എയര്‍ഫോഴ്സിലെ ട്രെയിനിങ്ങ് കഴിഞ്ഞ്, കന്നി യൂണിറ്റില്‍ റിപ്പോര്‍ട്ട്
ചെയ്ത സമയം.
ട്രെയിനിംഗ് കഴിഞ്ഞു ആയിരത്തി തൊള്ളായിരത്തി എഴുപതു ജൂണില്‍, എന്റെ ആദ്യത്തെ പോസ്ടിങ്ങ് 24 - ഇ.ഡി 'മനോരി' എന്ന യൂണിറ്റില്‍ ആയിരുന്നു. ഇ.ഡി എന്ന് പറഞ്ഞാല്‍ എക്യുപുമെന്ടു ഡിപ്പോ. എയര്‍ ഫോഴ്സിലേക്ക് വേണ്ട സാധന സാമഗ്രികള്‍, സൂക്ഷിക്കുന്ന സ്ഥലം. യുദ്ധോപകരണങ്ങള്‍ അടക്കം എല്ലാ അവശ്യ സാധനങ്ങളും, സൂക്ഷിക്കുകയും, ഓരോ യൂനിട്ടിന്റെ ആവശ്യാനുസരണം, അവിടങ്ങളില്‍ അത്, എത്തിക്കുകയും ചെയ്യുന്ന ദൌത്യം നിര്‍വഹിക്കുന്ന യുനിട്ട്.
എയര്‍ഫോഴ്സില്‍ ജോലി നോക്കുന്നവരെ സംബന്ധിച്ചിടത്തോളം, ഫൈറ്റര്‍ അല്ല എങ്കില്‍ ബോംബര്‍ സ്ക്വാഡ്രനുകളില്‍ പോസ്റ്റിംഗ് ലഭിക്കുന്ന അവസ്ഥയാണ്, അയാള്‍, ട്രെയിനിംഗ് സമയം മുതല്‍ സ്വപ്നം കാണുന്നത്. വിമാനങ്ങളില്‍ ജോലി ചെയ്യുന്നു എന്ന് പറയണം എന്നുണ്ടെങ്കില്‍, അങ്ങിനെ ഒരു അനുഭവം കൈവരിച്ചേ മതിയാകു.
അതല്ലാതെ, എവിടെ ജോലി ചെയ്താലും, ഞാനും എയര്‍ഫോഴ്സ് യൂനിഫോമിലാണ് എന്ന് പറയാം എന്നല്ലാതെ, അവിടെ നടക്കുന്നതിനെക്കുറിച്ച് നേരിട്ട് ഒരനുഭവവും ഉണ്ടാകുകയില്ല.
അതിനാല്‍ എന്റെ ആദ്യത്തെ പോസ്റ്റിങ്ങില്‍, ഞാന്‍ സ്വല്പം നിരാശനായിരുന്നു. (ഈ കാര്യങ്ങള്‍ എന്റെ ആദ്യത്തെ പോസ്റ്റിങ്ങ് എന്ന ബ്ലോഗില്‍ വിസ്തരിച്ചിരുന്നു)
'യൂനിറ്റ് ആര്‍മററി' ആണ് എന്റെ കര്‍മ രംഗം.
ഡ്യൂട്ടിക്ക് പോകുന്ന പോലീസുകാര്‍ക്കും, ഗാര്‍ഡ്സിനും, റിവോള്‍വറും,തോക്കുകളും അവയ്ക്ക് വേണ്ട അമ്മ്യുനീഷനുകളും, ഇഷ്യൂ ചെയ്യുക. അവിടെ ഉള്ള ആയുധങ്ങള്‍ സര്‍വീസ് ചെയ്യുക,
ഫയറിങ്ങ് പ്രാക്ടീസിന് ഉപയോഗിക്കുന്ന തോക്കുകള്‍ 'സീറോ' ചെയ്യുക, ഇതൊക്കെ ആയിരുന്നു അവിടത്തെ ജോലികള്‍..
'സീറോയിംഗ്' എന്ന് പറഞ്ഞാല്‍, ഉന്നം എടുത്ത് ഫയര്‍ ചെയ്യുന്ന ഒരാള്‍ക്ക്, തോക്കിന്റെ പ്രശ്നം കൊണ്ട് ഉന്നം പിഴക്കരുത് എന്ന ഉറപ്പ്
വരുത്തലാണ്.
