Reminiscece Of Air Force Life

Thursday, September 12, 2013

സാബ്കോ ജല്‍ദീ ദേന

                 
                                 
                       എന്റെ ബ്ലോഗിന്റെ ആമുഖത്തില്‍, എന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഒന്നാം ഇന്നിങ്ങ്സ്, പതിനഞ്ചു കൊല്ലം എയര്‍ ഫോഴ്സിലായിരുന്നു എന്ന് ഞാന്‍ എഴുതിയിരുന്നല്ലോ. ഈ പ്രമേയം, ആ കാലഘട്ടത്തില്‍ നടന്ന ഒരു അനുഭവത്തില്‍ നിന്നാണ് അങ്കുരിച്ചത്.
                         എന്റെ കല്യാണത്തിന് ശേഷം, ഭാര്യയുമൊത്ത്, ആദ്യമായി ഒരുമിച്ചു താമസിച്ചത്, ഹരിയാനയിലുള്ള അംബാലയിലാണ്.
                               എയര്‍ ഫോഴ്സ് ഔദ്യോഗിക താമസ സൗകര്യം കിട്ടാന്‍
അര്‍ഹതയില്ലാതിരുന്ന എനിക്ക്, വെളിയില്‍ 'ഒരുമുറി-കിച്ചന്‍' എന്ന സംവിധാനത്തിലെ, കഴിയുമായിരുന്നുള്ളൂ.
                          'സ്വയം കൃതാനാര്‍ത്ഥമാണ്'
                 കാരണം, ഔദ്യോഗികമായ അര്‍ഹത കിട്ടണമെങ്കില്‍, വയസ്സ് ഇരുപത്തഞ്ചു കഴിയണം!  
                എന്റെ ജേഷ്ഠന്‍ പോലും വിവാഹിതനാകാത്ത ആ ഘട്ടത്തില്‍,
ഏഴു കൊല്ലത്തെ എയര്‍ ഫോഴ്സ് ജീവിതത്തിന്റെ അനുഭവ സമ്പത്തും
ഏറി, ഇരുപത്തി നാല് കഴിഞ്ഞു, അവധിക്കു വീട്ടില്‍ ചെന്ന ഞാന്‍,
അമ്മയോട് പറഞ്ഞു.
                           "എനിക്ക് കല്ല്യാണം കഴിക്കണം" !
                     മുപ്പതു വയസ്സിനു മുന്‍പ്, എന്റെ കുടുംബത്ത്, ആണുങ്ങള്‍
ആരും കല്ല്യാണം കഴിച്ച ചരിത്രമില്ല.  
             "ഏതായാലും കല്ല്യാണം കഴിക്കണം, അങ്ങിനെ എങ്കില്‍, നാല്പത്തഞ്ചാം വയസ്സില്‍, നരച്ച മുടി ഡൈ ചെയ്തു, കൊച്ചിനെ എല്‍..കെ. ജിയില്‍  ചേര്‍ക്കേണ്ട അവസ്ഥ ഉണ്ടാക്കുന്നത്, ബുദ്ധിഹീനവും, അപ്രായോഗികവും ആണ് എന്നതായിരുന്നു", എന്റെ ആര്‍ഗ്ഗുമെന്റ്റ്.
                                              എന്തും, വിചാരിച്ച പോലെ തന്നെ ഞാന്‍ ചെയ്യും എന്നറിയാവുന്ന  വീട്ടുകാര്‍ "ശരി അങ്ങിനെ തന്നെ ആകട്ടെ" എന്ന പ്രമേയം കുടുംബ യോഗത്തില്‍ പാസ്സാക്കി.
                                  ഞാന്‍ എന്തെങ്കിലും തോന്നിയവാസം ചെയ്തേക്കുമോ
