Reminiscece Of Air Force Life

Friday, July 6, 2012

റിട്ടയര്‍മെന്ടു


                                            

                                       ഗള്‍ഫില്‍, നിന്ന് റിട്ടയര്‍ ചെയ്ത എനിക്ക്, കുട്ടികളും അവരുടെ കുടുംബവും അവിടെത്തന്നെ ആയതിനാല്‍, കുറച്ചു കാലം കൂടി, അവരോടൊത്ത്  തുടരേണ്ട സാഹചര്യം  വന്നു.

    എങ്ങിനെ, എന്റെ ആ ജീവിതം ഫലവത്തായി ഉപയോഗിക്കാം എന്ന ചിന്തയിലായി ഞാന്‍. ---
                    പണ്ട് ശ്രീ കെ. എന്‍. രാജ്, ഔദ്യോഗിക പദവിയില്‍ നിന്നും വിരമിച്ചിട്ടു, വീടിന്റെ ടെറസ്സില്‍ അടുക്കളത്തോട്ടം ഉണ്ടാക്കിയ, അനുഭവ കഥയില്‍ നിന്നാകട്ടെ തുടക്കം എന്ന് ഞാന്‍ കരുതി.   

                       എന്റെ ബാല്‍ക്കണി മുഴുവന്‍ ചട്ടികള്‍ കൊണ്ട് നിറഞ്ഞു.
ഭാര്യക്ക് തുണി ഉണക്കാന്‍ ഇടാന്‍ അസൌകര്യം - മക്കള്‍ക്ക്‌ വൈകുന്നേരം സൌകര്യമായി ഇരിക്കാനുള്ള വൈഷമ്യം - പെരക്കിടവിനു സ്വതന്ത്രമായി സൈക്കിള്‍ ഓടിക്കാനുള്ള പരിമിതി -

                        ഞാന്‍ എല്ലാ അഭിപ്രായങ്ങളെയും അവഗണിച്ചു എന്റെ 
അടുക്കള തോട്ടവുമായി മുന്നേറി.  

                   "പത്തു രൂപയുടെ പച്ചക്കറിക്ക് വേണ്ടി നൂറ്റി അമ്പതു രൂപ
ചിലവാക്കേണ്ടി വരുന്ന സംരംഭം" കുട്ടികള്‍ കളിയാക്കി.   

                             ആദ്യം നട്ട ചില വിത്തുകള്‍ മുളക്കാതെ വന്നപ്പോള്‍,
എന്റെ പെരക്കിടാവ് ചോദിച്ചു,

                     "അപ്പൂപ്പന്‍ പറഞ്ഞത് പോലെ ഇതെല്ലാം മുളച്ചില്ലല്ലോ?"
  
            "നമ്മള്‍ നടുന്നതെല്ലാം മുളക്കണം എന്നില്ല - വീണ്ടും നടുക  -

കെല്പ്പും, ശേഷിയും, നമ്മുടെ പരിശ്രമവും ഉണ്ടെങ്കില്‍ അവ മുളക്കും.
  അപ്പൂപ്പന്‍ ഒരു മാംതൈ നാട്ടെന്നാല്‍, അതിന്റെ ഫലം അപ്പൂപ്പന് കിട്ടണം എന്നില്ല. കൊല്ലങ്ങള്‍ക്ക് ശേഷം അത് വലുതായി, പൂത്ത്, കായ്ച്ച്‌
മാമ്പഴം മോള്‍ക്കായിരിക്കാം കിട്ടുക."
        മോള്‍ നാട്ടില്‍ പോയപ്പോള്‍ കഴിച്ച 'പ്രിയോര്‍' മാമ്പഴം ഓര്‍മ്മയുണ്ടോ?
              "ഉണ്ട്, നല്ല സ്വാദ് ഉണ്ടായിരുന്നു. ആ മാവ് അപ്പൂപ്പന്‍ നട്ടതല്ലേ?"
                   "അല്ല, അപ്പൂപ്പന്‍റെ അപ്പൂപ്പന്‍"
              "അപ്പൂപ്പന്റെപ്പൂപ്പന്‍ നട്ട മാവ്"
                ഞാന്‍ ഒരു നാടന്‍ പാട്ട് പോലെ പാടി. അവള്‍ ഏറ്റു പാടി.           
                       എന്റെ പച്ചമുളകും, വെണ്ടക്കയും, ടുമാട്ടോയും എല്ലാം
തൈകള്‍ ആയി. അവ വളരുന്നതും നോക്കി, ഈരണ്ടു മണിക്കൂര്‍ ഇടവിട്ട് ഞാന്‍ 
 ബാല്‍ക്കണിയില്‍ പോയി നിന്നു!

                                 ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അവ പൂത്തു. ചിലത് കായ്ക്കാനും തുടങ്ങി. എന്താ എന്റെ ഒരു സന്തോഷം.