തോക്കുകള്‍ മുറുകെ ഒരു സ്റ്റാന്‍ഡില്‍ പടിപ്പിച്ച്, ടാര്‍ഗെട്ടിനു നേരെ വെടി വെച്ച് പരീക്ഷിക്കുക. അപ്പോള്‍ ഉന്നം തെറ്റുന്നുണ്ട് എങ്കില്‍, അതിനനുസരിച്ച്, കുഴലിന്റെ അറ്റത്തുള്ള 'ഫോര്‍സൈറ്റ് ബ്ലേഡില്‍' മാറ്റം വരുത്തുക. അങ്ങിനെ ശരിയായി ടാര്‍ഗറ്റില്‍ കൊള്ളുന്ന വരെ, ഈ 'ട്രയല്‍ ആന്‍ഡ് ഇറര്‍' പരിപാടി തുടരുക.
പ്രൊഫഷനല്‍ കോളേജുകളില്‍ ഉള്ള പോലെ പട്ടാളത്തിലും,
റാഗിങ്ങ് ഇല്ലാതില്ല.സീനിയേര്‍സ് ഇരുന്നു വെള്ളമടിക്കുമ്പോള്‍, വെള്ളം തീര്‍ന്നു പോയാല്‍, കുപ്പിയില്‍ നിറച്ചു കൊടുക്കുക, എന്ന തരത്തിലുള്ള
ഒരു പരിധിയ്ക്ക് അകത്തുള്ള റാഗിങ്ങ്.
ഇപ്പോള്‍ കോളേജുകളില്‍, പരാതിപ്പെട്ടാല്‍, റാഗിങ്ങ് ഒരു ക്രിമിനല്‍ കുറ്റമാണ്.
പട്ടാളത്തില്‍, പ്രാഥമിക തല്ത്തിലുള്ളവര്‍ തന്നെയാണ്ഇതില്‍ എത്പ്പെട്ടിരിക്കുന്നത് എന്നതുകൊണ്ട്, അതിനും നിര്‍വാഹമില്ല.
അധികം നഹളിപ്പ് കാണിച്ചാല്‍, അനുസരണക്കേട് എന്ന വകുപ്പില്‍, എപ്പോള്‍ വേണമെങ്കിലും കൊണ്ട് സെല്ലില്‍ ഇടാനുള്ള അനവധി വകുപ്പുകളും ഉണ്ട്.
ഒരു ദിവസം കാലത്ത് സെക്ഷനില്‍ ചെന്നപ്പോള്‍, കിട്ടിയ അറിവ് ഇതായിരുന്നു.
"യൂ ആര്‍ ഗോയിങ്ങ് ടു മദ്രാസ് ഓണ്‍ ടെമ്പററി ഡ്യുട്ടി, റിപ്പോര്‍ട്ട്
ടു ലോജിസ്റ്റിക്ക് സെക്ഷന്‍"'
ഇത് ആ യൂണിറ്റില്‍ ദിവസേന, ആളുകള്‍ക്ക് കിട്ടുന്ന ഒരു കുരിശാണ് ഇത്തരം ടെമ്പററി ഡ്യുട്ടി. അത് ഓരോ സെക്ഷന്റെ ഊഴമായി
മേലേന്ന് പ്രവചിക്കപ്പെടും.
ഇപ്പോള്‍ എന്റെ സെക്ഷന്റെ ഊഴമാണ്.
'ഞാന്‍ കഴിഞ്ഞ മാസം, ഇത് പോലെ ഡല്‍ഹിക്ക് ഒരു യാത്ര കഴിഞ്ഞു വന്നേ ഉള്ളൂ' എന്നൊക്കെ അവതരിപ്പിച്ചു നോക്കി. പക്ഷെ,
മൂത്താശാരിമാര്‍ക്കെല്ലാം, ഓരോരോ പ്രശ്നങ്ങള്‍ ആണ്.
ഒരാള്‍ കല്ല്യാണം കഴിക്കാന്‍ രണ്ടു മാസം കഴിഞ്ഞു അവധിയില്‍
പോകാന്‍, ലീവ് അനുവദിച്ചു നില്‍ക്കുന്നു!
മറ്റൊരാളുടെ ഭാര്യ ഗര്‍ഭിണി ആണ് !
വേറൊരാള്‍ ഇന്നലെ മുതല്‍ വയറ് ഇളക്കത്തിനുള്ള ചികിത്സയിലാണ്! (പുള്ളിക്കാരന്‍ അഡ്മിന്‍ ഓഫീസില്‍ നിന്ന് ഈ വിവരം, നേരത്തെ അറിഞ്ഞിരിക്കണം)
ചുരുക്കത്തില്‍ പാര, കന്നി അയ്യപ്പന് തന്നെ.
