ഞാന്‍ എഴുതാന്‍ പോകുന്നത് വായിക്കുന്നതില്‍ നിങ്ങള്‍ക്ക് അറപ്പ് തോന്നാം.
പക്ഷെ ചരിത്രം, ചരിത്രം തന്നെ.
നമ്മുടെ നാട്ടില്‍ "സെപ്ടിക് ടാങ്ക്" എന്ന ഒരു ടെക്നോളജി വന്നത് എഴുപതുകളില്‍ ആണ്. അതിനു മുന്‍പ്, കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്, ഇന്നും നമ്മള്‍ ദല്‍ഹിയിലെക്കോ, കല്‍ക്കട്ടയിലെക്കോ യാത്ര ചെയ്യുമ്പോള്‍ കാണുന്ന ജനല്‍ കാഴ്ചകള്‍ പോലെ തന്നെ ആണ്.
കേരളത്തിന് വെളിയിലേക്ക് ട്രെയിന്‍ യാത്ര ചെയ്യുന്ന പലരും, നേരം പുലരുമ്പോള്‍ കാണുന്ന വഴിയോര കാഴ്ചകള്‍ അതാണ്.. -
തലയില്‍ മുണ്ടിട്ട് മുഖം മറച്ച്, അവനവന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന "ഷൈനിംഗ് ഇന്ത്യയുടെ" ദൃശ്യം!
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മേല്‍നോട്ടത്തില്‍, ഇന്ത്യയിലെ സിറ്റികളിലും, മുന്സിപ്പാലറ്റികളിലും, ഈ "സ്കാവഞ്ചിങ്ങ്" പ്രക്രിയ നടപ്പിലാക്കണം എന്ന ആവശ്യം വന്നു.
നാറ്റം, സായിപ്പിനും വിഭിന്നമാല്ലല്ലോ. അങ്ങിനെ കേരളത്തിലെ
സിറ്റികളിലും, മുന്സിപ്പാലറ്റികളിലും, സായിപ്പ് ഒരു നടപടിക്രമം
ഏര്‍പ്പെടുത്തി.
ഓരോ വീട്ടിലും കക്കൂസ് പണിയുക, അവിടുന്നെല്ലാം ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുക. ആ പറഞ്ഞത് പോലും, അതിന് സൌകര്യമുള്ളവര്‍ക്കെ ചെയ്യാന്‍ പറ്റുകയുള്ളു.
മുന്സിപ്പാലറ്റിയിലെ ഓരോ വീട്ടിലും തോട്ടിക്കു വന്നു പോകുവാന്‍ പ്രത്യേക കവാടവും യാത്രാപഥവും ഉണ്ടായിരുന്നു.
അത് തെറ്റിച്ച് വീടിന്റെ പ്രധാന കവാടത്തിലൂടെ എങ്ങാനും അയാള്‍
കയറിയാല്‍, ജോലിക്ക് വരുമ്പോഴല്ല എങ്കിലും, ഉണ്ടാകുന്ന പൊല്ലാപ്പുകള്‍ ചെറുതല്ല. സമൂഹത്തിലെ പൊതു വേദികളെല്ലാം അവര്‍ക്ക് നിഷിദ്ധമായിരുന്നു. കടകളില്‍ നിന്ന് പോലും സാധനങ്ങള്‍ നല്‍കാന്‍ ഐത്യം കല്‍പ്പിച്ചിരുന്നു. സമൂഹത്തിനു വേണ്ടി മഹത്തായ കൃത്യം അനുഷ്ടിക്കുന്നവന്റെ ഗതികേട്! അതായിരുന്നു അവസ്ഥ.
ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ പഠിച്ചിരുന്നപ്പോള്‍, മഹാത്മജിയുടെ ആഫ്രിക്കയില്‍ കഴിഞ്ഞിരുന്ന കാലഘട്ടത്തെ പ്രതിപാദിക്കുന്ന
ഒരു പാഠം ഉണ്ടായിരുന്നു.
അന്ന് സൌത്ത് ആഫ്രിക്കയില്‍ അദ്ദേഹം കസ്തുര്‍ബയെക്കൊണ്ട്
നമ്മളുടെ വിസര്‍ജനം, നമ്മള്‍ തന്നെ നിര്‍മാര്‍ജനം ചെയ്യണം എന്ന് നിര്‍ബന്ധിച്ച വിഷയത്തെക്കുറിച്ച്.
ഞാന്‍ ആ പാഠം ശരിക്കും ഉള്‍ക്കൊണ്ടു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു.
