Reminiscece Of Air Force Life

Wednesday, June 27, 2012

കൊളോണിയല്‍ ഹാങ്ങോവര്‍



                          


                                                            ലോകത്തില്‍ പൊതുവേ ഒരു മര്യാദയുണ്ട്. അഭിവാദ്യം ചെയ്‌താല്‍, തിരിച്ചു അഭിവാദ്യം ചെയ്യുക എന്നത്. ഇങ്ങോട്ട് ആശംസിക്കുന്ന, വാക്കുകളെ അംഗീകരിച്ചു, അങ്ങോട്ടും അതറിയിക്കുക. ഇതിനെ ഫോര്‍മാലിറ്റി എന്ന് പറയാം. പക്ഷെ അതാണ് നാട്ടുനടപ്പ്.

                 ഇത് ചെയ്യാത്ത ഒരു സമൂഹം മലയാളികളാണ്!.

       ഈ ഒരു സ്വഭാവവിശേഷം എങ്ങിനെ വന്നു എന്ന് നമ്മള്‍ ആലോചിക്കുമ്പോള്‍ എത്തുന്നത്, ഒരു കൊളോണിയല്‍  ഹാങ്ങ്‌
ഓവറില്‍ നിന്നാണ് ഇതു, എന്നെനിക്ക്‌  തോന്നുന്നു.

            "വെല്ലസ്ലി സായിപ്പു" അല്ലെങ്കില്‍ "ദല്‍ഹൌസി സായിപ്പു" എന്ത് കാണിച്ചുവോ, അതെല്ലാം നാടുവാഴികളും, ദിവാന്മാരും അനുകരിച്ചു.
ആ കാലത്ത് നടന്നിരുന്ന കാര്യങ്ങളും, ചിട്ടകളും കരണീയമായി അനുകരിച്ചു, അന്ധമായി അവരും, താഴോട്ടുള്ള പെരുമാറ്റ ചട്ടങ്ങളാക്കി.

            അങ്ങനെ "സര്‍" എന്ന് വിളിക്കപ്പെടുന്ന ആള്‍, വിളിക്കുന്ന ആളെക്കാള്‍ വലിയ ആള്‍ ആണെന്ന് തോന്നിപ്പിക്കുന്ന ഒരു വിധേയത്വം നമ്മളില്‍ അടിച്ചു ഏല്‍പ്പിക്കപ്പെട്ടു. 
                     
                  "ഗുഡ് മോണിങ്ങ്" പറഞ്ഞാല്‍ അന്നത്തെ സായിപ്പു, അതിനെ അവഗണിച്ചു പോകുമ്പോള്‍, ഇതാണ് ലോകം എന്ന പ്രതീതി നമ്മളില്‍ ഉണ്ടായി. "ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ"  സംസ്കാരം ആണ് "ബ്രിട്ടീഷ്‌"
സംസ്കാരം, എന്ന് നമ്മളെ തെറ്റിധരിപ്പിക്കുന്നതില്‍, അവര്‍ വിജയിച്ചു എന്നുള്ളതാണ് സത്യം.
 
                              മേലുദ്യോഗസ്തന്മാര്‍ക്ക്, അപ്രീതി ഉണ്ടാക്കാതെ വര്‍ത്തിക്കുക,
അവരുടെ ഇഷ്ടത്തിനും, അനിഷ്ടത്തിനും, അനുസരിച്ച് പെരുമാറുക, എന്നത് പുതിയ ആശയം ഒന്നും അല്ല. കാര്യ പ്രാപ്തിക്കു വേണ്ടി എന്തും ചെയ്യുന്ന ഒരു ലൈന്‍. പഴയ മുകേഷ് സിനിമ പോലെ.

                        പണ്ടാരോ പറഞ്ഞ പോലെ, " ഒന്ന് പൊക്കി പറഞ്ഞാല്‍, സാധാരണ സാറുമ്മാര്‍ പൊങ്ങിപ്പോകും, എന്‍റെ സാറിന്‍റെ അടുത്ത്  അതും ചിലവാകില്ല". എന്ന് നേരില്‍ പറയുക. ഇതില്‍പരം, ഒരു പൊക്കി പറയല്‍ വേറെ ഉണ്ടോ?

                അത് കൊണ്ട് "സര്‍" അഭിസംബോധന ചെയ്യുന്ന മലയാളിയും,
ഇത് കേള്‍ക്കുന്ന മലയാളിയും സായൂജ്യരകുന്നു.

                 ഇവിടെയാണ് നമ്മള്‍ തമിഴരെ കണ്ടു പഠിക്കേണ്ടത്. അവര്‍,
പ്രായവും, സോഷ്യല്‍ സ്ടാട്ടസും നോക്കാതെ എല്ലാവരെയും "സര്‍" എന്നാണു
സംബോധന ചെയ്യുക. അതിലെ യുക്തി ഒന്ന് ആലോചിച്ചു നോക്കു!

                ഗള്‍ഫില്‍,  കൊളാപ്സിബിള്‍, സ്പ്രിംഗ് ലോഡെഡ് വാതിലുകള്‍, ഇവിടെ പലയിടത്തും കാണാറുള്ളതാണ്. അങ്ങിനെയുള്ള ഡോറില്‍, സാധാരണ പുറകെ വരുന്ന ആള്‍ക്ക്, അയാള്‍ സുരക്ഷിതമായി വരേണ്ട സൗകര്യം ഒരുക്കേണ്ടത് മുന്നില്‍ പോകുന്ന ആളുകളുടെ മര്യാദയാണ്, എന്നത് അലിഖിതാമായ ഉപചാരമാണ്.

                  മലയാളികള്‍ പലപ്പോഴും, അത് പാലിക്കാതെ, "പാലം കടന്നു കഴിഞ്ഞാല്‍ "കൂരായണ" എന്ന പോലെ പുറകെ വരുന്നവര്‍ക്ക,സ്വാസ്ഥ്യവും അസുരക്ഷിതവുമായ ഒരു അവസ്ഥയുണ്ടാക്കി പോകുന്നത് കാണാം. 

                മലയാളികള്‍, പൊതുവേ, ഒരു ലിഫ്റ്റില്‍ വെച്ച് കണ്ടുമുട്ടിയാല്‍,
പരസ്പരം മസില് പിടിച്ചു നില്‍ക്കും.

                    "ഇവനോട് സംസാരിച്ചിട്ടു എനിക്ക് എന്ത് കാര്യം?"

         വിവേകമുള്ള  ലോകജനത മുഴുവന്‍, ഒരു ലിഫ്റ്റില്‍ തമ്മില്‍ കാണുമ്പോള്‍, സഹജീവികളെ ഒന്ന് "വിഷ്" ചെയ്യും.

                               സാക്ഷരതയും, വിദ്യസംബന്നരും, ലോക പരിചയവുമുള്ള മലയാളികള്‍, അതൊരു അര്‍ത്ഥശൂന്യമായ പ്രഹസനമായിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്.

                   മറ്റുള്ളവരെ മാനിക്കാന്‍ പഠിക്കുക. മറ്റൊരാളെ മാനിക്കുക എന്ന് പറഞ്ഞാല്‍ വിധേയത്വമല്ല.  മറ്റൊരാളെ മാനിക്കതിരിക്കുക എന്നത്
അധീശത്വവുമല്ല.

                  ഇതാണ് ഞാന്‍ ഉദ്ദേശിച്ച "കൊളോണിയല്‍ ഹാങ്ങ്‌  ഓവര്‍".

                   ----------------------------------------------------------------------------------------
   

നിയോഗം


                                                   

                 ഇടക്ക് വീക്കെന്‍ഡില്‍, ഞാനും എന്റെ സുഹൃത്തുക്കളുമായി കൂടുക ഒരു പതിവാണ്. ഒന്ന് ഒരു ഡോക്ടര്‍ സുഹൃത്ത്‌, ഒന്ന് എന്റെ ഒരു ബന്ധു. ഈ രണ്ടു വ്യക്തികളുമായി അമ്പതു കൊല്ലങ്ങള്‍ ആയിട്ടുള്ള, അടുത്ത സുഹൃത്ത്‌ ബന്ധം ആണ് എനിക്ക്. ആ പ്രത്യേകതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

                 ഡോക്ടറും ഞാനും ഒരുമിച്ചു സ്കൂളില്‍ പഠിച്ചതാണ്. അന്ന് മുതലുള്ള കൂട്ടുകെട്ട്. രണ്ടാമത്തെ ആള്‍ എന്റെ ബന്ധു. ഞങ്ങള്‍ ഒരേ പ്രായക്കാരും, ഒരു കൂട്ട്   കുടുംബത്തിലെ അംഗങ്ങളും, ഒരുമിച്ചു കളിച്ചു വളര്‍ന്നവരും , ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ കണ്ടുമുട്ടി, പിന്നെ പിരിഞ്ഞു,  പിന്നെയും ഒരുമിക്കാന്‍ സാധ്യതകള്‍ ഉണ്ടായ ഒരു സുഹൃത്ത്‌ ബന്ധം.

                 "പ്രിയോര്‍ മാമ്പഴവും രഘുവും എന്റെ ജീവനാ" എന്നങ്ങേര്‍,
ക്ട്ടിക്കാലത്ത് പറഞ്ഞ വാചകം, ഞങ്ങളുടെ കുടുംബത്തിലെ പഴയ ആളുകള്‍ കൂടുമ്പോള്‍ ഇപ്പോഴും അനുസ്മരിക്കാപ്പെടാറുണ്ട്.
    
                           ഞാനും ഡോക്ടറും എട്ടംക്ലാസ്സു മുതല്‍, ഒരു ബെഞ്ചില്‍, അടുത്തടുത്തിരുന്നു    ഒരുമിച്ചു പഠിച്ചതാണ്. ഡോക്ടര്‍ അന്നേ പഠിക്കാന്‍ മിടുക്കനായിരുന്നു.

                  പണ്ട് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോള്‍, കൂട്ടുകാര്‍  "എങ്ങിനെയുണ്ട് പസ്സാകുമോ?" എന്ന് ചോദിച്ചപ്പോള്‍, എന്റെ മറുപടി ആപേക്ഷികാമായിരുന്നു. മേല്‍ പറഞ്ഞ "ഡോക്ടര്‍ക്ക്  റാങ്ക് കിട്ടുമെങ്കില്‍, ഞാന്‍ പാസ്സാകും" എന്നായിരുന്നു. ഞാന്‍ ഇരുന്നതിന്റെ മുന്‍പിലത്തെ ബെഞ്ചില്‍ ഇരുന്നു പരീക്ഷ എഴുതിയ, ഇന്നത്തെ പ്രഗത്ഭനായ ഡോക്ടര്‍ക്ക്‌, എന്റെ എത്ര ചവിട്ടുകള്‍ കിട്ടിക്കാണും എന്ന് എനിക്ക് പോലും ഓര്‍മയില്ല.

                              ഈ പറഞ്ഞ മൂന്നുപേരും, കഴിഞ്ഞ പത്തിരുപതു കൊല്ലങ്ങളായി, മിഡില്‍ ഈസ്റ്റില്‍ ആണ്.  ഒരേ രാജ്യത്ത് അടുത്തടുത്തു  ജീവിച്ചു വരുന്നു.
 
                                     ഓരോരുത്തരും അവരവരുടെ കടമകള്‍ എല്ലാം നിറവേറ്റി അടിത്തൂണ്‍ പറ്റാന്‍ തയ്യാറെടുത്തു, വാര്ധക്ക്യത്തിന്റെ പടി വാതില്‍ക്കലില്‍   നില്‍ക്കുന്നവരാണ്.

