Reminiscece Of Air Force Life

Tuesday, July 31, 2012

ഷാര്‍പ് ഷൂട്ടര്‍ ഫ്രം എയര്‍ ഫോഴ്സ്



                        

                 ബംഗലൂരിലുള്ള  എ.സ്.ടി. ഇ   {എയര്‍ ക്രാഫ്ട് സിസ്റ്റെം ടെസ്റ്റിംഗ് എസ്ടാബ്ലിഷ്മെന്ടു}  എന്ന എയര്‍  ഫോഴ്സ് യൂണിറ്റില്‍ ജോലി ചെയ്യുന്ന സമയം.  എ.സ്.ടി. ഇ എന്ന യൂന്ട്ടിന്റെ പ്രസക്തിയെക്കുറിച്ചും മറ്റും "രാകേഷ് ശര്‍മയും ഞാനും" എന്നാ ബ്ലോഗ്ഗില്‍ എഴുതിയിരുന്നത്  കൊണ്ട്, വീണ്ടും ആവര്‍ത്തിക്കുന്നില്ല.  

                     ബാങ്കളൂര്‍ എയര്‍  പോര്‍ട്ട്,   എയര്‍ ഫോഴ്സും, എച്ച്. എ. എലും, പിന്നെ സിവില്‍ ആവിയെഷനും, പൊതുവായി ഉപയോഗിക്കുന്ന ഒന്നാണ്. ഇവരുടെ പ്രായോഗിക സൌകര്യത്തിനായി, എയര്‍ പോര്‍ടിന്റെ ഓരോ മേഘലകള്‍, അവരവുരുടെ സംരക്ഷണത്തില്‍  ആണ്. 

                                     വിമാനം പറക്കുന്നതിന് ആയിട്ടുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ആയ, റണ്‍വേ,  എ. ടി. സി. {എയര്‍ ട്രാഫിക് കണ്ട്രോള്‍)} എയര്‍ ഫീല്‍ഡ് സേഫ്റ്റി, തുടങ്ങിയവ എല്ലാപേരുടെയും ഉത്തരവാദത്തില്‍ പെട്ടിരുന്നു. എങ്കിലും സിവില്‍ ആവിയെഷന്റെ കീഴിലുള്ള 'എയിറോദ്രോം ഓഫീസര്‍' ( എ. ഓ) ആയിരുന്നു, വിമാനത്താവളത്തിന്റെ മേധാവി.

                               എച്ച്. എ. എല്‍ വിമാനത്താവളം, 'ബേഡു ഹിറ്റ്  ഇന്‍സിഡ ന്റ്സില്‍' ഇന്ത്യയിലെ മുന്‍പന്തിയില്‍ ഉള്ള ഒന്നാണ്. അതായത്, ടേക്ക് ഓഫ് ചെയ്യുമ്പോഴും - ലാന്റു ചെയ്യുമ്പോഴും, വിമാനങ്ങള്‍, പറക്കുന്ന പക്ഷികളെ തട്ടി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ഒരു കിളിയുടെ ഭാരം നൂറു ഗ്രാമോളമേ ഉള്ളു എങ്കിലും, വിമാനത്തിന്റെ വേഗത വെച്ച്, ആ ആഘാതം ഒരു ദാരുണ സംഭവം ആക്കാന്‍ ഇടയാക്കിയേക്കാം. 
               
                           ജെറ്റ് വിമാനങ്ങളുടെ എന്ജിനിലേക്ക്, ഇങ്ങനെ പക്ഷികള്‍ വലിച്ചു എടുക്കപ്പെട്ടു, എഞ്ചിന്റെ ബ്ലേഡുകള്‍, പല്ല് പോയ ഒരു ചീപ്പ് പോലെ ആയിട്ടുള്ളത് ഞാന്‍ കണ്ടിട്ടുണ്ട്.       
                             
                         എച്ച്. എ. എല്‍ വിമാനത്താവളത്തില്‍, ഇത്രയും  'ബേഡു ഹിറ്റ് ഇന്‍സിടെന്റ്സു' ഉണ്ടാകുന്നതില്‍ ഒരു അനൌദ്യോഗികമായ കാരണം ഉണ്ട്. അടുത്ത പ്രദേശങ്ങളില്‍, വനങ്ങളില്ല, തടാകങ്ങളില്ല. എന്നിട്ട് എന്തേ, ഇത്ര കാക്കകളും കിളികളും അവിടെ ?     
                 
                   എച്ച്. എ. എല്‍ സ്റ്റാഫു, സിവില്‍ ആവിയേഷന്‍ സ്റ്റാഫു, എയര്‍ ഫോഴ്സിലുള്ളവര്‍, എല്ലാം കൂടി ഉദ്ദേശം പതിനയ്യായിരത്തോളം  ആളുകള്‍ ആ പ്രദേശത്ത് ജോലി ചെയ്യുന്നുണ്ട്.അടിസ്ഥാന സൌകര്യങ്ങള്‍ പരസ്പരം  പങ്കുവെയ്ക്കുന്നതിന്റെ ഭാഗമായി, എച്ച്. എ. എല്‍ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കാനുള്ള അനുവാദം ഞങ്ങള്‍ക്കും ലഭിച്ചിരുന്നു.
      
                       ദൈവമേ, ആ കാന്റീന്‍ സൗകര്യം ഒന്ന് കാണേണ്ടതാണ്!
            
                         ഞാന്‍ വേറൊരിടത്തും കണ്ടിട്ടില്ലാത്ത അത്ര വലിപ്പത്തിലുള്ള സ്റ്റീല്‍ പ്ലെറ്റിലാണ് ശാപ്പാട്. ലെഞ്ച് ആണ് എങ്കില്‍, മൂന്ന് നാല് കൂട്ടം കറികള്‍, അതില്‍ വിളമ്പി വെച്ചിട്ടുണ്ടാകും, കൂടാതെ പപ്പടം, അച്ചാറ്, ഇത്യാദി തോട്ടുകൂട്ടാനും. ഈ പ്ലേറ്റുകളില്‍ ഏതെടുത്താലും, ദക്ഷിണ ഇന്ത്യയിലെ ഒരു 'തീറ്റ പണ്ടാരം' പോലും, മതിയായില്ല എന്ന് പരാതി പറയാന്‍ ഇട നല്‍കാത്ത രീതിയിലാണ് വിളമ്പി വെച്ചിരിക്കുന്നത്.   

                       സത്യം പറഞ്ഞാല്‍ ആ ഒരു പ്ലേറ്റില്‍ ഉള്ളതിന്റെ, മൂന്നില്‍ ഒന്ന് തീര്‍ക്കാന്‍ പോലും എനിക്കൊരിക്കലും സാധിച്ചിട്ടില്ല. ഈ പ്ലേറ്റും പേറി ചെല്ലുമ്പോള്‍, കൌണ്ടറില്‍ നില്‍ക്കുന്ന വേറൊരു മഹാരഥന്‍, ഒരു പ്ലേറ്റ് കൊണ്ട് കുത്തി, അത് നിറയെ ചോറ്, നമ്മുടെ പ്ലേറ്റിലേക്ക് ഇടും. അത് കഴിഞ്ഞാല്‍, അടുത്ത ആള്‍ ഒരു വലിയ കയില് നിറയെ, സാമ്പാറു ചൊരിയും. അത്രയും വലിപ്പമുള്ള ഒരു കയില്, ഞാന്‍ മാര്‍ക്കറ്റില്‍ കണ്ടിട്ടില്ല. നമ്മള്‍ 'കൊഞ്ചം പോതും' എന്നു എത്ര നിലവിളിച്ചാലും, അങ്ങേരുടെ തോതിന് ഒരു മാറ്റവും ഇല്ല.

                    ചെമ്പക്കുളം വള്ളം കളിക്ക്, പായിപ്പാടനെയും, വലിയ ദിവാന്ജിയെയും നയിച്ച്‌ കൊണ്ട് പോകുന്ന വൈഭവത്തോടെ, സാമ്പാറിലെ  വലിയ മുരിങ്ങാക്കാ, വെണ്ടക്കാ  കഷണങ്ങളെ സംരക്ഷിച്ചു വേണം അവിടെ നിന്ന് പോകാന്‍!.

                      കാലത്തും, വൈകുന്നേരവും ഉള്ള കാപ്പി, ഇതിനേക്കാള്‍ അത്ഭുതാവഹമാണ്. ഒരിടത്തും കാണാന്‍ വഴിയില്ലാത്ത വലിപ്പത്തിലുള്ള രണ്ടു ഉഴുന്ന് വട, രണ്ടിഡലി, ഒരു പഴം, പിന്നെ  ചായയോ കാപ്പിയോ, താല്പര്യം പോലെ. അന്ന് ഇത് പോലുള്ള കാപ്പിക്ക് പത്തു പൈസയും ലഞ്ചിന് അമ്പതു പൈസയും. 

                ബി. പി. ഇയുടെ (ബ്യുറോ ഓഫ് പബ്ലിക്ക് എന്റെര്‍പ്രൈസ്) കീഴിലുള്ള എച്ച് .എ.എല്‍ എന്നാ പൊതു മേഘലാ സ്ഥാപനം, നല്‍കുന്ന ചിലവിന്റെ കണക്കു, ഡിഫന്‍സ് മിനിസ്റ്ററി എഴുതി ചേര്‍ക്കുന്ന ഒരു തരം കണക്കെഴുത്താണ് മൊത്തം!

                    പക്ഷെ ഒരു കാര്യത്തില്‍  എച്ച് .എ.എല്‍ മനെജുമെന്ടു വളരെ നിഷ്ക്കര്‍ഷത പാലിച്ചിരുന്നു. കമ്പനിയുടെ അകത്തോട്ടു കയറുമ്പോഴും, വെളിയിലേക്ക് ഇറങ്ങുമ്പോഴും ഉള്ള പഞ്ചിങ്ങിന്റെ കാര്യത്തില്‍...

