Reminiscece Of Air Force Life

Thursday, January 24, 2013

'പങ്കാ നായരും പാരാ ജംബിങ്ങും'!

                            

                      എയര്‍ ഫോഴ്സ് സ്ക്വാഡ്രെനില്‍,  ഡി.എസ്. എസ് ലെ  (ഡെയിലി സര്‍വീസിംഗ് സെക്ഷന്‍)) )- ) പ്രഭാത കര്‍മം, വിമാനങ്ങള്‍, പറക്കാന്‍ തയ്യാറാക്കുക എന്നതാണ്.
              റെഡിയായി എല്ലാരും ഒപ്പിട്ടുകഴിഞ്ഞാല്‍, പിന്നെ പൈലറ്റുകള്‍ 
അവരുടെ ബ്രീഫിങ്ങു പ്രകാരം വരുന്നത് വരെ, പ്രത്യേകിച്ച് ജോലി ഒന്നും ഇല്ല.
അത് ചിലപ്പോള്‍ ഉടനെ ആയിരിക്കാം, ചിലപ്പോള്‍ രണ്ടു മൂന്നു മണിക്കൂര്‍
കഴിഞ്ഞായിരിക്കാം. അത് വരെ വിമാനങ്ങള്‍  തയ്യാര്‍ ആക്കിയ 'ക്രൂസ്' എല്ലാം വിമാനങ്ങള്‍ക്കരികെ, സമയം ചിലവഴിക്കും - ആ സമയമത്രയും, വിമാനത്തിന്റെ ചുവട്ടിലും, ടാര്‍മക്കിലും ഒത്തു കൂടി ഇരുന്ന് 'കുഴിക്കും'- 
           'കുഴിക്കും' എന്ന് എഴുതിയത് അക്ഷര പിശകല്ല- അങ്ങിനെ കഥകള്‍ പറഞ്ഞ് സമയം പോക്കുന്നതിനെ, ഏതോ ഒരു 'എയര്‍ ഫോഴ്സ് മലയാളി പിതാമഹന്‍' ഇറക്കിയ ഒരു '  മലയാള  പ്രയോഗമാണ്'- അത് .
ഈ പ്രയോഗം എങ്ങിനെ വന്നു,  എന്ന് മുതല്‍ വന്നു, എന്ന് ആര്‍ക്കും അറിയുകയില്ല! 
        അത് പോലെ പൈലെട്ടുകള്‍ വന്ന്, വിമാനങ്ങള്‍, സീ ഓഫ് ചെയ്തു പിന്നീടുള്ള ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒന്നര മണിക്കൂറും, അവ തിരിച്ച് ലാന്‍റ്  ചെയ്ത് എത്തുന്നവരെ, ഇത് തന്നെ പരിപാടി- 'കുഴിക്കല്‍'!      
               അങ്ങിനെ ഒരു ദിവസം 'കുഴിച്ചുകൊണ്ട്' ഇരിക്കുമ്പോള്‍ ആണ്,
    കാഫറ്റിരിയയില്‍ നിന്ന് ഇറങ്ങി വന്ന, എല്‍ . എ . സി  (ലീഡിംഗ് എയര്‍ ക്രാഫ്റ്റ്സുമെന്‍)))) ബഷീര്‍  പറഞ്ഞത് - 
                      'പങ്കാ നായര്‍, പി. ടി. എസ്സില്‍  {പാരാ ട്രൂപ്പെഴ്സ് ട്രെയിനിംഗ് സ്കൂള്‍) )))])} നിന്ന്,  ട്രെയിനിങ്ങ് കഴിഞ്ഞ് മടങ്ങി വന്നു' എന്ന് 
           പിന്നെ അന്നത്തെ 'കുഴിക്കല്‍' പങ്കായെ കുറിച്ചായി!  
       (പങ്കാ നായരെക്കുറിച്ച്‌ ' കോര്‍ പ്പൊറല്‍..-- .  'പങ്കാ നായര്‍'എന്നഎന്റെ ബ്ലോഗ്ഗില്‍ പ്രതിപാദിച്ചിരുന്നു, അതും കൂടി വായിച്ചാല്‍ ആളെ ശരിക്കും മനസ്സിലാകും. )
