Reminiscece Of Air Force Life

Thursday, August 22, 2013

വെളുത്തുള്ളി വര്‍ഗീസും - ഇഞ്ചി നായരും

                              കൊല്ലങ്ങള്‍ക്ക് മുന്‍പ് കുവൈത്തില്‍ ഞാന്‍ ആദ്യമായി വന്ന അന്ന്, മലയാളികളുടെ പാര്‍ട്ടികളില്‍ കേട്ടിട്ടുള്ള ഒരു തമാശയില്‍ നിന്നും ആണ് ഈ എഴുത്തിന്റെ പ്രചോദനം -  ഈ   തമാശ ആദ്യം കേട്ടത്   കുവൈറ്റ് ടൈംസില്‍ ജോലി ചെയ്യുന്ന 'കുട്ടന്‍' എന്ന ഒരു സഹൃദയനില്‍ നിന്നാണ് - ആ
നര്‍മത്തിന് പൊടിപ്പും തൊങ്ങലും നല്‍കി, അതിനു  വേണ്ട ഒരു പശ്ചാത്തലവും, മറ്റു അവശ്യ അനുസാരികളും ചേര്‍ത്ത് മെനഞ്ഞെടുത്തുതാണ് ഈ എഴുത്ത്.
                         ഇറാക്ക് അധിനവേശ സമയം- അവിടെ ഉണ്ടായിരുന്നതെല്ലാം വിട്ടെറിഞ്ഞ്‌, ബസ്ര വഴി ഇന്ത്യയിലേക്ക്‌ അഭയാര്‍ഥി പ്രവാഹം നടത്തിയ അനവധി മലയാളികള്‍ ഉണ്ടായിരുന്നു- ഞങ്ങള്‍ ഒരേ ബസ്സില്‍ യാത്ര തുടങ്ങിയ ഒരു കൂട്ടം ഉണ്ടായിരുന്നു- പല ദുര്‍ഘട സന്ദര്‍ഭങ്ങളിലും ഒരുമിച്ചു നില്‍ക്കാന്‍ പറ്റി എന്ന തിരിച്ചറിവ് -
                       അങ്ങിനെ യുദ്ധാനന്തരം, തിരിച്ചു കുവൈത്തില്‍ വന്നതിനു ശേഷവും, ഞങ്ങള്‍ ആ കൂട്ടായ്മ തുടര്‍ന്നു -
                       ഒന്ന് എന്റെ ബാല്യകാല സുഹൃത്തും, ഡോക്ടര്‍ ആയി ഇവിടെ ജോലി ചെയ്യുന്നതും ആയ ഒരാള്‍ - അമ്പതു കൊല്ലത്തെ സുഹൃത്ത്  ബന്ധം!
എന്റെ പഴയ പല പോസ്റ്റുകളിലും അദ്ദേഹത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്-
അദ്ദേഹത്തിന്റെ അനുഭവ സമ്പത്തില്‍ നിന്നും ആണ് എന്റെ പല  കഥാ ബീജങ്ങളും ഉടലെടുത്തത്.
                       സാധാരണ പൊതുവെ ഡോക്ടര്‍മാരുടെ ഇടയില്‍ കാണാത്ത വായനാ ശീലത്തിന്റെ ഉടമ, അതെ പോലെ സംസാരിക്കാനുള്ള കഴിവും -
                    മൂന്നാല് റൌണ്ടിന് ശേഷം,  കൂടുന്നവര്‍ ഒഴപ്പുന്നു, കൂടുതലാണ്, അല്ലെങ്കില്‍ ഉടക്കാനുള്ള ലക്ഷണം കണ്ടാല്‍, പുള്ളിക്കാരന്‍ വിഷയം മാറ്റി, കാര്യങ്ങള്‍ ശുഭാപ്തി പര്യവസാനം ആക്കി മാറ്റാന്‍ കെല്‍പ്പുള്ള ആള്‍ !
         വേറെ ഒന്ന് രണ്ടുപേര്‍ - ഇവരെ ഒക്കെ കൂടാതെ സ്വപ്രയത്നം കൊണ്ട്
കുവൈത്തില്‍ വന്ന് ബിസ്സിനസ്സില്‍ കൂടി കോടികള്‍ ഉണ്ടാക്കി, ഇവിടത്തെ പ്രവാസി മലയാളികളില്‍  അറിയപ്പെടുന്ന രണ്ട് വ്യക്തികള്‍ -
                അവരാണ് ഈ കഥയിലെ നായകന്മാര്‍ -
             "വെളുത്തുള്ളി വര്‍ഗീസും - ഇഞ്ചി നായരും"
       എങ്കിലും നമ്മുടെ കഥാ നായകന്മാരായ "വെളുത്തുള്ളി വര്‍ഗീസിനെയും,  ഇഞ്ചി നായരെയും ഒരുമിച്ച് ഒരു നുകത്തില്‍ പൂട്ടി ഉഴുവാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍ ആയിരുന്നു.
                                    പരസ്പര വിശ്വാസം, ബഹുമാനം എന്നത് ഇവരുടെ ഏഴു അയിലത്തുകൂടി  പോയിട്ടില്ല -
