Reminiscece Of Air Force Life

Tuesday, July 2, 2013

സാവി, ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ..                        "സാവി, ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ.. "
         അയാൾ പിന്നെയും തന്റെ ഭാര്യ സാവിത്രിയോട്‌ അപേക്ഷിച്ചു.
                                   ഇന്നലെയാണ് അയാളെ  ഐ. സി. യൂവിൽ നിന്ന് വാർഡിലേക്ക് മാറ്റിയത്.
                     "ചേട്ടൻ അധികം സംസാരിക്കരുത് എന്ന് ഡോക്ടർമാർ പ്രത്യേകം
പറഞ്ഞതല്ലേ- മിണ്ടാതിരിക്കു."
                        ലോകവിധി നടത്തപ്പെടുന്ന നീതിന്യായ കോടതിയിൽ, നശ്വരനായ
അയാൾക്ക്‌, ആ സത്യം അവസാനമെങ്കിലും തന്റെ ഭാര്യയോടു ഒന്നേറ്റു പറയണം എന്ന് പണ്ടേ മുതൽ തോന്നാൻ തുടങ്ങിയതാണ്.  
                         കണ്ണടയാൻ പോകുന്നവർക്ക്, എന്താണ് അന്ത്യാഭിലാഷം ആയി തോന്നുന്നത്  എന്ന് നമുക്കറിയില്ലല്ലോ?
                          ഒരവസാന കുംബസാരത്തിനു അയാൾ  ഒരുങ്ങുമ്പോഴേക്കും,
അയാളെക്കുറിച്ച് അയാൾ തന്നെ പണ്ട് മുഴക്കിയ ശംഖൊലികളുടെ മാറ്റൊലികളാണ് കേട്ടത്.
                                     "അൻപത് കൊല്ലത്തെ, സഹവർത്തിത്തത്തിനിടയിൽ, എനിക്കറിയാത്ത എന്തെങ്കിലും രഹസ്യമുണ്ടോ നിങ്ങൾക്ക്? കൊച്ചുംനാളിൽ കള്ള് കുടിച്ചും അല്ലാതെയും ചെയ്ത വികൃതിത്തരങ്ങൾ ഒരായിരം വട്ടം ഞാൻ കേട്ടിട്ടുണ്ട്"
                    "അതല്ല ഞാൻ പറയുന്നത് - ഞാൻ പറയാൻ ഉദ്ദേശിച്ചത് ഗായത്രിയെ
കുറിച്ച് ആണ് "
                 "ഗായത്രി, ഗോമതി, ഗൌരി , ഈ പേരുകളെല്ലാം ഞാൻ കേട്ടിട്ടുള്ളതാണ്. വിവാഹത്തിനു മുൻപുള്ള, നമ്മുടെ ഇരുവരുടെയും കാര്യങ്ങൾ, നമ്മൾ ജീവിതത്തിൽ അനുവർത്തിക്കുകയൊ,  ആവർത്തിക്കുകയൊ,  ചെയ്യില്ല എന്ന് ചേട്ടൻ തന്നെ അല്ലേ, എന്നെക്കൊണ്ട് സമ്മതിപ്പിച്ചത്?"
                      "എന്നാലും സാവി,....  ഗായത്രി എന്ന സ്ത്രീ എന്റെ മനസ്സിനെ
വേട്ടയാടുന്നു "......