                        പട്ടാളത്തില്‍ ആര്‍മി, നേവി എയര്‍ ഫോഴ്സ് എന്നീ മൂന്നു വിഭാഗങ്ങളിലും, 'പാരട്രൂപ്പെഴ്സിനെ' സുസജ്ജമാക്കിയിട്ടുണ്ട്.
                        'ബിന്‍ ലാദനെ' വകവരുത്താന്‍ പോയ 'സീല്‍' എന്ന അമേരിക്കന്‍ നേവിയുടെ, കമാന്‍ഡോ വിഭാഗത്തിന്റെ ചെയ്തികള്‍, നമ്മുടെ ഇന്നലെകള്‍ ആണല്ലോ-
                 അതുപോലെ ഇന്ത്യയിലെ പട്ടാള വിഭാഗങ്ങളിലും, അവരവരുടേതായ 'പാരട്രൂപ്പേഴ്സ്' ഉണ്ട്.
                    അത് വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാന്‍ സുസജ്ജമാക്കി നിറുത്തിയിട്ടുള്ള ഒരു സംവിധാനം ആയിരിക്കാം.
             മേല്‍പ്പറഞ്ഞ പോലെ 'കമാണ്ടോകളായി', ശത്രു രാജ്യത്ത് ആകാശത്ത് കൂടി ചെന്നിറങ്ങി, ദൌത്യങ്ങള്‍ പൂര്‍ത്തീകരിച്ചു, മടങ്ങി വരേണ്ട യുദ്ധ തന്ത്രങ്ങല്‍ക്കാകാം-
          യുദ്ധഭൂമിയില്‍ വെടിയേറ്റ്‌ കിടക്കുന്ന പട്ടാളക്കാരെ, ഉടനടി അടുത്തുള്ള 
മിലിട്ടറി ആശുപത്രികളില്‍ എത്തിക്കേണ്ട സേവനങ്ങള്‍ക്ക്  വേണ്ടി ആകാം.-
           സാധാരണ ഇതിനായി തിരഞ്ഞ് എടുക്കപ്പെടുന്നവര്‍, നല്ല പൊക്കവും ആകാരവും ഉള്ള ആളുകള്‍  ആയിരിക്കും.    
                 ജി.ടി. ഐ {ഗ്രൌണ്ട് ട്രെയിനിംഗ് ഇന്‍സ്റ്ട്രക്ടര്‍))} , മെഡിക്കല്‍ അസ്സിസ്സ്റ്റന്റ് , ഡോക്ടേഴ്സ്,  മുതലായവരെയാണ് മുഖ്യമായി ഈ വിഭാഗത്തിന് ആവശ്യം. ചിലപ്പോള്‍ സാഹസികതയില്‍  താല്‍പ്പര്യമുള്ള
മറ്റു ട്രേഡില്‍ നിന്നും മുന്നോട്ടു വരുന്നവരെയും എടുക്കാറുണ്ട്.
         പങ്കക്ക് 'പാരട്രൂപ്പേ ഴ്സു ട്രെയിനിംഗ് സ്കൂളില്‍' (പി.ടി എസ്) റിപ്പോര്‍ട്ട് ചെയ്യുവാനുള്ള ഓര്‍ഡര്‍ കിട്ടി, എന്ന് കേട്ടപ്പോള്‍ മാത്രമാണ്, അയാള്‍ ഇതിനു അപേക്ഷിച്ചിരുന്നു എന്ന വിവരം  തന്നെ  ഞങ്ങളെല്ലാം അറിഞ്ഞത്.  
      അന്നത്തെ അത്താഴപ്പൂജ, പങ്കാ പോകുന്നത് പ്രമാണിച്ചായിരുന്നു  ! 
                      സംസാരത്തിനിടെ, പങ്ക തുറന്നു സമ്മതിച്ചു. 
                  'സാഹസികതയോടുള്ള കമ്പം കൊണ്ടൊന്നും അല്ല, ഈ കുരിശു എടുത്ത് തലയില്‍ വെച്ചത്  - ട്രെയിനിഗ് കഴിഞ്ഞാല്‍ ശമ്പളത്തോടൊപ്പം സ്ഥിരമായി കിട്ടുന്ന 'പാരട്രൂപ്പര്‍ അലവന്‍സ്', ഒരു പെങ്ങളെ കെട്ടിച്ചയക്കാന്‍ സഹായമായേക്കും, എന്നത് കൊണ്ട് മാത്രമാണ്  .'