എന്ന പേടി ആയിരിക്കാം, എന്റെ അമ്മയെ മുന്‍കൈ എടുക്കാന്‍ പ്രേരിപ്പിച്ചത്.
                                    അവധി കഴിഞ്ഞു തിരിച്ചു പോകാന്‍ ബാക്കി ഉള്ള പതിനേഴു ദിവസത്തിനുള്ളില്‍, കല്ല്യാണം ഉറപ്പിക്കാനുള്ള സംരംഭം തകൃതിയായി നടന്നു. ബന്ധുക്കാരില്‍ കൂടി കേട്ട് അറിവുള്ള ഒരു ആലോചന ഏതാണ്ട് ശരിയായി . അതിനെ കുറിച്ച് അന്വേഷിച്ചു പറഞ്ഞ  ഒരു കാര്‍ന്നോരോട്‌, ജിജ്ഞാസ കൊണ്ട് ഞാന്‍  ചോദിച്ചു.
                   "പെണ്ണും വീട്ടുകാരും എങ്ങിനെയുണ്ട്?"
         മുഖം അടച്ചു ഒരു അടി തന്ന പോലെ കാര്‍ന്നോര്‍ പറഞ്ഞു
                        "നിന്നെക്കാള്‍ യോഗ്യരാണ്‌"
                         പണ്ട് ആ കാര്‍ന്നോരോട്‌ ഒരു കൊസ്രാക്കൊള്ളി വര്‍ത്തമാനം
പറഞ്ഞതിന്റെ, മറുപടി തന്നതായിരുന്നു.
പുതുതായി ജോലി കിട്ടി, അങ്ങേരെ കണ്ടു അനുഗ്രഹം മേടിക്കാന്‍ ചെല്ലുന്നവരോടു, കാര്‍ന്നോരുടെ ഒരു സ്ഥിരം ചോദ്യം ഉണ്ടായിരുന്നു.
                  "നിനക്ക് എത്ര രൂപ ശമ്പളം കിട്ടും - ഇപ്പോള്‍ പോസ്റ്റേല്‍ കയറുന്നവന് പോലും  പതിനായിരത്തിനടുത്തുണ്ട്"
                 ജോലി കിട്ടി, ആദ്യമായി  കാണാന്‍ ചെന്ന എന്നോടും കാര്‍ന്നോര്‍  ആ ചോദ്യം ചോദിച്ചു.
                   "പോസ്റ്റേല്‍ കയറുന്നവന് കിട്ടുന്നതിനേക്കാള്‍, ഇമ്മിണി കൂടുതല്‍ കിട്ടും"
                      എന്റെ ഉത്തരം പുള്ളിക്ക് പിടിച്ചില്ല. എന്നെ ഒന്ന് അടിമുടി
 നോക്കിയിട്ട് കാര്‍ന്നോര്‍ പറഞ്ഞു  " അച്ഛന്റെ ജനുസ്സാണ് നിനക്ക്"  
               ഒന്നുമില്ലെങ്കിലും തന്തക്കു പിറന്നതാണ് എന്ന് അങ്ങേരു പറഞ്ഞതില്‍ ഞാന്‍ ചാരിതാര്‍ത്ഥനായി.                                                    
     കാര്‍ന്നോരുടെ ആ പഴയ ദേഷ്യമാണ്,  പ്രതിശ്രുത വധുവിനെ കുറിച്ചുള്ള എന്റെ ചോദ്യത്തിന് മറുപടി ആയി തന്നത്.
               എന്തായാലും വിവാഹ കഴിഞ്ഞു, കുറച്ചു നാളത്തെ വേര്‍പാടിന്
ശേഷം, ഞങ്ങള്‍ അംബാലയിലുള്ള, ഗോവിന്ദ്നഗറില്‍ താമസമായി.
                                   അംബാല അന്ന്, അറിയപ്പെടുന്ന ഒരു എയര്‍ ഫോഴ്സ്