                               xxxx      xxxx       xxxx    xxxx     xxxx    xxxx     xxxx
 
                            പ്രതാപമുള്ള കൂട്ടുകുടുംബത്തിൽ വസിച്ചിരുന്ന കുസൃതി കൌമാരക്കാരാനുള്ള  ഒരു വീട്ടിൽ, രണ്ടു മൂന്ന് പഴയ വേലക്കാരികളിൽ,
എന്തോ പന്തികേട്‌ കണ്ട അയാളുടെ അമ്മ, കാര്യക്കാരൻ ശങ്കുണ്ണി പിള്ളയോട്,
ഇനി വേണ്ട അപ്പോയിന്റ്മെന്റിന്റെ അടിസ്ഥാന അവശ്യകതകൾ നിഷ്ക്കർഷിച്ചു -
                     "ഇവിടെ അത്ര പിടിപ്പെട്ട പണിയൊന്നും ചെയ്യാനില്ല!,
ഒരു കൈസഹായം - പത്തു പന്ത്രണ്ടിൽ താഴെയുള്ള ഒരാൾ ആയാലും മതിയാകും. അല്ലെങ്കിൽ പത്തൻപത് കഴിഞ്ഞ ഒരാളായാലും മതി!"
                                       അയാളുടെ അമ്മ, അയാളേക്കാൾ ഉപരി അയാളെ മനസ്സിലാക്കിയിരിക്കുന്നു  എന്ന് നിശ്ചയമായി !
                                          പക്ഷെ  ശങ്കുണ്ണി പിള്ള കൊണ്ട് വന്നത് ഒരു തനി നാടൻ  പതിനെട്ടുകാരിയെയാണ്!
                                      ഏതോ ഒരു ക്ഷയിച്ച ഒരു ഇല്ലത്തിലെ, കുടുംബക്കാരും ബന്ധുക്കളുമായി വഞ്ചിക്കപ്പെട്ട്, മുദ്രപ്പത്രങ്ങൾ വായിച്ചുനോക്കാതെ ഒപ്പിടാൻ മാത്രം തലവിധി ഉണ്ടായിരുന്ന ഒരു ജന്മത്തെ!
                     പുതിയ റിക്രൂട്ടിൻറെ,മേൽനോട്ടത്തിനും,   അളവെടുക്കാനും, അയാളും അയാളുടെ അമ്മാവന്റെ മകൻ ഗോപനും വ്യഗ്രരായി!
                        വടക്കിനിക്കപ്പുറം ഉള്ള ചായിപ്പിന്റെയും, ഉരപ്പുരയിലെയും, വിറകുപുരയുടെയും  ഇരുണ്ട മൂലകൾ അവർക്ക്‌ സുപരിചിതമായിരുന്നു!
                അതേ പോലെ, ചായിപ്പിന്റെ പുറത്തോട്ടുള്ള വാതിൽ ജനലഴികളുടെ ഇടയിൽക്കൂടി തുറക്കാനുള്ള വൈദക്ധ്യവും!
                     മൂന്നാലു ദിവസങ്ങൾക്കു ശേഷം, തങ്ങളുടെ നേട്ടങ്ങൾ അവർ പങ്കിട്ടപ്പോൾ, സാധാരണ അനുഭവങ്ങളിൽ നിന്ന് വ്യത്യസ്ഥമായ എന്തോ എല്ലാം അവർക്ക് രണ്ടുപേർക്കും നേരിടാൻ ഇടയായി എന്ന പ്രത്യേകത!
                    "കക്ഷി, കാര്യമാത്ര പ്രക്രിയകൾക്കപ്പുറം , ഏതോ ഒരു ലോകത്തിൽ
ആയിരുന്നു എന്ന വസ്തുത"
                അത് കത്തി ജ്വലിക്കുന്ന യൌവനത്തിന്റെ ആസക്തി ആയിരുന്നില്ല!
                കാമനകളുടെ നനവുകൾക്കുപരി, വേറെ എന്തോ ആയിരുന്നു എന്ന്!
                അള്ളിപ്പിടിച്ച്, നെഞ്ചോടണയുമ്പോൾ..... .....
               "നീ ആണ് എന്നെ മനസ്സിലാക്കാൻ ശ്രമിച്ച, ആദ്യത്തെ വ്യക്തി എന്ന്
കണ്ടെത്തിയത് പോലെയുള്ള ഒരു വെമ്പൽ !"
                                     എന്ത് കഴിഞ്ഞാലും
           "നിനക്കെങ്കിലും എന്നെ മനസ്സിലാക്കാൻ പറ്റുന്നുണ്ട് എന്നുള്ള തേങ്ങൽ !"
