Reminiscece Of Air Force Life

Sunday, November 11, 2012

റോള്‍ മോഡല്‍



                      
                                 ചെറുപ്പക്കാരായ എല്ലാപേര്‍ക്കും ഒരു  'റോള്‍ മോഡല്‍'
 ഉണ്ടല്ലോ.എനിക്ക് ഈ വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലായത്‌ വളരെ വൈകിയാണ്.
                     വൈകി വന്ന വെളിപാടില്‍, ബാന്ഗ്ലൂരെ  സെയിന്ടു ജോസെഫ് 
കോളേജില്‍, ഞാന്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമക്ക് പഠിക്കുന്ന സമയം.
ഒരു വിഷയം ഗ്രൂപ്പ്  ഡൈനമിക്സ് ആയിരുന്നു. അവരവരുടെ അനുഭവങ്ങള്‍, അഭിപ്രായങ്ങള്‍ തമ്മില്‍ തുറന്നു സംസാരിക്കാനും, പങ്കിടാനും, സമര്‍ത്ധിക്കാനും ഉള്ള ഒരു സെഷന്‍..
                         എനിക്കാണെങ്കില്‍ എയര്‍ ഫോഴ്സ് ജീവിതത്തില്‍, ഇതൊന്നും പരിചിതവും അല്ല.
                     രണ്ടെണ്ണം ചെന്നാല്‍, അറിയാവുന്ന സദസ്സില്‍, 'ഞാനൊരു പുലിയാണ്' എന്ന് പലരും സമ്മതിച്ചു തന്നിട്ടുണ്ട്. സ്റ്റേജുകളില്‍, തമാശ സ്കിറ്റുകള്‍ എഴുതിയും, അവതരിപ്പിച്ചും സ്കോര്‍ ചെയ്തിട്ടുണ്ട്.
എന്തിനു ഹിന്ദിയും ഇന്ഗ്ലീഷും കലര്‍ത്തി സരസമായ വിഷയങ്ങള്‍ 
ഓട്ടന്‍ തുള്ളല്‍ സ്റ്റൈലില്‍ എഴുതിയും, സ്വയം കെട്ടി ആടിയും കൈയ്യടി 
മേടിച്ചിട്ടുണ്ട്.
                  പക്ഷെ പരിചയമില്ലാത്ത നാലുപേരെ  അഭിമുഖീകരിച്ച്‌,
അതും 'പച്ചക്ക്' നാല് വര്‍ത്തമാനം പറഞ്ഞ് ഒരു ശീലം ഇല്ലായിരുന്നു.
                  അങ്ങിനെ ആ ദിവസം എനിക്ക് കിട്ടിയ ടോപിക് 'എബൌട്ട്‌ 
യുവര്‍ റോള്‍ മോഡല്‍' എന്നതായിരുന്നു.  ഞങ്ങള്‍ക്ക് തോന്നുന്ന ഏതെങ്കിലും രണ്ടു വ്യക്തികളെ കുറിച്ചും, ആ തോന്നലിന്റെ കാരണവും 
വിശദീകരിക്കണം.
                   ആദ്യത്തെ വ്യക്തി എന്റെ ചേട്ടന്‍  തന്നെ ആയിരുന്നു. അങ്ങേരില്‍ ഞാന്‍ കണ്ട പ്രത്യേകതകള്‍,   എന്ത് കൊണ്ട് ഞാന്‍ അദ്ദേഹത്തെ അങ്ങിനെ കരുതുന്നു എന്നുള്ളതിനെ കുറിച്ചും സംസാരിച്ചു . എന്റെ കുടുംബത്തിലെ അംഗം ആയതു കൊണ്ട്, ഈ  പോസ്റ്റില്‍, അതിനെപ്പറ്റി കൂടുതല്‍ എഴുതുന്നില്ല.
                             രണ്ടാമത്തെ വ്യക്തി ആരെന്നു ഞാന്‍ മനസ്സില്‍ പരതി . ടോപിക്ക് പെട്ടെന്ന് തന്ന കാരണം 'ഇണ്ടാസ്' ഉണ്ടാക്കാന്‍ സമയം കിട്ടിയില്ല               