ഫൈറ്റര്‍ സ്ക്വാഡറന്‍ ബേസായിരിന്നു. പണ്ടുണ്ടായിരുന്ന സുഖോയി -7
എന്ന വിമാനത്തിന്റെ. ഇപ്പോള്‍ ആ വിമാനം കാലഹരണപ്പെട്ടു.
       എയര്‍ ഫോഴ്സ് ഫൈറ്റര്‍ സ്ക്വാഡറന്‍, എയര്‍ റേഞ്ച് പ്രാക്ടീസിനായി,
അല്ലെങ്കില്‍, 'ഗണ്ണറി' മീറ്റിനായി, അതിനു സംവിധാനമുള്ള യൂണിറ്റിലേക്കു
പോകേണ്ടി വരും. ഈ ബ്രഹത്തായ തയ്യാറെടുപ്പും യാത്രയും ഒക്കെ, ലക്ഷ്യ സ്ഥാനത്ത് എത്തി, അടുത്ത ദിവസം 'എക്സര്‍സൈസ്' കാന്‍സല്‍ ചെയ്തു എന്നുള്ള അറിയപ്പോടെ, മടങ്ങി വരേണ്ടതായും വരും. ഇതെല്ലാം, ശരിക്കും ഒരു യുദ്ധം വന്നാല്‍ വ്യോമസേനയുടെ പ്രതിരോധ ശക്തിയും, ആക്രമണ ശക്തിയും  പരീക്ഷിക്കുന്നതിനായുള്ള പല തരം 'എക്സര്‍സൈസ്'  ആണ്.
                              അങ്ങിനെ ഒരു നാള്‍ അംബാലയില്‍  നിന്നും ഞങ്ങളുടെ
സ്ക്വാഡറന്‍, പഞ്ചാബിലുള്ള ബട്ടിണ്ട യൂണിറ്റിലേക്ക് ടെംപററി ഡ്യൂട്ടിയില്‍
പോയ ഒരവസരം.
                       പുതുതായി കല്ല്യാണം കഴിഞ്ഞു വന്ന ഞാനും ആ മിഷന്റെ
ഭാഗമായി നിയോഗിക്കപ്പെട്ടു. ബട്ടിണ്ട എന്ന് പറഞ്ഞാല്‍, പഞ്ചാബിലെ
ഒരു കുഗ്രാമമായിരുന്നു അന്ന്. ഒരു വലിയ വള നിര്‍മാണ ഫാക്ടറി ഉണ്ട് എന്നതല്ലാതെ ഒന്നുമില്ലാത്ത സ്ഥലം.
                   ഞങ്ങള്‍ ചെന്ന സ്ഥലവും, പുറപ്പെട്ട സ്ഥലവുമായി നിരന്തരം ബന്ധമുണ്ടായിരിന്നു. ബട്ടിണ്ടയിലെ കോംബാറ്റ് റെഡിനെസ്സിനുള്ള
പോരായ്മയും, ചോപ്പര്‍ (ഹെലികൊപ്ട്ടര്‍))) 0 അയച്ചു സ്വന്തം യൂണിറ്റില്‍
നിന്ന് കൊണ്ട് വരുമായിരുന്നു.)
                             കൂടാതെ ആഴ്ച അവസാനം,  കുടുംബമായി കഴിയുന്ന  പൈലറ്റുമാരും, എന്തെങ്കിലും ഔദ്യോഗിക കാരണങ്ങള്‍ ഉണ്ടാക്കി  ഈ
ബട്ടിണ്ട - അംബാല 'ചോപ്പര്‍ ഷട്ടില്‍' നില നിറുത്തിയിരുന്നു.
                                   അങ്ങിനെയുള്ള അംബാല ചോപ്പര്‍ സന്ദര്‍ശനങ്ങളില്‍,
 ഫാമിലിയുള്ള ഞങ്ങളില്‍ ചിലരും സൗകര്യം കിട്ടിയാല്‍ വലിഞ്ഞു കേറും.
            രാജ്യത്തെ സേവിക്കുന്നതിനോടോപ്പം കുടുംബ സേവനവും
               " ചാരിറ്റി ബിഗിന്‍സ്‌ അറ്റ് ഹോം" എന്നല്ലേ പഴമൊഴി.