                               പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോള്‍, എന്റെ ബന്ധു,
നല്ല പോലെ പഠിച്ചിരുന്നത് കൊണ്ട് എന്ജിനിയരിങ്ങിനു  ചേര്‍ന്നു. ഡോക്ടര്‍  സുഹൃത്ത്‌ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. ഞാന്‍ എന്റെ ബ്ലോഗിന്റെ "ആമുഖത്തില്‍" എഴുതിയ പോലെ, കാലടി ശങ്കര കോളേജിന്റെ, മുന്‍ വാതിലില്‍ കൂടി കയറി, പിന്‍വാതില്‍ വഴി പുറത്തേക്കു ഇറങ്ങി.

                            എന്നെ മാതൃ രാജ്യം സേവനത്തിനായി മാടി വിളിക്കുന്നു എന്ന് ഒരു ഉപാധിയും പറഞ്ഞു, ഞാന്‍ വിദ്യാഭ്യാസ രംഗത്ത് നിന്ന് പിന്‍ വലിഞ്ഞു.

                           പിന്നീട് ഒന്നരക്കൊല്ലം എയര്‍ ഫോഴ്സില്‍ ട്രെയിനിംഗ് .
അത് കഴിഞ്ഞു ലീവില്‍ വന്നപ്പോള്‍, പട്ടാളത്തില്‍ നിന്ന് കിട്ടുന്ന കോട്ടയില്‍, എന്റെ അനുഭവ സമ്പത്തിന്റെ വിവരങ്ങള്‍ നാളത്തെ ഡോക്ടരുമായും, എന്ജിനിയരുമായും ഞാന്‍  പങ്കിട്ടിരുന്നു . പക്ഷെ അവര്‍ രണ്ടുപേരും, നേരില്‍ അറിയില്ലായിരുന്നു.   
    
                            പില്‍ക്കാലം, ഓരോരുത്തരും അവരവരുടെ ജീവിതം പടുത്തുയര്‍ത്താനുള്ള തത്രപ്പാടില്‍ പരസ്പരം അകന്നു .

                               എന്റെ ഡോക്ടര്‍ സുഹൃത്ത്‌, എം. ആര്‍, സി. പി കഴിഞ്ഞു, യൂ. കെയില്‍, നെഫ്രോളജിസ്റ്റ് ആയി തുടരുന്നു, എന്ന് അങ്ങേരുടെ കുടുംബക്കാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു.പിന്നീട് ആ കുടുബം, എന്റെ നാട്ടിലുള്ള വീടും സ്ഥലവും വിറ്റ് വര്‍ക്കലയിലേക്ക് താമസം മാറ്റി.

                  ബന്ധു ഡിഗ്രിക്ക് ശേഷം ധവള വിപ്ലവത്തിന്റെ ഉപദേഷ്ടാവായ എന്‍. ഡി കുര്യന്റെ കീഴില്‍, നാഷണല്‍ ഡയറി ഡിവെലപ്മെന്റ്റ്‌ ബോര്‍ഡിന്റെ ബാങ്കളൂര്‍ ആഫീസിലാണെന്നും ഞാനറിഞ്ഞു.

            രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം, ഒരു പ്രാവശ്യം ലീവില്‍ നാട്ടില്‍ വന്നപ്പോഴാണ് അറിഞ്ഞത്, എന്റെ ബന്ധു വിവാഹിതനായ കാര്യം.
കല്ല്യാണം കഴിച്ചത് പണ്ട് കോളേജു കാലത്ത് പ്രണയിച്ചിരുന്ന പെണ്ണിനെ
തന്നെ.

                    പിന്നെ സര്‍ക്കസ്സുകാര്‍ തമ്പ് മാറുന്നത് പോലെ, വിവാഹം കഴിച്ച ഞാനും, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജോലി ചെയ്തു
കറങ്ങി തിരിഞ്ഞു. ഒടുവില്‍, ട്രാന്‍സ്ഫര്‍ ആയി ബാങ്ക്ലൂരില്‍ എത്തി.

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, വീണ്ടുമുള്ള ഞങ്ങളുടെ കണ്ടു മുട്ടല്‍. അതും ഒരു നിമിത്തം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

                അദ്ദേഹത്തിന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനത്തിന്റെ സമയം.
എസ്. എല്‍. ഇ എന്ന അപൂര്‍വ്വം ആളുകള്‍ക്ക് വരുന്ന ഒരസുഖ്ത്തിന്റെ
ലക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയില്‍ കണ്ടു തുടങ്ങിയിരുന്നു. ബെഡ്
റസ്റ്റ്‌ വേണം എന്ന വിദ്ദഗ്ധ ഉപദേശവും.

                     അത്യാവശ്യം സൌകര്യങ്ങള്‍ ഉണ്ടായിരുന്ന എന്റെ എയര്‍
ഫോഴ്സ് കാമ്പിലെ ഔദ്യോഗിക  താമസ സൌകര്യവും, പരിചരിക്കാന്‍ സന്നദ്ധത ഉള്ള എന്റെ ഭാര്യയും, അവര്‍ക്ക് സമയോചിതമായ സഹായമായിരുന്നു എന്ന് അദ്ദേഹം തന്നെ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.

           ഞങ്ങളുടെ കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിച്ചു.

                     അന്നത്തെ ഒരു തമാശ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കുട്ടികള്‍
സാധാരണ, എന്തെങ്ങിലും മേടിച്ചു തരാന്‍ താല്പര്യമുള്ള ആളുകളെ മുതലെടുത്ത്‌ 'അത് വേണം - ഇത് വേണം' എന്ന് അവരോടു പറയാറുണ്ടല്ലോ.

                   അങ്ങിനെ ഒരു പരിധിക്കപ്പുറം എന്റെ മോന്‍ അയാളെ ശല്യപ്പെടുത്തി എന്ന് ഞാന്‍ കണ്ടു. ആ അവസരത്തില്‍ ഞാന്‍ മോനോടു
പറഞ്ഞു 'വീട്ടില്‍ ആര് വന്നാലും, എനിക്കിത് വേണം, അത് വേണം എന്ന് പറയരുത് എന്ന്. ഞാന്‍  പറഞ്ഞത്  ഉള്‍ക്കൊണ്ടുകൊണ്ട്, അടുത്ത ദിവസം അയാള്‍ വന്നപ്പോള്‍, എന്റെ മോന്‍ ചോദിച്ചു-

                "അങ്കിള്‍, അങ്കിളിനു  നിക്ക് ഒരു  ഐസ് ക്രീം മേടിച്ചു തരാന്‍ 
തോന്നുന്നുണ്ടോ ?" എന്ന്.

                വെറുതെയല്ല, മൂന്ന് തൊട്ടു അഞ്ചു വസ്സുവരെ പ്രായം ഉള്ള
കുട്ടികളെ സൈക്കൊളജിസ്ട്ടു "ലിറ്റില്‍ പ്രോഫസ്സെഴ്സു" എന്ന് വിശേഷിപ്പിക്കുന്നത്.

                   ആ സമയത്താണ് എന്റെ ബന്ധുവിന് മിഡില്‍ ഈസ്റ്റില്‍, ഒരു
ഓഫര്‍ കിട്ടി, അവര്‍ അങ്ങോട്ട്‌ പോയത്.


*                       *                    *                  *                  *                 *                  *

                    പട്ടാളത്തില്‍ നിന്ന് വിരമിച്ചു നാട്ടില്‍ വന്നു നിക്ക് പൊതുമേഖല 
സ്ഥാപനത്തില്‍ ജോലി ആയി. അവിടത്തെ ജോലിയും, യുണിയനും,
കാശുണ്ടാക്കാനുള്ള പരക്കം പാച്ചിലും എല്ലാം എനിക്ക് പുത്തരി ആയിരുന്നു.

                     എളുപ്പ വഴിയില്‍, ക്രിയ ചെയ്യുന്ന പ്രതിഭകളെ അനുകരിച്ചു,
ഞാനും കാര്യങ്ങള്‍ ഒരു ഫാസ്റ്റ് ട്രാക്കിലാക്കി. കുറച്ചു 'ജോര്‍ജുകുട്ടി'
ഉണ്ടാക്കണം. അവസാനം, ഹര്‍ഷദ്‌ മേത്തയുടെ സ്കാമില്‍ ഞാനും ചെന്ന് പെട്ടു. പതനം കൂടുതല്‍ മുകളില്‍ നിന്നാകുമ്പോള്‍, അതിന്റെ ആക്കവും കൂടും. തല നിവര്‍ത്തി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ. ഒടുവില്‍ എന്റെ സുഹൃത്തായ ബന്ധു, എനിക്ക് മിഡില്‍ ഈസ്ട്ടിലുള്ള  അയാളുടെ കമ്പനിയില്‍ ഒരു വിസ ഒപ്പിച്ചു തന്നു.

                     ബാല്യകാലത്തില്‍ സുഹൃത്തുക്കള്‍  ആയിരുന്ന രണ്ടു പേര്‍,
നീണ്ട ഒരിടവേളക്ക് ശേഷം, ബാംഗ്ലൂര്‍ വെച്ച് കണ്ടു മുട്ടുന്നു. പിന്നെയും പരസ്പരം പിരിയുന്നു. പിന്നയൂം നീണ്ട പത്തു വര്‍ഷത്തെ അകല്ച്ചക്ക്
ശേഷം വീണ്ടും അന്യ രാജ്യത്തു വെച്ച് ഒരുമിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ഈ ബ്ലോഗിന്റെ തലക്കെട്ട്‌ തന്നെ "നിയോഗം" എന്നിട്ടത്.

                            ഞാന്‍ ഈയിടെ നെറ്റ് പരതിയപ്പോള്‍, "റാന്‍ഡം തോട്ട്സ്"
എന്നൊരു ബ്ലോഗ്‌ കണ്ടു. അതിന്റെ ഉടമസ്ഥ,  ബ്ലോഗിന്റെ അവതരണത്തില്‍, അവരെ കുറിച്ച് എഴുതിയിരിക്കുന്നതിന്റെ കൂടെ, ഇങ്ങനെ എഴുതിയിരിക്കുന്നു. "നിങ്ങള്‍ ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാനും, നമ്മള്‍ തമ്മില്‍ ആശയ വിനിമയം ചെയ്യുന്നതിന്റെയും, പിറകില്‍ അദൃശ്യമായ ഒരു സംവിധായകന്റെ ഇംഗിതം ഉണ്ടാകാം.... " അര്‍ത്ഥവത്തായ  വരികള്‍.

                        ഞാന്‍ എന്റെ പ്രതിപാദ്യവിഷയത്തിലേക്ക് വരാം.

                ഞാന്‍ മിഡില്‍ ഈസ്റ്റില്‍ ചെല്ലുമ്പോള്‍, എന്റെ ബാധുവിന്റെ ഭാര്യക്ക്, ബാംഗ്ലൂര്‍ നിന്ന് തുടങ്ങിയ എസ. എല്‍. ഇ എന്ന അസുഖം,വൃക്കയെ ബാധിച്ചു ആശുപത്രിയില്‍ കിടക്കുകയായിരുന്നു. കുറച്ചു നാള്‍ കൂടിക്കഴിഞ്ഞാല്‍ , ഡയാലിസിസ് പിന്നെ ട്രാന്‍സ്പ്ലാന്ടു മുതലായവ വേണ്ടി വരും എന്ന അവസ്ഥ.  

                     എന്റെ പഴയ ഡോക്ടര്‍ സുഹൃത്ത്‌ ഇംഗ്ലണ്ടില്‍ നിന്നും മടങ്ങി, മിഡില്‍ ഈസ്ട്ടിലുള്ള, എന്റെ ബാധുവിന്റെ ഭാര്യ കിടക്കുന്ന  അതേ ആശുപത്രിയില്‍ തന്നെ, ജോലി ചെയ്യുന്ന വിവരം എനിക്ക് അറിയില്ലായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ആ സ്ത്രീ, എന്റെ ഡോക്ടര്‍ സുഹൃത്തിന്റെ  പേഷ്യന്ടു ആയിരുന്നു. അതും ഒരു നിമിത്തം !

