Reminiscece Of Air Force Life

Wednesday, January 29, 2014

താമ്പരത്തെ പഴയ ഓരോണാഘോഷം - 2 (ചീങ്ങണ്ണി ത്രേസ്യ)

      ഇത് നേരത്തേ എഴുതിയിരുന്ന ഒരു പോസ്റ്റിന്‍റെ രണ്ടാം ഭാഗമാണ് -

   "വൈക്കം രാധാകൃഷ്ണന്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി, ഒട്ടനവധി സിനിമകളില്‍ തെളിയിച്ചിട്ടുണ്ട്"    
               എന്നതാണ് പങ്കയുടെ അഭിപ്രായം !  
          നാടകത്തിന്‍റെ ആദ്യ റിഹെഴ്സലില്‍, ശ്രീ. വൈക്കം രാധാകൃഷ്ണന്‍ തന്നെ വന്നു കഥ കേട്ടു. കൂടെ 'സ്റ്റേജ് ഷോയെ' കുറിച്ചും, നാടകത്തെ കുറിച്ചും, സിനിമയെ കുറിച്ചും ഞങ്ങള്‍ക്ക് ഒരുപാട് അനുഭവ  സമ്പത്ത് പകര്‍ന്നു തന്നു.
          പിന്നെ, അങ്ങേര്‍ കൈകാര്യം ചെയ്യാന്‍ പോകുന്ന പ്രോജെക്ടുകളുടെ ഒന്ന് രണ്ട് 'പൂജ'  നടന്നതിന്‍റെയും, നടന്മാരായ 'പ്രേംനസീര്‍', സുകുമാരന്‍ തുടങ്ങിയ ചില  ചലച്ചിത്ര നടന്മാരുടെയും, നടിമാരായ 'സീമ', 'ലക്ഷ്മി',  ജയഭാരതി തുടങ്ങിയ നടികളുടെയും കൂടെ നിന്നുള്ള കുറെ ഫോട്ടോകളും, ഞങ്ങളെ കാണിച്ചു -
                   നടികള്‍ക്ക് വേണ്ടി, മത്തായിയുടെ പെണ്ണും പിള്ളയേയും, നായരുടെ
അച്ചിയെയും, നിര്‍ബന്ധിക്കേണ്ടാതില്ലെന്നു ഞങ്ങള്‍ക്ക്   ഒരു ആത്മവിശ്വാസം
കിട്ടി -
               അങ്ങേരുടെ അടുത്ത പടത്തില്‍ 'ഹീറോയിന്‍' ആകാന്‍ പോകുന്ന 'ട്രീസ',
അദ്ദേഹം പറഞ്ഞാല്‍ വരാതിരിക്കുകയില്ല എന്ന ഉറപ്പും, അയാള്‍ തന്നു -
                            'ട്രീസയുടെ' കുറെ ഫോട്ടോകള്‍ കണ്ടപ്പോള്‍, ഞങ്ങള്‍ ഹര്‍ഷോന്മത്തരായി!  
                 "ഇത് കലക്കും ഗഡിയെ", ത്രിശൂര്‍ക്കാരന്‍ ഓനായി പറഞ്ഞു -
                         റിഹേഴ്സലിനായി ആദ്യം 'ട്രീസ' താംബരം സ്റ്റേഷനില്‍ വന്നപ്പോള്‍,
സ്വീകരിക്കാന്‍,  എയര്‍ ഫോഴ്സുകാരായ കലാ സഹൃദയരുടെ ഒരു ജനാവലി തന്നെ ഉണ്ടായിരുന്നു -
                                          'റിഹേഴ്സല്‍ കാംമ്പ്', അവധിക്കു ഭാര്യ പോയ, ഒരു ഭാസ്കരേട്ടന്‍റെ  വീട് ആയിരുന്നു -
              അവിടെ എത്തിയപ്പോള്‍ 'ട്രീസ്യുടെ' സൗകര്യം നോക്കാനും, ക്ഷേമം
അന്വേഷിക്കാനും, ആളുകള്‍ ഒട്ടനവധി !
                       അഭിനയിക്കാന്‍ വലിയ പാടവമില്ലാത്ത ഞാന്‍, എന്‍റെ റോള്‍ 'പ്രോമപ്ടിങ്ങില്‍' നിറുത്തി -
                        നാടക റിഹേഴ്സല്‍ തുടര്‍ന്നു -
         ഒരു രംഗത്തില്‍ പറയേണ്ട ഡയലോഗ് ഞാന്‍ പറഞ്ഞു കൊടുത്തു -
             'ബാബുവേട്ടാ, എന്‍റെ ചാരിത്ര്യം വിറ്റിട്ടാണെങ്കിലും, ഞാന്‍ നിങ്ങളുടെ  
ചികിത്സക്ക് പണം ഉണ്ടാക്കും'-
                             ട്രീസ ഡയലോഗ് പറഞ്ഞു തുടങ്ങി -
    "ബാബു' എന്ന വാക്ക് വരുമ്പോള്‍, 'വാവു' എന്നാണ്, ഉച്ചരിച്ചിരുന്നത്-
                         'വാവു'  ഉണ്ടെങ്കിലും, അയാള്‍ 'ബാബു' ആണ്, പല തവണ രാധാകൃഷ്ണന്‍ തിരുത്തി -  അത്  കഴിഞ്ഞ്,  ചാരിത്ര്യം,എന്ന വാക്ക് പറഞ്ഞു വരുമ്പോള്‍, അവളുടെ നാക്ക് വഴങ്ങുന്നില്ല !
                    ഒന്ന് രണ്ട് ആവര്‍ത്തി കഴിഞ്ഞപ്പോള്‍ അവള്‍ കയര്‍ത്തു -
              "ഈ വായില്‍ കൊള്ളാത്ത വാക്കുകളില്ലാതെ, ഇതൊന്നു മാറ്റിക്കൂടെ"
     " ഇതാണ് ഈ നാടകത്തിലെ പഞ്ച്ഡയലോഗ്, അത്  മാറ്റാന്‍ പറ്റില്ല"
               പങ്ക, സംഘാടകന്‍ എന്ന രീതിയില്‍, തറപ്പിച്ചു പറഞ്ഞു -
     പിന്നെയും ആവര്‍ത്തിച്ചു - പിന്നെയും തെറ്റി - സഹികേട്ട് അവള്‍ ചോദിച്ചു -
              " ഈ ചാരിത്ര്യം എന്ന് പറഞ്ഞാല്‍ എന്താ സാറേ? "
      അവിടെ ആണ് 'വൈക്കം രാധാകൃഷ്ണന്‍' എന്ന ആളിലുള്ള കലാഹൃദയം
ഞാന്‍ കണ്ടത് -
           അദ്ദേഹം അവള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു കൊടുത്തു -
                 "ഇല്ലാത്ത ഒരു കാര്യം നിനക്ക് മനസ്സിലാക്കി തരാന്‍ വിഷമമാണ്, നമ്മള്‍ മനസ്സിലാക്കാത്തതും, നമ്മള്‍ അറിയാത്തതുമായ പല വാക്കുകള്‍ ഉണ്ട്, അതുകൊണ്ട്, ഞാന്‍ പറയുന്നത് അനുസരിക്കൂ" !  
                                  ഓണത്തിന് നാടകം മാത്രം പോരല്ലോ -ബാക്കി 'വെറൈറ്റി' പരിപാടികളെ  കുറിച്ച് ചിന്തിക്കുന്ന ഘട്ടം വന്നു.
      ഫ്ലൈറ്റ് ലെഫ്ട്ടനന്‍ന്റ്.  ശങ്കരന്‍ സാറിന്‍റെ മക്കളുടെ ഭാരത നാട്ട്യം, ഒഴിവാക്കാന്‍ പറ്റില്ലല്ലോ!
             ഒരു 'ഫുള്‍ റിഹേഴ്സലില്‍', ആ പെണ്‍ കുട്ടികളെ കണ്ടപ്പോള്‍ എന്‍റെ
