Reminiscece Of Air Force Life

Friday, March 29, 2013

വിമലാ മേനോന്റെ കവിത - 'വെറുതെ'

                     


ഇരുളിന്റെ തിരമറക്കുള്ളിൽ ഞനലയുമ്പോ-
ളിടറുന്ന കാലുകൾ നൊന്തിടുമ്പോൾ
പതറുന്ന നോട്ടവും ചിതറുന്നമൊഴികളും
വെറുതെയെന്നുള്ളം കലക്കിടുമ്പോൾ
അതിരറ്റമോഹമാണെങ്കിലും മെയ് മറ-
ന്നണയെപ്പുണരുവാൻ വെമ്പിടുമ്പോൾ
മറയുന്നതെങ്ങു നീ മമ മുന്നിൽ നിന്നുമേ
മധുമൊഴി ഇത് വെറും കിനാവ്താനോ? 
പകുതി പണിഞ്ഞൊരെൻ വീടിന്റെ മുറ്റത്തെ-
പ്പതിവെച്ചൊരൊട്ടുമാന്തണലിൽ നിൽക്കേ,
പതിയെപ്പടിഞ്ഞാറിൻ ചരിവിൽച്ചുവക്കുന്ന
പകലോന്റെ കതിരുകൾ താണുപോകേ
വെറുതെയാണെന്നുള്ളം മന്ത്രിക്കുമെങ്കിലും
വെറുതെ നീയെന്നെ നോക്കുന്ന നേരം
ഒരു തിരിയെന്നിൽപ്പടർന്നു കത്തും നൂനം
അതിൽ നീറിക്കരിയുമന്നെന്റെ ദേഹം -

 ---------------------------------------------------------
       

Monday, March 18, 2013

കുടിവെള്ളം മുട്ടിയ പുഴയോരക്കാര്‍


           

  (വരും നാളുകളില്‍ രാജ്യങ്ങളും, മനുഷ്യരും, ശുദ്ധജല ലബ്ധിക്കുവേണ്ടി  ആയിരിക്കും മത്സരിക്കുക, യുദ്ധങ്ങളില്‍ വരെ ഏര്‍പ്പെടുക, എന്ന ഒരു റിപ്പോര്‍ട്ട് വായിച്ചതില്‍ നിന്ന്, ഉടലെടുത്ത ഒരാശയം)
        ----------------------------------------------------------------------------------------------------
                 
    ഒരു മണിക്കൂര്‍ ആയി ഒന്നര കന്നാസ്സ് വെള്ളവുമായി നടക്കാന്‍  തുടങ്ങിയിട്ട്!
                     ഇത് വീട്ടില്‍ എത്തിച്ചു, വെള്ളം ശേഖരിച്ചു സൂക്ഷിക്കുക  എന്നതാണ് എന്റെ ലക്‌ഷ്യം.
           ഒന്നര കന്നാസ്സ് വെള്ളം കൊണ്ട്,  വീട്ടിലെ  കാര്യങ്ങള്‍ നടക്കുമോ?
      സ്കൂള്‍ വിട്ടു വരുമ്പോള്‍ കുട്ടികളേയും, ഭാര്യയേയും  കൂടി വിളിക്കും  ഈ
ആവശ്യത്തിനായി. "അണ്ണാന്‍ കുഞ്ഞിനും തന്നാലായത്".
         പിള്ളേരുടെ ഹോംവര്‍ക്കും  പഠിത്തവുമെല്ലാം, നിലനില്‍പ്പ്‌ കഴിഞ്ഞിട്ടല്ലേ!
                നിലനില്‍പ്പിന് കുടിവെള്ളം ഇല്ലാതെ പറ്റുകയില്ലല്ലോ!
               അതുകൊണ്ട്, സമയം കിട്ടുമ്പോഴെല്ലാം കുടിവെള്ളം ശേഖരിക്കുക എന്നതായി, ഞങ്ങളുടെ ജീവിതത്തിലെ പ്രാഥമിക ദൗത്യം.
                 പട്ടാളത്തില്‍ നിന്ന് വിരമിച്ച ഞാന്‍, ഒരു വാട്ടര്‍ ബോട്ടില്‍ വെള്ളം കൊണ്ട്, എങ്ങിനെ പിടിച്ചു നില്‍ക്കണം എന്നതിനെക്കുറിച്ച് പ്രസംഗിച്ചു.
'സായിപ്പ്' കടലാസുകൊണ്ട് കാര്യം സാധിക്കുന്നതിനെ കുറിച്ചും, കാശ്മീരിലെ
അതിശൈത്യമുള്ള ഗ്രാമീണര്‍, അനുവര്‍ത്തിക്കുന്ന ചര്യകളെ കുറിച്ചും, കുടുംബാങ്ങങ്ങളെ ഉല്‍ബുദ്ധരാക്കി!
                        പക്ഷെ, വെള്ളം യഥേഷ്ടം ഉപയോഗിച്ച് ശീലിച്ചു പഠിച്ചവരെ,  എനിക്ക് പറഞ്ഞ്  മനസ്സിലാക്കാന്‍ പറ്റുന്നില്ല.
                   അത് പരിഹരിക്കാന്‍, ഞാന്‍ ഇനിയും, ഒന്നര കന്നാസ്സുമായി ഒരു കിലോമീറ്റര്‍ നടക്കണം!
               
