Reminiscece Of Air Force Life

Sunday, September 16, 2012

"ഗുളു ഗുളു! ഗുളു ഗുളു! ഗുളു ഗുളു !!"                                              
                    
                                                                                                                    രഘുമേനോന്‍ 
                                                                                            
                 
                മിഡില്‍ ഈസ്റ്റിലെ, അറിയപ്പെടുന്ന ഒരു നെഫ്രോളജി കണ്സല്ടെന്ടു ആണ് ഞാന്‍.....-.

                              മെരിറ്റില്‍ എം. ബി. ബി. എസും, എം ഡിയും എടുത്തിട്ട്, ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞിരുന്ന ഒരു സാധാരണക്കാരന്‍.. -

               സ്വന്തം പ്രയത്നത്തിലൂടെ, പടവുകള്‍ താണ്ടി, ഉന്നത ശ്രേണിയില്‍ എത്തിയവന്‍. =

                  അതുകൊണ്ട് തന്നെ സാധാരണ ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങളും, നേരിട്ട് അറിഞ്ഞവന്‍..-  
              ഞാനീ പ്രൊഫെഷന്‍ തിരഞ്ഞെടുത്തത് തന്നെ, ആരുടേയും സമ്മര്‍ദ്ദം മൂലമല്ല . 
              
                എനിക്ക്, എന്തെങ്കിലും  മനുഷ്യരാശിക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്ന ഔന്നത്ത്യത്തിലേക്ക്, എത്തണമെന്ന ഇച്ഛാശക്തിയോടെ തന്നെയാണ്.  

                       ഇതെല്ലാം ദൈവേച്ഛയാല്‍ സാധിച്ചു എന്നതായിരിക്കാം ശരി.

                 എന്തായാലും, എം. ആര്‍. സി. പി കഴിഞ്ഞു, ഞാന്‍ ലണ്ടനില്‍ പ്രാട്ക്ടീസു ചെയ്യുമ്പോള്‍, എന്നെക്കാള്‍ പഠിപ്പും, കഴിവും, കുറഞ്ഞ പലരും, സാമ്പത്തികമായി എന്നിലുപരി വളരെ അധികം മുന്നോട്ടു പോയതായി എനിക്ക് തോന്നി. 

                    അങ്ങിനെയാണ്, ഞാന്‍ ഈ  'മിഡില്‍ ഈസ്റ്റ് അസ്സൈന്മെന്റ്'
എടുക്കാന്‍ കാരണമായത്‌. 

                     മിഡില്‍ ഈസ്റ്റില്‍ വന്ന ആദ്യത്തെ രണ്ടുമൂന്നു മാസം, ഞാന്‍, നിലാവത്ത് ഇറക്കിവിട്ട കോഴിയെപ്പോലെ ആയിരുന്നു.

                         ആദ്യത്തെ മാസം തന്നെ, എനിക്ക് റഫര്‍ ചെയ്യപ്പെട്ട ഒരു രോഗിയുടെ അനുഭവം ഞാന്‍ ഓര്‍ക്കുന്നു.

                        ഏതോ ഒരു അറബിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഒരു ബംഗ്ലാദേശി , അറബിയുടെ അടികൊണ്ടു കിഡ്‌നിക്ക് ക്ഷതവുമായി, വന്ന കേസ്. ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് കാര്യത്തിന്റെ ഗൌരവം 
മനസ്സിലായ എനിക്ക് സഹിച്ചില്ല.

                          യൂ, കെയില്‍ ആയിരുന്നെങ്കില്‍, ഇത് കേസ് വേറെയാണ്.

             'ഹ്യുമന്‍ അസ്സാള്‍ട്ട്‌', 'വില്ഫുള്‍ ഇന്ഫ്ലിക്ഷന്‍ ഓഫ് ഇന്ജ്യുറീസ്' തുടങ്ങിയ ചാര്‍ജുകള്‍ക്കൊപ്പം 'റേഷ്യല്‍ ഡിസ്ക്രിമിനേഷന്‍' എന്ന ബ്രഹ്മാസ്ത്രം, അടക്കം ചാര്‍ജുകള്‍ ചുമത്തപ്പെടെണ്ട കേസ്. അവിടെ 
   ആയിരുന്നെങ്കില്‍, ഇത് ചെയ്തവന്‍ തൂങ്ങിയത്‌ തന്നെ!

              അതൊന്നും അല്ല എന്നെ അലട്ടിയത്, എന്ത് കാരണം കൊണ്ടായാലും, ഒരു ജീവിയെ ഇതുപോലെ കൈകാര്യം ചെയ്തതില്‍ ഉള്ള, ധാര്‍മികമായ  മാനുഷിക രോഷം.  
                   ഈ ക്രൂരതക്കെതിരെ, എന്തെങ്കിലും ചെയ്യണം - എന്നിലെ മനുഷ്യന്‍ മന്ത്രിച്ചു.

                    എനിക്ക് പരിചയമുള്ള സുഹൃത്തുവലയങ്ങളില്‍ കൂടി, ഈ സംഭവം എങ്ങിനെ വെളിയില്‍ കൊണ്ടുവരാം എന്നായി എന്റെ ചിന്ത. ഒരു സുഹൃത്തില്‍ കൂടി, ഇവിടത്തെ പത്രമാഫീസുകക്ക്, ഞാന്‍ ഈ വാര്‍ത്ത ചോര്‍ത്തി കൊടുത്തു.

                                                         സംഗതി ഏറ്റു!  

               അടുത്ത ദിവസം ആശുപത്രിയിലീക്ക്, പത്രം ഓഫീസുകളില്‍ നിന്ന് ഒരു പ്രവാഹം. എന്റെ മേലധികാരി, താടി തടവി, തെക്കോട്ടും  വടക്കോട്ടും നടന്നു. അകത്തു നിന്നുള്ള ചോര്‍ച്ചയാണ്, എന്നവര്‍ക്ക് മനസ്സിലായി.

                     സ്വാഭാവികമായിട്ടും, പുതുതായി ചേര്‍ന്ന എന്നെയും ഉള്‍പ്പെടുത്തി, ഈ ആരോപണത്തിനു, മറുപടി നല്‍കിക്കൊണ്ട്, ഒരു പത്ര പ്രസ്താവന ഇറക്കി. 

                      ഇത്തരം മാനസികാവസ്ത്തയിലാണ്, ഡോക്ടര്‍മാര്‍, ഇവടെ സേവനം അനുഷ്ടിക്കുന്നത് എന്ന് സാധാരണക്കാര്‍ക്ക് അറിയില്ല.

                  ഇനി പറയുന്നത്, എന്നെ പാരീസില്‍ വെച്ച് നടത്തപ്പെട്ട ഒരു അന്തര്‍ദേശീയ മെഡിക്കല്‍ സെമിനാറില്‍ ക്ഷണിക്കപ്പെട്ട കഥയാണ്‌..-
സംഗതി അന്തര്‍ദേശീയം എന്ന പേരുണ്ടെങ്കിലും, മിഡില്‍ ഈസ്റ്റ് ഏരിയയില്‍ നിന്നുള്ളവര്‍ക്ക് വേണ്ടിയാണ്, സംഭവം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

                    മിഡില്‍ ഈസ്റ്റില്‍, പേരുകേട്ട 'വൃക്ക ഗവേഷണകേന്ദ്രങ്ങള്‍' ഒന്നും ഇല്ല എങ്കിലും, 'വൃക്ക' സംബന്ധമായ രോഗികള്‍ക്ക്, ഒട്ടും കുറവില്ല, എന്ന തിരിച്ചറിവ് കൊണ്ടായിരിക്കണം, പരിപാടി പാരീസിലാക്കിയത്. അങ്ങിനെ, 'തട്ടിന്‍പുറത്തെലി  മഹാധി രാജന്‍' എന്ന പോലെയാകാം എനിക്കും ക്ഷണം കിട്ടിയത്.  
     
                      ഫാമിലി സഹിതം പാരീസില്‍ പോയിവരാനുള്ള ടിക്കറ്റും, ഹോട്ടല്‍ സൌകര്യങ്ങളും, ക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.    
  
                   മെഡിക്കല്‍ സയന്‍സില്‍ പുരോഗതികള്‍ ഉണ്ടാകുന്നത് എല്ലാം, ഗവന്മേന്റുകളുടെ, അനുവദിച്ചു കൊടുക്കപ്പെടുന്ന ചെറിയ ഫണ്ടുകളില്‍ നിന്നല്ല. പൈസ മുടക്കാനും, ഗവേഷണങ്ങള്‍ നടത്താനും, കേല്പ്പുള്ളത്
ബഹു രാഷ്ട്ര കുത്തക കംബിനികള്‍ക്ക് ആണ് എന്നതില്‍ തര്‍ക്കമില്ല.

               ആദ്യം അവര്‍ രോഗത്തിനുള്ള പുതിയ വൈറസ് കണ്ടുപിടിക്കുന്നു. പിന്നീട് അതിനെ ചെറുത്തു നിറുത്താനുള്ള മരുന്നും, മാര്‍ക്കറ്റില്‍ ഇറക്കി ലാഭം കൊയ്യുന്നു, എന്നോരപവാദവും നിലവിലുണ്ട്.

       അതുകൊണ്ട് 'ജീവിതത്തില്‍ കൂടി നേടുന്ന അറിവും, ശാസ്ത്ര പുരോഗതിയും, പൊതുവായുള്ള  മനുഷ്യോന്നതിക്ക്, ഉതകുന്ന രീതിയില്‍ പങ്കു വെക്കപ്പെടെണ്ടാതാണോ, അതോ സ്വകാര്യ സ്വത്താണോ, എന്ന ചോദ്യത്തില്‍ ആയിരിക്കാം, ഇതിന്റെയെല്ലാം ഉത്തരം അടങ്ങിയിരിക്കുന്നത്.

               സെമിനാറില്‍ എന്റെ റോള് ഒരു 'പേപ്പര്‍ പ്രസന്റേഷന്‍' ആണ്.

                          പ്രമേഹം ഉള്ള കിഡ്നി രോഗികളില്‍, 'ക്രിയാറ്റിന്റെ' ഏറ്റക്കുറച്ചിലുകള്‍ക്കായി  നല്‍കി വരുന്ന മരുന്നുകളുടെ 'സൈഡ് ഇഫെക്ടുകളെ' കുറിച്ചാണ് പേപ്പര്‍..

                     ഡെലിഗേറ്റ്സിനെ, എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍, സംഘാടകരുടെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ മൂന്ന് നിലകള്‍,    ഡെലിഗേറ്റ്സിനു  വേണ്ടി ബുക്ക്‌ ചെയ്തിരിക്കുന്നു. കൂടാതെ സെമിനാര്‍ നടക്കുന്ന രണ്ടു ദിവസവും,  ഡോക്ടര്‍മാരുടെ കൂടെ വരുന്നവര്‍ക്ക് {ഭാര്യമാര്‍ക്ക്!} പാരീസ് ചുറ്റി കറങ്ങി കാണുവാനുള്ള ടൂര്‍ സംവിധാനങ്ങളും തരമാക്കിയിട്ടുണ്ട്.   

                സെമിനാറിന്റെ അന്ന് കാലത്ത് എട്ടു മണിയോടെ, സ്ത്രീകളെയും കൊണ്ട് പോകാനുള്ള ബസു റെഡിയായി എന്ന് ഒരു സ്ത്രീ വന്നു പറഞ്ഞു എന്റെ ഭാര്യയെയും കൂട്ടിക്കൊണ്ടു പോയി. ഞാന്‍ പ്രസെന്ടു ചെയ്യാന്‍ പോകുന്ന എന്റെ പേപ്പറിന്റെ, അവസാന മിനിക്കു പണികളില്‍  വ്യാപ്രുതനായി.   

                       പേപ്പറുകള്‍ അവതരിപ്പിക്കുന്ന ചില ഡോക്ടര്‍മാര്‍, പിന്നെ സംഘാടകരുടെ കുറെ ചെന്കീരികളും ആണ് വേദിയില്‍.

                          വേദിയില്‍ ഇരുന്നിരുന്ന ഞാന്‍, ഹാളില്‍ ഇരുന്നിരുന്ന മറ്റു ഡോക്ടര്‍മാരുടെ ദിശയിലേക്കു കണ്ണോടിച്ചു. 

                                           "എന്തോ ഒരു വശ പിശക്!"   
   
                                 സാന്നിധ്യം വളരെ ശുഷ്കം  ആയി തോന്നി ! 

                     പല മുഖങ്ങളെ ശ്രദ്ധിച്ചപ്പോള്‍, അവര്‍ ഡോക്ടര്‍മാര്‍ തന്നെയാണോ എന്നൊരു സംശയം! 

             ഏതാണ്ട്  കസേര കാലി ആയി കിടക്കാതെ ഇരിക്കാന്‍ വേണ്ടി ചെയ്ത ഒരു ഒരു തരികിട പോലെ !

                  എന്റെ കൂടെ, അതെ പ്ലെയിനില്‍ യാത്ര ചെയ്തു വന്ന ഡോക്ടര്‍ അബ്ദുല്ലയേയും കാണാനില്ല!

                    അന്നത്തെ മോണിങ്ങ് സെഷന്‍ പര്യവസാനിച്ചപ്പോള്‍ ഉച്ച പന്ത്രണ്ടു മണി ആയി.പണ്ട് എം.ആര്‍.. സി.പിക്ക് എന്റെ പ്രൊഫസര്‍ ആയിരുന്ന ആളിനോട്‌, കുശലം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ 'ലെന്ച്' അനൌന്‍സു ചെയ്തു. 

                                   ആ സമയത്തിനനുസരിച്ച്, ടൂറിനു പോയവരെ തിരിച്ചു എത്തിച്ചിരുന്നു. 

                             ഡൈനിംഗ് ഹാളില്‍, നിന്ന് തിരിയാന്‍ ഇടമില്ല. അത്രയും
 ആളുകള്‍ ! 

              ചുമന്ന പട്ടു സാരി ഉടുത്തിരുന്ന എന്റെ ഭാര്യയെ തിരയുന്നതിനിടയില്‍, ഒരു ഗ്ലാസില്‍ പകുതി സ്കോച്ചും ആയി ഉറക്കെ എന്തോ സംസാരിച്ചു നില്‍ക്കുന്ന ഡോക്ടര്‍ അബ്ദുല്ലയേ ഞാന്‍ കണ്ടു!

                അതില്‍പരം അതിശയം ഉണ്ടായത്, ലഞ്ചിന് ശേഷം  ഡസര്‍ട്ട് സര്‍വ് ചെയ്തപ്പോഴാണ്. ഞാന്‍ എന്റെ പേപ്പര്‍ പ്രസന്റ്ടു ചെയ്യുന്നതിനിടയില്‍, ഹാളിലെ രണ്ടാം നിരയില്‍ ഇരുന്നിരുന്ന, ഇന്ത്യന്‍ വംശജനായ ഒരു ഡോക്ടറെ ശ്രദ്ധിച്ചിരുന്നു. ഏതെങ്കിലും ഒരു ഡോ. ഗോവിന്ദന്‍ കുട്ടിയോ, ഡോ.ഇസ്മായീല്‍  കുട്ടിയോ,   ഡോ. ജോര്‍ജു കുട്ടിയോ ആണെന്ന് വിളിച്ചോതുന്ന മുഖം. 

                                ആ മാന്യ ദേഹമാണ്, എനിക്ക്  ഡസര്‍ട്ട് സര്‍വ് ചെയ്ത്‌, ഒരു ജാള്യതയോടെ പിന്‍വാങ്ങിയത്‌.!!! 
  