                           എന്റെ പഴയ ഡോക്ടര്‍ സുഹൃത്ത്‌, രോഗികളുമായി  ഒരു ഇമോഷണല്‍ അറ്റാച്മെന്റ് ഉണ്ടാക്കതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ആളാണ്‌. അത് അവരുടെ ഔദ്യോഗിക  കൃത്യ നിര്‍വഹണത്തെ ബാധിക്കും എന്ന് വിശ്വസിക്കുന്ന ആള്‍.

                            അപ്പോഴാണ്‌ അപ്രതീക്ഷിതമായി ഒരു സംഭവം ഉണ്ടായത്.
ഒരു ദിവസം റൌണ്ട്സിനു വന്നപ്പോള്‍, ഡോക്ടറുമായി  ഒരു പാലം വെക്കാം എന്ന് കരുതി, എന്റെ ബന്ധുവിന്റെ ഭാര്യ ചോദിച്ചു-

                   "ഡോക്ടരുടെ നാടെവിടെയാണ് ?"

  ഡോക്ടരുടെ ഭാര്യ തിരുവനന്ദപുരംകാരി ആണ്. ഇപ്പോള്‍ ഡോക്ടര്‍  വീട്  വെച്ചിരിക്കുന്നതും അവിടെയാണ്. പക്ഷെ ഇതുപോലെ, മലയാളി രോഗികളില്‍ നിന്നും, ഡോക്ടര്‍, ഇത്തരം ചോദ്യങ്ങള്‍ ഏറെ തവണ കേട്ടിരിക്കുന്നു !
 
                       രോഗിയും, തിരുവനന്ദപുരംകാരി ആണ് എന്ന് ഡോക്ടര്‍ക്ക്‌ അറിയാമായിരുന്നു.

അതുകൊണ്ട്, ഡോക്ടര്‍, അദ്ദേഹത്തിന്റെ സ്ഥലം, തിരുവനന്ദപുരം എന്ന് പറയാതെ, പിടി കൊടുക്കാത്ത, ദേഹത്ത് എണ്ണ പുരട്ടിയ ഒരു ഗുസ്തിക്കാരന്റെ മിടുക്കോടെ 'വടക്കന്‍ പറവൂര്‍' എന്ന് പറഞ്ഞു. അവിടെയാണ് നിമിത്തത്തിന്റെ പ്രസക്തി.

             'വടക്കന്‍ പറവൂരില്‍' എവിടെയാണ്? രോഗി വിടുന്ന ലക്ഷണമില്ല.

               'വടക്കന്‍ പറവൂര്‍' നിങ്ങള്‍ക്ക് അറിയാമോ ? ഡോക്ടറും വിട്ട് കൊടുത്തില്ല.

               അവസാനം പറഞ്ഞു പറഞ്ഞു, രണ്ടു പേര്‍ക്കും മനസ്സിലായി, ഞാന്‍
ഡോക്ടറിന്റെ സുഹൃത്താണ് എന്നും, രോഗി എന്റെ ബന്ധുവിന്റെ ഭാര്യ ആണെന്നും. കൂടാതെ ഡോക്ടറിന്റെ ഭാര്യ സഹോദരനും രോഗിയുടെ സഹോദരനും തിരുവനന്ദപുരം സ്കൂളില്‍ ഒരുമിച്ചു പഠിച്ച സുഹൃത്തുക്കളും ആയിരുന്നു എന്നും.
          ഞങ്ങളും ഡോക്ടറും താമസിച്ചിരുന്നത് ഒരു വലിയ ഗ്രൌണ്ടിന്റെ രണ്ടു ഭാഗത്ത്‌  ആയിരുന്നു. ഉദ്ദേശം ഒരു ഇരുന്നൂറു വാര ദൂരം അകലെ. എന്നിട്ടും, ഞാന്‍ വന്ന് ഇത്രയും നാള്‍ കഴിഞ്ഞിട്ടും, ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നില്ല! 

                 അന്ന് വൈകുന്നേരം വിസിറ്റിംഗ് ട്യ്മില്‍ രോഗിയെ കാണാന്‍
ചെന്നപ്പോള്‍ എനിക്ക് ഒരു ലോട്ടറി അടിച്ച സന്തോഷം ആയിരുന്നു. മുപ്പതു കൊല്ലം പഴക്കമുള്ള സുഹൃത്ത് ബന്ധം പുനസ്ഥാപിക്കാന്‍ പറ്റിയതില്‍. അതും ഒരു നിമിത്തം. എന്നല്ലാതെ എന്താ പറയുക.

 *                  *                       *                     *                  *                    *                  *

                           ഭേദപ്പെട്ട ചികിത്സാ സൌകര്യങ്ങളും, നേരിട്ടറിയാവുന്ന
ഒരു"കിഡ്നി സ്പെഷ്യലിസ്ട്ടിന്റെ സകല സഹായങ്ങളും ഉണ്ടായിട്ടും,
അവരുടെ രോഗം മൂര്‍ജ്ചിച്ചു .

                            നാട്ടില്‍ പോയി വൃക്ക മാറ്റ ശസ്ത്രക്രിയ ചെയ്തു മടങ്ങി വന്നെങ്കിലും, വിധി അവരോടു ക്രൂരത തന്നെ കാണിച്ചു.

                               സ്കൂളില്‍ പഠിക്കുന്ന മൂന്ന് ആണ്‍കുട്ടികള്‍ - ജോലി സ്ഥലത്തെ ദൈനംദിന പ്രശ്നങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന ടെന്‍ഷനുകള്‍ - രണ്ടു ദിവസം വീട്ടില്‍ ആണെങ്കില്‍  അഞ്ചു ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരുന്ന ഭാര്യ - പ്രമേഹം പ്രെഷര്‍, ക്രിയാറ്റിന്റെ വ്യതിയാനം മൂലം വരുന്ന വ്യഥകള്‍ - ഇതിലും ഉപരി , 'ഇമ്മിണോ സപ്പ്രസ്സീവ്' മരുന്നുകള്‍ നല്‍കുന്നത് കൊണ്ട്, വിവേക ചിന്തയോടെ പെരുമാറാന്‍ പറ്റാത്ത മാനസിക അവസ്ഥയുടെ ഉടമയും ആയി  അവര്‍.

                        ഇതെല്ലാം പേറിക്കൊണ്ടു, എന്റെ ബന്ധു ഭഗവത് ഗീതയില്‍
പറയുന്ന "സ്ഥിതപ്രജ്ഞന്‍" എന്ന പോലെയുള്ള ആ അവസ്ഥയില്‍,
സമചിത്തത കൈവെടിയാതെ, ജീവിക്കുന്നത് കണ്ടു, എനിക്കും എന്റെ ഡോക്ടര്‍ സുഹൃത്തിനും അത്ഭുതം തോന്നിയിട്ടുണ്ട്.

                        അവര്‍ക്ക് വീട്ടില്‍ ഇരുന്നു തന്നെ 'പെരിറ്റൊനിയാല്‍
ഡയാലിസിസ്' ചെയ്യാന്‍ ഡോക്ടര്‍ എന്റെ ഭാര്യയെ പഠിപ്പിച്ചു. അപാരമായ മനശക്തിയുടെ ഉടമയായ ആ സ്ത്രീ, അല്പം ശേഷിയുണ്ട്
എങ്കില്‍, മക്കളുടെ കൂടെ കാറില്‍ സിറ്റി കറങ്ങണം എന്ന് നിര്‍ബന്ധം
പിടിക്കും.  മക്കളുടെ ഹോംവര്‍ക്ക് പരിശോധിക്കും.

                       "അടുത്ത ദിവസം വീണ്ടും ആശുപത്രിയിലേക്ക്".

                                         അവരുടെ അവസാനകാലത്തും, വിധി അവരോടു ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്രൂരത കാട്ടിക്കൊണ്ടിരുന്നു.

                        "ഏതാണ്ട്, അവരെയും കൊണ്ടേ പോകുകയുള്ളൂ" എന്ന
തരത്തിലുള്ള സംഭവങ്ങള്‍. പ്രമേഹം കൂടിയിട്ടു, ഒരു കാല്‍ മുറിച്ചു കളയേണ്ടി വന്നു - 'ഗാള്‍ ബ്ലാഡരിനെ' രോഗം കീഴടക്കിയതിനെ തുടര്‍ന്നുള്ള  ശസ്ത്രക്രിയ. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന പോലെ 'മെരിഞ്ച്യട്ടിസ്' അടിച്ചു. അതിനെത്തുടര്‍ന്ന് 'സ്ട്രോക്ക്' - അതിനു ചികത്സയായി, മൂന്ന് ദിവസങ്ങള്‍ക്ക്ള്ളില്‍ രണ്ടു 'ബ്രെയിന്‍ സര്‍ജറികള്‍'!

                            ലോകത്ത് ഇത് പോലെ ഒരു രോഗിയും സഹിക്കേണ്ടി
വന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല.!

                   അവസാനം ആശുപത്രി മോര്‍ച്ചറിയില്‍, അവരെ പൊതു ദര്‍ശനത്തിനായി, ഒരുക്കി കിടത്തിയിരുന്നു. അപ്പോള്‍, നിശ്ചയ- ദാര്‍ദ്ട്യവും,* കുലീനതയും, പ്രൌഡ്‌ഠിയും ഉള്ള ഒരു തറവാട്ടമ്മ, ഉച്ചയൂണിനു ശേഷമുള്ള ഒരു ചെറു മയക്കത്തിലാണ് എന്ന പ്രതീതിയാണ് എന്നില്‍ ഉളവാക്കിയത്.

                        നാട്ടില്‍ പോയി  ചടങ്ങുകള്‍ എല്ലാം തീര്‍ത്ത ശേഷം, എന്റെ ബന്ധു മടങ്ങി വന്നു.  പോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഞങ്ങള്‍ പിരിഞ്ഞതിനു ശേഷമുള്ള വിവരങ്ങളെല്ലാം അദ്ദേഹം വിസ്തരിച്ചു പറഞ്ഞു.

                       അതില്‍ മനസ്സില്‍ തട്ടിയ ഒരു കാര്യം കൂടി എഴുതട്ടെ.

                               കൊഫിന്‍, കാര്‍ഗോ കാബിനിലേക്ക്‌ ലോഡ് ചെയ്യിച്ചു  വിമാനത്തിലേക്ക് കയറുമ്പോള്‍, അയാള്‍ വേറെ  ഏതോ ഒരു ലോകത്തായിരുന്നു. ഒരു മരപ്പാവ പോലെ ! സങ്കടം പോലും മരവിച്ചു നില്‍ക്കുന്ന നിമിഷം!

                             വിമാനത്തില്‍ താനിരിക്കുന്ന സീറ്റിനു താഴെ,  കാര്‍ഗോ കാബിനില്‍, തണുത്ത പെട്ടിക്കുള്ളില്‍, ഭാര്യ നിശ്ചലം വിശ്രമിക്കുന്നു.

                           പെട്ടെന്നാണ് പാസ്സെജില്‍ കൂടി കടന്നു പോയ ആരോ
തോളില്‍ തട്ടി അയാളോട് എന്തോ പറഞ്ഞത്.

                   സ്ഥലത്തെ കൊള്ളാവുന്ന ഏതോ കമ്പനിയില്‍, അറിയപ്പെടുന്ന  തസ്തികയില്‍ ജോലി ചെയ്യുന്ന എവിടെയോ കണ്ട ഒരു മുഖം. വിളറിയ
ഒരു ചിരിയോടെ എന്റെ ബന്ധു പ്രതികരിച്ചു .അപ്പോഴാണ്‌ ആ അവ്യക്ത  മുഖത്ത് നിന്ന് ഒരു ചോദ്യമുണ്ടായത്.