                       എന്റെ ബാല്യകാലത്ത്‌ 'തൂതപ്പുഴ' സമ്പന്ന ആയിരുന്നു.  അതിന്റെ
ഒരു തായ് വഴിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ആയിരുന്നു ഞങ്ങളുടെ
ഗ്രാമം. ഞങ്ങളുടെ ഗ്രാമാന്തരീക്ഷത്തിനു ഹേതുവായ എല്ലാ ശ്രേയസ്സിനും
 കാരണം ആ പുഴയായിരുന്നു.
                      "കുടിക്കുവാന്‍, മലനിരയുടെ മുലയൂട്ടല്‍ പോലെ പ്രകൃതിയില്‍ നിന്നും ചുരത്തുന്ന 'ശുദ്ധ ജലം' - ആ ഉറവകളില്‍ നിന്ന് ഒരു കവിള്‍ വെള്ളം കുടിച്ചാല്‍..... .....   ....."! അതിന്റെ സ്വാദ്  നിങ്ങളുടെ ഇഷ്ടപ്രകാരം വര്‍ണ്ണിച്ചോളൂ -
                    കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ പുഴ ഒരു  നേരിയ നീര്‍ച്ചാല്‍ ആയി മാറി.  സമീപ പ്രദേശങ്ങളിലെ കിണറുകളെല്ലാം വറ്റി!
                    ഈ പുഴ എങ്ങിനെ ഇല്ലാതായി എന്നതിനെക്കുറിച്ച് രാജ്യാന്തര സെമിനാറുകള്‍ വരെ നടന്നു.
                     'എജന്ട് ഓറഞ്ചു', 'എന്ടോസള്‍ഫാന്‍' തുടങ്ങിയ ആസ്തിയുള്ള
കോര്‍പ്പോറേറ്റുകള്‍  ആയിരുന്നു അതിന്റെ 'സ്പോണ്‍സേഴ്സ്'!
                       അത് പോട്ടെ, ഞാന്‍ എന്റെ പ്രശ്നത്തിലേക്ക് വരാം.
             ചുമന്നു കൊണ്ട് വരുന്ന വെള്ളം, ശേഖരിച്ചു വെക്കുന്നതായിരുന്നു
എന്റെ പ്രശ്നം-
                             വെള്ളം, ശേഖരിച്ചു വെക്കുന്ന ടാങ്ക് ഏതു മേടിക്കണം എന്നത്,
നമ്മള്‍ ഒന്ന് ടി. വി. ചാനലില്‍ നോക്കിയാല്‍ പോരെ!
                                  അനവധി പോംവഴികള്‍ !
       അങ്ങിനെ ഒരു 'സിന്റെക്സ്' ടാങ്ക് മേടിക്കുന്നതിലായി എന്റെ വ്യഗ്രത.
                  ഏതു കമ്പനിയുടെ മേടിച്ചാലും, എന്റെ മാസ വരുമാനത്തില്‍ ഏറേ
ആകും!
                                      "കുടിവെള്ള പ്രശ്നത്തിന് ടാങ്ക് മേടിക്കുന്ന ലോണ്‍, അടുത്തുള്ള കൊര്‍പ്പോറെറ്റീവ് സൊസൈറ്റി, ഒരു അവശ്യ കാരണമായി അംഗീകരിച്ചതിനാല്‍, ഞാനും സ്വന്തമായി 'വാട്ടര്‍ ടാങ്കുള്ള'  പദവിയിലേക്ക്     ഉയര്‍ന്നു!
                         "എന്തായിരുന്നു എന്റെ നെഗളിപ്പ്!"
            സദാ സമയം ശുദ്ധ ജലം ഒഴുകിയിരുന്ന തൂതപ്പുഴയുടെ സമീപ പ്രദേശത്ത്,
വെള്ളം, ശേഖരിക്കാന്‍ ഒരു വാട്ടര്‍ ടാങ്ക്  മേടിക്കാനുള്ള എന്റെ അപേക്ഷ, അധികൃതര്‍ അനുവദിച്ചു തന്ന ഉന്മാദം!
             സര്‍വസംബന്നയായ പുഴ, എങ്ങിനെ വറ്റി വരണ്ട് ഈ പരുവത്തില്‍ ആയി എന്ന ചിന്ത എന്റെ മനസ്സിനെ അലോസരപ്പെടുത്തിയിരുന്നു.
                       അപ്പോഴാണ്‌ മറ്റൊരു വാര്‍ത്ത അറിയുന്നത്!
       കേരളത്തിനേക്കാള്‍ കേരോല്‍പ്പന്നങ്ങള്‍ തമിഴ്നാട്ടിലും, കര്‍ണാടകത്തിലും
ഉണ്ടായിരിക്കുന്നു! കാറ്റു വീഴ്ചയും മറ്റു  രോഗങ്ങളും ഇല്ല.
