടില്ല!
                           " ഈ വീട്ടിനു മുൻപിൽ ഞാൻ തൂങ്ങി ചാകും"
                       എന്ന് അമ്മ പറഞ്ഞ, അവളുടെ വാചകം അയാളുടെ കാതിൽ പെരുമ്പറ മുഴക്കി!
                     അവളുടെ കൈ പിടിച്ച് വലിച്ച്, ഗായത്രിയെ അയാൾ പടിപ്പുരക്കു വെളിയിലാക്കി വാതിലുകൾ കൊട്ടി അടച്ചു.
                       സന്ധ്യ കഴിഞ്ഞ് ഏഴരയോടെ, ആരും കാണാതെ അയാൾ പടിപ്പുര തുറന്നു വെളിയിലേക്ക് നോക്കി.
                                       ആരും ഇല്ല -
              രണ്ടു ദിവസം കഴിഞ്ഞ് കൂട്ടുകാർ പറഞ്ഞാണ് അയാൾ  അറിഞ്ഞത്.
                   രാത്രി സെക്കണ്ട് ഷോ കഴിഞ്ഞു പോയ "കരിങ്കൽ ചൂളയിലെ" പത്തു പന്ത്രണ്ട് പേർ, കൂട്ട ബലാൽസംഗം ചെയ്ത്, ഗായത്രി അത്യാസന്ന നിലയിൽ
ആശുപത്രിയിൽ ആണ് എന്ന വിവരം.
                                         അയാളുടെ മനസ്സിൽ, അവളെക്കുറിച്ച് ഓർക്കുമ്പോൾ
ഉണ്ടാകാ റുണ്ടായിരുന്ന,  മധുരിക്കുന്ന നൈമിഷിക തോന്നലുകൾക്കും, അയവിറക്കിനും പൊടുന്നനെ ഒരറുതി വന്നു.
                           അന്ന് വൈകുന്നേരം ആരും അറിയാതെ, അയാൾ  താലൂക്ക് 
  ആശുപത്രിയിൽ  കിടക്കുന്ന ഗായത്രിയെ, ചങ്കിടിപ്പോടെ കാണാൻ പോയി.
                                   "ഐ.സി. യൂവിൽ ഓക്സിജന്റെയും സഹായത്തോടെ ബോധമില്ലാതെ കിടക്കുന്ന ഒരു നിർജീവ ശരീരം!"
                      ഒന്ന് രണ്ടാഴ്ചകൾ ശേഷം അയാൾ അറിയാനിടയായി -      
         ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത്, തല എല്ലാം മൊട്ടയടിച്ച  രൂപത്തിൽ, അലക്ഷ്യമായി അവൾ അവിടെയും ഇവിടെയും ചുറ്റി തിരിയുന്നു എന്ന്.
                          കൂടുതൽ സമയം അവൾ ഇരുന്നിരുന്നത് ബസ് സ്റ്റാന്റിന്റെ സമീപം ഉള്ള ഒരു ആൽത്തറയിൽ ആയിരുന്നു. അവളുടെ കണ്‍വെട്ടത്തിൽ പെടാതെ, ദൂരെ മാറി നിന്ന്, അയാൾ പലപ്രാവശ്യം അവളെ വീക്ഷിക്കുമായിരുന്നു.
              "സ്ഥിരബോധമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു ഭ്രാന്തി"
           കുറെ ദിവസങ്ങള്ക്ക് ശേഷം ഒരു ദിവസം അയാൾ ആകസ്മികമായി അവളുടെ മുന്നിൽ ചെന്ന് പെട്ടു!
                  ആൽത്തറയിൽ ഇരുന്നിരുന്ന അവൾ, കുറച്ചു നേരം സൂക്ഷിച്ചു
നോക്കിയിട്ട്, അയാളുടെ മുന്നിലേക്ക്‌ ഓടി അടുത്തു.
                      ഭ്രാന്തി ആയ അവൾക്ക്, ചിന്താ ശക്തി നഷ്ടപ്പെട്ടിരിക്കാം എന്ന് സമാധാനിച്ചിരുന്ന അയാളുടെ വയറ്റിൽ തീ ആളി!
                തൊട്ടടുത്ത്‌ വരെ വന്ന്, അയാളുടെ നേരെ വിരൽ ചൂണ്ടി, വിതുമ്പി, വിങ്ങിപ്പൊട്ടി, മുട്ടുകുത്തി തലയും കുമ്പിട്ടിരുന്നു!
                  ഭ്രാന്തിയുടെ വിക്രിയകൾ കണ്ട് രംഗം ആസ്വദിക്കുന്ന നാട്ടുകാരുടെ
കണ്ണ് വെട്ടിച്ച് അയാൾ മുങ്ങി!
                 കുറെ നാളുകൾക്കു ശേഷമാണ് അയാൾ വീണ്ടും അറിയുന്നത്,
       "പിന്നെയും ഗായത്രി കൂട്ടബലാൽസംഗത്തിനിരയായി, ആശുപത്രിയിൽ
എത്തിക്കപ്പെടുന്നതിനു മുൻപേ മരിച്ചു എന്ന വിവരം!"
                                                  മുൻസിപ്പാലിറ്റി പോണ്ടിലുള്ള വണ്ടിയിൽ, ഒരു വെള്ള ബെഡ്ഷീറ്റിൽ പൊതിഞ്ഞ്, പൊതു ശ്മശാനത്തിലേക്ക്‌ അവളെ കൊണ്ട് പോകുന്ന ആ കാഴ്ചയ്ക്ക്, പത്രപ്രവർത്തകരുടെയും, സാകൂതം വീക്ഷിക്കുന്ന പൊതുജനങ്ങളുടെയും കൂടെ അയാളും ഉണ്ടായിരുന്നു!