                             ആൾവാസമില്ലാത്ത ഏതോ ഒരു തുരുത്തിൽ, നടാടെ മറ്റൊരു മനുഷ്യജീവിയെ കണ്ട് ആശയവിനിമയം ചെയ്യുമ്പോൾ ലഭിക്കുന്ന സുഷുപ്തി!
                      ദീർഘ മൌനത്തിൽ നിന്നും, ദീർഘ നിശ്വാസത്തിൽ നിന്നും, ദേഹത്ത്
പതിച്ച ചുടു കണ്ണീരിൽ നിന്നും, അവർക്ക് രണ്ടുപേർക്കും അത് അനുഭവപ്പെട്ടു!
                                                അങ്ങിനെയിരിക്കെയാണ്‌ ഒരു വാരാന്ത്യം എന്തോ അത്യാവശ്യകാര്യത്തിന്, ഗായത്രി, അയാളുടെ അമ്മയോട് അനുമതി തേടി പോയത്.
                        കൂട്ടുകുടുംബത്തിലെ എല്ലാ അംഗങ്ങുളുടെയും, ദിനചര്യകളും ,
ചിട്ടകളും, ഇംഗിതങ്ങളും നോക്കി നടത്തിയിരുന്ന അയാളുടെ അമ്മ, നാലഞ്ചു
ദിവസങ്ങൾ കഴിഞ്ഞിട്ടും, വേലക്കാരി തിരികെ വരാതിരുന്നതിനാൽ, നട്ടം തിരിഞ്ഞു.                    
                    ശങ്കുണ്ണി പിള്ളക്ക്, ആരോ ഒരേജന്ടു മുഖാന്തിരം ഇടപാടാക്കിയത്
കാരണം, അവളുടെ വീടും മേൽവിലാസവും അറിയില്ലായിരുന്നു!
     പത്തു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പുതിയ മറ്റൊരു അപ്പോയിന്റ്മെന്റ്!
                                                    "കനകലത"
              അയാളും ഗോപനും, അടുക്കള ഭാഗത്ത് ആക്റ്റീവ് ആയി!
                         ഒരു ദിവസം അയാളുടെ അമ്മ കുളിക്കാൻ പോയപ്പോൾ, ദോശ ചുടുന്നതിന്, എന്തെങ്കിലും സഹായം വേണോ എന്ന് ഗോപൻ ആരാഞ്ഞു.
                  ദോശ ചുടുന്ന ചട്ടുകം, അൽപനേരം തീയിൽ പിടിച്ചിട്ട് അവൾ പറഞ്ഞു .........
             "ഇത് വെച്ച് മോന്തക്ക് ഒരു തേമ്പ് തേമ്ബിയാൽ, കണ്ണാടി നോക്കാൻ നല്ല ശേലായിരിക്കും"
                              ഗോപൻ ഈ അനുഭവം അയാളോട്  പറഞ്ഞത് മുതൽ, അയാൾ  കനകലതയോടുള്ള സംബോധന "കനക ചേച്ചി" എന്നാക്കി മാറ്റി.
              അപ്പോഴാണ്‌ ഒരു ശനിയാഴ്ച ഗായത്രി തിരിച്ചു വരുന്നത്!
                                         ഒരു തുണിക്കെട്ടുമായി!
      അയാളും ഗോപനും ഊണ് മുറിയിൽ ഇരുന്ന് പേപ്പറും, നോവലും വായിച്ച്
കൊണ്ട് ചായിപ്പിൽ നടക്കുന്ന വർത്തമാനത്തിൽ കാതോർത്തിരുന്നു.
                   അടുക്കളയിൽ സശ്രധമായ അശ്രദ്ധയോടെ, കനകലതയും, എല്ലാം കേട്ട്
ജോലികൾ ചെയ്യുന്നുണ്ടായിരുന്നു.      
                   ഇടയ്ക്കു ഗോപൻ , പഴയ ചട്ടുകപ്രയോഗം ഓർത്തിട്ടെന്നപൊലെ,
കനകലതയെ നോക്കി ചുണ്ട് വക്രിച്ചു.
                      "നിന്റെ ചീട്ടു കീറാൻ പോകുകയാണ് എന്ന വ്യന്ഗ്യേന"
      പക്ഷെ ചായിപ്പിൽ നിന്നും, അയാളുടെ അമ്മയുടെയും അച്ചമ്മയുടെയും
ചോദ്യശരങ്ങൾ മാത്രമേ അവർക്ക് കേൾക്കാൻ കഴിഞ്ഞുള്ളു.