                        അത് കൊണ്ടായിരിക്കാം, അവിടത്തെ തൊഴിലാളികളെ കുറിച്ച്, തമാശയായി 'രണ്ടു പഞ്ചും ഒരു ലെഞ്ചും' എന്ന് പരക്കെ പറയപ്പെട്ടിരുന്നത്‌...... .  -

                     ഇത്രയും ആഹാര സാധനങ്ങള്‍, കൈകാര്യം ചെയ്തിരുന്ന മേഘല  ആയതു കൊണ്ടാകാം, പക്ഷികളും, കാക്കകളും, തെരുവ് നായകളും, അവിടെ പെരുകാന്‍ ഇടയായത്. 
    
                    മനുഷ്യനെ തടഞ്ഞു നിറുത്തി, ഐ. ഡി കാര്‍ഡു ചെക്ക് ചെയ്തു അകത്തോട്ടു കയറ്റി വിടാനുള്ള സംവിധാനം മെച്ചപ്പെടുത്താം. പക്ഷെ കമ്പി വേലിയുടെ ഇടയില്‍ കൂടി വരുന്ന തെരുവ് നായ്ക്കളെ എന്ത് ചെയ്യാന്‍ പറ്റും!  

                                 ഈ ശല്ല്യം മൂത്തപ്പോള്‍ എ. ഓ,  എയര്‍ ഫോഴ്സിന്റെ സഹായം അഭ്യര്‍ഥിച്ചു. എയര്‍ ഫോഴ്സില്‍ ഇത് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, 'ബേഡു ഷൂട്ടിങ്ങ്' അല്ലെങ്കില്‍ 'സ്ട്രേ ഡോഗ് ഷൂട്ടിംഗ്' എന്ന കര്‍മ്മത്തിന്, ആളുകളെ നിയോഗിക്കാറുണ്ട്. അത്  ജി. ടി.ഐ {ഗ്രൌണ്ട് ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍} അല്ലെങ്കില്‍ 'ആര്‍മമെന്ടു ' എന്നുള്ള വിഭാഗത്തില്‍പ്പെട്ട ആളുകളെ മാത്രം ആണ്.

                 എന്തെന്നാല്‍, വിവിധ തോക്കുകള്‍ കൈകാര്യം ചെയ്തു അവര്‍ക്ക് പരിചയം ഉണ്ട് എന്ന അടിസ്ഥാനത്തില്‍. .-. കഷ്ടകാലത്തിനു, ഞാന്‍ ഈ രണ്ടാമത്തെ വിഭാഗത്തില്‍ ജോലി നോക്കുന്ന ഒരാള്‍ ആയിരുന്നു.  
                          
                      തലേ ദിവസത്തെ പാര്‍ടിയുടെ, കെട്ടും എല്ലാം ഇറങ്ങി, ഞാന്‍ ജോലിക്ക് ഹാജരായപ്പോള്‍, കാലത്തെയുള്ള യുനിട്ടിന്റെ ബ്രീഫിങ്ങും, ആര് എന്ത് ചെയ്യണം എന്നുള്ള അന്നത്തെ 'ഡീട്ടെയിലിങ്ങും' എല്ലാം കഴിഞ്ഞിരുന്നു. അങ്ങിനെ ആകസ്മികമായി, എന്റെ വിഭാഗത്തില്‍പ്പെട്ടവരുടെ, അത്യാവശ്യ എണ്ണം കാലത്തെ ഉണ്ടായവരാല്‍ തികയപ്പെട്ടു, എന്നുള്ളത് കൊണ്ട് തടി തപ്പി.   

                           "കാലത്തെ ഉണരുന്ന പക്ഷികള്‍ക്ക് വയറു നിറയെ കിട്ടും" എന്നത്   ആപ്ത വാക്യം-

                "താമസിച്ചു പോയാല്‍ പണി കിട്ടാതെ ഇരിക്കും" എന്ന് തിരുത്തി കുറിക്കേണ്ടിയിരിക്കുന്നതിനെപ്പറ്റി ആലോചിച്ചു, ഞാന്‍ കാന്റീനിലും, ലൈബ്രറിയിലും എല്ലാം അലഞ്ഞു നടന്നു. അപ്പോഴാണ്‌ ആരോ പറഞ്ഞത് 

                        "തന്നെ എസ്. എഡ്‌.. ഓ {സീനിയര്‍ അഡ്മിന്‍ ഓഫീസര്‍)} തിരക്കുന്നു റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞു".

               അങ്ങേരു വിളിക്കണമെങ്കില്‍, എന്തോ അഡ്മിന്‍.. പ്രശ്നം ആയിരിക്കണമല്ലോ!

               കഴിഞ്ഞ രണ്ടാഴ്ചത്തെ സമയം മൊത്തമൊന്നു, റീവയിന്ടു ചെയ്തു നോക്കി. വെള്ളമടിച്ചു, എന്തെങ്കിലും കൊനഷ്ടു കാണിച്ച പ്രശ്നങ്ങള്‍ ? 

                ഒന്നും ഓര്‍ക്കുന്നില്ല !  ഞാനെന്തൊരു മണ്ടനാണ്. പൊതുവേ സാത്വികനായി അറിയപ്പെടുന്നു ഞാന്‍,  വെള്ളമടിച്ചു, എന്തെങ്കിലും കൊനഷ്ടു കാണിച്ചിട്ടുണ്ടെങ്കില്‍, അത് ഇപ്പോള്‍ ഓര്‍ക്കാന്‍ പറ്റുമോ!!
                  
                    എസ്. എഡ്‌.. ഓയുടെ മുറിയില്‍ കയറി, സലാം വെച്ച് കാര്യം അന്വേഷിച്ചു. കൊടുങ്ങല്ലൂര്‍ക്കാരന്‍   ഒരു നായരായിരുന്നു ടിയാന്‍..

                      "തന്റെ വിഭാഗത്തില്‍ പെട്ട ആരെയും കിട്ടിയില്ല, എല്ലാവരും 'ഫ്ലൈറ്റ് അസ്സൈന്മേന്റ്സില്‍' എന്ഗേജുഡ്‌ ആണ്, അത് കൊണ്ട് താനിത് ചെയ്യണം"

                  അദ്ദേഹം, ആദ്യോം അന്തോം ഇല്ലാതെ, പറഞ്ഞു.

                          "മനസ്സിലായില്ല" ഞാന്‍ പരുങ്ങി ചോദിച്ചു. 

              അപ്പോഴാണ്‌ കഥയുടെ ചുരുളഴിയുന്നത്. എയര്‍ പോര്‍ട്ടില്‍ നിന്ന്, എ. ഓ വിളിച്ചിരുന്നു പോലും. എയര്‍ ഫീല്‍ഡില്‍, സ്ട്ട്രെ ഡോഗിന്റെ ശല്ല്യം, അതിര് കവിഞ്ഞരിക്കുന്നത് കൊണ്ട്, അവര്‍ എയര്‍ ഫോഴ്സിന്റെ സഹായം ചോദിച്ചു - അതാണ്‌ സംഗതി.      

                                                     "  സെക്ഷനില്‍  നിന്ന് തന്റെ പേരാണ് തന്നത്".
                   കാലത്തെ താമസിച്ചതിനു ഷിഫ്ട് ഇന്‍ ചാര്‍ജു, എനിക്കിട്ടു തന്ന പണി ആണെന്ന് പിടികിട്ടി.     

                         "വീ ആര്‍ സെന്ടിംഗ് എ ഷാര്‍പ് ഷൂട്ടര്‍ ഫ്രം അവര്‍ സൈഡ്‌, എന്നാണു ഞാന്‍ കാച്ച്ചിയിട്ടുള്ളത്,"

                 പുള്ളിക്കാരന്‍ എന്നെ സുഖിപ്പിക്കാന്‍ പെടാപ്പാടു പെടുമ്പോള്‍, ഞാന്‍ എന്റെ ഗതികേടിനെ കുറിച്ചാണ് ചിന്തിച്ചു കൊണ്ടിരുന്നത്.   

                 എയര്‍ പോര്‍ട്ടില്‍ പോയി പൊതുജന സമക്ഷം, പട്ടിയെ വെടിവെക്കുക, എന്ന ദൌത്യം! 

                  "ഇന്റേണല്‍ ഫ്ലയിട്ടുകള്‍ ഉള്ള എയര്‍ പോര്‍ട്ട്‌ ആണ്, താന്‍ സെന്‍സിബിള്‍ ആയിട്ടും, ടാക്ടുഫുള്‍ ആയിട്ടും വേണം സിറ്റുവേഷന്‍ കൈകാര്യം ചെയ്യുവാന്‍",  വിത്ത് ലീസ്റ്റ്   ഇന്‍കണ്‍വീനിയന്സു ടു ദി പബ്ലിക്ക് ആന്‍ഡ്‌ അധോരിട്ടീസ്സ്"

                      ഏതാണ്ട്, ഈയ്യടെ ഇറങ്ങാറുള്ള 'സുരേഷു ഗോപി' സിനിമകളില്‍, മുഖ്യ മന്ത്രി - ഡി. ജി. പിക്ക് ഒരു സ്പെഷ്യല്‍ മിഷന്‍ നല്‍കുന്ന സ്റ്റൈലില്‍--   

                         യുനിട്ടില്‍ നിന്ന് 12 -ബോര്‍ ഗണ്ണും, വെടി ഉണ്ടയും ഒപ്പിട്ടു മേടിച്ചു. പോകാന്‍ ഒരു ജീപ്പും, ഡ്രൈവറും. ഇന്ത്യയുടെ മൂന്നു ഉന്നത മന്ത്രാലയങ്ങള്‍ക്കും, ഒരുപോലെ താല്‍പ്പര്യമുള്ള ഒരു മിഷന്‍ ആയതു കാരണം, കാര്യങ്ങളെല്ലാം എടാ പിടീ എന്ന് നടന്നു.

