Reminiscece Of Air Force Life

Friday, March 8, 2013

"പങ്കയുടെ ക്രൈസിസ് മാനെജ്മെന്റ് "


                 

            ഞാന്‍ തിരിച്ച്  'പങ്കാ നായരിലേക്ക്' വരാം -
(പങ്കാ നായരെ കുറിച്ച്, ശരിക്കും മനസ്സിലാക്കണമെങ്കില്‍, ഞാന്‍ എഴുതിയ
എന്ന പോസ്റ്റുകള്‍ വായിക്കുക, ആളെ ശരുക്കുംപരിചയപ്പെടാം )
                                പങ്ക ആള് വികൃതികളും, കുസൃതികളും ഒക്കെ കാണിക്കുമെങ്കിലും, എയര്‍ ഫോഴ്സിലെ മികച്ച ടെക്നീഷ്യന്മാരില്‍ ഒരാള്‍ ആയിരുന്നു.
                  അനുഭവങ്ങള്‍ തലയില്‍ സൂക്ഷിക്കുവാനും, ക്രാന്ത ബുദ്ധിയോടെ, ഓര്‍മശക്തിയില്‍ നിന്നും അവ ആവശ്യാനുസരങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാനും ഉള്ള കഴിവ് അപാരമായിരുന്നു.
               ഒന്ന് രണ്ടു പ്രാവശ്യം'ബെസ്റ്റ് ടെക്നീഷ്യന്‍ ഓഫ് ദ ഇയര്‍' എന്ന പട്ടത്തിന്
ഞങ്ങളുടെ യൂണിറ്റില്‍ നിന്നും പങ്കയുടെ പേരാണ് അയക്കപ്പെട്ടത്‌...-
              ഇന്ത്യന്‍ പട്ടാളം ആയതു കൊണ്ടും, അമേരിക്ക അല്ലാത്തത് കൊണ്ടും,
'ക്ളിന്ടു ബില്ലന്റെ കൂട്ട്, തൊഴിലില്‍  മിഴിവ് കാട്ടുന്ന  അനുമാനം മാത്രമല്ല
കണക്കില്‍ എടുക്കുക. ബാക്കിയുള്ള നല്ല നടപ്പുകളും ഒരു പ്രശ്നമാണ്.
                            എന്ജിനിയറിങ്ങു ഡിപ്പാര്‍ട്ടുമെനടു വെള്ളം കുടിച്ചു, കാണ്‍പൂരിലെ ബേസ് റിപ്പയര്‍ ഡിപ്പോയില്‍ (ബി. ആര്‍. ഡി) നിന്ന് ചെന്കീരികളെ, കൊണ്ട് വരേണ്ട പല സാഹചര്യങ്ങളും, പങ്കയുടെ പ്രാഗല്ഭ്യത്താല്‍ ഒഴിവാക്കപ്പെട്ടിണ്ട്.
             പക്ഷേ അതിനനുസരിച്ച് പങ്ക, മുതലെടുത്തിട്ടും ഉണ്ട്.                  
                          സാധാരണയായി, പ്രശ്നപരിഹാരത്തിന് ശേഷം, പങ്കക്ക് ഒരു കോമ്പ്ലിമെന്ററി ഓഫ്, ഔദ്യോഗികമായി നല്‍കും.
               അതിന്റെ കൂടെ പങ്കയുടെ വക ഒന്നോ രണ്ടോ ദിവസം കൂടി.
       ഈ തോന്ന്യവാസം മുകളിലുള്ളവര്‍ക്ക് അറിയാമെങ്കിലും, കണ്ടില്ല എന്ന്
നടിക്കും.
                             "മുട്ടുശാന്തിക്കാരനെ" പിണക്കാന്‍ പറ്റില്ലല്ലോ!
               ഇതെല്ലാം കാരണം പങ്കയുടെ സെക്ഷനിലെ സീനിയര്‍ ആളുകള്‍ക്കെല്ലാം, പങ്കയോട് പകയും അസൂയയും ആയിരുന്നു. അതില്‍ ഒരാളായിരുന്നു സര്‍ജെന്ടു. ഖോലി എന്ന സര്‍ദാര്‍ജി.
                 പങ്ക, ഖോലിയുടെ നേരെ കീഴില്‍ അല്ലാഞ്ഞത് കാരണം, അയാള്‍ അവസരം നോക്കിയിരുന്ന സമയം.
