Reminiscece Of Air Force Life

Saturday, June 2, 2012

മോനൂ ഡോണ്ട് ഡൂ ഇറ്റ്‌



                                                                         
                                        ഞാന്‍ ഇപ്പോള്‍ എഴുതാന്‍ പോകുന്ന ആശയം,
നാല്‍പ്പത്തഞ്ചു കൊല്ലങ്ങള്‍ മുന്‍പ്, കേട്ട, ഒരു തമാശയില്‍ നിന്ന് കിട്ടിയതാണ്.

               പക്ഷെ ഇത്രയും കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും, ആ നര്‍മ്മം ഇപ്പോഴും
ആസ്വദിക്കാന്‍ പറ്റുന്നു, എന്നതു കൊണ്ട്, ഒരു പാട്ടിന്‍റെ "റീമിക്സ്" പോലെ, ഇതെഴുതുന്നു.

                     എഴുപതുകള്‍ക്കു   ശേഷമാണ്, നിലനില്‍പ്പിനും, മെച്ചപ്പെട്ട ജീവസന്ധാരണത്തിനായി, ഗള്‍ഫ് നാടുകളിലേക്ക്, ഒരു പ്രവാഹം തന്നെ ഉണ്ടായത്. നാട്ടിലോ, ജോലി കിട്ടാനുള്ള സാധ്യതയില്ല. ഡല്‍ഹിയിലും,             മദ്രാസിലും, മുംബെയിലും എല്ലാം, സാധ്യതകള്‍ മങ്ങി തുടങ്ങിയിരുന്നു,  .
അങ്ങനെ കുടുംബം പോറ്റാനായി, സ്വന്തം കാലില്‍ നില്‍ക്കാനുള്ള വ്യഗ്രതയുമായി, പലരും ഇവിടെ എത്തി.

                      കൂടാതെ "പച്ച എപ്പോഴും അക്കരയാണ്" എന്ന തിരിച്ചറിവും ഒരു കാരണമായിരുന്നു.

                     അങ്ങിനെ പല ഘട്ടങ്ങളിലായി ഇവിടെ വന്നു, അവരുടേതായ നേട്ടങ്ങള്‍ ഉണ്ടാക്കിയപ്പോഴും, ഒരു നഷ്ട ബോധത്തിന്‍റെ നിഴല്‍, അവരെ പിന്തുടര്‍ന്നിരുന്നു. അതുകൊണ്ട് തന്നെയാകണം, "എനിക്ക് ഉണ്ടായതു പോലെ, ഒരസൗകര്യവും, എന്‍റെ മക്കള്‍ക്ക്‌ ഉണ്ടാകരുത് എന്ന ഒരു വാശി, എല്ലാ മറുനാടന്‍ മലയാളികളിലും ഉടലെടുത്തത്.

                      പൊതുവേ മലയാളം മീഡിയത്തില്‍ കൂടി പാസ്സായ, എല്ലാ പഴയ മലയാളികള്‍ക്കും, ഇവിടെ വന്ന ആദ്യകാലത്ത്, ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്തുക എന്നത്, ഒരു വൈതരണി തന്നെ ആയിരുന്നു.
എന്‍റെ അടുത്ത തലമുറയ്ക്ക്, ഈ വൈകല്ല്യം ഉണ്ടാകരുത് എന്നുള്ളതില്‍,     ഏതൊരു ശരാശരി മലയാളിയും കൂടുതല്‍ ബോധവാനായിരുന്നു.

                      എന്‍റെ ബാല്യത്തില്‍, അല്ലെങ്കില്‍ കൌമാരത്തില്‍, എനിക്കില്ലാതെ പോയത്, അല്ലെങ്കില്‍ നേടാന്‍ കഴിയാഞ്ഞത്, തങ്ങളുടെ   കുട്ടികള്‍ക്ക് നേടാന്‍ പറ്റുന്നത് കണ്ടു നിര്‍വൃതി കൊള്ളുക എന്ന ഒരു "അപ്പ്രോച്ച്".

                   കൂടെ പഠിക്കുന്ന മറ്റു കുട്ടികളുടെ മുന്‍പില്‍, മോശക്കാരന്‍  ആകാന്‍ പാടില്ലല്ലോ, എന്‍റെ മക്കള്‍.  - ഒരുതരം "ധൃതരാഷ്ട്ര പിതൃസ്നേഹം" .

                   എന്‍റെ വൈകല്ല്യം,  ഇംഗ്ലീഷ്‌ സംസാരിക്കാനുള്ള വൈഷമ്യം ആയിരുന്നു എങ്കില്‍ ,   സ്കൂളില്‍ പോകുന്ന ഘട്ടം  തൊട്ടേ , വീട്ടിലും അവനെക്കൊണ്ട്‌ ഇംഗ്ലീഷില്‍ സംസാരിപ്പിച്ചു, അവന്‍റെ,  ആ മടി മാറ്റി എടുപ്പിക്കുക  എന്ന "ഒരു അടവ് നയം".

         "ഇംഗ്ലണ്ടിലെ സായിപ്പ്, തെണ്ടുന്നതു വരെ ഇംഗ്ലീഷിലാണ്" എന്ന ജഗതി ഫലിതം ഓര്‍ക്കുന്നു.

                 അച്ഛനും, അമ്മയും തമ്മില്‍ മലയാളമാണ് പറയാറ്. എങ്കിലും, കൊച്ചിനോട് ഇംഗ്ലീഷിലെ സംസാരിക്കാറുള്ളൂ. കൊച്ചും ഇംഗ്ലീഷേ പറയാവു. വീട്ടിലെ സംസാര രീതി അതുപോലെ ചിട്ടപ്പെടുത്തിയ  ചിലരുണ്ട്. അങ്ങിനെ ശീലിച്ചത് കൊണ്ട്, നാട്ടില്‍   പോകുമ്പോള്‍, ഗ്രാന്‍ഡ്‌ പെരെന്സിനു കൊച്ചുമായി ഇണങ്ങി ചേരാന്‍ പറ്റുന്നില്ല പോലും.

