Reminiscece Of Air Force Life

Sunday, July 8, 2012

കൊസ്മോനട്ടു രാകേഷു ശര്‍മയും ഞാനും





             എയര്‍ ഫോഴ്സില്‍ ജോലി നോക്കുന്ന കാലം.ബംഗ്ലൂര്‍ എ. എസ്. ടി. ഇ {എയര്‍ക്രാഫ്റ്റ് സിസ്റ്റം ടെസ്റ്റിംഗ് എസ്ട്ടാബ്ലിഷ്മെന്റ്റ് } എന്ന യുനിട്ടില്‍ സേവനം ചെയ്തു കൊണ്ടിരിക്കുന്ന സമയം. എ. എസ്. ടി. ഇ എന്ന ആ പേരില്‍ തന്നെ ആ യുനിട്ടിന്റെ ദൌത്യവും വ്യക്തമാണ്.

ഇന്ത്യന്‍ എയര്‍ ഫോഴ്സ്, മേടിക്കാന്‍ ഉദ്ദേശിക്കുന്നതോ, നവീകരിക്കാന്‍ ഉദ്ദേശിക്കുന്നതോ ആയ, ഏതു  ഉപകരണത്തിന്റെയും, സാങ്കേതികമായ പ്രായോഗിക പരീക്ഷണങ്ങള്‍ നടത്തുന്ന കേന്ദ്രം.ഈ യുനിട്ടിന്റെ പരീക്ഷണ നിഗമനങ്ങളുടെ, അടിസ്ഥാനത്തിലാണ്, നമ്മുടെ വ്യോമസേനക്ക് ആ ഉപകരണം ആവശ്യമുണ്ടോ, എത്രമാത്രം നമ്മുടെ സേനക്ക് ഇത് ഉപയോഗപ്പെടും എന്ന് നിര്‍ണയിക്കപ്പെടുക.    

                      പിന്നെ ഇതു കഴിഞ്ഞാല്‍ ഉന്നതങ്ങളിലുള്ള, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മൂലം ഉണ്ടാകാവുന്ന, തീരുമാനങ്ങളെ കുറിച്ച് പറയുന്നില്ല.

  എന്തായാലും   എ. എസ്. ടി. ഇ യുടെ അംഗീകാരമില്ലാതെ, അടുത്ത ലവെലിലേക്ക് പോകാന്‍ പറ്റുകയില്ല. "ഏതു  കൊട്ട്രോച്ചി  ആയാലും !"

          എന്തായാലും ആ യുനിട്ടില്‍ ജോലി ചെയ്യുന്ന എല്ലാവരും, അവരവരുടെ ജോലിയില്‍, നൈപുന്ണ്യം ഉള്ളവരായിരുന്നു .

{എന്നെ ഏതു കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തില്‍ ആണ് ആ യുനിട്ടിലേക്ക്,
പോസ്റ്റ് ചെയ്തത് എന്ന് എനിക്കിപ്പോഴും അറിയില്ല!} 

              ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ മികവു തെളിയിച്ച പൈലറ്റുമാര്‍ ആ യുനിട്ടിന്റെ മുതല്‍ക്കൂട്ട് ആയിരുന്നു. അതിനു പ്രത്യേക കാരണവും ഉണ്ടായിരുന്നു.  എ. എസ്. ടി. ഇ യുടെ കീഴില്‍ത്തന്നെ ആയിരുന്നു 
'ടെസ്റ്റ് പൈലെട്ട് ഇന്സ്ട്രക്ട്ടെഴ്സു ട്രെയിനിംഗ് സ്കൂളും'

                     ടെസ്റ്റ് പൈലെട്ട്, എന്ന് പറയുന്ന ആള്‍ തന്നെ പൈലെട്ടുമാരില്‍ 
ഒരു ചെങ്കീരി ആയിരിക്കും. വ്യോമ സേനയുടെ ഓരോ സ്ക്വാദ്രനിലും,
അത്തരം രണ്ടോ മൂന്നോ ജനുസ്സുകളെ കാണുകയുള്ളൂ.

                     എല്ലാ വിമാനങ്ങളും, ഇരുപത്തഞ്ചു മണിക്കൂര്‍, അമ്പതു മണിക്കൂര്‍, നൂറു മണിക്കൂര്‍ പറക്കലുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍, പല തരം  സര്‍വീസിങ്ങിനു വിധേയപ്പെടുത്തും. അതിനായി പല കഷണങ്ങളായി ഭാഗങ്ങളെ അഴിച്ചു മാറ്റി, വേണ്ട അറ്റകുറ്റ പണികള്‍ നടത്തി, വീണ്ടും പഴയ രൂപത്തിലാക്കി, പല ടെസ്റ്റുകളും നടത്തി വീണ്ടും കുട്ടപ്പനാക്കി  മാറ്റുന്ന ഒരു പ്രക്രിയ. 
           