                      വീട്ടിലെ പ്രാരബ്ധങ്ങള്‍ മറ്റുള്ളവരോട് പങ്ക തമാശയില്‍ക്കൂടിയെ 
പറയാറുള്ളൂ.         
          പങ്ക അവിടെ നിന്ന് സ്ഥലം മാറിപ്പോയ ശേഷവും അയാളെക്കുറിച്ചു, ഞങ്ങളെല്ലാം പറഞ്ഞു ചിരിക്കാറുള്ളത്, എഴുപത്തൊന്നു യുദ്ധത്തിന് ശേഷം പങ്ക അവധിക്കു പോയ കഥയാണ്.
                   നവംബറിലെ അച്ഛന്റെ ഷഷ്ടിപൂര്‍ത്തി കൂടാനും കൂടി വേണ്ടി,
അവധി, കൊല്ലാവസാനത്തേക്ക് നീട്ടിയ പങ്ക്ക്ക്, ഒടുവില്‍ ഡിസംബറില്‍ 
ഉണ്ടായ യുദ്ധം കാരണം, അത് നടന്നില്ല - പിന്നെ അടുത്തകൊല്ലം 'വിഷു നാട്ടില്‍ ആക്കാം' എന്നായി പ്ലാന്‍. .- -
            അറുപതാം പിറന്നാളിന് വേണ്ടി അച്ഛന് മേടിച്ച കാശ്മീര്‍ ഷാളും ഒക്കെ പാക്ക് ചെയ്ത പെട്ടിയുമായി റെയില്‍വേ സ്റ്റേഷനില്‍ വണ്ടി ഇറങ്ങി.  പതിവ് പോലെ, വര്‍ഗീസേട്ടന്റെ കാറുമായി അച്ഛനെ തീവണ്ടി ആപ്പീസില്‍  കണ്ടില്ല. പിന്നെ ടാക്സി പടിച്ചു വീട്ടില്‍ എത്തിയപ്പോള്‍, അനിയത്തിമാരും അമ്മയും, അമ്മായിയും വേലക്കാരി സൌദാമിനിയും എല്ലാപേരും കാത്തു നില്‍പ്പുണ്ടായിരുന്നു. വരവേല്‍പ്പിന്റെ  ബഹളം -
                  നടക്കല്ലില്‍ പാവയും പിടിച്ചു, കളിച്ചു കൊണ്ടിരുന്ന കൊച്ചിനെ കണ്ടപ്പോള്‍, ദൂരെ നില്‍ക്കുന്ന സൌദാമിനിയെ നോക്കി, പങ്ക ഒരു കുസൃതി ചിരിയോടെ ചോദിച്ചു
             "വേലപ്പന്‍ ചേട്ടന്‍ ഇപ്പോഴും, ഉഷാറായി ഇരിക്കുന്നു അല്ലെ"
      വിളറിയ മുഖവുമായി, ചെറു ചിരി പ്രതീക്ഷിച്ച , പങ്ക കണ്ടത്, തല വെട്ടിച്ചുകൊണ്ട് അപ്പുറത്തേക്ക് പോയ സൌദാമിനിയെ ആണ്.   
          ഒന്നും മനസ്സിലാകാത്ത പങ്ക പുറം തിരിഞ്ഞു പോയ സൌദാമിനിയെ പകച്ചു നോക്കിയിട്ട്, വീണ്ടും കുഞ്ഞനെ നോക്കി ?
               " നീ എന്താണ് അന്യ ഗ്രഹത്തീന്നു വന്ന  ജീവിയെപ്പോലെ, അതിനെ നോക്കുന്നത് , അത് നിന്റെ കുഞ്ഞനിയത്തിയാ "
            എന്നും പറഞ്ഞു അമ്മയും അടുക്കളയിലേക്കു വലിഞ്ഞു !!  
    അതാണ്‌ അറുപതാം പിറന്നാളിന് പങ്ക അച്ഛന് നല്‍കിയ  സമ്മാനത്തിന് 
കിട്ടിയ   പ്രത്യുപഹാരം !!

