Reminiscece Of Air Force Life

Thursday, June 6, 2013

ഞാൻ ഒരു ആസ്ട്രേലിയൻ പൌരനായി

                        എനിക്കും ഭാര്യക്കും ആസ്ട്രേലിയയിൽ പി. ആർ (പെർമനെന്റ് റെസിഡന്റ് ) സ്റ്റാറ്റസ് കിട്ടി എന്ന വാർത്ത ഞങ്ങളുടെ വീട്ടിൽ ഒരു ഉത്സവ തിമിർപ്പോടെ ആണ് ആഘോഷിച്ചത്!
           എന്റെ ഏക മകനും കുടുംബവും ആസ്ട്രെലിയയിലെക്കു ചേക്കേറീയിട്ടു
രണ്ടു കൊല്ലങ്ങളോളം ആയി - അച്ഛന്റെയും അമ്മയുടെയും ഏക സന്തതി ആണെങ്കിൽ, അയാളുടെ മാതാപിതാക്കൾക്കും  പി. ആർ കിട്ടും !
              പെൻഷൻ പറ്റിയ ശേഷം ,തൊടിയിൽ കറങ്ങി നടന്ന് എത്രയോ തലമുറകൾ ജീവിച്ച ആ മണ്ണിന് പറയാനുള്ള കഥകൾ, ഞാൻ മനസ്സില്‍  ഓർക്കുന്നത് എനിക്ക് ഒരു രസം ആയിരുന്നു -
         തെക്കേ തൊടിയിലുള്ള ആ അമ്മായി മാവിന്റെ കൊമ്പുകളെ നോക്കി നിൽക്കാറുണ്ടായിരുന്നു പലപ്പോഴും - എന്റെ കുടുംബത്തിലെ എത്രയോ പേർക്ക് അവസാന മെത്ത ഒരുക്കാൻ തന്റെ ശിഖരങ്ങൾ നിദാനം ചെയ്ത
കുടുംബത്തിലെ ഒരു അംഗം പോലെ നിലകൊണ്ട അമ്മായിമാവ്‌.. -
                 അതിന്റ പടിഞ്ഞാറോട്ടുള്ള ആ കൊമ്പ് നോക്കി ഞാൻ പലപ്പോഴും
മനസ്സിൽ  പറഞ്ഞു -
               "എന്റെ അവസാന ശയ്യ വിരിക്കാനുള്ള ദൗത്യം ഞാൻ നിന്നിൽ അർപ്പിക്കുന്നു -"
             അവസാനം അമ്മായി മാവിനെ നിരാശപ്പെടുത്തി ഞാൻ യാത്രയായി !
          അങ്ങിനെ ഞാനും  ഭൈമിയും ആസ്ട്രേലിയയിൽ  താമസത്തിനു ചെന്നിറങ്ങി -
                              എയർ പോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള കാഴ്ചകൾ തന്നെ നയനാനന്ദകരമായിരുന്നു !
                 പുഴയും, കായലും , മാവും വാഴയും,  സുലഭം - കേരളത്തിൽ തന്നെ ആണ് എന്ന് തോന്നിപോകും!
                    അവിടെ ചെന്നപ്പോൾ ഒട്ടും സഹിക്കാൻ പറ്റാതിരുന്ന ആദ്യത്തെ അനുഭവം,  പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ ഉള്ള അപര്യാപ്തത ആയിരുന്നു - കഷ്ടിച്ച് കാര്യം കാണാൻ  സ്ഥലമുള്ള ഒരു കുടുസ്സു മുറി - നിലത്തു വില കൂടിയ കാർപ്പെറ്റ് എല്ലാം ഉണ്ട്- പക്ഷെ പാശ്ചാത്യർക്ക് പരിചയമില്ലാത്ത മറ്റു സൌകര്യങ്ങൾക്കായി ഒരു ടാപ്പോ മഗ്ഗോ ഒന്നുമില്ല!
          മുറവിളി കൂട്ടി മോനെ കാര്യം ഉണർത്തിച്ചപ്പോൾ
              "ടിഷ്യു ഇന്നലെ ലോഡ് ചെയ്തിരുന്നല്ലൊ" എന്നായിരുന്നു മറുപടി!
                            അപ്പോൾ അതാണ്‌ കാര്യം !
     ഞാൻ എങ്ങിനെയോ ആവശ്യം നിർവഹിച്ച്,  കൊച്ചു കുട്ടികൾ നിക്കറിൽ കാര്യം സാധിച്ചിട്ട്‌ വരുന്നപോലെ തിരിച്ചു വന്നു -
       ആസ്ട്രേലിയയിലെ എന്റെ ആദ്യത്തെ ദൗത്യം ഞാൻ തീരുമാനിച്ചു !