                      "മക്കളെ പോലും ഇങ്ങനെ നോക്കിയിട്ടില്ല" അകത്തെ മുറിയില്‍ നിന്നും ആരോ കമന്റു പാസ്സാക്കി.   

                        അഞ്ചാറ് മാസങ്ങള്‍ക്ക് ശേഷം ഗള്‍ഫിലെ കാലാവസ്ഥ മാറി.
കള്ളിചെടികള്‍ക്ക്  മാത്രം  പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന ഇവിടത്തെ ചൂടില്‍, ഞാന്‍ എന്റെ പച്ചക്കറി തോട്ടത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചു.

കാലത്തും വൈകുന്നേരവും, വെള്ളമൊഴിച്ച് ആ തോട്ടത്തിന്റെ പച്ചപ്പ്‌, നിലനിര്‍ത്തുവാന്‍ യത്നിച്ചു.  

               ഞാന്‍ പരിപോഷിപ്പിച്ച  തക്കാളി ചെടിയുടെ ഒരു തണ്ട് വാടി. 

                           എന്റെ ഒരു കൈ തളരുന്നത് പോലെയാണ് ഞാന്‍ അതിനെ കണ്ടത്.
                            ഏതോ ഒരു ഘട്ടത്തില്‍  എന്റെ മനസ്സ്,   ഞാനും ആ പച്ചക്കറി ചെടികളും ആയി, ഒരു അനുവാക്യം ഉണ്ടാക്കിയിരുന്നു.

കാലാന്തരത്തിന്റെ പ്രതിഫലനമായി, തക്കാളി ചെടിയുടെ ഓരോ കമ്പ് 
ഉണങ്ങുമ്പോഴും, നിലനില്‍പ്പിന്റെ പതനത്തെ ഞാന്‍ തിരിച്ചറിഞ്ഞു.

                       അവസാനം ആ ഉണങ്ങിയ തണ്ടില്‍ നിന്നും ഒരു മുകുളം 
പൊട്ടി മുളക്കുന്നുണ്ടോ എന്ന് ഉറ്റുനോക്കി ഇരിക്കുന്ന പ്രക്രിയയിലായി 
ഞാന്‍. 

                "സമയത്തെ അതിജീവിക്കാന്‍ 
                   മനുഷ്യനാല്‍  ആകുമോ"

       "അപ്പൂപ്പാ ഇത് വാടി പോയി, നമുക്ക് വേറെ നടാം"
     
                  "ഓ, അത് വാടിപ്പോയി , ഇനി അത് നോക്കണ്ട"

 നഷ്ടബോധത്താല്‍ വിഷമിച്ചിരുന്ന ഞാന്‍ അവളെ നിരുല്സാഹപ്പെടുത്തി.
   
                     "നമ്മള്‍ വേറെ നട്ടാല്‍ കെല്പ്പും, ശേഷിയും, പരിശ്രമവും ഉണ്ടെങ്കില്‍ അവ മുളക്കും എന്നല്ലേ അപ്പൂപ്പന്‍ പറഞ്ഞത്, അപ്പൂപ്പന്‍  നടുന്നത്, മോള്‍ക്ക്‌ തക്കാളി തിന്നാന്‍ ആണെന്ന് കരുതിയാല്‍ മതി.
മോള്‍ക്ക്‌ തക്കാളി ഇഷ്ടമാ". 

                ചരിത്രത്തിന്റെ പഠം ഉള്‍ക്കൊണ്ട്, എന്റെ പേരക്കിടാവിന് 
ശുഭാപ്തി വിശ്വാസത്തിന്റെ കൈത്തിരി പകരുവാന്‍, കൂടുതല്‍  കരുതലോടെ, ഞാന്‍ അടുത്ത കൃഷി ഇറക്കുന്നതിനു തയ്യാര്‍ എടുത്തു.


                                             എന്റെ ബാല്‍ക്കണിയില്‍ നിന്ന് ഒരു ദൃശ്യം 

                                  --------------------------------------------------------

2 comments:

 1. പരിശ്രമം ചെയ്യുകിലെന്തിനേയും
  വശത്തിലാക്കാൻ കഴിവുള്ള വണ്ണം.. എന്നല്ലെ പ്രമാണം...
  തളരാതെ പരിശ്രമിക്കുന്നവർക്കുള്ളതാണ് വിജയം...!
  ഇനിയും ശ്രമിക്കൂ... വിജയം സുനിശ്ചിതം...
  എല്ലാ ഭാവുകങ്ങളും നേരുന്നു...

  (word verification എടുത്തു കളയുന്നത് നന്നായിരിക്കും.)

  ReplyDelete
  Replies
  1. yhank u vk
   have seen ur write ups
   shall read it and comment what I feel

   Delete