        നമ്മുടെ നാട്ടിലെ തേങ്ങയുടെ തൊണ്ട്, കായല്‍ പ്രദേശങ്ങളില്‍ സംസ്കരിച്ച് കയറിനായി ഉപയോഗിക്കുന്നു.  തമിഴ്നാട്ടിലും, കര്‍ണാടകത്തിലും നമ്മുടെ സംസ്ഥാനത്തെക്കാള്‍ ഉല്‌പ്പാദിക്കപ്പെട്ട തേങ്ങയുടെ പുറംമടൽ, എന്ത് ചെയ്യണം എന്നറിയാതെ കത്തിക്കപ്പെടുകയാണ്.
               ടണ്ണു കണക്കിന് നിരന്തരം കത്തിക്കപ്പെടുന്ന പോതിമാടലില്‍ നിന്നും, ചകിരിയില്‍ നിന്നും ഉതിരുന്ന ചൂട് നമുക്ക് ലഭിക്കുന്നു. നമ്മുടെ വൃഷ്ടിയെ
ബാധിക്കുന്നു.
                      കലുഷിതമായ താപ വ്യതിയാനത്തില്‍ പെട്ടുപോകുന്ന, കൊല്ലം തോറും വന്നിരുന്ന  മഴക്കാറുകള്‍ ഈ ചൂടിനു വിധേയമായി, നമുക്ക് പണ്ട് കിട്ടിയിരുന്ന മഴയെ  തകിടം മറിക്കുന്നു-
                                  പാലക്കാടിന് വടക്കോട്ടുള്ള പ്രദേശങ്ങളില്‍ വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കുന്നു. വ്യാപകമായി കുഴല്‍ കിണറുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ നടന്നപ്പോഴാണ്, മറ്റൊരു സത്യം
വെളിയില്‍ വന്നത്.
                            ഭൂഗര്‍ഭ ജലനിരപ്പ്‌ ഒരുപാട് താണിരിക്കുന്നു!  ചില ഇടങ്ങളില്‍,
നാനൂറോളം മീറ്റർ താഴ്ച വരെ, ഗള്‍ഫു മരുഭൂമികളുടെ കീഴിലുള്ളത്‌ പോലെ ഉള്ള ചുണ്ണാമ്പ് പാറകളാണ്! ഉള്ള വെള്ളത്തിനെ വരെ കുടിച്ചു വറ്റിക്കാന്‍ കെല്‍പ്പുള്ള ഒരു  ഭൂഗര്‍ഭ സംവിധാനം!ഇത് ഞാന്‍ പറയുന്നതല്ല. മീഡിയയില്‍
കൂടി അറിഞ്ഞ വാര്‍ത്തകളെ ആധാരമാക്കിയാണ്.
                          അതൊക്കെ വലിയ കാര്യങ്ങള്‍ -
                         എപ്പോഴും, ടാങ്കില്‍ വെള്ളം നിറഞ്ഞിരിക്കണം എന്നത് ഞാന്‍ നിര്‍ബന്ധമാക്കി.ഉപയോഗത്തിനു അനുസരിച്ച് ടാങ്ക് നിറക്കുവാന്‍, ഒന്നര
കന്നാസ് വെള്ളം ഞാൻ എപ്പോഴും വെളിയില്‍ കരുതി വെക്കാൻ തുടങ്ങി.
            ആദ്യത്തെ കുറച്ചു ദിവസങ്ങൾ, അത്യാവശ്യമായി കുറച്ചു വെള്ളം ചോദിച്ച് വരുന്നവർക്ക് ഞാൻ സസന്തോഷം നൽകി.
      ഞാന്‍ ടാങ്ക് കൊണ്ട് വെച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ, ഈ സഹൃദയ മനസ്സ്
എന്റെ ആയാസം കൂട്ടും എന്ന തിരിച്ചറിവുണ്ടായി.
                      അവസാനം എനിക്ക് തുറന്നു പറയേണ്ടി വന്നു
          ക്ഷമിക്കണം, പലർക്കും ഇത് പോലെ ഓരോ ചരുവം വെള്ളം തന്നാൽ,
ഒന്നര കന്നാസ് വെള്ളം ചുമന്ന്എനിക്ക് ഒരു കിലൊമീറ്റർ നടക്കേണ്ടി വരും, അതുകൊണ്ട് നാളെ മുതൽ വെള്ളം ചോദിച്ചു വരരുത്.
            അത് ഫലിച്ചു. പക്ഷെ കറവക്കാരൻ മാധവൻ മാത്രം യാതൊരു ചളിപ്പുമില്ലാതെ പിന്നേയും സമീപിക്കുമായിരുന്നു.
                           കറവക്കാരൻ മാധവന് വലതു കാലിൽ മന്തുണ്ടായിരുന്നു.
എന്നാലും ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല. രണ്ടു പേരുടെ പണി ചെയ്യാനുള്ള മെയ്ക്കരുത്തും.