                     അങ്ങിനെ കൊച്ചിനെ "ഗ്രൂം" ചെയ്ത ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ , ഞാന്‍ പോയി. ചായയും, എന്തോ പലഹാരങ്ങളും നല്‍കുന്നതിനായി, അദ്ദേഹം എന്നെ ഡൈനിങ്ങ്‌ ടേബിളിലേക്ക് ക്ഷണിച്ചു. പൊതുവേ, ഒരു ട്രേയില്‍, ചായയും കഴിക്കാനുള്ള സാധനങ്ങളും ആയി, ടീപോയിയില്‍ കൊണ്ട് വെക്കുന്ന പതിവാണ് ഇവിടെ കാണാറുള്ളത്‌.

                സാമാന്യം വലിപ്പമുള്ള ഡൈനിങ്ങ്‌ ടേബിള്‍. അത് പ്ലാസ്റ്റിക്‌
പേപ്പര്‍ കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്. ആ പ്ലാസ്റ്റിക്‌ പേപ്പറിന്‍റെ  അടിയില്‍ , വലിയ ഒരു "വേള്‍ഡ് മാപ്പ്" വച്ചിരിക്കുന്നു.

                  കൌതുകത്തോടെ  ഞാന്‍ ചോദിച്ചു "ഡൈനിങ്ങ്‌ ടേബിളില്‍,
എന്താണ്, മാപ്പ് വെച്ചിരിക്കുന്നത്?"

                  " ഓ അതോ, അത് കൊച്ചിനെ രാജ്യങ്ങളും തലസ്ഥാനങ്ങളും, പഠിപ്പിക്കാന്‍ വേണ്ടി ഞാന്‍ ഒരുക്കിയിരിക്കുന്നതാ."

                  പിന്നെ, അച്ഛന്‍റെ വക ഒരു "ഡെമോ" ആയിരുന്നു.    

          "എടാ, നീ "ഒട്ടാവയില്‍" പോയി ഒരു കിലോ ഓറഞ്ച് മേടിച്ചു,     ഒസാക്കയിലുള്ള, നിന്‍റെ അങ്കിളിന്‍റെ വീട്ടില്‍ കൊണ്ട് കൊടുക്കുന്നത്, എങ്ങിനെയാണ് എന്ന് ഈ അങ്കിളിനെ കാണിച്ചു കൊടുത്തെ."

                പയ്യന്‍ കറക്ട് ആയി "ഒട്ടാവ" എന്ന് മാപ്പില്‍ കാണിച്ച സ്ഥലത്ത് കൊണ്ട് കൈ വെച്ചു. എന്നിട്ട് ഒരു  കണ്ടീഷന്‍ പറഞ്ഞു .

                "പക്ഷെ, ഞാന്‍ പാരീസില്‍ ഇറങ്ങി പെട്രോള്‍ അടിച്ചിട്ടെ പോകുകയുള്ളൂ."

                 കൊച്ചു, പ്ലെയിന്‍ ഓടിക്കുന്ന ശബ്ദവുമായി, പാരീസ് എന്ന്,  മാപ്പില്‍ എഴുതിയ സ്ഥലത്തേക്ക്, വിരലോടിച്ചു പോയി, പെട്രോളും അടിച്ചു ഒസാക്കയില്‍ എത്തി.

                 ഇത് കൊള്ളാമല്ലോ. എനിക്ക് ആ കൊച്ചിനോടും, അവനെ, കളിയില്‍ കൂടി കാര്യങ്ങള്‍ പഠിപ്പിക്കുന്ന ആ പിതാവിനോടും മതിപ്പ് തോന്നി.

                 അത് കഴിഞ്ഞു, ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിന്   ഇടയില്‍ , കൊച്ച് എന്തോ കുരുത്തക്കേടു കാണിച്ചു.

                 ഉടനെ, മാനേഴ്സിലും, ആതിഥ്യ മര്യാദയിലും, എല്ലാം നിഷ്ക്കര്‍ഷയുള്ള, കൊച്ചിന്‍റെ  മമ്മി പറഞ്ഞു

                      " മോനൂ ഡോണ്ട് ഡൂ ഇറ്റ്‌".

                  അത് കേട്ട മട്ട്  നടിക്കാതെ, അവന്‍ വികൃതി തുടര്‍ന്നു. കുറെ പ്രാവശ്യം, അവന്‍ ആവര്‍ത്തിച്ചപ്പോള്‍, മമ്മിക്കു ശരിക്കും ദേഷ്യം വന്നു.

                  പിന്നെ, അവര്‍ സാധാരണ ദേഷ്യം വരുമ്പോള്‍, കൊച്ചിനോട്,
പ്രതികരിക്കുന്നത് പോലെ, ഉറക്കെ പറഞ്ഞു,

                 "മോനൂ ഐ ടോള്‍ഡ്‌ യു, ഡോണ്ട്  ഡൂ ഇറ്റ്‌".

പയ്യനും, അത്തരം സന്ദര്‍ഭങ്ങളില്‍, സാധാരണ തിരിച്ചു പ്രതികരിക്കുന്ന
പോലെ, പറഞ്ഞത് പെട്ടെന്നായിരുന്നു .......

                                           "നീ പോടീ പട്ടി !!"
                                  ------------------------------------------------

2 comments: