Reminiscece Of Air Force Life

Thursday, January 24, 2013

'പങ്കാ നായരും പാരാ ജംബിങ്ങും'!

                            

                      എയര്‍ ഫോഴ്സ് സ്ക്വാഡ്രെനില്‍,  ഡി.എസ്. എസ് ലെ  (ഡെയിലി സര്‍വീസിംഗ് സെക്ഷന്‍)) )- ) പ്രഭാത കര്‍മം, വിമാനങ്ങള്‍, പറക്കാന്‍ തയ്യാറാക്കുക എന്നതാണ്.
              റെഡിയായി എല്ലാരും ഒപ്പിട്ടുകഴിഞ്ഞാല്‍, പിന്നെ പൈലറ്റുകള്‍ 
അവരുടെ ബ്രീഫിങ്ങു പ്രകാരം വരുന്നത് വരെ, പ്രത്യേകിച്ച് ജോലി ഒന്നും ഇല്ല.
അത് ചിലപ്പോള്‍ ഉടനെ ആയിരിക്കാം, ചിലപ്പോള്‍ രണ്ടു മൂന്നു മണിക്കൂര്‍
കഴിഞ്ഞായിരിക്കാം. അത് വരെ വിമാനങ്ങള്‍  തയ്യാര്‍ ആക്കിയ 'ക്രൂസ്' എല്ലാം വിമാനങ്ങള്‍ക്കരികെ, സമയം ചിലവഴിക്കും - ആ സമയമത്രയും, വിമാനത്തിന്റെ ചുവട്ടിലും, ടാര്‍മക്കിലും ഒത്തു കൂടി ഇരുന്ന് 'കുഴിക്കും'- 
           'കുഴിക്കും' എന്ന് എഴുതിയത് അക്ഷര പിശകല്ല- അങ്ങിനെ കഥകള്‍ പറഞ്ഞ് സമയം പോക്കുന്നതിനെ, ഏതോ ഒരു 'എയര്‍ ഫോഴ്സ് മലയാളി പിതാമഹന്‍' ഇറക്കിയ ഒരു '  മലയാള  പ്രയോഗമാണ്'- അത് .
ഈ പ്രയോഗം എങ്ങിനെ വന്നു,  എന്ന് മുതല്‍ വന്നു, എന്ന് ആര്‍ക്കും അറിയുകയില്ല! 
        അത് പോലെ പൈലെട്ടുകള്‍ വന്ന്, വിമാനങ്ങള്‍, സീ ഓഫ് ചെയ്തു പിന്നീടുള്ള ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒന്നര മണിക്കൂറും, അവ തിരിച്ച് ലാന്‍റ്  ചെയ്ത് എത്തുന്നവരെ, ഇത് തന്നെ പരിപാടി- 'കുഴിക്കല്‍'!      
               അങ്ങിനെ ഒരു ദിവസം 'കുഴിച്ചുകൊണ്ട്' ഇരിക്കുമ്പോള്‍ ആണ്,
    കാഫറ്റിരിയയില്‍ നിന്ന് ഇറങ്ങി വന്ന, എല്‍ . എ . സി  (ലീഡിംഗ് എയര്‍ ക്രാഫ്റ്റ്സുമെന്‍)))) ബഷീര്‍  പറഞ്ഞത് - 
                      'പങ്കാ നായര്‍, പി. ടി. എസ്സില്‍  {പാരാ ട്രൂപ്പെഴ്സ് ട്രെയിനിംഗ് സ്കൂള്‍) )))])} നിന്ന്,  ട്രെയിനിങ്ങ് കഴിഞ്ഞ് മടങ്ങി വന്നു' എന്ന് 
           പിന്നെ അന്നത്തെ 'കുഴിക്കല്‍' പങ്കായെ കുറിച്ചായി!  
       (പങ്കാ നായരെക്കുറിച്ച്‌ ' കോര്‍ പ്പൊറല്‍..-- .  'പങ്കാ നായര്‍'എന്നഎന്റെ ബ്ലോഗ്ഗില്‍ പ്രതിപാദിച്ചിരുന്നു, അതും കൂടി വായിച്ചാല്‍ ആളെ ശരിക്കും മനസ്സിലാകും. )
                        പട്ടാളത്തില്‍ ആര്‍മി, നേവി എയര്‍ ഫോഴ്സ് എന്നീ മൂന്നു വിഭാഗങ്ങളിലും, 'പാരട്രൂപ്പെഴ്സിനെ' സുസജ്ജമാക്കിയിട്ടുണ്ട്.
                        'ബിന്‍ ലാദനെ' വകവരുത്താന്‍ പോയ 'സീല്‍' എന്ന അമേരിക്കന്‍ നേവിയുടെ, കമാന്‍ഡോ വിഭാഗത്തിന്റെ ചെയ്തികള്‍, നമ്മുടെ ഇന്നലെകള്‍ ആണല്ലോ-
                 അതുപോലെ ഇന്ത്യയിലെ പട്ടാള വിഭാഗങ്ങളിലും, അവരവരുടേതായ 'പാരട്രൂപ്പേഴ്സ്' ഉണ്ട്.
                    അത് വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാന്‍ സുസജ്ജമാക്കി നിറുത്തിയിട്ടുള്ള ഒരു സംവിധാനം ആയിരിക്കാം.
             മേല്‍പ്പറഞ്ഞ പോലെ 'കമാണ്ടോകളായി', ശത്രു രാജ്യത്ത് ആകാശത്ത് കൂടി ചെന്നിറങ്ങി, ദൌത്യങ്ങള്‍ പൂര്‍ത്തീകരിച്ചു, മടങ്ങി വരേണ്ട യുദ്ധ തന്ത്രങ്ങല്‍ക്കാകാം-
          യുദ്ധഭൂമിയില്‍ വെടിയേറ്റ്‌ കിടക്കുന്ന പട്ടാളക്കാരെ, ഉടനടി അടുത്തുള്ള 
മിലിട്ടറി ആശുപത്രികളില്‍ എത്തിക്കേണ്ട സേവനങ്ങള്‍ക്ക്  വേണ്ടി ആകാം.-
           സാധാരണ ഇതിനായി തിരഞ്ഞ് എടുക്കപ്പെടുന്നവര്‍, നല്ല പൊക്കവും ആകാരവും ഉള്ള ആളുകള്‍  ആയിരിക്കും.    
                 ജി.ടി. ഐ {ഗ്രൌണ്ട് ട്രെയിനിംഗ് ഇന്‍സ്റ്ട്രക്ടര്‍))} , മെഡിക്കല്‍ അസ്സിസ്സ്റ്റന്റ് , ഡോക്ടേഴ്സ്,  മുതലായവരെയാണ് മുഖ്യമായി ഈ വിഭാഗത്തിന് ആവശ്യം. ചിലപ്പോള്‍ സാഹസികതയില്‍  താല്‍പ്പര്യമുള്ള
മറ്റു ട്രേഡില്‍ നിന്നും മുന്നോട്ടു വരുന്നവരെയും എടുക്കാറുണ്ട്.
         പങ്കക്ക് 'പാരട്രൂപ്പേ ഴ്സു ട്രെയിനിംഗ് സ്കൂളില്‍' (പി.ടി എസ്) റിപ്പോര്‍ട്ട് ചെയ്യുവാനുള്ള ഓര്‍ഡര്‍ കിട്ടി, എന്ന് കേട്ടപ്പോള്‍ മാത്രമാണ്, അയാള്‍ ഇതിനു അപേക്ഷിച്ചിരുന്നു എന്ന വിവരം  തന്നെ  ഞങ്ങളെല്ലാം അറിഞ്ഞത്.  
      അന്നത്തെ അത്താഴപ്പൂജ, പങ്കാ പോകുന്നത് പ്രമാണിച്ചായിരുന്നു  ! 
                      സംസാരത്തിനിടെ, പങ്ക തുറന്നു സമ്മതിച്ചു. 
                  'സാഹസികതയോടുള്ള കമ്പം കൊണ്ടൊന്നും അല്ല, ഈ കുരിശു എടുത്ത് തലയില്‍ വെച്ചത്  - ട്രെയിനിഗ് കഴിഞ്ഞാല്‍ ശമ്പളത്തോടൊപ്പം സ്ഥിരമായി കിട്ടുന്ന 'പാരട്രൂപ്പര്‍ അലവന്‍സ്', ഒരു പെങ്ങളെ കെട്ടിച്ചയക്കാന്‍ സഹായമായേക്കും, എന്നത് കൊണ്ട് മാത്രമാണ്  .'
                      വീട്ടിലെ പ്രാരബ്ധങ്ങള്‍ മറ്റുള്ളവരോട് പങ്ക തമാശയില്‍ക്കൂടിയെ 
പറയാറുള്ളൂ.         
          പങ്ക അവിടെ നിന്ന് സ്ഥലം മാറിപ്പോയ ശേഷവും അയാളെക്കുറിച്ചു, ഞങ്ങളെല്ലാം പറഞ്ഞു ചിരിക്കാറുള്ളത്, എഴുപത്തൊന്നു യുദ്ധത്തിന് ശേഷം പങ്ക അവധിക്കു പോയ കഥയാണ്.
                   നവംബറിലെ അച്ഛന്റെ ഷഷ്ടിപൂര്‍ത്തി കൂടാനും കൂടി വേണ്ടി,
അവധി, കൊല്ലാവസാനത്തേക്ക് നീട്ടിയ പങ്ക്ക്ക്, ഒടുവില്‍ ഡിസംബറില്‍ 
ഉണ്ടായ യുദ്ധം കാരണം, അത് നടന്നില്ല - പിന്നെ അടുത്തകൊല്ലം 'വിഷു നാട്ടില്‍ ആക്കാം' എന്നായി പ്ലാന്‍. .- -
            അറുപതാം പിറന്നാളിന് വേണ്ടി അച്ഛന് മേടിച്ച കാശ്മീര്‍ ഷാളും ഒക്കെ പാക്ക് ചെയ്ത പെട്ടിയുമായി റെയില്‍വേ സ്റ്റേഷനില്‍ വണ്ടി ഇറങ്ങി.  പതിവ് പോലെ, വര്‍ഗീസേട്ടന്റെ കാറുമായി അച്ഛനെ തീവണ്ടി ആപ്പീസില്‍  കണ്ടില്ല. പിന്നെ ടാക്സി പടിച്ചു വീട്ടില്‍ എത്തിയപ്പോള്‍, അനിയത്തിമാരും അമ്മയും, അമ്മായിയും വേലക്കാരി സൌദാമിനിയും എല്ലാപേരും കാത്തു നില്‍പ്പുണ്ടായിരുന്നു. വരവേല്‍പ്പിന്റെ  ബഹളം -
                  നടക്കല്ലില്‍ പാവയും പിടിച്ചു, കളിച്ചു കൊണ്ടിരുന്ന കൊച്ചിനെ കണ്ടപ്പോള്‍, ദൂരെ നില്‍ക്കുന്ന സൌദാമിനിയെ നോക്കി, പങ്ക ഒരു കുസൃതി ചിരിയോടെ ചോദിച്ചു
             "വേലപ്പന്‍ ചേട്ടന്‍ ഇപ്പോഴും, ഉഷാറായി ഇരിക്കുന്നു അല്ലെ"
      വിളറിയ മുഖവുമായി, ചെറു ചിരി പ്രതീക്ഷിച്ച , പങ്ക കണ്ടത്, തല വെട്ടിച്ചുകൊണ്ട് അപ്പുറത്തേക്ക് പോയ സൌദാമിനിയെ ആണ്.   
          ഒന്നും മനസ്സിലാകാത്ത പങ്ക പുറം തിരിഞ്ഞു പോയ സൌദാമിനിയെ പകച്ചു നോക്കിയിട്ട്, വീണ്ടും കുഞ്ഞനെ നോക്കി ?
               " നീ എന്താണ് അന്യ ഗ്രഹത്തീന്നു വന്ന  ജീവിയെപ്പോലെ, അതിനെ നോക്കുന്നത് , അത് നിന്റെ കുഞ്ഞനിയത്തിയാ "
            എന്നും പറഞ്ഞു അമ്മയും അടുക്കളയിലേക്കു വലിഞ്ഞു !!  
    അതാണ്‌ അറുപതാം പിറന്നാളിന് പങ്ക അച്ഛന് നല്‍കിയ  സമ്മാനത്തിന് 
കിട്ടിയ   പ്രത്യുപഹാരം !!