                              അങ്ങിനെ ഇരിക്കെ അപ്രതീക്ഷിതമായി  ഒരു ദിവസം
കാലത്ത് എനിക്കും ഒരു ചാന്‍സ് കിട്ടി. അംബാലക്ക് പോകാനും,  കുടുംബവുമായി കുറച്ചു മണിക്കൂറുകള്‍ ചിലവഴിക്കാനും .
                         കിട്ടിയ അവസരം  പാഴക്കാതെ ഞാന്‍ ചോപ്പറില്‍ ചാടി
കയറി. അംബാലയില്‍ ഇറങ്ങിയപ്പോള്‍ പൈലറ്റ് പറഞ്ഞു -
                            "ഉച്ചക്ക് മൂന്നു മണിക്ക് നമ്മള്‍ മടങ്ങും"
            ബട്ടിണ്ടയിലേക്ക് പോയപ്പോള്‍, ഞാന്‍ എന്റെ സ്കൂട്ടര്‍,
'വിമാന ഹാങ്ങറിന്റെ' സൈഡില്‍ ലോക്ക് ചെയ്തു വച്ചാണ് പോയത്.
                  ചോപ്പറില്‍ നിന്നിറങ്ങിയ ഞാന്‍, സമയം കളയാതെ ഓടിച്ചെന്നു
സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കാന്‍ നോക്കി. ആ പണ്ടാരം കുറെ തൊഴികള്‍ക്ക് ശേഷം
വഴങ്ങി. ക്യാമ്പില്‍ നിന്ന് വെളിയിലേക്ക് ഇറങ്ങിയപ്പോഴാണ്, എനിക്ക് ഒരു വെളിപാടുണ്ടായത്.
                     "രണ്ടു മൂന്ന് കൊല്ലത്തേക്ക്, നമുക്ക് കുട്ടികള്‍ വേണ്ട" എന്ന്
ഭാര്യയോടു പറഞ്ഞ മുന്നറിയിപ്പിനെക്കുറിച്ച്.വീട്ടിലെ കുടുംബാസൂത്രണ
ഉപാധികളുടെ സ്റ്റാറ്റസ് എന്താണെന്ന് എനിക്ക് ഓര്‍മയും ഇല്ല.
                         എടുത്തുചാട്ടം കൊണ്ട് അക്കിടി പറ്റരുതല്ലോ. സ്കൂട്ടര്‍ അംബാലയിലെ ഏക ഷോപ്പിംഗ്‌ സെന്റര്‍ ആയ സദര്‍ ബസാറിലേക്ക് വിട്ടു.
                       ആദ്യം കണ്ട ഒരു മെഡിക്കല്‍ ഷോപ്പില്‍ പോയി 'കൊണ്ടോം'
മേടിക്കുക എന്നതാണ് ഉദ്ദേശം.
                            ഈ പ്രക്രിയ, അന്നത്തെ കാലത്ത് വളരെ ദുരിതം പിടിച്ച
ഒരു പണി ആയിരുന്നു. ഇന്നത്തെ പോലെ എവിടെ നിന്നും സുലഭമായി
ലഭിക്കാനുള്ള സൌകര്യവും ഇല്ല. കടയില്‍ പോയി ചോദിക്കാനുള്ള മടി.
ആവശ്യം പറയുമ്പോള്‍ മെഡിക്കല്‍ ഷോപ്പില്‍ നില്‍ക്കുന്നവരുടെ ഒരു വല്ലാത്ത നോട്ടം.
                 ഒരു മാനഭംഗ കേസിലെ പ്രതിയെ കാണുന്ന പോലെയോ, സ്വന്തം ഭാര്യയെ പീഡിപ്പിക്കുന്ന, ക്രൂരനായ ഭര്‍ത്താവിനെ കാണുമ്പോഴോ ആളുകള്‍ നോക്കുന്ന തരത്തിലുള്ള നോട്ടം.
