Reminiscece Of Air Force Life

Thursday, June 19, 2014

എമ്പ്രാന്തിരി മുത്തച്ഛന്‍

             ഞാന്‍ എഴുതാന്‍ പോകുന്നത് എന്‍റെ കോച്ചും നാളിലെ ചില ഓര്‍മ്മകള്‍ ആണ്.!
                      അതിനെക്കുറിച്ച്  ആലോചിക്കുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നാറുണ്ട്, നായരുടെയും, നംബൂരിയുടെയും, നാരയണീയന്‍റെയും, നസ്രാണി യുടെയും   എന്തിന് മൌലവിയുടെയും കുറേ തലമുറകള്‍ പുറകോട്ട് ചികഞ്ഞാല്‍ നമ്മള്‍ ഒക്കെ 'ചേട്ടാനിയന്‍ മക്കള്‍' ആയിരന്നിരിക്കാം  എന്ന്!
               എന്‍റെ ബന്ധത്തില്‍ അനേകം പേരുണ്ട് അന്യ മതങ്ങളില്‍ നിന്ന്, അന്യ  ജാതിയില്‍ നിന്ന് വിവാഹം കഴിച്ചവര്‍! അത് അവരുടെ വ്യക്തിഗത പ്രശ്നം അല്ലെങ്കില്‍ സൗകര്യം എന്നല്ലാതെ ഞങ്ങള്‍ ആരും അതില്‍ വേറൊന്നും കണ്ടിട്ടില്ല! ചിലര്‍ ആ മതത്തിലേക്ക് വിശ്വാസം അര്‍പ്പിച്ചു അങ്ങോട്ട്‌ പോയി, ചിലര്‍ ഇങ്ങോട്ട് വന്നു! മതം എന്ന വാക്കിന്‍റെ അര്‍ഥം തന്നെ 'അഭിപ്രായം' എന്നാണല്ലോ!
                          ഞാന്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലം! ഒരറുപത് കൊല്ലം പഴക്കം ഉണ്ട് എന്ന് നിരീച്ചോളൂ!
                   എന്‍റെ അച്ഛന്‍റെ അച്ഛന്‍ ഒരു 'എമ്പ്രാന്തിരി' ആയിരുന്നു - അദ്ദേഹം എന്‍റെ വീട്ടിലേക്കു വന്നിരുന്ന രംഗമാണ് ഓര്‍ക്കുന്നത് !
                വരവേല്‍പ്പിനെ പൊലിപ്പിക്കാന്‍ നടത്തിയ ഒരുക്കുകൂട്ടുകള്‍ !
                       'മീന്‍ വെച്ചിരുന്ന കല്‍ച്ചട്ടി, കലം, ചീനച്ചട്ടി മുതലായവ എല്ലാം 'ഉരപ്പുരയിലേക്ക്' മാറ്റപ്പെടുന്നു !  
                'മുറ്റവും വീടും' എല്ലാം തൂത്ത് വൃത്തിയാക്കപ്പെടുന്നു !"
                           മൊത്തം ബഹളം!
                 കാറില്‍ വന്നിറങ്ങിയ ഈ പ്രത്യേക ജീവിയെ ഞാന്‍ ദൂരെ നിന്ന് നോക്കി!
             "പനയോലക്കുടയും ചൂടി വീട്ടിലേക്കു ആഗമിക്കുന്ന കുചേല വൃത്തം കഥകളി ഓര്‍മിപ്പിക്കുന്ന ഒരു 'വയോ ബ്രാഹ്മണന്‍' !
                        "ഇത്രയും വലിയ ആ പനയോലക്കുട മടക്കാതെ എങ്ങിനെ ആ കാറില്‍ കൊണ്ടുവന്നു എന്നതായിരുന്നു എന്‍റെ കൌതുകം!
                  "എന്താടോ"  എന്ന ഒരു ചോദ്യമാല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു ആശയ വിനിമയവും നടന്നില്ല!
                "വെള്ളവും ചായയും അല്ലാതെ ഒന്നും തന്നെ ഞങ്ങളുടെ വീട്ടില്‍ നിന്ന്
അദ്ദേഹം കഴിക്കുകയില്ല പോലും!