                         " ട്രാവലിംഗ് ടു ഇന്ത്യ , എലോണ്‍ ?"

           ഉടനെ നാവില്‍ വന്ന ഉത്തരം എന്റെ ബന്ധു തിരിച്ചു പറഞ്ഞു !

                     " നോ, ആം അക്കംബ്നീയിംഗ് മൈ വൈഫ് " !!!

                 
                       ---------------------------------------------------------------------------

Saturday, June 23, 2012

സ്വമരണം കണ്ട ഭാഗ്യവാന്‍







                                  എന്റെ ഔദ്യോഗിക ജീവിതത്തിന്റെ  ഒന്നാം ഇന്നിങ്ങ്സ് എയര്‍ ഫോഴ്സില്‍ ആയിരുന്നു എന്ന് ഈ ബ്ലോഗിന്റെ ആമുഖത്തില്‍  ഞാന്‍
പറഞ്ഞിരുന്നല്ലോ. ആ വേളയില്‍ ഞാന്‍ സാക്ഷ്യം വഹിച്ച സംഭവ ബഹുലമായ ഒരു അനുഭവമാണ് ഞാന്‍ പങ്കു വെക്കാന്‍ പോകുന്നത്.

                                          ഞാന്‍ ശ്രീനഗറില്‍, എയര്‍ ഫോഴ്സിന്റെ ഒരു "നാറ്റ് സ്ക്വാര്‍ദ്നില്‍" ജോലി നോക്കുന്ന കാലം. ലോകത്തിലെ വ്യോമസേന ചരിത്രത്തില്‍, ഏറ്റവും ചെറുത്‌ എന്ന പ്രശസ്തി നേടിയിട്ടുള്ള 'ഫൈറ്റര്‍ ജെറ്റ് വിമാനമാണ് നാറ്റ്. വലിപ്പത്തില്‍ ചെറുത്‌ എന്നുള്ളത് മാത്രമല്ലായിരുന്നു അതിന്റെ സവിശേഷത. എഴുപത്തിഒന്നിലെ, ഇന്ത്യ പാക്കിസ്ഥാന്‍  യുദ്ധത്തില്‍, ഈ വിമാനത്തെക്കാള്‍ രണ്ടുമൂന്നിരട്ടി  ശേഷിയും കെല്പും ഉള്ള ശത്രുവിന്റെ സാബര്‍ ജെറ്റ് വിമാനങ്ങളെ, ഡോഗ് ഫൈറ്റിലൂടെ നിലം പതിപ്പിച്ചു. ആകാശത്ത് നടക്കുന്ന ഏറ്റുമുട്ടലില്‍ (ഡോഗ് ഫൈറ്റില്‍), നാറ്റിന്റെ, എതിരാളിക്ക് പിടികൊടുക്കാതെ ഒഴിഞ്ഞു മാറാനുള്ള കഴിവ് (മന്യുരബിളിടി) സ്തുത്യര്‍ഹാമായിരുന്നു. അന്നത്തെ യുദ്ധത്തില്‍, ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ബഹുമതി ആയ 'വീര ചക്രം'  ലഭിച്ച ഫ്ലൈറ്റ് ലെഫ്ടനെന്റ്റ്. ഗണപതിയെ സ്മരിക്കുന്നു.   

                                       രണ്ടു പേര്‍, വിമാനത്തിന്റെ പിന്‍ ചിറകില്‍ ഇരുന്നു, ഒരാള്‍ അതിന്റെ താടിക്കു (നോസ്കോണ്‍) പിടിച്ചു പൊക്കിയാല്‍, തിരിച്ചു വെക്കവുന്നത്ര ഘനം കുറഞ്ഞ വിമാനം. 

                                 ശ്രീനഗര്‍ വിമാന താവളത്തിന് ഒരു പ്രത്യേകത ഉണ്ട്.
മംഗലാപുരത്ത് വിമാന അപകടം ഉണ്ടായപ്പോള്‍ നമ്മള്‍ പേപ്പറില്‍ കൂടി 
വായിച്ചിട്ടുള്ള 'ടേബിള്‍ ടോപ്‌ എയര്‍ ഫീല്‍ഡ്' ആണ് അത്. അതായത് വലിയ ഒരു കുന്നിനെ ചെത്തി നിരപ്പാക്കി ഉണ്ടാക്കിയ വിമാന താവളം. വിമാനം നിലത്തു നിന്ന് പൊങ്ങി റണ്‍വേ കഴിഞ്ഞാല്‍, പിന്നെ താഴെ കാണുന്നത് രണ്ടു മൂവായിരം അടി താഴ്ചയുള്ള താഴ്വരയാണ്.

                             കാശ്മീരിന്റെ വടക്കെ അറ്റത്തുള്ള, മഞ്ഞു മലകള്‍ക്കിടയിലുള്ള പട്ടാള സംവിധാനങ്ങള്‍ക്കും, ലേ, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്കും, ആവശ്യമുള്ള എല്ലാ സാധനങ്ങളും എത്തിച്ചു കൊടുക്കുന്നത്, വിമാനങ്ങളില്‍ കൂടി അല്ലെങ്കില്‍ ഹെലികൊപ്ട്ടരില്‍  കൂടി ആണ്. അതിനായി അന്നത്തെ  .എന്‍ -12, പാക്കറ്റ്, തുടങ്ങിയ കാര്‍ഗോ വിമാനങ്ങള്‍, പല സ്ഥലങ്ങളില്‍ നിന്ന് സാധനങ്ങള്‍ കയറ്റി, ശ്രീനഗറില്‍ ഇറങ്ങി, ഇന്ധ്ധനം നിറച്ചിട്ട്‌ പോകാറാണ് പതിവ്. 

                      ധാന്യങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, മരുന്നുകള്‍,
പട്ടാള യൂനിട്ടുകള്‍ക്ക് വേണ്ടിയുള്ള വെടിക്കോപ്പുകള്‍, എന്തിന് പട്ടാളക്കാര്‍ക്കുള്ള, നാട്ടില്‍ നിന്നുള്ള കത്തുകള്‍ വരെ ഇതില്‍ പെടും. 
  
                                       സത്യത്തില്‍ ഈ എയര്‍ കാര്‍ഗോ സര്‍വീസിന്റെ 
കാര്യക്ഷമതയിലാണ്, ഹിമാലയന്‍ മഞ്ഞു മലകളിലുള്ള മനുഷ്യ ജീവന്‍ 
തുടിക്കുന്നത്.

                       ശ്രീനഗറില്‍ കരമാര്‍ഗം എത്തണമെങ്കില്‍, ജമ്മുവില്‍ നിന്ന് പന്ത്രണ്ടു മണിക്കൂര്‍ റോഡ്‌ യാത്ര ചെയ്യണം. ആ പന്ത്രണ്ടു മണിക്കൂര്‍ യാത്ര, ആദ്യമായി പോകുന്നവര്‍ക്ക്, മനം കവരുന്ന കാഴ്ചയാണ്.
            ഹിമാലയ സാനുക്കളില്‍ കൂടി, എണ്ണിയാല്‍ ഒടുങ്ങാത്ത ഹെയര്‍പിന്‍ 
വളവുകളില്‍ കൂടി, ഇന്ത്യയിലെ ഏറ്റവും വലിയ തുരംഗമായ ജവഹര്‍ 
ടണല്‍ വഴി ഒക്കെ ഉള്ള യാത്ര. കൂടെക്കൂടെ, മണ്ണിടിഞ്ഞു, റോഡുകള്‍  തന്നെ അപ്രത്യക്ഷമാകാന്‍ സാധ്യത് ഉള്ളത്കൊണ്ട്, ഉടനടി പുതിയ റോഡ്‌ നിര്‍മിക്കാനായി, ബുള്‍ഡോസരുകളും, ജെ . സി. ബികളും ഉള്ള 'ഗ്രഫ്' യൂനിട്ടുകളെയും, എം.ഇ. ജി യൂനിട്ടുകളെയും, ഇടവിട്ട് സ്ഥിരമായി വിന്യസിച്ചിട്ടുണ്ട്.    

                               ചുരുക്കം പറഞ്ഞാല്‍, പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് ഈ ദൂരം താണ്ടുമോ എന്ന് ആര്‍ക്കും ഉറപ്പില്ല!

                                 അത് കൊണ്ട് സ്രീനഗരിലോ അതിനപ്പുറമുള്ള യൂനിട്ടുകളിലോ സേവനം ചെയ്യുന്ന പട്ടാളക്കാര്‍ പലരും, ശ്രീനഗര്‍ എയര്‍ 
ഫോഴ്സ് കാമ്പില്‍ വന്നു, അവിടുന്നു ആഗ്രയിലേക്കോ, മദ്രാസിലേക്കോ  
പോകന്ന ഒരു വിമാനത്തില്‍ കയറിക്കൂടാന്‍ നോക്കും. ഭാഗ്യമുണ്ടെങ്കില്‍,
അക്കാലത്തു ചിലവഴിക്കേണ്ടി വരുന്ന അഞ്ചു ദിവസത്തെ യാത്ര കൂടി,
ലീവിന്റെ അക്കൌണ്ടില്‍ നാട്ടില്‍ നില്‍ക്കാം.  
                          അത് പോകട്ടെ ഞാന്‍  "നാറ്റ് സ്ക്വാര്‍ദ്നില്‍" ജോലി ചെയ്തിരുന്നത് കൊണ്ട്, ദൈനംദിനം നടക്കുന്ന ഈ കാര്‍ഗോ വിമാന
പരിപാടികളും ആയി നേരിട്ടൊരു ബന്ധവും ഇല്ലായിരുന്നു.

                                എങ്കിലും ഞങ്ങളും ടാര്‍മെക്കില്‍, ഈ കാഴ്ചകള്‍ക്ക് 
സാക്ഷ്യം വഹിക്കാറുണ്ട്.

                                  ഒരു ദിവസം ഞാനും, എന്റെ സഹപ്രവര്‍ത്തകരും,
വിമാനത്തിന്റെ ഡെയിലി ഇന്‍സ്പെക്ഷന്സു നടത്തി, റെഡി ആണ് 
എന്ന് ഒപ്പിട്ടശേഷം വിശ്രമിക്കുകയായിരുന്നു. ബ്രീഫിംഗ് പ്രകാരം ടേക്ക് ഓഫിനു, ഇനിയും ഒരു മണിക്കൂര്‍ ഉണ്ട്. 

                                  ഞങ്ങള്‍ കുറച്ചു മലയാളികള്‍ വിമാനത്തിന്റെ താഴെ,
കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുംബോഴാണ്, യൂണിഫോം ധരിച്ച ഒരു 
ആര്‍മിക്കാരന്‍, ചെറിയ സൂട്കേസുമായി, ഞങ്ങളുടെ അടുത്തേക്ക് വന്നത്. 

               മലയാളത്തില്‍ സംസാരം കേട്ട മാത്രയില്‍, പുള്ളിക്കാരന്‍ ഞങ്ങളോട് ചോദിച്ചു.

                         "മാഷേ, ഇവിടെ നിന്ന് ഏതെങ്കിലും വിമാനം പൂനക്കോ,
മദ്രാസിനോ പോകുന്നുണ്ടോ?  അമ്മ സീരിയസ്സാണെന്ന് കമ്പി കിട്ടിയിട്ട്,
ഞാന്‍ നാട്ടില്‍ പോകുകയാണ്."