                   അതുകൊണ്ട് ഞങ്ങളുടെ ഈ കൂട്ടായ്മയില്‍, ഇവര്‍ രണ്ട് പേരും ഒരുമിച്ച് സന്നിഹിതരായിരുന്ന അവസരങ്ങള്‍ വിരളം -
                     "വര്‍ഗീസുണ്ടോ എന്നാല്‍ ഞാന്‍ ഇല്ല എന്ന് ഇഞ്ചിനായരും, നായരുണ്ടോ എന്നാല്‍ ഞാനില്ല എന്ന് വെളുത്തുള്ളിയും"
                      "തമ്മില്‍ കണ്ടാലല്ലേ പ്രശ്നമുള്ളൂ, ഞാനില്ല സോദരാ "
               രണ്ടുപേരും, ഇത് തന്നെ ആണ് കാരണം പറഞ്ഞിരുന്നത് !  
          ഇവര്‍ രണ്ട് പേരും ഇല്ലാതിരുന്ന ഒരു സെഷനില്‍, എന്ത് കൊണ്ട് ഇവര്‍
കീരിയും പാമ്പും പോലെ ആയി എന്നുള്ളതിനെ കുറിച്ച് ഞങ്ങള്‍ ഒരു അവലോകനം നടത്തി.
                              "ബിസ്സിനസ്സ് വിരോധം, വൈരാഗ്യം "
               കൂട്ടത്തില്‍  സഹനശക്തിയോടെ എല്ലാം കൈകാര്യം ചെയ്യുന്ന ഡോക്ടര്‍, അങ്ങേര്‍ക്കു അറിയാവുന്ന പശ്ചാത്തലം പറഞ്ഞു.
                            രണ്ട് പേരും എഴുപതുകളില്‍ ആണ് കുവൈത്തില്‍ വന്നത്. കട്ടപ്പനക്കാരന്‍ ഒരു കുഞ്ഞവറാച്ചന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്ക്.
പിന്നീട് രണ്ട് പേരും കൂടി ഒരു പങ്കു കച്ചവടം തുടങ്ങി.
           നാട്ടിലെ മലഞ്ചരക്കുകള്‍ ഇവിടെ എത്തിക്കുന്ന ഒരു പരിപാടി -
     തൊടുപുഴക്കാരന്‍ ഇഞ്ചി നായര്‍, അയാളുടെ നാട്ടിലുള്ള ബന്ധുക്കാരില്‍ കൂടി,  മലഞ്ചരക്കു കുവൈത്തില്‍ എത്തിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കി.
            വെളുത്തുള്ളി  അതെ പോലെ ശാന്തന്‍പാറയില്‍ നിന്നും.
     മൂന്നു കൊല്ലം കൊണ്ട് കുവൈത്തിലെ ഇന്ത്യന്‍   മലഞ്ചരക്കുകളുടെയും
വ്യന്ജനങ്ങുളുടെയും, വോള്‍സെയില്‍  ലോകം ഇവര്‍ കീഴടക്കുന്നു -
                പിന്നെ അങ്ങോട്ട്‌ കുറെ കൊല്ലങ്ങള്‍ അവരുടെ സുവര്‍ണ കാലം -
    ഏതോ ഒരു ഘട്ടത്തില്‍, കണക്കിലേറെ ആദായമുണ്ടാകുമ്പോള്‍, സാധാരണ പങ്കു കച്ചവടക്കാരുടെ ഇടയില്‍ സംഭവിക്കുന്ന ആ സ്പര്‍ധ, ഇവിടെയും ഉണ്ടായി -
            വാക്ക് തര്‍ക്കം, വ്യവഹാരം, പാരപണിയല്‍, തുടങ്ങിയ സകല കലാപരിപാടികളും - അവസാനം ബദ്ധവൈരികള്‍ ആയി.
             ഇതാണ് പലപ്പോഴായി, മലയാളി രോഗികളില്‍ നിന്നും ഡോക്ടര്‍ക്ക്
ലഭിച്ച വിവരത്തിന്റെ രത്നച്ചുരുക്കം -
               ഇനി വിഷയത്തിലേക്ക് വരാം. ഞങ്ങളീ കൂടുന്ന സദസ്സിലെ ചിലര്‍ ആലുവ യൂ. സി. കോളേജില്‍ പഠിച്ച ആളുകളാണ്. വേറൊരാള്‍ എറണാകുളം മഹാരാജാസില്‍,  മറ്റൊരാള്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍,
വേറൊരാള്‍ ബ്രണ്ണന്‍ കോളേജിലും .
                             കോളേജു ജീവിതത്തിന്റെ മധുരിമയിലും, ഓര്‍മ്മകള്‍ അയവിറക്കുമ്പോഴും, ആ കാലത്ത് യ്ണ്ടായിരുന്ന അധ്യാപകന്മാരുടെ മിഴിവുകള്‍ പരസ്പരം പറയുമായിരുന്നു.
                               ഗുപ്തന്‍ നായര്‍ സാറിന്റെ ക്ലാസ്സിനെ കുറിച്ച് ഒരാള്‍
