Reminiscece Of Air Force Life

Thursday, November 29, 2012

വിമലാ മേനോന്റെ കവിത - ക്ഷുദ്രം ഹൃദയദൌര്‍ബല്ല്യം




"ക്ലൈബ്യം മാസ്മ  ഗമ പാര്‍ത്ഥ !
നൈതത്ത്വയൂ പ പദ്യതെ
ക്ഷുദ്രം ഹൃദയ ദൌര്‍ബല്ല്യം 
ത്യക്തോതിഷ്ടാ പരന്തപ

ഈ നിലാവൊരു കൊടുംവേനലായ്തീരാം 
ഈ മന്ദഹാസവും ഭീഭല്സമാകാം
ഈ കുളിര്‍കാറ്റോ കനല്‍ക്കാറ്റുപോലാം
ഈ ഗാനമധുരി പാടെ നിലയ്ക്കാം.

ഒന്നും നിനയ്ക്കാതെ എല്ലാം കൊതിക്കും 
എല്ലാം കൊതിച്ചാലും ഒന്നോന്നുമാകാ
ഒന്നിച്ചു വാഴാന്‍ പ്രതീക്ഷിച്ച കൂട്ടോ 
ഒന്നൊന്നു കൈവിട്ടകന്നു പോകുന്നു

എന്തിനു വന്നു പിരന്നീമണ്ണില്‍ 
എങ്ങോട്ടിതെല്ലാമെറിഞ്ഞു പോകുന്നു
ഇന്നിത്രദൂരം മതിയെന്നുവേച്ചോ 
പിന്നെത്തനിച്ചങ്ങു പോകാന്‍ നിനച്ചോ?     

ഒന്നിച്ചു യാത്ര തുടങ്ങിയോര്‍ നമ്മള്‍ 
ഒന്നിച്ചുറങ്ങാന്‍ കൊതിച്ചവര്‍ നമ്മള്‍ 
ഒന്നല്ല വെവ്വേറെ മാര്‍ഗം തിരിഞ്ഞാല്‍ 
പിന്നോത്തു ചേരാനുമെന്തുണ്ടുപായം 

വഴിയിലോ ക്ഷുധിതപാഷാണങ്ങളേറെ
മനസ്സിലോനീറ്റിടും കനലുകളുമേറെ
ഒരുതുണ്ട് തണലില്ലാതരിവെട്ടമെങ്ങോ 
അകലെയാണകലെയാണിനിയെത്രദൂരെ! 

ഇന്നോളമെത്ര ദൂരം നമ്മള്‍ താണ്ടി!
 ഇനിയെത്രകാതം നടക്കേണ്ടതുണ്ട്
ഇല്ല പോകാനത്രയേറെ-മനസ്സില്‍ 
ഇന്നലേ തോന്നികഴിഞ്ഞിരിക്കുന്നു.

ഉണ്ടേറെ ബാധ്യതകളൊക്കെയും      
ഉള്ളാലോരാശ്വാസ നെടുവീര്‍പ്പുമിട്ട് 
ഉണ്മയായുള്ളേക യാത്രയും കാത്ത്
ഉള്ളമോ തുള്ളുന്നു പാടുന്നു.

എന്നാലും ഒന്നുംവരില്ലന്നുറപ്പാം 
എള്ളോളമില്ല പ്രതീക്ഷയെന്നുള്ളില്‍
വന്നെത്തുമോട്ടും നിനയ്ക്കാത്ത പോതില്‍
ഒരു രംഗ ബോധവുമില്ലാത്ത വിഡ്ഢീ

തോറ്റുകൊടുക്കില്ല ചെറ്റുമീ വാഴ്വില്‍ 
തോല്‍ക്കനുമേന്നെപ്പഠിപ്പിച്ചതില്ല   
ഓര്‍ക്കാപ്പുറത്തെ പ്രവാഹത്തില്‍ വീണ 
തേക്കിന്റെ ബാലമാര്‍ന്ന ദേഹമുടയോനും 

സൂര്യന്റെ ചൂടിലെന്നാദ്രമിഴിതോര്‍ത്തി 
പകലിന്റെ ഹരിതത്താല്‍ മോഹം കുറുക്കി
സന്ധ്യക്കൊരുക്കിയൊരു ചുടു നെരിപ്പോടില്‍ 
ഞാനെന്റെ കാമനകള്‍ ഹോമിച്ചു നിര്‍ത്തി.

വൃഥയെപ്പുണര്‍ന്നു ഞാന്‍ പകലന്തിയാക്കി 
സ്മരണകളെരിച്ചു ഞാന്‍ രാത്രി പകലാക്കി 
മരവിച്ച ചോരയില്‍ താപം കലര്‍ത്തി 
ഈ കയ്പുനീരിലും ഇന്നെത്ര മധുരം!