              പങ്കാ കോഴ്സ് കഴിഞ്ഞു മടങ്ങി വന്നു, എന്നറിഞ്ഞ  ഞങ്ങള്‍, ഡ്യൂട്ടി കഴിഞ്ഞ് ബില്ലറ്റില്‍  എത്തിയത് 'പങ്കയെ' കാണാനുള്ള ഉത്സാഹത്തോടെ ആണ്.
               പക്ഷെ ക്ഷീണിതനും മ്ലാനമുഖത്തോടും പങ്ക ഇരിക്കുന്ന കാഴ്ചയാണ്,
ഞങ്ങള്‍ കണ്ടത്.
          എന്തെങ്കിലും ചോദിക്കുന്നതിനുമാത്രം ഒറ്റ വാക്കില്‍ ഉത്തരം.
            കാരണം ആരാഞ്ഞപ്പോള്‍, 'ന്യൂമോണിയ' പിടിച്ച് എയര്‍ഫോഴ്സ് 
ആശുപത്രിയില്‍ ആയിരുന്നെന്നും, രണ്ടു ദിവസം മുന്‍പാണ് ഡിസ്ചാര്‍ജു 
ചെയ്തത് എന്നും പറഞ്ഞു. 
             അപ്പോള്‍ കോഴ്സ് മുഴുവനാക്കാന്‍ പറ്റിയില്ല, എന്ന് മനസ്സിലാക്കിയ 
ഞങ്ങള്‍ കൂടുതല്‍ ചോദിച്ചു വിഷമിപ്പിക്കാന്‍ തുനിഞ്ഞില്ല.
                              രണ്ട് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പങ്കയുടെ മ്ലാനത
 തുടര്‍ന്നു. അവസാനം ഞാന്‍ അയാളോട് തുറന്നു ചോദിച്ചു -
       'തനിക്കു എന്താണ് പറ്റിയത്? കോഴ്സിന്, ഇനിയും അപേക്ഷിക്കാമല്ലൊ-
ഒരു പ്രാവശ്യം കിട്ടിയത് കൊണ്ട്, തിരഞ്ഞെടുക്കപ്പെടാന്‍ മുന്‍ഗണനയും കിട്ടും.
              'താന്‍ വൈകുന്നേരം, തോമസ്സിന്റെ മുറിയിലേക്ക് വാ -'
                         എന്ന് മാത്രം പറഞ്ഞു പങ്ക നടന്നു നീങ്ങി- 
                          തോമസ് പങ്കയുടെ അടുത്ത സുഹൃത്താണ്. അവര്‍ ഒരുമിച്ച് പഴയ 
യൂണിറ്റില്‍ ജോലി  ചെയ്തതാണ്. ഇപ്പോള്‍ ഞങ്ങളുടെ സ്റ്റേഷനില്‍ തന്നെ, 
വേറൊരു യൂണിറ്റില്‍ ജോലി ചെയ്യുന്നു. താമസിക്കുന്നത്, ഞാന്‍ താമസിക്കുന്ന 
ബ്ലോക്കിന്റെ മൂന്നു ബാരക്കുകള്‍ അപ്പുറത്ത് ,ബാരക്കിന്റെ മൂലയിലുള്ള 
ഒരു മുറിയില്‍..
                        വൈകുന്നേരം തോമസ്സിന്റെ മുറിയില്‍ ചെന്നപ്പോള്‍, പങ്ക അവിടെ ഉണ്ടായിരുന്നു.
              പ്രാഥമിക കുശല പ്രശ്നങ്ങള്‍ക്ക് ശേഷം വീണ്ടും പങ്ക ഏതോ ലോകത്ത് എന്ന പോലെ ഇരിക്കാന്‍ തുടങ്ങി -   .-  -
          'തനിക്കു എന്താണ് പറ്റിയത്? കോഴ്സിന്, ഇനിയും അപെക്ഷിക്കാമല്ലൊ-'
                ഞാന്‍ നേരത്തെ അയ്യാളോട് പറഞ്ഞ വാചകം ആവര്‍ത്തിച്ചു.
                                     'ഇനി അത് ഒരിക്കലും നടക്കില്ല' !
                               ഞാനും തോമസ്സും പരസ്പരം മുഖത്തേക്ക് നോക്കി !      
        പിന്നെ പങ്ക പി.ടി എസ്സില്‍ ചെന്നത് മുതലുള്ള കാര്യങ്ങള്‍ വിവരിച്ചു.
                                      പങ്ക അവിടെ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടുത്ത ദിവസം മുതല്‍ , രണ്ടു ആഴ്ച്ചത്തേക്ക്, അതി തീവ്രമായ  'ഫിസിക്കല്‍ ട്രെയിനിങ്ങ്' ആയിരുന്നു.
                             അത് കഴിഞ്ഞു അവരുടെ സീനിയര്‍ ബാച്ചിന്റെ കൂടെ, പുതിയ 
ആള്‍ക്കാരെയും കൂട്ടാന്‍ തുടങ്ങി. 
                                       വാതിലുകള്‍ ഇല്ലാത്ത ഒരു 'പാക്കറ്റ്' വിമാനത്തില്‍99 9( (     
(എയര്‍ ഫോഴ്സില്‍, അന്ന് ഉപയോഗിച്ചിരുന്ന,  ചരക്ക് വിമാനം)
 പുതിയ ട്രെയിനികളെ, സീനിയേഴ്സ് ചെയ്യുന്നത് കണ്ട് മടി മാറാനും 
പഠിക്കുവാനും വേണ്ടി, കൂടെ കൊണ്ട് പോകാന്‍ തുടങ്ങി -
            പലര്‍ക്കും ആദ്യം ചാടാന്‍ മടിയും, പേടിയും ആയിരിക്കും-        
                  അവിടെയുള്ള  പരിശീലിപ്പിക്കുന്നവര്‍ക്ക്, ഇതുപോലെ ഒരുപാട് പ്രാവശ്യം, ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച, പള്ളിയില്‍ പോകാത്തവരെ കൈകാര്യം ചെയ്തു പഴക്കമുണ്ട്.
          അതുകൊണ്ട് തന്നെ അവര്‍ വിമാനവുമായി ബന്ധിച്ച ഒരു 'ഇലാസ്റ്റിക്  ബെല്‍റ്റ്‌' അണിഞ്ഞാണ് നില്‍ക്കാറ് .
            തുറന്ന വാതിലില്‍ കൂടി ചാടാന്‍, ആദ്യം ആളുകള്‍ മടിച്ചു നില്‍ക്കും.  
പാരച്യൂട്ട് കെട്ടി നില്‍ക്കുന്ന അവരെ, സന്നത്ധരാക്കി, വെളിയിലേക്ക് 
ചിലപ്പോള്‍ തള്ളി ഇടേണ്ടി വരും. ചാടാന്‍ എന്നിട്ടും മടിയുള്ള ചില വില്ലന്മാര്‍ 
പരിശീലകനെ വട്ടം പിടിക്കും - മുങ്ങി പോകാന്‍ പോകുന്നവന് കിട്ടുന്ന 
കച്ചി തുരുമ്പ് പോലെ - അങ്ങിനെയുള്ള, കിനാവള്ളി പിടുത്തങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ആണ് ആ 'ഇലാസ്റ്റിക്കു ഹാര്‍ ണസ്സ് ' . ഒരു കൈകാലിട്ടടി കഴിഞ്ഞു, ട്രെയിനി  താഴോട്ടും, പരിശീലകന്‍, ഇലാസ്റ്റിക്കു വലിഞ്ഞ്, തിരികെ വിമാനത്തിനകത്തെക്കും പതിക്കും.
         ഇതെല്ലാം സാധാരണയായി വേണ്ടി വരികയില്ല, എങ്കിലും ഒരു സുരക്ഷാ
 നടപടി ആയി തുടരാറുണ്ട്. ചാടുന്ന ആള്‍ക്ക് ആത്മവിശ്വാസം കിട്ടുമ്പോള്‍,
നിത്യ തൊഴില്‍ അഭ്യാസം എന്നാ തലത്തില്‍ എത്തും.
   എപ്പോഴും, സീനിയേഴ്സ് ചാടുമ്പോള്‍, കണ്ടു കൊണ്ടിരുന്നവരില്‍  ഏറ്റവും 
പുറകില്‍ പങ്ക ആയിരുന്നു, എന്നത് പരിശീലകര്‍ ശ്രദ്ധിച്ചു. ചീത്ത പറഞ്ഞ് ,
 അവര്‍ പങ്കയെ, തുറന്ന വാതിലിന്‍റെ വലതു ഭാഗത്ത്‌ ഒരു കമ്പിയില്‍ പിടിച്ച്,
വെളിയിലേക്ക് തിരിഞ്ഞു നില്‍ക്കാന്‍ പറഞ്ഞു. പിന്നെ അന്നത്തെ  അഭ്യാസം 
കഴിയുന്നവരെ പങ്കക്ക് അങ്ങിനെ നില്‍ക്കേണ്ടി വന്നു. പങ്ക നില്‍ക്കുകയും 
ചെയ്തു. അവസാനമാണ് പരിശീലകര്‍ക്ക് മനസ്സിലായത്‌ - പങ്കയുടെ നില്‍പ്പ് 
കണ്ണ് അടച്ചുകൊണ്ടായിരുന്നു എന്നത്.
      തുറന്ന വാതിലിന്റെ അരുകില്‍ തണുത്ത കാറ്റും അടിച്ച്, പേടിയോടെ നിന്ന
പങ്കക്ക്, വൈകുന്നേരത്തോടെ പനി തുടങ്ങി -
                 അടുത്ത ദിവസം, മിലിട്ടറി ആശുപത്രിയില്‍  ആയി. പിന്നീട് അത് 'ന്യൂമോണിയ' ആയി -
           പക്ഷെ ശരിക്കും പങ്കയുടെ പ്രശ്നം അതൊന്നും ആയിരുന്നില്ല -
       "അക്രോഫോബിയ' എന്ന വൈകല്യമുള്ള ആളായിരുന്നു, അങ്ങേര്‍ !!
   ഉയരങ്ങളില്‍ നിന്ന് താഴേക്കു നോക്കുമ്പോള്‍,  ചിലര്‍ക്ക് തോന്നുന്ന ഭീതി.
കൊച്ചും നാളില്‍, പിടിപെട്ട ഈ പ്രശ്നത്തിന് കാരണം, പലതും ആകാം -
ചിലര്‍ക്ക് അത്, വളരുമ്പോള്‍ മാറുകയും ചെയ്യും.
                        പക്ഷെ പങ്കയില്‍ അത് നടന്നില്ല -
              പി .ടി.എസ്  പങ്കയെ 'അണ്‍ഫിറ്റ്' അടിച്ചു വിട്ടു -
      'വീര ശൂര പരാക്രമന്‍' ആയ, പങ്കക്ക്, ഇത് എല്ലാ  പേരോടും,  പറയാന്‍
 ഉള്ള,  ചളിപ്പ്‌  ആയിരുന്നു,  ഈ മൂഡ്‌ ഓഫിന്റെ കാരണം !
                 അവസാനം,'ന്യുമോണിയ ബാധ' ആണ്, പങ്കക്ക് വിന ആയതു എന്ന
തിയറി, ഞാനും തോമസും കൂടി പ്രചരിപ്പിച്ചു -
                      പങ്ക നായര്‍, വീണ്ടും 'പങ്ക നായര്‍'' ആയി   
ഇത് കഴിഞ്ഞിട്ടുള്ള ആത്മവിശ്വാസം നേടിയ, പങ്ക കഥകള്‍ പുറകെ -