                    പിന്നീടാണ്, സഞ്ജയ്‌ ഗാന്ധിയുടെ ഇംഗിത പ്രകാരം ഹരിയാനയില്‍, വി. സി. ശുക്ലയുടെ 'നഷബന്ധി' ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചതും, അനന്തരം പട്ടാളക്കാര്‍ പോലും യൂണിഫോമിലെ വെളിയില്‍ പോകാവൂ എന്ന സര്‍ക്കുലര്‍ ഇറങ്ങിയതും.
                       യൂണിഫോമില്‍ വെളിയില്‍ പോകാഞ്ഞതിനാല്‍, അവിടത്തെ പതിനായിരങ്ങള്‍ക്കിടയില്‍ ചില പട്ടാളക്കാരും ഉള്‍പ്പെട്ടുപോയിഎന്നതാകാം കാരണം.
                ഞാന്‍ എന്തായാലും സദര്‍ ബസാറിലേക്ക് സ്കൂടര്‍ വിട്ടു. ഞാന്‍
അതിവേഗത്തിലാണ് പോകുന്നത് എങ്കിലും, കടന്നു പോകുന്ന പട്ടാളക്കാരും അല്ലാത്തവരും എന്നെ ശ്രദ്ധിക്കുന്നത് പോലെ തോന്നി.
                        അപ്പോഴാണ്‌ ഒരു കാര്യം ശ്രദ്ധിച്ചത്. അംബാലയില്‍ വിന്റര്‍ യൂണിഫോം മാറി, സമ്മര്‍ യൂണിഫോം നിലവില്‍ വന്നിട്ട് ഒന്ന് രണ്ടാഴ്ച ആയി. ബട്ടിണ്ടയില്‍ തണുപ്പ് കൂടുതല്‍ ആയതിനാല്‍, അപ്പോഴും അവിടെ വിന്റര്‍   യൂണിഫോം ആയിരുന്നു. പഴയ എയര്‍ ഫോഴ്സ് വിന്റര്‍ യൂണിഫോം എന്ന് പറഞ്ഞാല്‍, ഷര്‍ട്ടും, ടൈയും, അതിനു മേലെ കമ്പിളി പോലത്തെ ഒരുതരം തുണി കൊണ്ടുള്ള  കോട്ടും  ആയിരുന്നു. സമ്മര്‍ ഡ്രസ്സ് എന്ന് പറഞ്ഞാല്‍ കാക്കി തുണി കൊണ്ടുള്ള ഷര്‍ട്ടും പാന്റ്സും , വെബ്ബിംഗ് ബെല്‍ട്ടും ആയിരുന്നു .
                                                ചുരുക്കത്തില്‍ ജനങ്ങളുടെ സാധാരണ വസ്ത്ര
ധാരണത്തിനും,കാക്കികള്‍ക്കും ഇടയില്‍ കൂടി, കറുത്ത കൊട്ടും ഇട്ടു
കൊണ്ടുള്ള യാത്ര, തുറന്ന്‍ വച്ച പഞ്ചാര ചാക്കില്‍ കൂടി ഓടുന്ന ഒരു
കറുത്ത ഉറുമ്പിനെ അനുസ്മരിപ്പിക്കാന്‍ ഉതകുന്നതായിരുന്നു.
                     സദര്‍ ബസാറില്‍ ആദ്യം കണ്ട മെഡിക്കല്‍ ഷോപ്പില്‍ കയറി.
സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ നില്‍ക്കുന്നതെല്ലാം പെണ്‍കുട്ടികള്‍.
കാഷ് കൌണ്ടറില്‍ ഇരുന്ന ആളോട്, ഞാന്‍ എന്റെ ആവശ്യം ഉന്നയിച്ചു.
ഇന്നായിരുന്നെങ്കില്‍, ഏതു  ബ്രാന്‍ഡ്, ഏതു ടൈപ് തുടങ്ങിയ  കുറെ  മറുചോദ്യങ്ങള്‍ ഉണ്ടായേനെ.
    പക്ഷെ അന്ന് കടയുടെ ഉടമയോട് ഒന്നും തന്നെ പറയേണ്ടി വന്നില്ല. അങ്ങിനെ ആ അരോചകമായ അവസ്ഥയില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു.