Friday, November 23, 2012

അലഹബാദ് ടു ഇറ്റാര്‍സി



                                   
           എയര്‍ഫോഴ്സിലെ ട്രെയിനിങ്ങ് കഴിഞ്ഞ്, കന്നി യൂണിറ്റില്‍ റിപ്പോര്‍ട്ട് 
ചെയ്ത സമയം.       
       ട്രെയിനിംഗ് കഴിഞ്ഞു  ആയിരത്തി തൊള്ളായിരത്തി എഴുപതു ജൂണില്‍, എന്റെ ആദ്യത്തെ പോസ്ടിങ്ങ് 24 - ഇ.ഡി 'മനോരി' എന്ന യൂണിറ്റില്‍ ആയിരുന്നു. ഇ.ഡി എന്ന് പറഞ്ഞാല്‍ എക്യുപുമെന്ടു  ഡിപ്പോ. എയര്‍ ഫോഴ്സിലേക്ക് വേണ്ട സാധന സാമഗ്രികള്‍, സൂക്ഷിക്കുന്ന സ്ഥലം. യുദ്ധോപകരണങ്ങള്‍  അടക്കം എല്ലാ അവശ്യ സാധനങ്ങളും, സൂക്ഷിക്കുകയും, ഓരോ യൂനിട്ടിന്റെ ആവശ്യാനുസരണം, അവിടങ്ങളില്‍ അത്, എത്തിക്കുകയും ചെയ്യുന്ന ദൌത്യം നിര്‍വഹിക്കുന്ന യുനിട്ട്. 
                                                           എയര്‍ഫോഴ്സില്‍ ജോലി നോക്കുന്നവരെ സംബന്ധിച്ചിടത്തോളം, ഫൈറ്റര്‍ അല്ല എങ്കില്‍ ബോംബര്‍    സ്ക്വാഡ്രനുകളില്‍ പോസ്റ്റിംഗ് ലഭിക്കുന്ന അവസ്ഥയാണ്, അയാള്‍,  ട്രെയിനിംഗ് സമയം മുതല്‍  സ്വപ്നം കാണുന്നത്. വിമാനങ്ങളില്‍ ജോലി ചെയ്യുന്നു എന്ന് പറയണം എന്നുണ്ടെങ്കില്‍, അങ്ങിനെ ഒരു അനുഭവം കൈവരിച്ചേ മതിയാകു.  
                           അതല്ലാതെ, എവിടെ ജോലി ചെയ്താലും, ഞാനും എയര്‍ഫോഴ്സ് യൂനിഫോമിലാണ് എന്ന് പറയാം എന്നല്ലാതെ, അവിടെ നടക്കുന്നതിനെക്കുറിച്ച് നേരിട്ട് ഒരനുഭവവും ഉണ്ടാകുകയില്ല. 
                         അതിനാല്‍ എന്റെ ആദ്യത്തെ പോസ്റ്റിങ്ങില്‍, ഞാന്‍ സ്വല്പം നിരാശനായിരുന്നു. (ഈ കാര്യങ്ങള്‍ എന്റെ ആദ്യത്തെ പോസ്റ്റിങ്ങ്‌ എന്ന ബ്ലോഗില്‍ വിസ്തരിച്ചിരുന്നു)
                              'യൂനിറ്റ് ആര്‍മററി' ആണ് എന്റെ കര്‍മ രംഗം.
   ഡ്യൂട്ടിക്ക് പോകുന്ന പോലീസുകാര്‍ക്കും, ഗാര്‍ഡ്സിനും, റിവോള്‍വറും,തോക്കുകളും അവയ്ക്ക് വേണ്ട അമ്മ്യുനീഷനുകളും, ഇഷ്യൂ ചെയ്യുക. അവിടെ ഉള്ള ആയുധങ്ങള്‍ സര്‍വീസ് ചെയ്യുക,
      ഫയറിങ്ങ് പ്രാക്ടീസിന് ഉപയോഗിക്കുന്ന തോക്കുകള്‍ 'സീറോ' ചെയ്യുക, ഇതൊക്കെ ആയിരുന്നു അവിടത്തെ ജോലികള്‍..
                 'സീറോയിംഗ്' എന്ന് പറഞ്ഞാല്‍, ഉന്നം എടുത്ത് ഫയര്‍ ചെയ്യുന്ന ഒരാള്‍ക്ക്‌, തോക്കിന്റെ പ്രശ്നം കൊണ്ട് ഉന്നം പിഴക്കരുത് എന്ന ഉറപ്പ്
വരുത്തലാണ്. 
                  തോക്കുകള്‍ മുറുകെ ഒരു സ്റ്റാന്‍ഡില്‍ പടിപ്പിച്ച്, ടാര്‍ഗെട്ടിനു നേരെ വെടി  വെച്ച് പരീക്ഷിക്കുക. അപ്പോള്‍ ഉന്നം തെറ്റുന്നുണ്ട്‌ എങ്കില്‍, അതിനനുസരിച്ച്, കുഴലിന്റെ അറ്റത്തുള്ള 'ഫോര്‍സൈറ്റ് ബ്ലേഡില്‍' മാറ്റം വരുത്തുക. അങ്ങിനെ ശരിയായി ടാര്‍ഗറ്റില്‍ കൊള്ളുന്ന വരെ, ഈ 'ട്രയല്‍ ആന്‍ഡ്‌ ഇറര്‍' പരിപാടി തുടരുക.
                 പ്രൊഫഷനല്‍ കോളേജുകളില്‍ ഉള്ള പോലെ പട്ടാളത്തിലും,
റാഗിങ്ങ് ഇല്ലാതില്ല.സീനിയേര്‍സ് ഇരുന്നു വെള്ളമടിക്കുമ്പോള്‍, വെള്ളം തീര്‍ന്നു പോയാല്‍, കുപ്പിയില്‍ നിറച്ചു കൊടുക്കുക, എന്ന തരത്തിലുള്ള 
ഒരു പരിധിയ്ക്ക് അകത്തുള്ള റാഗിങ്ങ്.  
              ഇപ്പോള്‍ കോളേജുകളില്‍, പരാതിപ്പെട്ടാല്‍, റാഗിങ്ങ് ഒരു ക്രിമിനല്‍ കുറ്റമാണ്.
               പട്ടാളത്തില്‍, പ്രാഥമിക തല്ത്തിലുള്ളവര്‍ തന്നെയാണ്ഇതില്‍ എത്പ്പെട്ടിരിക്കുന്നത് എന്നതുകൊണ്ട്‌, അതിനും നിര്‍വാഹമില്ല.
               അധികം നഹളിപ്പ് കാണിച്ചാല്‍, അനുസരണക്കേട്‌ എന്ന വകുപ്പില്‍, എപ്പോള്‍ വേണമെങ്കിലും കൊണ്ട് സെല്ലില്‍ ഇടാനുള്ള അനവധി വകുപ്പുകളും ഉണ്ട്.
                ഒരു ദിവസം കാലത്ത് സെക്ഷനില്‍ ചെന്നപ്പോള്‍, കിട്ടിയ അറിവ് ഇതായിരുന്നു.
               "യൂ ആര്‍ ഗോയിങ്ങ് ടു മദ്രാസ് ഓണ്‍ ടെമ്പററി ഡ്യുട്ടി, റിപ്പോര്‍ട്ട് 
ടു ലോജിസ്റ്റിക്ക് സെക്ഷന്‍"'
              ഇത് ആ യൂണിറ്റില്‍ ദിവസേന, ആളുകള്‍ക്ക് കിട്ടുന്ന ഒരു കുരിശാണ് ഇത്തരം ടെമ്പററി ഡ്യുട്ടി. അത് ഓരോ സെക്ഷന്റെ ഊഴമായി
മേലേന്ന് പ്രവചിക്കപ്പെടും.
                         ഇപ്പോള്‍ എന്റെ സെക്ഷന്റെ ഊഴമാണ്. 