                     എന്റെ ജോലിയുടെ ഒരു ഭാഗം ആയതു കൊണ്ട്, ഞാന്‍ നിരവധി തവണ തോക്ക് ഉപയോഗിച്ചിട്ടുണ്ട്. അത്യാവശ്യം ഉന്നം തെറ്റാതെ വെടി വെക്കാനും വശമുണ്ട്. പക്ഷെ അതെല്ലാം ഇരുപത്തഞ്ചു മീറ്റര്‍ അകലെ ഉറപ്പിച്ചു വെച്ചിരിക്കുന്ന ടാര്‍ഗെറ്റില്‍ ആയിരുന്നു.

                   പക്ഷെ ഇത് ഓടുന്ന ഒരു ടാര്‍ഗെട്ടിനെ ആണ് വെടി വെക്കേണ്ടത്!

                   അതിനും, 'ക്ലേ പിജിയന്‍ ട്രാപ്' എന്നാ ഒരു ഉപകരണത്തില്‍ കൂടി പ്രാവീണ്യം നേടാം. അതില്‍ പരിശീലിച്ചു എനിക്ക് വലിയ വശവും ഇല്ല

                 പക്ഷെ പൊതുജന മദ്ധ്യേ, ഒരു സ്റ്റേജു ഷോ പോലെ, ഇത് നടപ്പാക്കുന്ന കാര്യം ആലോചിച്ചപ്പോള്‍, എന്തോ ഒരു ചെറിയ വിറയല്‍!

                                 ടാര്‍മക്കില്‍ കൂടി എയര്‍ പോര്‍ട്ട്‌ ലൌഞ്ചിനു മുന്നില്‍ തന്നെ, ഡ്രൈവര്‍ വണ്ടി കൊണ്ട് നിറുത്തി. ഈ മിഷനെ കുറിച്ച് മണത്തറിഞ്ഞ ഡ്രൈവര്‍,ഉത്സാഹത്തിലായിരുന്നു.

                      അടുത്ത കാലത്ത് കണ്ട, സി.ബി. ഐ ഡയറിക്കുറിപ്പ്‌  സിനിമയില്‍ കണ്ട മമ്മൂട്ടിയെ പോലെ, ഞാന്‍ ജീപ്പിന്റെ ഫ്രണ്ട് സീറ്റില്‍ അശ്രധനായി ഇരിക്കുമ്പോള്‍, ഡ്രൈവര്‍ സെക്ക്യുരിട്ടിയോടു ആഗമനോദ്ദേശം  അറിയിച്ചു. 

                       എ. ഓ അയച്ച ഒരു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍, എന്നെ സമീപിക്കുമ്പോള്‍, ടാര്‍മക്കില്‍ കൂടിയും, ലൌഞ്ചിന്റെ പരിസരങ്ങളില്‍  കൂടിയും ഓടി നടക്കുന്ന, തെരുവ് നായകളെ, ഞാന്‍ നിരീക്ഷിക്കുക ആയിരുന്നു.  

               12-ബോര്‍ ഡബിള്‍ ബാരല്‍  ഷോട്ട് ഗണ്ണില്‍, നിറക്കുന്ന ഉണ്ട എന്ന് പറഞ്ഞാല്‍ അത് ഒരു ഉണ്ട അല്ല. അനേകം പെല്ലെട്ട്സു ആണ്. ബെയറിങ്ങില്‍ കാണാറുള്ള ബാളുകള്‍ പോലെയുള്ള കുറെ ഉണ്ടകള്‍..അതില്‍ ഏതെങ്കിലും ഒരെണ്ണം എങ്കിലും, നമ്മള്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് കൊളളും-

                                           "അതായിരുന്നു എന്റെ ധൈര്യം"

          എ. ഓ യുടെ വക്താവുമായി, ഈ മിഷന്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നു പലകുറി സംസാരിച്ചു.

            "യാത്രക്കാര്‍ക്ക് അസൌകര്യമുണ്ടാക്കാത്ത വിധത്തില്‍ വേണം" അതായിരുന്നു അങ്ങേരുടെ ഒറ്റ ആവശ്യം.
                       
                                "അടുത്ത ഫ്ലൈറ്റ് എപ്പോഴാണ്?"

                         ഒപ്പ്രേഷന്റെ സമയവും, പര്യാപ്തതയും ഉറപ്പിക്കാനായി, ഞാന്‍ ചോദിച്ചു.   
   
              "അങ്ങിനെ പന്ത്രണ്ടു മണിക്ക് കൊച്ചി ഫ്ലൈറ്റ് ലാന്ട്‌ ചെയ്തു കഴിഞ്ഞു, ഒരു മണിക്കുള്ള ദല്‍ഹി ഫ്ലൈറ്റ് പോകുന്നതിനു മുന്‍പ്," ഞങ്ങള്‍ മുഹൂര്‍ത്തം നിശ്ചയിച്ചു.

                    അത് കഴിഞ്ഞു എന്തോ തിരക്കുണ്ടെന്നു പറഞ്ഞു അങ്ങേര്‍ സ്ഥലം വിട്ടു. ഞാന്‍ ജെയിംസ് ബോണ്ടിനെ പോലെ, എന്റെ വാച്ച് നോക്കി പന്ത്രണ്ടു കഴിയാന്‍ നോക്കി ഇരുന്നു. 

                   അവസാനം മണി പന്ത്രണ്ടു കഴിഞ്ഞപ്പോള്‍, ഞാന്‍ ഫീല്‍ഡില്‍ ഇറങ്ങി. കുറെ ശ്വാനന്മാര്‍ കാന്റീന്‍ ഭാഗത്തേക്ക് ഓടുന്നു. അവിടെ ലെഞ്ച് തുടങ്ങി കാണണം! 

             പരിസരം ആകെ, ഞാന്‍ ഒന്ന് വിലയിരുത്തി.ലോഞ്ചിന്റെ നേരെ  വരുന്ന പട്ടിയെ വെടിവെക്കരുത് എന്ന് ഞാന്‍ തീരുമാനിച്ചു.എന്തെങ്കിലും പ്രശ്നം ഉണ്ടായാലും, അത് എതിര്‍  ദിശയിലേക്കു  പ്രയാണം ചെയ്യണം. അതുകൊണ്ട് ലൌഞ്ചു എക്സിറ്റ് ഗേറ്റിനടുത്ത്, ഞാന്‍ നില ഉറപ്പിച്ചു.

                     ലൌഞ്ചില്‍ വിമാനം കാത്തിരിക്കുന്ന ആരൊക്കെയോ, തോക്ക് ധാരിയായി, ഞാന്‍ നില്‍ക്കുന്നത് കണ്ട്, ഗ്ലാസ്സ് പാര്ടീഷനില്‍ കൂടി ചൂഴ്ന്നു നോക്കി.

            കണ്ടിട്ടും, കാണാത്ത മട്ടില്‍ ഞാന്‍ 12 -ബോറില്‍, ഉണ്ടകള്‍ നിറച്ചു. ഞാന്‍ ഉദ്ദേശിച്ച പോലെ, ലൌഞ്ചിന്റെ ഗേറ്റില്‍ നിന്ന്, അപ്പുറത്തെ ദിശയിലേക്കു ഒരു ശ്വാനന്‍ പോകുന്നു. പക്ഷേ അവന്റെ പിന്‍വശം ആണ് എനിക്ക് ടാര്‍ഗെറ്റായി കിട്ടിയത്.

                 അവന്‍ തിരിയുമ്പോള്‍ അവന്റെ തലയില്‍ നിറ ഒഴിക്കാനായിഞാന്‍ ക്ഷമിച്ചു നിന്നു. 

                രണ്ടാം ലോക മഹായുദ്ധ സിനിമകളില്‍ 'സ്നൈപ്പര്‍മാര്‍' ടാര്‍ഗെറ്റ് ഒത്തിണങ്ങി വരാന്‍ മണിക്കൂറുകളോളം കാത്തു നിന്നിരുന്ന രംഗങ്ങള്‍ ഞാന്‍ ഓര്‍ത്തു.

                അവസാനം അവന്‍ ഇടത്തോട്ടു തിരിഞ്ഞപ്പോള്‍, എന്റെ ചൂണ്ടുവിരല്‍ കാഞ്ചിയില്‍ അമര്‍ന്നു.

                  എപ്പടി എന്‍ പെര്‍ഫോമെന്സ്, എന്നുള്ള മട്ടില്‍, ലൌഞ്ചിലെ കണ്ണാടിക്കു അപ്പുറത്തുള്ള മുഖങ്ങളെ നോക്കി ചിരിച്ചു കൊണ്ട് ഞാന്‍ തിരിഞ്ഞപ്പോള്‍ -

                "വൈ - വൈ" എന്ന ഒരപസ്വരവുമായി മൂന്നു കാലില്‍ ഓടുന്ന ഒരു പട്ടിയെ ആണ് ഞാന്‍ കണ്ടത്. എയര്‍ പോര്‍ട്ട് കെട്ടിടത്തിന്റെ മറ്റെ വശത്ത് നിന്ന്, ഐ. എസ്. ആര്‍...  ഓയിലേക്ക് കൊണ്ട് പോകാനുള്ള, റോക്കറ്റിന്റെ വലിയ ഒരു ഭാഗവും കയറ്റി കൊണ്ട്, വളവു തിരിഞ്ഞു വന്ന, ഭീമാകാരമായ ഒരു ട്രെയിലറിന്റെ ശബ്ദം കേട്ട്, പട്ടി തിരിഞ്ഞപ്പോഴാണ്, ഞാന്‍ വെടി ഉതിര്‍ത്തത്.   

