Reminiscece Of Air Force Life

Friday, September 20, 2013

സൃഷ്ടിയും സ്ഥിതിയും

        തിരക്കിട്ട് ജോലി ചെയ്യുന്നതിനിടയിലാണ് നാട്ടില്‍ നിന്ന് അനിയന്റെ ഫോണ്‍ കാള്‍ വന്നത് -
            "ചേട്ടാ, അച്ഛന്‍ മരിച്ചു "
      ഒരു നിമിഷം സാധാരണ മരണ  വാര്‍ത്ത കേള്‍ക്കുന്നത് പോലെ, ഞാനും സമചിത്തത നഷ്ടപ്പെട്ട് നിന്നു.
               മരിച്ചത് എന്റെ അച്ഛന്‍ ആണ്. എനിക്ക് ജന്മം തന്ന ആള്‍ !
          പക്ഷെ എന്റെ കണ്ണുകള്‍ നിറഞ്ഞില്ല ! എനിക്ക് കരയാന്‍ തോന്നിയില്ല !
                   ആകെ ഒരു നിസ്സംഗത -
        'അച്ഛനെയാണെനിക്കിഷ്ടം' എന്ന  പാട്ട് കേട്ടപ്പോള്‍ പോലും, എനിക്കെന്തേ അങ്ങിനെ ചിന്തിക്കാന്‍ പറ്റിയില്ല !
         എനിക്ക് സ്വരങ്ങളെക്കാള്‍ പരിചയം അപസ്വരങ്ങളോട് ആയിരിക്കാം !
                          അച്ഛനെ കുറിച്ച് ആകെയുള്ള  ഓര്‍മ, ഒരു വിദൂര കാഴ്ച പോലെ, സ്കൂട്ടറില്‍ കയറ്റ്കയറ്റി കൊണ്ട് പോയി മിട്ടായി മേടിച്ചു തന്നു എന്ന  ഒന്ന് മാത്രം -
          മിട്ടായിയും, മധുരവുമാണ്, പിതൃ സങ്കല്‍പ്പത്തിന്റെ അധാരമെങ്കില്‍, എത്ര പേര്‍ എനിക്കിതെല്ലാം നല്‍കിയിരിക്കുന്നു -
             എനിക്ക് കൂടുതല്‍ അറിയില്ല - എന്റെ അമ്മക്ക് ഞങ്ങള്‍ രണ്ട് കുട്ടികള്‍ ഉണ്ടായി അങ്ങേരില്‍ നിന്നും -
              ആ മിട്ടായി പ്രായം കഴിഞ്ഞ് ഞാന്‍ അങ്ങേരെ കണ്ടിട്ടേ ഇല്ല -
           ഒരു ദിവസം അച്ഛനും ഒരു സ്ത്രീയും മറ്റൊരു പുരുഷനും കൂടി, വീട്ടില്‍ വന്ന ഓര്‍മയുണ്ട് - തുടര്‍ന്ന് എന്തോ വക്കാണങ്ങള്‍ അച്ഛനും അമ്മാവനുമായി നടന്നു-
                ഇതുവരെ ആരോടും കയര്‍ത്ത് വര്‍ത്തമാനം പറയാന്‍ അറിയാത്ത അമ്മാവന്‍, അച്ഛനെ പടിക്ക് വെളിയിലേക്ക് തള്ളി കൊണ്ടുപോയി വിടുന്ന
ഒരു രംഗം -
           തുടര്‍ന്ന്‍ അമ്മൂമ്മ ബോധംകെട്ട് കിടക്കുന്നു, തുടങ്ങിയ ചില വേറിട്ട ഓര്‍മ്മകള്‍ !
            പിന്നെ ഞാന്‍ അച്ഛനെ കണ്ടിട്ടില്ല -
                       ഈ ഓര്‍മശകലങ്ങള്‍ കൂട്ടിയിണക്കാന്‍ അന്ന് എനിക്ക് പ്രാപ്തി ഇല്ലായിരുന്നു -
                  ഞാന്‍ വളരുന്നതിന് അനുസരിച്ച്, ആരും എനിക്ക് വിശദീകരിച്ചു തരാത്ത ആ ഓര്‍മ്മകള്‍  എന്റെ മനസ്സിനെ മഥിച്ചിരുന്നു -
                        പലരും പലതും പറഞ്ഞു കേട്ടു -
      എന്റെ അമ്മയുടെ സ്ഥലം, അമ്മൂമ്മയുടെ ഒപ്പും സംഘടിപ്പിച്ച് പണയം
വെച്ചതിന്റെ 'ജപ്തി നോട്ടീസ്' വന്നു പോലും -
                അങ്ങേരുടെ വീട്ടില്‍ നിന്ന് ഭാഗം ആയി കിട്ടിയ സ്വത്തും അര്‍മാദിച്ചു
തീര്‍ത്തു അത്രേ -  
                                  കാരണം എന്തും ആയിരിക്കാം - എനിക്ക് ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ -
                  എന്തുകൊണ്ട് ഞങ്ങളെ കാണാന്‍ അങ്ങേര്‍ വന്നില്ല ?
                  'അങ്ങേരുടെ കൈയ്യിലിരുപ്പ്‌ ശരിയല്ല'-
       ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍, അമ്മൂമ്മയും,   അമ്മയും, ചേച്ചി അമ്മയും ഒക്കെ, എന്റെ അന്വേഷണങ്ങളില്‍ കമ്പിളി  പുതപ്പ് വിരിക്കുക ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി -
                'പെഡിഗ്രീ' ഇല്ലാത്ത ഒരു പട്ടിയെപ്പോലെ, എല്ലാ 'ഡോഗ്ഷോയിലും',
ഞാന്‍ അഭിനയിച്ചു -