പട്ടാള കാര്യം മുറ പോലെ എന്നായതിനാല്‍, 'ഒഴിഞ്ഞു മാറാന്‍ പറ്റാത്ത അവസ്ഥ ആണെങ്കില്‍, അതങ്ങ് ആസ്വദിക്കുക' എന്ന നര്‍മ ശകലത്തില്‍, ഞാന്‍ ശരണം കണ്ടെത്തി.
ലോജിസ്റ്റിക്ക് സെക്ഷനില്‍ ചെന്നപ്പോള്‍, കാത്തിരുന്ന ഒരു നേര്‍ച്ചക്കോഴിയെ കിട്ടിയ സന്തോഷത്താല്‍, ഒരു പൊതിയും തന്ന്, കൈപ്പറ്റി എന്ന് എന്റെ ഒപ്പും ഇടീച്ചു, അഡ്മിന്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞു.
സംഗതി, മദ്രാസിലുള്ള ഒരു യൂണിറ്റിലെ ഏതോ വിമാനത്തിനു,
അത്യാവശ്യമായി മാറ്റിവെക്കേണ്ട ഒരു ഇന്‍സ്ട്രമെന്ടു, അവിടെ ഉടനടി
എത്തിക്കണം.
അഡ്മിന്‍ സെക്ഷനില്‍ ചെന്നപ്പോള്‍, എന്റെ യാത്രക്കുള്ള, റയില്‍വേ വാറണ്ടും, മൂവ്മെന്റു പേപ്പറുകളും റെഡി.
പേപ്പര്‍ കൈപ്പറ്റി, ഞാന്‍ വായിച്ചു നോക്കിയപ്പോള്‍, ഒരു ട്രെയിന്‍ ഓടി മദ്രാസില്‍ എത്തേണ്ട സമയം കഴിഞ്ഞു അടുത്ത ദിവസം,
ഞാന്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യണം എന്നാണു എഴുതിയിരിക്കുന്നത്.
സംശയം തീര്‍ക്കാന്‍, ഞാന്‍ തുനിഞ്ഞപ്പോള്‍, ആ ക്ലാര്‍ക്ക് കസേരയില്‍ നിന്ന് എഴുന്നേറ്റ് ഒരു പോക്ക് പോയി, കൂടെ ഒരു ഉപദേശവും
'ഡോണ്ട് വേസ്റ്റ് യുവര്‍ ടൈം, സ്റ്റാര്‍ട്ട് നൌ'
ഞാന്‍ ബില്ലറ്റില്‍ വന്ന്, പരിചയമുള്ള ചില നാട്ടുകാരായ പെരിയ സാമിമാരോട് അന്വേഷിച്ച്, ഈ ദൌത്യം, തന്നിരിക്കുന്ന സമയത്തില്‍,
എങ്ങിനെ നടപ്പിലാക്കാം എന്ന് പ്ലാനിട്ടു.
രാത്രി പന്ത്രണ്ടു മണിക്കുള്ള 'അലഹബാദ് എക്സ്പ്രസ്സില്‍
ഇറ്റാര്‍സി,ജി.ടി. എക്സ്പ്രസ്സില്‍ കയറി മദ്രാസ്. അതാണ് ഏക മാര്‍ഗം.
ദിവസവും കാലത്തും വൈകുന്നേരവും യൂണിറ്റില്‍ നിന്ന് സിറ്റിയിലേക്ക്
വണ്ടികള്‍ പോകുക പതിവാണ്. ഇത് പോലെ അങ്ങോട്ട് പോകുന്നവരുടെയും, ഇങ്ങോട്ട് വരുന്നവരുടെയും യാത്രക്കായി.
വൈകുന്നേരം ആര് മണിയോടെ ഞാന്‍ പ്ലാറ്റുഫോമില്‍ എത്തി.
കൌണ്ടറില്‍ അന്വേഷിച്ചപ്പോള്‍, റിസര്‍വേഷന്‍ കോട്ട എല്ലാം ഫുള്‍..
അലഹബാദ് എക്സ്പ്രസ്സ് ഒരു ദേശീയ പ്രാധാന്യം ഇല്ലാത്ത ട്രെയിന്‍ ആയതു കാരണം, അതില്‍ മിലിട്ടറി കംബാര്ടുമെന്റും ഇല്ല.
അവസാനം ട്രെയിന്‍ വരുമ്പോള്‍ ടി.ടി.ക്ക് കൈമടക്കു കൊടുത്തു കാര്യം സാധിക്കാം എന്ന തീരുമാനത്തില്‍ എത്തി.