            
                 





Thursday, January 17, 2013

കോര്‍ പ്പൊറല്‍..-- . 'പങ്കാ നായര്‍'

                        


         
                  എന്റെ പതിനഞ്ചു കൊല്ലത്തെ പട്ടാള ജീവിതത്തില്‍, ഇന്ത്യയില്‍ ഒരുപാട് സ്ഥലങ്ങളില്‍, ജോലി ചെയ്തിട്ടുണ്ട്.  പല പ്രത്യേകതകള്‍ ഉള്ള വ്യക്തികളെ, കാണാനും അടുത്ത് ഇടപഴകാനും സാധിച്ചിട്ടുണ്ട്. അതില്‍ ചിലര്‍ ഇപ്പോഴും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. അതില്‍ ഒരു വ്യക്തി  കോര്‍ പ്പൊറല്‍..-- .  'പങ്കാ നായര്‍' എന്ന കഥാപാത്രമാണ്.
          'കോര്‍ പ്പൊറല്‍..--' എന്ന് പറഞ്ഞാല്‍ 'എയര്‍ഫോഴ്സിലെ' ഒരു റാങ്ക് ആണ്.
                                                 അയാളുടെ ശരിക്കുള്ള പേര്, ശശിധരന്‍ നായര്‍., വള്ളംകുളംകാരന്‍.. - അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരുപ്പില്ല എന്ന് ഈയ്യിടെ ചില പഴയ സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടു. ശരിയാണോ  എന്നറിയില്ല.      
                          'പങ്കാ' എന്നാ ഹിന്ദി വാക്കിന്റെ അര്‍ത്ഥം, അനാവശ്യമായ തലങ്ങളിലും, സന്ദര്‍ഭങ്ങളിലും ഇടപെട്ട്, സ്വയം അനര്‍ത്ഥം തലയില്‍  ഏറ്റുവാങ്ങുന്ന വ്യക്തി എന്നാണ്. ആ കാലം, എയര്‍ഫോഴ്സിലുടനീളം അറിയപ്പെട്ടിരുന്ന ഒരു കഥാപുരുഷന്‍-..
                         ഇതുപോലെ, ഞാന്‍ എയര്‍ഫോഴ്സില്‍ കയറുമ്പോള്‍, പിന്‍ തലമുറക്കാര്‍ പറഞ്ഞു കേട്ടിട്ടുള്ള 'ആന ഗോപാലന്‍' , 'ഇഞ്ചി നായര്‍', 'അമേരിക്കന്‍ തോമ' എന്ന ചില കഥാപാത്രങ്ങളെ, പാണന്‍ പാടി നടന്നിട്ടുള്ള വടക്കന്‍ പാട്ടുകള്‍ പോലെ, ഇപ്പോഴും എയര്‍ ഫോഴ്സ്  മലയാളികള്‍ക്ക് ഒരു 'ലെജണ്ട്' ആയിരിക്കും എന്ന് കരുതുന്നു.      

                             'പങ്കാ നായരുടെ' പൊക്കം അഞ്ചടി രണ്ടു ഇഞ്ച് ആയിരുന്നു.
  മിനിമം അഞ്ചടി മൂന്നു ഇഞ്ച് വേണം എന്നുള്ള എയര്‍ഫോഴ്സ് നിബന്ധനകള്‍,
എങ്ങിനെ അങ്ങേര് മറി കടന്നു എന്നത്, ഞങ്ങള്‍ക്ക് ഏവര്‍ക്കും വലിയ അതിശയം ആയിരുന്നു.
                              ഈ പശ്ചാത്തലത്തില്‍ ആണ് 'പങ്കയുടെ' ഒരു കസര്‍ത്ത്  ഞാന്‍ ഓര്‍ക്കുന്നത്.   
                               നിങ്ങള്‍ ഒക്കെ ടി . വിയില്‍ കാണുന്ന, റിപ്ലബിക്ക്  ദിനത്തില്‍  നടക്കുന്ന 'മാര്‍ച്ച് പാസ്റ്റ്' ഒരാഴ്ച കൊണ്ടൊന്നും തട്ടിക്കൂട്ടുന്നതല്ല.   
                            നവംബര്‍ അവസാനം മുതല്‍, ഡല്‍ഹിയുടെ അടുത്തുള്ള പല യൂണിറ്റുകളില്‍ നിന്നും ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ട്, ഒന്ന് രണ്ട് മാസത്തെ അതിതീവ്രമായ പ്രാക്ടീസിന് ശേഷമാണ്, ഈ കലാപരിപാടി അവതരിപ്പിക്കുന്നത്‌..    
                അത് പോലെ ഒരു നവംബറില്‍, എല്ലാ തിങ്കളാഴ്ചയും നടക്കുന്ന, സ്റ്റേഷന്‍ പരേഡില്‍, സല്യൂട്ട്സ്വീകരിച്ച് , നടത്തിയ പ്രസംഗത്തില്‍, കമാണ്ടിംഗ് ഓഫീസര്‍, ഈ ദൗത്യത്തെ കുറിച്ച് പ്രതിപാദിച്ച ശേഷം, ചോദിച്ചു
                                    " എനി വോളന്റിയേഴ്സ്" ?
                                       ആരും മുന്നോട്ട് വന്നില്ല !
       എയര്‍  ഫോഴ്സുകാര്‍,  രാജ്യ സ്നേഹികള്‍ അല്ലാത്തത്  കൊണ്ടൊന്നും അല്ല!  ഡിസംബറിലെ തണുപ്പില്‍, രണ്ടു മൂന്നു മണിക്കൂര്‍, മാര്‍ച്ച്‌ പാസ്റ്റ് പ്രാക്ടീസ് ചെയ്ത്, നാട്ടുകാരെ കാണിക്കാന്‍ വേണ്ടി ചെയ്യുന്ന ഈ പരിപടിയോടുള്ള വിരക്തി.
                  അപ്പോഴാണ്‌ ദേശസ്നേഹിയായ ഒരു എയര്‍ മാന്‍, 
                              'സര്‍'  എന്നുറക്കെ പറഞ്ഞു കൊണ്ട് ഒരടി മുന്നോട്ടു വെച്ച്, തന്റെ സന്നദ്ധത, പ്രഖ്യാപിച്ചത്.
                          അത് മറ്റാരും അല്ലായിരുന്നു - 'പങ്കാ നായര്‍' !!
                    പങ്കാ നായരുടെ നിരവധി 'ചാര്‍ജു ഷീറ്റുകള്‍' ട്രയല്‍ ചെയ്തിട്ടുള്ള 
കമാണ്ടിങ്ങു ഒഫീസറിനു, ആ മുഖം സുപരിചിതമായിരുന്നു. അതു കൊണ്ട്, ആ വിഷയത്തെ കുറിച്ച് കൂടുതലൊന്നും പറയാതെ അദ്ദേഹം പരിപാടിയിലെ അടുത്ത ഇനത്തിലേക്ക് കടന്നു.
                                   വൈകുന്നേരത്തെ അത്താഴ പൂജക്ക്‌ ശേഷം, ബില്ലറ്റില്‍ വെച്ച് ഞങ്ങള്‍ പങ്കയോട് ചോദിച്ചു -