                     മോൻ താമസിക്കുന്ന വില്ലയുടെ പിൻവശം ഒരു തടാകമാണ് -
തീരത്ത് നിറയെ വാഴകളും. ഞാനും ഭാര്യയും കൂടി, ആ വാഴത്തോപ്പിൽ
ഒരു ചെറിയ പർണശാല പണിതു. ഭാരതീയ സംസ്കാരം കൈവെടിയാതെ ഇരിക്കാൻ !
              പിന്നെ കണ്ട പ്രത്യേകതകൾ പലതാണ്!
      'കാറ്റ്' എന്ന ഒരു പ്സ്ഥാനം നടത്തുന്ന എല്ലാ പൊതു  വാഹനങ്ങളിൽ
യാത്രക്ക് പൈസ നൽകേണ്ടതില്ല - ഉദ്ദേശം രണ്ടാണ്
             ഇന്ധനം ലാഭിക്കുക - അന്തരീക്ഷ മലിനീകരണം കുറയ്ക്കുക
       നീണ്ട ഹൈവേയുടെ രണ്ടു വശങ്ങളിലും 'സോളാർ പാനൽ' പിടിപ്പിച്ചിരിക്കുന്നു  (സരിത നായർ ഇവിടെയും വന്നിരുന്നോ എന്തോ !)
                   ആകാശത്ത് ചില ഇടങ്ങളിൽ ഫുട്ബാൾ ഗ്രൌണ്ടിന്റെ അത്രയും വലുപ്പത്തിലുള്ള 'ഹീലിയം' നിറച്ച വലിയ ബലൂണുകൾ - അതിനു ചുറ്റും, മുകളിലും 'സോളാർ പാനലുകൾ' ഘടിപ്പിച്ചിരിക്കുന്നു-  സൌരോർജം ശേഖരിച്ചു, 'ഗ്രിഡിലേക്ക്' വിടുന്നു -
           പിന്നീട് ശ്രദ്ധിച്ച മറ്റൊരു കാര്യം, തോടുന്നതിനും പിടിക്കുന്നതിനും എ ല്ലാം സർക്കാരിന്റെ വക സാമ്പത്തിക സഹായങ്ങൾ !
                           ജോലി ഇല്ലെങ്കിൽ സാമ്പത്തിക സഹായം -
                          അസുഖം വന്നാൽ  സാമ്പത്തിക സഹായം -
                   പ്രസവത്തിനു മുൻപ് സാമ്പത്തിക സഹായം -
                     പ്രസവം കഴിഞ്ഞാൽ സാമ്പത്തിക സഹായം -
  പുതുതായിജനിക്കുന്ന കുട്ടിക്ക്  സാമ്പത്തിക സഹായം -
              കുട്ടിയുടെ പഠിത്തത്തിനു  സാമ്പത്തിക സഹായം -
                              വയസ്സായവർക്ക്  സാമ്പത്തിക സഹായം -
 വണ്ണം കൂടിയവർക്ക് (ഒബിസിറ്റി)  സാമ്പത്തിക സഹായം - ഇങ്ങിനെ പോകുന്നൂ.
               പക്ഷെ അതെ പോലെ വരുമാനത്തിൽ നിന്ന്, സർക്കാരിലേക്ക് ടാക്സ്
പിടിക്കുന്ന കാര്യത്തിലും ഒരു ദാക്ഷിണ്യവും ഇല്ല .
                മോള് അമ്മൂമ്മയുടെ ശിക്ഷണത്തിൽ മലയാളവും, ആർഷ ഭാരതത്തെ  പ്രതിപാദിക്കുന്ന കഥകളും കേട്ട് സന്തോഷിച്ചു.
                  രണ്ടു വർഷങ്ങൾക്കു ശേഷം ഒരു ദിവസം മോൻ എന്നോട് പറഞ്ഞു -
        "എന്തായാലും, ഇനി അച്ഛനും അമ്മയും ഞങ്ങളുടെ കൂടെ തന്നെയാണല്ലോ -"
                     "നീ ചുറ്റി കളിക്കാതെ കാര്യം പറ ദിനേശാ "
                                  "ഇവിടെ 'പെർത്തില്' ഒരു ഫാം ചുളു വിലയിൽ കിട്ടാനുള്ള സാധ്യതയുണ്ട് - അച്ഛൻ കുവൈത്തിൽ ബാൽക്കണിയിൽ വരെ പോന്നു വിളയിച്ചിട്ടുള്ള ആളും ആണല്ലോ - നമുക്കത് നോക്കിയാലോ ?
                      "നടക്കില്ല ... എന്റെ കൊക്കിനു  ജീവൻ ഉണ്ടെങ്കിൽ !"
 "അച്ഛൻ ഈ ഉണ്ടാക്കി വെച്ചിട്ടുള്ളതെല്ലാം, അവസാനം ഞങ്ങൾക്ക് തരാനല്ലേ"
