Reminiscece Of Air Force Life

Wednesday, June 27, 2012

നിയോഗം


                                                   

                 ഇടക്ക് വീക്കെന്‍ഡില്‍, ഞാനും എന്റെ സുഹൃത്തുക്കളുമായി കൂടുക ഒരു പതിവാണ്. ഒന്ന് ഒരു ഡോക്ടര്‍ സുഹൃത്ത്‌, ഒന്ന് എന്റെ ഒരു ബന്ധു. ഈ രണ്ടു വ്യക്തികളുമായി അമ്പതു കൊല്ലങ്ങള്‍ ആയിട്ടുള്ള, അടുത്ത സുഹൃത്ത്‌ ബന്ധം ആണ് എനിക്ക്. ആ പ്രത്യേകതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

                 ഡോക്ടറും ഞാനും ഒരുമിച്ചു സ്കൂളില്‍ പഠിച്ചതാണ്. അന്ന് മുതലുള്ള കൂട്ടുകെട്ട്. രണ്ടാമത്തെ ആള്‍ എന്റെ ബന്ധു. ഞങ്ങള്‍ ഒരേ പ്രായക്കാരും, ഒരു കൂട്ട്   കുടുംബത്തിലെ അംഗങ്ങളും, ഒരുമിച്ചു കളിച്ചു വളര്‍ന്നവരും , ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ കണ്ടുമുട്ടി, പിന്നെ പിരിഞ്ഞു,  പിന്നെയും ഒരുമിക്കാന്‍ സാധ്യതകള്‍ ഉണ്ടായ ഒരു സുഹൃത്ത്‌ ബന്ധം.

                 "പ്രിയോര്‍ മാമ്പഴവും രഘുവും എന്റെ ജീവനാ" എന്നങ്ങേര്‍,
ക്ട്ടിക്കാലത്ത് പറഞ്ഞ വാചകം, ഞങ്ങളുടെ കുടുംബത്തിലെ പഴയ ആളുകള്‍ കൂടുമ്പോള്‍ ഇപ്പോഴും അനുസ്മരിക്കാപ്പെടാറുണ്ട്.
    
                           ഞാനും ഡോക്ടറും എട്ടംക്ലാസ്സു മുതല്‍, ഒരു ബെഞ്ചില്‍, അടുത്തടുത്തിരുന്നു    ഒരുമിച്ചു പഠിച്ചതാണ്. ഡോക്ടര്‍ അന്നേ പഠിക്കാന്‍ മിടുക്കനായിരുന്നു.

                  പണ്ട് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോള്‍, കൂട്ടുകാര്‍  "എങ്ങിനെയുണ്ട് പസ്സാകുമോ?" എന്ന് ചോദിച്ചപ്പോള്‍, എന്റെ മറുപടി ആപേക്ഷികാമായിരുന്നു. മേല്‍ പറഞ്ഞ "ഡോക്ടര്‍ക്ക്  റാങ്ക് കിട്ടുമെങ്കില്‍, ഞാന്‍ പാസ്സാകും" എന്നായിരുന്നു. ഞാന്‍ ഇരുന്നതിന്റെ മുന്‍പിലത്തെ ബെഞ്ചില്‍ ഇരുന്നു പരീക്ഷ എഴുതിയ, ഇന്നത്തെ പ്രഗത്ഭനായ ഡോക്ടര്‍ക്ക്‌, എന്റെ എത്ര ചവിട്ടുകള്‍ കിട്ടിക്കാണും എന്ന് എനിക്ക് പോലും ഓര്‍മയില്ല.

                              ഈ പറഞ്ഞ മൂന്നുപേരും, കഴിഞ്ഞ പത്തിരുപതു കൊല്ലങ്ങളായി, മിഡില്‍ ഈസ്റ്റില്‍ ആണ്.  ഒരേ രാജ്യത്ത് അടുത്തടുത്തു  ജീവിച്ചു വരുന്നു.
 
                                     ഓരോരുത്തരും അവരവരുടെ കടമകള്‍ എല്ലാം നിറവേറ്റി അടിത്തൂണ്‍ പറ്റാന്‍ തയ്യാറെടുത്തു, വാര്ധക്ക്യത്തിന്റെ പടി വാതില്‍ക്കലില്‍   നില്‍ക്കുന്നവരാണ്.