                              ഒരു ദിവസം, യൂനിറ്റ് ഫ്ലൈറ്റ് കമാണ്ടര്‍,  സ്ക്വാഡ്രന്‍ ലീഡര്‍ ഗോഡ്ഫ്രെ, പറക്കുന്നതിന് മുന്‍പുള്ള 'പ്രീഫ്ലൈറ്റ് ചെക്കില്‍', അണ്ടര്‍ കാര്യേജ്
പിസ്റ്റണില്‍, ഹൈഡ്രോളിക് ഓയിലിന്റെ ചില 'സ്പോട്ടുകള്‍' കണ്ടു.
                                   അങ്ങേര്, പങ്കയുടെ ഇന്‍ ചാര്‍ജു ആയ വാറണ്ട് ഓഫീസര്‍, മിശ്രയെ വിളിച്ചു കാണിച്ചിട്ട് പറഞ്ഞു.
                               "പ്ലീസ് ലുക്ക് ഇന്ടു ഇറ്റ് ലേറ്റര്‍""'
                                             അന്നത്തെ പറക്കല്‍ കഴിഞ്ഞ്, വിമാനം മടങ്ങി വന്നപ്പോള്‍, മിശ്ര ആ ദൗത്യം പങ്കയെ ഏല്‍പ്പിച്ചു.
              പങ്ക സംഭവസ്ഥലം സന്ദര്‍ശിച്ച്, 'ലോഗ് ബുക്കും' 'ഫോം 700' തുടങ്ങിയ
രേഖകളും എല്ലാം പരിശോധിച്ചു. ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം സമയാവിധി
ചെയ്തിട്ടുണ്ട്.  'ഐ. സി.യൂ' വില്‍ ഒന്നും കയറ്റേണ്ട കേസല്ല എന്ന നിഗമനത്തില്‍, പങ്ക അത് വിട്ടു കളഞ്ഞു.
              നാല് ദിവസങ്ങള്‍ക്ക് ശേഷം ഫ്ലൈറ്റ് കമാണ്ടര്‍, അതെ വിമാനത്തില്‍
പറക്കാന്‍ എത്തി. നാല് ദിവസങ്ങള്‍ മുന്‍പ് കണ്ട അതേ  ഹൈഡ്രോളിക് ഓയിലിന്റെ  'സ്പോട്ടുകള്‍' , അണ്ടര്‍ കാര്യേജ് പിസ്റ്റണില്‍ വീണ്ടും കണ്ടത് ശ്രദ്ധിച്ചു.
                                     അങ്ങേരേക്കാള്‍ പ്രായമുള്ള വാറണ്ട് ഓഫീസറെ, കീഴുദ്യോഗസ്ഥരുടെ മുന്‍പില്‍ വെച്ച്, പട്ടാളത്തില്‍ മേലുദ്യോഗസ്ഥന്മാര്‍
ഉപയോഗിക്കാറുള്ള ഭാഷയില്‍, ഒരു മൂച്ചു ചീത്ത പറഞ്ഞു.
                     'വിശിഷ്ട സേന മെഡലും', സര്‍വീസ് ലൈഫില്‍ 'ഗുഡ് ബുക്ക്സ് എന്ട്രികളും' മാത്രം അഭിമുഖീകരിച്ചിരുന്ന മിശ്ര, നിശബ്ദം അതെല്ലാം ഏറ്റു വാങ്ങി.
                    തിരികെ സെക്ഷനില്‍ വന്ന മിശ്ര, ശരിക്കും 'ദക്ഷയാഗം' കഥകളിയിലെ
അപമാനിതനായ പരമശിവനെപ്പോലെ, ഒരു 'ഇളകിയാട്ടം' നടത്തി.
                  " വിളിയെടാ .. കോര്‍പ്പൊറല്‍.   നായരേ......
                     കൊണ്ടുവാടാ പി. 13 ഫോം....."
           (എയര്‍ ഫോഴ്സില്‍, കീഴുദ്യോഗസ്ഥന്മാരെ ചാര്‍ജു ഷീറ്റ് ചെയ്യാന്‍ പൂരിപ്പിക്കുന്ന ഫോം)
                    ചാര്‍ജു ഷീറ്റ് ഫില്‍ ചെയ്ത്, അഡ്മിന്‍ ഓഫീസിലേക്ക് അയക്കപ്പെട്ടൂ!
    ചുണ്ടിന്റെ കോണില്‍ ഒരു ചിരിയുമായി സര്‍ദാര്‍ജി ഖോലിയും അവിടെ സന്നിഹിതനായിരുന്നു.