                പട്ടി, നേരെ തിരിഞ്ഞ്, ഞാന്‍ നില്‍ക്കുന്ന സ്ഥലത്തേക്ക്, ഏന്തി വരാന്‍ തുടങ്ങി. 

               എന്റെ കൈയില്‍ ഇരുന്ന തോക്ക് ഇരട്ട കുഴല്‍ ഉള്ളതും, ഒരേ സമയം രണ്ടു ഉണ്ടകള്‍ നിറക്കാന്‍ കഴിയുന്നതും, മാറി മാറി ഉടനടി വെടി വെക്കാന്‍ പറ്റുന്നതും ആയിരുന്നു. 

                     എന്റെ ദിശയിലേക്കു വരുന്ന പട്ടിക്കിട്ടു ഞാന്‍ ഒന്ന് കൂടി താങ്ങി! 

                 പക്ഷെ പിന്നെയും പരുക്ക് ഏറ്റത്, കാലില്‍ ആയിരുന്നു.

                ഏന്തി വലിഞ്ഞു വന്ന പട്ടി, നിരങ്ങി നീങ്ങാന്‍ തുടങ്ങി  
      
                 ഗതികേടിനു, "യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്" എന്ന് മൈക്കില്‍ കൂടി ഒരു അറിയിപ്പ് - 

                 കാലത്തെ പോകാന്‍ പറ്റാതിരുന്ന, ഇന്ത്യന്‍ എയര്‍ ലയിന്‍സ് വിമാനത്തിന്റെ യാത്രക്കാര്‍ക്കുള്ള അറിയിപ്പ് ആയിരുന്നു.

                    ലോഞ്ചിന്റെ വാതില്‍ തുറന്നപ്പോള്‍, ജനം അക്ഷമരായി ടാര്‍മക്കിലേക്ക് ഇറങ്ങി.    

                    അപ്പോഴാണ്‌ ഒന്നര കാലില്‍ നീന്തി, എന്റെ പ്രതിയോഗി അവിടെ എത്തിയത്. ആകെ ബഹളം 

              പാവം, അത് സ്വരക്ഷാര്‍ധം, ആ ഗേറ്റില്‍ കൂടി ലൌഞ്ചിലേക്ക് കയറി . ഭയവിഹ്വലരായ ജനങ്ങള്‍ നാലുപാടും ഓടി. പിറകെ, ശിക്കാരി ശംഭ്വിന്റെ കൂട്ട് ഞാനും!

                           അവിടെ നിന്ന് പിന്നീടങ്ങോട്ട് വഴി ഒന്നും കാണാന്‍  കഴിയാതിരുന്ന ശ്വാനന്‍, ലൌഞ്ചില്‍ ചോര കൊണ്ട്, ഒരു 'കളം എഴുത്തും പാട്ടും' നടത്തിയിട്ട് വീണ്ടും വാതിലില്‍ കൂടി വെളിയിലേക്ക് നീങ്ങി.

             അവസാനം അതിനു നീങ്ങാന്‍ വയ്യാതെ, ടാര്‍മക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന  ഒരു ട്രാക്ടറിന്റെ കീഴില്‍ പോയി കിടന്നു. പിറകെ ഓടി വന്ന ഞാന്‍, അവനെ ക്ലോസ് റേഞ്ചില്‍ എന്കൌന്ടെര്‍ ചെയ്തു .

                       വീരപ്പനെ കൊന്ന പോലെ!!

           തിരിച്ചു, യുനിട്ടില്‍ ചെന്നാല്‍ എസ്. എഡ്‌.. ഓയുടെ വക കിട്ടും, എന്നുറപ്പ് ആയതിനാല്‍, അന്ന് ര്രാത്രി നെഞ്ചു വേദന വന്ന എന്നെ, കൂട്ടുകാര്‍ എയര്‍ ഫോഴ്സ് ഹോസ്പിറ്റലില്‍ കൊണ്ട് ചെന്ന്, കാഷുവാലിട്ടിയില്‍ ആക്കി സഹായിച്ചു .
                                -----------------------------------------------------------------------------

Monday, July 23, 2012

ചക്കപ്പുഴുക്ക്



             ബഹറിനിലെ ഹില്‍ട്ടന്‍ ഹോട്ടലിലെ തീന്മേശക്ക് മുന്നിലിരുന്ന്, മെനു കാര്‍ഡിന്റെ താളുകള്‍ മറിച്ച്‌ നോക്കുകയായിരുന്നു. ലോകത്തിലെ വൈവിധ്യമാര്‍ന്ന പാചക രീതികളിലുണ്ടാക്കിയ വിഭവങ്ങളുടെ പേരുകള്‍.
താളുകളെ, ചൈനീസ്, കോണ്ടിനെന്റല്‍, അറബിക്ക് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.  പെട്ടെന്നാണ് ആദ്യത്തെ പേജില്‍ തന്നെ ഒരു 'ബോക്സ് 
ന്യുസ്' പോലെ എഴുതിയിരിക്കുന്നത് എന്റെ കണ്ണില്‍ പെട്ടത്.
                         
                                  "ചക്കപ്പുഴുക്ക് ഇവിടെ കിട്ടും"
                     
                    അന്തര്‍ ദേശീയ തലത്തില്‍ ചക്കപ്പുഴുക്കിനു പ്രാധാന്യം ലഭിച്ച കഥ ഇവിടെ തുടങ്ങുന്നു.
                 
                    അയ്യന്തോളുകാരനായ ഔസേപ്പച്ചനും മറിയാമ്മക്കും, നേര്‍ച്ചകള്‍ നേര്‍ന്നു, ഒരാണ്‍ തരി പിറന്നപ്പോള്‍, അന്തോണി പുണ്യാളന്റെ  പേര് തന്നെ ഇടാം എന്ന് കരുതി. മാമുദീസ മുക്കിയപ്പോള്‍ ആന്റണി എന്നും, പിന്നെ അത് ലോപിച്ച് 'ആന്റപ്പന്‍' എന്നും ആയതു വരെ അവന്‍ നിച്ചില്ല.കാലത്തിന്റെ വഴി തിരുവില്‍, അത് "അന്തപ്പന്‍"" എന്ന്  ആയപ്പോള്‍, കുറച്ചു നീരസവും ജാള്ല്യതയും തോന്നി.
                       
         കൊച്ചന്‍ വളര്‍ന്നു വരുന്നതിനു ഇടക്ക്, ഔസേപ്പന്റെ  അപ്പന്‍, തോമാച്ചന്‍, 'ക്രാന്തദര്‍ശി', 'വിഭക്തിയുള്ളവന്‍' എന്നൊക്കെ,
ആന്റപ്പനെ കുറിച്ച് പറയുമായിരുന്നു.
                      
                 അന്തപ്പന്‍ എന്ന് അവനെ, പൊതുജന സമക്ഷം ആദ്യം വിളിച്ചത് മത്തായി സാര്‍ ആയിരുന്നു.
                      
        ബുക്കിലെ വാചകം ഒന്നോടിച്ചു വായിക്കും. പിന്നെ സാവകാശം, കുറച്ചു കൂടി ഉറക്കെ വായിക്കും. ഈ സ്ഥിരം കസര്‍ത്തില്‍  കൂടിയാണ് മത്തായിസാര്‍ സാമൂഹ്യപാഠം, പഠിപ്പിച്ചിരുന്നത്. 
                        
              മിന്നാമിനുങ്ങുകളെ കുറിച്ച് പരാമര്‍ശം വരുന്ന ഏതോ ഒരു  പാഠം   
                   
                "പ്രാചീനകാലം തൊട്ടേ മിന്നാമിനുങ്ങുകളെ സ്ഫടിക ഭരണികളില്‍ ആക്കി, മനുഷ്യര്‍ രാത്രി വെട്ടത്തിനായി ഉപയോഗിച്ചിരുന്നു."
                
               ക്രാന്തദര്‍ശിയായ ആന്റപ്പന് ഇരുന്നിട്ട് ഇരിപ്പ്  ഉറക്കുന്നില്ല.
         
              "ഈ പ്രാചീനകാലം എന്ന് പറഞ്ഞാല്‍, ഏതു കാലമാണ് സാര്‍?"
                  
                       "നീ സണ്ടേ സ്കൂളില്‍ പോകാറില്ലേ? പഴയ നിയമം എന്നൊക്കെ കേട്ടിട്ടുണ്ടോ? ഏതാണ്ട് ആ സമയം എന്ന് വെച്ചോ.
                   
                     ആന്റപ്പന്റെ അജ്ഞതയെ, മത്തായി സാര്‍ ഒരു തമാശ രൂപത്തില്‍ അവതരിപ്പിച്ചപ്പോഴാണ്, അവന്റെ അടുത്ത കൊനഷ്ടു ചോദ്യം.
                
                          "ആ കാലത്ത് സ്ഫടികം കൊണ്ട് ഭരണികള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നോ?"
                   
      ആന്റപ്പന്റെ ലളിതമായ സംശയത്തില്‍ കുരുങ്ങിയ മത്തായിസാര്‍,  പാഠ പുസ്തകത്തെ ചോദ്യം ചെയ്ത അവനെ   "അന്തപ്പനായി" മുദ്ര കുത്തി,  ബെഞ്ചില്‍ ഇരുത്തി. 
                
                 ആന്റപ്പന്‍ അങ്ങിനെ അന്തപ്പനായത്തോടെ, അവന്റെ ചിന്തകളും, സംശയങ്ങളും "അന്തപ്പനിര്‍ഭരമാകാന്‍" "    തുടങ്ങി.  
 