   അങ്ങിനെ കുട്ടപ്പനാകുന്ന വിമാനത്തെ ആദ്യമായി പറത്തി നോക്കി, കുഴപ്പമില്ല, ഏതു പൈലറ്റിനും പറപ്പിക്കാം എന്നാ ഒരു തരം
'ഫിട്ടുനെസ്സ് സെര്ടീഫിക്കെട്ടു' ദൌത്യമാണ് ടെസ്റ്റ് പൈലെട്ടിനു ഉള്ളത്.
                   
    ഇവരെ ഇതിനു അര്‍ഹരാണ് എന്ന പദവിയിലേക്ക്,
അവരോധിക്കണം എങ്കില്‍, ടെസ്റ്റ് പൈലെട്ടു സ്കൂളിന്റെ അനുഗ്രഹം വേണം.

                    അങ്ങിനെയുള്ള    ടെസ്റ്റ് പൈലെട്ടു സ്കൂളിലെ, ടെസ്റ്റ് പൈലെട്ട് ഇന്സ്ട്രക്ട്ടെഴ്സു ആയുള്ള നിയമനങ്ങള്‍ക്ക് വേണ്ടിയുള്ള യോഗ്യത 
സെര്ടീഫിക്കെട്ടു, നല്‍കുന്നത് എ. എസ്. ടി. ഇ ആണ്.

                    അതായത് ചെങ്കീരിയുടെ അപ്പന്‍ കീരിയുടെ, മുത്തപ്പന്‍ കീരി!!

               അതുകൊണ്ട് തന്നെയാണ് ശൂന്യാകാശ യാത്രക്ക്, ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേരും  എ. എസ്. ടി. ഇ യില്‍ നിന്നായിരുന്നു.
വിങ്ങ് കമാണ്ടര്‍. മല്‍ഹോത്രയും, സ്ക്വാദ്രന്‍ ലീഡര്‍. രാകേഷു ശര്‍മയും.

                      ഞാന്‍ എയര്‍ ഫോഴ്സില്‍, ആര്‍മമെന്ടു മെക്കാനിക്ക് എന്ന ട്രേഡില്‍ ആയിരുന്നു. ആയുധോപകരണങ്ങളും  വിമാനവുമായി ബന്ധപ്പെട്ട ജോലികള്‍.. ആണ് അത്.  സാധാരണ സമയത്ത്, ബോംബും, റോക്കറ്റും, ഗണ്ണും ഒന്നും ദൈനംദിന പറക്കലുകളില്‍, വരാത്ത കൊണ്ടായിരിക്കാം, ഇവരെ വെറുതെ ഇരുത്തണ്ട എന്ന് കരുതി, വ്യോമസേന ഒരു പണി കൂടി കൊടുത്തു. കൊക്കുപിറ്റില്‍  കയറുന്ന പൈലെട്ടിനെ ഇജക്ഷന്‍ സീറ്റില്‍ സ്ട്രാപ്പ് ചെയ്യാന്‍ സഹായിക്കുക. എല്ലാം ശരി ആണെന്ന് ഉറപ്പു വരുത്തിയിട്ട് ഇജക്ഷന്‍ സീറ്റിന്റെ സേഫ്റ്റി പിന്‍  ഊരുക എന്ന ജോലി.

                        ഇജക്ഷന്‍ സീറ്റ് എന്ന് പറഞ്ഞാല്‍,വിമാനത്തിനു എന്തെങ്കിലും അപകടം നേരിട്ടാല്‍, നിലത്തു ഇറക്കാന്‍ പറ്റാത്ത അവസ്ഥയില്‍, പൈലറ്റിനു വിമാനം ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ഉള്ള സംവിധാനം ആണ്.