                        ഈ കാര്‍ഗോ വിമാനങ്ങളുടെ പോക്കുവരത്തിനെക്കുറിച്ചു, ഒരു വിവരം ഇല്ലെങ്കിലും, അയാളുടെ ആ സാഹചര്യത്തില്‍, എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നത് നോക്കാം എന്ന് ഞങ്ങളും കരുതി. 
                     അവിടെ നാലഞ്ചു കാര്‍ഗോ വിമാനങ്ങള്‍ കിടപ്പുണ്ടായിരുന്നു.
ഗ്രൌണ്ട് ക്രൂസിനോടു ആരാഞ്ഞപ്പോള്‍, അതില്‍ ഒരെണ്ണം ബംഗ്ലുരിനു 
പോകുന്നതാണ് എന്ന് മനസ്സിലായി. 
                       അതിനപ്പുറം ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുകയില്ല,
എന്തെന്നാല്‍ ആ വിമാനത്തില്‍ അയാളെ പോകാന്‍ അനുവദിക്കണമോ 
വേണ്ടയോ എന്നുള്ളതെല്ലാം ആ വിമാനത്തിലെ ഉദ്ദ്യോഗസ്തന്മാരുടെ 
തീരുമാനമാണ്. ഞങ്ങള്‍ക്ക് അവരെ ഒട്ടു അറിയുകയില്ല താനും.
                          ഞങ്ങള്‍ക്ക് കിട്ടിയ വിവരം, അയാളെ ധരിപ്പിച്ചു, ഇനി അവരോടു പോയി ചോദിക്കാന്‍ പറഞ്ഞു, ഞങ്ങള്‍ വര്‍ത്തമാനത്തില്‍ 
മുഴുകി.  
                  
    കാര്‍ഗോ വിമാനത്തില്‍ സാധനങ്ങള്‍   ലോഡ് ചെയ്യിക്കുന്നതിന്റെ   ചുമതല 'ലാഷിംഗ് മാസ്റ്റര്‍' എന്ന് അറിയപ്പെടുന്ന ആള്‍ക്കാണ്. യാത്രാമധ്യേ, സാധനങ്ങള്‍ ഉലഞ്ഞു, അപകടങ്ങള്‍ സംഭവിക്കാതെ അവ സ്ട്രാപ്പില്‍ ബന്ധിച്ചു, ബലമാക്കി നിറുത്തുക, യാത്ര ചെയ്യുന്നവരുടെ പേരും വിവരങ്ങളും തിട്ടപ്പെടുത്തി, മാനിഫെസ്റ്റു തയ്യാറാക്കുക, ഇതെല്ലാം 
അദ്ദേഹത്തിന്റെ ജോലി ആണ്. ഈ പ്രക്രിയകള്‍ പൂര്‍ത്തി ആയാല്‍ അത്
തിരുത്താന്‍ പാടുള്ളതല്ല എന്നതാണ് നിയമം.   
  
                       എന്തായാലും മേല്‍പ്പറഞ്ഞ  പട്ടാളക്കാരന്‍ ഓടിക്കിതച്ചു 
എത്തിയപ്പോഴേക്കും, ലാഷിംഗ് മാസ്റ്റര്‍ ചടങ്ങുകളെല്ലാം കഴിച്ചു, പിന്‍ 
വശത്തെ വാതിലുകള്‍ അടക്കാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. 

                                    അയാള്‍ എത്ര അപേക്ഷിച്ചിട്ടും, ഒരു സോറി പറഞ്ഞു, 
ലാഷിംഗ് മാസ്റ്റര്‍, അയാളെ തിരിച്ചു വിട്ടു. ഇതെല്ലാം ടാര്‍മക്കില്‍ നിന്ന് 
ഞങ്ങള്‍ നിസ്സഹായതോടെ കണ്ടിരുന്നു.   

         വിമാനം ടാക്സി ഔട്ട്‌ ചെയ്തു റണ്‍വേ അറ്റത്തേക്ക് നീങ്ങുമ്പോഴും ആ പട്ടാളക്കാരന്‍ ആരെയോ ഒക്കെ പ്രാകുന്നുണ്ടായിരുന്നു.

                       റണ്‍വേ ടാര്‍മെക്കിന്റെ സൈഡില്‍ ആയതിനാല്‍ ആ വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് ഞങ്ങള്‍ക്ക്  കാണാമായിരുന്നു.
                      അപ്പോഴേക്കും ആ മലയാളി പട്ടാളക്കാരന്‍ ഞങ്ങളുടെ അടുത്തേക്ക് നടന്നെത്തി.
                    " ആ തന്തക്കു പിറക്കാത്തവന്‍ ഒരു മലയാളിയാ, അതാ എന്റെ വിഷമം. ആ വിമാനത്തില്‍ ഒരുപാടു സ്ഥലമുണ്ടായിരുന്നു,എന്നെ കൂടി കൊണ്ട്  പോയിരിന്നു എങ്കില്‍, ഞാന്‍ നാളെ വീട്ടില്‍ എത്തിയേനെ".

                         അങ്ങിനെ പോയി അയാളുടെ ജല്പനങ്ങള്‍.

                 ആ വിമാനം ടേക്ക് ഓഫ് റണ്‍ കഴിഞ്ഞു ആകാശത്തേക്ക് 
ഉയരുന്നതും നോക്കി ഇരുന്നു ഞങ്ങള്‍. ഈ മനുഷ്യനെ എന്ത് പറഞ്ഞു സമധാനിപ്പിക്കാനാണ്? 
                    ആ വിമാനം  ഒരു ഇരുന്നൂറു മീറ്റര്‍ ഉയര്‍ന്നു ആ ടേബിള്‍ ടോപ്‌ റണ്‍വേ പോലും കടക്കുന്നതിനു മുന്‍പ് വലത്തോട്ട് ചെരിഞ്ഞു നിലംപതിച്ചു,  ഒരഗ്നിഗോളമായി!!.





                  ആ മലയാളി പട്ട്ളക്കാരന്റെ മുഖഭാവം, ഇന്നും എന്റെ മനസ്സില്‍ നില്‍ക്കുന്നു.
                             ആ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഇരുപത്തിമൂന്ന്  പേരും മരിച്ചു -  

                                  --------------------------------------------------------



Saturday, June 2, 2012

സായാഹ്ന സവാരി



            കുവൈറ്റില്‍  ഒരു പ്രവാസി ആയിട്ട്  ഇരുപതു കൊല്ലത്തിനു മേലെയായി. ഞാന്‍ ഇവിടെ വന്നപ്പോള്‍ മുതല്‍ സാല്മി്യ  ഗാര്ഡ നില്‍ നടക്കാന്‍ പോകുക എന്റെു ഒരു ദിനചര്യയാണ്‌. 
         പാര്‍ക്കില്‍ എന്നും കണ്ടുമുട്ടുന്ന ചില മുഖങ്ങള്‍ . പിന്നെ വലിയ ചൂട്  വരുന്നതിനു മുന്പും, അതിശൈത്യം  വരുന്നതിനു മുന്പും ആയി  പ്രത്യക്ഷപ്പെടാറുള്ള ചില "പോക്കുവരത്തുകാര്‍"
           ദിവസവും വരുന്നവരെ നമ്മള്‍ ശ്രദ്ധിക്കും. അവര്‍ നടക്കുന്ന രീതി, ഓടുന്ന രീതി എല്ലാം. 
                      "കൈ, നീട്ടി വീശി, മിനിറ്റില്‍ അന്പതിനു മേലെ ചുവടുകള്‍ വക്കുന്ന, ഡല്ഹി് ആര്‍.കെ. പുരത്തിലെ ചില എക്സ് മിലിട്ടറി ആളുകളെ ഓര്‍മിപ്പിക്കുന്ന നടത്തം."
        ചിലര്‍ ഓടുന്നത് കണ്ടാല്‍, നാട്ടില്‍ കെ. എസ്. ആര്‍. ടി. സി ബസ്സിനു പോലും അവര്‍ ഒടിയിട്ടില്ല എന്ന് തോന്നും.
       മറ്റൊരു രസകരമായ സംഭവം ഞാന്‍ പറയട്ടെ.                                                        .            “ഒബിസിറ്റിയില്‍" ലോകത്തില്‍, മുന്‍പന്തിയില്‍ നില്‍ക്കുന്ന  രാജ്യമാണ് കുവൈറ്റ്‌.സമൃദ്ധിയില്‍ വളരുന്ന ഇവിടത്തുകാരുടെ കാര്യം പോട്ടെ. സമ്പൂര്‍ണ സാക്ഷരതയും, സംസ്കാരനിലവാരവുമുള്ള നമ്മുടെ കുട്ടികളെ കണ്ടാല്‍ കഷ്ടം തോന്നും.     
                  എന്റെ ഒരു പരിചയക്കാരനും, ഭാര്യയും, മകനും, കൂടെ നടക്കാന്‍ ഉണ്ടായിരുന്നു. ഞാനും പരിചയക്കാരനും  പാര്‍ക്കിനു ചുറ്റും ഒരേ ദിശയില്‍ നടക്കുന്നത് കൊണ്ട്, ഞങ്ങള്‍ ഒരുമിച്ചായി. 
                      "നമസ്കാരം, കുടുംബം മുഴുവന്‍ നടക്കുന്നുണ്ടല്ലോ, ഭാര്യയെയും മോനെയും പുറകില്‍ കണ്ടു " ഞാന്‍ ഒരു കുശലം പറഞ്ഞു. 
                      ആ കണ്ട കാഴ്ച അതിരസകരം. അദ്ദേഹത്തിന്റെ  ഭാര്യ  മുന്നില്‍ നടക്കുന്നു. ഒരു പത്തടി പുറകെ, ഒരു ഐസ്ക്രീമും തിന്നു കൊണ്ട്‌, ലോകത്തില്‍ ഒന്നിനോടും പ്രതിപത്തിയില്ലാത്ത മുഖഭാവത്തോടെ ഒരു "തക്കടുമുണ്ട്" പയ്യന്‍, ഏന്തിവലിഞ്ഞു നടക്കുന്ന 
കഴ്ച്ചയായിരിന്നു അത്. പെട്ടെന്ന് സുഹൃത്ത് വാചാലനായി.
                    "ഒന്നും പറയണ്ട എന്റെ മാഷെ, നടക്കാന്‍ പോകാന്‍ സമ്മതിക്കാന്‍  ഒരു ഐസ്ക്രീം ഓഫര്‍ ചെയ്യേണ്ടി വന്നു. ഇനി ഓരോ റൌണ്ട് നടക്കുന്നതിനും രാത്രിയില്‍ ഓരോ ചിക്കന്‍  ബര്‍ഗരാണ് ഡിമാണ്ട്. എന്റെ പേഴ്സ് കാലി ആക്കിയെ അവനു മതിയാകൂ.  





         ഇതാണ് അവസ്ഥയെങ്കില്‍, ആ പയ്യന്‍ കാലത്ത് മുതല്‍ വൈകുന്നേരം വരെ നടന്നാലും പ്രശ്നം പരിഹരിക്കാന്‍ പോകുന്നില്ല !!
               ഇവരുടെ ആപേക്ഷികമായ സമാശ്വാസം, 
"ഓ, ഇവിടത്തെ ചില കുവൈറ്റ്‌ പിള്ളേരെ കണ്ടാല്‍ നമ്മുടെ പിള്ളേര് എത്രയോ ഭേദമാ."
     പിന്നെയുള്ള ചില നടത്തക്കാരുടെ കാര്യം ബഹുരസമാണ്.
ശുദ്ധവായുവും, പ്രകൃതിയും, ആസ്വദിച്ചുകൊണ്ടുള്ള അലസമായ നടത്തം. ചിലപ്പോള്‍ ചുണ്ടില്‍ ഒരു സിഗരറ്റും കാണും. ഒരു ചെറിയ തടിയും, കുടവയറും, പ്രതാപത്തിന്റെ  പ്രതീകമാണ്‌ എന്നാണു നാട്ടിലെ സങ്കല്പം‍. അതുകൊണ്ട് സ്വല്പം വേഗം  നടന്നു, ആ ആകാരം കളയാനുള്ള വൈമനസ്യമാകാം ഇവരുടെ ചേതോവികാരം.