കണ്ണ് തള്ളിപ്പോയി !
           ചെറുപ്പക്കാര്‍ക്ക് ആര്‍ക്കും ശ്രദ്ധിക്കാതിരിക്കാന്‍ പറ്റാത്ത സുന്ദരികള്‍!
                   അന്നത്തെ കാലത്ത് പാട്ടിനായി ആകെ ഉണ്ടായിരുന്നത്,  'സ്പൂളില്‍' കറങ്ങുന്ന ടേപ്പ് റിക്കോര്‍ഡുകള്‍ ആയിരുന്നു -
                  അത് കൊണ്ട് സ്റ്റേജില്‍ ഇരുന്ന് പാടുന്ന നര്‍ത്ത കാഴ്ച്ചകള്‍ക്കായിരുന്നു
പ്രാധാന്യം- 'ലൈവ് പെര്‍ഫോമന്‍സ്'-
                അതിനുവേണ്ടി, ശങ്കരന്‍ സാര്‍ ഒരു 'സുബ്ബംമ്മാളിനെ' പാട്ട് പാടാന്‍ കണ്ടു പിടിച്ചു - ആ സ്ത്രീയുടെ പാട്ടെല്ലാം കൊള്ളാം- കര്‍ണാടക  സംഗീതത്തില്‍ നൈപുണ്യവും ഉണ്ട് - പക്ഷെ നൃത്തത്തിന്‍റെ  'ജതി' വരുമ്പോള്‍, അവര്‍
പറയുന്ന 'വായ്ത്താരി', അരോചകമായി തോന്നി -
              സാഹിത്യവും ഭാവാഭിനയവും കഴിഞ്ഞ് 'ജതിയിലേക്ക്' കടക്കുമ്പോള്‍,
ഒരു ഇഫെക്ട്ടും ഇല്ല എന്ന് തോന്നി -
               തീരെ സഹിക്കാതെ വന്നപ്പോള്‍,കമ്മിറ്റിയിലെ തലമൂത്ത ആളായ
വാസുവേട്ടനോടും,കലാമണ്ടലത്തില്‍  ഒന്ന് രണ്ട് കൊല്ലം പഠിച്ച, അങ്ങേരുടെ ഭാര്യ സുഹാസിനി ചേച്ചിയോടും, ഞാന്‍ തുറന്ന് പറഞ്ഞു -
                         'ഇതൊരു കലാവധമാണ്"  
           "ഇതിനേക്കാള്‍ ഭേദമായി എനിക്കിത് കൈകാര്യം ചെയ്യാന്‍ പറ്റും, ഇക്കാര്യം ഞാന്‍ പറയുന്നതിനേക്കാള്‍ ഉചിതം ചേച്ചി പറയുന്നതാണ് "-
               മൂന്ന് കൊല്ലം 'കലാതിലകം' കിട്ടിയ എന്‍റെ  അനന്തിരവളുടെ കൂടെ നിരവധി നൃത്ത സദസ്സ് കണ്ടിട്ടുള്ള വ്യക്തി ആണ് ഞാന്‍ എന്ന്, ചേച്ചിക്ക് അറിയാമായിരുന്നു.  
             'വെമ്പട്ടി ചിന്നസത്യത്തിന്‍റെയും, രാജരത്നം മാസ്റ്റരുടെയം', പരിപാടികളുടെ, 'ജതി വായ്ത്താരികള്‍', എത്രയോ തവണ കേട്ടിരിക്കുന്നു !
                   അടുത്ത റിഹേഴ്സലില്‍ എന്നെ വിളിക്കപ്പെട്ടു -
                         പിന്നീടുള്ള  റിഹേഴ്സലില്‍ എല്ലാം ഞാന്‍ 'ജതി' ചോല്ലാന്‍ വേണ്ടി കാര്‍ അയക്കപ്പെട്ടു !
             ഒരു ദിവസം ആ കുട്ടി തന്നെ പറഞ്ഞു -
       "ഐ, റിയലി അഡ്‌മെയര്‍ യുവര്‍ പാഷന്‍ ഫോര്‍ ക്ലാസ്സിക്കല്‍ ഡാന്‍സ്, യു സൌണ്ട് സൊ പ്രൊഫഷണല്‍ "-
                          അതോടെ ഞാന്‍ വീണു പോയി -
        ഏതോ മുകേഷ് സിനിമയില്‍ കാണുന്നത് പോലെ, ഞാന്‍ അവളെ ആരാധ്യ
മൂര്‍ത്തിയാക്കി-
              ഇതേസമയത്ത് നാടക റിഹേഴ്സലുകളും നടക്കുന്നുണ്ടായിരുന്നു.
                                      ചില ദിവസങ്ങളില്‍, ലാസ്റ്റ് ട്രെയിന്‍ മിസ്സ്‌ ചെയ്യാനുള്ള  സാഹചര്യത്തില്‍, വൈക്കം. രാധാകൃഷ്ണനും ട്രീസക്കും, അവിടെ തന്നെ തങ്ങേണ്ടാതായിട്ടും വന്നിട്ടുണ്ട് !!  
             ബാക്കി ഉള്ള ആളുകള്‍ക്ക്, ഇതിനെ കുറിച്ചൊക്കെ പലതും പറയാന്‍
ആയിരം നാവുള്ളപ്പോഴും, എന്‍റെ മനസ്സില്‍ ശങ്കരന്‍  സാറിന്‍റെ മകളുട
രൂപമായിരുന്നു -
                        ഓണത്തിനോടടുത്ത വാരാന്ത്യമാണ്, മറുനാടന്‍ മലയാളികളുടെ ഓണാഘോഷ പരിപാടികള്‍ -
                  ഓണത്തിന്‍റെ അന്ന് വൈകുന്നേരം, ശങ്കരന്‍ സാര്‍, വീട്ടില്‍ ഒരു പാര്‍ട്ടി നടത്തി - അദ്ദേഹത്തിന്‍റെ  വസതിയില്‍ വെച്ച് -
                മകളുടെ മിഴിവില്‍, ഭാഗഭാക്കായ എന്നെയും ക്ഷണിച്ചിരുന്നു !
      ക്ഷേത്ര വിളംബരപ്രഖ്യാപനത്തിന് ശേഷം, ഗുരുവായൂരെ മതില്‍ക്കെട്ടിന്  വെളിയില്‍ നിന്ന്, ചുറ്റംബലത്തിലേക്ക് കയാറാന്‍ പറ്റിയ ഒരു സവര്‍ണ്ണന്‍ അല്ലാത്തവന്‍റെ, ധന്യത !
           ഞാന്‍ അവിടെ ചെന്നപ്പോള്‍, പുഴയില്‍ നിന്ന്‍  കരക്ക് പിടിച്ചിട്ട ഒരു മീനിന്‍റെ പ്രതീതി ആണ് എനിക്ക് തോന്നിയത് -
               ബാല്‍ക്കണിയില്‍, 'വെള്ളം' അടിച്ചു കൊണ്ടിരിക്കുന്ന അങ്ങേരും കൂട്ടുകാരും -
           ഡൈനിംഗ് റൂമില്‍, കുറെ പൊങ്ങച്ചം പറയുന്ന പെണ്ണുങ്ങള്‍ - ഇതൊന്നും അറിയാതെ കളിക്കുന്ന കുറെ കുട്ടികള്‍ -
              എന്‍റെ കണ്ണുകള്‍ ശങ്കരന്‍ സാറിന്‍റെ മകളെ പരതി -
     അവളുടെ കൂടെയും ഉണ്ട് കുറെ 'ആഷ്പൂഷായ'  ആണ്‍ പിള്ളേരും
പെണ്‍ പിള്ളേരും !
             ഇരിക്കാനും, ഇട്ടെറിഞ്ഞു പോകാനും പറ്റാത്ത അവസ്ഥ !
    അവസാനം കേണല്‍..- രാജിന്‍റെ മകനെ, എന്നെ അവള്‍  പരിചയ      പ്പെടുത്തി-
                     "ഹി ഈസ് സൂപ്പെര്‍ബ് ഇന്‍ ക്ലാസ്സിക്കല്‍ മ്യൂസിക്ക്, ഇന്ത്യന്‍ ആന്‍ഡ്‌  വെസ്റ്റേണ്‍"" "