                മാധവന് രണ്ടു മൂന്നു പശുക്കൾ ഉണ്ട്. കാലത്തും വൈകുന്നേരവും,
കറക്കുന്നതിനുമുന്പു, പശുക്കളുടെ 'അകിട്' കഴുകുവാനും, കറക്കുന്ന പാലിന്റെ അളവ് കൂട്ടുവാനും, വെള്ളം കൂടിയേ തീരു.
                 ഒടുവിൽ,  ഒരു ദിവസം മാധവൻ വന്ന് വെള്ളം ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞു.
               "അയ്യോ, മോള് സ്കൂളിൽ നിന്ന് വരുമ്പോൾ കുളിക്കാൻ വേണ്ടിയുള്ള
വെള്ളമേ ഉള്ളൂ"
                     ഞാൻ ഒരു നമ്പർ ഇറക്കി.
          വാട്ടർ ടാങ്കിന്റെ പള്ളക്ക് പുറംകൈ കൊണ്ട് ഒരു തട്ട് തട്ടിയിട്ട്, മാധവൻ എന്നെ നോക്കി പറഞ്ഞു.
                             "ശരി "!
          വെള്ളം നിറയെ ഉള്ള ഒരു ടാങ്കിൽ തട്ടുമ്പോഴുള്ള ശബ്ദവും, കാലി ആയ
ഒരു ടാങ്കിൽ തട്ടുമ്പോഴും ഉള്ള വ്യത്യാസം അയാൾ മനസ്സിലാക്കിയിരിക്കാം!
                 ഒരുപാട് ഒഴിവുകഴിവുകളും, നുണകളും പറയുന്നതിനേക്കാൾ അഭികാമ്യം, നമുക്ക് മനസ്സിന് പിടിക്കാത്ത "അനിഷ്ടം", എപ്പോഴും ആദ്യമേ തുറന്ന് പറയുന്നതാണ്, എന്ന ആപ്തവാക്യം ഞാൻ ഓർത്തു.
                   അതുകൊണ്ട് "ശരി" എന്ന് പറഞ്ഞപ്പോൾ മാധവനിൽ കണ്ട എന്തോ
"ശരിയില്ലായ്മ" ഞാൻ അവഗണിച്ചു.
                രണ്ടു മൂന്നു ആഴ്ചകൾ കഴിഞ്ഞ്, കാലത്ത് ഞാൻ എണീറ്റ്‌ വരുമ്പോൾ, ടാങ്കിലെ വെള്ളം ക്രമാതീതാമായി താഴുന്നു. കുട്ടികൾ കാലത്ത് വെള്ളം അമിതമായി ഉപയോഗിക്കുന്നതിനെ കുറിച്ച് ഞാൻ അവരുടെ നേരെ തട്ടിക്കയറി!
       പക്ഷെ അതിലുപരി എന്തോ പ്രശ്നമുണ്ടെന്നു എന്റെ മനസ്സ് പറഞ്ഞു.
                             ആരോ വെള്ളം ചോർത്തുന്നുണ്ട് !!
              മാധവാൻ തന്നെയാണ്. പക്ഷെ തെളിവില്ല.
      അപ്പോഴാണ്‌ എനിക്ക് ഒരു ബുദ്ധി തോന്നിയത്!
                     വീട്ടിൽ നിന്ന് ഞങ്ങൾ വെള്ളം എടുക്കാൻ പോകുന്ന വശം ഒഴിച്ച്,
ബാക്കി മൂന്നു വശത്തും ഞാൻ 'ഞെരിഞ്ഞിൽ' വിതറി. എന്നിട്ട് അതിന് മേൽ
കുറച്ച് അരിപ്പൊടിയും.
                      "അടുത്ത ദിവസം കാലത്ത്, മാധവന്റെ മന്തുകാലിന്റെ കാൽ  അടയാളം വ്യക്തം!"
                     അപ്പോൾ തന്നെ എന്റെ ടാങ്കിന്, ഒരു പൂട്ടും താക്കോലും ഞാൻ ഘടിപ്പിച്ചു. !
                      മന്തുകാലൻ മാധവനെ നിർവീര്യമാക്കിയ അഹന്തയിൽ ഒരു പ്രഭാതത്തിൽ ഞാൻ കണ്ട കാഴ്ച എന്റെ ഹൃദയം പോട്ടുന്നതാണ് !
                      "സിന്റെക്സ്' ടാങ്കിന്റെ പള്ളക്ക്, ചൂടുള്ള കമ്പി കൊണ്ട് കുത്തിയ ഒരു പാട്."!
                  എന്റെ ജംഗമ സ്വത്തുക്കളിൽ പെട്ട ടാങ്കും പോയി- എന്റെ കുടിവെള്ളവും മുടങ്ങി !!
                        നദീതർക്കങ്ങൽക്കും, കുടിവെള്ളത്തിനും ആയിരിക്കും ഇനി
മനുഷ്യരും രാജ്യങ്ങളും യുദ്ധം ചെയ്യുക എന്നതിന്റെ തുടക്കമാണോ ഇത് !!