വാചാലനാകുമ്പോള്‍, സാനു മാസ്റ്ററെ കുറിച്ചും ഭരതന്‍ സാറിനെക്കുറിച്ചും,
മഹാരജാസുകാരന്‍ പകരം പറയും. പിന്നെ ഓ. എന്‍. വിയേയും, എം. കൃഷ്ണന്‍ നായരേയും പ്രകീര്‍ത്തിക്കും.
                                 അന്നത്തെ സെഷനില്‍, ഇഞ്ചി വരില്ല എന്ന  ഉറപ്പില്‍, വെളുത്തുള്ളി വര്‍ഗീസ്‌ സന്നിഹിതനായിരുന്നു.
               "കുറ്റിപ്പുഴ കൃഷ്ണപിള്ള സാറിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?
ആലുവ യൂ. സി കോളേജിലെ അദ്ധ്യാപകന്‍ എന്നതിലുപരി, അദ്ദേഹം മലയാള സാഹിത്യത്തിനു ഒരു മുതല്‍ക്കൂട്ടായിരുന്നു."
              പെട്ടെന്നായിരുന്നു വെളുത്തുള്ളിയുടെ പ്രഖ്യാപനം -
      പിന്നെയങ്ങോട്ട് യൂ.സി കോളേജിന്റെ ചരിത്രത്തെ കുറിച്ചുള്ള ഒരു പ്രഭാഷണം ആയിരുന്നു  വെളുത്തുള്ളിയുടേത്.
            മലയാറ്റൂര്‍ രാമകൃഷ്ണന്‍,  ആര്‍.. വി. ജി  മേനോന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്,   എം. പി മാരായ തമ്പാന്‍ തോമസ്സ്, സാവിത്രി ലക്ഷ്മണന്‍, ഇവരെല്ലാം യൂ. സിയില്‍ നിന്ന് പിറന്ന പ്രതിഭകളാണ്. അന്നത്തെ കാലത്ത് അഞ്ചു ഹോസ്റ്റലുകള്‍ ഉണ്ടായിരുന്ന മറ്റൊരു കലാലയം കേരളത്തില്‍ ഇല്ലായിരുന്നു!
               ഞാന്‍ യൂ. സിയില്‍ പഠിച്ചിട്ടില്ല എങ്കിലും, ആ നാട്ടുകാരനായിരുന്നു.
എന്റെ ഒരു കസിന്‍ ആ സമയത്ത് അവിടെ പഠിച്ചിരുന്നു. ഈ പറഞ്ഞ ഹോസ്റ്റലുകളില്‍ ഒന്നായ 'ചാക്കോ ഹോസ്റ്റലില്‍' ഒത്തിരി തവണ അവന്റെ          ഗസ്റ്റായി താമസിച്ചിട്ടുണ്ട്. അതുകൊണ്ട് ആ കോളേജിന്റെ അകത്തളങ്ങള്‍ വരെ എനിക്ക് സുപരിചിതമായിരുന്നു.
              നാലെണ്ണം കഴിഞ്ഞ്, ഒരേ തൂവല്‍ പക്ഷികളെ പോലെ, മറ്റേ ആള്‍ പറയുന്നതിനെ മാനിച്ച് ഞങ്ങള്‍ മുന്നേറുമ്പോഴാണ്‌, വെളുത്തുള്ളിയുടെ അടുത്ത കാച്ച്.
             "എം. എ. ഫൈനലിന്ക്ക് പഠിക്കുമ്പോള്‍ കുറ്റിപ്പുഴ സാര്‍ ഒരു കേട്ടെഴുത്ത് ഇട്ടു - എനിക്ക് മാത്രമാണ് പത്തില്‍ പത്ത് കിട്ടിയത് ."
                         സദസ്സ് ആകെ നിശബ്ദമായി! വെളുത്തുള്ളി  വിടുന്നില്ല -
      "എന്നെ വന്ന് കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു, നീ നാളത്തെ വാഗ്ദാനമാണ്!"
                     എന്റെ സുഹൃത്ത് ഡോക്ടര്‍ സമയോചിതമായി ഇടപെട്ടു.
               "അപ്പോള്‍ നമുക്ക് കഴിക്കാം അല്ലേ, നാളെ എനിക്ക് ഓ. പി ഉള്ളതാണ്."
എന്നും പറഞ്ഞു ഡോക്ടര്‍ ഫുഡ്‌ സര്‍വ്  ചെയ്യുകയും, തുടര്‍ന്ന്‍ സംസാരം രൂപയുടെ വില ഇടിവിനെ കുറിച്ചും, 'മാഞ്ചിയം' കൃഷിയെക്കുറിച്ചും ആയി.
                     അടുത്തയാഴ്ച വെളുത്തുള്ളിയും ഇഞ്ചിയും ഇല്ലാത്ത സദസ്സില്‍,
ഈ  അപശ്രുതിയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു.
          " ഇതിന്റെ നിജാവസ്ഥ കിട്ടണം എങ്കില്‍, നമ്മള്‍ ഇഞ്ചിയോട് ചോദിച്ചാലേ