                      കൌണ്ടറില്‍ നിന്ന ആള്‍ അപ്പുറത്ത് നില്‍ക്കുന്ന പെണ്ണിനോടു പറഞ്ഞു,
                        "സാബ്കോ ഏക്‌ പാക്കറ്റ് 'കൊണ്ടോം'  ദേതോ"
             അയാളുടെ ആ സംഭാഷണത്തില്‍ തന്നെ, എനിക്ക് എന്റെ എല്ല് വരെ ഉരുകുന്നത് പോലെ തോന്നി.
                  അയ്യപ്പാസിന്റെ പരസ്യം പോലെ, പുറത്തു നിന്ന് നോക്കിയാല്‍ ചെറുത്‌ ആണെങ്കിലും അകത്തേക്ക് ഒരുപാടു സ്ഥലമുള്ള കട ആയതു കാരണം, ആ പെണ്ണ് അവരുടെ അപ്പുറത്ത് നിന്നിരുന്ന പെണ്ണിനോടു ആ നിര്‍ദേശം കൈമാറി. ഞാന്‍ നോക്കിയപ്പോള്‍ ഒരു ചെയിന്‍ ഇഫെക്ട്‌!!
                                        പണ്ട് എന്റെ ജേഷ്ടന്‍, അമേരിക്കയിലെ പഠിത്തം
പൂര്‍ത്തിയാക്കി മടങ്ങി വന്നപ്പോള്‍, ഒരു കുടുംബ സദസ്സില്‍ ഉറക്കെ
അഭിപ്രായപ്പെട്ടതോര്‍ത്തു.
                                  "ഈ നാട്ടില്‍ ജനപ്പെരുപ്പം എങ്ങിനെ കൂടാതിരിക്കില്ല?
ഒരു കടയില്‍ പോയി, മറ്റു സാധനങ്ങള്‍ മേടിക്കുന്നതുപോലെ, ഒരു പാക്കറ്റ് 'കൊണ്ടോം' തരു എന്ന് പറയാനുള്ള ഇവിടത്തെ ചെറുപ്പക്കാര്‍ അടങ്ങുന്ന, സമൂഹത്തിന്റെ മടി മാറണം"
                       അത് പോട്ടെ, ഞാനപ്പോഴും "തീപ്പെട്ടി ഉണ്ടോ സഖാവേ
ഒരു ബീഡി എടുക്കാന്‍" എന്നപോലുള്ള ഒരു കോഡ്‌  സന്ദേശം കടക്കാരന്
കൊടുത്ത്, പൊതി കാത്തു നില്‍ക്കുന്ന അവസ്ഥയില്‍ ആയിരുന്നു.
                                    സഹികെട്ട ഞാന്‍, ആ കൌണ്ടറില്‍ നില്‍ക്കുന്ന ആളോട്, ശബ്ദം താഴ്ത്തി ഒന്നുകൂടി പറഞ്ഞു.
                           "ധോടാ ജല്‍ദി ദേതോ യാര്‍"
                           അയാള്‍ ആ മെസ്സേജും, അമ്പലത്തിലെ വെടി വഴുപാടു, വിളിച്ചു പറയുന്ന പോലെ, ഓരോരുത്തരില്‍ കൂടി, അങ്ങേ തലക്കലേക്ക് അറിയിച്ചു.
              "സാബ്കോ ഏക്‌ പാക്കറ്റ് 'കൊണ്ടോം, ജല്‍ദി ദേന"
 ആ കടയില്‍ ഉണ്ടായിരുന്ന എല്ലാപേരും, കാലത്ത് പതിനൊന്നു മണിക്ക്,  എയര്‍ ഫോഴ്സ് വിന്റര്‍ യൂണിഫോമില്‍, വിയര്‍ത്തു നില്‍ക്കുന്ന എന്നെ
തുറിച്ചു നോക്കി!!