ചുരുട്ടിയ കിടക്കയും പെട്ടിയുമായി നില്‍ക്കുന്ന എന്നെ കണ്ടപ്പോള്‍, ഇരയെ കണ്ട സിംഹങ്ങളെ പോലെ, കൂലികള്‍ എന്റെ ചുറ്റും വന്നു.
'ഈ ട്രെയിനില്‍ റിസര്‍വേഷന്‍ ഫുള്‍ ആണ്, കാശു കൊടുത്ത്
മേടിക്കാം എന്ന വ്യ്മോഹവും വേണ്ട, രാത്രി വണ്ടി ആയതു കൊണ്ട്
ജനലും വാതിലുമെല്ലാം അടച്ചിരിക്കും.'
എന്റെ പേപ്പറിലെ റിപ്പോര്‍ട്ടിങ്ങ് ടൈമിനെ കുറിച്ച് ഞാന്‍ ഓര്‍ത്തു. എന്തായാലും എനിക്ക് ഈ വണ്ടിയില്‍ പോണം.
അപ്പോഴാണ് ഒരു കൂലി പറഞ്ഞത്
'നിങ്ങളെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ആക്കി തരാം, അഞ്ചു രൂപ തരണം'.
അന്നത്തെ അഞ്ചു രൂപ എന്ന് പറയുന്നത്, എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ സംഖ്യ ആയിരുന്നു .
പല വഴികളും ആലോചിച്ചിട്ട്, ഒടുവില്‍ ഞാന്‍ സമ്മതിച്ചു.
രാത്രി പന്ത്രണ്ടു മണിക്ക് 'അലഹബാദ് എക്സ്പ്രസ്സ്' വന്നു,
വാതിലുകളും എല്ലാ ഷട്ടറുകളും അടഞ്ഞ നിലയില്‍.
ഞാന്‍ കരാറ് ഉറപ്പിച്ച കൂലിയും അയാളുടെ രണ്ടു ശിങ്കിടികളും കൂടി, ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് എന്റെ ബാഗേജുമായി ഓടി. പുറകെ ഞാനും.
എല്ലാ ഷട്ടറുകളും അടഞ്ഞു കിടന്നിരുന്ന ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍, ട്രെയിന്‍ ഇവിടം വരെ എത്തി എന്ന ആകാംക്ഷയില്‍ ,
ആരോ ഒരു ഷട്ടര്‍ ലേശം ഉയര്‍ത്തി.
ആ തക്കം നോക്കി, കൂലികള്‍, കൈകള്‍ ഷട്ടറിന്റെ താഴെക്കൂടി ഇട്ട്, ഷട്ടര്‍ മേലോട്ട് പൊക്കി. അകത്തു നിന്ന് ഒരായിരം കൈകള്‍ ഷട്ടര്‍ താഴ്ത്താനുള്ള തത്രപ്പാടിലും.
ആ ഗാപ്പില്‍ കൂടി, കൂലികള്‍ എന്റെ ലഗ്ഗേജു അകത്തേക്ക് തിരുകി.
പിന്നീട് എന്നെ പൊക്കി എടുത്ത്‌വട്ടം കിടത്തി, തല ആദ്യം എന്ന
ക്രമത്തില്‍ അകത്തോട്ട് തള്ളി.
അകത്തു നിന്ന് കുറെ കൈകള്‍ എന്നെ വെളിയിലേക്കും!
എന്റെ ദേഹത്തിന്, ഇത്രയും പരിലാളനങ്ങളും, തലോടലുകളും അനുഭവപ്പെട്ടിട്ടുള്ള മറ്റൊരു ജീവിത സന്ദര്‍ഭം ഉണ്ടായിട്ടില്ല.
എന്റെ കാലു വരെ അകത്തായപ്പോള്‍, കൂലികള്‍ അവരുടെ കര്‍മം
നിറവേറ്റിയ ചാരിതാര്‍ത്ധ്യതയോടെ, ഷട്ടര്‍ വലിച്ചടച്ചു.
കൃശഗാത്രനായ, എനിക്ക് കൂടി, അകത്തിരിക്കാന്‍ സ്ഥലം ഉണ്ടായിരുന്നു,
എന്നിട്ടും, 'സഹാജീവിബോധം പോലും ഇല്ലാത്ത, കുറെ മനുഷ്യമൃഗങ്ങള്‍! '
കുറച്ചു സമയത്തിനുള്ളില്‍, ഞാന്‍ സ്ഥലകാല ബോധം വീണ്ടെടുത്തു.