                   എന്റെ മനസ്സിലെ വേദനകള്‍, എന്റെ ചിന്താഭാരം ആരെയും അറിയിക്കാതെ - എന്റെ ദുഃഖം എന്റെത് മാത്രമായി ഒതുക്കി -
                അവസാനം ഞാന്‍ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍, അമ്മാവനും ചേച്ചി അമ്മയും കൂടി എന്റെ പുനര്‍ പഠനം രൂപീകരിച്ചു -
             എന്നെക്കാള്‍ മാര്‍ക്ക് കുറഞ്ഞു കിട്ടിയ, ചേച്ചിയമ്മയുടെ മോന്, കാശ് കൊടുത്ത് എന്ജിനിയറിങ്ങും, എഴുപത് ശതമാനം മാര്‍ക്ക് കിട്ടിയ എനിക്ക് 'ഡിപ്ലോമയും' !
             പക്ഷെ കുറ്റം പറയരുതല്ലോ- ഡിപ്ലോമ കഴിഞ്ഞപ്പോള്‍ തന്നെ, അവര്‍ എന്നെ വെളിയിലേക്ക് കൂട്ടി കൊണ്ട് പോയി -
              അങ്ങിനെ കൊള്ളാവുന്ന ഒരു ജോലിയും കിട്ടി, ബന്ധു ജനങ്ങള്‍ക്ക്
തലവേദന ഇല്ലാതിരിക്കുമ്പോഴാണ്, അനിയന്റെ ഈ ഫോണ്‍ വിളി -
        "ചേട്ടാ, അച്ഛന്‍ മരിച്ചു, ഇവിടെ എല്ലാപേരും ഞാന്‍ അവിടെ പോണം എന്ന് പറയുന്നു, ഞാന്‍ എന്താ  ചെയ്യേണ്ടത് ? "
                    അവന്റെ കാര്യം എന്നേക്കാള്‍ പരിതാപകരം -
               ജനിച്ചിട്ട്‌, അച്ഛന്‍ ആരാണെന്ന് നേരില്‍ കാണാത്ത മനുഷ്യജീവി !
        ഞങ്ങള്‍ ഇതേക്കുറിച്ച് നേരിട്ട് ഒരു സംസാരം ഉണ്ടായിട്ടില്ല -
                                            എന്നാലും ഞങ്ങളുടെ പരിമിതികളില്‍ വെച്ച്, ചില പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍, അറിയാതെ " നിനക്ക് ഞാനും, എനിക്ക് നീയും, അമ്മക്ക് നമ്മളും"  എന്ന ഒരു അന്തര്‍ലീനമായ സമ്പര്‍ക്കം ഞങ്ങളില്‍ ഉണ്ടായി-                           അവന് എന്നേക്കാള്‍ ഉപരി ഒരു പകയുടെ ജ്വാല ആയിരുന്നു മനസ്സില്‍  -
                                വീട്ടുകാരും, നാട്ടുകാരും എല്ലാം അവന്‍ പോകണം എന്ന് പറഞ്ഞു.  ചില എം. ടി കഥകള്‍ വായിക്കുന്ന പോലെ, നീ  ചെയ്യേണ്ട കാര്യങ്ങളും കര്‍മങ്ങളും, നാട്ടു നടപ്പനുസരിച്ച് ചെയ്യണം, എന്ന് അവനെ നിര്‍ബന്ധിച്ചപ്പോഴാണ് എന്നെ വിളിച്ചത് -
                        എല്ലാരെക്കാള്‍ ഉപരി അവനെ മനസ്സിലാക്കാന്‍ കെല്‍പ്പുള്ള ഞാന്‍
ചോദിച്ചു -
                      "നിന്റെ അഭിപ്രായം എന്താണ് ?"
             "ഇതു വരെ ഞാന്‍ ജീവനോടെ കാണാത്ത ഒരു മുഖം ഈ അവസ്ഥയില്‍
കാണുന്നത് ഓര്‍ക്കുമ്പോള്‍, ഒരു പബ്ലിക് മോര്‍ച്ചറിയില്‍ കയറുന്ന പ്രതീതി ആണ് എനിക്ക് തോന്നുന്നത്".
          ഈ ഉത്തരം എനിക്ക് അവന്റെ വായില്‍ നിന്ന് കേള്‍ക്കണമായിരുന്നു -
                                ഒരു കാര്യം ഞാന്‍ നിശ്ചയിച്ചു -
                                   എന്ത് പോക്രിത്തരവും ചെയ്ത്, മക്കളെ സംരക്ഷിക്കാത്ത ഒരച്ഛനു, വായ്ക്കരിയിടാനും, ബലി ഇടാനും മക്കള്‍ ഉണ്ടാകും എന്ന ഈ നാട്ടു നടപ്പിന് ഒരു മാറ്റം ഉണ്ടാകണം എങ്കില്‍,  സംരക്ഷണം നല്‍കാത്ത പൈതൃകത്തെ നാലാളറിയെ ത്യജിക്കണം -
             അല്ലെങ്കില്‍ ഇത് സമൂഹത്തില്‍ ആവര്‍ത്തിക്കും- ഇത് സമൂഹത്തിന് ഒരു
പാഠം ആകട്ടെ !
             ഞാന്‍ അന്ന് അനിയന് ശക്തമായ ഒരു ഉപദേശം നല്‍കി -
                "കര്‍മം കൊണ്ട് ചെയ്തില്ല എങ്കില്‍, ജന്മം കൊണ്ട് ചെയ്തതിന് ഒരു പ്രസക്തിയും ഇല്ല"-
               എന്റെ അനിയന് എന്നെ മനസ്സിലായി എന്ന് തോന്നുന്നു -
                             "അവന്‍  പോയില്ല "