                  " താന്‍ എന്ത് കണ്ടിട്ടാണ്, ഡല്‍ഹിക്ക് പോകാന്‍ ഒരുങ്ങിയത് ?"
        'രണ്ടാഴ്ച ദല്‍ഹി കറങ്ങി വരാം എന്നാണ് ഞാന്‍ വിചാരിച്ചത് -
നടന്നില്ല - രണ്ടു മൂന്നു കൊല്ലം ഞാന്‍ അവിടെ ഉണ്ടായിരുന്നതാ - അഞ്ചടി 
പത്തിഞ്ചില്‍  താഴെയുള്ള ഒരുത്തനേയും, ആ പരിസരത്ത് പോലും നില്‍ക്കാന്‍ 
അവര്‍ സമ്മതിക്കില്ല!  
        അവസാനം 'പട്ടാള ക്കാര്യം' മുറ പോലെ എന്ന് പറയുന്നത് പോലെ, ആറടി പൊക്കവും നല്ല ആകാരവും ഉള്ള ഇരുപതു പേരുടെ പേരുകള്‍ അടങ്ങിയ ഒരു സര്‍ക്കുലര്‍, ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ നിര്‍ദേശിച്ചു കൊണ്ട് രണ്ടു ദിവസത്തിനുള്ളില്‍ ഇറങ്ങി.    
                                        ഇത് പങ്കയുടെ ഒരു മുഖം -
            പട്ടാള  കാമ്പുകളില്‍, ശമ്പളം കിട്ടുന്ന ദിവസം, കാശ് വെച്ച് ചീട്ട്‌ കളിക്കുന്ന 
ഒരു  പ്രവണത ഉണ്ടായിരുന്നു.   
           എയര്‍ ഫോഴ്സ് പോലീസിന് പോലും പിടിക്കാന്‍ പറ്റാത്ത ഇടങ്ങിളില്‍ ആയിരുന്നു ഈ പരിപാടി. ആള്‍ താമസം ഇല്ലാത്ത ബില്ലറ്റില്‍ , ടെറസ്സിന്റെ മുകളില്‍, തുടങ്ങിയ സ്ഥലങ്ങളായിരുന്നു ഇവരുടെ ഒളി സങ്കേതങ്ങള്‍.-  
                             ഒന്നുകില്‍ ഇനിയും കാശ് ഉണ്ടാക്കണം - അല്ലെങ്കില്‍
പ്രാരാബ്ധ വിമോചിതനാകണം - ചുരുക്കത്തില്‍ എളുപ്പം പൈസ ഉണ്ടാക്കാന്‍ ഒരു മാര്‍ഗം.
        ശമ്പളം കിട്ടിയ മുഴുവന്‍ പൈസയും, ചീട്ടു കളിച്ചു കളഞ്ഞ്   വന്ന് ബെഡ്ഡില്‍ സീലിങ്ങും നോക്കി കിടക്കുന്ന പങ്കയോട് ഞാന്‍ ചോദിച്ചു 
                   "താന്‍ എന്തിനാടോ ഈ പണിക്ക്  പോയത്?"
          "എന്റെ പെങ്ങളുടെ കല്ല്യാണം നടക്കണമെങ്കില്‍ ഞാന്‍ കളഞ്ഞതിന്റെ 
അഞ്ചിരട്ടി വേണം. ദൈവ നിശ്ചയം ഉണ്ടങ്കില്‍ എനിക്ക് ആ പൈസ കിട്ടും !
കൈയ്യില്‍ ഉള്ളത് കൊണ്ട് മതിയാകുകയും ഇല്ല - ഞാന്‍ ദൈവേച്ഛ എന്താണ് എന്ന് നോക്കിയതാ"-
           എന്തായാലും ഞങ്ങള്‍ കുറെ സഹൃദയര്‍ ഉണ്ടായിരുന്നതിനാല്‍, പങ്കയുടെ 
പെങ്ങളുടെ കല്ല്യാണം, സമയത്തിനു നടന്നു . സഹായിച്ചവര്‍ക്കെല്ലാം പൈസ സാവകാശം തിരികെ നല്‍കുകയും ചെയ്തു.
              പങ്കയുടെ രസാവഹമായ സംഭവത്തിലേക്ക്,  ഇനിയാണ് ഞാന്‍ വരാന്‍ പോകുന്നത്! 
                       എയര്‍ഫോഴ്സിലെ എല്ലാ ഹാങ്ങറുകളിലും ( വിമാനങ്ങള്‍ പാര്‍ക്ക്  ചെയ്തിരിക്കുന്ന കെട്ടിടം) ഞങ്ങള്‍ തന്നെ  ആണ് 'ഗാര്‍ഡു ഡ്യൂട്ടി' ചെയ്യേണ്ടത്.      മൂന്നു ഷിഫ്ട്ടുകള്‍  ആയാണ് ഡ്യൂട്ടി ചെയ്തിരുന്നത്. അങ്ങിനെ ഒരു ദിവസം ഞാനും പങ്കയും കൂടി ആയിരുന്നു ഡ്യൂട്ടി . രാത്രി പതിനൊന്നു മണിക്കാണ് എന്റെ അടുത്ത ഡ്യൂട്ടി. ഏഴു മണിവരെയുള്ള എന്റെ ഷിഫ്റ്റും കഴിഞ്ഞ്, ഞാന്‍ ബാറില്‍ ചെല്ലുമ്പോള്‍, (അനൌദ്യോഗികമായി) പങ്ക അവിടെ നല്ല ഫോമിലാണ്.
                ഞാനും കൂടി.  വര്‍ത്തമാനം കത്തി കയറിയപ്പോള്‍, ആരോ പറഞ്ഞു -
                                 "ഈ തോക്കും ഉണ്ടയും' ഒക്കെ തന്ന് ഡ്യൂട്ടി ചെയ്തിട്ട്, അത് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം പോലും നമുക്കില്ല. ഇതെന്താ  ആഭരണമോ ?"
                       ഡ്യൂട്ടിക്ക് പോകുന്നവര്‍ക്ക്, അതിനു മുന്‍പുള്ള ബ്രീഫിങ്ങില്‍ പറയുന്ന ഒരു പ്രധാന കാര്യമുണ്ട്. 
               "തരുന്ന തോക്കിന്റെ ചേംബറില്‍, ആരും വെടിയുണ്ട ലോഡ് ചെയ്തു വെക്കരുത്" എന്ന്.
            കൈയ്യബദ്ധം പറ്റാതിരിക്കാനുള്ള ഒരു മുന്നറിയപ്പ് ആണ് അത്.  
                 പങ്ക, ആ സ്വാതന്ത്രമില്ലായ്മെക്കെതിരെ  പ്രതികരിച്ചു. വാഗ്വാദമായി-  ചലെഞ്ച്  ആയി - ബെറ്റ് വെക്കലായി -
                                           "പത്മനാഭാ, നിനക്കീ പടവാള്‍  തന്നിരിക്കുന്നത്, അരയില്‍ ഉടയാടയായി അണിയാനല്ല" എന്ന വേലുത്തമ്പി ദളവ സ്റ്റൈലില്‍,
                       പങ്ക ബാറില്‍ ഇരുന്ന് പ്രഖ്യാപിച്ചു -
                 "ഇന്നത്തെ ഡ്യൂട്ടിയില്‍ ഞാന്‍ ഇത് തെളിയിക്കും"
                                 "ബെറ്റ് "
                           " ഒരു കുപ്പി റം"
  സാക്ഷ്യം - സാക്ഷി - കോയിക്കോട്കാര്  പറയുന്നപോലെ  'കബൂലായി'-

