Reminiscece Of Air Force Life

Friday, May 3, 2013

തിരഞ്ഞു നോട്ടവും- കൂടെ ഒരു പൊടികൈയ്യും

   
  

                 
                                എന്റെ പോസ്റ്റുകൾ കുറെ പേർ - വായിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു!
                ആ ബലത്തിൽ, 'മിമിക്രിക്കാർ' പറയുന്നത് പോലെ,  ഞാനൊന്നു മാറ്റി പിടിക്കുകയാണ് - സംഗതി  ഇപ്പോൾ പറയുന്നില്ല. ഒരു സസ്പെൻസ്!.
                                           ആദ്യം ഒരാമുഖം -      
         ഇതിൽ എന്നെ പ്രതിപാദിക്കുന്ന കാര്യങ്ങളാണ് - പക്ഷെ ഇതിൽ, സന്ദേശങ്ങളുണ്ട്,   അനുഭവ പാഠങ്ങൾ ഉണ്ട്, ജീവിതാനുഭവങ്ങളുണ്ട്, മാനുഷിക വൈശേഷ്യങ്ങൾ ഉണ്ട്, വൈകാരികതയുടെ അംശമുണ്ട്, മേമ്പോടിക്ക് നർമ്മവും  - എല്ലാം, എന്നെ ചുറ്റിപറ്റിയുള്ള മാർഗത്തിൽ കൂടി ഞാൻ അവതരിപ്പിക്കുന്നു എന്ന്കാണുക-
               "നിഷ ദിലീപ്"  ഒരു പോസ്റ്റിൽ പറഞ്ഞത് പോലെ, "വായിക്കുന്നവർക്ക്, നിങ്ങളുടെ സ്വന്തം കാര്യം വായിക്കാൻ താൽപര്യമില്ല", എന്ന് മനസ്സിലാക്കുക".
                                           വളരെ ശരി .
                           പക്ഷെ നമ്മൾ എഴുതുന്നതെന്തും, ഒരു ആപേക്ഷിക പശ്ചാത്തലം ഇല്ലാതെ, എഴുതാൻ വളരെ വിഷമമാണ്. എഴുത്ത് തികച്ചും 'പെഴ്സനലൈസ്'
ചെയ്തു പോകുമ്പോഴാണ്, നിഷ പറഞ്ഞത് പോലെ സംഭവിക്കുക. അല്ലാത്ത പോലെയുള്ള ഒരു പ്രതിഭയ്ക്ക്, ബ്ലോഗ്‌ വേണ്ട. അവൻ  ഇപ്പോഴേ, അയാൾ കഥ എഴുതുന്നു എന്ന സിനിമയിൽ മോഹന ലാൽ കഥാപാത്രം, 'സാഗർ  കോട്ടപ്പുറത്തിനെ'  പോലെ  ഉള്ള ' എസ്റ്റാബ്ലിഷ്ഡ്‌ എഴുത്തുകാരൻ' ആയിക്കാണണം!
                             അതുകൊണ്ട്, എന്റെ അനുഭവത്തിൽ കൂടി പോകുന്നതിൽ, സദയം ക്ഷമിക്കുക -
                   സംഭവത്തിന്റെ തുടക്കം ഇങ്ങനെ -
                       കഴിഞ്ഞ  പോസ്റ്റിന്റെ, ( മിഷൻ കൊക്ക്രജാർ) മറുപടികൾ, മെയിലിൽ കൂടി ഞാൻ വായിക്കുകയായിരുന്നു -
           അപ്പോൾ...  "നിനക്ക് ഭാവനയുണ്ടല്ലോ, തോന്നുന്നത് എഴുത്" എന്ന് എന്റെ 'വത്സല ചേച്ചി  (പ്രൊ. വത്സല കുമാരി - ടാഗോർ കവിതകളുടെ വിവർത്തക) പണ്ട് പറഞ്ഞത് ഓർത്തു. "നിനക്ക് താളബോധമുണ്ടല്ലോ" അതനുസരിച്ച് അങ്ങ് എഴുത്" എന്ന് വിമല ചേച്ചി (വിമല മേനോൻ) പറഞ്ഞതും ഓർത്തു.
         ഇതെല്ലാം, 'കവിത' എന്ത് കൊണ്ട് ഞാൻ ശ്രമിക്കുന്നില്ല, എന്ന് എന്റെ സഹോദരിമാർ, എന്നോട് സംസാരിച്ചപ്പോൾ, ഉണ്ടായ കമെന്റ്സ് ആണ്.
  (ചോദ്യങ്ങൾ ഉന്നയിക്കാനും, ഉപദേശിക്കാനും വലിയ വിഷമമില്ലല്ലൊ?)
               എന്റെ വീട്ടിൽ ഇവരെ കൂടാതെ വേറൊരു 'പുലി' കൂടി ഉണ്ടേ!
         പ്രശസ്തിയുടെയും, പാരിതോഷികങ്ങളുടെയും പുറകേ പോകാത്ത 'നിഷ്കാമകർമിയായ' ഒരു 'പുലി'.
                    ഞാൻ ഒന്ന് പരിചയപ്പെടുത്താം    
                               മലയാളത്തിലും, ഇംഗ്ലീഷിലും വായനക്കാരുടെ അംഗീകാരം നേടിയ വ്യക്തി. കേവലം ഒരു എഴുത്തുകാരൻ എന്നതിലുപരി, വിഞാനപ്രദമായ ലേഖനങ്ങളിൽ കൂടിയും, പുസ്തകങ്ങളിൽ  കൂടിയും ആണ് അദ്ദേഹം മലയാളികളുടെ ഇടയിൽ അറിയപ്പെടുന്നത്. പണ്ട് മാതൃഭൂമിയിൽ, ജനസാന്ദ്രത ഉള്ള കേരളത്തിന്‌, ആണവനിലയം അനുയോജ്യമല്ല എന്ന് സമർത്ഥിച്ചു കൊണ്ട്  ഒരു ലേഖനം എഴുതി. സ്വതന്ത്രമായ എഴുത്ത് കാരണം, സംസ്ഥാന വകുപ്പിലെ  ഡയറക്ടർ പണി, പോയി!
                  ആ വാർത്ത നെഞ്ചിടിപ്പോടെ കേട്ടപ്പോൾ, ഞാൻ അദ്ദേഹത്തെ വിളിച്ച്,
വിവരങ്ങൾ ആരാഞ്ഞു. അപ്പോൾ കിട്ടിയ ഉത്തരം ഇതായിരുന്നു.
                " ഭാര്യക്ക്, ജോലി ഉള്ളത് കാരണം വലിയ പ്രശ്നമൊന്നും ഇല്ല-
            ഇത് ഒരു നിമിത്തമായിരിക്കാം"!
                     ശരിക്കും അത് ഒരു നിമിത്തം, തന്നെ ആയിരുന്നു.!
                        അതോടെ മുഴുവൻ സമയവും, എഴുത്ത് ,വായന, പൊതുവേദികൾ  എന്നിവയിൽക്കൂടി, കേരളത്തിലെ സാമൂഹിക, സങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങളിൽ, അദ്ദേഹത്തിന് സജീവം പങ്കെടുക്കാൻ ഇടയായി. "പിയേഴ്സൻ' പ്രകാശനം ചെയ്ത, "ടെക്നോളജി ആന്റ് സൊസൈറ്റി" എന്ന ബുക്കും, കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് വേണ്ടി എഴുതിയ "ആൻ ഇൻട്രോഡക്ഷൻ റ്റു ദി ഹിസ്റ്ററി ആൻറ് ഫിലോസഫി ഓഫ് സയൻസ്" എന്ന പുസ്തകവും, കൈരളിക്കു ലഭിക്കാൻ ഇടയായത്, ആ പുറത്താക്കലിന്റെ അനന്തരഫലം കൊണ്ടാണ്!
                അങ്ങിനെ സംഭവിച്ചില്ലായിരുന്നു എങ്കിൽ, സർക്കാർ തലത്തിൽ നിന്ന് അടിത്തൂണ്‍  പറ്റുന്ന, ഏതൊരു  ഉദ്യോഗസ്ഥനേയും പോലെ, ചുരുക്കം ചില പേർ അറിയുന്ന ഒരു വ്യക്തി ആയി തീർന്നേനെ അദ്ദേഹം!
                                  ഇതിലും വലിയ ഒരു മറുപടി  അദ്ദേഹത്തിൽ നിന്ന്, ഒരു നാൽപ്പത്തഞ്ചു  കൊല്ലം മുൻപ് ഞാൻ കേട്ടിട്ടുണ്ട്!.
                     കക്ഷി, എന്ജിനിയറിങ്ങു, വളരെ ഉയർന്ന രീതിയിൽ പാസ്സായി,
കാമ്പസ് ഇന്റർവ്യൂവിൽ കൂടി, അന്നുണ്ടായിരുന്ന 'എസ്സോ' എന്ന പെട്രോളിയും കമ്പനിയിൽ, കർണാടക, തമിഴ്നാട്, കേരളം എന്നീ ഏരിയയുടെ,  'സൌത്ത് സോണൽ  മാനേജർ ട്രെയിനി' ആയി നിയമിതനാകുന്നു.
                                 അത് കഴിഞ്ഞ് എന്റെ മനസ്സിൽ വരുന്ന ഓർമ, 'ഷോഫർ' ഓടിച്ചു വരുന്ന ഒരു അംബസഡർ കാറിൽ, അദ്ദേഹം വീട്ടിൽ വന്നിറങ്ങുന്ന കാഴ്ചയാണ്. അന്നത്തെ ഭേദമായ നാലക്ക ശമ്പളം ഉള്ള ആൾ- കൂടാതെ താമസ സൌകര്യവും മറ്റ് അലവൻസുകളും!
                  വലിയ ഉദ്യോഗസ്ഥനായ സഹോദരനെ സ്വീകരിക്കാൻ, ഞങ്ങൾ സഹോദരങ്ങൾ എല്ലാം പടിക്കലേക്കു ഓടിച്ചെന്നു!              
                          ആറു മാസം കഴിഞ്ഞു ഞാൻ കേൾക്കുന്ന വാർത്ത വേറെ !-
                                  "അങ്ങേര് ആ ജോലി രാജി വെച്ച്, അതിന്റെ മൂന്നിലൊന്ന് ശമ്പളത്തിൽ തൃശൂർ എന്ജിനിയറിങ്ങു കോളേജിൽ, ലക്ച്ചററായി  ചേർന്നു"!
            ഞാനതിനെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ആണ് രസാവഹം!
                "ഓ, അത് മണ്ണെണ്ണ കച്ചവടമാണ്, അതിന് എന്ജിനിയറിങ്ങു ഒന്നും വേണ്ട!"
                                  ഇതാണ് എന്റെ ജേഷ്ടൻ,
 ഡോക്ടർ.  ആർ. വി. ജി മേനോൻ!