        "വെസ്റ്റേണ്‍"!  -"എനിക്ക് കേട്ടു കേള്‍വി പോലും ഇല്ല !
                പറയാന്‍ ഒരവസരം കിട്ടൂന്നതിനു മുന്‍പ്, അവര്‍ ചെവിവട്ടത്തില്‍
നിന്ന് അകലെ ആയി -
                          പാര്‍ട്ടി കഴിഞ്ഞപ്പോള്‍, ശങ്കരന്‍ സാര്‍ പറഞ്ഞു
       "മോളു, വൈ ഡോണ്ട് യു ഡ്രോപ്പ് മേനോന്‍ ടു ദി നിയറെസ്റ്റ് സ്റ്റേഷന്‍?"
                      "രാഹുല്‍, യു മേ ഗിവ് ഹെര്‍ എ കമ്പനി"  
       അങ്ങിനെ, കേണല്‍..- രാജിന്‍റെ മകനും, ഓളും കൂടി, ഏതോ ഒരു റെയില്‍ പാളം കാണുന്ന ദിക്കില്‍ എന്നെ ഇറക്കി വിട്ടിട്ട് പറഞ്ഞു -
             "ദാ കാണുന്നതാണ് റെയില്‍വേ സ്റ്റേഷന്‍, ഒണ്ലി ഫൈവ് മിനിട്ട്സ് വാക്ക്"!
                                താങ്ക്യു പറഞ്ഞ്, ഞാന്‍ റെയില്‍വേ പാളത്തില്‍ കൂടി നടക്കാന്‍ തുടങ്ങി -
           അമ്പതു മീറ്റര്‍ കഴിഞ്ഞപ്പോള്‍ ഒരു റെയില്‍വേ പാലം- സമയം രാത്രിയും!
                           കൈപിടിക്കാന്‍ ഒരു 'കമ്പി' പോലും ഇല്ല -
                      തടികള്‍ക്കിടയില്‍ കൂടി, നിലാവെളിച്ചത്തില്‍, താഴെ വെള്ളമാണ് എന്ന് മനസ്സിലായി - അടുത്ത തടിക്കഷണം എവിടെയാണ് എന്ന് കാണാനും പറ്റുന്നില്ല -
                   അറിയാതെ ഒരു നാടന്‍ 'ശീല്' ഞാന്‍ മൂളി -
              "അന്തിപ്പോന്മാനം കണ്ടാശിക്കല്ലേപെണ്ണേ " ..........            
                         റെയില്‍വേ പാളത്തിലെ,  ഓരോ തടിയും, കാലും കൈയ്യും കൊണ്ട്  തപ്പി നാട്ടുവംഗം നാല് കാലില്‍ മുന്നേറിയപ്പോള്‍, ഇപ്പോള്‍ ഒരു 'ഇലക്ടിക്ക് ട്രെയിന്‍' വന്നാലോ, എന്ന ചിന്ത  ആയിരുന്നു ! എന്നില്‍ -                
                            റെയില്‍വേ പാലങ്ങള്‍ക്ക് ഇടയില്‍, കയറി നില്‍ക്കാന്‍ ഒരു സംവിധാനമുണ്ട് എന്ന് മനസ്സിലായത് അന്നാണ് !
   "അത് പോലെ, അവനവന്‍റെ കൊക്കില്‍ ഒതുങ്ങന്നതെ കൊത്താവൂ"എന്നതും!                  എന്നെ കൊണ്ട് വിടാനുള്ള പശ്ചാത്തലത്തില്‍, രാഹുലും, ശങ്കരന്‍ സാറിന്‍റെ മോളും എവിടെയോ ഇരുന്ന് 'ഐസ്ക്രീം, കഴിക്കുകയാവാം
എന്ന തിരിച്ചറിവും !
   എന്തായാലും ഓണാഘോഷത്തിനു കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനും, പങ്കെടുപ്പിക്കാനും ഉള്ള ഒരു പ്രമേയം, കമ്മിറ്റി പാസ്സാക്കി-
             കൂടുതല്‍ പുതുമുഖങ്ങളെ, ഓരോരുത്തരും കൊണ്ട് വരിക -
            അങ്ങിനെ മുന്‍ പരിചയമുള്ള, കാലടിക്കാരനായ ഒരു ബാബുവിനെയും
ഞാന്‍ കൊണ്ടു വന്നു -
            എന്‍റെ ഒരു പഴയ പരിചയക്കാരന്‍ ആയിരുന്നു - അയാള്‍ക്ക്‌ ചിത്ര രചനയിലും, ആര്‍ട്ട് വര്‍ക്കുകളിലും നല്ല വശമുണ്ടായിരുന്നു -
            'ബാക്ക് ഡ്രോപ്പ്", 'സൈഡ് കട്ടൌട്ട്" തുടങ്ങിയ  കാര്യങ്ങള്‍ അയാള്‍ക്ക് ചെയ്യാന്‍ പറ്റും എന്ന് അറിയാമായിരുന്നു -
x------ x---------x-----------x-----------x---------x-----------x--------x----------x ------------                
                ഓണാഘോഷം ഗംഭീരമായി നടന്നു - എം. ജി സോമനും, പി. ജെ ആന്റണിയും ഉണ്ടായിരുന്നു -
                നാടകവും കൈയ്യടിയോടെ കാണികള്‍ സ്വീകരിച്ചു -
                   ശങ്കരന്‍  സാറിന്‍റെ മോളുടെ ഡാന്‍സിനു 'ജതി' ചൊല്ലിയതിന്, എനിക്ക് 'നട്ടുവംഗം മേനോന്‍' എന്ന ഒരു കളിപ്പേരും കിട്ടി -
                 "നട്ടുവംഗം മേനോന്‍, നാലുകാലില്‍, നടക്കേണ്ടി വന്ന അവസ്ഥ നാട്ടുകാര്‍ക്ക്  അറിയില്ലല്ലോ !"
                പക്ഷെ ഞാന്‍ കൂട്ടി കൊണ്ട് പോയ 'കാലടിക്കാരന്‍ ബാബു' പറഞ്ഞ ഒരു കാര്യം, വെളിയില്‍  ആരോടും പറഞ്ഞില്ല -
              ബാബു ആദ്യമായി റിഹേഴ്സല്‍ കാണാന്‍ വന്നത്, ഏറെ പ്രതീക്ഷയോടെ
ആയിരുന്നു- സിനിമാനടി 'ട്രീസയെ'  കാണാന്‍ ഉള്ള താല്‍പ്പര്യവുമായി -
                വന്നു കണ്ടപ്പോള്‍,അയാള്‍ പറഞ്ഞത്, ഞാന്‍ ബാബുവിന്‍റെ ഭാഷയില്‍ തന്നെ പറയാം -
              "ചേട്ടാ ഇവളെ എനിക്കറിയാം- അങ്കമാലി മാര്‍ക്കറ്റില്‍ അരി അളന്നു വില്‍ക്കുന്ന  സ്ഥലത്ത് ഇവളെ കണ്ടിട്ടുണ്ട് - 'സൈഡ് കട്ടൌട്ടും' , ചിലപ്പോള്‍
'ഫ്രണ്ട് കര്‍ട്ടനും'   ഇല്ലാതെ - അളവ് തെറ്റിക്കാനുള്ള അവളുടെ അടവ്
അങ്കമാലിയില്‍ പ്രസിദ്ധമാണ്!"
                                                     "ഇവളെ ഞങ്ങളുടെ നാട്ടില്‍ അറിയപ്പെട്ടിരുന്നത് 'ചീങ്ങണ്ണി ത്രേസ്യ' എന്നാണ്" !!