                  മാസികകളിലെയും പത്രങ്ങളിലെയും  'ബോക്സുന്യുസു'
മാത്രം അവന്‍ വായിക്കും. റേഡിയോയില്‍ വരുന്ന കൌതുക വാര്‍ത്തകള്‍, അവന്‍ കാത്തിരുന്നു കേള്‍ക്കും-
                 
              അങ്ങിനെ ഇരിക്കെയാണ്, ആകസ്മികമായി " ഇത് കോഴി ആണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്നാ ചോദ്ദ്യം പോലെയാണല്ലോ,
എന്ന് ആരോ പറയുന്നത് കേട്ടത്.       
                  
                     ആ സംശയം അവനു ഏറെ ഇഷ്ടപ്പെട്ടു.എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടുന്നില്ല. ഉത്തരം കിട്ടാന്‍ വിഷമമുള്ള ചോദ്ദ്യങ്ങള്‍ ചോദിക്കുന്നത്, അവനൊരു ഹരമായി.  
                  
                           കാണുന്നവരോടെല്ലാം, അവനിത്തരം ചോദ്ദ്യങ്ങള്‍ ചോദിച്ചു.
ചിലര്‍ക്കുത്തരം മുട്ടുന്നു, ചിലര്‍ക്ക് ദ്വേഷ്യം വരുന്നു. നല്ല രസം!
 
       ഈ പ്രക്രിയ അവന്‍ തുടര്‍ന്നു പോരവെയാണ്, പുതിയ ഒരു  വെളിപാടുണ്ടായത്.
                
          "കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതു "എന്നാ ചോദ്യം അവന്‍ ഉന്നയിച്ചപ്പോള്‍ രസകരമായ ഒരു മറുചോദ്യം .
               
             "ഇത് അണ്ടിയാണോ മാങ്ങയാണോ ആദ്യം ഉണ്ടായത്" എന്ന  ചോദ്യം പോലെയാണല്ലോ.
               
           അന്തപ്പന്‍ ഇരുന്നിരുന്ന ശങ്കര പീഠത്തിന്റെ, കാലുകളില്‍ ഒന്ന്   ഒടിഞ്ഞ പോലെ ഒരു തോന്നല്‍!! !
                
              ഇത് കൊള്ളാമല്ലോ ചോദ്യത്തിനുത്തരം മറുചോദ്യം !
        
          അനുഭവത്തില്‍ നിന്നുള്ള അറിവ് ഒരു പ്രചോദനം കൂടി ആയാല്‍ !!

                             -------------***------------***----------------***----------------

                സ്ഥലം  എം.എല്‍. എ പത്ര സമ്മേളനം നടത്തുമ്പോള്‍ അന്തപ്പനെ വിളിച്ചു അടുത്തിരുത്താന്‍ തുടങ്ങി.  
                 
                     സര്‍ക്കാര്‍ കാറ് അന്തപ്പന്റെ വീട്ടുപടിക്കല്‍ വന്നാല്‍, അടുത്ത 
ദിവസം എന്തോ ഗൌരവമേറിയ വിഷയത്തെക്കുറിച്ച്, ആരോ മന്ത്രിമാര്‍ പത്ര സമ്മേളനം നടത്താന്‍ പോകുന്നു എന്ന് തദ്ദേശവാസികള്‍ മനസ്സിലാക്കി.

                     പത്രസമ്മേളനം ഏതു തലത്തിലുള്ളതായാലും, അത് കഴിഞ്ഞു ചക്കപ്പുഴുക്കും കഞ്ഞിയും കിട്ടിയില്ല  എങ്കില്‍ അന്തപ്പന്റെ വിധം മാറും.

                      ചക്കപ്പുഴുക്കുണ്ടാക്കാന്‍ പ്രഗല്‍ഭരായ ഒരു സംഘം മലയാളികളെ ദില്‍ഹിയിലേക്ക് അയക്കാന്‍, സംസ്ഥാന ചീഫു സെക്രട്ടറി ഒരിക്കല്‍ നെട്ടോട്ടം ഓടി! അതിനെ സംസ്ഥാന  തലത്തില്‍ നിന്നും ദേശീയ തലത്തിലെക്കുള്ള ഒരു പ്രതിഭയുടെ വളര്‍ച്ചയായി  ആരും കണ്ടില്ല!

                      ആ സമയത്താണ്,  'കുറുന്തോട്ടി വ്യവസായങ്ങളില്‍' വിദേശ നിക്ഷേപം സമാഹരിക്കുന്നതിനും, വിദേശ കടത്തിന്റെ ഗഡുക്കള്‍ നീട്ടി കിട്ടുന്നതിനുമായി, പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോയത്. അവിടെ ചെന്നപ്പോള്‍ മുതല്‍ ദുശകുനങ്ങള്‍! !!

                      ആണവ പരീക്ഷണനിരോധന കരാറിന് അനുകൂലമായി 
പ്രതികരിക്കനുതകുന്ന തരത്തിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക്, ഒരുക്കു കൂട്ടുന്നതായി, രഹസ്യ വൃത്താന്തങ്ങള്‍ ലഭിച്ചു. കരാറില്‍ ഒപ്പിട്ടില്ല എങ്കില്‍, പ്രധാനമന്ത്രി കുളിച്ചു ഈറന്‍ മാറാനുള്ള കൌപീനത്തിനു വരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ആലോചന പോലും നടക്കുന്നു, എന്നാണു 
റിപ്പോര്‍ട്ട്.      

                 പ്രധാനമന്ത്രിക്കു, കിടന്നിട്ടു ഉറക്കം വന്നില്ല. രാത്രി രണ്ടു മണിക്ക് അയ്യന്തോളും ആയി ഹോട്ട് ലൈനില്‍ ബന്ധപ്പെട്ടു.

                  വിവരം കേട്ട ശേഷം, അന്തപ്പന്‍ ഒരു ഉറക്കച്ചടവോടെ പറഞ്ഞു .
    " പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ, എന്നാ സ്റ്റൈലില്‍ രണ്ടു 
 ഡയലോഗ് കാച്ചിയാല്‍ പോരെ സാര്‍""

                   "അത് പല്ല് തേയും വരെ ചവച്ച ഒരു ചൂയിങ്കം പോലെ ഉള്ള  
ഒരു ക്ലീഷേ ആണ്. വേറെ എന്തെങ്കിലും, പ്ലീസ്... അന്തപ്പ "

                    പ്രധാനമന്ത്രിയുടെ വാശി പിടിച്ചുള്ള കരച്ചില്‍ സഹിക്കാതെ വന്നപ്പോള്‍ -

                 "നേരം വെളുക്കട്ടെ, ഞാനങ്ങോട്ടു വിളിക്കാം" എന്ന് പറഞ്ഞു അന്തപ്പന്‍ പുതപ്പു തല വഴി മൂടി.    
 
               അടുത്ത ദിവസം അമേരിക്കന്‍ കോണ്ഗ്രസ്സിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തില്‍, പ്രധാനമന്ത്രിയുടെ പ്രസംഗം പൊടിപാറി.  

                                     അമിതമായി മധുരം കഴിക്കുന്ന മകന്റെ ദുശീലം മാറ്റിക്കുന്നതിനായി, ഉപദേശം തേടി, ഗാന്ധിജിയെ സമീപിച്ച, അനുയായിയുടെ  കഥയില്‍ക്കൂടി പസംഗം തുടങ്ങി. ഉപദേശം തേടിവന്ന 
ആളോട്, ഒരു ആഴ്ച കഴിഞ്ഞു വരാന്‍ പറഞ്ഞ കാര്യം കൂടി പറഞ്ഞപ്പോള്‍, ഗാലറിയില്‍ ഇരുന്ന പത്രക്കാര്‍ പുരികം ചുളിച്ച് പരസ്പരം നോക്കി. അവസാനം "കൂടുതല്‍ മധുരം കഴിച്ചിരുന്ന രാഷ്ട്രപിതാവിന് സ്വയം തിരുത്തുവാനാണ്, ഉപദേശം നല്‍കാന്‍ ഒരാഴ്ചത്തെ സമയം ചോദിച്ചത്" എന്നാ ഗുണ്ട് പൊട്ടിച്ചപ്പോള്‍, സെനറ്റര്‍മാര്‍ മച്ചില്‍ നോക്കി മൂകരായി ഇരുന്നു.
 
               "പറയുന്നതെ പ്രീച്ചാവൂ" എന്ന ഒരു അന്തപ്പന്‍ ലൈന്‍ !!  

                       മറുപടി പ്രാസംഗികരുടെ സെക്രട്ടറിമാര്‍ക്ക് തയ്യാറാക്കിയ 
പ്രസംഗങ്ങള്‍, മൊത്തം മാറ്റാന്‍ നേരം ഇല്ലാത്തതിന്റെ  വെപ്രാളം! 
ഒടുവില്‍ ലാപ്ടോപ്പുകളില്‍ കൂടി, ആണവായുധ കരാറിനെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ എല്ലാം ഡിലീറ്റു ചെയ്തു, പഴയ ഡ്രാഫ്റ്റിന്റെ പുതിയ പ്രിന്റൌട്ടുകള്‍ നല്‍കി.

                   സമ്മേളനം ഇരുപതു മിനിട്ട് മുന്‍പേ തീര്‍ന്നു.ആ ഇരുപതു മിനിട്ടിന്റെ ആശയക്കുഴപ്പം, അന്നത്തെ മൊത്തം പരിപാടിയില്‍ പ്രകടമായിരുന്നു.