ബ്ലോഗിലും, ഫേസുബൂക്കിലും ഉള്ള ഇപ്പോഴത്തെ തലമുറയ്ക്ക്,
ആ കാലവും അന്നത്തെ രീതികളും, അന്യമാണ് എന്നത്, എന്റെ കുട്ടികളും ആയി സംസാരിച്ചപ്പോള്‍ മനസ്സിലായി. ഈ തലമുറക്കാരെ അന്നത്തെ രീതികളെ ഒന്ന് പരിചയപ്പെടുത്താന്‍ ആണ് ഇങ്ങിനെ ഒരു ബ്ലോഗെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് . ഈ വിഷയം, അങ്ങിനെയുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റുകയില്ല.അങ്ങിനെയുള്ളവരോട് കേശവദേവിന്റെ "തോട്ടിയുടെ മകന്‍" "എന്ന അവാര്‍ഡു കിട്ടിയ നോവല്‍ വായിച്ചു നോക്കാന്‍ പറയുന്നു. ഈ നിര്‍മാര്‍ജന കര്‍മങ്ങള്‍ നടത്തിയിരുന്ന ആളെ "തോട്ടി" എന്നാണ് വിളിച്ചിരുന്നത്. .
സമൂഹത്തിന്റെ താഴെക്കിടയിലുള്ള ഒരു ഗത്യന്തരവും ഇല്ലാത്ത ആള്‍ക്കാരാണ് ഈ പണിക്കു പോയിരുന്നത്.
പണി നിക്രുഷ്ടമായത് കൊണ്ട് സാധാരണ പണിക്കാരേക്കാള്‍ അവര്‍ക്ക് കൂലിയും കൂടുതല്‍ ആയിരുന്നു.വേറെ ആരെയും കിട്ടുകയില്ല എന്നതിനാല്‍.. .-
എന്റെ വീട്ടില്‍ വന്നിരുന്ന ആ ജോലിക്കാരനെ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ആന്ടണി എന്നായിരുന്നു പേര്. ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു "സിക്സ് പാക്ക്" ജിമ്മന്‍. .
അയാള്‍ വന്ന് കക്കൂസിന്റെ താഴെ വെച്ചിട്ടുള്ള ബക്കറ്റില്‍
നിന്ന് ഈ നിര്‍മാര്‍ജനങ്ങളെല്ലാം അങ്ങേരു കൊണ്ട് വന്ന ബാക്കറ്റിലേക്ക് ഏറ്റുവാങ്ങി നിശബ്ദം, തനിക്കു വിധി കല്‍പ്പിച്ചിട്ടുള്ള കവാടത്തിലൂടെ
വെളിയിലേക്ക് പോകും.
വെളിയില്‍ റോഡില്‍ നടക്കുന്ന കാഴ്ച, കാലത്ത് സ്കൂളുകളിലേക്ക് പോകുന്ന കുട്ടികള്‍ പോലും സ്ഥിരമായി കാണുന്നതാണ്.
വീലുകള്‍ വലുതായ ഒരു ഉന്തുവണ്ടിയില്‍, അതിന്റെ നടുക്ക്
നിലം തൊടാതെ നില്‍ക്കുന്ന ഒരു വലിയ ടാങ്കിലേക്ക് ഇത് പകരും. ആ വണ്ടി തള്ളുന്നതും, റോഡിലെ കാവലും, "റോസി" എന്ന ആന്ടണിയുടെ
ഭാര്യ ആണ്. ചിലപ്പോള്‍ "മേരി" എന്ന ആന്ടണിയുടെ അമ്മ ആയിരിക്കും.
ആ വണ്ടിയുടെ മുകളില്‍ പതിവായി ഒരു മുറുക്കാന്‍ പൊതി വെച്ചിരിക്കും. ആന്ടണി ഓരോ വീട്ടിലെ ദൌത്യവും കഴിഞ്ഞു മടങ്ങി എത്തിയാല്‍ ആദ്യം അവിടെ നില്‍ക്കുന്ന സ്ത്രീയും ആയി കൂടി, ആ പൊതി അഴിച്ച് ഒരു മുറുക്കാന്‍ അടിക്കും. അതില്‍ കഞ്ചാവ് ലേഹ്യമോ കറുപ്പിന്റെ അംശമോ ഉണ്ടായിരുന്നിരിക്കാം!
ദുര്‍ഗന്ധം സഹിക്കാന്‍ വയ്യാതെ മൂക്ക് പോത്തിയാണ്, കുട്ടികള്‍ ആ വണ്ടി കടന്നു പോകുക.