                      ബി. പിയുടെ അസുഖവും 'നല്ല നടപ്പും' ആസ്തിയായുണ്ടായിരുന്ന
മിശ്രുടെ ഹൃദയത്തിന് ഈ സംഭവം താങ്ങാന്‍ പറ്റിയില്ല.
                               ഉച്ച കഴിഞ്ഞപ്പോള്‍ മിശ്രക്ക്‌ കടുത്ത നെഞ്ചു വേദനയും, വിയര്‍ക്കലും.
                      കുഴഞ്ഞു വീണ അങ്ങേരെ തല്‍ക്ഷണം,  മിലിട്ടറി ആശുപത്രിയില്‍  നിന്ന് വന്ന ആംബുലന്‍സ്,  പരിചരണം ലഭിക്കേണ്ട സ്ഥലത്ത് എത്തിച്ചു.
               ഡി. എസ്. എസ്  ഇന്‍ ചാര്‍ജ് {ഡൈലി സര്‍വീസിംഗ് സെക്ഷന്‍) ))}വാറണ്ട് ഓഫീസര്‍. മിശ്രയെ ഐ.സി.യൂവിലാക്കി എന്ന വാര്‍ത്ത അറിഞ്ഞ ഓ.സി (ഓഫീസര്‍ കമാണ്ടിംഗ് ) അന്നുച്ചക്കു ശേഷം പ്ലാന്‍ ചെയ്തിരുന്ന സോര്‍ട്ടികളെല്ലാം കാന്‍സല്‍ ചെയ്തു.
      ഫ്ലൈറ്റ് കമാണ്ടര്‍ ഗോഡ്ഫ്രെ, കൂട്ടിലിട്ട വെരുവിനെപ്പൊലെ, ക്രൂ റൂമിന്റെ മുന്‍പില്‍ സിഗറെറ്റും വലിച്ച്, തെക്കുവടക്ക് നടന്നു.
           ഇതെല്ലാം കണ്ടു നിന്നിരുന്ന പങ്കയും ആ അവസരം പാഴാക്കിയില്ല. പങ്ക
ഫ്ലൈറ്റ് കമാണ്ടറിന്റെ അടുത്ത് ചെന്ന് ഒരേ ഒരു വാചകം പറഞ്ഞു.
                  "എല്ലാപേരുടെയും മുന്നില്‍ വെച്ച് സാര്‍ അങ്ങേരെ ചീത്ത പറഞ്ഞത്, ആ പാവം മനുഷ്യന് താങ്ങാന്‍ പറ്റിയില്ല എന്ന് തോന്നുന്നു.
               പട്ടാള ഭാഷയില്‍ ഗോഡ്ഫ്രെ, ഇന്ഗ്ലീഷില്‍ പ്രതികരിച്ചതിന്റെ മലയാള
പരിഭാഷ മാത്രം ഞാന്‍ എഴുതാം.
              " എടൊ പണ്ടാരമേ, ഈ കിളവന്‍ ഒരു ഹൃദ്രോഗിയുടെ സാധ്യത പോലും ഉള്ള ആളാണ്‌ എന്ന് എനിക്ക് അറിയില്ലായിരുന്നു."
            (പങ്കയാണ് ഈ നാടകത്തിനു ഉത്തരവാദി എന്നത് ശ്രദ്ധേയമാണ്.)
                     അന്ന് വൈകുന്നേരം മിശ്രയെ സന്ദര്‍ശിക്കാന്‍, കാമ്പില്‍ നിന്ന് ഒരു ജനപ്രവാഹം ഉണ്ടായി.
                    അപ്പോഴേക്കും അങ്ങേരെ വാര്‍ഡില്‍ കൊണ്ട് വന്നിരുന്നു.
     ആദ്യം അവിടെ എത്തിയത്, സ്ക്വാഡ്രന്‍ ലീഡര്‍ ഗോഡ്ഫ്രെ ആയിരുന്നു!
                        ഞങ്ങള്‍ എല്ലാം അദ്ദേഹത്തെ കാണാന്‍ വരി വരിയായി നില്‍ക്കുമ്പോള്‍, പങ്ക അവിടെ എത്തിയിട്ടുപോലും ഉണ്ടായിരുന്നില്ല.
              മിലിട്ടറി ആശുപത്രിയിലെ സന്ദര്‍ശന സമയം വൈകുന്നേരം ആറ്  മണിയോടെ തീരുന്നതിനാല്‍, ഞങ്ങള്‍ വെളിയിലേക്ക് ഇറങ്ങി.
                അപ്പോള്‍ വെളിയില്‍ നില്‍ക്കുന്ന പങ്കയെ കണ്ട്, ഞാന്‍ ചോദിച്ചു
