Reminiscece Of Air Force Life

Saturday, December 29, 2012

ടാഗോര്‍ കവിതകള്‍ - വിവര്‍ത്തനം. പ്രൊഫ: ബി. വല്സലാകുമാരി




      എന്നെക്കാള്‍ പ്രതിഭാശേഷിയുള്ള, എന്റെ വേറൊരു ചേച്ചിയുടെ കൃതികള്‍ കൂടി ആളുകളിലേക്ക്‌ എത്തിക്കാനുള്ള ഉദ്യമത്തില്‍ ആണ് ഞാന്‍ .
  (ചേച്ചി  ആണെങ്കിലും ഞാന്‍ അവളുടെ ചേട്ടനാണ് എന്നാണ്‌, പണ്ട് മുതലേ എന്റെ നിലപാട്)
                                              ആളെ ശരിക്ക് മനസ്സിലാക്കാനായി ഞാന്‍ ഒരു വിവരണം തരാം.
                    എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന്, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുതം നേടി, ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായി.  വകുപ്പ് മേധാവിയായി വിരമിച്ചു. 
                                     പണ്ട് മുതലേ, വെളിച്ചം കാണിക്കാത്ത ഒരുപാട് കുത്തിക്കുറിപ്പുകള്‍, സ്വകാര്യ സംമ്പാദ്യമാക്കി  വെച്ചിട്ടുണ്ട് എന്ന്, ഞങ്ങള്‍  വീട്ടുകാര്‍ക്കറിയാമായിരുന്നു. അതില്‍ നിന്ന് രണ്ടു  'ടാഗോര്‍ കവിതകളുടെ' മലയാള വിവര്‍ത്തനം ആണ്, ഈ ബ്ലോഗില്‍ കൂടി നിങ്ങളില്‍ എത്തിക്കാന്‍,  ഞാന്‍ ശ്രമിക്കുന്നത്.-  
---------------------------------------------------------------------------------------------------------
           
               വെള്ളത്തില്‍ നീന്തും മീനും 
               ദാഹാര്‍ത്തനെന്നോ, കൊള്ളാം,
               ചിരിക്കാതെന്തുചെയ്യും 
               ഭോഷത്തം  കേട്ടിടവേ.
               നേരായനേരെല്ലാം നി-
               ന്നകമേ കുടിയിരിപ്പൂ,
               തെടുന്നതെന്തേ കാട്ടില്‍
               ധ്യാനത്തിലാമഗ്നനായ്?
               കാശി ഹരിദ്വാരമോ 
               കൈലാസ, ഗംഗോത്രിയോ
               ദാനമായ്‌ തരുന്നില്ല-
               യാത്മാവില്‍ നിത്യശാന്തി.
               അകമേ വാണീടുന്നോ-
               രാനന്ദ സ്വരൂപനെ 
               പുറമേ തേടുന്നത് 
               ഭോഷത്തമാല്ലയെന്നോ?
           -------------------------------------------     
              എത്ര നിഷ്ഫലം ചോദ്യം സിദ്ധനോടാരായുകില്‍
              എന്തുജാതിയില്‍ വന്നു പിറന്നതവനെന്നായ്
               വൈദികന്‍, വ്യാപാരിയും, യോദ്ധാവുമെന്നുവേണ്ട
               ജാതികള്‍ മുപ്പത്താറുമൊന്നുതാന്‍  തേടീടുന്നു.
               ക്ഷുരകനും മണ്ണാത്തിയും തോല്‍പ്പണിക്കാരന്‍ പോലും  
               തച്ചനും തേടിയല്ലോ നിത്യമാം പൊരുളിനെ.
               എത്ര നിഷ്ഫലം ചോദ്യം സിദ്ധനോടാരായുകില്‍
               എന്തുജാതിയില്‍ വന്നു പിറന്നതവനെന്നായ്,
               ഹിന്ദുവും മുസല്‍മാനുമെത്തിയാ ലക്ഷ്യത്തിങ്കല്‍,
               ഭിന്നത തീര്‍ന്ന് ഭേദചിന്തയില്ലാത്തോരിടം.