                              xxxx      xxxx       xxxx    xxxx     xxxx    xxxx     xxxx

                      "ദേ........ മോൻ വന്നു . ഒന്ന് കണ്ണ് തുറന്നു നോക്കിയേ..."
       ഭാര്യ അയാളുടെ ദേഹം പിടിച്ചു കുലുക്കി ഉറക്കെ പറഞ്ഞു.
                         കാനഡയിലുള്ള മൂത്ത മകനാണ്.
            പതിയെ കണ്ണ് തുറന്നു അവനെ നോക്കി അയാള് ചിരിക്കാൻ ശ്രമിച്ചു.
                        "അച്ഛൻ സ്റ്റ്രൈയിൻ ചെയ്യേണ്ട , വിശ്രമിച്ചോളൂ"
                         അയാൾ വീണ്ടും പഴയ പല്ലവി തുടങ്ങി.....
                                 "സാവി, ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ, ഗായത്രി .. "
                                                    "തുടങ്ങി പിന്നെയും, പരിചയക്കാരൻ ഡോക്ടർ ആയതു കാരണം, ബി. പിയുടെ പേരും പറഞ്ഞു, 'കൊംപോസ്' കൂടുതൽ കഴിച്ചോ എന്നാണ് എന്റെ സംശയം!"
                         ഭാര്യ പിറുപിറുത്തു.
                             അയാളുടെ മൂത്ത മകൻ ആണെങ്കിലും, പഠിത്തം കഴിഞ്ഞ് ജോലി
ആയതു മുതൽ അവർ കൂട്ടുകാരെപ്പോലെയാണ്!
                             "തന്നോളമായാൽ താനെന്ന് വിളിക്കാം!"
                              അയാൾ പിന്നെയും തുടങ്ങി.......
                  "സാവി, ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ, ഗായത്രി .. "
                             "വെറുതെ, സംസാരിക്കരുത് എന്ന് പറഞ്ഞ് അച്ഛനെ എന്തിനാ
അലോസരപ്പെടുത്തുന്നത്. അച്ഛന് തോന്നുന്നത് പറയട്ടെ. സംസാരിച്ചകൊണ്ട്,
ബി. പി കൂടി പ്രശ്നം വരുന്ന ആളല്ല എന്റെ അച്ഛൻ എന്ന്, എനിക്ക് നല്ല പോലെ അറിയാം."
            ഭാര്യയെ ഒഴിച്ച് ബാക്കി ബന്ധുക്കാരെ എല്ലാം വിളിച്ച്, മോൻ മുറിയുടെ പുറത്തേക്ക് പൊയി.
                          കഴിഞ്ഞ കൊല്ലം കാനഡയിൽ മോന്റെ കുടുംബത്തിന്റെ കൂടെ രണ്ടു മൂന്നു മാസം ചിലവിട്ടപ്പോൾ ,ഗായത്രിയുടെ കഥ അയാൾ അവനോടു പറഞ്ഞിരുന്നു !!

                        ---------------------------------------------------------------------------------