അറിയാന്‍ പറ്റുകയുള്ളു."
          അടുത്ത കൂട്ടായ്മയില്‍ വെളുത്തുള്ളിയെ ഒഴിവാക്കി, ഇഞ്ചിയെ വിളിച്ച്   ഞങ്ങള്‍ വേദി ഒരുക്കി.
          തോടയവും, പുറപ്പാടും ഒക്കെ കഴിഞ്ഞ് ഞങ്ങള്‍  കഥയിലേക്ക് നീങ്ങി -
ഇഞ്ചി പ്രതികരിക്കാന്‍ തുടങ്ങി -
             "എന്റെ ഡോക്ടറെ, ആഹാരം കഴിക്കാനും കള്ളം പറയാനും മാത്രമേ, അവന്‍  വായ് തുറക്കുകയുള്ളൂ."
         " ഏയ്‌, അത് നിങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം. നമ്മളൊരുമിച്ച്
ഒരേ രണഭൂവില്‍ നിന്ന്‍ പാലായനം ചെയ്തവരല്ലേ?"
            വേദിയില്‍ ഇരുന്ന ഒരാള്‍ നിഷ്പക്ഷനായി, പഴയ ഓര്‍മകളുടെ 'സെന്റി'
ഒന്ന്‍ 'ആമ്പ്ലിഫൈ' ചെയ്ത് രണ്ടെണ്ണം കൂടി ഒഴിച്ചു.  
              "ബസ്രയില്‍ നിന്നുള്ള ആദ്യത്തെ ഫ്ലൈറ്റില്‍ അവനു മാത്രമാണ് സീറ്റ് തരം
ആയത്, ഡോക്ടര്‍ ഓര്‍ക്കുന്നുണ്ടോ?"
                      " കുവൈത്ത് അതിര്‍ത്തിയും അവിടത്തെ പട്ടാളക്കാരെയും, ബസ്രയിലുള്ള ചെക്ക് പോസ്റ്റുകളെയും വെട്ടിച്ച്, നാലഞ്ച് ബിസ്കറ്റുകള്‍
ഞാന്‍ കടത്തിയിരുന്നു."
        "ആദ്യം അവനാണല്ലോ നാട്ടിലെത്തുന്നത് എന്ന്‍ കരുതി ഞാനത് അവനെ ഏല്‍പ്പിച്ചു. നാട്ടില്‍ ഞാന്‍ ചെന്നപ്പോള്‍, അവന്‍ പറയുകയാണ്‌-" "          
               "ഒരു യുദ്ധക്കെടുതിയില്‍ നമുക്ക് തിരിച്ചു കിട്ടിയ ജീവനാണ് ഏറ്റവും വലുത് - അതിനു നന്ദി പറയുക- കഷ്ടങ്ങളും നഷ്ടങ്ങളും മറക്കുക !"
                    വികാരധീനനായി  ഇഞ്ചി പൊട്ടി കരഞ്ഞു -    
           അതുവരെ പവിലിയനില്‍ ഇരുന്ന് കളി കണ്ടിരുന്ന ഞാന്‍, ഇഞ്ചിയെ സമാശ്വസിപ്പിച്ച് ഒന്ന് കൂടെ ഒഴിച്ചിട്ട്ചോദിച്ചു -
           "അപ്പോള്‍ അയാളുടെ യു. സി. കോളേജിലെ പഠിപ്പും പത്രാസും ഒക്കെ?"
      "എന്റെ മാഷേ, ഞാന്‍ കള്ളു കുടിച്ചിട്ട് പറയുന്നതല്ല, ഞങ്ങള്‍ ഒക്കെ പത്താം തരം പോലും എത്തിയവരല്ല. രണ്ട് പേരും ചാക്കോ ഹോസ്റ്റലിലെ മെസ്സിലെ പണിക്കാര്‍ ആയിരുന്നു. അവന് അന്നത്തെ   പ്രിന്‍സിപ്പല്‍ ബഞ്ചമിന്‍ സാറിന്റെ പരിചയത്തില്‍, അങ്ങേരുടെ വീട്ടിലേക്കു മാറ്റം കിട്ടി. ബഞ്ചമിന്‍ സാറിന്റെ ബന്ധു ആയിരുന്നു പണ്ടിവിടെ സൂപ്പര്‍ മാര്‍ക്കറ്റു നടത്തിയിരുന്ന കട്ടപ്പനക്കാരന്‍ കുഞ്ഞവറാച്ചന്‍ -"
        "നെറിവുകേട്‌   പറയരുതല്ലോ - അവന്‍ കുവൈത്തില്‍ വന്ന ശേഷം എനിക്കും ഒരു വിസ സംഘടിപ്പിച്ചു അയച്ചു തന്നു-"
                   "എന്നാല്‍ നമുക്ക് ഫുഡ് സര്‍വ് ചെയ്യാം ഇല്ലേ?"
         ഡോക്ടര്‍ ലഭിക്കേണ്ടത് കിട്ടി എന്ന രീതിയില്‍ അന്നത്തെ ഷോയ്ക്ക്
തിരശീല ഇട്ടു.
       പിന്നീടു വെളുത്തുള്ളി ഞങ്ങളുടെ സെഷനില്‍ വന്നിട്ടേ ഇല്ല !
   ---------------------------------------------------------------------------------------------------------