                       വൈകുന്നേരം ആയപ്പോൾ അവർ അപ്പുറത്തെ പറമ്പിൽ കളിക്കാൻ പോയി.
                              തിരിച്ചു വന്നപ്പോൾ അയാളുടെ അമ്മ വേവലാതി പൂണ്ട് അവരോടു പറഞ്ഞു.
                   "ഈ പെണ്ണിനെ എങ്ങിനെ എങ്കിലും പറഞ്ഞു വിട്, എനിക്ക് പേടി ആകുന്നു".
             ഗായത്രി വന്നപ്പോൾ മുതൽ, കരഞ്ഞുകൊണ്ട്‌ നിൽക്കുകയല്ലാതെ കമാ എന്നൊരു അക്ഷരം പോലും ഉരിയാടിയില്ല പോലും!
              പുതിയ ഒരാളെ നിയമിച്ചത് കൊണ്ട്, വേറെ എവിടെ എങ്കിലും ജോലി നോക്കുവാനാണ്, അയാളുടെ അമ്മയും അച്ഛമ്മയും കൂടി വന്നപ്പോൾ മുതൽ അവളോട്‌ പറഞ്ഞത്.
           തോനെ കരഞ്ഞു കൊണ്ട് നിന്നതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല!
                          അവസാനം ഒരു വാചകം പറഞ്ഞു പോലും!
                                " ഈ വീട്ടിനു മുൻപിൽ ഞാൻ തൂങ്ങി ചാകും"
                                    ഈ വാർത്ത കേട്ടപ്പോൾ ഗോപനും അയാളും ഞെട്ടി
             ചൂടുള്ള ദോശക്കല്ലിൽ, വെള്ളം ഒഴിക്കുമ്പോൾ, കേൾക്കുന്ന  എന്തോ പോലെ, അവർക്ക് അവരുടെ വയറ്റിൽ ഒരനുഭവം!
                          അമ്മയുടെ നിർദേശപ്രകാരം,  അയാൾ ഗായത്രിയെ ഒരുപാട് ഉപദേശിച്ചു നോക്കി.
                                    നിയമാനുസൃതമല്ലാത്ത ഒരു ബന്ധത്തിൽ നിന്നുണ്ടായ ജന്മത്തിന്റെ സർവ അവകാശങ്ങളും നിഷേധിക്കപ്പെട്ട്, കുടുംബത്തിൽ നിന്ന് നിഷ്ക്കരുണം പെരുവഴിയിലേക്ക്‌ വലിച്ച് എറിയപ്പെട്ട ഒരു സ്ത്രീയുടെ നിസ്സഹായതയും, കണ്ണീരുമാണ് അതെന്നു അയാൾ മനസ്സിലാക്കിയത് പിന്നീടാണ്.
                                അപ്പോഴേക്കും വൈകിയിരുന്നു!
                   "ഇവളെ പിടിച്ച്, വെളിയിലാക്കി പടിപ്പുര അടക്ക്"
                                           കൂട്ടുകുടുംബത്തിലെ കാർന്നൊത്തിയായ അച്ഛമ്മയുടെ ഉത്തരവുകൾ, അന്നേവരെ ആരും ലംഘിച്ചിട്ടില്ല!
                           " ഈ വീട്ടിനു മുൻപിൽ ഞാൻ തൂങ്ങി ചാകും"
                       എന്ന് അമ്മ പറഞ്ഞ, അവളുടെ വാചകം അയാളുടെ കാതിൽ പെരുമ്പറ മുഴക്കി!
                     അവളുടെ കൈ പിടിച്ച് വലിച്ച്, ഗായത്രിയെ അയാൾ പടിപ്പുരക്കു വെളിയിലാക്കി വാതിലുകൾ കൊട്ടി അടച്ചു.
                       സന്ധ്യ കഴിഞ്ഞ് ഏഴരയോടെ, ആരും കാണാതെ അയാൾ പടിപ്പുര തുറന്നു വെളിയിലേക്ക് നോക്കി.
                                       ആരും ഇല്ല -
              രണ്ടു ദിവസം കഴിഞ്ഞ് കൂട്ടുകാർ പറഞ്ഞാണ് അയാൾ  അറിഞ്ഞത്.