           ------------------------------------------------------------------------------------    

Thursday, December 20, 2012

വിമലാ മേനോന്റെ കവിത - "ക്ഷേമ രാഷ്ട്രം"


     
  
   സന്മനസ്സുള്ളോര്‍ക്ക് ഭൂമിയില്‍ ശാന്തി താന്‍
    സന്തോഷമുണ്ടെങ്കിലെന്നും തിരുവോണം 
    ഉള്ളില്‍ ചിരിയൂറി കണ്ണുകള്‍ മിന്നുമ്പോള്‍ 
    ഉണ്മയായുള്ളോണം തുള്ളിത്തുളുംബിടും

    മാമാരമോക്കെയും പൂത്തു തളിര്‍ത്തിട്ടും
   മാന്തളിര്‍ക്കൊമ്ബീന്നു പെയ്യുന്നു കണ്ണുനീര്‍ 
    താനേ വിരിഞ്ഞൊരു മുക്കൂറ്റിപ്പൂവിനും
    താന്നു കിടക്കുന്ന മന്താരക്കമ്ബിനും
    കാറ്റുവന്നോന്നു പായ്യാരം പറയുമ്പോള്‍ 
    കാറ്റാടിപോലെ വിറയ്ക്കുന്നു ഗാത്രവും   

    അക്കരപ്പാടത്തിന്‍ വക്കത്തു കാച്ചൊരാ
    ച്ചക്കരമാവിന്റെ കൊമ്ബത്തിരുന്നങ്ങു 
    പാടിത്തിമിര്‍ത്തോരു വണ്ണാത്തിപ്പൈന്കിളി
    പാട്ടേറ്റുപടാഞ്ഞ  പാടാത്ത കാരണം തേടുന്നു           

    ഉമിനീരുപോലും ഉണങ്ങിക്കരിഞ്ഞിട്ടും 
    ഉയിര്‍തട്ടിനില്‍ക്കുന്നതൊണ്ടക്കുരലിലെ   
    പാഴ്‌മുളം തണ്ടീന്നിടറിച്ചിതറുന്ന 
    പാഴ്നാദമിതു വെറും പാട്ടോ വിതുമ്പലോ!

    ഉണ്ണാനുടുക്കാനുറങ്ങാന്‍   കഴിയോത്തോര്‍, 
    ഇന്നാട്ടില്‍ വാഴാനുമര്‍ഹതയില്ലാത്തോര്‍,
    ഒരുപോട്ടു ദോശക്കുമൊരു  കീറപ്പന്തിനും:
    ചെറുബാല്യമാകെ കരഞ്ഞു ഹോമിക്കുവോര്‍,
    മഞ്ഞും വിറക്കും ശിശിരമാസങ്ങളില്‍
    നെഞ്ഞിലെച്ചൂടിന്നു  കേണുറങ്ങീടുവോര്‍,
    ചുറ്റിനുമാര്‍പ്പും കുരവയും പോന്തുമ്പോള്‍ 
    തട്ടിയടച്ചൊരു വാതിലില്‍മുട്ടുവോര്‍,
    പുത്തനുടുപ്പിന്‍ പുതുമണം പാറുമ്പോള്‍
    കുത്താനോരീരിഴത്തോര്‍ത്തുമില്ലാത്തവര്‍,
    ആഴക്കുകഞ്ഞിയില്‍ കണ്ണീരുപ്പിട്ട് 
    ആവണിപ്പുലരിയില്‍ മോന്തിക്കുടിക്കുവോര്‍ 
    വക്കില്ലാസ്ലേറ്റിലും കീറിയൊരേടിലും 
    വിജ്ഞാനദാഹമോതുക്കാന്‍ ശ്രമിക്കുവോര്‍,
    ഉള്ളില്‍ തിളയ്ക്കുന്ന സ്നേഹക്കടലിനെ 
    നെഞ്ജിലെയാധിക്കയത്തില്‍ മുക്കുന്നവര്‍ 
    ഇല്ലായ്മ പാടുന്നൊരീറക്കുടിലിലോ    
    വല്ലായ്മയാകെത്തളം കെട്ടിനില്‍ക്കുന്നു ?

    ഇന്നാട്ടിലെന്നാണൊരോണം വന്നീടുക 
    വന്നാലുമെത്ര നേരം! കണ്ടറിയണം!   
     പുകയില്ലാ കരിയില്ലാതെരിയുമടുപ്പിന്റെ
     പുകള്‍പാടും വിന്ജാരെന്നൊരുവശം കുമിയുന്നു
    എരിയുംവയറ്റിലേക്കുരിയരിക്കഞ്ഞിക്കായ്
കരയുമാല്‍മക്കളോ പുകമറക്കുള്ളിലാം  
ക്ഷേമരാഷ്ട്രം പോങ്ങുമാവഴിത്തിരിവിലോ  
ക്ഷാമം തിളക്കുന്നതിങ്ങേത്തുരുത്തിലാം.......