---------------------------------------------------------------------------------------------------------
     അടിക്കുറിപ്പ് :-
                  പുതിയ പടത്തിന്‍റെ ഫണ്ട്, 'ടൈറ്റ്' ആയപ്പോള്‍, കലാ സഹൃദയരും, സിനിമാലോക പ്രേമികളും ആയ താംബരത്തെ മലയാളി
എയര്‍ ഫോഴ്സുകാര്‍, കുറേ ആയിരങ്ങള്‍ സമാഹരിച്ച്,  'ചീങ്ങണ്ണിക്കും, വൈക്കത്തിനും' കൊടുത്തു - സിനിമ റിലീസ് ആയി ഓടുമ്പോള്‍ 'ടൈറ്റില്‍'
എഴുതി കാണിക്കുന്നതിന്‍റെ കൂടെ, നിങ്ങളോടുള്ള 'നന്ദി പ്രകാശനവും'
ഉണ്ടാകും എന്നൊരു ഉറപ്പും തന്നു! പക്ഷെ "വൈക്കം രാധാകൃഷ്ണന്‍ എന്ന ഒരു  ഡയറക്ടറെ കുറിച്ചോ,  'ട്രീസ' എന്ന ഒരു നായികയെ കുറിച്ചോ, ഞങ്ങള്‍ക്ക് ആര്‍ക്കും    കേള്‍ക്കേണ്ടതായി പോലും വന്നില്ല!    
        " സരിതമാരും, ബിച്ചു രാധാകൃഷ്ണന്മാരും" അന്നും ഉണ്ടായിരുന്നു!"  
 