ആ കര്‍മത്തിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പക്വത ഇല്ലാത്ത സ്കൂള്‍ കുട്ടികളുടെ ചേഷ്ടകളും, കളിയാക്കലുകളും അവഗണിച്ച് നിര്‍വികാരരായി അവര്‍ അവരുടെ ജോലിയില്‍ വ്യാപ്രുതരായിരിക്കും.
ഇത് പോലെ മുന്സിപ്പാലറ്റിയുടെ ഓരോ വാര്‍ഡില്‍ നിന്നും
നിക്ഷേപം സ്വീകരിച്ചു കൊണ്ടുവരുന്ന വണ്ടികള്‍, കൈ കോണ്ട് ഉന്തി കൊണ്ടുപോയി ടൌണ്‍ അതിര്‍ത്തിക്ക് അപ്പുറം ഉള്ള ഒരു പൊതു സ്ഥലത്ത് കൊണ്ട് തളളും.
അതുകഴിഞ്ഞ്, ഈ കാലി വണ്ടികള്‍ മുന്സിപ്പാലറ്റിയുടെ അധീനതയിലുള്ള ഒരു പൌണ്ടില്‍"" " കൊണ്ട് പാര്‍ക്ക് ചെയ്യും. ഇതായിരുന്നു അവരുടെ ജോലി.
അതിശയം തോന്നിയിരുന്ന മറ്റൊരു വസ്തുത -
"ഈ വണ്ടികള്‍ പാര്‍ക്ക് ചെയ്തിരുന്ന പൌണ്ട് സ്ഥിതി ചെയ്തിരുന്നത്,
സ്ഥലത്തെ പ്രധാന അമ്പലത്തില്‍ നിന്നും, ജാക്കൊബ പള്ളിയില്‍ നിന്നും,
ബ്രാഹ്മണര്‍ താമസിച്ചിരുന്ന അഗ്രഹാരങ്ങളില്‍ നിന്നും, വില്ലേജു ആപ്പിസില്‍ നിന്നും നൂറു വാര അകലത്തില്‍ ആയിരുന്നു." !
ആയിടക്കാണ് ഇടതു പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ കൊടുമ്പിരിക്കൊണ്ടത്. എല്ലാ തൊഴിലാളികള്‍ക്കും ട്രേഡു യൂണിയന്‍
സ്വാതന്ത്ര്യത്തിന്റെ പേരില്‍ പണി മുടക്കുകള്‍ നിത്യസംഭവം ആയതും മറ്റും.
മുന്സിപ്പാലറ്റി ജീവനക്കാര്‍ പണി മുടക്കിയതിന്റെ ഭാഗമായി മേല്‍പ്പറഞ്ഞ വിഭാഗക്കാരും രണ്ടു മൂന്നു ദിവസം വരാതെ ആയി. രണ്ടു മൂന്നു ദിവസം ഇവര്‍ വരാതിരുന്നാല്‍ ഉണ്ടാകാവുന്ന അവസ്ഥ, ഞാന്‍ വിവരിക്കണ്ടല്ലോ!
അപ്പോഴാണ് ഗാന്ധിയുടെ അനുഭവങ്ങളെ കുറിച്ച് പഠിക്കാന്‍
ഇടയായത്.
സത്യാന്വേഷണ കഥയിലെ ഗാന്ധിയെ പോലെ എനിക്ക് ഇറങ്ങാന്‍ പറ്റിയ ഒരു അവസരം!. കൂടാതെ പഠിത്തത്തിലോ "തഥൈവ" എന്ന അവസ്ഥയും
ആയിരുന്നു.
ഞാന്‍ രംഗത്തേക്ക് ഇറങ്ങി.
ദൂരെ ഒരു കുഴി എടുത്ത് ഞാന്‍ തന്നെ മൂന്നു ദിവസത്തെ പ്രശ്നങ്ങള്‍
സംസ്കരിച്ചു.
എന്റെ വീട്ടിലുള്ള എല്ലാ യാഥാസ്ഥിതികരുടെയും കൈയ്യടി കിട്ടി എന്നതില്‍ ഉപരി നാലാം ദിവസം ആന്ടണി വന്നപ്പോള്‍ കിട്ടിയ അംഗീകാരമാണ് ഞാന്‍ ഇപ്പോഴും കൂടുതല്‍ ആയി ഓര്‍മിക്കുന്നത്..!