----------------------------------------------------------------------------------------------------------






   

Friday, March 15, 2013

ടാഗോര്‍ കവിതകള്‍ - 3 വിവര്‍ത്തനം - പ്രൊ. ബി. വല്‌സലാകുമാരി


          

     പുഴയും തിരകളും വെള്ളമല്ലോ
     ഇനിയെന്ത് വ്യത്യാസം മാലോകരെ?
     തിരകള്‍ ഉയരുമ്പോള്‍ വെള്ളമല്ലേ 
     തിരകളടിയുമ്പോൾ  വെള്ളമല്ലേ,
     തിരയെന്ന്  പേരിട്ടുവെന്നതിനാല്‍ 
     തിരയിലെ വെള്ളത്തില്‍ കഥ തീരുമോ? 
     വിശ്വം നിറയുന്ന ബ്രഹ്മത്തിലും 
     വിശ്രുത ലോകങ്ങള്‍ കോര്‍ത്തിരിപ്പൂ,
     മന്ത്ര ജപത്തിലെണ്ണപ്പെടുന്ന    
     മന്ത്രാക്ഷരങ്ങളും ലോകങ്ങളും.

--------------------------------------------------------

   

Friday, March 8, 2013

"പങ്കയുടെ ക്രൈസിസ് മാനെജ്മെന്റ് "


                 