Tuesday, January 21, 2014

സുനന്ദ മരണവും - ദല്‍ഹി നിയമങ്ങളും

                     മീഡിയയില്‍ കൂടി വന്ന പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന്-
മൂന്നു സാധ്യതകളിലെക്കാണ്  വിരല്‍ ചൂണ്ടുന്നത് -
                  'കഴിച്ചു കൊണ്ടിരുന്ന മരുന്നിന്‍റെ 'ഓവര്‍ഡോസ്' ആണെങ്കിലും അത്‌
      ഒരു അബദ്ധം പറ്റിയാതാകാന്‍ ഇടയില്ല'-
               'ആത്മഹത്യാ സ്വയം വരിച്ചതാവാം'
           'ഓവര്‍ഡോസ്' നിര്‍ബന്ധപൂര്‍വ്വം കൊടുത്ത ഒരു കൊലപാതകമാവാം'-
                     പക്ഷെ മനസ്സിലാകാത്ത ചില കാര്യങ്ങള്‍ ഉണ്ട്- അതിനെക്കുറിച്ച്, മാധ്യമങ്ങളും മൌനമാണ്!
          1)   മുറി അടഞ്ഞുകിടന്നിരുന്നു എന്നും, ഹോട്ടല്‍ സ്റ്റാഫ്  സഹായത്തോടെ ആണ്, മുറി തുറന്നത് എന്ന് തരൂരിന്‍റെ  'പെഴ്സണല്‍ സ്റ്റാഫ്'-
         2)    എസ്. ഡി. എം റിപ്പോര്‍ട്ടില്‍, മുറി തുറന്നു കിടക്കുകയായിരുന്നു എന്ന്-
         3)    എന്തിന് അവര്‍ ആദ്യം എടുത്ത മുറിയില്‍ നിന്നും, റൂം നമ്പര്‍ '385' ലേക്ക് മാറി - (പഴയ മുറിയുടെ അസൌകര്യം കൊണ്ടാണോ? അതോ പുതിയ മുറി,
സ്റ്റെയര്‍ കേസിന്റെയോ, ഫയര്‍ എക്സിറ്റിന്റെയോ അടുത്താണ്, എന്നത് കൊണ്ട് ആണോ?)  സംശയം ആണെ?
        4) അവരുടെ വേണ്ടപ്പെട്ട എന്ന ആള്‍ക്കാര്‍, അന്ന് ആ ഹോട്ടലില്‍ താമസിച്ചിരുന്നു -
        5) ദേഹത്തുള്ള, പതിനഞ്ചോളം മുറിപാടുകളില്‍, രണ്ട് ദന്തന്തക്ഷതങ്ങളും  ഉണ്ടായിരുന്നു- (വിദ്വേഷവും അഭിപ്രായ വ്യത്യാസങ്ങളും, 'കടിച്ച് ആണോ തീര്‍ക്കുന്നത്, എന്നത് ആലോചിക്കേണ്ട ഒരു കാര്യമാണ്!)
         6)   എന്തായാലും അങ്ങേര്‍ സംഭവ സ്ഥലത്ത് ആ സമയം ഉണ്ടായിരുന്നില്ല -
                      ദല്‍ഹി മുഖ്യമന്ത്രിയുടെ കീഴിലല്ല അവിടത്തെ പോലീസ്, എന്നതാണ് ഇപ്പോള്‍, നടക്കുന്ന പുകില്-
                 നിയമഘടന പ്രകാരം, തലസ്ഥാനം ആയതും കൊണ്ട് ദല്‍ഹി പോലീസ്, കേന്ദ്ര അഭ്യന്തര മന്ത്രിയുടെ കീഴില്‍ ആണ്-
          ഇങ്ങിനെയാണ്‌ നടന്നിരുന്നത് - ഇന്നേവരെ അങ്ങിനെയാണ്- അതാണ്‌ ഞങ്ങളുടെ ഒരു രീതി - സാങ്കേതികമായി ശരിയാണ് -
                കൂടുതല്‍ കാലവും കേന്ദ്രകഷികളയിരുന്നു, ദല്‍ഹി ഭരിച്ചിരുന്നവരും-
       അതുകൊണ്ട് ഈ ദഹനക്കേടിന്‍റെ ചികിത്സക്ക് പോകേണ്ടി വന്നിട്ടില്ല!  
                 പിന്നെ എന്തിനാ ഡല്‍ഹിക്ക് ഒരു മുഖ്യമന്ത്രി തസ്തിക-
                          പാട്ടം പിരിക്കാനോ?
             'നിയമങ്ങള്‍ നടപ്പിലാക്കണമെങ്കില്‍, പോലീസ് ജനപ്രതിനിധികളോട്
ഉത്തരവാദപ്പെട്ടവര്‍ ആയിരിക്കണം-'
                        'കേരളം കണ്ട കാഴ്ച, നമുക്ക് അറിയാമല്ലോ'
                  രണ്ട് മുഖ്യമന്ത്രിമാരുടെ 'നിവര്‍ത്തികേടും', നിവര്‍ത്തിയും' അതായിരുന്നല്ലോ-
         അഭ്യന്തരം ആയിരുന്നല്ലോ, ഇവിടത്തെ എന്നും ഉള്ള തുരുപ്പ് ചീട്ട്-
                       പ്രവര്‍ത്തിക്കാന്‍ പറ്റാത്ത പ്രതിഭാസം, ആഭാസമാണ് -
            ദല്‍ഹി പോലീസിന്, ലൈന്‍ ഓര്‍ഡര്‍', 'ലാ ആന്‍ഡ്‌ ഓര്‍ഡര്‍' എന്ന രണ്ട് പോംവഴിയെ ഉള്ളൂ - ഇത് ഏമാന്മാരുടെ അഭിമുഖത്തില്‍ നിന്ന് കേട്ട 'സഹസ്ര നാമാര്‍ച്ചനയാണ്' !
       പാവം പോലീസുകാരന്‍റെ ഗതി, 'ക്വട്ടേഷന്‍ പാര്‍ട്ടികളെക്കാള്‍' ദയനീയമാണ്!                       അതുകൊണ്ട് നമ്മള്‍ പൊതുജനം ഒരു കാര്യം മനസ്സിലാക്കുക -
       ഇതെല്ലാം ദല്‍ഹി പോലീസിന്‍റെ  ഉടയോനായ കേന്ദ്ര അഭ്യന്തര മന്ത്രാലയം
വിചാരിക്കുന്നത് പോലെയേ നടക്കുകയുള്ളൂ- അതിനെ നിയമസാധുതയുള്ളൂ.
                   അപ്പോള്‍  ഗുണപാഠം-
      റിപ്പബ്ലിക്ക് ദിനത്തിന്‍റെ ഈ തലേ ആഴ്ച, അതിനെ മാനിച്ചു ഈ കുത്തിയിരുപ്പില്‍ നിന്ന്  പിന്‍ തിരിയുക-
             ദല്‍ഹിക്കാര്‍ ഈ സര്‍ക്കാരിനെ തിരഞ്ഞെടുത്തത്, ലോക രാഷ്ടങ്ങളില്‍
ഉണ്ടായേക്കാവുന്ന, നമ്മുടെ  ശ്രേയസ്സിനെ ഉയര്‍ത്തി കാണിക്കാനല്ല -
             അവരുടെ ജീവിതം സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്‌.
  റിപ്പബ്ലിക്ക് ദിനത്തിലും, സ്വാതന്ത്ര്യ ദിനത്തിലും, ശാന്തിയും സന്തോഷവും, സമാധാനവുമുള്ള ഒരന്തരീക്ഷം ഡല്‍ഹിയില്‍ ഉണ്ടായിരിക്കണം-  
                  അത് ആ ദിവസങ്ങളില്‍ മാത്രം മതിയോ?
          ആ കാര്യവും, ദേശസ്നേഹം അളന്നു കൊടുക്കുന്നവരും മനസ്സിലാക്കുക -
                 'ഇത് ഒരു ധര്‍ണ കൊണ്ട് പരിഹരിക്കാവുന്ന കാര്യവുമല്ല"
                               നിയമങ്ങളില്‍, അഴിച്ചു പണി വേണ്ടി വരും-
             അതിന് ജനശ്രദ്ധ ആകര്‍ഷിക്കുക, എന്നത് വരെ മനസ്സിലാക്കാം-
     പക്ഷെ ഇപ്പോഴത്തെ സ്ഥിതിയില്‍, നടപ്പ് നിയമങ്ങള്‍ വെച്ച് 'സുനന്ദ കേസും'
      'കേജ്രീവാലിന്‍റെ കേസും', കേന്ദ്ര അഭ്യന്തര മന്ത്രാലയം വിചാരിക്കുന്നത് പോലെയേ നടക്കുകയുള്ളൂ '-
                      എഫ്. ഐ. ആര്‍ വരുന്നത് പോലെയേ, കോടതിക്ക് ഇടപെടാന്‍ പറ്റുകയുള്ളൂ -
          കോടതിയില്‍ ഏതെങ്കിലും 'പീറ' വക്കീല്‍,  ഒരു പി.ഐ.എല്‍ ഫയല്‍
ചെയ്‌താല്‍, ഉത്തരവാദിത്തപ്പെട്ടവര്‍ക്ക്, 'കോടതിയുടെ പരിഗണനയില്‍ ഉള്ള കാര്യത്തില്‍, അഭിപ്രായം പറയുന്നത് 'കോടതി അലക്ഷ്യം', ആകും എന്നുള്ള പിടിവള്ളിയും ഉണ്ടല്ലോ -
              അതാണ്‌ നമ്മുടെ നിയമസംഹിതയുടെ  'ജയവും- പരാജയവും !
             'ഒരു നിയമ നിര്‍മാണ ഭേദഗതിക്ക്, ലോകസഭയില്‍,  മൂന്നില്‍ രണ്ട് വോട്ടു വേണം - '
            അല്ലെങ്കില്‍, പുതുനിയമത്തിനുള്ള 'ഓര്‍ഡിനന്‍സ്' -
        ഈ തണലില്‍ ആണ് എല്ലാ പാര്‍ട്ടികളും വണ്ടി ഓടിച്ചു പോകുന്നത് -
അതത്ര എളുപ്പമല്ല,  എന്നും എല്ലാ പേര്‍ക്കും അറിയാം - അതാണ്‌ അവരുടെ
 അഹന്തയും-
         ഞാന്‍ തിരിച്ചു തുടങ്ങിയ വിഷയത്തിലേക്ക് വരാം -
          ഇനി പറയുന്നത് ഒരൂഹം മാത്രം - ശ്രീ. തരൂര്‍ രാഷ്ട്രീയത്തില്‍ വന്നത്, ഇഷ്ടപ്പെടാത്ത സ്വന്തം കക്ഷിക്കാര്‍ പോലും ഉണ്ട് -
       നാട്ടീന്നു, ആകെ ഉള്ള പത്തൊന്‍പത് സീറ്റില്‍ മത്സരിക്കാന്‍ നൂറ്റമ്പത് പേരും!
   ഇന്നലെ വന്നവനെ എങ്ങിനെ ഒതുക്കാം എന്നുള്ളതിന്‍റെ ഭാഗവും ആകാം ഈ
വലിയ കളികള്‍!
       'പോളിറ്റിക്ക്സ് ഈസ് ദി ആര്‍ട്ട് ഓഫ് പോസ്സിബിലിറ്റീസ്'
                  അതുകൊണ്ട് പറഞ്ഞു വന്നത്
           "ആഭ്യന്തരമേ സര്‍വധനാല്‍ പ്രധാനം"
-------------------------------------------------------------------------------------------------