          'ഞാന്‍ കഴിഞ്ഞ മാസം, ഇത് പോലെ ഡല്‍ഹിക്ക് ഒരു യാത്ര കഴിഞ്ഞു വന്നേ ഉള്ളൂ' എന്നൊക്കെ അവതരിപ്പിച്ചു നോക്കി. പക്ഷെ,
മൂത്താശാരിമാര്‍ക്കെല്ലാം, ഓരോരോ പ്രശ്നങ്ങള്‍ ആണ്.
             ഒരാള്‍ കല്ല്യാണം കഴിക്കാന്‍ രണ്ടു മാസം കഴിഞ്ഞു അവധിയില്‍  
പോകാന്‍, ലീവ് അനുവദിച്ചു നില്‍ക്കുന്നു!
                       മറ്റൊരാളുടെ ഭാര്യ ഗര്‍ഭിണി ആണ് !
             വേറൊരാള്‍ ഇന്നലെ മുതല്‍ വയറ് ഇളക്കത്തിനുള്ള ചികിത്സയിലാണ്! (പുള്ളിക്കാരന്‍ അഡ്മിന്‍ ഓഫീസില്‍ നിന്ന് ഈ വിവരം, നേരത്തെ അറിഞ്ഞിരിക്കണം)   
                       ചുരുക്കത്തില്‍ പാര, കന്നി അയ്യപ്പന് തന്നെ.

              പട്ടാള കാര്യം മുറ പോലെ എന്നായതിനാല്‍, 'ഒഴിഞ്ഞു മാറാന്‍ പറ്റാത്ത അവസ്ഥ ആണെങ്കില്‍, അതങ്ങ് ആസ്വദിക്കുക' എന്ന നര്‍മ ശകലത്തില്‍, ഞാന്‍ ശരണം കണ്ടെത്തി.
                  ലോജിസ്റ്റിക്ക് സെക്ഷനില്‍ ചെന്നപ്പോള്‍, കാത്തിരുന്ന ഒരു നേര്‍ച്ചക്കോഴിയെ കിട്ടിയ സന്തോഷത്താല്‍, ഒരു പൊതിയും തന്ന്, കൈപ്പറ്റി എന്ന് എന്റെ ഒപ്പും ഇടീച്ചു, അഡ്മിന്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞു.    
              സംഗതി, മദ്രാസിലുള്ള ഒരു യൂണിറ്റിലെ ഏതോ വിമാനത്തിനു,
അത്യാവശ്യമായി മാറ്റിവെക്കേണ്ട ഒരു ഇന്‍സ്ട്രമെന്ടു, അവിടെ ഉടനടി 
എത്തിക്കണം.
               അഡ്മിന്‍ സെക്ഷനില്‍ ചെന്നപ്പോള്‍, എന്റെ യാത്രക്കുള്ള, റയില്‍വേ വാറണ്ടും, മൂവ്മെന്റു  പേപ്പറുകളും റെഡി.
                  പേപ്പര്‍ കൈപ്പറ്റി, ഞാന്‍ വായിച്ചു നോക്കിയപ്പോള്‍, ഒരു ട്രെയിന്‍ ഓടി മദ്രാസില്‍ എത്തേണ്ട സമയം കഴിഞ്ഞു അടുത്ത ദിവസം,
ഞാന്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യണം എന്നാണു എഴുതിയിരിക്കുന്നത്.
സംശയം തീര്‍ക്കാന്‍, ഞാന്‍ തുനിഞ്ഞപ്പോള്‍, ആ ക്ലാര്‍ക്ക് കസേരയില്‍ നിന്ന് എഴുന്നേറ്റ് ഒരു പോക്ക് പോയി, കൂടെ ഒരു ഉപദേശവും 
                           'ഡോണ്ട് വേസ്റ്റ് യുവര്‍ ടൈം, സ്റ്റാര്‍ട്ട്‌  നൌ'
              