                               പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോള്‍, എന്റെ ബന്ധു,
നല്ല പോലെ പഠിച്ചിരുന്നത് കൊണ്ട് എന്ജിനിയരിങ്ങിനു  ചേര്‍ന്നു. ഡോക്ടര്‍  സുഹൃത്ത്‌ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. ഞാന്‍ എന്റെ ബ്ലോഗിന്റെ "ആമുഖത്തില്‍" എഴുതിയ പോലെ, കാലടി ശങ്കര കോളേജിന്റെ, മുന്‍ വാതിലില്‍ കൂടി കയറി, പിന്‍വാതില്‍ വഴി പുറത്തേക്കു ഇറങ്ങി.

                            എന്നെ മാതൃ രാജ്യം സേവനത്തിനായി മാടി വിളിക്കുന്നു എന്ന് ഒരു ഉപാധിയും പറഞ്ഞു, ഞാന്‍ വിദ്യാഭ്യാസ രംഗത്ത് നിന്ന് പിന്‍ വലിഞ്ഞു.

                           പിന്നീട് ഒന്നരക്കൊല്ലം എയര്‍ ഫോഴ്സില്‍ ട്രെയിനിംഗ് .
അത് കഴിഞ്ഞു ലീവില്‍ വന്നപ്പോള്‍, പട്ടാളത്തില്‍ നിന്ന് കിട്ടുന്ന കോട്ടയില്‍, എന്റെ അനുഭവ സമ്പത്തിന്റെ വിവരങ്ങള്‍ നാളത്തെ ഡോക്ടരുമായും, എന്ജിനിയരുമായും ഞാന്‍  പങ്കിട്ടിരുന്നു . പക്ഷെ അവര്‍ രണ്ടുപേരും, നേരില്‍ അറിയില്ലായിരുന്നു.   
    
                            പില്‍ക്കാലം, ഓരോരുത്തരും അവരവരുടെ ജീവിതം പടുത്തുയര്‍ത്താനുള്ള തത്രപ്പാടില്‍ പരസ്പരം അകന്നു .

                               എന്റെ ഡോക്ടര്‍ സുഹൃത്ത്‌, എം. ആര്‍, സി. പി കഴിഞ്ഞു, യൂ. കെയില്‍, നെഫ്രോളജിസ്റ്റ് ആയി തുടരുന്നു, എന്ന് അങ്ങേരുടെ കുടുംബക്കാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു.പിന്നീട് ആ കുടുബം, എന്റെ നാട്ടിലുള്ള വീടും സ്ഥലവും വിറ്റ് വര്‍ക്കലയിലേക്ക് താമസം മാറ്റി.

                  ബന്ധു ഡിഗ്രിക്ക് ശേഷം ധവള വിപ്ലവത്തിന്റെ ഉപദേഷ്ടാവായ എന്‍. ഡി കുര്യന്റെ കീഴില്‍, നാഷണല്‍ ഡയറി ഡിവെലപ്മെന്റ്റ്‌ ബോര്‍ഡിന്റെ ബാങ്കളൂര്‍ ആഫീസിലാണെന്നും ഞാനറിഞ്ഞു.

            രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം, ഒരു പ്രാവശ്യം ലീവില്‍ നാട്ടില്‍ വന്നപ്പോഴാണ് അറിഞ്ഞത്, എന്റെ ബന്ധു വിവാഹിതനായ കാര്യം.
കല്ല്യാണം കഴിച്ചത് പണ്ട് കോളേജു കാലത്ത് പ്രണയിച്ചിരുന്ന പെണ്ണിനെ
തന്നെ.

                    പിന്നെ സര്‍ക്കസ്സുകാര്‍ തമ്പ് മാറുന്നത് പോലെ, വിവാഹം കഴിച്ച ഞാനും, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജോലി ചെയ്തു
കറങ്ങി തിരിഞ്ഞു. ഒടുവില്‍, ട്രാന്‍സ്ഫര്‍ ആയി ബാങ്ക്ലൂരില്‍ എത്തി.

