Reminiscece Of Air Force Life

Saturday, June 23, 2012

സ്വമരണം കണ്ട ഭാഗ്യവാന്‍







                                  എന്റെ ഔദ്യോഗിക ജീവിതത്തിന്റെ  ഒന്നാം ഇന്നിങ്ങ്സ് എയര്‍ ഫോഴ്സില്‍ ആയിരുന്നു എന്ന് ഈ ബ്ലോഗിന്റെ ആമുഖത്തില്‍  ഞാന്‍
പറഞ്ഞിരുന്നല്ലോ. ആ വേളയില്‍ ഞാന്‍ സാക്ഷ്യം വഹിച്ച സംഭവ ബഹുലമായ ഒരു അനുഭവമാണ് ഞാന്‍ പങ്കു വെക്കാന്‍ പോകുന്നത്.

                                          ഞാന്‍ ശ്രീനഗറില്‍, എയര്‍ ഫോഴ്സിന്റെ ഒരു "നാറ്റ് സ്ക്വാര്‍ദ്നില്‍" ജോലി നോക്കുന്ന കാലം. ലോകത്തിലെ വ്യോമസേന ചരിത്രത്തില്‍, ഏറ്റവും ചെറുത്‌ എന്ന പ്രശസ്തി നേടിയിട്ടുള്ള 'ഫൈറ്റര്‍ ജെറ്റ് വിമാനമാണ് നാറ്റ്. വലിപ്പത്തില്‍ ചെറുത്‌ എന്നുള്ളത് മാത്രമല്ലായിരുന്നു അതിന്റെ സവിശേഷത. എഴുപത്തിഒന്നിലെ, ഇന്ത്യ പാക്കിസ്ഥാന്‍  യുദ്ധത്തില്‍, ഈ വിമാനത്തെക്കാള്‍ രണ്ടുമൂന്നിരട്ടി  ശേഷിയും കെല്പും ഉള്ള ശത്രുവിന്റെ സാബര്‍ ജെറ്റ് വിമാനങ്ങളെ, ഡോഗ് ഫൈറ്റിലൂടെ നിലം പതിപ്പിച്ചു. ആകാശത്ത് നടക്കുന്ന ഏറ്റുമുട്ടലില്‍ (ഡോഗ് ഫൈറ്റില്‍), നാറ്റിന്റെ, എതിരാളിക്ക് പിടികൊടുക്കാതെ ഒഴിഞ്ഞു മാറാനുള്ള കഴിവ് (മന്യുരബിളിടി) സ്തുത്യര്‍ഹാമായിരുന്നു. അന്നത്തെ യുദ്ധത്തില്‍, ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ബഹുമതി ആയ 'വീര ചക്രം'  ലഭിച്ച ഫ്ലൈറ്റ് ലെഫ്ടനെന്റ്റ്. ഗണപതിയെ സ്മരിക്കുന്നു.   

                                       രണ്ടു പേര്‍, വിമാനത്തിന്റെ പിന്‍ ചിറകില്‍ ഇരുന്നു, ഒരാള്‍ അതിന്റെ താടിക്കു (നോസ്കോണ്‍) പിടിച്ചു പൊക്കിയാല്‍, തിരിച്ചു വെക്കവുന്നത്ര ഘനം കുറഞ്ഞ വിമാനം. 

                                 ശ്രീനഗര്‍ വിമാന താവളത്തിന് ഒരു പ്രത്യേകത ഉണ്ട്.
മംഗലാപുരത്ത് വിമാന അപകടം ഉണ്ടായപ്പോള്‍ നമ്മള്‍ പേപ്പറില്‍ കൂടി 
വായിച്ചിട്ടുള്ള 'ടേബിള്‍ ടോപ്‌ എയര്‍ ഫീല്‍ഡ്' ആണ് അത്. അതായത് വലിയ ഒരു കുന്നിനെ ചെത്തി നിരപ്പാക്കി ഉണ്ടാക്കിയ വിമാന താവളം. വിമാനം നിലത്തു നിന്ന് പൊങ്ങി റണ്‍വേ കഴിഞ്ഞാല്‍, പിന്നെ താഴെ കാണുന്നത് രണ്ടു മൂവായിരം അടി താഴ്ചയുള്ള താഴ്വരയാണ്.