                    എന്തായാലും, എന്റെ പോസ്റ്റുകൾ വായിച്ചിട്ട്, അദ്ദേഹത്തിൻറെ
   ഒരു മെയിൽ വന്നു  ..
 My dear Raghu,
You seem to have accumulated a fantastic store of varied and interesting experiences, which ought to give you enough ammunition for many more blogs.
I am sure a lot of people must be really enjoying them.


                               വേറൊരാളെ കുറിച്ചും കൂടി പറയാതെ വയ്യ! -
                       ഭൂമുഖത്ത്, വംശനാശം സംഭവിക്കന്ന, 'സാത്വിക' ഗണത്തിൽ പെട്ട  മറ്റൊരു വ്യക്തിയുടെ,  ഒരു ടെലിഫോണ്‍ സംഭാഷണം!  
                        "ബ്ലോഗ്‌ വായിച്ചു,  അവനവന് തോന്നുന്നതുപോലെ  എഴുതൂ, രഘുവിന്റെ എഴുത്തിൽ, നിങ്ങളുടേതായ ഒരു പ്രത്യേകതയുണ്ട്." 
           " ദാറ്റ് ഈസ്‌ യുവർ  ഐഡൻടിറ്റി" 
               പറയുന്നത് 'ഹിന്ദുസ്ഥാൻ ടൈംസിന്റെ' എഡിറ്റർ ആയിരുന്ന വ്യക്തി!, അത് കഴിഞ്ഞു 'സിംഗപ്പൂർ റ്റൈംസിലും', 'ദുബായ് റ്റൈംസിലും, എഡിറ്റർ ആയി ജോലി നോക്കിയിട്ടുള്ള വ്യക്തി!      
                 അദ്ദേഹം കാൻസർ രോഗത്തിൽ നിന്ന്, ജർനലിസ്റ്റ്.  ലീല മേനോനെ പോലെ സ്വന്തം 'ഇച്ഛാ ശക്തിയിൽ' കൂടി ഒരു രണ്ടാം ജന്മം നേടിയ മനുഷ്യൻ!  
                               ഒരു പത്തു കൊല്ലം മുൻപ്, ദുബായ് വഴി വരുമ്പോൾ, സ്ഥലം കാണാൻ ഞാനും /കുടുംബവും, അദ്ദേഹത്തിന്റെ വീട്ടിൽ കുറച്ചു ദിവസങ്ങൾ തങ്ങിയിരുന്നു -    
                                മദ്യമോ, പുകവലിയോ ഇല്ലാത്ത അദ്ദേഹം, എന്നെ, എന്റെ രീതിയിൽ സൽക്കരിച്ചു -
                         ഞാൻ രംഗം കൊഴുപ്പിക്കാൻ, ദുബായുടെ അത്ഭുതാവഹമായ   വളർച്ചയെ കുറിച്ച് വാചാലനായി-
                   അന്ന് അദ്ദേഹം  പറഞ്ഞ മറുപടി, ഇപ്പോഴും ഞാൻ ഓർക്കുന്നു -
        "പേടി തോന്നുന്നു രഘൂ, ഈ പോക്ക് കണ്ടിട്ട്, ഇങ്ങിനെ എത്ര കാലം!"! 
                          രണ്ടു കൊല്ലം കഴിഞ്ഞില്ല, ദുബായ് എന്ന കണ്ണാടി മാളിക  തകർന്നു തരിപ്പണമായി!   
                      കുടുംബത്തിലെ, മൊന്തയും, കിണ്ടിയും, വിമാന താവളം വരെ ബന്ധുക്കാർക്ക് പണയപ്പെടുത്തേണ്ടി വന്ന അവസ്ഥയിലേക്ക്.!
          "ആ ദീർഘ വീക്ഷണത്തിനു പ്രണാമം"!     
                   കഴിഞ്ഞ അവധിയിൽ ചെന്നപ്പോൾ, അദ്ദേഹം 'കീമോതെറാപ്പിക്ക്' വിധേയൻ ആയിക്കൊണ്ടിരിക്കുന്ന സമയം. അഭിമുഖീകരിക്കുവാൻ എനിക്ക് വൈഷമ്യം ഉണ്ടായിരുന്നു.  
                          "സന്ദർശകരെ അധികം അനുവദിക്കേണ്ട" എന്ന ഡോക്ടറുടെ ഉപദേശം, ഞാൻ ഒരു ഉപാഥിയാക്കി.!
          ഈശ്വര കൃപയാൽ അദ്ദേഹം ഇപ്പോൾ സന്തോഷവാനായിരിക്കുന്നു.  
                   എന്തായാലും, ഇവരുടെ രണ്ടുപേരുടെയും അഭിപ്രായങ്ങൾ, എനിക്ക് അമൂല്യമായി തോന്നി !            
                                 ഞാൻ ശരിക്കും നിലത്തല്ലാതെ ആയി. ഇല്ലാത്തത് വെറുതേ, സുഖിപ്പിക്കാൻ പറയുന്ന ഒരാളല്ല എന്റെ ചേട്ടൻ, എന്ന് എനിക്ക് നല്ലപോലെ അറിയാം.
                ഇത്രയും എഴുത്താണികൾ കൈകാര്യം ചെയ്ത ഒരു കുടുംബത്തിലെ ഒരു 'തുരുംബാണി'  ആണ് ഞാൻ, എന്നൊരു അപകർഷതാ ബോധം,  പണ്ട്  തോന്നിയിരുന്നു!
                      അതു അതിജീവിക്കാൻ, കുഞ്ഞും
നാളുകളിൽ,  സാധാരണ കുട്ടികൾ ചെയ്യാത്ത പല കുരുത്തക്കേടുകളും ഞാൻ ചെയ്തു.
                                 അത് കൊണ്ട് ആയിരിക്കാം,  പിന്നീട് സ്കൂളിലെ കായിക മത്സരങ്ങളിൽ കൂടി സംസ്ഥാന തലം വരെ പോകാനിടയായത്.!
              കൂടാതെ ഉത്സവ പറമ്പ്, അടിപിടി, നാടകം, ഓട്ടൻ തുള്ളൽ, എൻ.സി.സി,  കളരിപ്പയറ്റ് എന്ന് വേണ്ട, എല്ലാ 'തരികിടകളിലും' അതീവ തൽപ്പരനായി.
                എന്റെ കോളേജ് ജീവിതം, മാസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാൻ പ്രൊഫയിലിൽ സൂചിച്ചിട്ടുണ്ട്. കാരണം ഇപ്പോൾ പറയുന്നില്ല.
                            പിള്ളേർ വായിച്ചാലോ!.
     അപ്പോഴേക്കും, സൈനികസേവനത്തിനായി എന്നെ  മാതൃരാജ്യം മാടി വിളിച്ചു എന്നതാണ് എന്റെ വിവിക്ഷ!
                       പക്ഷെ എൻ.സി.സി, സ്പോർട്സ്‌ മുതലായ സർട്ടിഫിക്കറ്റുകൾ, എഴുത്ത് പരീക്ഷയിൽ എന്നേക്കാൾ വിജയം കൈവരിച്ചവർക്കിടയിൽ കൂടി, എന്നെയും തിരഞ്ഞെടുക്കപ്പെടാൻ ഇടയാക്കി, എന്നത് മറക്കാൻ പറ്റുകയില്ല.