  സന്മനസ്സുള്ളോര്‍ക്കു ഭൂമിയില്‍ ശാന്തി താന്‍
  സന്തോഷമുണ്ടെങ്കിലെന്നും തിരുവോണം. 
-------------------------------------------------------------------
        ----------------------------------------------------------------------

Thursday, December 13, 2012

എ മിഷന്‍ ക്യാന്‍സല്‍ഡ്



                         
     
ഞാന്‍ വീണ്ടും എന്റെ എയര്‍ഫോഴ്സ് ജീവിതത്തിലേക്ക് വരുന്നു.        
    ആദ്യമായി ഒരു ഫൈറ്റര്‍ സ്ക്വാര്‍ഡനില്‍ ജോലി ചെയ്തപ്പോള്‍, അനുഭവപ്പെട്ട ചില അക്കിടികള്‍ ഞാന്‍ നേരത്തെ എഴുതിയിരുന്നു.
(ഓപ്രേഷനല്‍ റെഡിനസ്സ് പോയിന്ട്) എന്നാ എന്റെ ബ്ലോഗ് നോക്കുക)
                    ഇത് മറ്റൊരു അമളി പറ്റിയ കഥയാണ്. മറ്റുള്ളവരുടെ മണ്ടത്തരങ്ങളും, അക്കിടി പറ്റിയ കഥകളില്‍ കൂടി ആണല്ലോ, നമ്മള്‍ അറിവ്   സമ്പാദിക്കുന്നതും, കൂടുതല്‍ ബുദ്ധിമാന്മാര്‍ ആകുന്നതും.
                                      അതുകൊണ്ട് കുട്ടികളുടെ  പാഠ്യപദ്ധതിയില്‍  
 മഹാന്മാര്‍ക്ക് പറ്റിയ അക്കിടികളില്‍ കൂടി ആയിരിക്കണം, കുട്ടികളുടെ ശ്രദ്ധയെ ആകര്‍ഷിച്ച്, കാര്യങ്ങള്‍ അവര്‍ക്ക് ലളിതമായി ഗ്രഹിക്കേണ്ട സംഗ്രഹണശേഷി ഉണ്ടാക്കേണ്ടത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.  
                ഗുണപാഠയോഗ്യതയുള്ള ആത്മകഥകളും, കണ്ടെത്തലുകളും ഒന്നും, കുട്ടികളില്‍ ഒരു താല്‍പര്യവും ഉളവാക്കാന്‍ വഴിയില്ല.
             അത് പോട്ടെ, ഞാന്‍ എനിക്ക് പറ്റിയ അമളിയിലേക്ക് കടക്കാം.
            ഹഷിമാരയില്‍, ഹണ്ടര്‍ വിമാനത്തിന്റെ, പ്രത്യേക ട്രെയിനിങ്ങ് കഴിഞ്ഞു വന്ന സമയം.
       "ഏട്ടിലെ പശു പുല്ലു തിന്നുകയില്ല" എന്ന് പറയുന്നത് പോലെ, ഇനിയും പ്രായോഗികമായി പലതും മനസ്സിലാക്കേണ്ടി ഇരിക്കുന്നു എന്ന
അവസ്ഥ.  
                     നമ്മുടെ നാട്ടിലെ "ഇന്റര്‍ സ്കൂള്‍ സ്പോര്‍ട്സ്" പോലെ യൂത്തുഫെസ്ടിവല്‍ പോലെ, എയര്‍ഫോഴ്സില്‍ ഒരു മത്സര രംഗം ഉണ്ട്.    
                   "ഇന്റര്‍ സ്ക്വാര്‍ഡന്‍  ഗണ്ണറി മീറ്റ്"
                          അതായത് ഓരോ ഫൈറ്റര്‍ സ്ക്വാര്‍ഡനുകളും, അവരുടെ സന്നാഹങ്ങളുമായി വന്ന്, നടത്തപ്പെടുന്ന ഒരംഗം.
             അന്ന് അത് നടത്തിയിരുന്നത് ജാംനഗറില്‍ ആയിരുന്നു. അവിടെ  ആയിരുന്നു എല്ലാ സംവിധാനങ്ങളും ഉള്ള ഒരു "റേഞ്ച്" ഉണ്ടായിരുന്നത്.
         റേഞ്ച് എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിച്ചത്, വിമാനത്തില്‍ നിന്ന് ഫയര്‍ ചെയ്യാനുള്ള സൌകരുങ്ങള്‍.. .
             ആകാശത്ത് നിന്ന് ഭൂമിയിലേക്ക്‌, വിമാനത്തിനു ഫയര്‍ ചെയ്യാനും , കൂടാതെ ആകാശത്ത് നിന്ന്, ആകാശത്തില്‍ കൂടി പോകുന്ന മറ്റു വിമാനങ്ങളെ ഫയര്‍ ചെയ്യാനും ഉള്ള പരിശീലനങ്ങള്‍ നല്‍കാനും ഉള്ള
വേദി ഒരുക്കാന്‍ പറ്റുന്ന ഇടം.
                                ഭൂമിയിലേക്ക്‌, വിമാനത്തില്‍ നിന്ന്, ഫയര്‍ ചെയ്ത്  പരിശീലിക്കുന്നതിനായി, എത്രയോ ആയിര കണക്കിന് ഏക്കര്‍ സ്ഥലം,