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, വീണ്ടുമുള്ള ഞങ്ങളുടെ കണ്ടു മുട്ടല്‍. അതും ഒരു നിമിത്തം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

                അദ്ദേഹത്തിന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനത്തിന്റെ സമയം.
എസ്. എല്‍. ഇ എന്ന അപൂര്‍വ്വം ആളുകള്‍ക്ക് വരുന്ന ഒരസുഖ്ത്തിന്റെ
ലക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയില്‍ കണ്ടു തുടങ്ങിയിരുന്നു. ബെഡ്
റസ്റ്റ്‌ വേണം എന്ന വിദ്ദഗ്ധ ഉപദേശവും.

                     അത്യാവശ്യം സൌകര്യങ്ങള്‍ ഉണ്ടായിരുന്ന എന്റെ എയര്‍
ഫോഴ്സ് കാമ്പിലെ ഔദ്യോഗിക  താമസ സൌകര്യവും, പരിചരിക്കാന്‍ സന്നദ്ധത ഉള്ള എന്റെ ഭാര്യയും, അവര്‍ക്ക് സമയോചിതമായ സഹായമായിരുന്നു എന്ന് അദ്ദേഹം തന്നെ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.

           ഞങ്ങളുടെ കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിച്ചു.

                     അന്നത്തെ ഒരു തമാശ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കുട്ടികള്‍
സാധാരണ, എന്തെങ്ങിലും മേടിച്ചു തരാന്‍ താല്പര്യമുള്ള ആളുകളെ മുതലെടുത്ത്‌ 'അത് വേണം - ഇത് വേണം' എന്ന് അവരോടു പറയാറുണ്ടല്ലോ.

                   അങ്ങിനെ ഒരു പരിധിക്കപ്പുറം എന്റെ മോന്‍ അയാളെ ശല്യപ്പെടുത്തി എന്ന് ഞാന്‍ കണ്ടു. ആ അവസരത്തില്‍ ഞാന്‍ മോനോടു
പറഞ്ഞു 'വീട്ടില്‍ ആര് വന്നാലും, എനിക്കിത് വേണം, അത് വേണം എന്ന് പറയരുത് എന്ന്. ഞാന്‍  പറഞ്ഞത്  ഉള്‍ക്കൊണ്ടുകൊണ്ട്, അടുത്ത ദിവസം അയാള്‍ വന്നപ്പോള്‍, എന്റെ മോന്‍ ചോദിച്ചു-

                "അങ്കിള്‍, അങ്കിളിനു  നിക്ക് ഒരു  ഐസ് ക്രീം മേടിച്ചു തരാന്‍ 
തോന്നുന്നുണ്ടോ ?" എന്ന്.

                വെറുതെയല്ല, മൂന്ന് തൊട്ടു അഞ്ചു വസ്സുവരെ പ്രായം ഉള്ള
കുട്ടികളെ സൈക്കൊളജിസ്ട്ടു "ലിറ്റില്‍ പ്രോഫസ്സെഴ്സു" എന്ന് വിശേഷിപ്പിക്കുന്നത്.

                   ആ സമയത്താണ് എന്റെ ബന്ധുവിന് മിഡില്‍ ഈസ്റ്റില്‍, ഒരു
ഓഫര്‍ കിട്ടി, അവര്‍ അങ്ങോട്ട്‌ പോയത്.


*                       *                    *                  *                  *                 *                  *

                    പട്ടാളത്തില്‍ നിന്ന് വിരമിച്ചു നാട്ടില്‍ വന്നു നിക്ക് പൊതുമേഖല 
സ്ഥാപനത്തില്‍ ജോലി ആയി. അവിടത്തെ ജോലിയും, യുണിയനും,
കാശുണ്ടാക്കാനുള്ള പരക്കം പാച്ചിലും എല്ലാം എനിക്ക് പുത്തരി ആയിരുന്നു.