                   രാത്രി സെക്കണ്ട് ഷോ കഴിഞ്ഞു പോയ "കരിങ്കൽ ചൂളയിലെ" പത്തു പന്ത്രണ്ട് പേർ, കൂട്ട ബലാൽസംഗം ചെയ്ത്, ഗായത്രി അത്യാസന്ന നിലയിൽ
ആശുപത്രിയിൽ ആണ് എന്ന വിവരം.
                                         അയാളുടെ മനസ്സിൽ, അവളെക്കുറിച്ച് ഓർക്കുമ്പോൾ
ഉണ്ടാകാ റുണ്ടായിരുന്ന,  മധുരിക്കുന്ന നൈമിഷിക തോന്നലുകൾക്കും, അയവിറക്കിനും പൊടുന്നനെ ഒരറുതി വന്നു.
                           അന്ന് വൈകുന്നേരം ആരും അറിയാതെ, അയാൾ  താലൂക്ക് 
  ആശുപത്രിയിൽ  കിടക്കുന്ന ഗായത്രിയെ, ചങ്കിടിപ്പോടെ കാണാൻ പോയി.
                                   "ഐ.സി. യൂവിൽ ഓക്സിജന്റെയും സഹായത്തോടെ ബോധമില്ലാതെ കിടക്കുന്ന ഒരു നിർജീവ ശരീരം!"
                      ഒന്ന് രണ്ടാഴ്ചകൾ ശേഷം അയാൾ അറിയാനിടയായി -      
         ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത്, തല എല്ലാം മൊട്ടയടിച്ച  രൂപത്തിൽ, അലക്ഷ്യമായി അവൾ അവിടെയും ഇവിടെയും ചുറ്റി തിരിയുന്നു എന്ന്.
                          കൂടുതൽ സമയം അവൾ ഇരുന്നിരുന്നത് ബസ് സ്റ്റാന്റിന്റെ സമീപം ഉള്ള ഒരു ആൽത്തറയിൽ ആയിരുന്നു. അവളുടെ കണ്‍വെട്ടത്തിൽ പെടാതെ, ദൂരെ മാറി നിന്ന്, അയാൾ പലപ്രാവശ്യം അവളെ വീക്ഷിക്കുമായിരുന്നു.
              "സ്ഥിരബോധമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു ഭ്രാന്തി"
           കുറെ ദിവസങ്ങള്ക്ക് ശേഷം ഒരു ദിവസം അയാൾ ആകസ്മികമായി അവളുടെ മുന്നിൽ ചെന്ന് പെട്ടു!
                  ആൽത്തറയിൽ ഇരുന്നിരുന്ന അവൾ, കുറച്ചു നേരം സൂക്ഷിച്ചു
നോക്കിയിട്ട്, അയാളുടെ മുന്നിലേക്ക്‌ ഓടി അടുത്തു.
                      ഭ്രാന്തി ആയ അവൾക്ക്, ചിന്താ ശക്തി നഷ്ടപ്പെട്ടിരിക്കാം എന്ന് സമാധാനിച്ചിരുന്ന അയാളുടെ വയറ്റിൽ തീ ആളി!
                തൊട്ടടുത്ത്‌ വരെ വന്ന്, അയാളുടെ നേരെ വിരൽ ചൂണ്ടി, വിതുമ്പി, വിങ്ങിപ്പൊട്ടി, മുട്ടുകുത്തി തലയും കുമ്പിട്ടിരുന്നു!
                  ഭ്രാന്തിയുടെ വിക്രിയകൾ കണ്ട് രംഗം ആസ്വദിക്കുന്ന നാട്ടുകാരുടെ
കണ്ണ് വെട്ടിച്ച് അയാൾ മുങ്ങി!
                 കുറെ നാളുകൾക്കു ശേഷമാണ് അയാൾ വീണ്ടും അറിയുന്നത്,
       "പിന്നെയും ഗായത്രി കൂട്ടബലാൽസംഗത്തിനിരയായി, ആശുപത്രിയിൽ
എത്തിക്കപ്പെടുന്നതിനു മുൻപേ മരിച്ചു എന്ന വിവരം!"
                                                  മുൻസിപ്പാലിറ്റി പോണ്ടിലുള്ള വണ്ടിയിൽ, ഒരു വെള്ള ബെഡ്ഷീറ്റിൽ പൊതിഞ്ഞ്, പൊതു ശ്മശാനത്തിലേക്ക്‌ അവളെ കൊണ്ട് പോകുന്ന ആ കാഴ്ചയ്ക്ക്, പത്രപ്രവർത്തകരുടെയും, സാകൂതം വീക്ഷിക്കുന്ന പൊതുജനങ്ങളുടെയും കൂടെ അയാളും ഉണ്ടായിരുന്നു!