----------------------------------------------------------------------------------------------------------

12 comments:

  1. അവന്‍ പോയില്ല
    ശരിയായ തീരുമാനം

    ReplyDelete
    Replies
    1. വ്യക്തിഗത ചിന്താഗതി വിവിധം ആകാം !

      Delete
  2. അജിത്‌ ഭായ് യുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് തന്നെ അജിത്ഭായ് യുടെ ബ്ലോഗ്ഗിൽ കൊടുത്തിട്ടുള്ള ആ പ്രസിദ്ധമായ ക്യാപ്ഷൻ ഉദ്ധരിച്ചു പറയട്ടെ "മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ"..പോകാമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. അങ്ങിനെ എങ്കിലും അച്ഛൻ കൈമാറിയ ജീനിന് മാറി ചിന്തിക്കാൻ ഒരു അവസരം കൊടുക്കാമായിരുന്നു. അല്ലെങ്കിൽ അച്ഛനും മകനും തമ്മിൽ ഇവിടെ പിന്നെ എന്താ വ്യത്യാസം. കഥ അല്ലെ ഒന്നിൽ കൂടുതൽ ക്ലൈമാക്സ്‌ ആകാമോ?

    ReplyDelete
  3. സന്ദര്‍ശനത്തിനു നന്ദി !
    ഒറ്റപ്പെടലിന്റെ തീഷ്ണത അനുഭവിച്ചവന്,
    വൈകാരികമായി അല്ലേ പ്രതികരിക്കാന്‍
    പറ്റുകയുള്ളു - അതല്ലേ സാധാരണം !

    ReplyDelete
  4. ഇനിക്കൊരു വല്ലാത്ത ചിന്ത കൊണ്ടുതന്നു ഈ വായന.

    ReplyDelete
  5. എന്റെ ഉദ്യമം പാഴായില്ല !

    ReplyDelete
  6. പെഡിഗ്രീ' ഇല്ലാത്ത ഒരു പട്ടിയെപ്പോലെയുള്ള ജീവിതം ..അനുഭവിചെന്കിലെ അതിന്റെ തീക്ഷ്ണത മനസ്സിലാവുള്ളൂ

    ReplyDelete
  7. "പറഞ്ഞില്ലെങ്കിൽ വാപ്പ പട്ടിയിറച്ചി തിന്നും, പറഞ്ഞാൽ ഉമ്മാക്ക് തല്ലുകൊള്ളും", ഈ വിഷയത്തിൽ സ്വന്തം തീരുമാനം ഉത്തമം

    ReplyDelete
  8. "കര്‍മം കൊണ്ട് ചെയ്തില്ല എങ്കില്‍, ജന്മം കൊണ്ട് ചെയ്തതിന് ഒരു പ്രസക്തിയും ഇല്ല"
    .......ഒരു നല്ല തീരുമാനം....

    ReplyDelete