              മിന്നല്‍ വേഗത്തില്‍ ഒരു ആത്മപരിശോധന നടത്തിയപ്പോള്‍ തെളിഞ്ഞു വന്ന പേരാണ് 'കേണല്‍. മധു നായര്‍'.
                 ഞാന്‍ അദ്ദേഹത്തെ മധു ചേട്ടന്‍ എന്നാണു വിളിച്ചിരുന്നത്‌..
        എന്റെ ജന്മദേശമായ, വടക്കന്‍ പറവൂരെ, അറിയപ്പെടുന്ന ഒരു കുടുംബത്തിലെ, ചന്ദ്ര ശേഖരന്‍ പിള്ള വൈദ്യന്റെ കുടുംബത്തിലെ, ഒരു ചെറുമോന്‍. 
              അവരുടെ വീട്ടിന്റെ പേര് 'പദ്മാലയം ' എന്നായിരുന്നു എങ്കിലും, വൈദ്യശാല എന്നാണു, ആ വീടിനെ അറിഞ്ഞിരുന്നത്.
            പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോള്‍, എന്റെ അപ്പൂപ്പന്റെ കൈവിരലില്‍ തൂങ്ങി, ഞാനും പല പ്രാവശ്യം അവിടെ പോയിട്ടുണ്ട്.
             ആ വൈദ്യന്റെ ഒരു കണ്ണിനു എന്തോ അപാകത ഉണ്ടായിരുന്നു എന്നാണു എന്റെ ഓര്‍മ. ആറാം തമ്പുരാനിലെ 'കുളപ്പുള്ളി അപ്പന്‍ തമ്പുരാന്റെ' ലുക്ക്. പക്ഷെ അതുപോലെ ഭീതി ഉളവാക്കുന്ന  മുഖഭാവമല്ലായിരുന്നു . 
         ശാന്തവും   കരുണയും നിറഞ്ഞതായിരുന്നു  ആ മുഖം. പക്ഷെ കുട്ടികള്‍ക്ക് അടുക്കാന്‍ സ്വല്പം പേടി തോന്നിപ്പിക്കുമായിരുന്നു.
                പാവപ്പെട്ട ഒരുപാട് പേര്‍ക്ക്, സൌജന്യമായിട്ട് പോലും ചികിത്സ നല്‍കിയിരുന്ന, ഒരു മഹാപ്രതിഭ ആയിരുന്നു.
                അപ്പൂപ്പനും ഞാനും കൂടി ചെല്ലുമ്പോള്‍, അപ്പായി അക്കന്‍ എന്ന് അറിയപ്പെട്ടിരുന്ന ഒരു വലിയ സ്ത്രീ (കാഴ്ചയിലും, ഹൃദയത്താലും) എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി, ഹോര്‍ലിക്സോ, ഒവല്ടിനോ തരുമായിരുന്നു.
         അന്നത്തെ കാലത്ത്, വീട്ടില്‍ വരുന്ന അതിഥിക്ക്, ഹോര്‍ലിക്സ് നല്‍കുക എന്നത്, ആതിഥേയന്റെ സാമൂഹികമായ ഔന്നത്യത്തിന്റെ ഒരു പ്രതീകമായിരുന്നു.
                     ഞാന്‍ നാക്ക് കൊണ്ട്, മേല്‍ച്ചുണ്ട് വരെ നക്കി, ഹോര്‍ലിക്സ് 
കഴിച്ചു വരുമ്പോള്‍ വൈദ്യന്റെ കുറിപ്പ് റെഡി.  
              അതും മേടിച്ച് ഞാനും അപ്പൂപ്പനും കൂടി, വൈദ്യശാലയുടെ വേറൊരു ഭാഗത്തേക്ക് നീങ്ങും.
                അവിടെ ഇരുപതില്‍ പേരില്‍ കൂടുതല്‍ ആളുകള്‍, പച്ച മരുന്നുകള്‍ വെട്ടി അരിയുന്നതും , കഴുകുന്നതും, ഇതെല്ലാം തിളപ്പിക്കുന്നതും ആയ  കാഴ്ച എനിക്ക് ആശ്ചര്യം ഉളവാക്കിയിരുന്നു.                                  