                              xxxx      xxxx       xxxx    xxxx     xxxx    xxxx     xxxx

                      "ദേ........ മോൻ വന്നു . ഒന്ന് കണ്ണ് തുറന്നു നോക്കിയേ..."
       ഭാര്യ അയാളുടെ ദേഹം പിടിച്ചു കുലുക്കി ഉറക്കെ പറഞ്ഞു.
                         കാനഡയിലുള്ള മൂത്ത മകനാണ്.
            പതിയെ കണ്ണ് തുറന്നു അവനെ നോക്കി അയാള് ചിരിക്കാൻ ശ്രമിച്ചു.
                        "അച്ഛൻ സ്റ്റ്രൈയിൻ ചെയ്യേണ്ട , വിശ്രമിച്ചോളൂ"
                         അയാൾ വീണ്ടും പഴയ പല്ലവി തുടങ്ങി.....
                                 "സാവി, ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ, ഗായത്രി .. "
                                                    "തുടങ്ങി പിന്നെയും, പരിചയക്കാരൻ ഡോക്ടർ ആയതു കാരണം, ബി. പിയുടെ പേരും പറഞ്ഞു, 'കൊംപോസ്' കൂടുതൽ കഴിച്ചോ എന്നാണ് എന്റെ സംശയം!"
                         ഭാര്യ പിറുപിറുത്തു.
                             അയാളുടെ മൂത്ത മകൻ ആണെങ്കിലും, പഠിത്തം കഴിഞ്ഞ് ജോലി
ആയതു മുതൽ അവർ കൂട്ടുകാരെപ്പോലെയാണ്!
                             "തന്നോളമായാൽ താനെന്ന് വിളിക്കാം!"
                              അയാൾ പിന്നെയും തുടങ്ങി.......
                  "സാവി, ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ, ഗായത്രി .. "
                             "വെറുതെ, സംസാരിക്കരുത് എന്ന് പറഞ്ഞ് അച്ഛനെ എന്തിനാ
അലോസരപ്പെടുത്തുന്നത്. അച്ഛന് തോന്നുന്നത് പറയട്ടെ. സംസാരിച്ചകൊണ്ട്,
ബി. പി കൂടി പ്രശ്നം വരുന്ന ആളല്ല എന്റെ അച്ഛൻ എന്ന്, എനിക്ക് നല്ല പോലെ അറിയാം."
            ഭാര്യയെ ഒഴിച്ച് ബാക്കി ബന്ധുക്കാരെ എല്ലാം വിളിച്ച്, മോൻ മുറിയുടെ പുറത്തേക്ക് പൊയി.
                          കഴിഞ്ഞ കൊല്ലം കാനഡയിൽ മോന്റെ കുടുംബത്തിന്റെ കൂടെ രണ്ടു മൂന്നു മാസം ചിലവിട്ടപ്പോൾ ,ഗായത്രിയുടെ കഥ അയാൾ അവനോടു പറഞ്ഞിരുന്നു !!