                     എളുപ്പ വഴിയില്‍, ക്രിയ ചെയ്യുന്ന പ്രതിഭകളെ അനുകരിച്ചു,
ഞാനും കാര്യങ്ങള്‍ ഒരു ഫാസ്റ്റ് ട്രാക്കിലാക്കി. കുറച്ചു 'ജോര്‍ജുകുട്ടി'
ഉണ്ടാക്കണം. അവസാനം, ഹര്‍ഷദ്‌ മേത്തയുടെ സ്കാമില്‍ ഞാനും ചെന്ന് പെട്ടു. പതനം കൂടുതല്‍ മുകളില്‍ നിന്നാകുമ്പോള്‍, അതിന്റെ ആക്കവും കൂടും. തല നിവര്‍ത്തി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ. ഒടുവില്‍ എന്റെ സുഹൃത്തായ ബന്ധു, എനിക്ക് മിഡില്‍ ഈസ്ട്ടിലുള്ള  അയാളുടെ കമ്പനിയില്‍ ഒരു വിസ ഒപ്പിച്ചു തന്നു.

                     ബാല്യകാലത്തില്‍ സുഹൃത്തുക്കള്‍  ആയിരുന്ന രണ്ടു പേര്‍,
നീണ്ട ഒരിടവേളക്ക് ശേഷം, ബാംഗ്ലൂര്‍ വെച്ച് കണ്ടു മുട്ടുന്നു. പിന്നെയും പരസ്പരം പിരിയുന്നു. പിന്നയൂം നീണ്ട പത്തു വര്‍ഷത്തെ അകല്ച്ചക്ക്
ശേഷം വീണ്ടും അന്യ രാജ്യത്തു വെച്ച് ഒരുമിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ഈ ബ്ലോഗിന്റെ തലക്കെട്ട്‌ തന്നെ "നിയോഗം" എന്നിട്ടത്.

                            ഞാന്‍ ഈയിടെ നെറ്റ് പരതിയപ്പോള്‍, "റാന്‍ഡം തോട്ട്സ്"
എന്നൊരു ബ്ലോഗ്‌ കണ്ടു. അതിന്റെ ഉടമസ്ഥ,  ബ്ലോഗിന്റെ അവതരണത്തില്‍, അവരെ കുറിച്ച് എഴുതിയിരിക്കുന്നതിന്റെ കൂടെ, ഇങ്ങനെ എഴുതിയിരിക്കുന്നു. "നിങ്ങള്‍ ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാനും, നമ്മള്‍ തമ്മില്‍ ആശയ വിനിമയം ചെയ്യുന്നതിന്റെയും, പിറകില്‍ അദൃശ്യമായ ഒരു സംവിധായകന്റെ ഇംഗിതം ഉണ്ടാകാം.... " അര്‍ത്ഥവത്തായ  വരികള്‍.

                        ഞാന്‍ എന്റെ പ്രതിപാദ്യവിഷയത്തിലേക്ക് വരാം.

                ഞാന്‍ മിഡില്‍ ഈസ്റ്റില്‍ ചെല്ലുമ്പോള്‍, എന്റെ ബാധുവിന്റെ ഭാര്യക്ക്, ബാംഗ്ലൂര്‍ നിന്ന് തുടങ്ങിയ എസ. എല്‍. ഇ എന്ന അസുഖം,വൃക്കയെ ബാധിച്ചു ആശുപത്രിയില്‍ കിടക്കുകയായിരുന്നു. കുറച്ചു നാള്‍ കൂടിക്കഴിഞ്ഞാല്‍ , ഡയാലിസിസ് പിന്നെ ട്രാന്‍സ്പ്ലാന്ടു മുതലായവ വേണ്ടി വരും എന്ന അവസ്ഥ.  

                     എന്റെ പഴയ ഡോക്ടര്‍ സുഹൃത്ത്‌ ഇംഗ്ലണ്ടില്‍ നിന്നും മടങ്ങി, മിഡില്‍ ഈസ്ട്ടിലുള്ള, എന്റെ ബാധുവിന്റെ ഭാര്യ കിടക്കുന്ന  അതേ ആശുപത്രിയില്‍ തന്നെ, ജോലി ചെയ്യുന്ന വിവരം എനിക്ക് അറിയില്ലായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ആ സ്ത്രീ, എന്റെ ഡോക്ടര്‍ സുഹൃത്തിന്റെ  പേഷ്യന്ടു ആയിരുന്നു. അതും ഒരു നിമിത്തം !