                 പൈലെട്ടു ഒരു ലിവര്‍ വലിച്ചാല്‍, അയാള്‍ ഇരിക്കുന്ന സീറ്റിനു 
പുറകിലുള്ള, വെടി ഉണ്ടകള്‍ നിറച്ച തോക്ക് പോലെയുള്ള ഒരു ഉപകരണം പ്രവര്‍ത്തിക്കുകയും, പൈലെട്ടു, ഇരിക്കുന്ന സീറ്റോടെ 
വെളിയിലേക്ക് തെറിച്ചു പോകാനും ഉള്ള ഒരു രക്ഷാമാര്‍ഗമാണ് അത്.
   പൊട്ടാനും, അപകടസാധ്യതകള്‍ ഉണ്ടാകാനും ഇടയുള്ളത്, ഒഴിവാക്കാന്‍ വേണ്ടി, അതില്‍ ഘടിപ്പിച്ചിരിക്കുന്ന സേഫ്റ്റി പിന്‍, പറക്കാനുള്ള തയ്യാറെടുപ്പിന്റെ അവസാന നിമിഷമേ ഊരുകയുള്ളൂ.

                   അതൊക്കെ വ്യോമാസേനയ്ടെ സങ്കീര്‍ണങ്ങളായ പല പ്രശ്നങ്ങള്‍..

              എന്തായാലും, മേല്‍പ്പറഞ്ഞ രാകേഷ് ശര്‍മയും, മല്‍ഹോത്രയും 
പോലുള്ള, വ്യോമസേനയിലെ ഒരുപാടു രാജവെമ്ബാലകളും ആയി അടുത്ത് ഇടപഴകാന്‍ ഇടയായിട്ടുണ്ട് എന്നതാണ് എന്റെ വിഷയം.

                          ആ സമയത്താണ്, എനിക്ക് എസ്.എന്‍... സി. ഓ ആയി {സീനിയര്‍ നോണ്‍ കംമിഷണ്ട് ഓഫീസര്‍ } പ്രമോഷന്‍ കിട്ടുന്നത്.
     
                    എസ്.എന്‍... സി. ഓ കള്‍ക്ക് പ്രത്യേകം താമസ സൌകര്യവും,
സ്ഥാനവുമൊക്കെ ഉണ്ട്. സാധാരണ ഒരു എയര്‍മാനെ സംബധിച്ചിടത്തോളം, ആ പദവി കിട്ടുന്നതില്‍ വലിയ വ്യത്യാസം ഉണ്ട്.

                       എന്‍... സി. ഓസിന് ആഴ്ചയില്‍ രണ്ടു ദിവസം മാത്രമേ,
ഔദ്യോഗികമായി 'ഡ്രിങ്ക്സ്' കഴിക്കാന്‍ അനുവാദമുള്ളൂ. 

                 എസ്.എന്‍... സി. ഓ  ആയാല്‍ ദിവസവും അവരുടെ മെസ്സില്‍ പോകാം - നല്ല സംവിധാനങ്ങള്‍ - നാടിലെ പോലെ ഒന്നാം തീയതി അടപ്പ് എന്നൊന്നും ഇല്ല. വേണം എന്നുള്ളവര്‍ക്ക് ദിവസവും ആകാം!
            
       അവനവന്റെ പ്രശ്നങ്ങളും, വീടിലെ പ്രശ്നങ്ങളും, മറ്റു പ്രശ്നങ്ങളും നോക്കാന്‍ പാകമായി  എന്ന തരത്തിലുള്ള ഒരു  ഐ. എസ്.ഓ  സര്‍ട്ടിഫിക്കേഷന്‍!.

അങ്ങിനെ ആ തലത്തില്‍ എത്തിയ എനിക്ക്, ആദ്യമായി ഒരു 'ഗാര്‍ഡു കമാണ്ടര്‍ ഡ്യുട്ടി' കിട്ടി. അന്ന് ഡ്യുട്ടി ഉള്ള ഗാര്‍ഡ്സിന്റെ തലവനായി.

        ഉച്ചക്ക് മുതല്‍ പുതിയ  ഡ്യുട്ടിയുടെ, ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു.
        
                                      രാത്രി ഊണ് കഴിക്കാന്‍ പോയപ്പോള്‍ വഴിമധ്യേ ഉള്ള    
     എസ്.എന്‍... സി. ഓ മെസ്സ് എന്നെ മാടി വിളിച്ചു.             
             
എസ്.എന്‍... സി. ഓ മെസ്സിലെ ബാര്‍ കൌണ്ടറില്‍, കറങ്ങുന്ന സ്റ്റൂളില്‍ ഇരുന്ന്, രണ്ടുമൂന്നെണ്ണം അടിച്ചു, വീട്ടില്‍ പോയി ഊണും കഴിഞ്ഞ്, ഞാന്‍  ഡ്യുട്ടിക്ക് പോയി.
                   ഉദ്ദേശം ഒരു പതിനൊന്നര മണി ആയപ്പോള്‍, ഗേറ്റില്‍ ജീപ്പിന്റെ ഒച്ച കേട്ട് ഞാന്‍ ഉണര്‍ന്നു. ഗാര്‍ഡു തുറന്നു കൊടുത്ത ഗേറ്റില്‍ കൂടി, ജീപ്പ്   ഡ്യുട്ടി ഓഫീസിനു മുന്‍പില്‍ വന്നു.     