                              ഒരു കാര്യം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. 

                 " ഈ കമ്പനിയുടെ മരുന്നുകള്‍, സകല നിയമവിധേയമായ കടമ്പകളും, ഉറപ്പുകളും കിട്ടിയിട്ടേ, ഞാന്‍ രോഗിക്ക് പ്രിസുക്രയിബു ചെയ്യൂ എന്ന്"

                                      പുട്ടടിച്ചിട്ടും നന്ദി ഇല്ലാത്തവന്‍" " എന്ന് അവര്‍ പറയുമായിരിക്കാം .
              മേല്‍ പറഞ്ഞ പരിപാടിയുടെ  ആവര്‍ത്തനം രണ്ടു ദിവസം തുടര്‍ന്നു.

                       മൂന്നാം ദിവസം, മടക്കു യാത്രക്ക്,  ഞങ്ങള്‍  എയര്‍പോര്‍ട്ടില്‍  എത്തി .
             അങ്ങോട്ട്‌ പോയതിനെക്കാള്‍ ഇരട്ടി ഘനം ഉണ്ട് ബാഗ്ഗെജിനു! 
         
         ഇത് കൂടാതെ ആണ്, പോരാന്‍ നേരത്ത്, ഹോട്ടല്‍ ലോഞ്ചിലെ ഡിസ്പ്ലേ സ്റ്റാന്‍ഡില്‍ കണ്ട, ആകര്‍ഷണീയമായ ഒരു വില കൂടിയ  'ഫ്രഞ്ച് വൈന്‍' ബോട്ടില്‍ മേടിക്കണം എന്ന ഭാര്യയുടെ ആഗ്രഹം. വൈനിനോടുള്ള പ്രതിപത്തി കൊണ്ടല്ല, ആ കുപ്പിയുടെ സൌന്ദര്യം കണ്ടിട്ട്.

                  "നമ്മള്‍ ചെന്നിറങ്ങാന്‍ പോകുന്ന സ്ഥലത്ത് ഇതെല്ലാം നിഷിദ്ധമാണ്" എന്ന് പറഞ്ഞു ഞാന്‍ അവളെ പിന്‍തിരിപ്പിച്ചു.  

                   എമിഗ്രേഷന്‍ കൌണ്ടറില്‍, ഇരിക്കുന്നത്  ഒരു ആറടി പൊക്കവും അതിനൊത്ത  തടിയും ഉള്ള ഒരു ഫ്രഞ്ച് വനിതയായിരുന്നു.

                                  അവര്‍ എന്റെ മുന്നില്‍ നില്‍ക്കുന്നവരോട് എന്തോ ഫ്രഞ്ച് ഭാഷയില്‍ ചോദിച്ചതിനു, അയാള്‍ ജാപ്പനീസ് ഭാഷയില്‍ മറുപടി പറഞ്ഞു. അപ്പുറത്തെ കൌണ്ടറില്‍ ഇരിക്കുന്ന ആളിനെക്കൊണ്ട്, ഇംഗ്ലീഷില്‍ ചോദിപ്പിച്ചിട്ടും,  മറുപടി ജാപ്പനീസ് ഭാഷയില്‍ തന്നെ. 

                                      ചോദ്യം ആകര്‍ഷണീയമായ ആ വില കൂടിയ  'ഫ്രഞ്ച് വൈന്‍' ബോട്ടിലിനെ കുറിച്ച് ആയിരുന്നു, എന്നെനിക്കു മനസ്സിലായി. എന്നെ പോലെ തന്നെ, ആ ബോട്ടിലിലില്‍ ആകൃഷ്ടയായ ഭാര്യയുടെ, ഇംഗിതത്തിനു  വഴങ്ങിയ ഒരു സ്നേഹസമ്പന്നനായ ഭര്‍ത്താവായിരിക്കണം അങ്ങേര് എന്ന് എനിക്ക് തോന്നി. പുള്ളിക്കാരന്‍ വൈന്‍ അടിച്ചു തീര്‍ത്ത ശേഷം, അതില്‍ നിറച്ചിരുന്ന പച്ചവെള്ളവും ആയിട്ടായിരുന്നു യാത്രക്ക്  ഇറങ്ങിയത്‌.    