12 comments:

 1. കോളേജില്‍ ക്ലാസെടുത്ത പാരമ്പര്യം...

  ReplyDelete
 2. ഗള്‍ഫിന്റെ മാത്രം പ്രത്യേകതയാണ് അത്
  വിദ്യാഭ്യാസമൊന്നുമല്ല ഗതി നിയന്ത്രിക്കുന്നത്!

  ReplyDelete
  Replies
  1. എന്‍റെ നാട്ടിലെ ഒരാളുടെ വിളിപ്പേര്- ഇഞ്ചി നായര്‍ എന്നായിരുന്നു. അയാള്‍ ഈ കഥാനായകനോളം വരില്ല.

   Delete
 3. "വെളുത്തുള്ളി വര്‍ഗീസും - ഇഞ്ചി നായരും" കൊള്ളാം, നന്നായിരിക്കുന്നു.

  ReplyDelete
 4. ഗൾഫിൽ പണമുണ്ടാക്കാൻ വിദ്യാഭ്യാസം വേണ്ട...
  തലേലെഴുത്തും കുറച്ചു ഭാഗ്യവും മാത്രം മതിയാകും...
  വെളുത്തുള്ളിയും ഇഞ്ചിയും.. നല്ല കഥാപാത്രങ്ങൾ...

  ReplyDelete
 5. ഇതുപോലുള്ള കഥാപാത്രങ്ങൾ ഗൾഫുകാർക്കിടയിൽ കണ്ടുമുട്ടാറുള്ളതുകൊണട് നന്നായി ആസ്വദിച്ചു !!

  ReplyDelete