          ഞാന്‍ ബില്ലറ്റില്‍ വന്ന്, പരിചയമുള്ള ചില നാട്ടുകാരായ പെരിയ സാമിമാരോട് അന്വേഷിച്ച്, ഈ ദൌത്യം, തന്നിരിക്കുന്ന സമയത്തില്‍,
എങ്ങിനെ നടപ്പിലാക്കാം എന്ന് പ്ലാനിട്ടു.
             രാത്രി പന്ത്രണ്ടു മണിക്കുള്ള 'അലഹബാദ് എക്സ്പ്രസ്സില്‍ 
    ഇറ്റാര്‍സി,ജി.ടി.  എക്സ്പ്രസ്സില്‍ കയറി മദ്രാസ്. അതാണ്‌ ഏക മാര്‍ഗം.
ദിവസവും കാലത്തും വൈകുന്നേരവും യൂണിറ്റില്‍ നിന്ന് സിറ്റിയിലേക്ക് 
വണ്ടികള്‍ പോകുക പതിവാണ്. ഇത് പോലെ അങ്ങോട്ട്‌ പോകുന്നവരുടെയും, ഇങ്ങോട്ട് വരുന്നവരുടെയും യാത്രക്കായി.
                വൈകുന്നേരം ആര് മണിയോടെ ഞാന്‍ പ്ലാറ്റുഫോമില്‍ എത്തി.
       കൌണ്ടറില്‍ അന്വേഷിച്ചപ്പോള്‍, റിസര്‍വേഷന്‍ കോട്ട എല്ലാം ഫുള്‍..
              അലഹബാദ് എക്സ്പ്രസ്സ് ഒരു ദേശീയ പ്രാധാന്യം ഇല്ലാത്ത ട്രെയിന്‍ ആയതു കാരണം, അതില്‍ മിലിട്ടറി കംബാര്ടുമെന്റും ഇല്ല.
              അവസാനം ട്രെയിന്‍ വരുമ്പോള്‍ ടി.ടി.ക്ക് കൈമടക്കു കൊടുത്തു കാര്യം സാധിക്കാം എന്ന തീരുമാനത്തില്‍ എത്തി. 
                ചുരുട്ടിയ കിടക്കയും പെട്ടിയുമായി നില്‍ക്കുന്ന എന്നെ കണ്ടപ്പോള്‍, ഇരയെ കണ്ട സിംഹങ്ങളെ പോലെ, കൂലികള്‍ എന്റെ ചുറ്റും വന്നു.  
                'ഈ ട്രെയിനില്‍ റിസര്‍വേഷന്‍ ഫുള്‍ ആണ്, കാശു കൊടുത്ത് 
മേടിക്കാം എന്ന വ്യ്മോഹവും വേണ്ട, രാത്രി വണ്ടി ആയതു കൊണ്ട് 
ജനലും വാതിലുമെല്ലാം അടച്ചിരിക്കും.'
                എന്റെ പേപ്പറിലെ റിപ്പോര്‍ട്ടിങ്ങ് ടൈമിനെ കുറിച്ച് ഞാന്‍ ഓര്‍ത്തു. എന്തായാലും എനിക്ക് ഈ വണ്ടിയില്‍ പോണം.
                 അപ്പോഴാണ്‌ ഒരു കൂലി പറഞ്ഞത്   
          'നിങ്ങളെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ആക്കി തരാം, അഞ്ചു രൂപ തരണം'.  
           അന്നത്തെ അഞ്ചു രൂപ എന്ന് പറയുന്നത്, എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ സംഖ്യ ആയിരുന്നു . 
                പല വഴികളും ആലോചിച്ചിട്ട്, ഒടുവില്‍ ഞാന്‍ സമ്മതിച്ചു.  
           രാത്രി പന്ത്രണ്ടു മണിക്ക്  'അലഹബാദ് എക്സ്പ്രസ്സ്' വന്നു,
വാതിലുകളും എല്ലാ ഷട്ടറുകളും അടഞ്ഞ നിലയില്‍.
             ഞാന്‍ കരാറ് ഉറപ്പിച്ച കൂലിയും അയാളുടെ രണ്ടു ശിങ്കിടികളും കൂടി, ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് എന്റെ ബാഗേജുമായി ഓടി. പുറകെ ഞാനും.
                  എല്ലാ ഷട്ടറുകളും അടഞ്ഞു കിടന്നിരുന്ന ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍, ട്രെയിന്‍ ഇവിടം വരെ എത്തി എന്ന ആകാംക്ഷയില്‍ ,
ആരോ ഒരു ഷട്ടര്‍ ലേശം ഉയര്‍ത്തി.
                 ആ തക്കം നോക്കി, കൂലികള്‍, കൈകള്‍ ഷട്ടറിന്റെ താഴെക്കൂടി ഇട്ട്, ഷട്ടര്‍ മേലോട്ട് പൊക്കി. അകത്തു നിന്ന് ഒരായിരം കൈകള്‍ ഷട്ടര്‍ താഴ്ത്താനുള്ള തത്രപ്പാടിലും.
                 ആ ഗാപ്പില്‍ കൂടി, കൂലികള്‍ എന്റെ ലഗ്ഗേജു അകത്തേക്ക് തിരുകി.
                പിന്നീട് എന്നെ പൊക്കി എടുത്ത്‌വട്ടം കിടത്തി, തല ആദ്യം എന്ന  
ക്രമത്തില്‍ അകത്തോട്ട് തള്ളി.
                അകത്തു നിന്ന് കുറെ കൈകള്‍ എന്നെ വെളിയിലേക്കും!
        എന്റെ ദേഹത്തിന്,  ഇത്രയും പരിലാളനങ്ങളും, തലോടലുകളും അനുഭവപ്പെട്ടിട്ടുള്ള മറ്റൊരു ജീവിത സന്ദര്‍ഭം ഉണ്ടായിട്ടില്ല.
          എന്റെ കാലു വരെ അകത്തായപ്പോള്‍, കൂലികള്‍ അവരുടെ കര്‍മം 
നിറവേറ്റിയ ചാരിതാര്‍ത്ധ്യതയോടെ, ഷട്ടര്‍ വലിച്ചടച്ചു.
               കൃശഗാത്രനായ, എനിക്ക് കൂടി, അകത്തിരിക്കാന്‍ സ്ഥലം ഉണ്ടായിരുന്നു,
               എന്നിട്ടും, 'സഹാജീവിബോധം പോലും ഇല്ലാത്ത, കുറെ മനുഷ്യമൃഗങ്ങള്‍! '         
                              കുറച്ചു സമയത്തിനുള്ളില്‍, ഞാന്‍ സ്ഥലകാല ബോധം വീണ്ടെടുത്തു.    
               'മേം ഏക്‌ ഫോജീ ഹും , മേരെകോ ആജീ ജാനാ ഹൈ'
      ക്രമേണ എന്റെ ദേഹത്ത് അനുഭവപ്പെട്ടിരുന്ന സമ്മര്‍ദങ്ങള്‍ക്ക്  
ഒരയവ് വന്നു. 
          രണ്ട് മണിക്കൂര്‍ കഴിഞ്ഞു ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ നിറുത്തിയപ്പോള്‍, അകത്തോട്ട് കയറുവാന്‍ വെമ്പുന്ന യാത്രക്കാരുടെ 
നേര്‍ക്ക്‌, അനേകം കൈകള്‍ ഉയര്‍ന്നതില്‍, ഏറ്റവും മുന്നില്‍ എന്റെ കൈകള്‍ ആയിരുന്നു!!
                                       ----------------------------------------------------  
                                        
                      ------------------------------------------------------------------------------- 

Thursday, November 15, 2012

വിമലാ മേനോന്റെ കവിത


          
                      എന്റെ ബ്ലോഗുകള്‍ നൂറ്റി അമ്പതോളം പേര്‍ വായിക്കുന്നുണ്ട് 
എന്ന് കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നിന്ന് മനസ്സിലായി.
                 എന്നെക്കാള്‍ പ്രതിഭാശേഷിയുള്ള, എന്റെ ചേച്ചിയുടെ കൃതികള്‍ എങ്ങിനെ ബ്ലോഗില്‍ കൂടി ആളുകളിലേക്ക്‌ എത്തിക്കാം, എന്ന് ഞാന്‍ ആലോചിച്ചു. 
                അവളുടെ പേരില്‍ ഞാന്‍ ഒരു ബ്ലോഗ്‌ ഐ. ഡി ഉണ്ടാക്കി. കാര്യങ്ങളെല്ലാം ശരിയാക്കി കൊടുത്തു (ചേച്ചി  ആണെങ്കിലും ഞാന്‍ അവളുടെ ചേട്ടനാണ് എന്നാണ്‌, പണ്ട് മുതലേ എന്റെ നിലപാട്)
                            "എനിക്ക് ഇത് പറ്റുന്നില്ലെട'
                                 അവള്‍ കൈയൊഴിഞ്ഞു.
                അതുകൊണ്ടാണ്, എന്റെ ബ്ലോഗില്‍ കൂടി ഈ താരത്തെ പരിചയപ്പെടുത്തേണ്ടി വന്നത്. 
              ആളെ ശരിക്ക് മനസ്സിലാക്കാനായി ഞാന്‍ ഒരു വിവരണം തരാം.