  എനിക്ക് പരിചയമുള്ള ഒരു സീനിയര്‍ ഡോക്ടര്‍ 
കൊല്ലങ്ങളായി, ഈ പാര്‍ക്കില്‍ ഓടുന്നത് കണ്ടിട്ടുണ്ട്, അന്പതു കഴിഞ്ഞ ആ മനുഷ്യന്‍, അഞ്ചും ആറും റൌണ്ടുകള്‍ ദിവസവും ഓടുന്നത് ഞാന്‍ അസൂയയോടെ ശ്രദ്ധിച്ചിട്ടുണ്ട്. 
          ചില ദിവസങ്ങളില്‍ അദ്ദേഹം, ഏഴും എട്ടും റൌണ്ടുകള്‍ ഓടും.ഇതിനെന്താ കാരണം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി രസാവഹമാണ്.

         "ഇന്നൊരു ഡിന്നര്‍ ഉണ്ട്, ഒരു മുന്‍ കരുതലാ"

           നാള്ക്കു നാള്‍ ഡോക്ടറുടെ പ്രാക്ടീസ് പുരോഗമിച്ചതിനു അനുസരിച്ച്, പ്രവാസി മലയാളികളുടെ മുഖ്യധാരയില്‍, അദ്ദേഹം കൂടുതല്‍ അറിയപ്പെട്ടതോടെ,   ഇപ്പോള്‍, ഡോക്ടര്‍ എട്ടു റൌണ്ടുകള്‍ ആണ് സ്ഥിരം ഓടുന്നത്. 
     ഈ ഇരുപതു കൊല്ലകാലയളവില്‍ നടക്കാന്‍ കണ്ടിരുന്ന പലരും പൊലിഞ്ഞു പോയി.
          ഇതിനെക്കുറിച്ച്‌ ഞാന്‍ നേരത്തെ പറഞ്ഞ, എന്റെ  കൂട്ടുകാരന്‍ ഡോക്ടോരോടു,  വ്യാകുലപ്പെട്ടപ്പോ ള്‍ കിട്ടിയ മറുപടി അത്യുഗ്രന്‍.
                  "താനിപ്പോഴും നടക്കുന്നതുകൊണ്ടാണല്ലോ, ഇതെല്ലാം കാണാനും ശ്രദ്ധിക്കാനും കഴിയുന്നത്‌. ഭാഗ്യക്കുറിയുടെ ടിക്കറ്റ്  
    എടുത്താലല്ലേ, ലോട്ടറി അടിക്കാന്‍ സാധ്യതയുള്ളൂ." എന്ന് പറയുന്നത് പോലെയുള്ള ആപ്തവാക്യം.
                   അതുകൊണ്ട് എന്റെന സായാഹ്ന സവാരി അവിരാമം തുടരുന്നു.    

                          --------------------------------------------------------------------------------------- 

ഭാര്യയെ സുഖിപ്പിക്കുക

                           
                         പണ്ട് ഞാന്‍ എഫ്. എ. സി. ടി യുടെ ഫെഡോ ഓഫീസില്‍ ജോലി ചെയ്തിരുന്നു.

                          അവിടെ സത്യ ക്രിസ്ത്യാനിയും, സല്‍മനസ്സും ഉണ്ടായിരുന്ന ഒരു  സതീര്‍ത്ഥന്‍ ഉണ്ടായിരുന്നു. പേര്   വര്‍ഗീസ്. ഏതൊരാളിനും എന്ത് സഹായവും ചെയ്യാന്‍ സദാ സന്നദ്ധന്‍ ആയ
ഒരു മനുഷ്യന്‍.

                        പക്ഷെ ഒരു വൈകല്യമുണ്ട്. അതുകൊണ്ട് മാത്രം  ഒരു
ഹാസ്യ കഥാപാത്രമായിട്ടെ, എല്ലാപേരും അയാളെ കണ്ടുള്ളൂ.
വൈകുന്നേരമായാല്‍ മരുന്നടിക്കും. അത് കഴിഞ്ഞാല്‍    വര്‍ഗീസ്
വേറൊരു വ്യക്തിയാണ്. എന്നാലും, മാനവീകതയും, മനുഷ്യ കാരുന്ണ്യ പ്രവര്‍ത്തനവും മറന്നു, ഉള്ള ഒരു കളിക്കും വര്‍ഗീസ് പോകുകയില്ല.
വഴക്കോ, അടിപിടിക്കേസോ പുള്ളിയുടെ ചരിത്രത്തിലില്ല. കുടുംബ സ്നേഹമാണെങ്കില്‍, ഒട്ടും മോശമല്ല.

                       പക്ഷെ അദ്ദേഹത്തിന്‍റെ  ഭാര്യയെ സംബധിച്ചിടത്തോളം,
സിവസവും മരുന്നടി കഴിഞ്ഞു വരുന്ന, ആ വരവ് ഇഷ്ടമല്ല.

                   വര്‍ഗീസിന്‍റെ വീട് ചെറായി എന്ന ഒരു ഗ്രാമത്തിലാണ്.
ഇപ്പോള്‍ അത് നല്ല ഒരു ബീച്ചും, ടൂറിസ്റ്റ് കേന്ദ്രവുമായിട്ടാണ് അറിയപ്പെടുന്നത്.

             പണ്ട്  എഫ്. എ. സി. ടി സ്ഥിതി ചെയ്യുന്ന, ഏലൂര്‍ നിന്ന്,വരാപ്പുഴ കടത്ത് കടന്നു, പറവൂര്‍ ചെന്ന്, അവിടെ നിന്ന് വേണം      ചെറായിയിലേക്ക് പോകാന്‍.   വര്‍ഗീസിനെ സംബധിച്ചിടത്തോളം  വരാപ്പുഴ ബോട്ട് വരാന്‍ താമസിക്കുന്നു എന്നതിന്റെ വിരസത മാറ്റാന്‍,
രണ്ടെണ്ണം.

            "അതുവരെ ജോലി ചെയ്തതിന്‍റെ, സ്‌ട്രെസ് മാറെണ്ടേ!!".
     പിന്നെ പറവൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയാല്‍ "ചെറായി" ബസ്‌
കിട്ടാനുള്ള താമസം.

             ആ "സ്ട്രെയിന്‍" തൊട്ടടുത്തുള്ള, പറവൂര്‍ ടൂറിസ്റ്റ് ഹോമില്‍ പോയി തീര്‍ക്കും.

              അതും കൂടി കഴിയുമ്പോള്‍  ഗീവര്‍ഗീസിന്‍റെ ചുമതലാബോധവും,
ഞാന്‍ ചെയ്യുന്നത് തെറ്റാണ്" എന്നാ കുഞ്ഞാടിന്റെ ഉണര്‍ത്തു പാട്ടും
ഉണ്ടാകും.

                 പറവൂര്‍ ബസ്‌ സ്റ്റാന്‍ഡിനു രണ്ടു കിലോമീറ്റര്‍ അപ്പുറം,
വൈകുന്നേരം മീന്‍ ചന്തയുള്ള, 'പെരുംബടന്ന' എന്ന  ഒരു സ്ഥലം ഉണ്ട്.
 ചെറായിയിലേക്ക് ഉള്ള വഴി മദ്ധ്യമാണ് ഈ സ്ഥലം.

                  "പറവൂര്‍ ടൂറിസ്റ്റ് ഹോമില്‍" നിന്ന് ഇറങ്ങുമ്പോള്‍, തലയില്‍
കുറ്റ ബോദ്ധവും, ചെന്ന് കയറുമ്പോള്‍ ഭാര്യയുടെ പ്രതികരണം എന്തായിരിക്കും എന്നതും ആലോചിക്കുമ്പോള്‍,  പെരുംബടന്ന മീന്‍
മാര്‍ക്കറ്റില്‍ നിന്ന്, കുറെ മീനും മേടിച്ചു ചെന്ന്, അവരെ ഒന്ന് സുഖിപ്പിക്കാം  എന്ന് പുള്ളി കരുതും.
                       ചെറായി വരെ ടിക്കറ്റ്‌ എടുത്തയാള്‍, പാതി വഴിക്കിറങ്ങും.
മീനും മേടിക്കും.

                        തൊട്ടടുത്ത്‌, ചാണകം ഉണക്കി "വറളി" ആക്കി വില്‍ക്കുന്ന ഒരു കടയുണ്ട്. സാധാരണയായി "വറളി" , മരണാനന്തരം, മൃത ശരീരം
ദഹിപ്പിക്കാന്‍, വിറകിന്റെ കൂടെ ഉപയോഗിക്കാറുണ്ട്.

                        "പറവൂര്‍ ടൂറിസ്റ്റ് ഹോമില്‍" നിന്ന് കിട്ടിയ ഉത്തേജനം
നിലനിര്‍ത്താന്‍, അയാള്‍ പെരുംബടന്ന ഷാപ്പിലും കയറും. അപ്പോഴാണ്‌
  "നമ്മള്‍ക്ക് ലഭ്യമായ സ്രോതസ്സില്‍ നിന്ന്, എന്ത്കൊണ്ട് നമ്മുടെ എനര്‍ജി
പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നില്ല" എന്ന തോന്നല്‍ ഉടലെടുത്തത്.

                നമ്മള്‍ മലയാളികള്‍ക്ക് പൊതുവേ അറിയാത്ത  ഒരു സത്യമുണ്ട്.
ഇത്രയും ജനസംഖ്യ ഉള്ള നമ്മുടെ  ഇന്ത്യയില്‍, ഊര്‍ജാവശ്യം എങ്ങിനെ
നടന്നു പോകുന്നു എന്നതിന്‍റെ ഔദ്ദ്യോഗിക "സര്‍വ്വേ റിപ്പോര്‍ട്ട്‌".
       എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ ഇപ്പോഴും ആശ്രയിക്കുന്നത് "ഗോബെര്‍" ആണ്.  "ഗോബെര്‍" എന്ന് പറഞ്ഞാല്‍, ചാണകം ഉണക്കി,
കത്തിക്കാനുള്ള ഇന്ദ്ധനം ആക്കി ഉപയോഗിക്കുന്ന മേല്‍പറഞ്ഞ ഈ
  "വറളി" .

        ഇത്രയും ജനസംഖ്യയുടെ മുഖ്യമായ ഊര്‍ജാവശ്യം, ഗാര്‍ഹികമാണ്.
ചുരുക്കി പറഞ്ഞാല്‍, അരി തിളക്കണം, അല്ലെങ്കില്‍ ചപ്പാത്തി വേകണം.
               ഈ സങ്കീര്‍ണമായ ചിന്തകളില്‍ നിന്നും, സത്യങ്ങളില്‍ നിന്നും
ആണ്, വര്‍ഗീസിനു, ഗയയില്‍ വെച്ച് ബുദ്ധനു ലഭിച്ചത് പോലെയുള്ള
ആ വെളിപാടുണ്ടായത്.
     .
          ഊര്‍ജ പ്രതിസന്ധിയും, പവര്‍ കട്ടും ഉള്ള നമ്മുടെ നാട്ടില്‍, എന്തുകൊണ്ട് ഈ "ആള്‍ട്ടര്‍നെറ്റ്" എനര്‍ജി ഉപയോഗിക്കുന്നതിനു, ഞാന്‍
തന്നെ ഒരു മാതൃക ആയിക്കൂടാ?