                    ഇന്ന് നമ്മള്‍ ടി.വി യില്‍ കൂടി കാണുന്ന വലിയ വൈദ്യ ശാലകളില്‍  ഉള്ള പോലെ, മെഷീന്റെ സഹായം ഇല്ലാതെ, എല്ലാം മാനുഷിക  അധ്വാനത്താല്‍  ചെയ്യപ്പെട്ടിരുന്ന കാഴ്ച.
              അത് പോട്ടെ വൈദ്യനും വൈദ്യശാലയും അല്ല ഞാന്‍ പറഞ്ഞു വന്നത്.
                                                  'കേണല്‍..- മധു നായര്‍' 
               മധു ചേട്ടന് കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ 'അണ്ടര്‍ ഓഫീസര്‍'
പദവി കിട്ടിയിരുന്നു എന്നാണു എന്റെ ഓര്‍മ. എന്തായാലും അദ്ദേഹത്തിന് എന്‍. ഡി.എ സിലക്ഷന്‍ കിട്ടി, ട്രെയിനിങ്ങിനു പോയി എന്ന് ഞാന്‍ അറിഞ്ഞു.
                അത് കഴിഞ്ഞാണ്, ഞാന്‍ കാലടി ശ്രീ ശങ്കര കോളേജില്‍ കയറുന്നതും,
ഇറങ്ങുന്നതും .
                                  'എല്ലാം പെട്ടെന്നായിരുന്നു' !     
            വാര്‍ഡനെ പൂട്ടിയിയിട്ടവനെതിരെ, ഒരു ചാന്‍സ് കൂടി കൊടുക്കണം 
എന്ന് ഹോസ്റ്റെല്‍ ബൈലായില്‍, വ്യവസ്ഥ ഇല്ലായിരുന്നു!
             ഞാനാണ് അത് ചെയ്തതെന്ന്, തെളിവ് ഉണ്ടെങ്കില്‍, അഴിമതി ആരോപണങ്ങള്‍ നേരിടുന്ന, ഇന്നത്തെ രാഷ്ട്രീയക്കാര്‍ പറയുന്ന പോലെ 'ഞാന്‍ ഈ തൊഴില് നിറുത്താം' എന്ന് ഒരു പരസ്യ വെല്ലുവിളിയും നടത്തി.    
                 മുപ്പതു വെള്ളിക്കശു പോലും മേടിക്കാതെ, എന്റെ തൊട്ടടുത്തുള്ള മുറിയില്‍ താമസിച്ചിരുന്ന ഒരു ജൂദാസ് തെളിവ് കൊടുത്തു. 
                 പിന്നെ മുഖം രക്ഷിക്കാന്‍, രാജിയല്ലേ ഉള്ളൂ ഒരു മാര്‍ഗം.
                              'ഞാന്‍ പഠിത്തവും നിറുത്തി!' 
         രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, വീട്ടില്‍ വന്ന്, അടയിരുന്ന് നാട്ടുകാര്‍ക്ക് പ്രശ്നം ഉണ്ടാക്കുന്ന എന്നെ, എങ്ങിനെയെങ്കിലും ഒഴിവാക്കാന്‍ എന്റെ അച്ഛന്‍ പറഞ്ഞു.
               'ഫീസ് ഞാനല്ലേ തരുന്നത്, ഹോസ്റ്റെല്‍ വേണ്ട, നീ വെളിയില്‍ താമസിച്ച് പഠിക്ക്'     
                    'തൊഴിലില്ലായ്മ കൊടുമ്പിരി കൊണ്ടിരിക്കുന്ന, ഈ നാട്ടില്‍ പഠിച്ചിട്ടൊന്നും, ഒരു കാര്യമില്ല'
                           റിബലായ മകന്റെ മറുപടി.
         അങ്ങിനെ എന്‍. ഡി എ,   ഐ. എം. എ,  ഡെഫരിന്‍  തുടങ്ങിയ മത്സര പരീക്ഷകള്‍ എഴുതാനുള്ള ജ്ഞാനം കൈവരിക്കുന്നതിനായി, പറവൂരുള്ള 'ജയകേരള' ട്യൂട്ടോറിയല്‍ കൊളെജിലുള്ള വെക്കേഷന്‍ ക്ലാസുകളില്‍, ഞാന്‍ എത്തപ്പെട്ടു.               
              ഗണിത ശാസ്ത്രം എന്ന വിഷയം കുട്ടികള്‍ക്ക് ഫലിതങ്ങളില്‍ കൂടി 
സരസമായി  പഠിപ്പിക്കാന്‍ പ്രാവീണ്യമുള്ള,  ട്യൂട്ടോറിയല്‍ പ്രിന്‍സിപ്പലായ മാധവന്‍ കുട്ടി സാറിന്റെ കഴിവ്, ഞങ്ങളുടേ താലൂക്ക് മുഴുവന്‍, അറിയപ്പെടുന്നതായിരുന്നു. 
                 അവിടെ വെച്ചാണ് കേണല്‍.. മധുവിനെ അടുത്തറിയുന്നത്.
       അദ്ദേഹം, എന്‍. ഡി. എ കഴിഞ്ഞാണോ, അതിനിടയില്‍ ആണോ എന്ന് എനിക്ക് വ്യക്തമല്ല. അവധിക്കു നാട്ടില്‍ വന്ന സമയം.
                       മാധവന്‍ കുട്ടി സര്‍ ക്ലാസില്‍ വന്ന് പറഞ്ഞു 
         'ഇന്ന് ഞാനല്ല ക്ളാസ്സെടുക്കുന്നത്‌. . ഇവിടെ നിന്ന് പഠിച്ചു പോയി 