Saturday, January 18, 2014

മോനേ നീ കലക്കി -

          എ. ഐ. സി. സി. സമ്മേളനത്തിന്‍റെ, മാധ്യമ വാര്‍ത്തകള്‍ ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത് -
              എന്തായിരുന്നു രാഹുലിന്‍റെ 'പുതിയ മുഖം'-
   മീഡിയ മുഴുവന്‍ പറഞ്ഞു 'എ ഫിയേഴ്സു സ്പീച്ച്' -
           ഇത് നേരത്തെ മുതല്‍ ആകാമായിരുന്നില്ലേ!
പക്ഷെ സ്പെക്ട്രം ഇടപാടിനെ കുറിച്ചോ, വദേരയുടെ,  ഇടപാടിനെ കുറിച്ചോ, സി. എ. ജി  യുടെ  പരാമര്‍ശനത്തിനെ കുറിച്ചോ, ഒന്നും പറയാനില്ല -
     ഇതെല്ലാം ടി. വി യില്‍ കൂടി കണ്ടപ്പോള്‍, എനിക്ക് തോന്നിയത്, പഴയ
'ഇരുട്ടിന്‍റെ ആത്മാവ്' എന്ന സിനിമയില്‍ക്കൂടി 'പ്രേംനസീര്‍' പറഞ്ഞ
ഒരു ഡയലോഗ് ആണ് -
        "വൈകിപ്പോയി അനിയത്തി - വൈകിപ്പോയി -
                  അതിലും രസാകരമായ മറ്റൊരു കാഴ്ച -    
     എല്ലാത്തവണയും ചുമന്ന അടിവരയോടെ 'പ്രോഗ്രസ് കാര്‍ഡ്', കൊണ്ട് വരുന്ന മകന്‍, ആദ്യമായി നാല്‍പ്പത് ശതമാനം മാര്‍ക്ക് മേടിച്ചു വന്നതിലുള്ള,
ഒരമ്മയുടെ സന്തോഷം!  
             മുഖം മനസ്സിന്‍റെ കണ്ണാടി ആണല്ലോ - അമ്മയുടെ ശരീര ഭാഷയില്‍, അത്
തികച്ചും പ്രതിഫലിച്ചു -
        സംഭവസ്ഥലത്ത്, സ്ഥാനം ഒഴിയുന്ന മൌനിയായ പി.ടി.എ പ്രസിഡണ്ട്‌ സാകൂതം സുസ്മേര വദനനായി ഇരിപ്പുണ്ട് -
                                "എത്ര കൊല്ലങ്ങളായി 'ഡെയില്‍ കാര്‍നേജിന്‍റെ
 'പബ്ലിക്ക് സ്പീക്കിങ്ങ്ങ്ങ്' വായിക്കാന്‍ അമ്മ പറയുന്നു-"
       "എടാ ഇത് നമ്മുടെ കുലത്തോഴിലാണ്"-  ചെക്കന്‍ കേള്‍ക്കണ്ടേ-
                           "കോണ്‍ഗ്രസ് ഏക്‌ സോച് ഹേ"
        കിടിലം പ്രസ്താവന എന്നു ഞാന്‍ വിചാരിച്ചപ്പോള്‍, എന്‍റെ പെരക്കൂട്ടി
പറയുന്നു, ഇത് കഴിഞ്ഞ ആഴ്ച നമ്മള്‍ കണ്ട 'കിഷ്-3' എന്ന സിനിമയിലെ
 ഡയലോഗ് ആണല്ലോ -
           എന്തായാലും ഏഴാം ക്ലാസ്സില്‍, ഇത് പോലെ ഒരു മാറ്റം വന്നതിനാല്‍
പത്താം ക്ലാസ്സില്‍ പ്രതീക്ഷക്ക് വ്കയുണ്ട് - 2019 ല്‍ -
                          'പയ്യന്‍ പഠിക്കട്ടെ' -
             ആ സമയത്ത് തൂത്ത് വൃത്തിയാക്കലും നടക്കട്ടെ
      ഡല്‍ഹിയില്‍ ഇടത് പക്ഷം മത്സരിച്ചില്ല , അത് കൊണ്ടാണ് 'ആം പാര്‍ട്ടിക്ക്'
ജയിക്കാന്‍ ആയത്- നമ്മുടെ നാട്ടിലെ ഒരു വലിയ സഖാവിന്‍റെ കണ്ടെത്തല്‍!
        'ടി.വിയില്‍ കൂടി കണ്ട, വോട്ടു ചെയ്ത 'കാരാട്ട്' ആര്‍ക്കാണോ വോട്ടു ചെയ്തത്?
          അതിനായിരിക്കാം, പാലക്കാട് പ്ലീനത്തില്‍ 'മത നിരപെക്ഷതയാണ് ഇപ്പോഴത്തെ പ്രശ്നം' എന്ന് ഒരു മുഴം നീട്ടി എറിഞ്ഞത് !
       അണികള്‍ വട്ടം വിഴുങ്ങാന്‍ ഉള്ള ഒരു തയ്യാര്‍ എടുപ്പിക്കല്‍-
                വിഴുങ്ങാന്‍ അണികളും!
         സമ്പൂര്‍ണ സാക്ഷരതയുള്ള കേരളത്തിലെ, സ്വയം ചിന്തിക്കാന്‍ ശക്തി ഇല്ലാത്ത, ഒരു സമൂഹവും!  
   നമ്മളെ സംബന്ധിച്ചിടത്തോളം, 'ചവാനും, കല്‍മാഡിയും, രാജയും, പവാറും,
 യദൂരപ്പയും, ഗദ്ഗിരിയും, വീരേന്ദ്രസിങ്ങും, പിണറായിയും, മായാവതിയും അഖിലേഷ് യാദവും' എല്ലാം ദഹിക്കാത്ത, അംശങ്ങള്‍ ആയി, നമ്മുടെ വന്‍ കുടലിലോ ചെറുകുടലിലോ   കിടക്കുന്നു -
          "ആദര്‍ശു ഫ്ലാറ്റിലെ' അഴിമതിയില്‍ 'ചവാനെ' ചോദ്യം ചെയ്യണം എന്നുള്ള
സി. ബി. ഐയുടെ ആവശ്യം, കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല-
അപ്പോള്‍ അങ്ങേരേയും, എന്‍.സിപി ക്കാരെയും ഒഴിവാക്കി, സി.ബി. ഐ
രണ്ടാമത് ആവശ്യം ഉന്നയിച്ചു ! എന്താ നമ്മുടെ നാട്ടിലെ നിയമം !  
            നമ്മുടെ കേരളത്തില്‍ ആണെങ്കിലോ,  'ഇടത് - അല്ലെങ്കില്‍ വലത്' ഇതാണല്ലോ, ആകെയുള്ള രണ്ട് വഴികള്‍ -
                   ഒന്ന് കഴിഞ്ഞാല്‍  മറ്റേത് -
    എന്നിട്ടോ, 'ബാര്‍ട്ടര്‍ സിസ്റ്റം പോലെ,  നീ അത് വിട്ടുതരാമെങ്കില്‍, ഞാന്‍ ഇത് വിട്ടു തരാം' ! 'കേസുകളുടെ വെച്ച് മാറ്റം' !
       മാമൂല് പോലെ കുറെ 'നിരാഹാര സത്യാഗ്രഹങ്ങളും'-
   അണികള്‍ക്ക് ചവക്കാന്‍ ഒരു 'ചൂയിന്ഗം' എങ്കിലും കൊടുക്കണ്ടേ?
           പിന്നെ 'നിരാഹാര സത്യാഗ്രഹത്തില്‍' പങ്കെടുത്ത ആള്‍ക്ക് 'ഭക്ഷ്യ വിഷബാധ' ഏറ്റു എന്ന വാര്‍ത്തയും!  
        "എല്ലാ സമരങ്ങളും വിജയിക്കണമെന്നില്ല"-
           'ചൂയിന്ഗം' ദഹിക്കാത്തവര്‍ക്ക്, 'കോടിയേരി മൂസ്സതിന്‍റെ' വക ഒരു സാരാംശ ടിപ്പണിയും!
                ടി. പി വധക്കെസിലും, സരിത, ബിജു രാധാകൃഷ്ണന്‍, തച്ചങ്കിരി,
ലാവ്ലിന്‍, ഐസ്ക്രീം, ഫൈസല്‍, ജയകൃഷ്ണന്‍ വധം, അങ്ങിനെ എത്ര എത്ര  അനുഭവങ്ങള്‍. എന്നിട്ടും,  എന്‍. എസ്. എസ് എന്നും, എസ്. എന്‍.ഡി.പി എന്നും, മാര്‍ത്തോമ, യാക്കോബ എന്നും, കാന്താപുരം, പി. ഡി. പി, ജമാ അത്‌ ഇസ്ലാമി എന്നും ഉള്ള തട്ടിലാണ് നമ്മള്‍-
                 ദൈവാധീനത്താല്‍ നമ്മുടെ നാട്ടില്‍ ഒരു നിയമസംഹിതയുണ്ട് -
         ചില ഘട്ടങ്ങളില്‍ അതിനെ അപഹാസ്യമാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്-
           ആരോപണ  വിധേയരായ രണ്ട് 'മനുഷ്യാവകാശ കമ്മീഷന്‍റെ
പ്രഭൃതികള്‍,  നേരിടേണ്ടി വരുന്ന ചില മുഹൂര്‍ത്തങ്ങളും, രസകരമാണ് -
             നമ്മുടെ നാട്ടില്‍ 'സ്ത്രീ' ആണ് ആരോപണത്തിന്‍റെ ഉറവിടം എങ്കില്‍,
അവന്‍റെ കാര്യം 'കട്ടപ്പുക' -
                 'മോനിക്കാ ഇഷ്യൂ' നടന്നപ്പോഴും 'ക്ലിന്‍റെനെ'  അവര്‍ കൈവെടിഞ്ഞില്ല -
                      അവര്‍ നോക്കുന്നത്, 'അയാള്‍ അയാളുടെ പണി ചെയ്യുന്നുണ്ടോ
എന്നാണ് -
                    നമ്മുടെ നാട്ടില്‍ ആണെങ്കിലോ!  -  
               തിരിച്ചു ഞാന്‍,  'ഫിയേഴ്സു സ്പീച്ചിലേക്ക്' വരാം -
                       'വെട്ടാക്കുളം വെട്ടിച്ചേ' എന്ന നാടന്‍ പാട്ട് പോലെ കുറെ
 ചെയ്ത കാര്യങ്ങള്‍ -
     വനിതാ ബില്ലിന്‍റെ കാര്യം വരുമ്പോള്‍, സ്ത്രീകള്‍ ആര്‍ത്തു വിളിക്കുന്നു -    
            സമയാസമയത്തിനു, ജയ് വിളികള്‍ -
          പിന്നെ നടപ്പിലാക്കാന്‍ പോകുന്ന പുതിയ രീതികള്‍-
       പതിനഞ്ചു സീറ്റുകളില്‍, അവിടത്തുകാര്‍ സ്വീകാര്യനാണ് എന്ന് പറയുന്ന ചെറുപ്പക്കാരെ നിറുത്തും -
      അത് സാധ്യത കുറഞ്ഞ ദല്‍ഹിയിലും, ഗുജറാത്തിലും ആയിരിക്കാം!
           ബാക്കി സ്ഥലങ്ങളില്‍ 'പഴയ വീഞ്ഞ്' പുതിയ കുപ്പിയില്‍ എന്ന പോലെ,
  അഴിമതിയിലും, ആരോപണങ്ങളിലും ഒക്കെ പെട്ടിട്ടും, അന്വേഷണ കമ്മീഷനില്‍ കൂടി, തലയൂരി പോന്ന പ്രഗല്‍ഭരായ പരിചയ സമ്പന്നതയുള്ള  'പെരിയസാമിമാര്‍' -
              ഏട്ടത്തിയുടെ വിയോഗത്തില്‍, എനിക്ക് എട്ടനെക്കാള്‍ ദുഖമുണ്ട് -
   അത്‌ കാരണം എന്‍റെ 'തീപ്പൊരി', മീഡിയയില്‍ കൂടി വരുന്നതിന്‍റെ, നല്ല ഒരു സമയവും, കൈവിട്ടുപോയല്ലോ എന്നത് കൊണ്ടാണ്!
           ഒരു പ്രസംഗത്തില്‍ കൂടി നേരം വെളുക്കുകയില്ല !
                             കാത്തിരുന്ന് കാണാം! -
     -----------------------------------------------------------------------------------------    