അയാള്‍ ആ ടൌണില്‍ പോകുന്ന എല്ലാ വീടുകളിലും എന്റെ
വീരഗാഥ, "പാണന്റെ" കൂട്ട് പാടി നടന്നു-
എന്ത് ആയാലും, തൊഴില്‍ ഇല്ലായ്മ, ഭാവിയില്‍ എനിക്ക്
ഒരു പ്രശ്നം ആകുകയില്ല എന്ന ആത്മവിശ്വാസം എനിക്ക് അന്നേ ലഭിക്കാന്‍ ഇടയായി !
----------------------------------------------------------------------------
അടിക്കുറിപ്പ്
അവനവന്‍ കഴിച്ച പാത്രം കഴുകുമ്പോള്‍, വാഷ് ബേസിനിലെ സിങ്കില്‍ തടഞ്ഞു നില്‍ക്കുന്ന കറിവേപ്പില കഷണമോ, പച്ചമുളകിന്റെ
കഷണമോ പെറുക്കി കളയാന്‍, ഇപ്പോഴുള്ള ചെറുപ്പക്കാരുടെ മടി കണ്ടത് കൊണ്ടാണ്, ഇതെഴുതാന്‍ മറ്റൊരു കാരണം ആയത്.
ഒരു പഴയകാലം ഓര്‍മ്മിപ്പിച്ചു
ReplyDeleteപുതിയ കുട്ടികള്‍ ഒരുപക്ഷെ വിശ്വസിച്ചേക്കില്ല ഇങ്ങനെ നടന്നിരുന്നുവെന്ന്.
നോര്‍ത്തിലൊക്കെ ഇപ്പോഴുമുണ്ടെന്ന് പറയുന്നു.
പുതിയകാലത്തെ തോട്ടിമാഫിയ കക്കൂസ് മാലിന്യങ്ങള്‍ രാത്രിയുടെ മറവില്‍ എല്ലായിടത്തും കൊണ്ടുത്തള്ളുകയാണ്. കേരളത്തിലെ ഏറ്റം വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ടയില്‍ കൊണ്ടുത്തള്ളി കഴിഞ്ഞയാഴ്ച്ച. കേരളം എന്റെ നാടെന്ന് പറയുവാന്‍ മുമ്പത്തെപ്പോലെ അഭിമാനമില്ല എനിക്ക്
ഇത് എഴുതിയപ്പോള്‍ കുറെ
ReplyDeleteജുഗുപ്സാവഹമായ മറുപടികള്‍ ആണ്
പ്രതീക്ഷിച്ചത് - കന്നി കമന്റു അജിത്തിന്റെ
പോസിറ്റീവ് ആയി വന്നപ്പോള്‍ ഒരു സമാധാനം
നന്ദി
Thank you for the information
ReplyDeleteglad you read this
താങ്കൾക്ക് എഴുതുവാൻ പ്രചൊദനമായതു നൂറു ശതമാനം ശരിയാണു. പലരും സ്വന്തം പാത്രം കഴുകിയ ബേസിൻ അറപ്പോടെ നോക്കുന്നത് കണ്ടിട്ടുണ്ട് !!
ReplyDeletethank you raj
ReplyDeleteകേട്ടറിവ് മാത്രമുള്ള തോട്ടിയുടെ ജീവിതം ചുരുങ്ങിയ വരികളിലൂടെ കണ്മുനിലെന്നപോലെ കാണിച്ചു തന്നു .. നന്ദി..
ReplyDeleteഅവസാനമെഴുതിയ ആ കുറിപ്പ് അക്ഷരം പ്രതി ശരിയാണ് ഞാന്‍ കണ്ടിട്ടുണ്ട് എന്റെ തന്നെ സുഹൃത്തുക്കളില്‍.. ആ ഒരു അറപ്പ്.... !!!
മാറേണ്ട പ്രവണത തന്നെയാണത്...
താങ്കളുടെ സന്ദര്‍ശനത്തിനു നന്ദി
ReplyDeleteഇങ്ങനെ ഒരു കാലം ചിന്തിക്കാന്‍ പറ്റുന്നില്ല ..ഒരു കാര്യം സത്യം ആണ് ഞാന്‍ പാത്രം കഴുകിയ വാഷ് ബേസിന്‍ ക്ലീന്‍ ചെയ്യാന്‍ എനിക്ക് മടി ആണ് ..
ReplyDeleteഎഴുത്ത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍
ReplyDeleteസന്തോഷം - സത്യസന്ധ്യമായ പ്രതികരണത്തിനും
നന്ദി