                   ഗാര്‍ഡു കമാണ്ടര്‍ ഡ്യുട്ടിയില്‍, ഉറങ്ങാന്‍ അനുവാദം ഉണ്ടെങ്കിലും,ഞാന്‍ വളരെ അലറ്ട്ടാണ് എന്ന ഭാവത്തില്‍, വെളിയിലേക്ക് 
ഇറങ്ങി ചെന്നു. അന്നത്തെ ഡ്യുട്ടി ഓഫീസര്‍, രാകേഷ് ശര്‍മ ആയിരുന്നു.

                       രാകേഷ് ശര്‍മയുടെ പരിചിത മുഖം കണ്ടപ്പോള്‍, എന്റെ പരിഭ്രാന്തി മാറി, അങ്ങേരെ സല്ല്യുട്ടു ചെയ്തു സ്വീകരിച്ചു.

                     "എവരിതിംഗ് ഒകെ മേനോന്‍ "

             എന്റെ പേര് വരെ ആ  പഹയന്‍ ഓര്‍ത്തിരിക്കുന്നു എന്ന സന്തോഷത്തില്‍, ഞാന്‍ അങ്ങേരെ നിര്‍ബന്ധിച്ചു, യുനിട്ടിന്റെ സെന്സിറ്റീവ് സ്ഥലങ്ങളില്‍, ഞാന്‍ അനുവര്‍ത്തിച്ച, പ്രത്യേക സംവിധാനങ്ങളെ, കാണിച്ചു കൊടുക്കാന്‍ കൂട്ടി കൊണ്ടുപോയി.

      എല്ലാം കണ്ടു തൃപ്തി ആയി ജീപ്പില്‍ കയറാന്‍ നേരത്ത്, എന്റെ മുഖത്ത് അടിച്ച പോലെ ഒരു ചോദ്യം.
                                 "ഡിഡ്‌ യൂ ഹാവ് ഡ്രിങ്ക്സ്' ?

    ഏതോ ഒരു മലയാളം സിനിമയില്‍ കേട്ട ഒരു ഡയലോഗ് പോലെ,

ഞങ്ങള്‍ തമ്മില്‍ 'ഉള്ള ഇരുപ്പുവശം' കണക്കാക്കി, ഞാന്‍ പറഞ്ഞു 

                 "ഒള്ളി ടൂ പെഗ്ഗ്സ്, ഇറ്റ്‌ വാസ് എ പാര്‍ട്ടി ഫോര്‍ മൈ പ്രൊമോഷന്‍" "-

                   അങ്ങേരു ഒന്നും പറയാതെ ഗുഡ് നൈറ്റ് പറഞ്ഞു പോയി. 

                       രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ എ. എസ്. ടി. ഇ യുടെ 
സി. ഓ, എയര്‍ കൊമഡോര്‍ പി. സിംഗിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു.
അങ്ങേരു അക്കാലത്തെ എയര്‍ ഫോഴ്സിലെ ഒരു പുലി ആയിരുന്നു!
എന്തായാലും കമന്റെഷനും, വീര ചക്രയും ഒന്നും  തരാന്‍ ആയിരിക്കില്ല 
എന്ന് എനിക്കറിയാമായിരുന്നു.

ഞാനോടിക്കിതച്ചു ചെന്ന് അഡ്‌ജ്യുട്ടന്റിനെ കണ്ടു വിവരം അന്വേഷിച്ചു.

                      ഞാന്‍  ഡ്യുട്ടി ചെയ്ത ദിവസം 'ഒക്കരന്സു ബുക്കില്‍എന്നെ മദ്യം മണത്തു' എന്ന് ശര്‍മ എഴുതി വെച്ചിരുന്നു. 

                      ലോകവും, എയര്‍ ഫോഴ്സും ഒത്തിരി കണ്ട പി. സിംഗ്,
എന്നെ നേരില്‍ കാണാതെ തന്നെ, മൂന്നു എക്സ്റ്റ്രാ ഡ്യുട്ടി, പണിഷ്മെന്ട് 
ആയി പ്രഖ്യാപിച്ച് ഫയല്‍ ക്ലോസ് ചെയ്തു.