Wednesday, January 15, 2014

താമ്പരത്തെ പഴയ ഓരോണാഘോഷം - 1 (പങ്കാ നായരും , പി. ജെ. ആന്റണിയും)

     പങ്കാ നായരുടെ രസാവഹമായ പല പോസ്റ്റുകളും ഇതിനു മുന്‍പ് ഇട്ടിരുന്നു - താല്‍പര്യമുള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി
 കോര്‍ പ്പൊറല്‍..-- . 'പങ്കാ നായര്‍' , "പങ്കയുടെ ക്രൈസിസ് മാനെജ്മെന്റ് ",
പങ്കാ നായരുടെ മോഹം - അതിമോഹമാണ് ദിനേശാ
               എയര്‍ഫോഴ്സിലെ ആദ്യ രണ്ട് മൂന്നു കൊല്ലത്തെ പരിചയവും പരീക്ഷകളും ഒക്കെ കഴിഞ്ഞ് വീണ്ടും താമ്പരത്ത് വന്നു, ഉയര്‍ന്ന തലങ്ങളിലേക്ക് പോകേണ്ട മറ്റൊരു ട്രെയിനിങ്ങ് കൂടി ഉണ്ടായിരുന്നു -
അതിനായി വന്നപ്പോഴാണ് പങ്കയെ പരിചയപ്പെടാന്‍ ഇടയായത് -
                   ഓണാഘോഷം അടുത്ത് വരുന്നു -  പങ്ക, വികൃതികള്‍ക്ക്,
പേര്  കേട്ടത് ആയിരുന്നു എങ്കിലും, അങ്ങേര്‍, ആള്‍ ഒരു കലാകാരന്‍ കൂടി
ആയിരുന്നു ! അത്യാവശ്യം അഭിനയം, എഴുത്ത്, പാട്ട് തുടങ്ങിയ മിക്ക
മേഖലകളിലും അങ്ങേരുടെ കൈ പതിയാതിരുന്നിട്ടില്ല !  
                    ഓണാഘോഷം ഗംഭീരമാക്കണം എന്ന തരത്തില്‍, മലയാളികളുടെ ഒന്ന്‍ രണ്ട് മീറ്റിങ്ങുകള്‍ അവിടെ അരങ്ങേറി - അതിനെല്ലാം മുന്‍കൈ എടുത്തത്‌ പങ്ക ആയിരുന്നു -
                ഒന്ന്‍ രണ്ട് മീറ്റിങ്ങുകള്‍ അലങ്കോലമായി പിരിഞ്ഞു - അവസാനം
പങ്കയുടെ  പ്രത്യേക താല്‍പര്യത്തില്‍, ആ ഭിന്നിച്ചു നില്‍ക്കുന്ന ആളുകളെ ഒരു കുട കീഴില്‍ കൊണ്ടുവരാനുള്ള യത്നം വിജയിച്ചു -
                     എല്ലാപേരും എം. ജി. സോമനെ കൊണ്ടുവരാനുള്ള തീരുമാനത്തെ
  പിന്‍താങ്ങി. പഴയ എയര്‍ ഫോഴ്സുകാരനായ എം. ജി. സോമന്‍ വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന സമയം.  താംബരത്തെ ഏതു മലയാളം പരിപാടികള്‍ക്കും, ക്ഷണിച്ചാല്‍ പങ്കെടുക്കാന്‍ സസന്തോഷം അദ്ദേഹം വരുമായിരുന്നു.
              ശരി,  അടുത്ത 'സെലിബ്രിറ്റി' ആര് വേണം - ചിലര്‍  പഴയ എയര്‍ ഫോഴ്സുകാരനായ 'സുരാസുവിന്‍റെ ' പേര് പറഞ്ഞു, ചിലര്‍ പറഞ്ഞു 'നിര്‍മ്മാല്ല്യത്തിനു' അവാര്‍ഡു ലഭിച്ച 'പി. ജെ ആന്‍റെണി'-
              അവസാനം, തീരുമാനം,  ' പി. ജെ ആന്‍റെണി' എന്നായി -
      അദ്ദേഹം താമസിക്കുന്ന വീട് തപ്പി, ചെന്ന്‍ കണ്ട് ക്ഷണിക്കുന്നതിലുള്ള, ഒരുക്കത്തില്‍ ആയി ഞങ്ങള്‍ -
          പങ്കക്ക്  ആണെങ്കില്‍, ആവശ്യത്തില്‍ കൂടിയ ഒരു ഉത്സാഹം!
              അതിന് ഒരു കാരണം ഉണ്ടായിരുന്നു !
       പങ്ക എഴുതിയ ഒരു നാടകം, അദ്ദേഹത്തെ കാണിച്ച്,  ഐ. എസ്. ഒ പോലെ
ഒരു സര്‍ടിഫിക്കറ്റ് മേടിക്കുക എന്ന ലക്ഷ്യവും -
           ഞങ്ങളെല്ലാം കൂടി ശ്രീ.  പി. ജെ ആന്‍റെണിയുടെ വീട്ടില്‍ ചെന്ന്‍, 'കാളിംഗ് ബെല്‍' അമര്‍ത്തി -
            പങ്ക ആണെങ്കില്‍ എഴുതി തയ്യാര്‍ ആക്കിയ 'സ്ക്രിപ്റ്റ്', വെളിയില്‍ കാണിക്കാതെ, ബനിയന്‍റെ അകത്തേക്ക് തിരുകി.  
                        ഉച്ച  ഉറക്കം മുഴുവനാക്കാന്‍ പറ്റാത്തതിലുള്ള ആലസ്യത്തിലും  ഈര്‍ശയിലും, 'ആര്‍ക്കാടാ, എന്നെ ഇപ്പോള്‍ തന്നെ കാണേണ്ടത്' എന്ന ആക്രോശത്തോടെ, വാതില്‍ തുറന്നു -.  
                       ഞങ്ങളുടെ ആഗമനോദ്ദേശം അറിയിച്ചപ്പോള്‍, 'അകത്തോട്ടു കയറി
ഇരിക്കു' എന്ന് പറയാനുള്ള സൗമനസ്യം കാണിച്ചു.
                     അകത്തേക്ക് കയറിയ ഉടനെ പങ്ക,  നേന്ത്രപ്പഴവും ചേനയും ഒക്കെ
      അടിയാര്‍,തമ്പ്രാന്‍റെ മുന്നില്‍ കാഴ്ച വെക്കുന്നത് പോലെ, കൊണ്ടുവന്ന
'മിലിട്ടറി കുപ്പികള്‍' സഞ്ചികളില്‍ നിന്ന്‍ എടുത്ത് പുറത്ത് വെച്ചു-
                    "എന്നാ നിങ്ങളുടെ പരിപാടി?"  
            അപ്പോഴേ  ഞങ്ങള്‍ക്ക് സമാധാനം ആയുള്ളൂ -
      "ഏതാ നാടകം, എന്തൊക്കെയാ പരിപാടികള്‍?"
                        "നാടകം പറവൂര്‍ ജോര്‍ജിന്‍റെ, ഞങ്ങള്‍ക്ക് ഞങ്ങളുടെതായ ലിമിറ്റെഷന്‍സ് ഉണ്ടല്ലോ - സ്ത്രീ കഥാപാത്രങ്ങളുടെ ലഭ്യത, തുടങ്ങിയ കാര്യങ്ങളില്‍ ".