                ആഹാരത്തിനും വിശ്രമത്തിനും ആയി അമ്പലത്തിന് അടുത്തുള്ള ഒരു
ആഗ്രഹാരത്തിലാണ്, മൃഷ്ടാന്ന ഭോജനത്തിനുള്ള ഏര്‍പ്പാട്!
                 ആ ഇല്ലത്തില്‍ എന്‍റെ സാദൃശ്യം ഉള്ള വല്ല കുരുന്നുകളും ഉണ്ടോ എന്ന് പിന്നീട് ഞാന്‍ സ്വന്തമായി ഒരു ഗവേഷണം നടത്തിയിട്ടുണ്ട്!
                        "ജ്ഞാനമുള്ള ഒരു കാര്‍ന്നോര്‍! ഉരുളക്ക്‌ ഉപ്പേരി പോലെ മറുപടി പറയാനുള്ള കെല്‍പ്പ്"
                          എനിക്കെന്തോ ഒറ്റ നോട്ടത്തില്‍ ആളെ ഇഷ്ടമായി!
        ഇടനേരത്ത് കഴിക്കാനുള്ള വറുത്ത അണ്ടിപ്പരിപ്പും, വറ്റലും എല്ലാം കൈയ്യില്‍ കൊണ്ട് വന്നിരുന്ന ആ തുണി സഞ്ചിയില്‍ ഇഷ്ടം പോലെ കരുതിയിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി!
                    ഇത് തിന്നുമ്പോള്‍ കണ്ണും അടച്ച് ആസ്വദിച്ച് തിന്നുന്ന ഒരു സ്റ്റൈല്‍ ആയിരുന്നു തിരുമേനിയുടെത്!
                പില്‍ക്കാലത്ത് ഈ സ്വഭാവം എന്‍റെ വീട്ടിലുള്ള പലരിലും ഞാന്‍ കണ്ടിട്ടുണ്ട്!
               ഇതെല്ലാം മാറി നിന്ന് നോക്കി കണ്ടിരുന്ന എന്നെ വിളിച്ച് ചിലപ്പോള്‍
അതില്‍ പങ്കുചേരാന്‍ ക്ഷണിച്ചിരുന്നതും ഞാന്‍ ഓര്‍ക്കുന്നു!
                                 എന്തായാലും ഒരു കാര്യം വ്യക്തം.
        അന്നത്തെ കാലത്ത് മുത്തച്ഛന്‍ തിരുമേനിയും ആറു മക്കളുമായി ഒരു വീട്ടില്‍ തന്നെ കഴിയാന്‍ ഇടയാക്കിയ എന്‍റെ അമ്മൂമ്മക്ക് ഒരു 'താത്രിയുടെ' ചില കെല്‍പ്പുകള്‍ എങ്കിലും ഉണ്ടായിരുന്നിരിക്കണം!
                      'എമ്പ്രാന്തിരി മുത്തച്ഛന്‍റെ' പുരയിടങ്ങളിലെ തേങ്ങ ഇടീക്കാന്‍ പോയിരുന്നത് എന്‍റെ അച്ഛന്‍ ആയിരുന്നു. പലപ്പോഴും ഞാനും കൂടെ പോകാറുണ്ടായിരുന്നു.
             ഏക്കര്‍ കണക്കിന് തെങ്ങിന്‍ തോപ്പിലെ കുറച്ചു തേങ്ങകള്‍ എടുത്ത്,  കുടിയാന്മാര്‍ ഗതികേട് കൊണ്ട് അത്യാവശ്യങ്ങള്‍ നടത്തുമായിരുന്നു.
        പക്ഷെ തെങ്ങ് കയറുന്ന  ദിവസങ്ങള്‍ വിഭിന്നം ആയിരുന്നു അവര്‍ക്ക് !
                                  അങ്ങിനെ പിരിക്കപ്പെട്ട ആ തേങ്ങാ മോഷണത്തിന്‍റെ  ഉത്തരവാദിത്വവവും   അവരില്‍  അര്‍പ്പിക്കപ്പെട്ടിരുന്നു!