                                 തുടർന്ന് എയർ ഫോഴ്സിലും, 'കമാണ്ട്'ലെവൽ വരെ ഉള്ള മത്സരങ്ങളിൽ, 'സ്പൊർട്ട്സിലും ഗെയിംസിലും, എനിക്ക് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.  
                                                   പഠിത്തത്തിൽ, 'ഗോൾഡ്‌ മെഡലുകളും', റാങ്കുകളും ഉള്ള ഒരു കുടുംബത്തിൽ, ഒരു 'ആം ആദ്മി', എങ്ങിനെ ജീവിച്ച് പോകും?
                   കൊല്ലങ്ങൾക്ക് മുൻപ്,  എസ്. എസ്. എൽ. സിക്ക് സംസ്ഥാനത്തെ രണടാം റാങ്ക് കിട്ടിയ എന്റെ ഒരു അനന്തിരവളുടെ അനിയൻ എന്നോട് പറഞ്ഞു-
                 " അമ്മാവാ, ഒരു റാങ്ക്കാരി ചേച്ചി ഉണ്ട് എന്നുള്ളതാണ് എന്റെ ശാപം!"
                      ചരിത്രം ആവർത്തിക്കുന്നു !
       അവനെന്തായാലും പഠിത്തം പൂർത്തിയാക്കാതെ പട്ടാളത്തിൽ ചേർന്നില്ല !
                        ഇപ്പോൾ ഒരു 'സാം പിത്രോഡ' ആയി അമേരിക്കയിലാണ്.                               
                   അന്നേ, ഞാനെടുത്ത തീരുമാനം ആയിരുന്നു, എന്റെ കുട്ടികളോട് ഒരിക്കലും ക്ലാസ്സിൽ ഫസ്റ്റ് ആകണം, സെക്കണ്ടാകണം എന്ന് പറഞ്ഞ്,  പഠിത്തത്തിൽ ഉള്ള അവരുടെ താൽപര്യത്തെ ഇല്ലാതാക്കുക ഇല്ല എന്ന്.
     ദൈവാധീനം, പിള്ളേർ എന്നെ നിരാശനാക്കിയില്ല!
               എല്ലാപേർക്കും ഒന്നാമൻ ആകാൻ പറ്റുമോ? പിന്നീടങ്ങോട്ടുള്ള സ്ഥാനങ്ങളിലും ആരെങ്കിലും ഒക്കെ വേണ്ടേ?
           ഈയിടെ ആരോ ഫോർവേഡു  ചെയ്ത കിട്ടിയ, ഒരു 'കമന്റു' ഓർക്കുന്നു....
                  "ഉദ്യോഗസ്ഥരോട് ശമ്പളം ചോദിക്കരുത്
                    പെണ്ണുങ്ങളോട് പ്രായം ചോദിക്കരുത്
                    കുട്ടികളോട് മാർക്ക് ചോദിക്കരുത്"
                  എന്തായാലും പതിനാറര വയസ്സ് മുതൽ, ഞാൻ എന്റെ കാലുകളിൽ നിൽക്കാൻ  തുടങ്ങി എന്ന സംതൃപ്തിയും എനിക്ക് കിട്ടി.
  (പതിനേഴിന് മുൻപ്, പട്ടാളത്തിൽ  ചേരുന്നവർക്ക്‌ 'പേരന്ടൽ കണ്‍സെന്റ്' വേണം എന്നാണ് നിയമം)
                                 എന്റെ അച്ഛൻ ബുദ്ധിപൂർവ്വം എന്നെ പരോമാന്നതമായ    മാതൃരാജ്യസേവനത്തിന് വിടാൻ തയ്യാറായി.
                       "ചൊല്ലിക്കോട്, തല്ലിക്കൊട്, അതിനുപരി ഇതൊന്നും പറ്റിയില്ലെങ്കിൽ, 'പട്ടാളത്തിന് കൊട്' എന്ന സബുദ്ധി അച്ഛന് തോന്നിയിരിക്കാം!
              ഇതെല്ലാം കഴിഞ്ഞു, ഇപ്പോൾ ബ്ലോഗെഴുതാൻ തുടങ്ങി -
                                     കമ്പ്യൂട്ടറിന്റെ മുന്നിൽ നിന്ന്, മാറാതെ ആയി.
                    പണ്ട്, ഉള്ളി അരിയാനും, പാത്രം കഴുകാനും ഉള്ള, എന്റെ മാതൃകാപരമായ, ഒരു 'റിട്ടയേഡ്‌ ട്'  കുടുംബനാഥനിൽ നിന്നും, ഞാൻ മാറിയിരിക്കുന്നു!
                  കാരണം ഈ ബ്ലോഗ്‌ എഴുത്ത്!
       "നിലത്തെഴുത്ത്, ചുവരെഴുത്ത്, തലേലെഴുത്ത് എന്നൊക്കെ കേട്ടിട്ടുണ്ട്!
                    ഇത്രയ്ക്ക്, ശുഷ്ക്കാന്തി ഉണ്ടാകാൻ, ഇടയാക്കിയ എന്തോന്നാ ഇതില്?"
                        എന്റെ ഭാര്യ ഞാൻ കേൾക്കെ, അടക്കി പറഞ്ഞു
                        "ഇടയ്ക്കു, നമ്മൾക്കൊന്നും മനസ്സിലായില്ലെങ്കിലും, മോണിറ്ററിന്റെ മുന്നിൽ നമ്മൾ ചെന്ന് നിൽക്കണം - ഈ ആണുങ്ങടെ കൈയ്യിലിരുപ്പ്‌, ചേച്ചി വിചാരിക്കുന്ന പോലെ ഒന്നും അല്ല! "                
                                    അപ്പുറത്തെ ഫ്ലാറ്റിലെ 'അഭ്യസ്തവിദ്യയായ' സോഫ്റ്റ്‌ വെയർ ഇന്ജിനിയർ നൗഷാദിന്റെ ഭാര്യ, നസ്സീമയുടെ താക്കീതും !
                      അവസാനം ഒരു കൂട്ടുകാരന്റെ പേരക്കിടാവിന്റെ 'ബർത്ത് ഡേ' പാർട്ടിക്ക്, പോയപ്പോൾ ആരോ പെണ്ണുങ്ങൾ എന്റെ ഭാര്യയോടു പറഞ്ഞു -
              "ചേട്ടന്റെ പോസ്റ്റുകൾ വായിക്കാറുണ്ട്, നന്നായിരിക്കുന്നു"
പിന്നീട്, ഞാൻ രാത്രി ഇരുന്ന് എഴുതുന്നതിൽ വലിയ എതിർപ്പ് കണ്ടിട്ടില്ല!          
            ഞാൻ ഈ വയസ്സു കാലത്ത്, ബ്ലോഗെഴുതാൻ തുടങ്ങിയത് തന്നെ, എന്റെ കുടുംബ സദസിൽ, എനിക്കും പറ്റും എന്ന്, ഒന്ന്തെളിയിക്കാൻ ആയിരുന്നു. അഞ്ചു തലമുറകൾ ഉള്ള, ഞങ്ങളുടെ 'ഫാമിലി ഇ-ഗ്രൂപ്പിൽ പത്ത് നാനൂറ്  അംഗങ്ങൾ ഉണ്ട്. അതിൽ എഴുത്തും വായനയും ഉള്ള മുന്നൂറോളം പേർ വരും. അവരെ ഒന്ന് 'ചക്ക കുത്തി കാണിക്കാനാണ്', ഇത് തുടങ്ങിയത്. പക്ഷെ കഴിഞ്ഞ അവധിക്കു ചെന്നപ്പോൾ മനസ്സിലായി, അവരേക്കാൾ കൂടുതൽ, ഇത് സഹിക്കുന്നത്, വേറെ ആരൊക്കെയോ ആണ് എന്ന കാര്യം!        വായനക്കാരോട് നന്ദി.                    