            ഞാന്‍ തിരിച്ച്  'പങ്കാ നായരിലേക്ക്' വരാം -
(പങ്കാ നായരെ കുറിച്ച്, ശരിക്കും മനസ്സിലാക്കണമെങ്കില്‍, ഞാന്‍ എഴുതിയ
എന്ന പോസ്റ്റുകള്‍ വായിക്കുക, ആളെ ശരുക്കുംപരിചയപ്പെടാം )
                                പങ്ക ആള് വികൃതികളും, കുസൃതികളും ഒക്കെ കാണിക്കുമെങ്കിലും, എയര്‍ ഫോഴ്സിലെ മികച്ച ടെക്നീഷ്യന്മാരില്‍ ഒരാള്‍ ആയിരുന്നു.
                  അനുഭവങ്ങള്‍ തലയില്‍ സൂക്ഷിക്കുവാനും, ക്രാന്ത ബുദ്ധിയോടെ, ഓര്‍മശക്തിയില്‍ നിന്നും അവ ആവശ്യാനുസരങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാനും ഉള്ള കഴിവ് അപാരമായിരുന്നു.
               ഒന്ന് രണ്ടു പ്രാവശ്യം'ബെസ്റ്റ് ടെക്നീഷ്യന്‍ ഓഫ് ദ ഇയര്‍' എന്ന പട്ടത്തിന്
ഞങ്ങളുടെ യൂണിറ്റില്‍ നിന്നും പങ്കയുടെ പേരാണ് അയക്കപ്പെട്ടത്‌...-
              ഇന്ത്യന്‍ പട്ടാളം ആയതു കൊണ്ടും, അമേരിക്ക അല്ലാത്തത് കൊണ്ടും,
'ക്ളിന്ടു ബില്ലന്റെ കൂട്ട്, തൊഴിലില്‍  മിഴിവ് കാട്ടുന്ന  അനുമാനം മാത്രമല്ല
കണക്കില്‍ എടുക്കുക. ബാക്കിയുള്ള നല്ല നടപ്പുകളും ഒരു പ്രശ്നമാണ്.
                            എന്ജിനിയറിങ്ങു ഡിപ്പാര്‍ട്ടുമെനടു വെള്ളം കുടിച്ചു, കാണ്‍പൂരിലെ ബേസ് റിപ്പയര്‍ ഡിപ്പോയില്‍ (ബി. ആര്‍. ഡി) നിന്ന് ചെന്കീരികളെ, കൊണ്ട് വരേണ്ട പല സാഹചര്യങ്ങളും, പങ്കയുടെ പ്രാഗല്ഭ്യത്താല്‍ ഒഴിവാക്കപ്പെട്ടിണ്ട്.
             പക്ഷേ അതിനനുസരിച്ച് പങ്ക, മുതലെടുത്തിട്ടും ഉണ്ട്.                  
                          സാധാരണയായി, പ്രശ്നപരിഹാരത്തിന് ശേഷം, പങ്കക്ക് ഒരു കോമ്പ്ലിമെന്ററി ഓഫ്, ഔദ്യോഗികമായി നല്‍കും.
               അതിന്റെ കൂടെ പങ്കയുടെ വക ഒന്നോ രണ്ടോ ദിവസം കൂടി.
       ഈ തോന്ന്യവാസം മുകളിലുള്ളവര്‍ക്ക് അറിയാമെങ്കിലും, കണ്ടില്ല എന്ന്
നടിക്കും.
                             "മുട്ടുശാന്തിക്കാരനെ" പിണക്കാന്‍ പറ്റില്ലല്ലോ!
               ഇതെല്ലാം കാരണം പങ്കയുടെ സെക്ഷനിലെ സീനിയര്‍ ആളുകള്‍ക്കെല്ലാം, പങ്കയോട് പകയും അസൂയയും ആയിരുന്നു. അതില്‍ ഒരാളായിരുന്നു സര്‍ജെന്ടു. ഖോലി എന്ന സര്‍ദാര്‍ജി.
                 പങ്ക, ഖോലിയുടെ നേരെ കീഴില്‍ അല്ലാഞ്ഞത് കാരണം, അയാള്‍ അവസരം നോക്കിയിരുന്ന സമയം.
                              ഒരു ദിവസം, യൂനിറ്റ് ഫ്ലൈറ്റ് കമാണ്ടര്‍,  സ്ക്വാഡ്രന്‍ ലീഡര്‍ ഗോഡ്ഫ്രെ, പറക്കുന്നതിന് മുന്‍പുള്ള 'പ്രീഫ്ലൈറ്റ് ചെക്കില്‍', അണ്ടര്‍ കാര്യേജ്
പിസ്റ്റണില്‍, ഹൈഡ്രോളിക് ഓയിലിന്റെ ചില 'സ്പോട്ടുകള്‍' കണ്ടു.
                                   അങ്ങേര്, പങ്കയുടെ ഇന്‍ ചാര്‍ജു ആയ വാറണ്ട് ഓഫീസര്‍, മിശ്രയെ വിളിച്ചു കാണിച്ചിട്ട് പറഞ്ഞു.
                               "പ്ലീസ് ലുക്ക് ഇന്ടു ഇറ്റ് ലേറ്റര്‍""'
                                             അന്നത്തെ പറക്കല്‍ കഴിഞ്ഞ്, വിമാനം മടങ്ങി വന്നപ്പോള്‍, മിശ്ര ആ ദൗത്യം പങ്കയെ ഏല്‍പ്പിച്ചു.
              പങ്ക സംഭവസ്ഥലം സന്ദര്‍ശിച്ച്, 'ലോഗ് ബുക്കും' 'ഫോം 700' തുടങ്ങിയ