                           എന്റെ പഴയ ഡോക്ടര്‍ സുഹൃത്ത്‌, രോഗികളുമായി  ഒരു ഇമോഷണല്‍ അറ്റാച്മെന്റ് ഉണ്ടാക്കതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ആളാണ്‌. അത് അവരുടെ ഔദ്യോഗിക  കൃത്യ നിര്‍വഹണത്തെ ബാധിക്കും എന്ന് വിശ്വസിക്കുന്ന ആള്‍.

                            അപ്പോഴാണ്‌ അപ്രതീക്ഷിതമായി ഒരു സംഭവം ഉണ്ടായത്.
ഒരു ദിവസം റൌണ്ട്സിനു വന്നപ്പോള്‍, ഡോക്ടറുമായി  ഒരു പാലം വെക്കാം എന്ന് കരുതി, എന്റെ ബന്ധുവിന്റെ ഭാര്യ ചോദിച്ചു-

                   "ഡോക്ടരുടെ നാടെവിടെയാണ് ?"

  ഡോക്ടരുടെ ഭാര്യ തിരുവനന്ദപുരംകാരി ആണ്. ഇപ്പോള്‍ ഡോക്ടര്‍  വീട്  വെച്ചിരിക്കുന്നതും അവിടെയാണ്. പക്ഷെ ഇതുപോലെ, മലയാളി രോഗികളില്‍ നിന്നും, ഡോക്ടര്‍, ഇത്തരം ചോദ്യങ്ങള്‍ ഏറെ തവണ കേട്ടിരിക്കുന്നു !
 
                       രോഗിയും, തിരുവനന്ദപുരംകാരി ആണ് എന്ന് ഡോക്ടര്‍ക്ക്‌ അറിയാമായിരുന്നു.

അതുകൊണ്ട്, ഡോക്ടര്‍, അദ്ദേഹത്തിന്റെ സ്ഥലം, തിരുവനന്ദപുരം എന്ന് പറയാതെ, പിടി കൊടുക്കാത്ത, ദേഹത്ത് എണ്ണ പുരട്ടിയ ഒരു ഗുസ്തിക്കാരന്റെ മിടുക്കോടെ 'വടക്കന്‍ പറവൂര്‍' എന്ന് പറഞ്ഞു. അവിടെയാണ് നിമിത്തത്തിന്റെ പ്രസക്തി.

             'വടക്കന്‍ പറവൂരില്‍' എവിടെയാണ്? രോഗി വിടുന്ന ലക്ഷണമില്ല.

               'വടക്കന്‍ പറവൂര്‍' നിങ്ങള്‍ക്ക് അറിയാമോ ? ഡോക്ടറും വിട്ട് കൊടുത്തില്ല.

               അവസാനം പറഞ്ഞു പറഞ്ഞു, രണ്ടു പേര്‍ക്കും മനസ്സിലായി, ഞാന്‍
ഡോക്ടറിന്റെ സുഹൃത്താണ് എന്നും, രോഗി എന്റെ ബന്ധുവിന്റെ ഭാര്യ ആണെന്നും. കൂടാതെ ഡോക്ടറിന്റെ ഭാര്യ സഹോദരനും രോഗിയുടെ സഹോദരനും തിരുവനന്ദപുരം സ്കൂളില്‍ ഒരുമിച്ചു പഠിച്ച സുഹൃത്തുക്കളും ആയിരുന്നു എന്നും.
          ഞങ്ങളും ഡോക്ടറും താമസിച്ചിരുന്നത് ഒരു വലിയ ഗ്രൌണ്ടിന്റെ രണ്ടു ഭാഗത്ത്‌  ആയിരുന്നു. ഉദ്ദേശം ഒരു ഇരുന്നൂറു വാര ദൂരം അകലെ. എന്നിട്ടും, ഞാന്‍ വന്ന് ഇത്രയും നാള്‍ കഴിഞ്ഞിട്ടും, ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നില്ല! 

                 അന്ന് വൈകുന്നേരം വിസിറ്റിംഗ് ട്യ്മില്‍ രോഗിയെ കാണാന്‍
ചെന്നപ്പോള്‍ എനിക്ക് ഒരു ലോട്ടറി അടിച്ച സന്തോഷം ആയിരുന്നു. മുപ്പതു കൊല്ലം പഴക്കമുള്ള സുഹൃത്ത് ബന്ധം പുനസ്ഥാപിക്കാന്‍ പറ്റിയതില്‍. അതും ഒരു നിമിത്തം. എന്നല്ലാതെ എന്താ പറയുക.