                പണ്ട് കേരള കൌമുദി എന്നൊരു വാരിക ഉണ്ടായിരുന്നു. അവര്‍ സംഘടിപ്പിച്ച ഒരു നോവല്‍ മത്സരത്തില്‍, 'അപരാജിത' നോവലില്‍ കൂടി സമ്മാനം കിട്ടിയാണ് രംഗ പ്രവേശം.
      'ഒരാഴ്ച' എന്ന  ബാല സാഹിത്യ കൃതിക്ക് 1990 ലെ കേരള സംസ്ഥാന അവാര്‍ഡും, കൈരളി ബുക്ക്‌ ട്രസ്റ്റ് അവാര്‍ഡും ലഭിച്ചു.
            "മന്ദാകിനി പറയുന്നത്" എന്നാ കൃതിക്ക് 2003  ലെ എസ്. ബി. ടി അവാര്‍ഡു ലഭിച്ചു.
           'ഒളിച്ചോട്ടം', 'സ്നേഹത്തിന്റെ മണം', 'പാര്‍വതി പിന്നെ ചിരിച്ചിട്ടില്ല', 'സൂര്യനെ വലം വെച്ച പെണ്‍കുട്ടി', മുപ്പതോളം ഡിസ്നി 
കഥകളുടെ മലയാള വിവര്‍ത്തനം, എന്നിവ മറ്റു രചനകള്‍.
             കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു  നിന്നും 2000 ല്‍ വിരമിച്ച ശേഷം, 'ചെഷയര്‍ ഹോംസ് ഇന്ത്യയുടെ,  തിരുവനന്തപുരം ചാപ്റ്ററിന്റെ സെക്രട്ടറി ആയും, ബഡ്സ് സ്പെഷ്യല്‍ 
സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ആയും സേവനം അനുഷ്ടിക്കുന്നു.
                വായനക്കാര്‍ക്കായി വിമല മേനോന്റെ ഒരു കവിത ഇത്തവണ 
അവതരിപ്പിക്കുന്നു.  
      --------------------------------------------------------------------------------------                                            
                          എനിക്ക് കാറ്റാകണം 


                        എനിക്ക് കാറ്റാകണം 
                                         പറന്നു പൊങ്ങീടണം  
                         ഉയര്‍ന്നു മാനം മുട്ടും  
                                          മലമേലേറീടണം 
                          എനിക്ക് കാറ്റാകണം 
                                          മലര്‍ന്നോരാഴിതന്‍
                           പരപ്പില്‍ തൊട്ടുരുമ്മി  
                                           വെളുക്കെ ചിരിക്കണം. 
                            അലസം നിരായാസം 
                                            പറക്കും വാനമ്പാടി-
                            ച്ചിറകില്‍ തൂങ്ങി  
                                             മാനം മുഴുക്കെയളക്കണം
                            എനിക്ക് കാറ്റാകണം 
                                              വെളുത്ത പഞ്ഞിക്കൂട്ടം 
                             കണക്കെയലയുന്ന 
                                               മേഘത്തെ ചുംബിക്കണം 
                              പറന്നുതാഴേക്കെത്തി-
                                                  ക്കുതിര്‍ന്ന മണ്ണുംമാടി 
                               പുറത്തു തല നീട്ടാന്‍ 
                                                   പുല്ലിനെയുണര്‍ത്തണം
                                മനസ്സില്‍ കൊതി തീരെ 
                                                     കുഞ്ഞിളംകൈയ്യില്‍താവും
                                വെളുത്ത പട്ടമൊന്നു 
                                                      പരക്കെപ്പറത്തണം
                                തിമിര്‍ക്കും കൂട്ടരൊത്തു
                                                       ചിരിച്ചു കൂത്താടിടും 
                                 തുടുത്ത കവിള്‍ത്തടം 
                                                         തലോടിപ്പോയീടണം 
                                  തിളയ്ക്കും രോഷങ്ങള്‍തന്‍ 
                                                          മുഷ്ടികളുയര്‍ത്തുന്ന 
                                   ചെറുപ്പക്കാരിലെല്ലാ 
                                                           മഗ്നിയായ്‌ പൂത്തീടണം 
                                    എനിക്ക് കാറ്റാകണം 
                                                            കിനാവുകാണും നെഞ്ചില്‍
                                      അലിവിന്‍ കുളിരേകാന്‍ 
                                                             മലേയമായീടണം
                                       പകലിന്‍ തീച്ചൂളയില്‍ 
                                                              വിയര്‍ക്കും തൊഴിലിന്റെ 
                                       നെറ്റിമേല്‍ കിനിഞ്ഞിടും 
                                                               തളര്‍ച്ചയാറ്റീടണം 
                                        എനിക്ക് കാറ്റാകണം 
                                                                കരുത്തമെയ്യില്‍പ്പൂക്കും 
                                         കുതിക്കും മോഹങ്ങള്‍ക്ക് 
                                                                  താളമായീടണം
                                          മദിക്കുമാനാക്കൂട്ടം 
                                                                    ചവിട്ടിച്ചീന്തും കന്യാ-
                                           വനങ്ങള്‍ കരയുമ്പോ- 
                                                                     ളാഞ്ഞടിച്ചലറണം 
                                            അരങ്ങു നിറഞ്ഞു നി-
                                                                      ന്നധര്‍മംകൊടികുത്തി 
                                             മുടിയഴിച്ചുറയുമ്പോള്‍
                                                                       കൊടുങ്കാറ്റുയര്‍ത്തണം                                              
                                             എനിക്ക് കാറ്റാകണം
                                                                        പ്രചണ്ടവാതമായി-  
                                              പ്പിടിച്ചുതച്ചീഭൂമി-
                                                                          യുടച്ചു വാര്‍ത്തീടണം
                                               വഴിയിലൊറ്റക്കാകും  
                                                                          തളര്‍ന്ന വാര്‍ത്ധാക്യത്തില്‍ 
                                               നരച്ചകണ്‍പീലികള്‍
                                                                           തൊട്ടുമ്മ വെച്ചീടണം
                                                 എനിക്ക് കാറ്റാകണം
                                                                             വേദനയുഴയുറ്റുന്ന
                                                   മനുഷ്യക്കോലങ്ങളെ
                                                                               മൃതിയായ് തലോടണം.
                                                     ഒടുക്കം-കളി തീരെ 
                                                                                 തിരയില്ലാത്തീരങ്ങളില്‍ 
                                                      നനഞ്ഞ മണ്ണിന്‍ നെഞ്ചില്‍ 
                                                                                   ഞാനായിട്ടുറങ്ങണം !    