'മേം ഏക് ഫോജീ ഹും , മേരെകോ ആജീ ജാനാ ഹൈ'
ക്രമേണ എന്റെ ദേഹത്ത് അനുഭവപ്പെട്ടിരുന്ന സമ്മര്‍ദങ്ങള്‍ക്ക്
ഒരയവ് വന്നു.
രണ്ട് മണിക്കൂര്‍ കഴിഞ്ഞു ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ നിറുത്തിയപ്പോള്‍, അകത്തോട്ട് കയറുവാന്‍ വെമ്പുന്ന യാത്രക്കാരുടെ
നേര്‍ക്ക്, അനേകം കൈകള്‍ ഉയര്‍ന്നതില്‍, ഏറ്റവും മുന്നില്‍ എന്റെ കൈകള്‍ ആയിരുന്നു!!
----------------------------------------------------
-------------------------------------------------------------------------------
അനേകം കൈകള്‍ ഉയര്‍ന്നതില്‍, ഏറ്റവും മുന്നില്‍ എന്റെ കൈകള്‍ ആയിരുന്നു!!
ReplyDeleteഹഹഹ, അത് എപ്പോഴും, എല്ലാടത്തും അങ്ങനെ തന്നെയല്ലേ?
കഷ്ടപ്പെട്ട് ബസില്‍ കയറിയാല്‍ പിന്നെ ചിന്ത ഇനി ഒരിടത്തും നിര്‍ത്തരുതെന്നാണ്
thank you for reading it
ReplyDeleteഅവസാന പഞ്ച് കലക്കി :) വായിക്കാനും നല്ല സുഖം.
ReplyDeleteപോസ്റ്റിന്റെ ലേഔട്ടില്‍ കുറച്ചു കൂടി അറേഞ്ച് ചെയ്യാമായിരുന്നു.
ന്ദി. കമ്പ്യൂട്ടറില്‍ മലയാളം
ReplyDeleteലിപി ഇപ്പോഴും ഒരു പ്രശ്നം തന്നെയാണ് !
ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്രക്കു ഭാഗ്യംസിദ്ധിച്ചതുകൊണ്ട് നന്നായി സുഖിച്ചു !!
ReplyDeletethank you for your visit
ReplyDeleteഇന്നിപ്പോള്‍ പട്ടാളക്കാരുടെ ട്രെയിന്‍യാത്ര ഒരു ആഘോഷമാണല്ലോ ആ കംപാര്‍ട്മെന്റിലെ സ്ത്രീകളുടെ സ്വസ്ഥതയും പുരുഷന്മാരുടെ സ്വൈര്യവും കെടുത്തികൊണ്ട് ! പാവം രഘു സര്‍ അന്ന് എന്ത് മാത്രം കഷ്ട്പെട്ടു...ആ കഷ്ട്പ്പാട്അനുഭവിച്ചിട്ടും ആദ്യമുയര്‍ന്ന കൈകള്‍ ..........അത് വളരെ ചിന്തനീയമാണ് ....ആശംസകള്‍ .
ReplyDeleteനന്ദി
ReplyDeleteഇനിയും കാണാം
അവസാനത്തെ ആ ഡയലോഗ് തകര്‍ത്തു .. "അടുത്ത സ്റ്റേഷനില്‍ നിറുത്തിയപ്പോള്‍, അകത്തോട്ട് കയറുവാന്‍ വെമ്പുന്ന യാത്രക്കാരുടെ നേര്‍ക്ക്, അനേകം കൈകള്‍ ഉയര്‍ന്നതില്‍, ഏറ്റവും മുന്നില്‍ എന്റെ കൈകള്‍ ആയിരുന്നു".
ReplyDelete....ആശംസകള്‍
ഇതിനെയാണ് 'പ്രതികരണ ശേഷി'
ReplyDeleteഎന്ന് നമ്മള്‍ വിശേഷിപ്പിക്കുന്നത്
കൊള്ളാം ...
ReplyDeleteമനുഷ്യര്‍ അങ്ങിനെയാണ് !...............
രണ്ട് മണിക്കൂര്‍ കഴിഞ്ഞു ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ നിറുത്തിയപ്പോള്‍, അകത്തോട്ട് കയറുവാന്‍ വെമ്പുന്ന യാത്രക്കാരുടെ നേര്‍ക്ക്, അനേകം കൈകള്‍ ഉയര്‍ന്നതില്‍, ഏറ്റവും മുന്നില്‍ എന്റെ കൈകള്‍ ആയിരുന്നു!!
ആശംസകളോടെ
അസ്രുസ്