 *                  *                       *                     *                  *                    *                  *

                           ഭേദപ്പെട്ട ചികിത്സാ സൌകര്യങ്ങളും, നേരിട്ടറിയാവുന്ന
ഒരു"കിഡ്നി സ്പെഷ്യലിസ്ട്ടിന്റെ സകല സഹായങ്ങളും ഉണ്ടായിട്ടും,
അവരുടെ രോഗം മൂര്‍ജ്ചിച്ചു .

                            നാട്ടില്‍ പോയി വൃക്ക മാറ്റ ശസ്ത്രക്രിയ ചെയ്തു മടങ്ങി വന്നെങ്കിലും, വിധി അവരോടു ക്രൂരത തന്നെ കാണിച്ചു.

                               സ്കൂളില്‍ പഠിക്കുന്ന മൂന്ന് ആണ്‍കുട്ടികള്‍ - ജോലി സ്ഥലത്തെ ദൈനംദിന പ്രശ്നങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന ടെന്‍ഷനുകള്‍ - രണ്ടു ദിവസം വീട്ടില്‍ ആണെങ്കില്‍  അഞ്ചു ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരുന്ന ഭാര്യ - പ്രമേഹം പ്രെഷര്‍, ക്രിയാറ്റിന്റെ വ്യതിയാനം മൂലം വരുന്ന വ്യഥകള്‍ - ഇതിലും ഉപരി , 'ഇമ്മിണോ സപ്പ്രസ്സീവ്' മരുന്നുകള്‍ നല്‍കുന്നത് കൊണ്ട്, വിവേക ചിന്തയോടെ പെരുമാറാന്‍ പറ്റാത്ത മാനസിക അവസ്ഥയുടെ ഉടമയും ആയി  അവര്‍.

                        ഇതെല്ലാം പേറിക്കൊണ്ടു, എന്റെ ബന്ധു ഭഗവത് ഗീതയില്‍
പറയുന്ന "സ്ഥിതപ്രജ്ഞന്‍" എന്ന പോലെയുള്ള ആ അവസ്ഥയില്‍,
സമചിത്തത കൈവെടിയാതെ, ജീവിക്കുന്നത് കണ്ടു, എനിക്കും എന്റെ ഡോക്ടര്‍ സുഹൃത്തിനും അത്ഭുതം തോന്നിയിട്ടുണ്ട്.

                        അവര്‍ക്ക് വീട്ടില്‍ ഇരുന്നു തന്നെ 'പെരിറ്റൊനിയാല്‍
ഡയാലിസിസ്' ചെയ്യാന്‍ ഡോക്ടര്‍ എന്റെ ഭാര്യയെ പഠിപ്പിച്ചു. അപാരമായ മനശക്തിയുടെ ഉടമയായ ആ സ്ത്രീ, അല്പം ശേഷിയുണ്ട്
എങ്കില്‍, മക്കളുടെ കൂടെ കാറില്‍ സിറ്റി കറങ്ങണം എന്ന് നിര്‍ബന്ധം
പിടിക്കും.  മക്കളുടെ ഹോംവര്‍ക്ക് പരിശോധിക്കും.

                       "അടുത്ത ദിവസം വീണ്ടും ആശുപത്രിയിലേക്ക്".

                                         അവരുടെ അവസാനകാലത്തും, വിധി അവരോടു ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്രൂരത കാട്ടിക്കൊണ്ടിരുന്നു.

                        "ഏതാണ്ട്, അവരെയും കൊണ്ടേ പോകുകയുള്ളൂ" എന്ന
തരത്തിലുള്ള സംഭവങ്ങള്‍. പ്രമേഹം കൂടിയിട്ടു, ഒരു കാല്‍ മുറിച്ചു കളയേണ്ടി വന്നു - 'ഗാള്‍ ബ്ലാഡരിനെ' രോഗം കീഴടക്കിയതിനെ തുടര്‍ന്നുള്ള  ശസ്ത്രക്രിയ. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന പോലെ 'മെരിഞ്ച്യട്ടിസ്' അടിച്ചു. അതിനെത്തുടര്‍ന്ന് 'സ്ട്രോക്ക്' - അതിനു ചികത്സയായി, മൂന്ന് ദിവസങ്ങള്‍ക്ക്ള്ളില്‍ രണ്ടു 'ബ്രെയിന്‍ സര്‍ജറികള്‍'!