          പതിനൊന്നുമണിയോടെ എന്റെ ഡ്യൂട്ടി അവസാനിച്ചപ്പോള്‍, ഞാന്‍ പങ്കയെ വിളിച്ചുണര്‍ത്തി.
                 അമാന്തത്തോടെ ആണെങ്കിലും വിളിച്ച് ഉണര്‍ത്തിയപ്പോള്‍, ആള്‍ അലര്‍ട്ട് ആയി. ഞാന്‍  ഉറങ്ങാനും പോയി.
                  എപ്പോഴെന്ന് അറിയില്ല - പുറത്ത് 'പങ്കയുടെ  ഒച്ച കേട്ട് ഞാന്‍ ഉണര്‍ന്നു.
                    ചെക്കിങ്ങിനു വന്ന ഡ്യൂട്ടി ഓഫീസറോ, പോലീസുകാരോ 
ആണെന്ന് വിചാരിച്ചു ഞാന്‍ അസ്വസ്ഥനായി തിരിഞ്ഞു കിടന്നു.
            ഡ്യൂട്ടി പോസ്റ്റിനു സമീപം, ആരെ കണ്ടാലും, തോക്ക് ചൂണ്ടി    
                             'ഹാള്‍ട്ട് - ഹൂ കംസ് ദെയര്‍'
       എന്ന്  ഉറക്കെ, ചലെഞ്ചു ചെയ്യണം എന്നാണ്, പട്ടാള നിയമം-
           വരുന്ന ആള്‍, അതതു ദിവസം വൈകുന്നേരം, കളര്‍ ലോവറിങ്ങിനു  ശേഷം (ഗാര്‍ഡു റൂമിന് മുന്നില്‍ ദിവസവും കാലത്ത് ഉയര്‍ത്തുന്ന ദേശീയ പതാക താഴ്ത്തുന്ന ചടങ്ങ്) രഹസ്യമായി അന്ന് രാത്രിയിലേക്ക്‌ ഉപയോഗി ക്കേണ്ട, സീക്രറ്റ്  'പാസ് വേര്‍ഡ്‌' പറഞ്ഞാലേ, ശത്രു അല്ല എന്ന നിഗമനത്തില്‍ 
 എത്താവൂ എന്നാണ്, ഉത്തരവ് !        
                           വലിയ ഒരു വെടിയോച്ചയോടെ ഞാന്‍ ഉണര്‍ന്നു !
                കുറച്ചു നേരം, മൂന്നാല് പെഗ്ഗിന്റെ പുറത്ത്, ഞാനും സ്ഥലകാല ബോധത്തിന് പരതി -
             ഹാങ്ങറിനു വെളിയില്‍ ഇറങ്ങിയപ്പോള്‍, എന്തിനെയും നേരിടാന്‍ തീരുമാനമെടുത്ത പങ്കയെ കണ്ടു.          
    ഒച്ച കേട്ടതിന്റെ കാര്യം അന്വേഷിച്ചപ്പോള്‍, ഞാന്‍ അടിമുടി വിറച്ചുപോയി !
                     "നാളത്തെ ഒരു കുപ്പി റമ്മിന്റെ ബെറ്റില്‍, പങ്ക ശരിക്കും  പണി
പറ്റിച്ചിരിക്കുന്നു !!
                              ഭയചികിതനായി നിന്ന എന്നോട് പങ്ക പറഞ്ഞു -  
              "താന്‍ പേടിക്കേണ്ട- ഞാന്‍ ഡ്യൂട്ടി ഓഫീസറെ വിളിച്ചു പറഞ്ഞിട്ടുണ്ട് - ഇപ്പോള്‍ തന്‍ പോയി കിടന്നോ, ഞാന്‍ മാനേജു ചെയ്തോളാം, ഞാന്‍ പറയുന്നതിനെ ഒന്നും എതിര്‍ത്ത് പറയരുത് - "
            നിമിഷങ്ങള്‍ക്കകം , രണ്ടു മൂന്ന് ജീപ്പും, ട്രക്കും എല്ലാം, റണ്‍വേ എന്ഡില്‍    നിന്ന് ചീറി പാഞ്ഞു വരുന്നത് ഞാന്‍ കണ്ടു. ഞാന്‍ പതുക്കെ പുറകോട്ടു വലിഞ്ഞെങ്കിലും, സംഭവവികാസങ്ങള്‍ എല്ലാം 'പാര്‍ത്തു കൊണ്ടേ ഇരുന്താന്‍'     
                       ആദ്യം ഓര്‍ഡര്‍ലി  ഓഫീസര്‍ പിന്നെ ഡ്യൂട്ടി ഓഫീസര്‍ പിന്നെ എയര്‍ഫോഴ്സ് പോലീസ് കൂടാതെ ഒരു ട്രാക്ക് നിറയെ ഡി. എസ്‌.. . സി (ഡിഫന്‍സ് സെക്ക്യൂരിറ്റി ഗാര്‍ഡുകളും)!
                   അവസാനം  ചുമന്ന ലൈറ്റും ഒക്കെ ഫിറ്റ് ചെയ്ത കാറില്‍ 'സ്റ്റേഷന്‍ കമാണ്ടറും !
                      ഇവരോടൊക്കെ,  പങ്കക്ക് പറയാനുള്ളത് ഒന്ന് തന്നെ -
            "സംശയാസ്പദമായ അനക്കം ഞാന്‍  പൊന്തക്കാട്ടില്‍  കണ്ടു - ഞാന്‍  ചലെഞ്ചു  ചെയ്തു - പിന്നെയും ആവര്‍ത്തിച്ചു - എനിക്ക് പേടി തോന്നി -ഞാന്‍ ഫയര്‍ ചെയ്തു -"
                       അഞ്ചാറു വണ്ടികളുടെ 'ഹെഡ് ലൈറ്റുകളും', പോലീസുകാര്‍  കൊണ്ടുവന്ന  സെര്‍ച്ച് ലൈറ്റിന്റെയും, പ്രഭാ വലയത്തിലായിരുന്ന 'പൊന്തക്കാട്‌' നോക്കി സി. ഓ  ചോദിച്ചു  
                         " എനി ട്രേസ് ഓഫ് ബ്ലഡ്"?
         അവിടെ നിന്നിരുന്ന ഒരു പോലീസുകാരന്‍, ആള് കളിക്കാന്‍ ആയി സി. ഓ യോട് പറഞ്ഞു 
                                 " ഈ ഏരിയ മുഴുവന്‍ ഞങ്ങള്‍ അരിച്ചു പെറുക്കി. ഒന്നുമില്ല    ഇത് അയാള്‍ക്ക്‌ അബദ്ധം പറ്റിയതാ - ഇപ്പോള്‍ രക്ഷപ്പെടാന്‍ കഥ ഉണ്ടാക്കുന്നതാണ്."
            സി. ഓ യുടെ സാന്നിധ്യത്തിന്റെ ബലത്തില്‍, പങ്ക പോലീസുകാരനോട്‌ തട്ടിക്കയറി.
                      "അബദ്ധം പറ്റിയതാണെങ്കില്‍, ഞാന്‍ രണ്ടു പ്രാവശ്യം ചലെഞ്ചു ചെയ്യണമോ?, എന്റെ കൂടെയുള്ള ആള്‍ കേട്ടതാണ് "
                      സി. ഓ എന്നെ നോക്കി ചോദിച്ചു 
                             "ഈസ്സ് ഇറ്റ്  കറക്റ്റ് "?
                  എന്താണ് പറയേണ്ടത് എന്നറിയാതെ ഞാന്‍,  സര്‍...."" ""   
         എന്ന് പറഞ്ഞു തുടങ്ങിയപ്പോഴാണ് എനിക്ക് ഒരു വെളിപാടുണ്ടായത് -
"സര്‍""എന്നുപറഞ്ഞാല്‍, പട്ടാളത്തില്‍ ഒരു പോസിറ്റീവ് മറുപടി ആയിട്ടാണ് 
കരുതുന്നത് എന്ന്.  'സര്‍' എന്ന് പറഞ്ഞാല്‍ അത് 'എസ് സര്‍' എന്ന് തന്നെ!!   
                                    " കട്ട് യുവര്‍  ക്രാപ്പ്"
                     സി ഓ പോലീസുകാരനോട്‌ ആക്രോശിച്ചു.
       'ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, കഴിഞ്ഞ കാലഘട്ടം - വടക്കേ ഇന്ത്യയിലെ
പട്ടാള യൂനിട്ടുകള്‍ക്കെല്ലാം - പ്രത്യേക നിര്‍ദേശങ്ങള്‍ കിട്ടിയ സമയം -
            അമ്പാല എയര്‍  ഫോഴ്സ് സ്റ്റേഷന്റെ ടെക്നിക്കല്‍ ഏരിയയുടെ, കേവലം അമ്പതു മീറ്റര്‍ അകലെയുള്ള രണ്ടു ഫെന്സുകള്‍, കഴിഞ്ഞാല്‍ 'അമ്പാല - ചാണ്ടിഗര്‍ ഹൈവേ ആണ്. അതുകൊണ്ട്, സംഭവം വെറും ഒരു കുരുത്തക്കേടായി സി. ഓ ക്ക് എഴുതിത്തള്ളാന്‍ പറ്റുകയില്ല.    
                     അര്‍ത്ഥ രാത്രയില്‍ കൊട്ടും സൂട്ടും ഇട്ട് വന്ന സി. ഓ യും ഏതോ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങി വന്നതാണ് എന്ന് വ്യക്തം.
          സി. ഓ പങ്കയെ  അഭിനന്ദിച്ചു " അവര്‍ കണ്ട്രി നീഡ്സ് പീപ്പിള്‍ ലൈക് യൂ - ബ്രാവോ, കീപ് ഇറ്റ് അപ്പ്"!!
                      "ഇതാണ് കോര്‍പ്പോറല്‍   പങ്കാ നായര്‍"!!!  !
          അടുത്ത ദിവസം 'കുപ്പി' പൊട്ടിച്ചപ്പോള്‍, ഞാന്‍ 'സ്പെഷ്യല്‍ ഗസ്റ്റ്' ആയിരുന്നു -
                           'ഞാനായിരുന്നല്ലോ 'പ്രൈം വിറ്റ്നെസ്സ്' !!!   
---------------------------------------------------------------------------------------------------------------------------- 