                         ഉച്ച വരെ തെങ്ങ് കയറ്റം. അതുകഴിഞ്ഞ് പെറുക്കി കൂട്ടിയിരിക്കുന്ന തേങ്ങകളില്‍ നിന്ന് കുലഞ്ഞില്‍ വെട്ടി മാറ്റപ്പെടും.
         അതില്‍ ചില കുലഞ്ഞിലുകള്‍, വേറെ ഒരു വശത്തേക്ക് മാറ്റി ഇടും!
       അതെന്തിനായിരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്!
               തേങ്ങ മോഷണം പോയ കുലഞ്ഞിലുകള്‍! അങ്ങിനെയുള്ള  കണക്കിനെ ആ പ്രദേശത്ത് 'പരിക്ക്' എന്നാണ് അറിയപ്പെട്ടിരുന്നത്!
                 മോഷണം പോയ തേങ്ങകളില്‍ കൂടി ഉടമക്ക് ഉണ്ടായ നഷ്ടം എന്ന നിഗമനത്തില്‍ നിന്ന് ആയിരിക്കാം ഈ 'പരിക്ക്' എന്ന പ്രയോഗം വന്നത്!
              ഞങ്ങളുടെ നാട്ടില്‍ അതിനെ "പിരിവ്" എന്നാണ് പറയപ്പെട്ടിരുന്നത്!
                 എത്ര തേങ്ങകള്‍ പിരിച്ചെടുക്കപ്പെട്ടു, നഷ്ടം വന്നു എന്ന ഒരു കണക്ക്!
            തേങ്ങ കൈകൊണ്ട് പലവട്ടം തിരിച്ചാല്‍ അവ അടര്‍ന്നു വരും എന്ന് പില്‍ക്കാലത്ത് ഞാന്‍ മനസ്സിലാക്കിയപ്പോള്‍, മിട്ടായിയും സര്‍ബത്തും മേടിക്കാനുള്ള പങ്കപ്പാടില്‍, എന്‍റെ നാട്ടിലെ ചെറിയ തെങ്ങുകളിലും
ഇതൊക്കെ സംഭവിക്കാന്‍ ഇടയായി!
                  ഇതെല്ലാം ഞാന്‍ എഴുതുന്നത്, ഫ്ലാറ്റിലും, അഞ്ചും പത്തും സെന്റില്‍, സിറ്റിയില്‍ താമസിക്കുന്നതും ആയ എന്‍റെ പുതിയ തലമുറക്കാരായ 'ബ്ലോഗ്‌' സുഹൃത്തുകള്‍ക്കു വേണ്ടി ആണ്! ഇതെല്ലാം അറിയാവുന്നവര്‍ ക്ഷമിക്കുക .
                       ഞാന്‍ എഴുതിയതിലേക്ക് വരട്ടെ.
        ആ തേങ്ങ ഇടീല്‍ കാഴ്ച്ചയുടെ അടുത്ത രംഗം. കയറിയ തെങ്ങുകളുടെ എണ്ണം, ഒരു പച്ചോലയുടെ നീളത്തില്‍ അത് മടക്കി ഉണ്ടാക്കപ്പെടുന്ന അടയാളങ്ങളെ ആസ്പദമാക്കി കൂട്ടുന്നതാണ്!
     ഓരോ തെങ്ങ് കയറി ഇറങ്ങുമ്പോള്‍, ആ ഓല ഒന്ന് മടക്കി എണ്ണം കുറിക്കും!
               അതിനിടയില്‍ നേരത്തെ വെട്ടിയിട്ടിരുന്ന 'ഇളനീര്‍' ചെത്തി കുടിക്കാവുന്ന പരുവത്തിലാക്കി ഉടമയുടെ മുന്നില്‍ എത്തിക്കും.
         പിന്നെ തേങ്ങ എണ്ണുന്ന പ്രക്രിയ ആണ്. അതിനും അതിന്റേതായ ഒരു രീതി ഉണ്ടായിരുന്നു!