              പങ്കാ കോഴ്സ് കഴിഞ്ഞു മടങ്ങി വന്നു, എന്നറിഞ്ഞ  ഞങ്ങള്‍, ഡ്യൂട്ടി കഴിഞ്ഞ് ബില്ലറ്റില്‍  എത്തിയത് 'പങ്കയെ' കാണാനുള്ള ഉത്സാഹത്തോടെ ആണ്.
               പക്ഷെ ക്ഷീണിതനും മ്ലാനമുഖത്തോടും പങ്ക ഇരിക്കുന്ന കാഴ്ചയാണ്,
ഞങ്ങള്‍ കണ്ടത്.
          എന്തെങ്കിലും ചോദിക്കുന്നതിനുമാത്രം ഒറ്റ വാക്കില്‍ ഉത്തരം.
            കാരണം ആരാഞ്ഞപ്പോള്‍, 'ന്യൂമോണിയ' പിടിച്ച് എയര്‍ഫോഴ്സ് 
ആശുപത്രിയില്‍ ആയിരുന്നെന്നും, രണ്ടു ദിവസം മുന്‍പാണ് ഡിസ്ചാര്‍ജു 
ചെയ്തത് എന്നും പറഞ്ഞു. 
             അപ്പോള്‍ കോഴ്സ് മുഴുവനാക്കാന്‍ പറ്റിയില്ല, എന്ന് മനസ്സിലാക്കിയ 
ഞങ്ങള്‍ കൂടുതല്‍ ചോദിച്ചു വിഷമിപ്പിക്കാന്‍ തുനിഞ്ഞില്ല.
                              രണ്ട് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പങ്കയുടെ മ്ലാനത
 തുടര്‍ന്നു. അവസാനം ഞാന്‍ അയാളോട് തുറന്നു ചോദിച്ചു -
       'തനിക്കു എന്താണ് പറ്റിയത്? കോഴ്സിന്, ഇനിയും അപേക്ഷിക്കാമല്ലൊ-
ഒരു പ്രാവശ്യം കിട്ടിയത് കൊണ്ട്, തിരഞ്ഞെടുക്കപ്പെടാന്‍ മുന്‍ഗണനയും കിട്ടും.
              'താന്‍ വൈകുന്നേരം, തോമസ്സിന്റെ മുറിയിലേക്ക് വാ -'
                         എന്ന് മാത്രം പറഞ്ഞു പങ്ക നടന്നു നീങ്ങി- 
                          തോമസ് പങ്കയുടെ അടുത്ത സുഹൃത്താണ്. അവര്‍ ഒരുമിച്ച് പഴയ 
യൂണിറ്റില്‍ ജോലി  ചെയ്തതാണ്. ഇപ്പോള്‍ ഞങ്ങളുടെ സ്റ്റേഷനില്‍ തന്നെ, 
വേറൊരു യൂണിറ്റില്‍ ജോലി ചെയ്യുന്നു. താമസിക്കുന്നത്, ഞാന്‍ താമസിക്കുന്ന 
ബ്ലോക്കിന്റെ മൂന്നു ബാരക്കുകള്‍ അപ്പുറത്ത് ,ബാരക്കിന്റെ മൂലയിലുള്ള 
ഒരു മുറിയില്‍..
                        വൈകുന്നേരം തോമസ്സിന്റെ മുറിയില്‍ ചെന്നപ്പോള്‍, പങ്ക അവിടെ ഉണ്ടായിരുന്നു.
              പ്രാഥമിക കുശല പ്രശ്നങ്ങള്‍ക്ക് ശേഷം വീണ്ടും പങ്ക ഏതോ ലോകത്ത് എന്ന പോലെ ഇരിക്കാന്‍ തുടങ്ങി -   .-  -
          'തനിക്കു എന്താണ് പറ്റിയത്? കോഴ്സിന്, ഇനിയും അപെക്ഷിക്കാമല്ലൊ-'
                ഞാന്‍ നേരത്തെ അയ്യാളോട് പറഞ്ഞ വാചകം ആവര്‍ത്തിച്ചു.
                                     'ഇനി അത് ഒരിക്കലും നടക്കില്ല' !
                               ഞാനും തോമസ്സും പരസ്പരം മുഖത്തേക്ക് നോക്കി !      
        പിന്നെ പങ്ക പി.ടി എസ്സില്‍ ചെന്നത് മുതലുള്ള കാര്യങ്ങള്‍ വിവരിച്ചു.
                                      പങ്ക അവിടെ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടുത്ത ദിവസം മുതല്‍ , രണ്ടു ആഴ്ച്ചത്തേക്ക്, അതി തീവ്രമായ  'ഫിസിക്കല്‍ ട്രെയിനിങ്ങ്' ആയിരുന്നു.
                             അത് കഴിഞ്ഞു അവരുടെ സീനിയര്‍ ബാച്ചിന്റെ കൂടെ, പുതിയ 
ആള്‍ക്കാരെയും കൂട്ടാന്‍ തുടങ്ങി. 
                                       വാതിലുകള്‍ ഇല്ലാത്ത ഒരു 'പാക്കറ്റ്' വിമാനത്തില്‍99 9( (     
(എയര്‍ ഫോഴ്സില്‍, അന്ന് ഉപയോഗിച്ചിരുന്ന,  ചരക്ക് വിമാനം)
 പുതിയ ട്രെയിനികളെ, സീനിയേഴ്സ് ചെയ്യുന്നത് കണ്ട് മടി മാറാനും 
പഠിക്കുവാനും വേണ്ടി, കൂടെ കൊണ്ട് പോകാന്‍ തുടങ്ങി -