ഒരു ഉന്നത ശ്രേണിയില്‍ എത്തിയിരിക്കുന്ന എന്റെ പഴയ ഒരു ശിഷ്യന്‍.
                  അന്ന് അദ്ദേഹം ക്ലാസ്സില്‍ വന്ന് ഒരുപാട് ജീവിതാനുഭവങ്ങള്‍ 
പറഞ്ഞു. അദ്ദേഹം വായിച്ചും, കണ്ടും സംഗ്രഹിച്ച കാര്യങ്ങള്‍. 
'പോസിറ്റീവ് തിന്കിങ്ങിനെ' കുറിച്ച്, 'പേഴ്സനാലിറ്റി  ഡവിലപ്പുമെന്റിനെ' കുറിച്ച്, ജീവിതത്തില്‍ കുട്ടികള്‍ ചെയ്യാന്‍ പാടില്ലാത്തതും, ചെയ്യേണ്ടതും ആയ കാര്യങ്ങള്‍. -
         . മാര്‍ക്ക് മേടിക്കുന്നതിനെ കുറിച്ചും, പരീക്ഷകളെയും ഒഴിവാക്കി, ബാക്കി പല കാര്യങ്ങളെയും കുറിച്ച്. 'അനര്‍ഗ നിര്‍ഗള ആംഗലേയ പ്രവാഹത്തിലായിരുന്നു' ക്ലാസ്സ്. ഒരു ചെറിയ ടൌണില്‍ അധിവസിച്ചിരുന്ന ഞങ്ങള്‍, 'പ്രാന്ജിയെട്ടന്‍ സ്റ്റൈലില്‍' വിടര്‍ന്ന കണ്ണുകളും ആയി ഇരുന്നു മുഴുവന്‍ കേട്ടു. 
              അദ്ദേഹത്തിന് അവിടെ വന്ന്, ക്ലാസ്സ് എടുക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. എങ്കിലും തനിക്ക് ലഭിച്ച അറിവ്, അടുത്ത തലമുറക്ക് 
പകരാന്‍ തോന്നിയ, ആ മനസ്സ്. അതിനെ ഞാന്‍ നമിക്കുന്നു.       
               സംഗതി ചുരുക്കത്തില്‍ ഇതാണ്. ആറു മാസത്തിനുള്ളില്‍ ഞാന്‍ എയര്‍ ഫോഴ്സ് പരീക്ഷ പാസ്സായി ജോലിയില്‍ കയറി. ജോലിയില്‍ കയറി, എന്ന് മാത്രമല്ല, ജോലിയില്‍ ഇരുന്ന് ഡിഗ്രിയും, അതിനപ്പുറവും  സ്വായത്തമാക്കാനുള്ള ഇച്ഛാ ശക്തിയും എന്നില്‍ ഉളവായി.  
                  എന്നെ പൂജപ്പുര, വീയൂര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് വഴി തിരിച്ചു വിടാന്‍ ഇടയാക്കിയ ഒരു നിമിത്തം!.
                 എന്റെ കൂടെ അന്ന് ആ ക്ലാസില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്ത്‌ 
ഇപ്പോഴും എന്റെ കൂടെ കുവൈത്തില്‍ ഉണ്ട്. അന്നത്തെ പത്താം തരത്തില്‍ പാസ്സായവരുടെ ലിസ്റ്റില്‍, സംസ്ഥാനത്തെ ആദ്യത്തെ പത്തു പേരില്‍ ഒരാളായ വ്യക്തി. പിന്നീട് അദ്ദേഹം, മികവില്‍ എം. ഡിയും, എം.ആര്‍. സി. പിയും ഒക്കെ പാസ്സായ പ്രഗല്‍ഭനായ ഒരു ഡോക്ടര്‍..
               വരാന്തത്യത്തില്‍   ഡോക്ടറുമായി, പഴയ വിദ്യാലയ ജീവിതം അയവിറക്കുമ്പോള്‍, പലപ്പോഴും, ഞങ്ങള്‍ ഈ മധു ചേട്ടനെ കുറിച്ച് ഓര്‍ത്തിട്ടുണ്ട്.         
                                                       'നന്ദി മധു ചേട്ട'
                        --------------------------------------------------------------------------------
അടിക്കുറിപ്പ് 
           ദൈനം ദിന ജീവിതത്തില്‍ കൂടി കിട്ടൂന്ന സാധാരണ അറിവിനേക്കാള്‍, ഇത് പോലുള്ള ചില നിമിഷങ്ങളാണ്, നമ്മുടെ കാഴ്ചപ്പാടിനെ മാറ്റി മറിക്കുന്നത്!!  
              

6 comments:

  1. I have a friend P Madhusoodanan, who joined AFMC Pune in 1966, and later retired as Brig. or something like that. Is he the same person?

    ReplyDelete
  2. This is Madhu Nair. He was in the infantry and retired as a colonel

    ReplyDelete
  3. വഴിത്തിരിവുകള്‍..!!

    ReplyDelete
  4. Thank you sir, for sharing the stories like this...Expecting more ….

    ReplyDelete