വ്യോമസേനയുടെ അധീനത്തില്‍ മാറ്റി വെക്കപ്പെട്ടിരിക്കുന്നു.
          ആകാശത്ത് നിന്ന് ആകാശത്ത് കൂടെ പോകുന്ന ശത്രു വിമാനങ്ങളെ
സംഹരിക്കാനുള്ള പരിശീലനം, ജാംനഗറോട് തൊട്ട് കിടക്കുന്ന അറബി കടലിന് മുകളില്‍ വെച്ചായിരുന്നു. ഇന്ന് പുതിയ മാര്‍ഗങ്ങളും, നടപടിക്രമങ്ങളും ഒക്കെ ഉണ്ടായേക്കാം.
              അന്ന് നടന്നിരുന്ന, ഞാന്‍ കണ്ട ഒരു സംവിധാനമാണ്  പറയുന്നത്.
                    ഒരു ഡക്കോട്ട  വിമാനം, ഉദ്ദേശം ഒരു ആയിരം മീറ്റര്‍ പുറകില്‍, വിമാനത്തിന്റെ ആകൃതിയിലുള്ള, വായു നിറച്ച ഒരു ബലൂണും കൊണ്ട്
പറക്കും.
          അതിന്മേല്‍ കുറുകെ ഉള്ള വശത്ത്  നിന്ന്, താഴോട്ട് ഡൈവ് ചെയ്യുന്ന വിമാനങ്ങള്‍ വെടി  ഉതിര്‍ത്തും.
               അങ്ങിനെ ആയിരുന്നു എയര്‍ ടു എയര്‍   ഗണ്ണറി പ്രാക്ടീസ്
നടത്തിയിരുന്നത്.
                                      ഈ സൌകര്യങ്ങള്‍, ജാംനഗര്‍ റേഞ്ചില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
            അതായത്, സ്വിമ്മിങ്ങ്പൂള്‍ സൌകര്യമുള്ള ഒരു സ്ഥലത്തേ, നീന്തല്‍ മത്സരങ്ങളും ട്രാക്ക് ഇവെന്റ്സും ഒരുമിച്ചു നടത്താവുന്ന വേദി ആക്കാന്‍ പറ്റുകയുള്ളൂ എന്ന് പറയുന്നത് പോലെ.
                      ആ മത്സരത്തില്‍ നേടുന്ന പോയിന്റുകളില്‍ കൂടി, ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഏറ്റവും മികച്ച പൈലറ്റിനെ കണ്ടെത്തുക, ഏറ്റവും മികവുള്ള സ്ക്വാര്‍ദനെ അംഗീകരിക്കുക എന്നതാണ് ലക്‌ഷ്യം.  
                             ഈ പറയുന്നതിലുപരി എനിക്ക് പറ്റിയ അമളി കേള്‍ക്കാനായിരിക്കും, സാധാരണ മനുഷ്യ താല്പര്യം എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
                    എന്തായാലും ഈ മത്സരത്തിനു പോയ ആള്‍ക്കാരില്‍ ഞാനും നിയോഗിതനായി.
                      ഒരു യൂത്ത്‌ഫെസ്റ്റിവല്‍ നടക്കുന്ന സ്ഥലത്ത് കാണുന്ന പോലെ, എയര്‍ ഫീല്‍ഡിന്റെ ഓരോ മൂലയും, പങ്കെടുക്കാന്‍ വരുന്ന പല
   യൂനിട്ടുകള്‍ക്കായി, പ്രത്യേക സ്ഥലങ്ങളും സൌകര്യങ്ങളും ഒക്കെ
ഉണ്ടായിരുന്നു.
           സംഗതി പട്ടാളത്തിന്റെ ചിലവിലും "ദേവസ്വം വക" എന്നപോലെ ആയതിരുന്നതിനാലും, ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല.
               ഹണ്ടര്‍ വിമാനത്തിന്റെ പരിചയ സമ്പന്നതയുടെ കാര്യത്തില്‍,
ആ കൂട്ടത്തില്‍, ഞാന്‍ മാത്രമേ ഒരു "മിസ്സ്ഫിറ്റ്" ആയി ഉണ്ടായിരുന്നുള്ളൂ.
             ജാംനഗറില്‍ ചെന്ന അന്ന് വൈകുന്നേരം തന്നെ, അടുത്ത ദിവസത്തെ മീറ്റിനെ കുറിച്ചും, ഓരോരുത്തര്‍ നിര്‍വഹിക്കേണ്ട ദൌത്യത്തെ കുറിച്ചും ഒരു ബ്രീഫിങ്ങ്‌ നടന്നു.
             പുതുതായി വന്നു എന്ന കാരണത്താല്‍, എന്നെ സന്കീര്‍ണതയുള്ള രംഗങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കി, "പൈലെട്ടിനെ സീ ഓഫ് ചെയ്യാനും, റിസീവ് ചെയ്യാനും ഉള്ള "കീഴ്‌ ശാന്തി"
ദൌത്യങ്ങള്‍ ആണ് ഏല്‍പ്പിച്ചത്.
       