                    അന്തപ്പനോടുള്ള ബഹുമാന സൂചകമായി, അന്ന് രാത്രി 
'വൈറ്റുഹൌസില്‍' നടന്ന അത്താഴ വിരുന്നില്‍ 'ചക്കപ്പുഴുക്ക്' കൂടിയെ തീരു എന്ന് പ്രധാനമന്ത്രി നിര്‍ബന്ധിച്ചു.

                 പിന്നീടുള്ള പ്രധാനമന്ത്രിയുടെ എല്ലാ ഔദ്യോഗിക യാത്രകളിലും 
അന്തപ്പന്‍ കൂടിയെ തീരു എന്നത് ഒരു പതിവായി!

                    സാര്‍ക്ക് സമിറ്റില്‍, ചേരിചേരാ സമ്മേളനത്തില്‍, എല്ലാ ഉന്നത
തല ഔദ്യോഗിക വിരുന്നുകളിലും 'ചക്കപ്പുഴുക്ക്' വിളംബാന്‍ തുടങ്ങി!

                     ജനീവയില്‍ വെച്ച് നടന്ന ഒരു സമാധാന സമ്മേളനത്തിന്റെ 
പര്യവസാനത്തില്‍ നല്‍കപ്പെട്ട ഒരു വിരുന്നില്‍, പ്രസിഡന്ടു ഒബാമ,
ചക്ക്പ്പുഴുക്കില്‍ നിന്ന്, വെളിച്ചെണ്ണ തുടിച്ചു നില്‍ക്കുന്ന, കറിവേപ്പില 
കഴ്ണം ഈമ്പി വലിച്ച ശേഷം, അത് നോക്കിക്കൊണ്ട്‌ അന്തപ്പനോട് 
ഒരു ഫലിതം ചോദിച്ചു -

            "അന്തപ്പ ഈ ചക്കമരം ആണോ ചക്ക്ക്കുരുവാണോ ആദ്യം ഉണ്ടായത് ??"    

                                    
                                              ---------------------------------------------------------

Sunday, July 22, 2012

പാഠം-2 വേര്‍പാട്‌


                                   ഇത് ആദ്യം പബ്ലിഷു ചെയ്തതാണ് - പക്ഷെ ആ മലയാളം ഫോണ്ട് ചെറിയതും അവ്യക്തവും  ആയിരുന്നു - നേരത്തെ വായിച്ചവര്‍ ക്ഷമിക്കുക 
----------------------------------------------------------------------------------------------------------------------------------  
                 

                   ഒരു മരണാന്തര സന്ദര്‍ശനം ആണ് ഇതിലെ വിഷയം .

              പഴയ കമ്പനിയില്‍  കൂടെ ജോലി ചെയ്തിരുന്നു തോമാച്ചന്‍റെ  അപ്പന്‍ മരിച്ചു. സംഭവം അറിഞ്ഞു, അങ്ങേരു  നാട്ടില്‍  പോയി തിരിച്ചുവന്നിട്ട്‌ ഒരു മാസമായി. എങ്കിലും വിവരം അറിഞ്ഞിട്ടു നേരില്‍ പോയി കാണുക എന്നതാണ് ദൌത്യം.
                       ബെല്ലടിച്ചു വാതില്‍ തുറന്നപ്പോള്‍, ഒരു 'ബിലേറ്റഡ്‌ കണ്ടോലന്സു' മുഖഭാവത്തോടെ അകത്തേക്ക് കയറി.
                         വിവരങ്ങള്‍ എല്ലാം ഗദ്ഗദം തുളുമ്പുന്ന ശബ്ദത്തോടെ  വിശദീകരിച്ചു. അവസാനം ഒരു നെടുവീര്‍പ്പോടെ തോമാച്ചന്‍ പറഞ്ഞു  'ഇത്രയൊക്കെയേ ഉള്ളൂ മനുഷ്യന്റെ കാര്യം'.
                        പെട്ടെന്നായിരുന്നു തോമാച്ചന്റെ അടുത്ത ചോദ്യം  
                             "മേനോന് ഒരു ചെറുത്‌ എടുക്കട്ടെ, ഒരു സ്കോച്ച് ഒത്തു കിട്ടി?"
         ആതിഥേയന്‍റെ  മര്യാദയില്‍, അദ്ദേഹത്തിന്‍റെ  അസന്തുലിതമായ 
ആ മാനസികാവസ്ഥയില്‍, ഞാന്‍ കൂടെ നിന്നില്ല എങ്കില്‍.... -- .......
                           കൊണ്ടുവെച്ച ലഹരിയുടെ ഒരു കവിള്‍ ഇറക്കിയപ്പോള്‍ ആണ്, എറണാകുള ത്തുകാര് പറയുന്നത് പോലെ 'എട്ടിന്‍റെ  പണി കിട്ടി'
എന്ന് മനസ്സിലായത്‌    
              "അപ്പന്‍റെ  മരിപ്പിന്‍റെ  സി.ഡി ഇന്നലെയാ വന്നത്!
            എന്‍റെ പ്രതികരണം പ്രതീക്ഷിക്കാതെ തന്നെ, പുള്ളിക്കാരന്‍ സി. ഡി. ഓണാക്കി. എല്ലാം ഒരുക്കി വെച്ചത് പോലെ.
                   കൃസ്തീയ ഭക്തിഗാനത്തിന്‍റെ പശ്ചാത്തല സംഗീതത്തോടെ, സ്ക്രീനില്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷമായി. 
                      "ഔസേപ്പച്ചന്‍  - 97 , ജനന മരണ തീയതിയോടെ, ഒരു ചുള്ളന്‍റെ , സ്റ്റില്‍ ഫോട്ടോ." 
                                        "ഇത് അപ്പച്ചന്‍ എയര്‍ഫോഴ്സില്‍ ചേരാന്‍ നേരത്ത് എടുത്ത ഫോട്ടോ", ആണെന്ന് പറഞ്ഞപ്പോഴാണ്, എനിക്ക് 
സ്ഥലകാലബോധമുണ്ടായത്. 
                        പിന്നെ മരണത്തോടനുബന്ധിച്ചുള്ള നിരവധി കാഴ്ചകള്‍.
പെട്ടിയില്‍ കിടത്തിയ അപ്പച്ചന്‍റെ   ചുറ്റും, സംഭവിച്ച വേര്‍പാടിന്‍റെ 
ശോകമുഖഭാവങ്ങളോടെ, കൂടുതലും സ്ത്രീകള്‍ അടങ്ങിയ ബന്ധുക്കള്‍.
                          
   അപ്പോഴാണ്‌ വെള്ളിടി വെട്ടുന്നത് പോലെ, തോമാച്ചന്റെ സഹധര്‍മിണി മറി
മ്മയുടെ ഒരു കമന്റു പുറകില്‍ കേട്ടത്.         
   "ഈ മേഴ്സി ഏടത്തിയുടെ മുഖം എന്നാ ഫോറ്റൊജിനിക്കാ, അല്ലെ 
ഇച്ചായ"-             
 തോമാച്ചന്‍ സഗൌരവം, പെണ്ണുമ്പിള്ളയെ ഒന്ന് തുറിച്ചു നോക്കിയിട്ട്, എന്നോട് പറഞ്ഞു.
                     "ഇത് പള്ളിയിലേക്ക് എടുക്കുന്ന സീനാണ്"
              കണ്ടാല്‍ അറിയപ്പെടുന്ന ഒന്ന് രണ്ടു എം.എല്‍.. എ മാര്‍, എം. പി മാര്‍, പിന്നെ കര്‍ദിനാലാണോ, ബിഷപ്പാണോ എന്നറിയില്ല, കുറെ സമുദായ ശ്രേഷ്ടന്മാര്‍, ഇങ്ങനെ പോകുന്നു അന്ത്യയാത്രക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്ന പ്രഗല്‍ഭര്‍.  
            ഓരോരുത്തരെയും എന്നെ പരിചയപ്പെടുത്താന്‍ തോമാച്ചന്‍ മറന്നില്ല.
തോമാച്ചന്‍റെ  മോന് പണ്ട് എം. ബി. എക്ക് മെരിറ്റില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍, പറഞ്ഞ വാചകം ഞാന്‍ ഓര്‍ത്തു.
     
    "ആ കഴുവേ റിയോടു ഞാന്‍ ഒരായിരം വട്ടം പറഞ്ഞതാ, അച്ചന്‍ പട്ടത്തിനു  പോകാന്‍.. --  അപ്പോള്‍ അവനു പഠിക്കണം  എം. ബി. എക്ക് പോകണം". ഒരച്ചനായാല്‍ സമുദായത്തില്‍ കിട്ടുന്ന അംഗീകാരം, കാശ്,സൌകര്യങ്ങള്‍, ഇത് വല്ലതും മേനോന് അറിയാ?                           
എന്‍റെ  അറിവില്ലായ്മയുടെ ആഴം അളന്നു തീര്‍ന്നിട്ടും സി. ഡി തീരുന്നില്ല!               
പിന്നീട് കണ്ടത് പള്ളിയിലേക്കുള്ള വിലാപ യാത്രയുടെ സീനുകളാണ്.          
                റബ്ബര്‍ മരങ്ങള്‍ ഇരുവശവും നില്‍ക്കുന്ന ഏതോ ഒരു തോട്ടത്തിന്‍റെ 
ചെരുവിലൂടെ വിലാപ യാത്ര ഒരു വളവു തിരിയുന്നു, മൃതദേഹം കൊണ്ടുപോകുന്ന വാഹനത്തിന്‍റെ  പിന്നിലായി, ബെന്‍സ്, ടൊയോട്ട, പജീരോ തുടങ്ങിയ വാഹനങ്ങളുടെ നീണ്ട നിരയുടെ ഒരു ലോങ്ങ്‌ ഷോട്ട്.
                         പള്ളിയില്‍ എത്തി, പെട്ടി കുഴിമാടത്തില്‍ ഇറക്കിയ ശേഷം 
എല്ലാപേരും ഓരോ പിടി മണ്ണിടുന്നു. 
                      ഇവിടെയാണ്‌ ക്ലൈമാക്സ് !    
     എല്ലാപേരും മണ്ണിട്ട ശേഷം തോമാച്ചനും ഒരു പിടി മണ്ണിടുന്നു !
പൊടുന്നനെ കുടിച്ച കള്ള് തലയ്ക്കു പിടിച്ച പോലെ തോന്നി. ഞാന്‍ തല കുടഞ്ഞു ഒന്ന് കൂടി ഉറപ്പു വരുത്തി, സംശയത്തോടെ ചോദിച്ചു.
                    "തോമാച്ചന്‍ വിവരം അറിഞ്ഞല്ലേ നാട്ടിലേക്ക് പോയത്?"
       "ഇതെന്‍റെ  ജീവിതത്തിലെ  വലിയ ഒരു ആഗ്രഹം ആയിരുന്നു  -
       അതുകൊണ്ട് ഇത് ഞാന്‍ എഡിറ്റു ചെയ്തു കയറ്റിയതാ !!"