                അങ്ങിനെ വൈകിയ വേളയിൽ തോന്നിയ, ഉൽക്കർഷേച്ഛയിൽ നിന്ന് ഉടലെടുത്ത ഒരു ഉദ്യമം!
                എഴുതാൻ ഒരു മൂഡ്‌ തോന്നി. കണ്ണാടി തപ്പി -  കാണുന്നില്ല.  ദേഷ്യം വന്നു- ഒടുവിൽ  കണ്ടു കിട്ടിയപ്പോൾ, ആ വൈഷമ്യം ഒരു  കവിതയായി എഴുതിയാലോ എന്ന് തോന്നി.
                   "എന്താ ഇവന്റെ ഒരു ചങ്കൂറ്റം" എന്ന് തോന്നുന്നുണ്ടോ?
          'poetry is the spontaneous overflow of powerful feelings'
                     കവിതയെ കുറിച്ച് അത്രയും ഒക്കെ എനിക്കും അറിയാം!
                           ഒട്ടും എഴുതിയിട്ടില്ല എന്ന് പറയുന്നത് ശരിയല്ല.
      പണ്ട് എയർ ഫോഴ്സ് യൂണിറ്റിലെ 'ക്രിസ്തുമസ് ആഘോഷ പരിപാടിക്ക് വേണ്ടി, ഞാൻ ഒരു മോഷണം നടത്തി! (പ്ലഗറിസം എന്ന് ഇംഗ്ലീഷിൽ പറയും!)
                                             ഗാന സംവിധായകൻ എം. ജി. രാധാകൃഷ്ണന്റെ ആകാശവാണിയിൽ വന്ന ഒരു ലളിത ഗാനം, കുട്ടികൾക്ക് നൃത്തം ചെയ്ത്
അവതരിപ്പിക്കാൻ ആയി, ഞാൻ തന്നെ 'ഡാൻസ്' കമ്പോസ് ചെയ്ത്, അവരെ പഠിപ്പിച്ച് അവതരിപ്പിച്ചു.
                          സംഗതി ഇങ്ങനെ ആയിരുന്നു -
      നീലാംബരി രാഗത്തിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ                                             -                         "തൃക്കൈ രണ്ടിലും വെണ്ണ തരാം
                           തിരുമധുരം നേദിക്കാം".....  എന്ന ലളിത ഗാനം.
        ഞാൻ, അതൊന്നു നീലത്തിൽ മുക്കി, പിഴിഞ്ഞ്, ഇങ്ങിനെയാക്കി!
                           "കാലി തൊഴുത്തിലൊരുണ്ണി
                            കാണാൻ അഴകുള്ളോരുണ്ണി
                            ബത്ലെഹം നാട്ടിലെ കന്യാ മറിയത്തിൻ
                            പുത്രനായ്‌ ജനിച്ചോരുണ്ണിയേശു .......
           സംഗതി ഏറ്റു!  യൂണിറ്റിലെ മലയാളി സമൂഹം എന്നിൽ, പാട്ടാള സേവനം കഴിഞ്ഞ് കലാ സാഹിത്യ രംഗത്തേക്ക് വന്നേക്കാവുന്ന  'കോവിലനെയും', 'നന്ദനാരെയും' കണ്ടു!
        എന്റെ അമ്മ പണ്ട്, രണ്ടു ദിവസം പഴക്കമുള്ള ഇഡലി, മൂന്നാം ദിവസം കഷണങ്ങളാക്കി, മൂന്നാല് കറിവേപ്പിലയും ഇട്ട് കടുവറത്ത്,  ഉപ്പുമാവ് എന്ന പുതിയ വിഭവമാക്കി മേശപ്പുറത്ത് കൊണ്ടുവെക്കുന്ന ഒരു കൈക്രിയ!
              "ഡാൻസിന്റെ"  വൈദക്ധ്യം എങ്ങിനെ നേടി എന്നായിരിക്കും നിങ്ങൾ
ആലോചിക്കുന്നത്?  പറയാം.. എന്റെ ചേച്ചി വത്സല,  മൂന്നു കൊല്ലം
തുടർച്ചയായി 'കലാതിലകം' കിട്ടിയിട്ടുള്ള എന്റെ അനന്തിരവരളായ ഡോക്ടർ. അനിതാ പണിക്കർ, അവളുടെ അനിയത്തിമാരായ  ഡോക്ടർ. മൃദുലയും, അമൃതയും, അനിതയുടെ രണ്ടു മക്കൾ, ഒന്ന് ഡോക്ടർ. അഞ്ജനാ അശോകൻ ,  (അവളെ, എന്റെ ഏഫ്.ഐ. ആറിൽ, ഈയ്യിടെ ഒന്നാം പ്രതിയാക്കി ചേർത്തിട്ടുണ്ട് - കാരണം, കഴിഞ്ഞ കൊല്ലം 'അമൃതയിൽ' നിന്ന് പാസ്സായ അവൾക്കും കിട്ടി, ഒൻപത് ഗോൾഡ്‌ മെഡലുകൾ!  എട്ടെണ്ണം സബ്ജക്ടുകൾക്കും ഒരെണ്ണം ആർട്സിനും) ,  പിന്നെ അവളുടെ അനിയത്തി അപർണാ. ഇവരെല്ലാം, ഭരതനാട്യത്തിലും, മോഹിനിയാട്ടത്തിലും, കുച്ചിപ്പുടിയിലും ഒക്കെ പ്രാവീണ്യം നേടിയവരാണ്. നിരവധി ജില്ലാ, സ്റ്റേറ്റ് തല മൽസരങ്ങൾക്ക്, ഇവരെ പലപ്പോഴും അകമ്പടി സേവിച്ചിരുന്നത് ഞാൻ ആയിരുന്നു ! (ഇപ്പോഴത്തെ, തലമുറ ഒഴിച്ച്)
                      യൂത്ത്ഫെസ്റ്റിവൽ  നടക്കുന്ന വേദിയിൽ, (പ്രത്യേകിച്ച് ജില്ലാ തലം) ഒരു ഐറ്റത്തിനു തന്നെ, നാൽപ്പതിനു മേലെ ആയിരിക്കും മൽസരാർത്ഥികൾ!  അങ്ങിനെ,  തച്ചിനിരുന്ന്, അഖണ്ഡനൃത്തയജ്ഞം കണ്ട്, അതിലുള്ള  സാഹിത്യം, രാഗം, അടവ്, മുദ്ര, രസങ്ങൾ, ഭാവാഭിനയം, ജതി തുടങ്ങിയ കാര്യങ്ങളിൽ, എനിക്ക്  ഒരു  'വ്യാജ ഡോക്ടറിന്റെ' എല്ലാ വൈഭവങ്ങളും ഉണ്ടായി!
                അന്ന് എറണാകുളം ജില്ലാ തലത്തിൽ, ഡാൻസ് ഇനത്തിൽ പങ്കെടുക്കുന്ന  ഒരു എഴുപത് ശതമാനം പേരും, കലാമണ്ഡലം കല്യാണി കുട്ടി അമ്മയുടെ, അവരുടെ മകൾ 'മണിയുടെ', അല്ലെങ്കിൽ 'മോഹന തുളസിയുടെ', 'കലാമണ്ഡലം സുഗന്ധിയുടെ' ശിഷ്യഗണങ്ങൾ ആയിരുന്നു.
                 അതിലേറെ രസം, ഇവരിൽ ഒട്ടുമിക്ക ആളുകൾക്കും വേണ്ടി പാടുന്നത് 'കലാമണ്ഡലം ഹൈദരാലി' ആയിരിക്കും.  മൃദംഗത്തിന്, ആദ്യകാലങ്ങളിൽ  'നന്ദികേശ്വര റാവുവും', പില്ക്കാലം നാരായണനും ആയിരുന്നു.
                 കല്യാണി കുട്ടി ടീച്ചർ, 'സുമസായക' എന്ന വർണം ചിട്ടപ്പെടുത്തിയ കൊല്ലം,പത്തു പേരിൽ കൂടുതൽ ആണ്, അത് തന്നെ തുടർച്ചേ വേദിയിൽ
അവതരിപ്പിച്ചത്.