                            ലോകത്ത് ഇത് പോലെ ഒരു രോഗിയും സഹിക്കേണ്ടി
വന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല.!

                   അവസാനം ആശുപത്രി മോര്‍ച്ചറിയില്‍, അവരെ പൊതു ദര്‍ശനത്തിനായി, ഒരുക്കി കിടത്തിയിരുന്നു. അപ്പോള്‍, നിശ്ചയ- ദാര്‍ദ്ട്യവും,* കുലീനതയും, പ്രൌഡ്‌ഠിയും ഉള്ള ഒരു തറവാട്ടമ്മ, ഉച്ചയൂണിനു ശേഷമുള്ള ഒരു ചെറു മയക്കത്തിലാണ് എന്ന പ്രതീതിയാണ് എന്നില്‍ ഉളവാക്കിയത്.

                        നാട്ടില്‍ പോയി  ചടങ്ങുകള്‍ എല്ലാം തീര്‍ത്ത ശേഷം, എന്റെ ബന്ധു മടങ്ങി വന്നു.  പോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഞങ്ങള്‍ പിരിഞ്ഞതിനു ശേഷമുള്ള വിവരങ്ങളെല്ലാം അദ്ദേഹം വിസ്തരിച്ചു പറഞ്ഞു.

                       അതില്‍ മനസ്സില്‍ തട്ടിയ ഒരു കാര്യം കൂടി എഴുതട്ടെ.

                               കൊഫിന്‍, കാര്‍ഗോ കാബിനിലേക്ക്‌ ലോഡ് ചെയ്യിച്ചു  വിമാനത്തിലേക്ക് കയറുമ്പോള്‍, അയാള്‍ വേറെ  ഏതോ ഒരു ലോകത്തായിരുന്നു. ഒരു മരപ്പാവ പോലെ ! സങ്കടം പോലും മരവിച്ചു നില്‍ക്കുന്ന നിമിഷം!

                             വിമാനത്തില്‍ താനിരിക്കുന്ന സീറ്റിനു താഴെ,  കാര്‍ഗോ കാബിനില്‍, തണുത്ത പെട്ടിക്കുള്ളില്‍, ഭാര്യ നിശ്ചലം വിശ്രമിക്കുന്നു.

                           പെട്ടെന്നാണ് പാസ്സെജില്‍ കൂടി കടന്നു പോയ ആരോ
തോളില്‍ തട്ടി അയാളോട് എന്തോ പറഞ്ഞത്.

                   സ്ഥലത്തെ കൊള്ളാവുന്ന ഏതോ കമ്പനിയില്‍, അറിയപ്പെടുന്ന  തസ്തികയില്‍ ജോലി ചെയ്യുന്ന എവിടെയോ കണ്ട ഒരു മുഖം. വിളറിയ
ഒരു ചിരിയോടെ എന്റെ ബന്ധു പ്രതികരിച്ചു .അപ്പോഴാണ്‌ ആ അവ്യക്ത  മുഖത്ത് നിന്ന് ഒരു ചോദ്യമുണ്ടായത്.

                         " ട്രാവലിംഗ് ടു ഇന്ത്യ , എലോണ്‍ ?"

           ഉടനെ നാവില്‍ വന്ന ഉത്തരം എന്റെ ബന്ധു തിരിച്ചു പറഞ്ഞു !

                     " നോ, ആം അക്കംബ്നീയിംഗ് മൈ വൈഫ് " !!!

                 
                       ---------------------------------------------------------------------------

2 comments:

  1. "നിങ്ങള്‍ ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാനും, നമ്മള്‍ തമ്മില്‍ ആശയ വിനിമയം ചെയ്യുന്നതിന്റെയും, പിറകില്‍ അദൃശ്യമായ ഒരു സംവിധായകന്റെ ഇംഗിതം ഉണ്ടാകാം.... " .........-സത്യം .

    ReplyDelete