            പലര്‍ക്കും ആദ്യം ചാടാന്‍ മടിയും, പേടിയും ആയിരിക്കും-        
                  അവിടെയുള്ള  പരിശീലിപ്പിക്കുന്നവര്‍ക്ക്, ഇതുപോലെ ഒരുപാട് പ്രാവശ്യം, ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച, പള്ളിയില്‍ പോകാത്തവരെ കൈകാര്യം ചെയ്തു പഴക്കമുണ്ട്.
          അതുകൊണ്ട് തന്നെ അവര്‍ വിമാനവുമായി ബന്ധിച്ച ഒരു 'ഇലാസ്റ്റിക്  ബെല്‍റ്റ്‌' അണിഞ്ഞാണ് നില്‍ക്കാറ് .
            തുറന്ന വാതിലില്‍ കൂടി ചാടാന്‍, ആദ്യം ആളുകള്‍ മടിച്ചു നില്‍ക്കും.  
പാരച്യൂട്ട് കെട്ടി നില്‍ക്കുന്ന അവരെ, സന്നത്ധരാക്കി, വെളിയിലേക്ക് 
ചിലപ്പോള്‍ തള്ളി ഇടേണ്ടി വരും. ചാടാന്‍ എന്നിട്ടും മടിയുള്ള ചില വില്ലന്മാര്‍ 
പരിശീലകനെ വട്ടം പിടിക്കും - മുങ്ങി പോകാന്‍ പോകുന്നവന് കിട്ടുന്ന 
കച്ചി തുരുമ്പ് പോലെ - അങ്ങിനെയുള്ള, കിനാവള്ളി പിടുത്തങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ആണ് ആ 'ഇലാസ്റ്റിക്കു ഹാര്‍ ണസ്സ് ' . ഒരു കൈകാലിട്ടടി കഴിഞ്ഞു, ട്രെയിനി  താഴോട്ടും, പരിശീലകന്‍, ഇലാസ്റ്റിക്കു വലിഞ്ഞ്, തിരികെ വിമാനത്തിനകത്തെക്കും പതിക്കും.
         ഇതെല്ലാം സാധാരണയായി വേണ്ടി വരികയില്ല, എങ്കിലും ഒരു സുരക്ഷാ
 നടപടി ആയി തുടരാറുണ്ട്. ചാടുന്ന ആള്‍ക്ക് ആത്മവിശ്വാസം കിട്ടുമ്പോള്‍,
നിത്യ തൊഴില്‍ അഭ്യാസം എന്നാ തലത്തില്‍ എത്തും.
   എപ്പോഴും, സീനിയേഴ്സ് ചാടുമ്പോള്‍, കണ്ടു കൊണ്ടിരുന്നവരില്‍  ഏറ്റവും 
പുറകില്‍ പങ്ക ആയിരുന്നു, എന്നത് പരിശീലകര്‍ ശ്രദ്ധിച്ചു. ചീത്ത പറഞ്ഞ് ,
 അവര്‍ പങ്കയെ, തുറന്ന വാതിലിന്‍റെ വലതു ഭാഗത്ത്‌ ഒരു കമ്പിയില്‍ പിടിച്ച്,
വെളിയിലേക്ക് തിരിഞ്ഞു നില്‍ക്കാന്‍ പറഞ്ഞു. പിന്നെ അന്നത്തെ  അഭ്യാസം 
കഴിയുന്നവരെ പങ്കക്ക് അങ്ങിനെ നില്‍ക്കേണ്ടി വന്നു. പങ്ക നില്‍ക്കുകയും 
ചെയ്തു. അവസാനമാണ് പരിശീലകര്‍ക്ക് മനസ്സിലായത്‌ - പങ്കയുടെ നില്‍പ്പ് 
കണ്ണ് അടച്ചുകൊണ്ടായിരുന്നു എന്നത്.
      തുറന്ന വാതിലിന്റെ അരുകില്‍ തണുത്ത കാറ്റും അടിച്ച്, പേടിയോടെ നിന്ന
പങ്കക്ക്, വൈകുന്നേരത്തോടെ പനി തുടങ്ങി -
                 അടുത്ത ദിവസം, മിലിട്ടറി ആശുപത്രിയില്‍  ആയി. പിന്നീട് അത് 'ന്യൂമോണിയ' ആയി -
           പക്ഷെ ശരിക്കും പങ്കയുടെ പ്രശ്നം അതൊന്നും ആയിരുന്നില്ല -
       "അക്രോഫോബിയ' എന്ന വൈകല്യമുള്ള ആളായിരുന്നു, അങ്ങേര്‍ !!
   ഉയരങ്ങളില്‍ നിന്ന് താഴേക്കു നോക്കുമ്പോള്‍,  ചിലര്‍ക്ക് തോന്നുന്ന ഭീതി.
കൊച്ചും നാളില്‍, പിടിപെട്ട ഈ പ്രശ്നത്തിന് കാരണം, പലതും ആകാം -
ചിലര്‍ക്ക് അത്, വളരുമ്പോള്‍ മാറുകയും ചെയ്യും.
                        പക്ഷെ പങ്കയില്‍ അത് നടന്നില്ല -
              പി .ടി.എസ്  പങ്കയെ 'അണ്‍ഫിറ്റ്' അടിച്ചു വിട്ടു -
      'വീര ശൂര പരാക്രമന്‍' ആയ, പങ്കക്ക്, ഇത് എല്ലാ  പേരോടും,  പറയാന്‍
 ഉള്ള,  ചളിപ്പ്‌  ആയിരുന്നു,  ഈ മൂഡ്‌ ഓഫിന്റെ കാരണം !
                 അവസാനം,'ന്യുമോണിയ ബാധ' ആണ്, പങ്കക്ക് വിന ആയതു എന്ന
തിയറി, ഞാനും തോമസും കൂടി പ്രചരിപ്പിച്ചു -
                      പങ്ക നായര്‍, വീണ്ടും 'പങ്ക നായര്‍'' ആയി   
ഇത് കഴിഞ്ഞിട്ടുള്ള ആത്മവിശ്വാസം നേടിയ, പങ്ക കഥകള്‍ പുറകെ -