           ഈ ചര്‍ച്ചകള്‍ എല്ലാം കഴിഞ്ഞു രണ്ടു മൂന്നെണ്ണം വീശിയിട്ട്‌, ഉറങ്ങാന്‍ കിടന്നപ്പോഴാണ്‌, അപ്പുറത്ത് കിടക്കുന്ന എന്റെ സീനിയറായ
അവറാച്ചന്‍ പറയുന്നത്.
           "പൈലറ്റിനെ സീ ഓഫ് ചെയ്തിട്ട് താന്‍ വേണം റണ്‍വേ എന്‍ഡില്‍
പോയി,  ആര്‍മമെണ്ട് സേഫ്റ്റി പ്ലഗ്ഗ് കണക്ട് ചെയേണ്ടത്".
          സാധാരണ ദിവസങ്ങളില്‍ പറക്കാന്‍ പോകുന്ന പൈലട്ടുകളെ, സ്ട്രാപ്പ് ചെയ്യുന്ന ജോലിയും, സീ ഓഫ് ചെയ്യലും എനിക്ക് വശമാണ്.
              പക്ഷെ ഈ "ആര്‍മമെണ്ട് സേഫ്റ്റി പ്ലഗ്ഗ്" എന്ന കുരിശു അത്ര സുപരിചിതമല്ല. ട്രെയിനിങ്ങിനു പോയപ്പോള്‍, ബുക്കില്‍ കൂടി ഇതിനെ കുറിച്ച് ഒക്കെ വായിച്ചു ഒരു പരിചയം ഉണ്ടെങ്കിലും, അതുവരെ ഞാന്‍ ആ പണ്ടാരം കണ്ടിട്ടില്ലായിരുന്നു.
                  "അല്ല അവറാച്ച" എന്ന് ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും,
അഞ്ചര പെഗ്ഗിന്റെ കൂര്‍ക്കം വലി ആയിരുന്നു മറുപടി.
                    അടുത്ത ദിവസം, അവറാച്ചന്റെ കൂടെ, ജോലി സ്ഥലത്ത് ചെന്നപ്പോള്‍ തന്നെ, ഈ "കുളുമാസ്സു"എങ്ങിനെയാണ് ചെയ്യേണ്ടത്, എന്ന് ഒന്ന് കാണിച്ചു തരാന്‍ ഞാന്‍ ശഠിച്ചു.
                    എന്റെ നിര്‍ബന്ധ പ്രകാരം അവറാച്ചന്‍, ഹാങ്ങറില്‍ കിടന്നിരുന്ന ഒരു വിമാനത്തിന്റെ അരുകില്‍ ചെന്ന് കാണിച്ചു തന്നു.
                              ഒരു താക്കീതോടെ!
             "വെടിക്കോപ്പുകള്‍ ലോഡു ചെയ്തിട്ടിരിക്കുന്ന ഒരു വിമാനത്തെ,
'ലൈവ്' ആക്കുന്നത്, ഈ പ്ലഗ്ഗില്‍ കൂടി ആണ്. അതുകൊണ്ടാണ്, വിമാനം,
പറന്നു പോങ്ങുന്നതിനു തൊട്ടു മുപു മാത്രമാണ്,അത് കണക്ട് ചെയ്യുന്നത്. നമ്മുടെ വീട്ടിലെ മെയിന്‍ സ്വിച്ച് പോലെ, അല്ലെങ്കില്‍ ഫ്യൂസ് പോലെ, ഒരു സുരക്ഷാ സംവിധാനം. അതുകൊണ്ട് ഇത് പ്ലഗ്ഗ് ചെയ്യുന്ന രീതിയും ശ്രദ്ധിച്ച് മനസ്സിലാക്കുക. എന്ഗേജു ചെയ്ത്, ആദ്യം ഇടത്തോട്ട് തിരിക്കുക, പിന്നെ ഒന്ന് കൂടി പ്രസ്സ് ചെയ്ത ശേഷം, വലത്തോട്ട് തിരിക്കുക"
             അവറാച്ചന്‍ പറഞ്ഞ പോലെ, ഒന്ന് രണ്ട് ആവര്‍ത്തി, ആ പ്രക്രിയ
ഞാന്‍ ചെയ്തു. ആദ്യം സ്വല്പം വിഷമം കണ്ടു എങ്കിലും, പിന്നീടുള്ള
ഉദ്യമത്തില്‍ എനിക്ക് ആത്മവിശ്വാസം ഉണ്ടായി.
           അങ്ങിനെ 'കന്നി അംഗം' കുറിക്കാന്‍ ഞാനും തയ്യാറായി.