                        ---------------------------------------------------------------------------------

22 comments:

 1. മനസ്സില്‍ വിങ്ങലുകള്‍ സൃഷ്ടിച്ച ഒരു കഥ - കഥയാണല്ലോ, അല്ലെ? രാവിലെ തന്നെ വായിക്കേണ്ടിയിരുന്നില്ല എന്ന്‍ തോന്നി.

  ReplyDelete
  Replies
  1. it was truth with a pinch of salt and pepper -
   known to my family-
   Anyhow I feel relieved and refrained !!

   Delete
 2. കൊള്ളാം മാഷേ
  ആകെകൂടി ഒരു വിങ്ങല്‍ !

  ReplyDelete
 3. തിരിച്ചറിവില്ലാത്ത പ്രായത്തിൽ ചെയ്യുന്ന അവിവേകങ്ങൾ പ്രായമാകുമ്പോൾ വരുന്ന പ്രഷറുകൾ ആകാം ഏറ്റു പറച്ചിലിനും കുറ്റ സമ്മതങ്ങൾക്കും ഒരു മരുന്നിന്റെ ആശ്വാസം തരാൻ കഴിഞ്ഞേക്കും. ഒരു കഥ എന്നതിനപ്പുറം ജീവിതം തന്നെ ചില കഥകൾ

  ആശംസകൾ

  ReplyDelete
 4. വടക്കിനിക്കപ്പുറം ചായിപ്പ്, ഉരപ്പുര, വിറകുപുര...അതോരുക്കാലം. കഥ പലപ്പോഴും ജീവിതം പറഞ്ഞു. അനുഭവം പറഞ്ഞു.

  ReplyDelete
 5. every one has one's own tale to tell!!

  ReplyDelete
 6. അല്പം സംഭവവും കൂടെ ചേര്‍ന്ന കഥയെന്ന് വായനയില്‍ തോന്നി.
  കൊള്ളാം

  ReplyDelete
 7. ഒരു ചെറിയ തമാശക്ക് കൊടുക്കേണ്ടി വരുന്ന വില ഇരയുടെ തന്നെ ജീവിതമാണ്. പക്ഷേ, എന്നായാലും ഒരു നാൾ പലമടങ്ങായി തിരിച്ചു വരും ബൂമറാങ്ങ് പോലെ..!

  ReplyDelete
 8. പണ്ട് സമ്മർ ഓഫ് '42 എന്ന ഇംഗ്ളീഷ് സിനിമ ഇറങ്ങിയപ്പോൾ ഒരു പരസ്യം ഉണ്ടായിരുന്നു .In everyones life there is a summer of '42. അത് ഈ കഥയെ സംബന്ധിച്ചും ഏകദേശം ശരിയാണെന്നു തോന്നുന്നു.

  ReplyDelete
  Replies
  1. news to me- anyhow shall search for it to know more -

   Delete
 9. വളരെ ഹൃദയ സ്പർശിയാണ !
  ഈ തലമുറയ്ക്ക് പരിചയം ഇല്ലാത്ത സ്ഥലമാണ് വടക്കിനിയും പത്തായപ്പുരയും. വിറക് എന്താണെന്നു ചോദിക്കും.

  ReplyDelete
 10. ഒരു കഥ എന്നതിനപ്പുറം കേട്ടൊരു അനുഭവം പറഞ്ഞത് പോലെ തോന്നി പോകുന്നു.

  ReplyDelete
 11. നല്ല അഭിപ്രായത്തിനു നന്ദി

  ReplyDelete
 12. എവിടെയൊക്കെയോ അനുഭവം കഥ ചേര്‍ത്ത് പറഞ്ഞത് പോലെ തോന്നി -നല്ല അവതരണം സര്‍...

  ReplyDelete
 13. സാവി..?അവളും അയാളും തമ്മില്‍.....?എനിക്ക് പിടികിട്ടീല്ല.
  ഞാന്‍ ഒരു ടുബ്‌ ലൈറ്റ് ആണേ...

  ReplyDelete