                    അന്നൊക്കെ, അനിതാ പണിക്കരുടെ അമ്മാവൻ എന്നതായിരുന്നു,എന്റെ 'ആധാർ കാർഡ്'!
                         ക്ഷീരബല നൂറ്റൊന്നു ആവർത്തി പോലെ കണ്ടപ്പോൾ, അന്ന് വൈകുന്നേരം, കുളിക്കാൻ കയറിയ എനിക്കും, കണ്ണാടി നോക്കി ഒന്ന് ശ്രമിക്കാൻ തോന്നി!
                       അതിലും തമാശയായി ഞാൻ ശ്രദ്ധിച്ചത്,  മൽസരാർത്ഥികൾ വന്നു പോകുന്നതിനനുസരിച്ച് പക്ക മേളക്കാരും മാറേണ്ടതാണ്.
              പക്ഷെ കണക്കിലെ 'കോമണ്‍ ഫാക്ടർ' പോലെ, ഹൈദരാലിക്കും, നാരായണനും, സ്റ്റേജിൽ നിന്ന് ഇറങ്ങാൻ പോയിട്ട്, 'പ്രകൃതിയുടെ വിളി'  കേൾക്കാൻ പോലും, നേരം കിട്ടിയിരുന്നു എന്ന് തോന്നുന്നില്ല!
      ഡാൻസിനു വേണ്ട പാട്ടിൽ, ഹൈദരാലിയെക്കാൾ മെച്ചപ്പെട്ട ഒരു ഗായകൻ അന്ന് വേറെ ഇല്ലായിരുന്നു.
     അത് പോലെ ഡാൻസിനു വേണ്ട മൃദംഗത്തിന്, നാരായണനേക്കാളും!
         അനിതയുടെ ഒരുപാട് ഡാൻസ് പ്രോഗ്രാമിന്, ഈ സഹൃദയരുടെ കൂടെ ഞാൻ പോയിട്ടുണ്ട്. അതിലൊന്ന് 'മെഡിക്കോ' യൂത്ത് ഫെസ്റ്റിവലിന് വേണ്ടിയുള്ള ഒരു കോഴിക്കോട് യാത്ര.
                     ഏറണാകുളത്ത് നിന്നുള്ള അഞ്ചു മണിക്കൂർ യാത്ര -
           ഫാക്റ്റ്  ഉദ്യോഗമണ്ടൽ ക്വാർട്ടെർഴ്സിൽ നിന്ന് ഹൈദരാലിയേയും കയറ്റി യാത്രയായി. കോഴിക്കോട്ട്  എപ്പോൾ എത്തി എന്നത് ഞങ്ങളാരും അറിഞ്ഞതേയില്ല!
                           വഴി മുഴുവൻ ഹൈദരാലിയുടെ പാട്ടുകൾ, അകമ്പടിക്ക്‌ നാരായണന്റെ, മൃദംഗം ഇല്ലാത്ത  'വായ്ത്താരിയും'!
                        കഥകളി പദം ആണ് പാടുന്നതെങ്കിൽ, നാരായണന്റെ ചൊല്ല്, ചെണ്ട യുടെ വായ്ത്താരി ആയിരിക്കും.!
                  ഇതുപോലെ ഉള്ള അനവധി യാത്രകളിലെ ചില ഇടവേളകളിൽ, ഹൈദരാലിയുടെ പഴയ കാലത്ത് ഉണ്ടായിട്ടുള്ള കഷ്ടപ്പാടുകളും, ആത്മ
നൊമ്പരങ്ങളും എന്നോട് പങ്ക് വെച്ചിരുന്നു. 
                 സംഗീതം ഒരു തപസ്യായായി  എടുത്ത അദ്ദേഹത്തിന്റെ യൗവനം -
               സമൂഹത്തിലെ യാഥാസ്ഥിതികരുടെ, പുരികം ചുളിച്ച നോട്ടം !
                സ്വസമുദായത്തിൽ നിന്നുള്ള മുറുമുറുപ്പ്!
                                      വലിയ പ്രത്യാശയോടെ ഒരു അമ്പല പറമ്പിലെ കളിക്ക്, പാടാൻ കിട്ടിയ ആദ്യകാലങ്ങളിലെ ഒരവസരം.
             കളി, അമ്പല മതിൽകെട്ടിനു വെളിയിൽ ആയിരുന്നിട്ടും, അവസാന നിമിഷം, കമ്മിറ്റിയുടെ തീരുമാനത്തിന് മാറ്റം വന്നതായി അറിയിപ്പ് ലഭിച്ചു!
                        അവസാനം, പാട്ട് "എംബ്രാന്തിരിയൊ, ഹരിദാസോ, ഹൈദരാലിയൊ അല്ലെങ്കിൽ ഞാനില്ല" എന്ന് കൃഷ്ണൻ നായര് ആശാൻ, വാശി പിടിച്ച മറ്റൊരു ഘട്ടത്തിൽ, അതേ അമ്പലത്തിലെ ഉത്സവ കമ്മിറ്റിക്കാർ, ഹൈദരാലിയെ  തന്നെ വിളിച്ചു   
കൊണ്ടുപോയ അനുഭവം!
                  അന്നേ ദിവസം എംബ്രാന്തിരിക്കും, ഹരിദാസിനും വേറെ കളികൾ ഉണ്ടായിരുന്നു!
                                 ശ്രീ. എം. കെ. കെ നായരുടെ താൽപര്യപ്രകാരമാണോ, കൃഷ്ണൻ നായര്  ആശാൻ  പല വേദികളിലും, പാട്ട് ഹൈദരാലി വേണം, എന്ന്  നിഷ്ക്കർഷിച്ചത്,  എന്ന് ഹൈദരാലി സംശയിച്ചിരുന്നതായി എന്നോട് പറഞ്ഞു.
കഴിവുള്ള കഥകളി സംഗീതത്തിലെ ഒരു ഉദയ നക്ഷത്ത്രത്തിന് വേണ്ടി   വേദികൾ കിട്ടാൻ ശ്രീ എം. കെ കെ സഹായിച്ചു എന്ന് സാരം.
                   ശ്രീ എം. കെ. കെ നായരെ കുറിച്ച് പറയുമ്പോൾ ഹൈദരാലിക്കു, നൂറു നാവായിരുന്നു.
                              എഫ്. എ.സി.ടിയുടെ ചെയർമാനായി  ശ്രീ എം.കെ കെ വന്നപ്പോൾ ഉണ്ടാക്കപ്പെട്ട എഫ്. എ.സി.ടി ലളിതകലാ കേന്ദ്രത്തെ കുറിച്ചും, അതിന്റെ തണലിൽ, കൂടി കലാകാരന്മാർക്കും, കായിക പ്രതിഭകൾക്കും ലഭിച്ച അവസരങ്ങളും 
 പ്രോ ത്സാഹനങ്ങളും, കണക്കറ്റതായിരുന്നു.
                               അങ്ങിനെ ചില വാരാന്ത്യത്തിൽ, നടത്തപ്പെടുന്ന കഥകളികൾ കാണാൻ ഞാനും പോയിട്ടുണ്ട്.
                        കൊല്ലങ്ങൾക്കുശേഷം, ഹൈദരാലിയെ ഒരു കഥകളി വേദിയുടെ പിന്നാംമ്പറത്ത് കണ്ടപ്പോൾ, പഴയ ഓർമ്മകൾ ഞാൻ പങ്കു വെച്ചു.
                                   കുശലത്തിനായി ചോദിച്ചു -
                "എങ്ങിനെയുണ്ട് "എഫ്. എ.സി.ടിയും, കലാപരിപാടികളും ഒക്കെ"
                       "സോഷ്യൽ സ്റ്റഡീസിൽ, ചരിത്രത്തിലെ സുവർണ കാലഘട്ടം എന്ന് പഠിച്ചിട്ടില്ലേ, അതേ പോലെ, ആ കാലഘട്ടം കഴിഞ്ഞ 
 'മൗര്യ സാമ്രാന്ജ്യമാണ്, എഫ്. എ.സി.ടിയും, റ്റൗണ്‍ഷിപ്പും, ഇന്ന്"!