                   എന്റെ സെക്ഷന്റെ ഹെഡ്‌, കോട്ടയംകാരന്‍ ഒരു വാറണ്ട് ഓഫീസര്‍ തോമസ്‌ ആയിരുന്നു. എഴുപത്തൊന്നു യുദ്ധത്തില്‍ പി. വി. എസ്. എം - പരമ വിശിഷ്ട സേവാ മെഡല്‍()). നേടിയ വ്യക്തി.
                    ആര്‍. .എ എഫിന്റെ  (റോയല്‍ എയര്‍ ഫോഴ്സ്) തണലില്‍ വളര്‍ന്ന അങ്ങേര്‍ക്ക്, ഇംഗ്ലീഷിലെ, അപ്പിയിടാന്‍ പോലും പറ്റൂ, എന്ന് ഞങ്ങള്‍, കീഴ്ജീവനക്കാര്‍ തമ്മില്‍, കളിയാക്കി പറയുമായിരുന്നു.  
        ഇത്രയും സേവന പാരമ്പര്യമുള്ള ഒരു വാറണ്ട് ഓഫീസറെ, മിസ്റ്റര്‍ കൂട്ടിയെ സംബോധന ചെയ്യാവൂ എന്നാണ് എയര്‍ ഫോഴ്സ് കീഴ്വഴക്കം.
    കൂടാതെ പി വി എസ് എം കൂടി ഉള്ളതിനാല്‍, അതിന്റെ ഗമ ഒന്ന് വേറെ.
                    ഞാന്‍ അവിടെ പോസ്റ്റിങ്ങില്‍ ചെന്നപ്പോള്‍ തന്നെ, ഈ ചെന്കീരിയെ തിരിച്ചറിഞ്ഞു. കോട്ടയത്തുള്ള എന്റെ കുടുംബത്തിലെ ചില വമ്പന്‍ സ്രാവുകളെ ഉത്ധരിച്ചു, ഞാന്‍ അദ്ദേഹവുമായി ഒരു പാലം വെച്ചിരുന്നു. അങ്ങിനെ തോമാച്ചന്റെ മുന്നില്‍ ഞാന്‍, അനുസരണ ഉള്ള ഒരു കുഞ്ഞാടായിരുന്നു.
           അത് ഞാന്‍ ഒരു പശ്ചാത്തല കഥ പറഞ്ഞു എന്ന് കരുതിയാല്‍ മതി.
             'അംഗ തട്ടിലേക്ക്' കയറിയ ഞാന്‍, വിമാനം സീ ഓഫ് ചെയ്തതിനു ശേഷം, റണ്‍വേ എന്‍ഡില്‍ പോയി നില ഉറപ്പിച്ചു.
                                       നാല് വിമാനങ്ങള്‍ ഒരുമിച്ചു പോയി, നേരത്തെ ബ്രീഫ് ചെയ്തിട്ടുള്ള രീതിയില്‍, ഓരോ പൈല്ട്ടിന്റെയും മിഴിവ് തെളിയിക്കുക എന്നതാണ് സംരംഭം.
             ആദ്യം വന്ന മൂന്നു വിമാനങ്ങളില്‍, അവറാച്ചന്‍ പഞ്ഞത് പോലെ,
ഞാന്‍ കാര്യങ്ങള്‍ നിര്‍വഹിച്ചു.
                        വിമാനത്തിന്റെ ഇടത്തെ ചിറകിന്റെ താഴേക്ക് ഞാന്‍ കുനിഞ്ഞിറങ്ങി. ആ സമയം, പാതി തുറന്നു വെച്ചിരിക്കുന്ന, കാനോപ്പിയില്‍ കൂടി പൈലെട്ട് കൈകള്‍ രണ്ടും വെളിയില്‍ ഇട്ടു.
               അതായത്, ഇതുവരെ നിര്‍ജീവമായിരുന്ന, ഈ രാക്ഷസന്മാര്‍ക്ക്‌
ഞാന്‍ ജീവന്‍ നല്‍കുമ്പോള്‍, പൈലറ്റിന്റെ കൈയ്യാംകളി കൊണ്ട്,            അബദ്ധം ഒന്നും സംമ്ഭവിക്കാതിരിക്കാന്‍ ഉള്ള ഒരു മുന്‍കരുതല്‍..
                                             ഞാന്‍ ഇത് കണക്ട് ചെയ്തു 'തംബ്സ് അപ്പ്' നല്കൂന്നതുവരെ, പൈലറ്റ് രണ്ടു കൈകളും വെളിയില്‍ പ്രദര്‍ശിപ്പിച്ച്  ഇരിക്കണം  എന്നതാണ് നിയമം.
                  ഞാന്‍ അത് കണക്ട് ചെയ്തു '
         