     മുന്നിലും പിന്നിലുമായി കാലുകള്‍ വെച്ച് രണ്ട് കൈകളും കൊണ്ട് ഈരണ്ട് തേങ്ങകള്‍ പങ്കായം തുഴയുന്നപോലെ പിന്നിലേക്ക്‌ തള്ളും. എണ്ണം ഉറക്കെ ഒരു നാടന്‍ പാട്ട് പോലെ പാടി നീങ്ങുന്ന ഒരു ദൃശ്യം!
            അത് ഒരു മുഹൂര്‍ത്തമായി എന്നൊരു വിളംബരം കേട്ട പോലെ, ആ ഉടമസ്ഥതയില്‍ ഉള്ള 'കുടിയാന്മാര്‍' കുടുംബസമേതം ആ മുറ്റത്ത് കൂടും.
                 പിന്നെ തെങ്ങ് കയറിയ ആളുകളുടെ തലവന്‍റെ  ഒരു പ്രഖ്യാപനമാണ്.
                           മൊത്തം തേങ്ങകള്‍ ഇത്ര - 'പരിക്ക് ഇത്ര'!
              ആ പ്രഖ്യാപനത്തോടെ വന്ന ജനക്കൂട്ടം, വാവിട്ട് നിലവിളിക്കാന്‍ തുടങ്ങും -
               "ഒരു ഗതിയും ഇല്ലാഞ്ഞിട്ടാ, അങ്ങേരെ ഒന്നും ചെയ്യല്ലേ!" എന്ന് തോറ്റം പറയുന്ന പോലെയുള്ള നിലവിളികള്‍!
                    "ഇനി ഇത് ആവര്‍ത്തിക്കരുത്, ഓരോരുത്തരും ഈരണ്ട് തേങ്ങകളും
എടുത്തു പൊയ്ക്കോളൂ"   അച്ഛന്‍റെ തീരുമാനം!
              ഈ കാഴ്ചകള്‍ എല്ലാം കണ്ട് ഒന്നും പിടികിട്ടാഞ്ഞ ഞാന്‍ അമ്മയോട് ചോദിച്ചപ്പോള്‍ ആണ് പലതും വ്യക്തമായത്.
                 എന്‍റെ അമ്മ വിവാഹം കഴിഞ്ഞ് അവിടെ എത്തിയ നാളുകളില്‍ അമ്മ പോലും കണ്ട് നടുങ്ങിയ ചില ദൃശ്യങ്ങള്‍.
                അന്നുണ്ടായിരുന്ന ആ 'പരിക്കുകള്‍ക്കെല്ലാം' എല്ലാ കുടിയാന്മാരും
ഒരേ പോലെ ഉത്തരവാദികള്‍ ആയിരുന്നു. അതിനുള്ള ശിക്ഷയോ!
             കുടിച്ച് തീര്‍ത്ത കരിക്കില്‍ കൂടി കൈയിട്ട് ഓരോ കുടിയാന്‍റെയും
പുറത്ത് ഇടിക്കുക! 'ബോക്സിംങ്ങ് ഗ്ലൌസ്' ഇട്ട പോലെ!  എടുത്തവന്‍ ആരാണ് എന്ന് അറിയാത്തതിനാല്‍ ശിക്ഷ എല്ലാപേര്‍ക്കും ഒരുപോലെ!
 മൊത്തം നഷ്ടപ്പെട്ട തേങ്ങകളുടെ എണ്ണത്തിനെ കുടിയാന്മാരുടെ എണ്ണം കൊണ്ട് ഹരിച്ച്‌ കിട്ടുന്ന ശരാശരിയാണ് ശിക്ഷ നിര്‍ണയിക്കുന്നതിന്റെ ഫോര്‍മുല! പേര് വിളിക്കുമ്പോള്‍ സവിനയം വന്ന് എറ്റുവാങ്ങേണ്ട അവസ്ഥ!
                അപ്പോള്‍ അവരുടെ വേണ്ടപ്പെട്ടവര്‍ നെഞ്ചത്തടിച്ചു നിലവിളിക്കും!
                                 അതായിരുന്നു പണ്ട് നടന്നിരുന്നത്!
                    "അമ്പലങ്ങളും 'ശാന്തിയും' ആയി നടന്നിരുന്ന മുത്തച്ഛന്‍ ഇതൊന്നും അറിഞ്ഞിട്ടില്ലായിരിക്കാം.