അടിക്കുറിപ്പ്

                                    ബട്ടിണ്ടയില്‍ ഡ്യൂട്ടിയില്‍ പോയി, എന്നെ പോലെ അമ്ബാലയിലേക്ക്  "ഫര്‍ലോ" (അനുവാദത്തോടെ ഉള്ള അനൌദ്യോഗിക ലീവ്) പോയ, പത്തു പന്ത്രണ്ടു മലയാളി ഫാമിലിക്ക്‌, ഏഴു മാസം കഴിഞ്ഞു, ദല്‍ഹി -തിരുവനന്തപുരം ജയന്തി ജനതയില്‍ ടിക്കറ്റ് ബുക്ക്‌ ചെയ്യണ്ടി വന്നു -

                                           " പ്രസവത്തിനായി !!!"
----------------------------------------------------------------------------------------------------
   

15 comments:

 1. ജീവിതകഥ..ഓര്‍ത്തോര്‍ത്തു പഴയ കാര്യങ്ങള്‍ എഴുതിക്കൂട്ടുക യാണല്ലേ. :)എല്ലാവരുടെ മനോഭാവവും കടക്കാരെ പോലെ ആവണം അപോ നാട് നന്നാവും ല്ലേ ?

  ReplyDelete
  Replies
  1. പുല്ലു തിന്നു കിടന്നു
   വിശ്രമിക്കുന്ന പശു അയവിറക്കുന്നത് പോലെ !

   Delete
 2. ഹാവൂ...
  അപ്പോ ജയന്തിജനതയില്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിവന്നില്ല!!

  ReplyDelete
 3. കുറച്ചു വെയില് കൊണ്ടെങ്കിലും ,

  ബുക്ക് ചെയ്യേണ്ടിവന്നില്ല!!

  ReplyDelete
 4. കൊള്ളാം :) പിന്നെ ആ‍ കാർന്നോരുടെ മറുപടി പ്രതികാരം കലക്കി..

  OT : ( പൂല്ലു തിന്നുന്ന പൂച്ചയെ എവിടെ നിന്ന് കിട്ടി ?

  ReplyDelete
 5. നന്ദി -
  അതൊരു നാടന്‍ പ്രയോഗമാണ് -

  ReplyDelete
 6. കഥ വായിച്ചപ്പോൾ പണ്ടു ലോകമഹായുദ്ധ കാലത്ത് നടന്ന ഒരു സംഭവം ഓർത്തു.ഒരു സായിപ്പ് ഇതുപോലെ ഓഫീസർ അറിയാതെ കൽക്കത്തയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് ഫർലോ പോയി.പുള്ളിക്കു ഫാർമസിയിൽ പോവാൻ പോയിട്ടു അതിനെപറ്റി ആലോചിക്കാൻ പോലും സമയം കിട്ടിയില്ല.ഒമ്പതു മാസം കഴിഞ്ഞപ്പോൾ കമാന്റിംഗ് ഓഫീസർ വിളിപ്പിച്ചു , എന്നിട്ട് ഇങ്ങനെ മൊഴിഞ്ഞു.
  Boy ! I have good news and bad news for you. Good news is that I have just received a telegram saying that your wife delivered a baby boy.
  And the bad one is that everyone in the station including me know that you have not been to England for the last two years

  ReplyDelete
 7. thank you for the comment -
  it was a nice one !

  ReplyDelete
 8. ഹ.. ഹ.. ഹ ..കൊച്ച്ചിക്കാരനല്ലേ പെട്ടെന്ന് തോറ്റു പിന്മാറില്ല്യ !!

  ReplyDelete