      

വിമലാ മേനോന്റെ കവിത - മുന്നുക്കുട്ടിയുടെ വിഷുക്കണി

                    

മുന്നുക്കുട്ടിയുടെ വിഷുക്കണി 

     പണ്ടുപണ്ടെന്റെയച്ഛ നൊരുദിനം 
      കുണ്ടാമണ്ടി ഞാന്‍ കാട്ടിയ നേരത്ത് 
      കൊണ്ടുപോയിത്തളച്ചിട്ടുവെന്നെയാ 
      തൊണ്ടടുക്കും പുരയുടെ കോണിലായ്.

      സന്ധ്യയായിട്ടും കണ്ടില്ലെന്റെച്ഛനെ 
      സങ്കടത്തിന്റെ വന്‍കടലായിട്ട-
       ങെന്തു കണ്ണീരൊഴുക്കി ഞാന്‍ രാത്രിയില്‍ 
       നൊന്തു പേടിച്ചു നെഞ്ചം വിറച്ചിട്ട്‌.
       ആാകെയങ്ങു തിരക്കിന്‍നടുവിലാ
       യാണ്ടുപോയോരെന്നച്ഛനാണെങ്കിലോ 
       അത്താഴത്തിന്നു കൂട്ടു തപ്പുംമ്പോഴാ -
       ണത്രെ യോര്‍ത്തതീ മുന്നുവിനെപ്പറ്റി 

       എത്ര പാടുപെട്ടെന്നെ ചിരിപ്പിക്കാന്‍ 
       എത്ര കോമാളി വേലകള്‍ കാട്ടി പോല്‍ 
        മിന്നിയില്ലൊരു മിന്നലുമന്നെന്റെ 
        പെയ്തോഴിഞ്ഞൊരാക്കണ്‍കളിലെങ്ങുമേ 

        പിന്നെയാണൊരു കൊന്നമരത്തിന്റെ
        നല്ല കാലത്തെപ്പറ്റിയൊരു കഥ 
        ചൊല്ലിതന്നതെന്നച്ഛന്‍ പതുക്കവേ 
        നല്ലപോലിന്നുമോര്‍ക്കുന്നിതാ സ്വരം  

        അങ്ങുദൂരെ മലയമലയുടെ 
        താഴ്വരയിലോരിടത്തു പണ്ടൊരു 
         മെയ്യുണങ്ങിവരണ്ടുവലിഞ്ഞിട്ടു 
         വയ്യാതായൊരപ്പൂപ്പന്‍ പടുമരം 

         കൊന്നയാണത്രേ! ഇല്ലയിലയൊന്നും 
         വെള്ളം കിട്ടിയ നാളേ മറന്നുപോയ്‌  
         മണ്ണില്‍ നിന്നൊട്ടു വേരുകളുമറ്റു 
         നിന്നിരുന്നൊരാ പാഴ്മരക്കൊമ്പതില്‍ 

         നാടുകാണാനിറങ്ങിയ ശ്രീദേവി
          ഊരുചുറ്റിത്തളര്‍ന്നു വിവശയായ്
          കാണിചാരി നിന്നന്നങ്ങറിയാതെ 
          പാതി ചാഞ്ഞൊരാക്കൊന്നമരത്തിലും.

         ആകെ കൊരിത്തരിച്ചുപോയാ മരം!
         ആയിരം സ്വര്‍ണപ്പൂക്കളണിഞ്ഞുപോല്‍!!!
          മാത്രയൊന്നു കഴീഞ്ഞില്ലതിന്‍ മുമ്പേ 
           പൂത്തുലഞ്ഞു വിലസി വസന്തശ്രീ!

ഇന്നലെ 
           വലിയ നെഞ്ചത്ത് കവിളമര്‍ത്തി ഞാന്‍ 
           കമഴ്ന്ന് കണ്ണടച്ചുറങ്ങുമ്പോള്‍ 
            പരുപരുത്ത രണ്ടുരുക്കു കൈയ്യുകള്‍ 
            പതുപതാന്നെന്നെ തടവുമ്പോള്‍ 
       വിടരുന്നെന്റെ മേലൊരു കുടന്നപ്പൂ 
       കഥയില്‍ ഞാന്‍ കണ്ട രോമാഞ്ചം 
        കുളിര്‍മേനി പൊട്ടിച്ചിരിക്കുന്നു പിന്നെ 
        തളിരെല്ലാം കാറ്റിലുലയുന്നു 
         ഉയരുന്നു മുന്നിലൊരു താലം - പട -
         ര്‍ന്നിയന്ന  കൊന്ന തന്‍ ചെറുചില്ല !

ഇന്ന്:

           എത്ര സുന്ദരമായിരുന്നാ ദൃശ്യം!
            എത്ര: പീലികള്‍ നീര്‍ത്തിയതെന്നുള്ളില്‍ !
            ഒക്കെയും വാരി നെഞ്ചോടു ചേര്‍ക്കും ഞാന്‍ 
            അച്ഛന്‍ പോയ്ക്കഴിഞ്ഞെല്ലാ വിഷുവിനും.  
            
            ---------------------------------------------------------------------------






Thursday, January 3, 2013

റിക്ഷാ വണ്ടി


  