                               അങ്ങേരുടെ ഹാന്ട് ബാഗ്ഗെജിന്റെ കൂടെ ആ തുറന്ന വൈന്‍ ബോട്ടിലില്‍ ഒന്നും തന്നെ ദ്രാവക രൂപത്തില്‍ കൊണ്ടുപോകാന്‍ ഫ്രഞ്ച് നിയമം അനുവദിക്കുന്നില്ല, അതില്‍ നിറച്ചിരിക്കുന്നത് പച്ചവെള്ളം ആയാലും.  അതാണ്‌ വിഷയം.

           ആ ബോട്ടില്‍ ചൂണ്ടി കാണിച്ചാണ്, തന്നെ എമിഗ്രേഷന്‍ കൌണ്ടറില്‍ തടഞ്ഞിരിക്കുന്നത്‌, എന്ന് ജപ്പാന്കാരന് മനസ്സിലായി.

                  അയാള്‍ സീല്‍ പൊട്ടിച്ചിരുന്ന ആ ബോട്ടില്‍ തുറന്നു രണ്ടു കവിള്‍, ശബ്ദം ഉണ്ടാക്കി കുടിച്ചിട്ട്, അതില്‍  ലഹരിയോ, കെമിക്കലോ, എക്സുപ്ലോസീവ് ദ്രാവകമോ ഒന്നും അല്ല വെറും പച്ച വെള്ളമാണ് എന്ന് തെളിയിച്ചു.  

                    ഫ്രെഞ്ച്കാരിക്ക് ഒരു മാറ്റവും ഇല്ല. പിന്നെയും ആ പഴയ രീതിയില്‍ തന്നെ. 

                  ജപ്പാന്‍കാരന്‍ വീണ്ടും രണ്ടു കവിള്‍ ശബ്ദം ഉണ്ടാക്കി കുടിച്ചു കാണിക്കുന്നതിനിടയില്‍, കുറച്ചു വെള്ളം ആ കൌണ്ടറില്‍  വീണു.   

              ജപ്പാന്‍കാരന്‍ , അയാളുടെ ഭാര്യയെ നോക്കി, പട്ടിക്കുട്ടി  കുരക്കുന്നത്   പോലെ  'വൈ വൈ' എന്ന് എന്തെല്ലാമോ പറഞ്ഞു.

                                         ജാപ്പനീസ് ഭാഷ അറിയുകയില്ല എങ്കിലും, അയാളുടെ അംഗവിക്ഷേപവും, മുഖഭാവവും കണ്ടപ്പോള്‍, എനിക്ക് ആ പറഞ്ഞതിന്റെ ഓരോ വാക്കും മനസ്സിലായി.

                         "എടീ ശവമേ, നിന്നോട് ഞാന്‍ പറഞ്ഞതല്ലേ, ഈ പണ്ടാരം പൊക്കിക്കൊണ്ട് പോകേണ്ട " - എന്നാണ് പറഞ്ഞത് എന്ന്. 

                   ആ അര്‍ത്ഥം ശരിക്കും ഉള്‍ക്കൊണ്ട ഞാന്‍, "ഇപ്പോള്‍ എന്തായി" എന്നൊരു മുഖഭാവത്തോടെ, എന്റെ ഭാര്യയെ നോക്കി.

                    അവളപ്പോള്‍, ഡിപ്പാര്‍ച്ചര്‍ സൈനേജു ബോര്‍ഡില്‍ തെളിഞ്ഞു വന്ന ഒരു ഫ്ലൈറ്റിന്റെ സ്പെല്ലിംഗ് ശ്രദ്ധിച്ചു വായിക്കുന്നത് പോലെ നിന്നു. 