                                   -------------------------------------------------------------------------

Sunday, November 11, 2012

റോള്‍ മോഡല്‍



                      
                                 ചെറുപ്പക്കാരായ എല്ലാപേര്‍ക്കും ഒരു  'റോള്‍ മോഡല്‍'
 ഉണ്ടല്ലോ.എനിക്ക് ഈ വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലായത്‌ വളരെ വൈകിയാണ്.
                     വൈകി വന്ന വെളിപാടില്‍, ബാന്ഗ്ലൂരെ  സെയിന്ടു ജോസെഫ് 
കോളേജില്‍, ഞാന്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമക്ക് പഠിക്കുന്ന സമയം.
ഒരു വിഷയം ഗ്രൂപ്പ്  ഡൈനമിക്സ് ആയിരുന്നു. അവരവരുടെ അനുഭവങ്ങള്‍, അഭിപ്രായങ്ങള്‍ തമ്മില്‍ തുറന്നു സംസാരിക്കാനും, പങ്കിടാനും, സമര്‍ത്ധിക്കാനും ഉള്ള ഒരു സെഷന്‍..
                         എനിക്കാണെങ്കില്‍ എയര്‍ ഫോഴ്സ് ജീവിതത്തില്‍, ഇതൊന്നും പരിചിതവും അല്ല.
                     രണ്ടെണ്ണം ചെന്നാല്‍, അറിയാവുന്ന സദസ്സില്‍, 'ഞാനൊരു പുലിയാണ്' എന്ന് പലരും സമ്മതിച്ചു തന്നിട്ടുണ്ട്. സ്റ്റേജുകളില്‍, തമാശ സ്കിറ്റുകള്‍ എഴുതിയും, അവതരിപ്പിച്ചും സ്കോര്‍ ചെയ്തിട്ടുണ്ട്.
എന്തിനു ഹിന്ദിയും ഇന്ഗ്ലീഷും കലര്‍ത്തി സരസമായ വിഷയങ്ങള്‍ 
ഓട്ടന്‍ തുള്ളല്‍ സ്റ്റൈലില്‍ എഴുതിയും, സ്വയം കെട്ടി ആടിയും കൈയ്യടി 
മേടിച്ചിട്ടുണ്ട്.
                  പക്ഷെ പരിചയമില്ലാത്ത നാലുപേരെ  അഭിമുഖീകരിച്ച്‌,
അതും 'പച്ചക്ക്' നാല് വര്‍ത്തമാനം പറഞ്ഞ് ഒരു ശീലം ഇല്ലായിരുന്നു.
                  അങ്ങിനെ ആ ദിവസം എനിക്ക് കിട്ടിയ ടോപിക് 'എബൌട്ട്‌ 
യുവര്‍ റോള്‍ മോഡല്‍' എന്നതായിരുന്നു.  ഞങ്ങള്‍ക്ക് തോന്നുന്ന ഏതെങ്കിലും രണ്ടു വ്യക്തികളെ കുറിച്ചും, ആ തോന്നലിന്റെ കാരണവും 
വിശദീകരിക്കണം.
                   ആദ്യത്തെ വ്യക്തി എന്റെ ചേട്ടന്‍  തന്നെ ആയിരുന്നു. അങ്ങേരില്‍ ഞാന്‍ കണ്ട പ്രത്യേകതകള്‍,   എന്ത് കൊണ്ട് ഞാന്‍ അദ്ദേഹത്തെ അങ്ങിനെ കരുതുന്നു എന്നുള്ളതിനെ കുറിച്ചും സംസാരിച്ചു . എന്റെ കുടുംബത്തിലെ അംഗം ആയതു കൊണ്ട്, ഈ  പോസ്റ്റില്‍, അതിനെപ്പറ്റി കൂടുതല്‍ എഴുതുന്നില്ല.
                             രണ്ടാമത്തെ വ്യക്തി ആരെന്നു ഞാന്‍ മനസ്സില്‍ പരതി . ടോപിക്ക് പെട്ടെന്ന് തന്ന കാരണം 'ഇണ്ടാസ്' ഉണ്ടാക്കാന്‍ സമയം കിട്ടിയില്ല               
              മിന്നല്‍ വേഗത്തില്‍ ഒരു ആത്മപരിശോധന നടത്തിയപ്പോള്‍ തെളിഞ്ഞു വന്ന പേരാണ് 'കേണല്‍. മധു നായര്‍'.
                 ഞാന്‍ അദ്ദേഹത്തെ മധു ചേട്ടന്‍ എന്നാണു വിളിച്ചിരുന്നത്‌..
        എന്റെ ജന്മദേശമായ, വടക്കന്‍ പറവൂരെ, അറിയപ്പെടുന്ന ഒരു കുടുംബത്തിലെ, ചന്ദ്ര ശേഖരന്‍ പിള്ള വൈദ്യന്റെ കുടുംബത്തിലെ, ഒരു ചെറുമോന്‍. 
              അവരുടെ വീട്ടിന്റെ പേര് 'പദ്മാലയം ' എന്നായിരുന്നു എങ്കിലും, വൈദ്യശാല എന്നാണു, ആ വീടിനെ അറിഞ്ഞിരുന്നത്.
            പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോള്‍, എന്റെ അപ്പൂപ്പന്റെ കൈവിരലില്‍ തൂങ്ങി, ഞാനും പല പ്രാവശ്യം അവിടെ പോയിട്ടുണ്ട്.
             ആ വൈദ്യന്റെ ഒരു കണ്ണിനു എന്തോ അപാകത ഉണ്ടായിരുന്നു എന്നാണു എന്റെ ഓര്‍മ. ആറാം തമ്പുരാനിലെ 'കുളപ്പുള്ളി അപ്പന്‍ തമ്പുരാന്റെ' ലുക്ക്. പക്ഷെ അതുപോലെ ഭീതി ഉളവാക്കുന്ന  മുഖഭാവമല്ലായിരുന്നു . 
         ശാന്തവും   കരുണയും നിറഞ്ഞതായിരുന്നു  ആ മുഖം. പക്ഷെ കുട്ടികള്‍ക്ക് അടുക്കാന്‍ സ്വല്പം പേടി തോന്നിപ്പിക്കുമായിരുന്നു.
                പാവപ്പെട്ട ഒരുപാട് പേര്‍ക്ക്, സൌജന്യമായിട്ട് പോലും ചികിത്സ നല്‍കിയിരുന്ന, ഒരു മഹാപ്രതിഭ ആയിരുന്നു.
                അപ്പൂപ്പനും ഞാനും കൂടി ചെല്ലുമ്പോള്‍, അപ്പായി അക്കന്‍ എന്ന് അറിയപ്പെട്ടിരുന്ന ഒരു വലിയ സ്ത്രീ (കാഴ്ചയിലും, ഹൃദയത്താലും) എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി, ഹോര്‍ലിക്സോ, ഒവല്ടിനോ തരുമായിരുന്നു.
         അന്നത്തെ കാലത്ത്, വീട്ടില്‍ വരുന്ന അതിഥിക്ക്, ഹോര്‍ലിക്സ് നല്‍കുക എന്നത്, ആതിഥേയന്റെ സാമൂഹികമായ ഔന്നത്യത്തിന്റെ ഒരു പ്രതീകമായിരുന്നു.
                     ഞാന്‍ നാക്ക് കൊണ്ട്, മേല്‍ച്ചുണ്ട് വരെ നക്കി, ഹോര്‍ലിക്സ് 
കഴിച്ചു വരുമ്പോള്‍ വൈദ്യന്റെ കുറിപ്പ് റെഡി.  
              അതും മേടിച്ച് ഞാനും അപ്പൂപ്പനും കൂടി, വൈദ്യശാലയുടെ വേറൊരു ഭാഗത്തേക്ക് നീങ്ങും.
                അവിടെ ഇരുപതില്‍ പേരില്‍ കൂടുതല്‍ ആളുകള്‍, പച്ച മരുന്നുകള്‍ വെട്ടി അരിയുന്നതും , കഴുകുന്നതും, ഇതെല്ലാം തിളപ്പിക്കുന്നതും ആയ  കാഴ്ച എനിക്ക് ആശ്ചര്യം ഉളവാക്കിയിരുന്നു.                                  