              'എള്ള് കൊണ്ട് ഒരു നീര്, ചന്ദനം കൊണ്ട് ഒരു നീര്' എന്ന പോലുള്ള അനുഷ്ടാനക്രമത്തില്‍ കാര്യം സാധിച്ചു. നാലാമത്തെ വിമാനം,
അതിന്റെ നമ്പര്‍ ഞാന്‍ ഇപ്പൊഴു ഓര്‍ക്കുന്നു '784'.
                                  എന്റെ പണി പാളി!  
             അവറാച്ചന്‍പറഞ്ഞുത് പോലെ, ഞാന്‍ ഇടത്തോട്ട് തിരിച്ചു, പിന്നെയും ഞക്കി വലത്തോട്ട് തിരിച്ചു.
                               "എന്തോ വശപ്പിശക്"
            ചെയ്തത് ശരിയായോ എന്ന് ഉറപ്പു വരുത്താനായി, ഞാന്‍ പ്ലഗ്ഗ് വലിക്കുമ്പോള്‍, പ്ലഗ്ഗ് വീണ്ടും കൈയില്‍! !
             രണ്ടു മൂന്നു  ആവര്‍ത്തി നോക്കി.
                     നടക്കുന്നില്ല
              അപ്പോള്‍ മനസ്സിലായി, 'എനിക്ക് പണി കിട്ടി'!
          ഇത് ശരിയാകുന്നില്ല  എന്ന് പറഞ്ഞ്, വിമാനം തരിച്ചു വിട്ടാല്‍, ഞാന്‍ മറ്റൊരു യേശുകൃസ്തു ആകും, എന്നെ പൊരിക്കും!
          അവസാനം 'ഉടായിപ്പില്‍' ഉസ്താദായ ഒരു സാധാരണ 'മല്ലു' ചെയ്യുന്നത് പോലെ, അവറാച്ചന്‍ പറഞ്ഞത് പോലെയുള്ള, എല്ലാ ഉദകക്രിയയും ചെയ്ത് പൈലറ്റിന് ഞാന്‍ ഒരു 'തംബ്സ് അപ്പ്' നല്‍കി.
               പഴയ കുതിരവട്ടം പപ്പുവിന്റെ സ്റ്റൈലില്‍ 'താമരശ്ശേരി ചുരം,
ഇപ്പം ശര്യാക്കി തരാം' എന്ന പോലെ.
                 ഈ പറഞ്ഞ നാല് വിമാനങ്ങളും, ലാന്ട്‌ ചെയ്യുമ്പോഴും, മേല്പറഞ്ഞ ആ 'സേഫ്ടി പ്ലഗ്ഗ്' റണ്‍വേ എന്‍ഡില്‍ വെച്ച്, നിര്‍ജീവമാക്കെണ്ടതും, എന്റെ ജോലിയാണ്.
                  ആദ്യത്തെ മൂന്നു വിമാനങ്ങള്‍ ഇറങ്ങി, ഞാന്‍ ആ പ്രക്രിയ
ചെയ്യുമ്പോള്‍, പൈലറ്റുമാര്‍ ചിരിച്ചു കൊണ്ട് എന്റെ നേരെ കൈ വീശി.
                 അവസാനം '784' ഇറങ്ങിയപ്പോള്‍, രംഗം വ്യത്യസ്തമായിരുന്നു.
                        അതിലെ പൈലറ്റ്, വിമാനത്തിന്റെ ഒച്ച കൊണ്ട്, അംഗവിക്ഷേപത്താല്‍ കാണിച്ചത്, 'കൊടുങ്ങല്ലൂര്‍ ഭരണി കാണാന്‍ പോയിട്ടുള്ളവര്‍ക്ക്, കാവ് തീണ്ടല്‍ കണ്ടിട്ടുള്ളവര്‍ക്ക്  സുപരിചിതമായ ചില ചേഷ്ടകള്‍ ആണ്'!
                        വിമാനത്തിന്റെ ശബ്ദം കാരണം 'കേള്‍ക്കാന്‍ പറ്റുന്നില്ല,
കമ്പിളിപ്പുതപ്പ്‌' എന്നാ തരികിടയില്‍, ഞാനും പ്രതികരിച്ചു.
                          എന്റെ ദൌത്യം പൂര്‍ത്തീകരിച്ച ശേഷം, മനപ്പൂര്‍വം, സ്വല്പം വൈകിയാണ്, ഞാന്‍ തിരിച്ചു സെക്ഷനില്‍ ചെന്നത്.
               പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്ന് ഞാന്‍ മാറി നിന്നു.