            
                 





4 comments:

  1. പങ്ക നായർ ഇനിയുമൊരു കസറ് കസറുമെന്ന് തോന്നുന്നു.. ഒഴുക്കോടെ വായിച്ച് പോകാൻ പറ്റുന്ന എഴുത്ത്..! ആശംസകൾ..!!

    ReplyDelete
  2. നന്ദി - പങ്കയുടെ, കുറെ കതിനകള്‍, നിറച്ചു വെച്ചിട്ടുണ്ട് -
    താല്പര്യമുള്ളവര്‍ ഉണ്ട് എന്ന് കാണുകയാണെങ്കില്‍, ഇനിയും
    സഹിക്കേണ്ടി വരും !!

    ReplyDelete
  3. എന്തായാലും പട്ടാളക്കഥയല്ലെ....
    ആ വീര ധീര കഥകൾ ഞങ്ങൾ സഹിച്ചോളാം...
    മാഷ് പറഞ്ഞാൽ മതി....
    പങ്കയുടെ കഥകൾ കൊള്ളാം...
    ധൈര്യം വളരെ വേണ്ട ഒരു മേഘലയാണ് പട്ടാളത്തിൽ. അത് ഓരോരുത്തരിലും ഏറിയും കുറഞ്ഞും ഒക്കെ ഇരിക്കും...
    ബാക്കി കൂടി പോരട്ടെ...

    ReplyDelete