രേഖകളും എല്ലാം പരിശോധിച്ചു. ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം സമയാവിധി
ചെയ്തിട്ടുണ്ട്.  'ഐ. സി.യൂ' വില്‍ ഒന്നും കയറ്റേണ്ട കേസല്ല എന്ന നിഗമനത്തില്‍, പങ്ക അത് വിട്ടു കളഞ്ഞു.
              നാല് ദിവസങ്ങള്‍ക്ക് ശേഷം ഫ്ലൈറ്റ് കമാണ്ടര്‍, അതെ വിമാനത്തില്‍
പറക്കാന്‍ എത്തി. നാല് ദിവസങ്ങള്‍ മുന്‍പ് കണ്ട അതേ  ഹൈഡ്രോളിക് ഓയിലിന്റെ  'സ്പോട്ടുകള്‍' , അണ്ടര്‍ കാര്യേജ് പിസ്റ്റണില്‍ വീണ്ടും കണ്ടത് ശ്രദ്ധിച്ചു.
                                     അങ്ങേരേക്കാള്‍ പ്രായമുള്ള വാറണ്ട് ഓഫീസറെ, കീഴുദ്യോഗസ്ഥരുടെ മുന്‍പില്‍ വെച്ച്, പട്ടാളത്തില്‍ മേലുദ്യോഗസ്ഥന്മാര്‍
ഉപയോഗിക്കാറുള്ള ഭാഷയില്‍, ഒരു മൂച്ചു ചീത്ത പറഞ്ഞു.
                     'വിശിഷ്ട സേന മെഡലും', സര്‍വീസ് ലൈഫില്‍ 'ഗുഡ് ബുക്ക്സ് എന്ട്രികളും' മാത്രം അഭിമുഖീകരിച്ചിരുന്ന മിശ്ര, നിശബ്ദം അതെല്ലാം ഏറ്റു വാങ്ങി.
                    തിരികെ സെക്ഷനില്‍ വന്ന മിശ്ര, ശരിക്കും 'ദക്ഷയാഗം' കഥകളിയിലെ
അപമാനിതനായ പരമശിവനെപ്പോലെ, ഒരു 'ഇളകിയാട്ടം' നടത്തി.
                  " വിളിയെടാ .. കോര്‍പ്പൊറല്‍.   നായരേ......
                     കൊണ്ടുവാടാ പി. 13 ഫോം....."
           (എയര്‍ ഫോഴ്സില്‍, കീഴുദ്യോഗസ്ഥന്മാരെ ചാര്‍ജു ഷീറ്റ് ചെയ്യാന്‍ പൂരിപ്പിക്കുന്ന ഫോം)
                    ചാര്‍ജു ഷീറ്റ് ഫില്‍ ചെയ്ത്, അഡ്മിന്‍ ഓഫീസിലേക്ക് അയക്കപ്പെട്ടൂ!
    ചുണ്ടിന്റെ കോണില്‍ ഒരു ചിരിയുമായി സര്‍ദാര്‍ജി ഖോലിയും അവിടെ സന്നിഹിതനായിരുന്നു.
                      ബി. പിയുടെ അസുഖവും 'നല്ല നടപ്പും' ആസ്തിയായുണ്ടായിരുന്ന
മിശ്രുടെ ഹൃദയത്തിന് ഈ സംഭവം താങ്ങാന്‍ പറ്റിയില്ല.
                               ഉച്ച കഴിഞ്ഞപ്പോള്‍ മിശ്രക്ക്‌ കടുത്ത നെഞ്ചു വേദനയും, വിയര്‍ക്കലും.
                      കുഴഞ്ഞു വീണ അങ്ങേരെ തല്‍ക്ഷണം,  മിലിട്ടറി ആശുപത്രിയില്‍  നിന്ന് വന്ന ആംബുലന്‍സ്,  പരിചരണം ലഭിക്കേണ്ട സ്ഥലത്ത് എത്തിച്ചു.
               ഡി. എസ്. എസ്  ഇന്‍ ചാര്‍ജ് {ഡൈലി സര്‍വീസിംഗ് സെക്ഷന്‍) ))}വാറണ്ട് ഓഫീസര്‍. മിശ്രയെ ഐ.സി.യൂവിലാക്കി എന്ന വാര്‍ത്ത അറിഞ്ഞ ഓ.സി (ഓഫീസര്‍ കമാണ്ടിംഗ് ) അന്നുച്ചക്കു ശേഷം പ്ലാന്‍ ചെയ്തിരുന്ന സോര്‍ട്ടികളെല്ലാം കാന്‍സല്‍ ചെയ്തു.
      ഫ്ലൈറ്റ് കമാണ്ടര്‍ ഗോഡ്ഫ്രെ, കൂട്ടിലിട്ട വെരുവിനെപ്പൊലെ, ക്രൂ റൂമിന്റെ മുന്‍പില്‍ സിഗറെറ്റും വലിച്ച്, തെക്കുവടക്ക് നടന്നു.
           ഇതെല്ലാം കണ്ടു നിന്നിരുന്ന പങ്കയും ആ അവസരം പാഴാക്കിയില്ല. പങ്ക
ഫ്ലൈറ്റ് കമാണ്ടറിന്റെ അടുത്ത് ചെന്ന് ഒരേ ഒരു വാചകം പറഞ്ഞു.
                  "എല്ലാപേരുടെയും മുന്നില്‍ വെച്ച് സാര്‍ അങ്ങേരെ ചീത്ത പറഞ്ഞത്, ആ പാവം മനുഷ്യന് താങ്ങാന്‍ പറ്റിയില്ല എന്ന് തോന്നുന്നു.
               പട്ടാള ഭാഷയില്‍ ഗോഡ്ഫ്രെ, ഇന്ഗ്ലീഷില്‍ പ്രതികരിച്ചതിന്റെ മലയാള
പരിഭാഷ മാത്രം ഞാന്‍ എഴുതാം.