              ഇതെല്ലാം പറഞ്ഞത്, അങ്ങിനെയാണ്എനിക്ക് കഥകളിയിൽ  കുറച്ചു കമ്പമുണ്ടായത് എന്ന് പറയുവാനായിരുന്നു.
                               അത് പറയുമ്പോൾ, കല്യാണി കുട്ടി ടീച്ചറിന്റെ വീട്ടിൽ,   നിന്ന്, അനിതയെ വിളിച്ചു കൊണ്ട് വരാൻ പോകുന്ന ചില ദിവസങ്ങളിൽ, ഇളകി ആട്ടത്തിന്റേയും, അഷ്ട കലാശത്തിന്റെയും ഝടുതിയിൽ കണ്ടിരുന്ന 'രൗദ്രഭീമനിൽ' നിന്ന് വ്യത്യസ്തമായി, ചമയവും ചുട്ടിയും ഇല്ലാതെ ചാരുകസേരയിൽ വിശ്രമിക്കുന്ന ആ പച്ചവേഷത്തിന്റെ ശാന്ത ഗംഭീരമായ രാജസമുഖം നേരിൽ കാണാനും, അദ്ദേഹത്തോട് സംസാരിക്കാനും എനിക്ക് ഇടയായിട്ടുണ്ട്, എന്നുള്ളത് ചെറിയ കാര്യമല്ല.
                 സാക്ഷാൽ "കലാമണ്ഡലം കൃഷ്ണൻ നായർ ആശാൻ "!