                 "ഇനി  ഇവിടെ ഇങ്ങനെ ഒന്നും നടക്കാന്‍ പാടില്ല" എന്ന കല്‍പ്പന ഇട്ടതും
മുത്തച്ഛന്‍ ആയിരുന്നു എന്നും അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്!
                        "രാജാവിനെക്കാള്‍ രാജ്യസ്നേഹം തോന്നിയ മക്കള്‍ ഉണ്ടായത്  കൊണ്ടാകാം അങ്ങിനെയൊക്കെ സംഭവിച്ചത്!"
               വക്കീലായിരുന്ന എന്‍റെ അച്ഛനും പല മാറ്റങ്ങള്‍ ഉണ്ടായിക്കാണാം.
                             കേരളത്തില്‍ ഭൂനിയമം നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ,  എമ്പ്രാന്തിരി മുത്തച്ഛന്‍റെ കുടിയാന്മാര്‍ക്കെല്ലാം അവരര്‍ഹിക്കുന്ന സ്ഥലം വിട്ട് നല്‍കാനുള്ള താല്‍പര്യത്തില്‍, അച്ഛനും മുന്‍കൈ എടുത്തു.
             "ഒരു മുഴം മുന്നേ എറിഞ്ജതാണോ എന്നറിയില്ല!"
     എന്തായാലും മുത്തച്ഛനും അച്ഛനും ആ നാട്ടിലെ മാതൃക പൌരന്മാരായി !
                     മുത്തച്ഛന്‍റെ അവസാന നാളുകളില്‍ എന്‍റെ അച്ഛന്‍റെ  അനിയന്‍ അദ്ദേഹത്തെ ഏറ്റെടുത്ത് തിരുവനന്ദപുരത്ത് താമസിക്കുന്ന സമയം.
              അപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നപ്പോഴും അദ്ദേഹം എന്നെ മറന്നിരുന്നില്ല എന്ന് മനസ്സിലായി.
                            "നീ രാഘവന്‍റെ മോനല്ലേ!"
         ജനുസ്സുകളെ മനസ്സിലാക്കാന്‍ ഉള്ള പ്രത്യേക കഴിവായിരിക്കാം!
                      അപ്പോള്‍ അങ്ങേരും അവിടുന്ന് കിട്ടുന്ന ആഹാരത്തിലും, മരുന്നിലും, സൌകര്യത്തിലും സംതൃപ്തന്‍ ആയിരുന്നു! അഗ്രഹാരവും വേണ്ട, മാമൂലും വേണ്ട!  ചെറുമക്കളുടെ തമാശയിലും സന്തോഷത്തിലും ജീവിതം ആസ്വദിക്കുന്ന ഒരു സാധാരണക്കാരന്‍!
                 പുല്ലു വരെ തിന്നുന്ന പുലിയെപ്പോലെ !
            പിന്നീട് ഞാന്‍ വളര്‍ന്ന പല സാഹചര്യങ്ങളിലും എന്നെ എന്‍റെ അച്ഛന്‍റെ വീട്ടുകാര്‍ ആ മുത്തച്ഛന്‍റെ സ്വഭാവം  താരതമ്യപ്പെടുത്തി എന്നെക്കുറിച്ച്
 പറയുന്നത് കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്!
             "നന്ദി  എമ്പ്രാന്തിരി മുത്തച്ഛ", അങ്ങയുടെ അറിവിനും അതില്‍ക്കൂടി എനിക്ക് കിട്ടിയ കഴിവിനും".
                 ഇതെല്ലാം എന്‍റെ മാത്രമായ കാര്യങ്ങളും കാരണങ്ങളും ആണ്.
                       പക്ഷെ ഇതില്‍ ഒരു കാലഘട്ടത്തിന്‍റെ സ്പന്ദനങ്ങള്‍ ഉണ്ട്!
          ഞാന്‍ എന്നുള്ള പ്രദിപാദ്യം ഒഴിവാക്കി ഇത് വായിക്കുക -
                                        സഹിച്ചതിന്  നന്ദി!
------------------------------------------------------------------------------------------------------