              " എടൊ പണ്ടാരമേ, ഈ കിളവന്‍ ഒരു ഹൃദ്രോഗിയുടെ സാധ്യത പോലും ഉള്ള ആളാണ്‌ എന്ന് എനിക്ക് അറിയില്ലായിരുന്നു."
            (പങ്കയാണ് ഈ നാടകത്തിനു ഉത്തരവാദി എന്നത് ശ്രദ്ധേയമാണ്.)
                     അന്ന് വൈകുന്നേരം മിശ്രയെ സന്ദര്‍ശിക്കാന്‍, കാമ്പില്‍ നിന്ന് ഒരു ജനപ്രവാഹം ഉണ്ടായി.
                    അപ്പോഴേക്കും അങ്ങേരെ വാര്‍ഡില്‍ കൊണ്ട് വന്നിരുന്നു.
     ആദ്യം അവിടെ എത്തിയത്, സ്ക്വാഡ്രന്‍ ലീഡര്‍ ഗോഡ്ഫ്രെ ആയിരുന്നു!
                        ഞങ്ങള്‍ എല്ലാം അദ്ദേഹത്തെ കാണാന്‍ വരി വരിയായി നില്‍ക്കുമ്പോള്‍, പങ്ക അവിടെ എത്തിയിട്ടുപോലും ഉണ്ടായിരുന്നില്ല.
              മിലിട്ടറി ആശുപത്രിയിലെ സന്ദര്‍ശന സമയം വൈകുന്നേരം ആറ്  മണിയോടെ തീരുന്നതിനാല്‍, ഞങ്ങള്‍ വെളിയിലേക്ക് ഇറങ്ങി.
                അപ്പോള്‍ വെളിയില്‍ നില്‍ക്കുന്ന പങ്കയെ കണ്ട്, ഞാന്‍ ചോദിച്ചു
                       " താന്‍ കാമ്പിലേക്കു വരുന്നില്ലേ ?"
            "ഞാന്‍ സാറിനെ ഒറ്റയ്ക്ക് കണ്ട്, ഒന്ന് കുംബസാരിച്ചിട്ടു വരാം- ഞാന്‍ കാരണമാണല്ലോ ഇതെല്ലാം സംഭവിച്ചത്"
                         അടുത്ത ദിവസം ഞങ്ങള്‍ അറിയുന്ന വാര്‍ത്ത -
                              " പങ്കയുടെ ചാര്‍ജ് ഷീറ്റ്, മിശ്ര പിന്‍വലിച്ചു!"
              "മനുഷ്യരല്ലേ, ഒരു അത്യാഹിതം വരുമ്പോള്‍ ആണല്ലോ, നൈമിഷിക ജീവിതത്തെ കുറിച്ചും, നമ്മുടെ പ്രവര്‍ത്തിയെ കുറിച്ചും ഒരു പുനര്‍ചിന്തനത്തിന് വിധേയമാകുക "
                         ഞങ്ങള്‍ വിചാരിച്ചു -
          വിശ്രമം കഴിഞ്ഞു ജോലിയില്‍ കയറിയ   വാറണ്ട് ഓഫീസര്‍. മിശ്രയോട്,
 സര്‍ജെന്ടു. ഖോലി  തട്ടിക്കയറി.
                                " സാറെന്തിനാണ് നായരുടെ  ചാര്‍ജ് ഷീറ്റ് പിന്‍വലിച്ചത് ? ഇവനെപ്പോലെ ഉള്ളവരെ, വളരാന്‍ അനുവദിച്ചാല്‍, അത് ഫോഴ്സിന് തന്നെ ഒരു ചീത്തപ്പേ രാകും., എങ്ങിനെ നമുക്ക് അവരെ നിലക്ക് നിറുത്താന്‍ പറ്റും?"
                        വാക്ക് തര്‍ക്കം മൂത്തു -
                          ഒച്ചയും ബഹളവുമായി !
                അവസാനം, നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍  വാറണ്ട് ഓഫീസര്‍ പൊട്ടിത്തെറിച്ചു.
               "എന്റെ സ്ഥാനത്ത് നിങ്ങള്‍ ആയിരുന്നെങ്കില്‍, നിങ്ങളും ഇത് തന്നെ
ചെയ്യും- എന്റെ സ്ഥിതി ഒന്നാലോചിച്ചു നോക്കൂ- ശ്വാസം മര്യാദക്ക് വലിക്കുവാന്‍ പോലും പറ്റാതെ, ഓക്സിജന്‍ മാസ്ക്കുമായി കിടക്കുന്ന അവസ്ഥയിലാണ് അവന്‍ അപേക്ഷിക്കുന്നത്"
               "അങ്ങിനെ എങ്കില്‍ എന്നെ വന്നു കാണാന്‍ പറയാമായിരുന്നില്ലേ?"
                          ഖോലിയും വിട്ടു കൊടുത്തില്ല -
      മിശ്ര തന്റെ നിസ്സഹായത അവസാനം തുറന്നു പറഞ്ഞു
                       "അവന്‍ സോറി  പറഞ്ഞ് അപേക്ഷിക്കുമ്പോള്‍, ആ പഹയന്റെ ഒരു   
കൈ, ഓക്സിജന്‍ സിലിണ്ടര്‍ അടക്കുകയും തുറക്കുകയും ചെയ്യുന്ന ആ 'നോബില്‍' ആയിരുന്നു!!!
                     ---------------------------------------------------------------------