                                       " എന്നാരു പറഞ്ഞു" -
               "വല്ല അനാഥാലയത്തിനും നൽകാമല്ലോ" - ഞാനും വിട്ടുകൊടുത്തില്ല -
                                           രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഭാര്യ പറഞ്ഞത് സമചിത്തതയോടെ പുനരാലോചിച്ചു -
                       "നമ്മുടെ കാലം കഴിഞ്ഞാൽ എന്തായാലും അവർക്ക് തോന്നിയ പോലേ അവർ ചെയ്യുകയുള്ളൂ!"
                     കഴിഞ്ഞ കൊല്ലം നാട്ടിൽ ചെന്നപ്പോൾ ചില ബന്ധുക്കാരും പരിചയക്കാരും  പറഞ്ഞത് ഓർത്തു -
         "ചേട്ടൻ ഇനി നാട്ടിലേക്ക് മടങ്ങി വരാൻ പ്ലാൻ ഒന്നും ഇല്ലായിരിക്കും -
വീടും പറമ്പും കൊടുക്കാൻ വല്ല പരിപാടി ഉണ്ടെങ്കിൽ ഒരു വാക്ക് പറയണേ!"                                            സ്കൈപും, ഇന്റെര്നെട്ടും ഒക്കെ  ഉള്ളതുകൊണ്ട് കാര്യങ്ങൾ ഒരു മാസത്തിനകം തന്നെ നടന്നു - എല്ലാം കഴിഞ്ഞു വന്നപ്പോൾ എന്തോ നഷ്ടം വന്ന പോലെ ഒരു തോന്നൽ -
                         മോൾ ആറാം തരത്തിലായപ്പോൾ ഒരു ദിവസം അമ്മൂമ്മയോട് പറയുന്നത് കേട്ടു,  "ഐ ഡോണ്ട് കെയർ " -
         സ്കൂളില്‍,  കൂട്ടുകാരില്‍ നിന്നും പഠിച്ച പദ പ്രയോഗങ്ങള്‍ ആകാം!
                  "അമ്മൂമ്മയല്ലേ  മോളുടെ എല്ലാ കാര്യവും ചെയ്തു തരുന്നത്,  അപ്പോള്‍  അമ്മൂമ്മയോട്  ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ അമ്മൂമ്മക്ക്‌ വിഷമം തോന്നില്ലേ "
     അതേറ്റു - ചെയ്തതില്‍ ദുഃഖം തോന്നി അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
    പക്ഷെ അധികം നാള്‍ തുടര്‍ന്നില്ല -   രണ്ട് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും-
                   "ഇറ്റീസ് നോണ്‍ ഓഫ് യുവര്‍ ബിസിനസ്സ്"
                  അകത്തെ മുറിയില്‍ നിന്നും ഒരു അശരീരി -
                              ഇത്തവണ ഞാന്‍ അടുത്ത പടിയിലേക്ക് കടന്നു !
             നോവിക്കാത്ത വിധം തലയില്‍ ഒരു കിഴുക്ക്‌കൊടുത്ത് ഞാന്‍ പറഞ്ഞു
                                   "ഇങ്ങിനെയാണോ അമ്മൂമ്മയോട് സംസാരിക്കുന്നത് "
                വൈകുന്നേരം മോനും മോളും വന്നപ്പോള്‍ കാര്യം ആകെ തിരിഞ്ഞു !
                            "മോളെ അപ്പൂപ്പന്‍ തല്ലി"
                     ഇതായിരുന്നു  രത്നച്ചുരുക്കം -
 "ഈ നാട്ടിലെ നിയമ സംഹിതയെ കുറിച്ച് അച്ഛന് അറിയില്ല - ഇവളോന്നു
പരാതിപ്പെട്ടാല്‍ നമ്മള്‍ എല്ലാം അകത്താ, ഇത് നമ്മുടെ നാട് പോലെ അല്ല -
                  "ഞങ്ങളെ അടിച്ചു വളര്‍ത്തിയത്‌ പോലെ ഇവിടെ നടക്കില്ല "