                    ഇന്ന് നമ്മള്‍ ടി.വി യില്‍ കൂടി കാണുന്ന വലിയ വൈദ്യ ശാലകളില്‍  ഉള്ള പോലെ, മെഷീന്റെ സഹായം ഇല്ലാതെ, എല്ലാം മാനുഷിക  അധ്വാനത്താല്‍  ചെയ്യപ്പെട്ടിരുന്ന കാഴ്ച.
              അത് പോട്ടെ വൈദ്യനും വൈദ്യശാലയും അല്ല ഞാന്‍ പറഞ്ഞു വന്നത്.
                                                  'കേണല്‍..- മധു നായര്‍' 
               മധു ചേട്ടന് കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ 'അണ്ടര്‍ ഓഫീസര്‍'
പദവി കിട്ടിയിരുന്നു എന്നാണു എന്റെ ഓര്‍മ. എന്തായാലും അദ്ദേഹത്തിന് എന്‍. ഡി.എ സിലക്ഷന്‍ കിട്ടി, ട്രെയിനിങ്ങിനു പോയി എന്ന് ഞാന്‍ അറിഞ്ഞു.
                അത് കഴിഞ്ഞാണ്, ഞാന്‍ കാലടി ശ്രീ ശങ്കര കോളേജില്‍ കയറുന്നതും,
ഇറങ്ങുന്നതും .
                                  'എല്ലാം പെട്ടെന്നായിരുന്നു' !     
            വാര്‍ഡനെ പൂട്ടിയിയിട്ടവനെതിരെ, ഒരു ചാന്‍സ് കൂടി കൊടുക്കണം 
എന്ന് ഹോസ്റ്റെല്‍ ബൈലായില്‍, വ്യവസ്ഥ ഇല്ലായിരുന്നു!
             ഞാനാണ് അത് ചെയ്തതെന്ന്, തെളിവ് ഉണ്ടെങ്കില്‍, അഴിമതി ആരോപണങ്ങള്‍ നേരിടുന്ന, ഇന്നത്തെ രാഷ്ട്രീയക്കാര്‍ പറയുന്ന പോലെ 'ഞാന്‍ ഈ തൊഴില് നിറുത്താം' എന്ന് ഒരു പരസ്യ വെല്ലുവിളിയും നടത്തി.    
                 മുപ്പതു വെള്ളിക്കശു പോലും മേടിക്കാതെ, എന്റെ തൊട്ടടുത്തുള്ള മുറിയില്‍ താമസിച്ചിരുന്ന ഒരു ജൂദാസ് തെളിവ് കൊടുത്തു. 
                 പിന്നെ മുഖം രക്ഷിക്കാന്‍, രാജിയല്ലേ ഉള്ളൂ ഒരു മാര്‍ഗം.
                              'ഞാന്‍ പഠിത്തവും നിറുത്തി!' 
         രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, വീട്ടില്‍ വന്ന്, അടയിരുന്ന് നാട്ടുകാര്‍ക്ക് പ്രശ്നം ഉണ്ടാക്കുന്ന എന്നെ, എങ്ങിനെയെങ്കിലും ഒഴിവാക്കാന്‍ എന്റെ അച്ഛന്‍ പറഞ്ഞു.
               'ഫീസ് ഞാനല്ലേ തരുന്നത്, ഹോസ്റ്റെല്‍ വേണ്ട, നീ വെളിയില്‍ താമസിച്ച് പഠിക്ക്'     
                    'തൊഴിലില്ലായ്മ കൊടുമ്പിരി കൊണ്ടിരിക്കുന്ന, ഈ നാട്ടില്‍ പഠിച്ചിട്ടൊന്നും, ഒരു കാര്യമില്ല'
                           റിബലായ മകന്റെ മറുപടി.
         അങ്ങിനെ എന്‍. ഡി എ,   ഐ. എം. എ,  ഡെഫരിന്‍  തുടങ്ങിയ മത്സര പരീക്ഷകള്‍ എഴുതാനുള്ള ജ്ഞാനം കൈവരിക്കുന്നതിനായി, പറവൂരുള്ള 'ജയകേരള' ട്യൂട്ടോറിയല്‍ കൊളെജിലുള്ള വെക്കേഷന്‍ ക്ലാസുകളില്‍, ഞാന്‍ എത്തപ്പെട്ടു.               
              ഗണിത ശാസ്ത്രം എന്ന വിഷയം കുട്ടികള്‍ക്ക് ഫലിതങ്ങളില്‍ കൂടി 
സരസമായി  പഠിപ്പിക്കാന്‍ പ്രാവീണ്യമുള്ള,  ട്യൂട്ടോറിയല്‍ പ്രിന്‍സിപ്പലായ മാധവന്‍ കുട്ടി സാറിന്റെ കഴിവ്, ഞങ്ങളുടേ താലൂക്ക് മുഴുവന്‍, അറിയപ്പെടുന്നതായിരുന്നു. 
                 അവിടെ വെച്ചാണ് കേണല്‍.. മധുവിനെ അടുത്തറിയുന്നത്.