                             കാശ്മീരിന്റെ വടക്കെ അറ്റത്തുള്ള, മഞ്ഞു മലകള്‍ക്കിടയിലുള്ള പട്ടാള സംവിധാനങ്ങള്‍ക്കും, ലേ, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്കും, ആവശ്യമുള്ള എല്ലാ സാധനങ്ങളും എത്തിച്ചു കൊടുക്കുന്നത്, വിമാനങ്ങളില്‍ കൂടി അല്ലെങ്കില്‍ ഹെലികൊപ്ട്ടരില്‍  കൂടി ആണ്. അതിനായി അന്നത്തെ  .എന്‍ -12, പാക്കറ്റ്, തുടങ്ങിയ കാര്‍ഗോ വിമാനങ്ങള്‍, പല സ്ഥലങ്ങളില്‍ നിന്ന് സാധനങ്ങള്‍ കയറ്റി, ശ്രീനഗറില്‍ ഇറങ്ങി, ഇന്ധ്ധനം നിറച്ചിട്ട്‌ പോകാറാണ് പതിവ്. 

                      ധാന്യങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, മരുന്നുകള്‍,
പട്ടാള യൂനിട്ടുകള്‍ക്ക് വേണ്ടിയുള്ള വെടിക്കോപ്പുകള്‍, എന്തിന് പട്ടാളക്കാര്‍ക്കുള്ള, നാട്ടില്‍ നിന്നുള്ള കത്തുകള്‍ വരെ ഇതില്‍ പെടും. 
  
                                       സത്യത്തില്‍ ഈ എയര്‍ കാര്‍ഗോ സര്‍വീസിന്റെ 
കാര്യക്ഷമതയിലാണ്, ഹിമാലയന്‍ മഞ്ഞു മലകളിലുള്ള മനുഷ്യ ജീവന്‍ 
തുടിക്കുന്നത്.

                       ശ്രീനഗറില്‍ കരമാര്‍ഗം എത്തണമെങ്കില്‍, ജമ്മുവില്‍ നിന്ന് പന്ത്രണ്ടു മണിക്കൂര്‍ റോഡ്‌ യാത്ര ചെയ്യണം. ആ പന്ത്രണ്ടു മണിക്കൂര്‍ യാത്ര, ആദ്യമായി പോകുന്നവര്‍ക്ക്, മനം കവരുന്ന കാഴ്ചയാണ്.
            ഹിമാലയ സാനുക്കളില്‍ കൂടി, എണ്ണിയാല്‍ ഒടുങ്ങാത്ത ഹെയര്‍പിന്‍ 
വളവുകളില്‍ കൂടി, ഇന്ത്യയിലെ ഏറ്റവും വലിയ തുരംഗമായ ജവഹര്‍ 
ടണല്‍ വഴി ഒക്കെ ഉള്ള യാത്ര. കൂടെക്കൂടെ, മണ്ണിടിഞ്ഞു, റോഡുകള്‍  തന്നെ അപ്രത്യക്ഷമാകാന്‍ സാധ്യത് ഉള്ളത്കൊണ്ട്, ഉടനടി പുതിയ റോഡ്‌ നിര്‍മിക്കാനായി, ബുള്‍ഡോസരുകളും, ജെ . സി. ബികളും ഉള്ള 'ഗ്രഫ്' യൂനിട്ടുകളെയും, എം.ഇ. ജി യൂനിട്ടുകളെയും, ഇടവിട്ട് സ്ഥിരമായി വിന്യസിച്ചിട്ടുണ്ട്.    

                               ചുരുക്കം പറഞ്ഞാല്‍, പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് ഈ ദൂരം താണ്ടുമോ എന്ന് ആര്‍ക്കും ഉറപ്പില്ല!

                                 അത് കൊണ്ട് സ്രീനഗരിലോ അതിനപ്പുറമുള്ള യൂനിട്ടുകളിലോ സേവനം ചെയ്യുന്ന പട്ടാളക്കാര്‍ പലരും, ശ്രീനഗര്‍ എയര്‍ 
ഫോഴ്സ് കാമ്പില്‍ വന്നു, അവിടുന്നു ആഗ്രയിലേക്കോ, മദ്രാസിലേക്കോ  
പോകന്ന ഒരു വിമാനത്തില്‍ കയറിക്കൂടാന്‍ നോക്കും. ഭാഗ്യമുണ്ടെങ്കില്‍,
അക്കാലത്തു ചിലവഴിക്കേണ്ടി വരുന്ന അഞ്ചു ദിവസത്തെ യാത്ര കൂടി,
ലീവിന്റെ അക്കൌണ്ടില്‍ നാട്ടില്‍ നില്‍ക്കാം.  
                          അത് പോകട്ടെ ഞാന്‍  "നാറ്റ് സ്ക്വാര്‍ദ്നില്‍" ജോലി ചെയ്തിരുന്നത് കൊണ്ട്, ദൈനംദിനം നടക്കുന്ന ഈ കാര്‍ഗോ വിമാന
പരിപാടികളും ആയി നേരിട്ടൊരു ബന്ധവും ഇല്ലായിരുന്നു.