                     സഹികെട്ട ഫ്രെന്ച്ചുകാരി, ഒരു ടിഷ്യൂ എടുത്തു കൊടുത്ത്‌, അയാളെക്കൊണ്ട്, നിലത്തു വീണ വെള്ളം തുടപ്പിച്ചു !

                      ദ്രാവകരൂപത്തിലുള്ള ഒന്നും കൈയില്‍ കൊണ്ട് പോകാന്‍ പാടില്ല എന്നാണു, ഫ്രെഞ്ച് നിയമം അനുശാസിക്കുന്നത്, അത് പച്ചവെള്ളം ആയാലും. ജപ്പാന്‍കാര്‍ക്ക്  ആ കുപ്പി കളയാനും മനസ്സില്ല. പക്ഷെ അതിലുള്ള വെള്ളം ഒഴിച്ച് കളയാനുള്ള ഒരു സംവിധാനവും അവിടെ ഇല്ല.

                      അവസാനം ആ ഫ്രഞ്ച് വനിതക്ക് ഒരു ബുദ്ധി തോന്നി. ആ കുപ്പി എടുത്ത് അയാളുടെ കൈയില്‍ കൊടുത്തു. ഒരു കൈ വായിനു നേരെ വെച്ച്, അയാള്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ ഒരു ഉത്തരവാണ്.

                                       "ഗുളു ഗുളു,    ഗുളു ഗുളു,   ഗുളു ഗുളു"

                         കാര്യം മനസ്സിലായ അയാള്‍, മൂന്നു കവിള്‍ വെള്ളം കുടിച്ചു. അങ്ങിനെ മൂന്നാവര്‍ത്തി, അവര്‍ ആ മന്ത്രം ഉച്ചരിച്ച്, കുപ്പി കാലിയാക്കി. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും, എന്തെല്ലാമോ പറഞ്ഞു കൊണ്ട്, ജപ്പാനിലേക്ക് പ്ലേന്‍ കയറി.       
                  
                              

                                                 --------------------------------------------------------------

      

4 comments:

 1. രോഗം ഉണ്ടാക്കുന്നതും അത് ഭേതമാക്കുന്നതും മരുന്നുകബനിക്കാര്‍, നമ്മള്‍ വെറും പരീക്ഷണ മൃഗം.

  ReplyDelete
 2. ദ്രാവക രൂപത്തില്‍ ഒന്നും കൊണ്ട് പോകരുതെന്ന് നിയമം ഒന്നും ഇല്ല. അത് ഒരു ഫ്രഞ്ച് നിയമവും അല്ല. schengen മേഘലയില്‍ പൊതുവേ ഉള്ള ഒരു നിയമം ആണിത്. ദ്രാവകം ഒക്കെ ആവാം. അത് 100 ml ഇല്‍ കൂടാത്ത കുപ്പികള്‍ ആയിരിക്കണം എന്ന് മാത്രം. അങ്ങനെ 1 ലിറ്റര്‍ വരെ കൊണ്ട് പോകാം ഹാന്‍ഡ്‌ ബാഗ്ഗജ് ഇല്‍. ഈ കുപ്പികള്‍ എല്ലാം തന്നെ ഒരു resealable പ്ലാസ്റ്റിക്‌ ബാഗ്‌ ഇല്‍ ആക്കി വേണം ബാഗ്‌ ഇല്‍ ഇടാന്‍. സെക്യൂരിറ്റി ക്ലീരന്സില്‍ അത് പുറത്തെടുത്തു സ്കാന്‍ ചെയ്യുകയും വേണം.

  ReplyDelete
 3. എന്റെ ഒരു ഡോക്ടര്‍ ഫ്രണ്ട് പോയി വന്നപ്പോള്‍
  കണ്ട ഒരു തമാശയില്‍ നിന്ന് മസാല ചേര്‍ത്ത്
  ഉണ്ടാക്കിയതാണ് ! അതിന്റെ നിയമവശം കാര്യമാക്കേണ്ട -

  ReplyDelete