                                    ---------------------------------------------------- 

Sunday, July 8, 2012

കൊസ്മോനട്ടു രാകേഷു ശര്‍മയും ഞാനും





             എയര്‍ ഫോഴ്സില്‍ ജോലി നോക്കുന്ന കാലം.ബംഗ്ലൂര്‍ എ. എസ്. ടി. ഇ {എയര്‍ക്രാഫ്റ്റ് സിസ്റ്റം ടെസ്റ്റിംഗ് എസ്ട്ടാബ്ലിഷ്മെന്റ്റ് } എന്ന യുനിട്ടില്‍ സേവനം ചെയ്തു കൊണ്ടിരിക്കുന്ന സമയം. എ. എസ്. ടി. ഇ എന്ന ആ പേരില്‍ തന്നെ ആ യുനിട്ടിന്റെ ദൌത്യവും വ്യക്തമാണ്.

ഇന്ത്യന്‍ എയര്‍ ഫോഴ്സ്, മേടിക്കാന്‍ ഉദ്ദേശിക്കുന്നതോ, നവീകരിക്കാന്‍ ഉദ്ദേശിക്കുന്നതോ ആയ, ഏതു  ഉപകരണത്തിന്റെയും, സാങ്കേതികമായ പ്രായോഗിക പരീക്ഷണങ്ങള്‍ നടത്തുന്ന കേന്ദ്രം.ഈ യുനിട്ടിന്റെ പരീക്ഷണ നിഗമനങ്ങളുടെ, അടിസ്ഥാനത്തിലാണ്, നമ്മുടെ വ്യോമസേനക്ക് ആ ഉപകരണം ആവശ്യമുണ്ടോ, എത്രമാത്രം നമ്മുടെ സേനക്ക് ഇത് ഉപയോഗപ്പെടും എന്ന് നിര്‍ണയിക്കപ്പെടുക.    

                      പിന്നെ ഇതു കഴിഞ്ഞാല്‍ ഉന്നതങ്ങളിലുള്ള, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മൂലം ഉണ്ടാകാവുന്ന, തീരുമാനങ്ങളെ കുറിച്ച് പറയുന്നില്ല.

  എന്തായാലും   എ. എസ്. ടി. ഇ യുടെ അംഗീകാരമില്ലാതെ, അടുത്ത ലവെലിലേക്ക് പോകാന്‍ പറ്റുകയില്ല. "ഏതു  കൊട്ട്രോച്ചി  ആയാലും !"

          എന്തായാലും ആ യുനിട്ടില്‍ ജോലി ചെയ്യുന്ന എല്ലാവരും, അവരവരുടെ ജോലിയില്‍, നൈപുന്ണ്യം ഉള്ളവരായിരുന്നു .

{എന്നെ ഏതു കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തില്‍ ആണ് ആ യുനിട്ടിലേക്ക്,
പോസ്റ്റ് ചെയ്തത് എന്ന് എനിക്കിപ്പോഴും അറിയില്ല!} 

              ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ മികവു തെളിയിച്ച പൈലറ്റുമാര്‍ ആ യുനിട്ടിന്റെ മുതല്‍ക്കൂട്ട് ആയിരുന്നു. അതിനു പ്രത്യേക കാരണവും ഉണ്ടായിരുന്നു.  എ. എസ്. ടി. ഇ യുടെ കീഴില്‍ത്തന്നെ ആയിരുന്നു 
'ടെസ്റ്റ് പൈലെട്ട് ഇന്സ്ട്രക്ട്ടെഴ്സു ട്രെയിനിംഗ് സ്കൂളും'

                     ടെസ്റ്റ് പൈലെട്ട്, എന്ന് പറയുന്ന ആള്‍ തന്നെ പൈലെട്ടുമാരില്‍ 
ഒരു ചെങ്കീരി ആയിരിക്കും. വ്യോമ സേനയുടെ ഓരോ സ്ക്വാദ്രനിലും,
അത്തരം രണ്ടോ മൂന്നോ ജനുസ്സുകളെ കാണുകയുള്ളൂ.

                     എല്ലാ വിമാനങ്ങളും, ഇരുപത്തഞ്ചു മണിക്കൂര്‍, അമ്പതു മണിക്കൂര്‍, നൂറു മണിക്കൂര്‍ പറക്കലുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍, പല തരം  സര്‍വീസിങ്ങിനു വിധേയപ്പെടുത്തും. അതിനായി പല കഷണങ്ങളായി ഭാഗങ്ങളെ അഴിച്ചു മാറ്റി, വേണ്ട അറ്റകുറ്റ പണികള്‍ നടത്തി, വീണ്ടും പഴയ രൂപത്തിലാക്കി, പല ടെസ്റ്റുകളും നടത്തി വീണ്ടും കുട്ടപ്പനാക്കി  മാറ്റുന്ന ഒരു പ്രക്രിയ. 
           
   അങ്ങിനെ കുട്ടപ്പനാകുന്ന വിമാനത്തെ ആദ്യമായി പറത്തി നോക്കി, കുഴപ്പമില്ല, ഏതു പൈലറ്റിനും പറപ്പിക്കാം എന്നാ ഒരു തരം
'ഫിട്ടുനെസ്സ് സെര്ടീഫിക്കെട്ടു' ദൌത്യമാണ് ടെസ്റ്റ് പൈലെട്ടിനു ഉള്ളത്.
                   
    ഇവരെ ഇതിനു അര്‍ഹരാണ് എന്ന പദവിയിലേക്ക്,
അവരോധിക്കണം എങ്കില്‍, ടെസ്റ്റ് പൈലെട്ടു സ്കൂളിന്റെ അനുഗ്രഹം വേണം.

                    അങ്ങിനെയുള്ള    ടെസ്റ്റ് പൈലെട്ടു സ്കൂളിലെ, ടെസ്റ്റ് പൈലെട്ട് ഇന്സ്ട്രക്ട്ടെഴ്സു ആയുള്ള നിയമനങ്ങള്‍ക്ക് വേണ്ടിയുള്ള യോഗ്യത 
സെര്ടീഫിക്കെട്ടു, നല്‍കുന്നത് എ. എസ്. ടി. ഇ ആണ്.

                    അതായത് ചെങ്കീരിയുടെ അപ്പന്‍ കീരിയുടെ, മുത്തപ്പന്‍ കീരി!!

               അതുകൊണ്ട് തന്നെയാണ് ശൂന്യാകാശ യാത്രക്ക്, ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേരും  എ. എസ്. ടി. ഇ യില്‍ നിന്നായിരുന്നു.
വിങ്ങ് കമാണ്ടര്‍. മല്‍ഹോത്രയും, സ്ക്വാദ്രന്‍ ലീഡര്‍. രാകേഷു ശര്‍മയും.

                      ഞാന്‍ എയര്‍ ഫോഴ്സില്‍, ആര്‍മമെന്ടു മെക്കാനിക്ക് എന്ന ട്രേഡില്‍ ആയിരുന്നു. ആയുധോപകരണങ്ങളും  വിമാനവുമായി ബന്ധപ്പെട്ട ജോലികള്‍.. ആണ് അത്.  സാധാരണ സമയത്ത്, ബോംബും, റോക്കറ്റും, ഗണ്ണും ഒന്നും ദൈനംദിന പറക്കലുകളില്‍, വരാത്ത കൊണ്ടായിരിക്കാം, ഇവരെ വെറുതെ ഇരുത്തണ്ട എന്ന് കരുതി, വ്യോമസേന ഒരു പണി കൂടി കൊടുത്തു. കൊക്കുപിറ്റില്‍  കയറുന്ന പൈലെട്ടിനെ ഇജക്ഷന്‍ സീറ്റില്‍ സ്ട്രാപ്പ് ചെയ്യാന്‍ സഹായിക്കുക. എല്ലാം ശരി ആണെന്ന് ഉറപ്പു വരുത്തിയിട്ട് ഇജക്ഷന്‍ സീറ്റിന്റെ സേഫ്റ്റി പിന്‍  ഊരുക എന്ന ജോലി.

                        ഇജക്ഷന്‍ സീറ്റ് എന്ന് പറഞ്ഞാല്‍,വിമാനത്തിനു എന്തെങ്കിലും അപകടം നേരിട്ടാല്‍, നിലത്തു ഇറക്കാന്‍ പറ്റാത്ത അവസ്ഥയില്‍, പൈലറ്റിനു വിമാനം ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ഉള്ള സംവിധാനം ആണ്.