                                എങ്കിലും ഞങ്ങളും ടാര്‍മെക്കില്‍, ഈ കാഴ്ചകള്‍ക്ക് 
സാക്ഷ്യം വഹിക്കാറുണ്ട്.

                                  ഒരു ദിവസം ഞാനും, എന്റെ സഹപ്രവര്‍ത്തകരും,
വിമാനത്തിന്റെ ഡെയിലി ഇന്‍സ്പെക്ഷന്സു നടത്തി, റെഡി ആണ് 
എന്ന് ഒപ്പിട്ടശേഷം വിശ്രമിക്കുകയായിരുന്നു. ബ്രീഫിംഗ് പ്രകാരം ടേക്ക് ഓഫിനു, ഇനിയും ഒരു മണിക്കൂര്‍ ഉണ്ട്. 

                                  ഞങ്ങള്‍ കുറച്ചു മലയാളികള്‍ വിമാനത്തിന്റെ താഴെ,
കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുംബോഴാണ്, യൂണിഫോം ധരിച്ച ഒരു 
ആര്‍മിക്കാരന്‍, ചെറിയ സൂട്കേസുമായി, ഞങ്ങളുടെ അടുത്തേക്ക് വന്നത്. 

               മലയാളത്തില്‍ സംസാരം കേട്ട മാത്രയില്‍, പുള്ളിക്കാരന്‍ ഞങ്ങളോട് ചോദിച്ചു.

                         "മാഷേ, ഇവിടെ നിന്ന് ഏതെങ്കിലും വിമാനം പൂനക്കോ,
മദ്രാസിനോ പോകുന്നുണ്ടോ?  അമ്മ സീരിയസ്സാണെന്ന് കമ്പി കിട്ടിയിട്ട്,
ഞാന്‍ നാട്ടില്‍ പോകുകയാണ്."

                        ഈ കാര്‍ഗോ വിമാനങ്ങളുടെ പോക്കുവരത്തിനെക്കുറിച്ചു, ഒരു വിവരം ഇല്ലെങ്കിലും, അയാളുടെ ആ സാഹചര്യത്തില്‍, എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നത് നോക്കാം എന്ന് ഞങ്ങളും കരുതി. 
                     അവിടെ നാലഞ്ചു കാര്‍ഗോ വിമാനങ്ങള്‍ കിടപ്പുണ്ടായിരുന്നു.
ഗ്രൌണ്ട് ക്രൂസിനോടു ആരാഞ്ഞപ്പോള്‍, അതില്‍ ഒരെണ്ണം ബംഗ്ലുരിനു 
പോകുന്നതാണ് എന്ന് മനസ്സിലായി. 
                       അതിനപ്പുറം ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുകയില്ല,
എന്തെന്നാല്‍ ആ വിമാനത്തില്‍ അയാളെ പോകാന്‍ അനുവദിക്കണമോ 
വേണ്ടയോ എന്നുള്ളതെല്ലാം ആ വിമാനത്തിലെ ഉദ്ദ്യോഗസ്തന്മാരുടെ 
തീരുമാനമാണ്. ഞങ്ങള്‍ക്ക് അവരെ ഒട്ടു അറിയുകയില്ല താനും.
                          ഞങ്ങള്‍ക്ക് കിട്ടിയ വിവരം, അയാളെ ധരിപ്പിച്ചു, ഇനി അവരോടു പോയി ചോദിക്കാന്‍ പറഞ്ഞു, ഞങ്ങള്‍ വര്‍ത്തമാനത്തില്‍ 
മുഴുകി.  
                  
    കാര്‍ഗോ വിമാനത്തില്‍ സാധനങ്ങള്‍   ലോഡ് ചെയ്യിക്കുന്നതിന്റെ   ചുമതല 'ലാഷിംഗ് മാസ്റ്റര്‍' എന്ന് അറിയപ്പെടുന്ന ആള്‍ക്കാണ്. യാത്രാമധ്യേ, സാധനങ്ങള്‍ ഉലഞ്ഞു, അപകടങ്ങള്‍ സംഭവിക്കാതെ അവ സ്ട്രാപ്പില്‍ ബന്ധിച്ചു, ബലമാക്കി നിറുത്തുക, യാത്ര ചെയ്യുന്നവരുടെ പേരും വിവരങ്ങളും തിട്ടപ്പെടുത്തി, മാനിഫെസ്റ്റു തയ്യാറാക്കുക, ഇതെല്ലാം 
അദ്ദേഹത്തിന്റെ ജോലി ആണ്. ഈ പ്രക്രിയകള്‍ പൂര്‍ത്തി ആയാല്‍ അത്
തിരുത്താന്‍ പാടുള്ളതല്ല എന്നതാണ് നിയമം.   
  