            അടുപ്പും സംവിധാനവും എല്ലാം നാളെയുമാകാം. എന്തും, തുടക്കം
കുറിക്കാനാണ് നമ്മള്‍ക്ക് വൈമനസ്യം. ഇറങ്ങി തിരിച്ചാല്‍, അടുത്തത്
ചെയ്യേണ്ടതെന്തെന്നു, നമ്മള്‍ തന്നെ ആലോചിക്കാനും, അതിനനുസരിച്ച്
പ്രവര്‍ത്തിക്കാനും നിര്‍ബന്ധിതരാകും. ചുരുക്കത്തില്‍

            "വൈ കാണട് യു, യൂസ് ദിസ്‌ "വറളി" ഇന്‍ എ ക്രിയെടീവ് ആന്‍ഡ്‌ ഇന്നവേറ്റീവ് മാനര്‍" എന്നാ മാതിരിയുള്ള ഒരു ഉള്‍വിളിയും, പിന്നെ
ഒരു ഉത്തേജനവും.
                      പിന്നെ ഒന്നും ആലോചിച്ചില്ല
                        "വറളിക്കെന്താ വില?"     അടുത്ത കടയില്‍ ചെന്ന് ചോദിച്ചു.

       "നൂറെടുത്താല്‍ അമ്പതു രൂപ,  ഇരുന്നൂറു എടുത്താല്‍ നാല്‍പ്പതു"
                          ബര്‍ഗൈന്‍ ചെയ്യാന്‍  വര്‍ഗീസ് ഒട്ടും മോശമല്ല, എന്ന  രീതിയില്‍ പുള്ളി ചോദിച്ചു "നാനൂറു എടുത്താലോ?"

                     അവസാനം, ഭാര്യയെ സന്തോഷിപ്പിക്കാന്‍, ഇരുന്നൂറു രൂപയുടെ സാധനം, ചുളു വിലയില്‍, ഒരു പെട്ടി വണ്ടിയില്‍ ലോഡ് ചെയ്തു, പുള്ളി  ചെറായിയിലേക്ക് യാത്രയായി.


                      ചെറായി ജംഗ്ഷനിലെ പ്രതികരണം വേറെ ആയിരുന്നു .
 വര്‍ഗീസ് ചേട്ടന്‍, ഇത്രയും  "വറളിയും" ആയി ഒരു പെട്ടിവണ്ടിയില്‍,
പോകുന്ന കണ്ട നാട്ടുകാര്‍ പരസ്പരം ആരാഞ്ഞു "ആരാ മരിച്ചത്?"
    "അങ്ങേരുടെ അയല്‍ വീടിലെ കണാരന്‍ കുറെ നാളായി അത്യാസന്ന
നിലയിലായിരുന്നു" ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞു

                        കാര്യം അന്വേഷിക്കാന്‍, ഓട്ടോ റിക്ഷാക്കാരും, നാട്ടുകാരും
  ഗവര്‍ഗീസിന്‍റെ വീട്ടിലേക്ക് !!

                              ഇനി ഞാന്‍ ബാക്കി പറയുന്നില്ല !!!!
                         --------------------------------------------------------------------
   .

മോനൂ ഡോണ്ട് ഡൂ ഇറ്റ്‌



                                                                         
                                        ഞാന്‍ ഇപ്പോള്‍ എഴുതാന്‍ പോകുന്ന ആശയം,
നാല്‍പ്പത്തഞ്ചു കൊല്ലങ്ങള്‍ മുന്‍പ്, കേട്ട, ഒരു തമാശയില്‍ നിന്ന് കിട്ടിയതാണ്.

               പക്ഷെ ഇത്രയും കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും, ആ നര്‍മ്മം ഇപ്പോഴും
ആസ്വദിക്കാന്‍ പറ്റുന്നു, എന്നതു കൊണ്ട്, ഒരു പാട്ടിന്‍റെ "റീമിക്സ്" പോലെ, ഇതെഴുതുന്നു.

                     എഴുപതുകള്‍ക്കു   ശേഷമാണ്, നിലനില്‍പ്പിനും, മെച്ചപ്പെട്ട ജീവസന്ധാരണത്തിനായി, ഗള്‍ഫ് നാടുകളിലേക്ക്, ഒരു പ്രവാഹം തന്നെ ഉണ്ടായത്. നാട്ടിലോ, ജോലി കിട്ടാനുള്ള സാധ്യതയില്ല. ഡല്‍ഹിയിലും,             മദ്രാസിലും, മുംബെയിലും എല്ലാം, സാധ്യതകള്‍ മങ്ങി തുടങ്ങിയിരുന്നു,  .
അങ്ങനെ കുടുംബം പോറ്റാനായി, സ്വന്തം കാലില്‍ നില്‍ക്കാനുള്ള വ്യഗ്രതയുമായി, പലരും ഇവിടെ എത്തി.

                      കൂടാതെ "പച്ച എപ്പോഴും അക്കരയാണ്" എന്ന തിരിച്ചറിവും ഒരു കാരണമായിരുന്നു.

                     അങ്ങിനെ പല ഘട്ടങ്ങളിലായി ഇവിടെ വന്നു, അവരുടേതായ നേട്ടങ്ങള്‍ ഉണ്ടാക്കിയപ്പോഴും, ഒരു നഷ്ട ബോധത്തിന്‍റെ നിഴല്‍, അവരെ പിന്തുടര്‍ന്നിരുന്നു. അതുകൊണ്ട് തന്നെയാകണം, "എനിക്ക് ഉണ്ടായതു പോലെ, ഒരസൗകര്യവും, എന്‍റെ മക്കള്‍ക്ക്‌ ഉണ്ടാകരുത് എന്ന ഒരു വാശി, എല്ലാ മറുനാടന്‍ മലയാളികളിലും ഉടലെടുത്തത്.

                      പൊതുവേ മലയാളം മീഡിയത്തില്‍ കൂടി പാസ്സായ, എല്ലാ പഴയ മലയാളികള്‍ക്കും, ഇവിടെ വന്ന ആദ്യകാലത്ത്, ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്തുക എന്നത്, ഒരു വൈതരണി തന്നെ ആയിരുന്നു.
എന്‍റെ അടുത്ത തലമുറയ്ക്ക്, ഈ വൈകല്ല്യം ഉണ്ടാകരുത് എന്നുള്ളതില്‍,     ഏതൊരു ശരാശരി മലയാളിയും കൂടുതല്‍ ബോധവാനായിരുന്നു.

                      എന്‍റെ ബാല്യത്തില്‍, അല്ലെങ്കില്‍ കൌമാരത്തില്‍, എനിക്കില്ലാതെ പോയത്, അല്ലെങ്കില്‍ നേടാന്‍ കഴിയാഞ്ഞത്, തങ്ങളുടെ   കുട്ടികള്‍ക്ക് നേടാന്‍ പറ്റുന്നത് കണ്ടു നിര്‍വൃതി കൊള്ളുക എന്ന ഒരു "അപ്പ്രോച്ച്".

                   കൂടെ പഠിക്കുന്ന മറ്റു കുട്ടികളുടെ മുന്‍പില്‍, മോശക്കാരന്‍  ആകാന്‍ പാടില്ലല്ലോ, എന്‍റെ മക്കള്‍.  - ഒരുതരം "ധൃതരാഷ്ട്ര പിതൃസ്നേഹം" .

                   എന്‍റെ വൈകല്ല്യം,  ഇംഗ്ലീഷ്‌ സംസാരിക്കാനുള്ള വൈഷമ്യം ആയിരുന്നു എങ്കില്‍ ,   സ്കൂളില്‍ പോകുന്ന ഘട്ടം  തൊട്ടേ , വീട്ടിലും അവനെക്കൊണ്ട്‌ ഇംഗ്ലീഷില്‍ സംസാരിപ്പിച്ചു, അവന്‍റെ,  ആ മടി മാറ്റി എടുപ്പിക്കുക  എന്ന "ഒരു അടവ് നയം".

         "ഇംഗ്ലണ്ടിലെ സായിപ്പ്, തെണ്ടുന്നതു വരെ ഇംഗ്ലീഷിലാണ്" എന്ന ജഗതി ഫലിതം ഓര്‍ക്കുന്നു.

                 അച്ഛനും, അമ്മയും തമ്മില്‍ മലയാളമാണ് പറയാറ്. എങ്കിലും, കൊച്ചിനോട് ഇംഗ്ലീഷിലെ സംസാരിക്കാറുള്ളൂ. കൊച്ചും ഇംഗ്ലീഷേ പറയാവു. വീട്ടിലെ സംസാര രീതി അതുപോലെ ചിട്ടപ്പെടുത്തിയ  ചിലരുണ്ട്. അങ്ങിനെ ശീലിച്ചത് കൊണ്ട്, നാട്ടില്‍   പോകുമ്പോള്‍, ഗ്രാന്‍ഡ്‌ പെരെന്സിനു കൊച്ചുമായി ഇണങ്ങി ചേരാന്‍ പറ്റുന്നില്ല പോലും.

                     അങ്ങിനെ കൊച്ചിനെ "ഗ്രൂം" ചെയ്ത ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ , ഞാന്‍ പോയി. ചായയും, എന്തോ പലഹാരങ്ങളും നല്‍കുന്നതിനായി, അദ്ദേഹം എന്നെ ഡൈനിങ്ങ്‌ ടേബിളിലേക്ക് ക്ഷണിച്ചു. പൊതുവേ, ഒരു ട്രേയില്‍, ചായയും കഴിക്കാനുള്ള സാധനങ്ങളും ആയി, ടീപോയിയില്‍ കൊണ്ട് വെക്കുന്ന പതിവാണ് ഇവിടെ കാണാറുള്ളത്‌.

                സാമാന്യം വലിപ്പമുള്ള ഡൈനിങ്ങ്‌ ടേബിള്‍. അത് പ്ലാസ്റ്റിക്‌
പേപ്പര്‍ കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്. ആ പ്ലാസ്റ്റിക്‌ പേപ്പറിന്‍റെ  അടിയില്‍ , വലിയ ഒരു "വേള്‍ഡ് മാപ്പ്" വച്ചിരിക്കുന്നു.

                  കൌതുകത്തോടെ  ഞാന്‍ ചോദിച്ചു "ഡൈനിങ്ങ്‌ ടേബിളില്‍,
എന്താണ്, മാപ്പ് വെച്ചിരിക്കുന്നത്?"

                  " ഓ അതോ, അത് കൊച്ചിനെ രാജ്യങ്ങളും തലസ്ഥാനങ്ങളും, പഠിപ്പിക്കാന്‍ വേണ്ടി ഞാന്‍ ഒരുക്കിയിരിക്കുന്നതാ."

                  പിന്നെ, അച്ഛന്‍റെ വക ഒരു "ഡെമോ" ആയിരുന്നു.    

          "എടാ, നീ "ഒട്ടാവയില്‍" പോയി ഒരു കിലോ ഓറഞ്ച് മേടിച്ചു,     ഒസാക്കയിലുള്ള, നിന്‍റെ അങ്കിളിന്‍റെ വീട്ടില്‍ കൊണ്ട് കൊടുക്കുന്നത്, എങ്ങിനെയാണ് എന്ന് ഈ അങ്കിളിനെ കാണിച്ചു കൊടുത്തെ."

                പയ്യന്‍ കറക്ട് ആയി "ഒട്ടാവ" എന്ന് മാപ്പില്‍ കാണിച്ച സ്ഥലത്ത് കൊണ്ട് കൈ വെച്ചു. എന്നിട്ട് ഒരു  കണ്ടീഷന്‍ പറഞ്ഞു .

                "പക്ഷെ, ഞാന്‍ പാരീസില്‍ ഇറങ്ങി പെട്രോള്‍ അടിച്ചിട്ടെ പോകുകയുള്ളൂ."