                 പൈലെട്ടു ഒരു ലിവര്‍ വലിച്ചാല്‍, അയാള്‍ ഇരിക്കുന്ന സീറ്റിനു 
പുറകിലുള്ള, വെടി ഉണ്ടകള്‍ നിറച്ച തോക്ക് പോലെയുള്ള ഒരു ഉപകരണം പ്രവര്‍ത്തിക്കുകയും, പൈലെട്ടു, ഇരിക്കുന്ന സീറ്റോടെ 
വെളിയിലേക്ക് തെറിച്ചു പോകാനും ഉള്ള ഒരു രക്ഷാമാര്‍ഗമാണ് അത്.
   പൊട്ടാനും, അപകടസാധ്യതകള്‍ ഉണ്ടാകാനും ഇടയുള്ളത്, ഒഴിവാക്കാന്‍ വേണ്ടി, അതില്‍ ഘടിപ്പിച്ചിരിക്കുന്ന സേഫ്റ്റി പിന്‍, പറക്കാനുള്ള തയ്യാറെടുപ്പിന്റെ അവസാന നിമിഷമേ ഊരുകയുള്ളൂ.

                   അതൊക്കെ വ്യോമാസേനയ്ടെ സങ്കീര്‍ണങ്ങളായ പല പ്രശ്നങ്ങള്‍..

              എന്തായാലും, മേല്‍പ്പറഞ്ഞ രാകേഷ് ശര്‍മയും, മല്‍ഹോത്രയും 
പോലുള്ള, വ്യോമസേനയിലെ ഒരുപാടു രാജവെമ്ബാലകളും ആയി അടുത്ത് ഇടപഴകാന്‍ ഇടയായിട്ടുണ്ട് എന്നതാണ് എന്റെ വിഷയം.

                          ആ സമയത്താണ്, എനിക്ക് എസ്.എന്‍... സി. ഓ ആയി {സീനിയര്‍ നോണ്‍ കംമിഷണ്ട് ഓഫീസര്‍ } പ്രമോഷന്‍ കിട്ടുന്നത്.
     
                    എസ്.എന്‍... സി. ഓ കള്‍ക്ക് പ്രത്യേകം താമസ സൌകര്യവും,
സ്ഥാനവുമൊക്കെ ഉണ്ട്. സാധാരണ ഒരു എയര്‍മാനെ സംബധിച്ചിടത്തോളം, ആ പദവി കിട്ടുന്നതില്‍ വലിയ വ്യത്യാസം ഉണ്ട്.

                       എന്‍... സി. ഓസിന് ആഴ്ചയില്‍ രണ്ടു ദിവസം മാത്രമേ,
ഔദ്യോഗികമായി 'ഡ്രിങ്ക്സ്' കഴിക്കാന്‍ അനുവാദമുള്ളൂ. 

                 എസ്.എന്‍... സി. ഓ  ആയാല്‍ ദിവസവും അവരുടെ മെസ്സില്‍ പോകാം - നല്ല സംവിധാനങ്ങള്‍ - നാടിലെ പോലെ ഒന്നാം തീയതി അടപ്പ് എന്നൊന്നും ഇല്ല. വേണം എന്നുള്ളവര്‍ക്ക് ദിവസവും ആകാം!
            
       അവനവന്റെ പ്രശ്നങ്ങളും, വീടിലെ പ്രശ്നങ്ങളും, മറ്റു പ്രശ്നങ്ങളും നോക്കാന്‍ പാകമായി  എന്ന തരത്തിലുള്ള ഒരു  ഐ. എസ്.ഓ  സര്‍ട്ടിഫിക്കേഷന്‍!.

അങ്ങിനെ ആ തലത്തില്‍ എത്തിയ എനിക്ക്, ആദ്യമായി ഒരു 'ഗാര്‍ഡു കമാണ്ടര്‍ ഡ്യുട്ടി' കിട്ടി. അന്ന് ഡ്യുട്ടി ഉള്ള ഗാര്‍ഡ്സിന്റെ തലവനായി.

        ഉച്ചക്ക് മുതല്‍ പുതിയ  ഡ്യുട്ടിയുടെ, ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു.
        
                                      രാത്രി ഊണ് കഴിക്കാന്‍ പോയപ്പോള്‍ വഴിമധ്യേ ഉള്ള    
     എസ്.എന്‍... സി. ഓ മെസ്സ് എന്നെ മാടി വിളിച്ചു.             
             
എസ്.എന്‍... സി. ഓ മെസ്സിലെ ബാര്‍ കൌണ്ടറില്‍, കറങ്ങുന്ന സ്റ്റൂളില്‍ ഇരുന്ന്, രണ്ടുമൂന്നെണ്ണം അടിച്ചു, വീട്ടില്‍ പോയി ഊണും കഴിഞ്ഞ്, ഞാന്‍  ഡ്യുട്ടിക്ക് പോയി.
                   ഉദ്ദേശം ഒരു പതിനൊന്നര മണി ആയപ്പോള്‍, ഗേറ്റില്‍ ജീപ്പിന്റെ ഒച്ച കേട്ട് ഞാന്‍ ഉണര്‍ന്നു. ഗാര്‍ഡു തുറന്നു കൊടുത്ത ഗേറ്റില്‍ കൂടി, ജീപ്പ്   ഡ്യുട്ടി ഓഫീസിനു മുന്‍പില്‍ വന്നു.     

                   ഗാര്‍ഡു കമാണ്ടര്‍ ഡ്യുട്ടിയില്‍, ഉറങ്ങാന്‍ അനുവാദം ഉണ്ടെങ്കിലും,ഞാന്‍ വളരെ അലറ്ട്ടാണ് എന്ന ഭാവത്തില്‍, വെളിയിലേക്ക് 
ഇറങ്ങി ചെന്നു. അന്നത്തെ ഡ്യുട്ടി ഓഫീസര്‍, രാകേഷ് ശര്‍മ ആയിരുന്നു.

                       രാകേഷ് ശര്‍മയുടെ പരിചിത മുഖം കണ്ടപ്പോള്‍, എന്റെ പരിഭ്രാന്തി മാറി, അങ്ങേരെ സല്ല്യുട്ടു ചെയ്തു സ്വീകരിച്ചു.

                     "എവരിതിംഗ് ഒകെ മേനോന്‍ "

             എന്റെ പേര് വരെ ആ  പഹയന്‍ ഓര്‍ത്തിരിക്കുന്നു എന്ന സന്തോഷത്തില്‍, ഞാന്‍ അങ്ങേരെ നിര്‍ബന്ധിച്ചു, യുനിട്ടിന്റെ സെന്സിറ്റീവ് സ്ഥലങ്ങളില്‍, ഞാന്‍ അനുവര്‍ത്തിച്ച, പ്രത്യേക സംവിധാനങ്ങളെ, കാണിച്ചു കൊടുക്കാന്‍ കൂട്ടി കൊണ്ടുപോയി.

      എല്ലാം കണ്ടു തൃപ്തി ആയി ജീപ്പില്‍ കയറാന്‍ നേരത്ത്, എന്റെ മുഖത്ത് അടിച്ച പോലെ ഒരു ചോദ്യം.
                                 "ഡിഡ്‌ യൂ ഹാവ് ഡ്രിങ്ക്സ്' ?

    ഏതോ ഒരു മലയാളം സിനിമയില്‍ കേട്ട ഒരു ഡയലോഗ് പോലെ,

ഞങ്ങള്‍ തമ്മില്‍ 'ഉള്ള ഇരുപ്പുവശം' കണക്കാക്കി, ഞാന്‍ പറഞ്ഞു 

                 "ഒള്ളി ടൂ പെഗ്ഗ്സ്, ഇറ്റ്‌ വാസ് എ പാര്‍ട്ടി ഫോര്‍ മൈ പ്രൊമോഷന്‍" "-

                   അങ്ങേരു ഒന്നും പറയാതെ ഗുഡ് നൈറ്റ് പറഞ്ഞു പോയി. 

                       രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ എ. എസ്. ടി. ഇ യുടെ 
സി. ഓ, എയര്‍ കൊമഡോര്‍ പി. സിംഗിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു.
അങ്ങേരു അക്കാലത്തെ എയര്‍ ഫോഴ്സിലെ ഒരു പുലി ആയിരുന്നു!
എന്തായാലും കമന്റെഷനും, വീര ചക്രയും ഒന്നും  തരാന്‍ ആയിരിക്കില്ല 
എന്ന് എനിക്കറിയാമായിരുന്നു.

ഞാനോടിക്കിതച്ചു ചെന്ന് അഡ്‌ജ്യുട്ടന്റിനെ കണ്ടു വിവരം അന്വേഷിച്ചു.

                      ഞാന്‍  ഡ്യുട്ടി ചെയ്ത ദിവസം 'ഒക്കരന്സു ബുക്കില്‍എന്നെ മദ്യം മണത്തു' എന്ന് ശര്‍മ എഴുതി വെച്ചിരുന്നു. 

                      ലോകവും, എയര്‍ ഫോഴ്സും ഒത്തിരി കണ്ട പി. സിംഗ്,
എന്നെ നേരില്‍ കാണാതെ തന്നെ, മൂന്നു എക്സ്റ്റ്രാ ഡ്യുട്ടി, പണിഷ്മെന്ട് 
ആയി പ്രഖ്യാപിച്ച് ഫയല്‍ ക്ലോസ് ചെയ്തു.

                         എന്റെ പുറത്ത് കൂടി ചവിട്ടി കയറിയിട്ടാണ്‌, കര്‍മ നിരതനും, ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രതീകവുമായ, രാകേഷ് ശര്‍മ ഉണ്ടായത്, എന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുകയല്ലേ നിവര്‍ത്തി ഉള്ളൂ!!

                       -------------------------------------------------------------------