               റിക്ഷാ വണ്ടി, ഇന്ത്യയില്‍ നിരോധിച്ചിട്ട് തന്നെ ഒരു മുപ്പതു കൊല്ലങ്ങള്‍  ആയിക്കാണണം.
                                         എന്റെ  ബ്ലോഗ്ഗ് വായനക്കാരില്‍ തൊണ്ണൂറു  ശതമാനം പോലും, സുപരിചിതമല്ലാത്ത ഒരു കാലഘട്ടത്തിന്റെ കഥയാണിത് എന്നത് കൊണ്ടാണ് ഞാന്‍ ഇതെഴുതുന്നത്. 
              സൈക്കിള്‍ റിക്ഷ വരുന്നതിനു മുന്‍പ്, മനുഷ്യന്‍ വലിച്ചുകൊണ്ട് 
നടന്നിരുന്ന ഒരു റിക്ഷ ഉണ്ടായിരുന്നു.
               പഴയ സിനിമകളില്‍ അതിനുതകുന്ന പശ്ചാത്തലം, ഒപ്പിയെടുത്ത് പകര്‍ത്തിയിട്ടുള്ള, ചില രംഗങ്ങളില്‍, നിങ്ങള്‍ കണ്ടു കാണുമായിരിക്കും ഈ സംവിധാനം.  
                പക്ഷെ അന്നും, അതിന്റേതായ ചില, സമൂ   ക പരിവേഷം ഉണ്ടായിരുന്നു അതിന്.
                        റിക്ഷകള്‍ ഉണ്ടായിരുന്നത്, പൊതുവേ ടൌണുകളില്‍  ആയിരുന്നു.
                 വലിപ്പിക്കാനും, വലിക്കപ്പെടാനും ഉള്ള ചില മാടംബികള്‍ അതിവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളില്‍.
                 വയനാട്ടിലോ, കുട്ടനാട്ടിലോ, 'ക്ലയന്റ്സ്' ഇല്ല എന്നതുകൊണ്ട്‌,
നഗരങ്ങളിലും, നഗരങ്ങളുടെ സൌകര്യങ്ങള്‍ ഉണ്ടായിരുന്ന താലൂക്ക് ആസ്ഥാനങ്ങളിലും, ആയിരുന്നു, ഈ ഉപജീവനമാര്‍ഗം നടന്നിരുന്നത്.
                         എന്റെ ചെറുപ്പകാലത്ത്, ബസ് സ്ടാന്ടിന്റെ അടുത്ത്,
റിക്ഷകള്‍ ഉണ്ടായിരുന്നു. അവധിക്ക് നാട്ടില്‍ വരുന്ന, ആളുകളെ വീട്ടില്‍ ലഗ്ഗേജുമായി കൊണ്ടാക്കാന്‍...-
                         അവധിക്ക് വരുന്നവര്‍ എന്ന് പറഞ്ഞാല്‍, പട്ടാളക്കാര്‍,
ജീവസന്ധാരണത്തിനായി ബോംബേയിലേക്കും, ഡല്‍ഹിയിലേക്കും,
ടിക്കറ്റ് എടുത്തും എടുക്കാതെയും പോയി, മടങ്ങി വരുന്നവര്‍.
              പിന്നെ ഒരു സ്ഥലം, ഞാന്‍ കണ്ടിട്ടുള്ളത്, ആശുപത്രി പടി.
          നടന്നു പോകാന്‍ പറ്റാത്ത രോഗികളെ, ചികില്‍സാശേഷം തിരിച്ചു 
വീട്ടില്‍  എത്തിക്കുന്ന ദൌത്യം. 
            അല്ലെങ്കില്‍ അത്യാസന്ന രോഗിയെ, ചികില്‍സാര്‍ത്ധം,  അവിടെ എത്തിക്കേണ്ട ആവശ്യകത.
            കൂടാതെ സൌകര്യമുള്ള വീടിലെ കുട്ടികളെ, രണ്ടു മൂന്നു കിലോമീറ്റര്‍ നടത്താതെ, സ്കൂളില്‍ എത്തിക്കുന്ന ദൌത്യം.
                           അന്നുകാലത്ത്‌, റിക്ഷയില്‍ സ്കൂളില്‍ വരുന്ന കുട്ടികള്‍ ഒരു കൌതുകമായിരുന്നു. ഇപ്പോള്‍ കുട്ടികള്‍ ആധുനിക കാറില്‍ വരുന്നപോലെ.
                  ഇതൊന്നും അല്ലായിരുന്നു അതിലും വലിയ തമാശ! 
           ഈ റിക്ഷ വലിക്കുന്നവരിലും ഉണ്ടായിരുന്നു, ബ്രാണ്ടടും അല്ലാത്തതുമായ 'പ്രോഡക്ട്സ്' !
            'ഓടയില്‍നിന്ന്' എന്നാ ആ കഥ വായിച്ചാലോ, ആ സിനിമ കണ്ടാലോ, അവരുടെ ജീവിതം ഒരു പരിധി വരെ മനസ്സിലാകും. (ഇത്രയും പഴയ ഒരു സിനിമയുടെ, ടെക്നിക്കാലിട്ടീസിനെ ഒഴിവാക്കി വേണം, ഇപ്പോഴത്തെ തലമുറക്കാര്‍, സിനിമ കാണാന്‍ എന്ന് ഒരു മുന്നറിയിപ്പ്.)
             ഏറ്റവും വേഗം റിക്ഷ വലിച്ച് ഓടുന്നവരാണ്, നഗരത്തിലെ 
'ഗ്ലാഡിയേറ്റേഴ്സ്' !
                                    ജയിക്കുന്ന കുതിരകള്‍ക്ക് വാതു വെക്കുന്നപോലെ, അയാള്‍ക്കയിരിക്കും ഡിമാണ്ട്.
                           ഞങ്ങളുടെ ചെറു പട്ടണത്തിലെ 'സ്റ്റാര്‍', മണി എന്നാ ഒരാള്‍ ആയിരുന്നു. മണി വലിക്കുന്ന റിക്ഷയുടെ വേഗത്തില്‍, പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന മറ്റൊരു റിക്ഷാക്കാരന്‍ ഇല്ലായിരുന്നു.
                               അങ്ങിനെ മണിയുടെ റിക്ഷ ഒരു സ്റ്റാറ്റസ് സിംബല്‍ ആയിരുന്നു.
                      ഇരുപത്തെട്ടോളം വയസ്സ് പ്രായമുണ്ടായിരുന്ന, മണിയുടെ 
ആകാരം, പ്രൈമറി സ്കൂളില്‍ പോയിരുന്ന ഞാനും നോക്കി നിന്നിട്ടുണ്ട്.