                 കൊച്ചു, പ്ലെയിന്‍ ഓടിക്കുന്ന ശബ്ദവുമായി, പാരീസ് എന്ന്,  മാപ്പില്‍ എഴുതിയ സ്ഥലത്തേക്ക്, വിരലോടിച്ചു പോയി, പെട്രോളും അടിച്ചു ഒസാക്കയില്‍ എത്തി.

                 ഇത് കൊള്ളാമല്ലോ. എനിക്ക് ആ കൊച്ചിനോടും, അവനെ, കളിയില്‍ കൂടി കാര്യങ്ങള്‍ പഠിപ്പിക്കുന്ന ആ പിതാവിനോടും മതിപ്പ് തോന്നി.

                 അത് കഴിഞ്ഞു, ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിന്   ഇടയില്‍ , കൊച്ച് എന്തോ കുരുത്തക്കേടു കാണിച്ചു.

                 ഉടനെ, മാനേഴ്സിലും, ആതിഥ്യ മര്യാദയിലും, എല്ലാം നിഷ്ക്കര്‍ഷയുള്ള, കൊച്ചിന്‍റെ  മമ്മി പറഞ്ഞു

                      " മോനൂ ഡോണ്ട് ഡൂ ഇറ്റ്‌".

                  അത് കേട്ട മട്ട്  നടിക്കാതെ, അവന്‍ വികൃതി തുടര്‍ന്നു. കുറെ പ്രാവശ്യം, അവന്‍ ആവര്‍ത്തിച്ചപ്പോള്‍, മമ്മിക്കു ശരിക്കും ദേഷ്യം വന്നു.

                  പിന്നെ, അവര്‍ സാധാരണ ദേഷ്യം വരുമ്പോള്‍, കൊച്ചിനോട്,
പ്രതികരിക്കുന്നത് പോലെ, ഉറക്കെ പറഞ്ഞു,

                 "മോനൂ ഐ ടോള്‍ഡ്‌ യു, ഡോണ്ട്  ഡൂ ഇറ്റ്‌".

പയ്യനും, അത്തരം സന്ദര്‍ഭങ്ങളില്‍, സാധാരണ തിരിച്ചു പ്രതികരിക്കുന്ന
പോലെ, പറഞ്ഞത് പെട്ടെന്നായിരുന്നു .......

                                           "നീ പോടീ പട്ടി !!"
                                  ------------------------------------------------

പാഠം-1 സന്തോഷം



     
                    ഗള്‍ഫില്‍ ജോലി ചെയ്യുന്ന എനിക്ക്, എന്റെ സുഹൃത്തിന്റെ മകന്റെ  കല്യാണത്തിന് പങ്കെടുക്കാന്‍ പറ്റിയില്ല. അവധി കിട്ടുന്ന പ്രശ്നം, കുട്ടികളുടെ സ്കൂള്‍,  അങ്ങിനെ പല കാരണങ്ങള്‍.

                     എന്തിനു അന്നേ ദിവസം ഒരു കമ്പി അടിക്കാന്‍ പോലും ഒത്തില്ല.    
തെറ്റ് എന്റേത് തന്നെ. അതുകൊണ്ട്, അങ്ങേരുടെ വീട്ടില്‍ പോയി, നേരിട്ട്
സമസ്താപരാധം പറഞ്ഞു, ആ കുറവ് നികത്തുന്നതിനായി ഞാനും ഭാര്യയും കൂടി പുറപ്പെട്ടു.

                      കാളിംഗ് ബെല്‍ അടിച്ചു, അകത്തോട്ടു കയറിയപ്പോഴും,
എന്റെ കുറ്റബോധം ഞാന്‍ ആവര്‍ത്തിച്ചു ഉണര്‍ത്തിച്ചു. കല്യാണ വിശേഷങ്ങള്‍ എല്ലാം പറഞ്ഞു തീര്‍ന്നപ്പോള്‍, എന്തോ ഓര്‍ത്തിട്ടെന്ന 
പോലെ, കൂട്ടുകാരന്‍ പറഞ്ഞു.

                          "ലതേ  ഇവര്‍ വിവാഹത്തിനോ വന്നില്ല, ഇവര്‍ക്ക് ആ 
ആല്‍ബം എങ്കിലും കാണിച്ചു കോടുക്കു"

                        ഇത് കേട്ട മാത്രയില്‍, എമര്‍ജന്‍സി വരുമ്പോള്‍ ഫയര്‍ 
ഫോഴ്സുകാര് ചെയ്യുന്ന ഒരു ഡ്രില്‍ പോലെ, ഭാര്യ നീങ്ങുന്നു, ഷൊകേസ് 
തുറന്നു ചെറിയ ആല്‍ബങ്ങള്‍ മാറ്റുന്നു, എന്നിട്ട് പാമ്പാട്ടിയുടെ ഷോയിലെ അവസാന രംഗം പോലെ, മൂര്‍ഖന്‍ പാമ്പിന്റെ കൂടുമായി വന്നു.   

           " എന്സൈക്ലോപീടിയ ബ്രിട്ടാനിക്കയുടെ മൂന്നിരട്ടി വലിപ്പമുള്ള ഒരു ആല്‍ബം"       

         സുഹൃത്തിന്റെ വീട്ടില്‍ ഒരു ഹൃസ്വ സന്ദര്‍ശനത്തിനു ശേഷം, രാത്രിയിലേക്കുള്ള പച്ചക്കറിയും മേടിച്ചു പോകാം എന്ന് കരുതി ഇറങ്ങിയ ഞാന്‍ ഒന്ന് പതറി.

            ആ ബ്രഹാമാണ്ട്ടം പോലെയുള്ള ആല്‍ബം എന്റെ മടിയില്‍ കൊണ്ട് വെച്ചപ്പോള്‍, ഞാന്‍ നിസ്സഹായനായി എന്റെ ഭൈമിയെ ഒന്ന് നോക്കി.    

                       "ഇത് നമ്മുടെ നാട്ടില്‍ പുതുതായി ഇറങ്ങിയ ഒരു ഫോട്ടോ ടെക്നോളജി ആണ് - സൂപ്പര്‍ ഇമ്പോസ്ഡ്‌ - സ്ടൂഡിയോക്കാര്‍, ആദ്യം  ഒന്നര ചോദിച്ചു - ഞാന്‍ പിന്നെ തൊണ്ണൂറിനു ഒപ്പിച്ചു. വളരെ ലൈയിട്ടാ-
സുഹൃത്ത്‌ അയാളുടെ ലാഭ കച്ചവടത്തിന്റെ ചുരുളഴിച്ചു.

                " ഏതാണ്ട് നാലര കിലോ വരുന്ന ഒരു ആല്‍ബം!"

          "നിങ്ങള്‍ അടുത്തിരിക്കു, കാണാന്‍ അതായിരിക്കും സൗകര്യം"
                അങ്ങേരുടെ ഭാര്യയുടെ വക ഒരു ടിപ്പണിയും.
   
                      ആ മഹാഭാരത ഗ്രന്ഥത്തിന്റെ ഒന്ന് രണ്ടു എപ്പിസോഡുകള്‍ ഞാന്‍ മറിച്ചു.   

                     കഥാപുരുഷന്റെ വീട്, കടുക്കന്‍ ഇട്ട എട്ടുവീട്ടില്‍ പിള്ളമാരെ 
ഓര്‍മിപ്പിക്കുന്ന, ഒരു നൂറ്റന്‍പതു വര്‍ഷം പഴക്കമുള്ള ഒന്ന് രണ്ടു കാര്‍ന്നോന്മാര്‍.  
                            "ലതേ, ഇവര്‍ക്ക് കുടിക്കുവാന്‍ എന്തെങ്കിലും എടുക്കു, ജൂസോ അതോ ചായയോ?" ജൂസ് ആണെങ്കില്‍ പെട്ടെന്ന് വരും എന്ന് കരുതിയാകാം, ഗൃഹനാഥന്‍, ചായ എടുക്കു എന്ന് പറഞ്ഞു.  

ഗൃഹനാഥ അകത്തേക്ക് പോയപ്പോള്‍ ഞാന്‍ പറഞ്ഞു 

               "ഇതെല്ലാം കാര്ന്നോന്മാരല്ലേ, നമുക്ക് പരിചിത മുഖങ്ങളിലേക്ക് കടക്കാം"  

               "മകന്‍ ദക്ഷിണ കൊടുക്കുന്ന രംഗങ്ങളാണ്. ഇതിനിപ്പുറത്തു   പയ്യന്റെ അങ്കിളിനു ദക്ഷിണ കൊടുക്കുന്ന ഷോട്ട് ഉണ്ട്. പുള്ളിക്കാരന്‍ ഇടുക്കി ഡെപ്യുട്ടി കലക്ടര്‍ ആണ്. അങ്ങേരു ആണ് അവനെ നോക്കിയതും വളര്‍ത്തിയതും."
                
ഇടുക്കി ഡെപ്യുട്ടി കളക്ടറെ കാണാനായി, ഞാന്‍ രണ്ടു മൂന്നു പേജു പുറകോട്ടു പോകേണ്ടി വന്നു.  കിണറ്റില്‍ നിന്ന് മൂന്നടി മേലോട്ട് ചാടിയിട്ടു, രണ്ടടി താഴോട്ടു വീഴുന്ന തവളയുടെ കടം കഥയാണ്‌, എനിക്ക് 
ഓര്‍മ വന്നത്.  

                പിന്നീടങ്ങോട്ട്, കല്യാണ ദിവസം കഥാപുരുഷന്‍, കക്ഷത്തില്‍ 
സ്പ്രേ അടിക്കുന്നു,  ബ്രാന്ടെഡ്‌  അണ്ടര്‍ഗാര്‍മെന്റിന്റെ  പെട്ടി തുറക്കുന്നു, ഷെര്‍വാണി ധരിക്കുന്നു, ചക്രവാളത്തിന്റെ അപാരതയിലേക്കു കണ്ണും നട്ട്, തെക്കോട്ട്‌ തിരിഞ്ഞു, കിഴക്ക് നിന്ന് പൊങ്ങി വരുന്ന ഉദയ സൂര്യനെ സാകൂതം വീക്ഷിക്കുന്നു, എന്നിങ്ങനെ പോകുന്നു ദൃശ്യങ്ങള്‍.

               "ചായയില്‍ എനിക്ക് പഞ്ചസാര വേണ്ട, പറയാന്‍ വിട്ടു പോയി"

                                  പെട്ടന്ന് ഓര്‍ത്തിട്ടെന്നപോലെ, ഞാന്‍ സുഹൃത്തിനോട് പറഞ്ഞു. അദ്ദേഹം ഭാര്യയോടു അക്കാര്യം പറയാന്‍ അടുക്കളയില്‍ പോയ തക്കം നോക്കി, ഞാന്‍ 'ഇനി ആല്‍ബത്തിന്റെ ഏതാനും പജ്കളെ ബാക്കി ഉള്ളു' എന്ന അവസ്ഥയിലേക്ക് എത്തി.

                                            ചായയും കുടിച്ചു, ഇതെല്ലം കണ്ടു തീര്‍ത്തു, രാത്രിയിലേക്കുള്ള  പച്ചക്കറികള്‍ മേടിച്ചില്ലല്ലോ, എന്ന് ആലോചിച്ചു 
നില്‍ക്കുമ്പോഴാണ്, സുഹൃത്തിന്റെ സാന്ത്വന വാക്കുകള്‍ -

                           "ഇന്ന് ലേറ്റായി, ഇതിന്റെ സി.ഡി കണ്ടില്ലല്ലോ,സൗകര്യം പോലെ വരൂ"    
                                   -----------------------------------------------------