                     അത് പോട്ടെ, ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ, ഒരു പട്ടാള യൂണിറ്റിലെ കൊച്ചു കുട്ടികളുടെ ഡാൻസ് ചിട്ടപ്പെടുത്താനുള്ള ചാതുര്യം, എങ്ങിനെ എനിക്ക് കിട്ടി എന്നതിന്റെ രഹസ്യം.
          പിന്നെയാണ്,  "കാലി തൊഴുത്തിലെ ഒരുണ്ണി"!
                                         ഞാനിപ്പോൾ എഴുതുന്നത് ഏതാണ്ട്, ഒരു  ആത്മകഥ ശൈലിയിൽ ആണ് എന്ന് മനസ്സിലാക്കുന്നു. പക്ഷെ അതിൽ  കൂടി, മനുഷ്യ മനസ്സിൽ  നടക്കുന്ന പല സ്പന്ദനങ്ങളും, പ്രതി സ്പന്ദനങ്ങളും, മനുഷ്യ സഹജമായ സ്വഭാവങ്ങളും, കഴിഞ്ഞ കാലഘട്ടത്തിലെ ചില നിമിഷങ്ങളുമാണ്  ഞാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 'ഞാൻ' എന്ന വ്യക്തിയെ നിങ്ങൾ ഒഴിവാക്കുക.
                                    ആരോചകമാക്കിയില്ല എന്ന് കരുതുന്നു!
            സസ്പെൻസിനു വിരാമമിട്ടു ഞാൻ എന്റെ പോടികൈയിലേക്ക് വരുന്നു. എന്റെ കന്നി കവിത.  നിങ്ങൾക്ക് 'കഞ്ഞി' ആയി തോന്നിയേക്കാം. ഞാൻ ക്ഷമിച്ചിരിക്കുന്നു - നിങ്ങൾ "അനുഭവിക്കൂക "!
          ഞാൻ എഴുതുന്നത് എന്റെ സുഖത്തിനാണ് -ആവിഷ്കാര സ്വാതന്ത്ര്യം ഉള്ള ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ - മറക്കണ്ട!!
    (കഴിഞ്ഞ മാസം 'ഫേസ് ബുക്കിൽ' എന്തോ എഴുതിയതിന് നൂറിൽ പരം ആളുകളെ, പോലീസിന്റെ  'സൈബർ സെൽ' ബുക്ക് ചെയ്തു എന്ന്  വാർത്ത‍!)!
വന്നു എങ്കിലും!)