                                     'കട്ടയാന് "" "'  
            അയാളുടെ റിക്ഷയില്‍ കയറിയാല്‍, ഞൊടിയിടയില്‍, നമ്മള്‍ എത്തേണ്ട സ്ഥലത്ത് എത്തും.   
          ഇത് കൂടാതെ, നഗരത്തിലെ ഉത്സവങ്ങള്‍ക്കും, പെരുന്നാളുകള്‍ക്കും,
മണി   മുന്‍പന്തിയില്‍ ഉണ്ടായിരിക്കും. പ്രത്യകിച്ച്, തപ്പ് കൊട്ടുന്ന വേദികളില്‍.
       മണി അന്ന് വെള്ളത്തിന്റെ കൊടുംപിരിയില്‍, കാണിച്ചതില്‍ നിന്നാണ്, 'ശിങ്കാരി മേളം' എന്ന് ഇപ്പോള്‍ അറിയുന്ന, ആ കലാരൂപമുണ്ടായത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്തെന്നാല്‍, വെറും കൊട്ട്, എന്ന ആ പ്രക്രിയയില്‍ നിന്ന് വ്യത്യസ്ഥമായികാണിക്കുമായിരുന്നു മണി . ബാക്കി ഉള്ളവര്‍ തപ്പ് കൊട്ടുമ്പോള്‍, മണി ചുവടുകള്‍ വെച്ച്, അത് താളാത്മകമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
                           ഈ ജോലി  പൊതുവേ ചെയ്തിരുന്നത്, 'കുടുംബി' സമുദായത്തില്‍പ്പെട്ട ആളുകളായിരുന്നു.
                         സന്ദലിയാന്‍ മൂപ്പന്‍, മിന്നന്‍ മൂപ്പന്‍, മട്ടു മൂപ്പന്‍......, .. ഇങ്ങനെ പോകുന്നു അവരുടെ പേരുകള്‍.
                    ഇതിന് അപകീര്‍ത്തിയായി, നിവര്‍ത്തികേടുകൊണ്ട് ഒരു 'ചാക്കോയും' 'ലോറന്‍സും' ഫീല്‍ഡിലേക്ക് വന്നു. മത്സരിക്കാനല്ല. ജീവിക്കാനുള്ള, ഒരു മാര്‍ഗത്തിനായി.
               ചാക്കൊക്ക് ആണെങ്കില്‍, കാലില്‍ ആണി രോഗം ഉണ്ടായിരുന്നു.
ഒരു വലിയ ചെരുപ്പും ഇട്ടാണ്, റിക്ഷ വലിച്ചിരുന്നത്‌.
              റിക്ഷ പതുക്കയേ പോകുകയുള്ളൂ. 
                      ബാക്കിയുള്ള റിക്ഷാക്കാര്‍, അനുവര്‍ത്തിക്കുന്ന വേഗതയോ, അടവുകളോ ഒന്നും, ചാക്കോക്ക് വശമില്ല.  
              അതുകൊണ്ട്, പ്രസവത്തിനോ, പ്രസവാനന്തരമോ, ഉള്ള ആശുപത്രി യാത്രകള്‍ക്ക്, ചാക്കോ സ്പെഷ്യലിസ്റ്റ് ആയി.
             ശ്രദ്ധയോടെ, ഒരു രോഗിയെ ആശുപത്രിയില്‍ കൊണ്ട് പോകാനും, 
കൊണ്ടുവരാനും, എന്റെ നഗരം, എപ്പോഴും ചാക്കോയെ വിളിച്ചിരുന്നു.
            ഞാന്‍ എഴുത്ത് വലിച്ചു നീട്ടുന്നില്ല. 
        സര്‍ക്കാര്‍ 'റിക്ഷ വലി' നിരോധിച്ചു.
                അത് കഴിഞ്ഞു നാലഞ്ചു കൊല്ലങ്ങള്‍ക്ക് ശേഷം, വീട്ടിലെ കൃഷിക്കായി വളം മേടിക്കാന്‍, ഞാന്‍ ചെന്നപ്പോള്‍, ആ കടയില്‍, കൈയാളായി നില്‍ക്കുന്നത്, പഴയ മണി ആണ് എന്ന് മനസ്സിലായി.
          അറിയാതെ 'നിര്‍മാല്ല്യം' എന്ന സിനിമയിലെ വെളിച്ചപ്പാടിനെ ഓര്‍ത്തു.
                                ഇപ്പോഴത്തെ തലമുറയ്ക്ക് പഴയ കാര്യങ്ങള്‍, മനസ്സിലാക്കികൊടുക്കാന്‍  ആണ് ഞാന്‍ ഇതെഴുതാന്‍ തുടങ്ങിയത്.
          'അച്ഛന്‍ എന്താണ് കുത്തിക്കുറിക്കുന്നത്' ഇളയ മോന്റെ ചോദ്യം.
        ഞാന്‍ ആ പഴയ കാലത്തെ കുറിച്ച് വാചാലനായി.
              ഇതെല്ലാം, ഗൂഗിളില്‍ നോക്കിയാല്‍ കിട്ടുമല്ലോ.
                              'അപ്പന്‍ ആരാണ്  എന്നറിയാനും, ഗൂഗിളില്‍ നോക്കിയാല്‍ മതിയാകും  എന്ന കാലഘട്ടം!      
                                   ഒരു നല്ല കൃതി വായിച്ച്, അതാസ്വദിക്കുന്നതിന്റെ സുഖം നഷ്ടപ്പെടുത്തിയിട്ട്, അവനവനു ആവശ്യമുള്ളത് മാത്രം എളുപ്പം കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍.
             'ഗൂഗിളില്‍ ടൈപ്പ് ചെയ്‌താല്‍, ഈ വിവരം കിട്ടുമെങ്കില്‍, അച്ഛന്‍ ഈ പണിയുന്നതിന്റെ പ്രസക്തി എന്താ. ?'
                           ' എന്റെ പോന്നു മക്കളെ, ആരെങ്കിലും എഴുതിയിട്ടല്ലേ,
ആ വിവരങ്ങള്‍ നിങ്ങള്‍ അവിടെ കണ്ടത്'!!               

      ----------------------------------------------------------------------------------------