                       " താന്‍ കാമ്പിലേക്കു വരുന്നില്ലേ ?"
            "ഞാന്‍ സാറിനെ ഒറ്റയ്ക്ക് കണ്ട്, ഒന്ന് കുംബസാരിച്ചിട്ടു വരാം- ഞാന്‍ കാരണമാണല്ലോ ഇതെല്ലാം സംഭവിച്ചത്"
                         അടുത്ത ദിവസം ഞങ്ങള്‍ അറിയുന്ന വാര്‍ത്ത -
                              " പങ്കയുടെ ചാര്‍ജ് ഷീറ്റ്, മിശ്ര പിന്‍വലിച്ചു!"
              "മനുഷ്യരല്ലേ, ഒരു അത്യാഹിതം വരുമ്പോള്‍ ആണല്ലോ, നൈമിഷിക ജീവിതത്തെ കുറിച്ചും, നമ്മുടെ പ്രവര്‍ത്തിയെ കുറിച്ചും ഒരു പുനര്‍ചിന്തനത്തിന് വിധേയമാകുക "
                         ഞങ്ങള്‍ വിചാരിച്ചു -
          വിശ്രമം കഴിഞ്ഞു ജോലിയില്‍ കയറിയ   വാറണ്ട് ഓഫീസര്‍. മിശ്രയോട്,
 സര്‍ജെന്ടു. ഖോലി  തട്ടിക്കയറി.
                                " സാറെന്തിനാണ് നായരുടെ  ചാര്‍ജ് ഷീറ്റ് പിന്‍വലിച്ചത് ? ഇവനെപ്പോലെ ഉള്ളവരെ, വളരാന്‍ അനുവദിച്ചാല്‍, അത് ഫോഴ്സിന് തന്നെ ഒരു ചീത്തപ്പേ രാകും., എങ്ങിനെ നമുക്ക് അവരെ നിലക്ക് നിറുത്താന്‍ പറ്റും?"
                        വാക്ക് തര്‍ക്കം മൂത്തു -
                          ഒച്ചയും ബഹളവുമായി !
                അവസാനം, നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍  വാറണ്ട് ഓഫീസര്‍ പൊട്ടിത്തെറിച്ചു.
               "എന്റെ സ്ഥാനത്ത് നിങ്ങള്‍ ആയിരുന്നെങ്കില്‍, നിങ്ങളും ഇത് തന്നെ
ചെയ്യും- എന്റെ സ്ഥിതി ഒന്നാലോചിച്ചു നോക്കൂ- ശ്വാസം മര്യാദക്ക് വലിക്കുവാന്‍ പോലും പറ്റാതെ, ഓക്സിജന്‍ മാസ്ക്കുമായി കിടക്കുന്ന അവസ്ഥയിലാണ് അവന്‍ അപേക്ഷിക്കുന്നത്"
               "അങ്ങിനെ എങ്കില്‍ എന്നെ വന്നു കാണാന്‍ പറയാമായിരുന്നില്ലേ?"
                          ഖോലിയും വിട്ടു കൊടുത്തില്ല -
      മിശ്ര തന്റെ നിസ്സഹായത അവസാനം തുറന്നു പറഞ്ഞു
                       "അവന്‍ സോറി  പറഞ്ഞ് അപേക്ഷിക്കുമ്പോള്‍, ആ പഹയന്റെ ഒരു   
കൈ, ഓക്സിജന്‍ സിലിണ്ടര്‍ അടക്കുകയും തുറക്കുകയും ചെയ്യുന്ന ആ 'നോബില്‍' ആയിരുന്നു!!!
                     ---------------------------------------------------------------------

2 comments:

  1. പങ്കാ'സ് കഥ കൊള്ളാം
    വരട്ടെ ഇനിയും

    ReplyDelete
  2. പങ്ക ആരാ മോന്‍?
    അവനോടാ കളി. ഓക്സിജന്‍ സിലിണ്ടര്‍ കാണാതെ മാപ്പ് ചോദിക്കാന്‍ അവന്‍ പോകോ?
    സംഭവം രസായി.

    ReplyDelete