                         എന്റെ പുറത്ത് കൂടി ചവിട്ടി കയറിയിട്ടാണ്‌, കര്‍മ നിരതനും, ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രതീകവുമായ, രാകേഷ് ശര്‍മ ഉണ്ടായത്, എന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുകയല്ലേ നിവര്‍ത്തി ഉള്ളൂ!!

                       -------------------------------------------------------------------   
      

15 comments:

  1. >>എന്റെ പുറത്ത് കൂടി ചവിട്ടി കയറിയിട്ടാണ്‌, കര്‍മ നിരതനും, ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രതീകവുമായ, രാകേഷ് ശര്‍മ ഉണ്ടായത്, എന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുകയല്ലേ നിവര്‍ത്തി ഉള്ളൂ<<


    തീര്‍ച്ചയായും അഭിമാനം കൊള്ളാം!


    നല്ല പോസ്റ്റ്‌..ആസ്വദിച്ചു വായിച്ചു..

    സൈന്യവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ വായിക്കാന്‍ വളരെ ഇഷ്ട്ടമാണ്..ഒരുകാലത്ത് സൈന്യത്തില്‍ ചേരാന്‍ ഒരുപാട് കൊതിച്ചതുകൊണ്ടാവാം..എന്റെ സൈനിക പരീക്ഷണങ്ങള്‍ എന്ന പോസ്റ്റിന്റെ ലിങ്ക്..http://villagemaan.blogspot.com/2011/02/blog-post_22.html

    ReplyDelete
    Replies
    1. thank u village maan
      am on the look out for 'pattala kathakal blog'
      in which am also interested

      Delete
    2. thank you villagemaan
      shall keep in touch

      Delete
  2. അവസാന പഞ്ച് , അത് കലക്കി.. :)

    ReplyDelete
    Replies
    1. thank u I read ur chattukaali and and the next one
      I felt that it is to be correctly understood
      that ' blood is thicker than the thoughts we have'
      humane writing

      Delete
  3. ചെറിയ കാര്യങ്ങള്‍ നിസ്സാരമായി തോന്നാം; എന്നാല്‍ ചെറിയ കാര്യങ്ങളിലെ വിശ്വസ്തത വലിയ കാര്യമാണ്... രാകേഷ് ശര്‍മ്മയെക്കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും ഈ അനുഭവം വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. നന്ദി സര്‍...

    ReplyDelete
    Replies
    1. thank u benji
      visited ur blog
      shall go in detail later

      Delete
  4. ഇഷ്ടമായി ഈ പോസ്റ്റ്‌ .വേറിട്ട അനുഭവം. നന്നായി.

    ReplyDelete
  5. നന്ദി വിജയകുമാര്‍
    ഞാന്‍ താങ്കളുടെ കവിതകള്‍ വായിച്ചു
    എന്തോ കുത്തി കുറിച്ചിട്ടുണ്ട്
    ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും - ക്ഷമിക്കുക

    ReplyDelete
  6. എന്റെ അതിയായ ഖേദം
    അറിയിക്കുന്നു - ഞാനുദ്ദേശിച്ചത്
    മറുപടിയായി എന്തോ കുത്തി കുറിച്ചുഎന്നാണു.
    am a colt in the field of blogging -
    sorry for the wrong connotation, my comment created

    ReplyDelete
  7. രഘു സര്‍ ,അവസാനം കലക്കി .,വീണ്ടും പട്ടാള കഥകള്‍ കാണും എന്ന് പ്രതീക്ഷിക്കുന്നു .

    ReplyDelete
  8. നിങളുടെ കമന്റുകള്‍
    കൂടുതല്‍ പ്രചോദനം തരുന്നു .
    കാണാം

    ReplyDelete
  9. തീര്‍ച്ചയായും ഇങ്ങിനെയുള്ള സംഭവങ്ങള്‍ ആണ് നമ്മളുടെ മുതല്‍ക്കൂട്ട് !!!

    ReplyDelete
  10. രണ്ടുമൂന്നെണ്ണം അടിച്ചു, വീട്ടില്‍ പോയി >> എണ്ണത്തില്‍ കുരവുകാണ്‌ുന്നു ഒന്ന് കൂടി ഓര്‍ത്തു നോക്കിയേ......എന്തായാലും നന്നായിട്ടുണ്ട് അടുത്തത് പോരട്ടെ

    ReplyDelete