            ഇടി വെട്ടേറ്റ്ത് പോലെ ഞാന്‍ സ്തംഭിച്ചു എങ്കിലും, അറിയാതെ  മനസ്സ് പഴയ കാലത്തേക്ക് പോയി-
           സ്കൂളില്‍ സംസ്കൃത പദ്യ പാരായണ മത്സരത്തിനു ചേര്‍ന്നപ്പോള്‍,
സാധാരണ കുട്ടികള്‍ ചൊല്ലാറുള്ള 'ദേവി മാഹാത്മ്യത്തില്‍ നിന്നും, വിഷ്ണു
  സ്തുതിയില്‍ നിന്നും ഒക്കെ വിഭിന്നമായി 'ഗീതയിലെ' രണ്ടാം അധ്യായത്തില്‍ നിന്ന് ' സ്ഥിത പ്രജ്ഞന്‍' എന്ന അവസ്ഥയെ വിവരിക്കുന്ന ശ്ലോകങ്ങള്‍ കോര്‍ത്തിണക്കി രാഗമാലികയില്‍ വിവിധ രാഗങ്ങളില്‍ പഠിപ്പിച്ച് അവതരിപ്പിച്ചതിന് ജില്ലാ തലത്തില്‍ സമ്മാനം കിട്ടിയത് ഓര്‍മയില്‍ വന്നു -                         സ്പോര്‍ട്സില്‍ താല്പര്യം ഉണ്ട് എന്ന് കണ്ടപ്പോള്‍, കാലത്തെ  എഴുന്നേറ്റു അവന്റെ കൂടെ അടുത്ത  ഗ്രൗണ്ടില്‍ പോയി വാച്ച് നോക്കി
ദീര്‍ഖ ദൂര  ഓട്ടത്തില്‍ എങ്ങിനെ ഇനിയും സമയം കുറയ്ക്കാം എന്നതിനുള്ള
പൊടിക്കൈകള്‍ പറഞ്ഞു കോടുത്തത്  ഓര്‍മയില്‍ വന്നു -
              എന്ജിനിയറിങ്ങിനു അവസാന സെമിസ്റ്റര്‍ കഴിഞ്ഞിട്ടും അതവരെ എന്നോട് പറയാതിരുന്ന പതിനാറു പേപ്പറുകള്‍, 'സപ്ലി' എഴുതി എടുക്കാന്‍ കാലതാമസം വന്നപ്പോഴും, ഞാന്‍ ഒന്നും  പറഞ്ഞിട്ടില്ല !
              എന്നിട്ടാണ് പറഞ്ഞത്  "ഞങ്ങളെ അടിച്ചു വളര്‍ത്തിയത്‌ പോലെ ഇവിടെ നടക്കില്ല "!
                                      "അച്ഛന് വെറുതെ ഇരുന്ന് ബോറടിക്കുന്നത് കൊണ്ടാണ്, ബാക്കിയുള്ളവരുടെ  കാര്യങ്ങളില്‍ ഇടപെടുന്നത് "!
                                അടത്ത ദിവസം തന്നെ പുതിയ ഒരു ലാപ് ടോപ്പും, ഇന്റര്‍നെറ്റ് സംവിധാനങ്ങളും എന്റെ മുറിയില്‍ ഒരുക്കപ്പെട്ടു. എന്നിട്ട് ഒരു താക്കീതും -
                "ഇനി ഇവിടെ ഇരുന്ന് ബ്ലോഗ്ഗെഴുതുകയോ, സര്‍ഫ് ചെയ്യുകയോ, ചാറ്റ് ചെയ്യുകയോ ഒക്കെ ആയിക്കൊള്ളു - മോളുടെ കാര്യത്തില്‍ ഒന്നും  അച്ഛന്‍ ഇനി ഇടപെടേണ്ട"!  
               രണ്ട് മൂന്നു ദിവസം ഞാനും വാശിക്ക് മുഖം വീര്‍പ്പിച്ചു നടന്നു -
                    എന്തോ ഒരു വിമ്മിഷ്ടം, ഒരേകാന്തബോധം -  അവസാനം സഹിക്കാന്‍  പറ്റാതെ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു
                      "എനിക്ക് നാട്ടില്‍ പോണം "
            മറുപടിയും പെട്ടെന്നായിരുന്നു
     "അച്ഛനതാണ് താല്പര്യം എങ്കില്‍ അങ്ങിനെ ആയിക്കൊള്ളൂ, ടിക്കറ്റ് ഞാന്‍ എടുത്തു തരാം -"
                  പക്ഷെ ഞാന്‍ എങ്ങോട്ട് പോകും ???
-------------------------------------------------------------------------------------------------------
                         