       അദ്ദേഹം, എന്‍. ഡി. എ കഴിഞ്ഞാണോ, അതിനിടയില്‍ ആണോ എന്ന് എനിക്ക് വ്യക്തമല്ല. അവധിക്കു നാട്ടില്‍ വന്ന സമയം.
                       മാധവന്‍ കുട്ടി സര്‍ ക്ലാസില്‍ വന്ന് പറഞ്ഞു 
         'ഇന്ന് ഞാനല്ല ക്ളാസ്സെടുക്കുന്നത്‌. . ഇവിടെ നിന്ന് പഠിച്ചു പോയി 
ഒരു ഉന്നത ശ്രേണിയില്‍ എത്തിയിരിക്കുന്ന എന്റെ പഴയ ഒരു ശിഷ്യന്‍.
                  അന്ന് അദ്ദേഹം ക്ലാസ്സില്‍ വന്ന് ഒരുപാട് ജീവിതാനുഭവങ്ങള്‍ 
പറഞ്ഞു. അദ്ദേഹം വായിച്ചും, കണ്ടും സംഗ്രഹിച്ച കാര്യങ്ങള്‍. 
'പോസിറ്റീവ് തിന്കിങ്ങിനെ' കുറിച്ച്, 'പേഴ്സനാലിറ്റി  ഡവിലപ്പുമെന്റിനെ' കുറിച്ച്, ജീവിതത്തില്‍ കുട്ടികള്‍ ചെയ്യാന്‍ പാടില്ലാത്തതും, ചെയ്യേണ്ടതും ആയ കാര്യങ്ങള്‍. -
         . മാര്‍ക്ക് മേടിക്കുന്നതിനെ കുറിച്ചും, പരീക്ഷകളെയും ഒഴിവാക്കി, ബാക്കി പല കാര്യങ്ങളെയും കുറിച്ച്. 'അനര്‍ഗ നിര്‍ഗള ആംഗലേയ പ്രവാഹത്തിലായിരുന്നു' ക്ലാസ്സ്. ഒരു ചെറിയ ടൌണില്‍ അധിവസിച്ചിരുന്ന ഞങ്ങള്‍, 'പ്രാന്ജിയെട്ടന്‍ സ്റ്റൈലില്‍' വിടര്‍ന്ന കണ്ണുകളും ആയി ഇരുന്നു മുഴുവന്‍ കേട്ടു. 
              അദ്ദേഹത്തിന് അവിടെ വന്ന്, ക്ലാസ്സ് എടുക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. എങ്കിലും തനിക്ക് ലഭിച്ച അറിവ്, അടുത്ത തലമുറക്ക് 
പകരാന്‍ തോന്നിയ, ആ മനസ്സ്. അതിനെ ഞാന്‍ നമിക്കുന്നു.       
               സംഗതി ചുരുക്കത്തില്‍ ഇതാണ്. ആറു മാസത്തിനുള്ളില്‍ ഞാന്‍ എയര്‍ ഫോഴ്സ് പരീക്ഷ പാസ്സായി ജോലിയില്‍ കയറി. ജോലിയില്‍ കയറി, എന്ന് മാത്രമല്ല, ജോലിയില്‍ ഇരുന്ന് ഡിഗ്രിയും, അതിനപ്പുറവും  സ്വായത്തമാക്കാനുള്ള ഇച്ഛാ ശക്തിയും എന്നില്‍ ഉളവായി.  
                  എന്നെ പൂജപ്പുര, വീയൂര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് വഴി തിരിച്ചു വിടാന്‍ ഇടയാക്കിയ ഒരു നിമിത്തം!.
                 എന്റെ കൂടെ അന്ന് ആ ക്ലാസില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്ത്‌ 
ഇപ്പോഴും എന്റെ കൂടെ കുവൈത്തില്‍ ഉണ്ട്. അന്നത്തെ പത്താം തരത്തില്‍ പാസ്സായവരുടെ ലിസ്റ്റില്‍, സംസ്ഥാനത്തെ ആദ്യത്തെ പത്തു പേരില്‍ ഒരാളായ വ്യക്തി. പിന്നീട് അദ്ദേഹം, മികവില്‍ എം. ഡിയും, എം.ആര്‍. സി. പിയും ഒക്കെ പാസ്സായ പ്രഗല്‍ഭനായ ഒരു ഡോക്ടര്‍..
               വരാന്തത്യത്തില്‍   ഡോക്ടറുമായി, പഴയ വിദ്യാലയ ജീവിതം അയവിറക്കുമ്പോള്‍, പലപ്പോഴും, ഞങ്ങള്‍ ഈ മധു ചേട്ടനെ കുറിച്ച് ഓര്‍ത്തിട്ടുണ്ട്.         
                                                       'നന്ദി മധു ചേട്ട'
                        --------------------------------------------------------------------------------
അടിക്കുറിപ്പ് 
           ദൈനം ദിന ജീവിതത്തില്‍ കൂടി കിട്ടൂന്ന സാധാരണ അറിവിനേക്കാള്‍, ഇത് പോലുള്ള ചില നിമിഷങ്ങളാണ്, നമ്മുടെ കാഴ്ചപ്പാടിനെ മാറ്റി മറിക്കുന്നത്!!