        ഒന്നും അറിയാത്തപോലെ, വൈകുന്നേരം ഞാന്‍ അവറാച്ചനോട്
ചോദിച്ചു.
                    'കാലത്ത് '784 ന്' എന്താണ് സംഭവിച്ചത്?
         'പൈലറ്റ്, കൊക്ക്പിറ്റില്‍ നിന്നു ഇറങ്ങിയത്‌ തന്നെ ചൂടായിട്ടാണ്.
യൂ പീപ്പിള്‍ ഹാവ് ****** അപ്പ് മൈ സോര്‍ടീ'. പിന്നെ വാറണ്ട് ഓഫീസര്‍ തോമസ്സ് രംഗത്ത്‌ വന്നപ്പോഴാണ്, അയാളുടെ കലി  അടങ്ങിയത്. അതും നിവര്‍ത്തിയില്ലാതെ. ബാക്കി ഉള്ളവരെ ചീത്ത വിളിക്കുന്നത്‌ പോലെ
പി. വി. എസ്. എം വാറണ്ട് ഓഫീസര്‍ തോമസ്സിന്റെ മുന്‍പില്‍ വെച്ച്
പ്രതികരിക്കാന്‍ പറ്റുകയില്ലല്ലോ!
           നടന്നതിന്റെ വിശദ വിവരങ്ങള്‍ക്കായി, ഞാന്‍ ജിജ്ഞാസയോടെ
ചോദിച്ചു.
                   'തോമസ്സ് സാര്‍ എന്താ പറഞ്ഞത്?'
       'ഡോണ്ട് ഗേറ്റ് ഇമോഷണല്‍, ഞാനിത് അന്വേഷിച്ച്, അതെങ്ങിനെ സംഭവിച്ചു എന്ന് റിപ്പോര്‍ട്ട് തരാം, ആഫ്റ്റര്‍ ആള്‍ ഇറ്റീസ്‌ എ മെഷീന്‍,
ഇനി ഇത് പോലെ സംഭവിക്കാതിരിക്കാന്‍ വേണ്ട നടപടികളും എടുക്കാം.'
                  പി. വി. എസ്. എം വാറണ്ട് ഓഫീസര്‍ തോമസ്സ് പറഞ്ഞത് കേട്ട്,
ഉത്തരം മുട്ടിയ പൈലറ്റ് പിറുപിറു ത്തുകൊണ്ട് സ്ഥലം വിട്ടു.
                  ഇനിയാണ് സംഭവത്തിന്റെ ആന്റീക്ലൈമാക്സ്സു!
          '784 ' പോയതില്‍ സംശയം തോന്നിയ ഞാന്‍, റണ്‍വേ എനടിലുള്ള,
ഓ.ആര്‍.. പി ടെന്റില്‍  നിന്ന്, വാറണ്ട് ഓഫീസര്‍ തോമസ്സിനെ വിളിച്ചു
സംഭവിച്ച കാര്യങ്ങളെല്ലാം കുമ്പസരിച്ചു.
              തുറന്നു പറഞ്ഞതുകൊണ്ട്, ആര്‍.. എ എഫില്‍ ജോലി ചെയ്ത  അങ്ങേര്‍, കേട്ട് പഠിച്ച ഒരു ഇംഗ്ലീഷു ഡയലോഗ് തിരിച്ചു കാച്ചി.
                  "യൂ ആര്‍ ഹോളി, വെന്‍ യൂ അഡ്‌മിറ്റ് യുവര്‍ ഫോളി"
         '784' നെ  സാങ്കേതികമായ എല്ലാ ടെസ്റ്റ്കള്‍ക്കും വിധേയമാക്കി!
                          അവസാനം '784 ' ന്റെ ടെസ്റ്റ്‌ റിസള്‍ട്ട്, ഡോക്ടര്‍മാര്‍ ഡയോഗനൈസ്സു ചെയ്തു പ്രിസ്സ്ക്രിപ്ഷനില്‍ എഴുതുന്ന ഒരു കസര്‍ത്ത് പോലെ 'എഫ്. ഓ. യു' എന്നായിരുന്നു! എന്ന് പറഞ്ഞാല്‍ 'ഫീവര്‍ ഓഫ്         അണ്‍ നോണ്‍ ഒറിജിന്‍' !!
                  അതെ പോലെ "എ ടെക്നിക്കല്‍ ഇറാറ്റ ഡ്യൂ ടു അണ്‍ നോണ്‍
റീസണ്‍ "എന്നതായിരുന്നു. പക്ഷെ പിന്നീട് ആരും അതിനെ കുറിച്ച് അന്വേഷിക്കാതിരുന്നത് കാരണം, ആ റിപ്പോര്‍ട്ട് വെളിച്ചത്തു വന്നില്ല!!


                            -----------------------------------------------------------------