           
                    

19 comments:

 1. മുമ്പ് പോസ്റ്റ് ചെയ്തിരുന്നപ്പോള്‍ വായിച്ച് അഭിപ്രായവുമെഴുതിയിരുന്നു
  പിന്നെ നോക്കിയപ്പോള്‍ ആ പോസ്റ്റ് കണ്ടില്ല

  ആശംസകള്‍ മാത്രം പറയട്ടെ

  ReplyDelete
 2. ഇല്ല, ഒന്നും പറയാനില്ല.... :(

  ReplyDelete
 3. ഏതായാലും പി ആർ കിട്ടിയതിൽ സന്തോഷം
  ഓരോരുത്തർക്കും പിറന്ന നാടിനോട് ഓരോ തരം കാഴ്ച്ചപ്പാടുകൾ ഉണ്ട്.
  വിദേശ രാജ്യങ്ങളിൽ മികച്ച ജീവിത സൌകര്യങ്ങൾ കിട്ടികഴിയുമ്പോൾ പ്രത്യേകിച്ചും മലയാളികൾ പൊതുവെ സ്വീകരിക്കുന്ന നിലപാടാണ്

  ReplyDelete
 4. വായിച്ചതിൽ സന്തോഷം

  ReplyDelete
 5. ഓരോരുത്തർക്കും പിറന്ന നാടിനോട് ഓരോ തരം കാഴ്ച്ചപ്പാടുകൾ ഉണ്ട്.

  ReplyDelete
  Replies
  1. സന്ദർശനത്തിനു നന്ദി

   Delete
 6. Ethayalum thalli valarthiyanenkilum achanmare "othukkan" New geration padichallo. engane ehthra "othukkukal" kananirikkunnuuuuuuuuu......................


  thanks and best wishes

  ReplyDelete
 7. നാട്ടിൽ നാലുകാലിൽ ഒരോലപ്പുരക്കുള്ളത് ബാക്കിവയ്ക്കാമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നില്ലെ...? എന്നാലും പിറന്നു വളർന്ന നാട് എത്ര പെട്ടെന്നാണ് മറക്കാനായത്...!

  ReplyDelete
 8. സാഹചര്യത്തിന്റെ സമ്മർദം

  ReplyDelete
 9. മാവിനെക്കുറിച്ചു വ്യാകുലപ്പെടേണ്ട. അത് അവിടെയും നട്ടു വളർത്താം. ഉത്സവങ്ങൾ കഷ്ടിയാവും.

  ReplyDelete
 10. പുഞ്ചിരിച്ചു കൊണ്ട് വായന തുടങ്ങിയതാ - ഇപ്പോള്‍ മനസ്സില്‍ ഒരു സങ്കടം!

  ReplyDelete
 11. അച്ഛൻ ഒരു ശുഭാപ്തിവ്ശ്വാസക്കരനല്ല!പിള്ളേര് പലപ്പോഴും പറയാറുണ്ട്‌ -
  സത്യം പലപ്പോഴും അങ്ങിനെയാണ് എന്നാണു തോന്നിയിട്ടുള്ളത് -
  എന്തും ഏറ്റവും മോശമായി സംഭവിക്കാവുന്നത്‌ നമ്മൾ നേരത്തെ കണ്ടാൽ, പതീക്ഷക്ക് ഒത്ത് എന്ത് സംഭവിച്ചില്ലെങ്കിലും - മനസ്സിന് ഉൾക്കൊള്ളാൻ പറ്റുമല്ലോ -

  ReplyDelete
 12. അവസാനത്തെ സ്വയം ചോദിച്ച ചോദ്യം! ഹോ ഒരു ഷോക്ക് തന്നെ! ഓര്‍മ്മപ്പെടുത്തലും!

  ReplyDelete