           പങ്ക,പയറ്റാന്‍ തിടങ്ങി - ബനിയന്‍റെ അകത്തേക്ക് തിരുകി വെച്ചിരുന്ന,
നാടകം അങ്ങേരെ ഒന്ന് കാണിക്കാന്‍ ഒരവസരം ഉണ്ടാക്കാന്‍ -
            "ഇപ്പോള്‍ കുറേ കൊശവന്മാര്‍ ഇറങ്ങിയിട്ടുണ്ട്, എന്താ നാടകം എന്ന് പോലും, അറിയാത്ത വര്‍ഗം", കൂടെ ലക്ഷ്യം ഇല്ലാത്ത എഴുത്തിനെ കുറിച്ച്
ലേശം ഭരണി പാട്ടും!
             ഞങ്ങള്‍ അതിവിനയത്തോടെ ഇതെല്ലാംകേട്ടു കൊണ്ടിരുന്നപ്പോള്‍, പങ്ക ഇരുന്ന് ഞെരിപിരി കൊള്ളുകയായിരുന്നു!
          തിരിച്ചു ബില്ലറ്റില്‍ വന്ന ശേഷം,  ഞങ്ങളുടെ യാത്രയെ കുറിച്ച് ഒരു അവലോകനം നടത്തുമ്പോഴും, പങ്ക നിശബ്ദന്‍ ആയിരുന്നു -
                     മദ്രാസിലെ ചൂടും, പി. ജെ ആന്‍റെണിയുടെ കമന്റും കാരണം
പങ്കാ നായര്‍ എന്ന നാടക കൃത്തിന്‍റെ ആദ്യ നാടകത്തിന്‍റെ കൈയ്യെഴുത്ത്
പ്രതി വിയര്‍പ്പിനാല്‍ മഷി പടര്‍ന്ന്‍, കൈരളിക്കു നഷ്ടപ്പെട്ടു !
                        ഒരാഴ്ച കഴിഞ്ഞപ്പോള്‍ പങ്ക ഒരു പുതിയ വാര്‍ത്തയുമായി വന്ന്,
ഞങ്ങളെ കോരിത്തരിപ്പിച്ചു !
       അസി. ഡയറക്ടര്‍ 'വൈക്കം രാധാകൃഷ്ണന്‍'  നമ്മുടെ നാടകം ഡയറെക്ടു
 ചെയ്യാം എന്ന് സമ്മതിച്ചു -
               "വൈക്കം രാധാകൃഷ്ണന്‍ നല്ല അസോസിയേറ്റ് ഡയറക്ടര്‍ ആയി, ഒട്ടനവധി സിനിമകളില്‍ കൂടി തെളിയിച്ചിട്ടുണ്ട്"
                 പങ്ക പറഞ്ഞപ്പോള്‍, ഞങ്ങളുടെ കമ്മിറ്റിയും സമ്മതിച്ചു-
          ഓണം കമ്മിറ്റിക്ക് മൂന്നാല് തലങ്ങള്‍ ഉണ്ടായിരുന്നു -
അതിന്‍റെ  രക്ഷാധികാരി ആയിട്ട് വിങ്ങ് കമാണ്ടര്‍..- . രവീന്ദ്രനാഥ് - പഴയ
ശ്രീ. സി. കേശവന്‍റെ മകന്‍, 'കൌമുദി ബാലകൃഷ്ണന്‍റെ സഹോദരന്‍ - പിന്നെ ഒരു   ഫ്ലൈറ്റ്. ലെഫ്ടനെന്‍ണ്ട് ശങ്കരന്‍ - അദ്ദേഹം ഞങ്ങളുടെ 'എഡ്യുക്കേഷന്‍ സെക്ഷന്‍റെ തലവന്‍ -അദ്ദേഹത്തിന്‍റെ താല്‍പര്യം, ഭാരതനാട്യം പഠിച്ച രണ്ട് പെണ്‍മക്കളുടെ ഷോയ്ക്ക്, ഇത് ഒരു തട്ടകം ആക്കണം എന്നാണെന്ന് പിന്നീട് മനസ്സിലായി.
           അവര്‍ക്ക് താഴെ, മലയാള കലകളോടും, സംസ്കാരത്തോടും, അഭിരുചി
ഉണ്ടെന്ന് സ്ഥാപിച്ച കുറെ പെരുന്തച്ചന്മാര്‍-- - --- -
                               അതിനും താഴെ, പങ്കയെ പോലെയുള്ള, എന്തും ചെയ്യാന്‍
തയ്യാറെടുപ്പും, ചുറുചുറുക്കുമുള്ള ചില  ത്യാഗമനസ്യര്‍! -
               പിന്നെ ഞങ്ങളെപ്പോലെ,  ഇതിനെല്ലാം ചൂട്ടു പിടിക്കാന്‍ നില്‍ക്കുന്ന കുറെ തല്‍പ്പരരും-
                നാടകം 'പറവൂര്‍ ജോര്‍ജിന്‍റെ', എന്ന് തീരുമാനിച്ചു -
                         ഒന്ന് രണ്ട് നടികളുടെ ആവശ്യമുണ്ട് -
                   , എയര്‍ ഫോഴ്സ്  ഓണ ആഘോഷങ്ങളില്‍,  സാധാരണ 'സ്ത്രീ കഥാപാത്രങ്ങള്‍',  നായകനായി,അല്ലെങ്കില്‍ സഹനടനായി  അഭിനയിക്കുന്ന ആളുകളുടെ ഭാര്യമാര്‍  ആയിരിക്കും എന്നതാണ് പല ഇടത്തും കണ്ടു വന്നിരുന്ന പതിവ് -  
                                       അങ്ങിനെ ഒരു സ്ത്രീ കഥാപാത്രത്തെ കിട്ടുവാന്‍ വേണ്ടി, അനുചിതമായി 'ചേട്ടനെ' കഥാ നായകന്‍ ആക്കാന്‍ ഉള്ള, പല ഗതികേടുകളും 
ഉണ്ടായിട്ടുണ്ട് !
               പക്ഷെ മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന അവസരങ്ങളെ വെച്ച് നോക്കുമ്പോള്‍, മദ്രാസില്‍,  എക്സ്ട്രാ മലയാളം നടികളെ' കിട്ടാന്‍ സാധ്യതയും ഉണ്ട്.
                            അത് കൊണ്ട്,  'വൈക്കം രാധാകൃഷ്ണന്‍', പറഞ്ഞതനുസരിച്ച്, അടുത്ത് ഇറങ്ങാന്‍ പോകുന്ന സിനിമയിലെ, നായികയെ തന്നെ, ലഭിച്ചു എന്നുള്ളത്, ഒരു നിമിത്തമായി ഞങ്ങള്‍  കരുതി-
   ഉടനെ റിലീസ് ചെയ്യാന്‍ പോകുന്ന ഒരു പുത്തന്‍ പടത്തിലെ നായിക 'ട്രീസ' !   

--------------------------------------------------------------------------------------------------------
                                                                                                              തുടരും -