                       എന്തായാലും മേല്‍പ്പറഞ്ഞ  പട്ടാളക്കാരന്‍ ഓടിക്കിതച്ചു 
എത്തിയപ്പോഴേക്കും, ലാഷിംഗ് മാസ്റ്റര്‍ ചടങ്ങുകളെല്ലാം കഴിച്ചു, പിന്‍ 
വശത്തെ വാതിലുകള്‍ അടക്കാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. 

                                    അയാള്‍ എത്ര അപേക്ഷിച്ചിട്ടും, ഒരു സോറി പറഞ്ഞു, 
ലാഷിംഗ് മാസ്റ്റര്‍, അയാളെ തിരിച്ചു വിട്ടു. ഇതെല്ലാം ടാര്‍മക്കില്‍ നിന്ന് 
ഞങ്ങള്‍ നിസ്സഹായതോടെ കണ്ടിരുന്നു.   

         വിമാനം ടാക്സി ഔട്ട്‌ ചെയ്തു റണ്‍വേ അറ്റത്തേക്ക് നീങ്ങുമ്പോഴും ആ പട്ടാളക്കാരന്‍ ആരെയോ ഒക്കെ പ്രാകുന്നുണ്ടായിരുന്നു.

                       റണ്‍വേ ടാര്‍മെക്കിന്റെ സൈഡില്‍ ആയതിനാല്‍ ആ വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് ഞങ്ങള്‍ക്ക്  കാണാമായിരുന്നു.
                      അപ്പോഴേക്കും ആ മലയാളി പട്ടാളക്കാരന്‍ ഞങ്ങളുടെ അടുത്തേക്ക് നടന്നെത്തി.
                    " ആ തന്തക്കു പിറക്കാത്തവന്‍ ഒരു മലയാളിയാ, അതാ എന്റെ വിഷമം. ആ വിമാനത്തില്‍ ഒരുപാടു സ്ഥലമുണ്ടായിരുന്നു,എന്നെ കൂടി കൊണ്ട്  പോയിരിന്നു എങ്കില്‍, ഞാന്‍ നാളെ വീട്ടില്‍ എത്തിയേനെ".

                         അങ്ങിനെ പോയി അയാളുടെ ജല്പനങ്ങള്‍.

                 ആ വിമാനം ടേക്ക് ഓഫ് റണ്‍ കഴിഞ്ഞു ആകാശത്തേക്ക് 
ഉയരുന്നതും നോക്കി ഇരുന്നു ഞങ്ങള്‍. ഈ മനുഷ്യനെ എന്ത് പറഞ്ഞു സമധാനിപ്പിക്കാനാണ്? 
                    ആ വിമാനം  ഒരു ഇരുന്നൂറു മീറ്റര്‍ ഉയര്‍ന്നു ആ ടേബിള്‍ ടോപ്‌ റണ്‍വേ പോലും കടക്കുന്നതിനു മുന്‍പ് വലത്തോട്ട് ചെരിഞ്ഞു നിലംപതിച്ചു,  ഒരഗ്നിഗോളമായി!!.





                  ആ മലയാളി പട്ട്ളക്കാരന്റെ മുഖഭാവം, ഇന്നും എന്റെ മനസ്സില്‍ നില്‍ക്കുന്നു.
                             ആ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഇരുപത്തിമൂന്ന്  പേരും മരിച്ചു -  

                                  --------------------------------------------------------



4 comments:

  1. നമ്മൾ സാധാരണ പറയാറുണ്ടല്ലൊ ‘അരിയെത്തിയാലെ മരിക്കൂ’ന്ന്.
    ആ മലയാളിയുടെ സമയമായില്ലായിരുന്നു..!!

    ReplyDelete
    Replies
    1. I think Ft. Lt. Ganapathy was awarded with Vir Chakra. Flying Officer Nirmal Jit Singh Sekhon is the only IAF personnel to be honoured with Param Vir Chakra. Please let me know if i am wrong.




      Regards

      Arun Kumar
      arung1984@gmail.com

      Delete
  2. Hi,
    You are absolutely correct- I felt bit bad that I made this mistake, without referring to the authenticity of what I wrote though it was only a narration of my old days.
    Thank you very much I have edited that entry and updated. Glad that people are reading even my old posts. Looking forward to more comments and corrections.
    regards

    ReplyDelete