                  മിനി പി. സി ക്ക് വൃത്തത്തിൽ എഴുതാമെങ്കിൽ, എനിക്ക് ചതുരത്തിൽ 
ആയിക്കൂടെ ? 
         
                            തിരിച്ചറിവ്

     കണ്ണാടി കാണാഞ്ഞ മർത്ത്യന്റെരോഷം
     കണ്ണാടിയില്ലാത്ത നേരത്തറിയൂ!
     കണ്ണാടി വെച്ചില്ലേൽ കാണാനുമില്ല
     കണ്ണാടിയൊട്ടങ്ങ്  കാണ്‍മാനുമില്ല!
 
     കണ്ണട വൈദ്യന്റെ മുന്നിൽ ഞാൻ ചെന്നപ്പോൾ
     ഞാൻ കണ്ട കാഴ്ചകൾ വേറിട്ട്‌ തോന്നി!
     ഞൊടിയിട നേരങ്കൊണ്ടെൻമനം ചൊല്ലി
     കണ്ണാടി മാറ്റേണ്ട കാലമായി!
------------------------------------------------------------------
 (ഇപ്പോൾ മനസ്സിലായില്ലേ, ഈ മുഖത്തേക്കാൾ, വലിയ ഒരു 'ആമുഖം' എന്തിനായിരുന്നു എന്ന്!!)
എപ്പടി ? -  തെറി പാഴ്സൽ ആയി സ്വീകരിക്കുന്നതല്ല! 

   

10 comments:

 1. അരോചകമാക്കിയില്ല എന്ന് മാത്രമല്ല രസകരമാക്കുകയും ചെയ്തു
  ഹൈദരാലിയെപ്പറ്റി എഴുതിയത് വളരെ ചിന്തിപ്പിച്ചു

  ReplyDelete
 2. നന്ദി അജിത്‌

  ReplyDelete
 3. മാഷേ ഈ പുതിയ എഴുത്തു കളം കൊള്ളാല്ലോ

  പിന്നെ അക്ഷരങ്ങൾക്ക് അല്പ്പം കൂടി വലുപ്പം കൂട്ടുക,

  അല്പ്പം നീളം കൂടിപ്പോയോ എന്നൊരു സംശയം ബാക്കി.

  രണ്ടു ഗഡുക്കൾ ആയി ചെർത്തിരുന്നെൽ എന്നും ഓർത്തു പോയി
  വീണ്ടും ഒരു കാര്യം കൂടി പിന്നെ, മുകളിൽ കൊടുത്തിരിക്കുന്ന ആ
  ചിത്രം royalty ഫ്രീ അല്ല അതിലെ water മാർക്ക് ശ്രദ്ധിക്കുക
  അത് പണം കൊടുത്തു വാങ്ങി ഉപയോഗിക്കേണ്ടത് തന്നെ.
  അല്ലെങ്കിൽ പണി കിട്ടും മാഷെ പണി. അതെ സൈറ്റിൽ തന്നെ
  ഫ്രീ ചിത്രങ്ങൾ കിട്ടും മറ്റൊരു ഫ്രീ ചിത്രം ചേർക്കുക,

  (ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക). അത് ഒരു സൈഡിലേക്ക്

  മാറ്റി കൊടുക്കുക അത് കുറേക്കൂടി ഭംഗി കിട്ടും എന്ന് തോന്നുന്നു.

  മൊത്തത്തിൽ, നീളം കൂടിയെങ്കിലും ഈ പുതിയ എഴുത്തു രൂപം

  രസത്തോട് തന്നെ വായിച്ചു പോകാൻ കഴിഞ്ഞു
  ആശംസകൾ

  ReplyDelete
 4. ഉപദേശത്തിനു നന്ദി !
  മാഷുടെ നിർദേശം കണ്ടപ്പോഴേ തുടച്ചു നീക്കി
  ഇല്ലെങ്കിൽ ഇല്ലന്നല്ലേ ഉള്ളൂ !

  ReplyDelete
  Replies
  1. Hi
   Glad that you followed my suggestion.
   Keep inform
   Best Regards
   Philip

   Delete
 5. thank you- yesterday I went thru' some sites related to
  copy right protection- It is so funny!
  Ignorance is not considered as excuse- It is legally the duty of the user to seek and find out whether the content has the royalty and he has to enquire initiate and get the consent from claimer ! strange rule! strange world!
  I found many bloggers use the google images with a note 'taken from google image' - but I feel, that also does not protect one from litigation ina court of law!
  raghu menon

  ReplyDelete
 6. നന്നായിട്ടുണ്ട്

  ReplyDelete
 7. നന്ദി സന്തോഷ്‌

  ReplyDelete
 8. ലളിതം, സരസം, ഗംഭീരം. ഇതാണ് ആമുഖതിനെപറ്റി പറയുവാനുള്ളത്. കവിതയിൽ പുലിഅയില്ലെങ്കിലും എലി ആയിട്ടില്ല, തീർച്ച. ഇനിയും കവിതകൾ എഴുതണം. എല്ലാ ഭാവുകങ്ങളും!!

  ReplyDelete
 9. പ്രചൊദനാല്മകമായ അഭിപ്രായത്തിനു നന്ദി രാജ്-
  മഴയത്ത് നിന്ന് കയറി വന്നപ്പോൾ ഉണ്ടായിരുന്ന കുട
  നിവർത്തി, വരാന്തയിൽ തന്നെ വെച്ചിരിക്കുകയാണ് -
  ഇനിയും മഴയത്തെക്കു ഇറങ്ങേണ്ടി വന്നാലോ !

  ReplyDelete