ഞാൻ 'കോഴി ബിസിനസ്സ്' നടത്തി 'അംബാനി ആയ കഥ, നിങ്ങൾ വായിച്ചല്ലോ! ( ഞാൻ അംബാനി ആയ കഥ - 1വായിക്കാത്തവർ ഇവിടെ ക്ലിക്ക് ചെയ്യുക)
എടുത്ത ബാങ്ക് ലോണ്‍, തിരിച്ചടക്കാൻ തത്രപ്പെടുംബോഴാണ്,
ബാങ്കിംഗ് ഗൂപ്പിന്റെ ഒരു ഇന്റർവ്യൂ കാൾ എനിക്ക് ലഭിക്കുന്നത്-
"ഇന്ന ദിവസം, കൊച്ചിയിലുള്ള വലിയ ഹോട്ടലിൽ, ഇത്രാം നിലയിൽ, ഇന്ന റൂമിൽ "-
ദൈവമേ, 'സ്ഥിരവരുമാനമുള്ള, കൊള്ളാവുന്ന തസ്ഥികയിൽ, ഒരു നാഷനലൈസ്ഡു ബാങ്ക് ജീവനക്കാരാൻ ആകാനുള്ള അവസരം!
ഞാൻ അംബാനി ആകാനുള്ള ആഗ്രഹവും ഒക്കെ വിട്ട്, മനോരമ ഇയർ ബുക്കും, കറന്റ് അഫയെഴ്സും, കോമ്പട്ടീഷൻ സക്സസ് തുടങ്ങിയ ഒറ്റ മൂലികളിൽ, സശ്രധനായി!
'പാനിപ്പട്ട് യുദ്ധം' തുടങ്ങിയ കൊല്ലം, കഴിഞ്ഞ വേൾഡ് ക്രിക്കറ്റിൽ സച്ചിൻ നേടിയ സ്കോർ, പുതുതായി രൂപാന്തരപ്പെട്ട ഏതോ ഒരു പഴയ സോവിയറ്റ് യൂണിയനിലെ പ്രധാനമന്ത്രിയുടെ പേര്, തജാക്കിസ്ഥാന്റെ തലസ്ഥാനം, തുടങ്ങിയവ കാണാതെ പഠിക്കുവാൻ തുടങ്ങി!
അതും മുപ്പത്തഞ്ചാം വയസ്സിൽ!
'സൊസൈറ്റിയിൽ നിന്നും എടുത്ത ലോണ്‍ അടച്ചു തീർക്കണ്ടേ!'
'കോഴി മേനോനും ആയില്ല!'
' അംബാനിയും ആയില്ല'!
സ്ത്രീധനം ഒന്നും മേടിച്ചില്ലായിരുന്നു എങ്കിലും, അച്ചി വീട്ടിൽ അവരുടെ ചിലവിൽ താമസിക്കുന്നതിന്റെ ചളിപ്പ് വേറെയും!
നിശ്ചിത സമയത്ത് ഒരു ടൈയും ഒക്കെ കെട്ടി, ബാങ്ക് ഇന്റർവ്യൂവിന് ഞാൻ പോയി.
പേര് വിളിക്കപ്പെട്ട് അകത്തു ചെന്നപ്പോൾ, ഇന്റർവ്യൂ ' പാനലിൽ മൂന്നു പേരുണ്ടായിരുന്നു.
കുശല പ്രശ്നം ഒക്കെ ചോദിച്ചു, എന്നെ 'കംഫർട്ടബിൾ' ആക്കി.
'അതാരാണ്', 'ഇതെന്തുകൊണ്ടാണ് ഇങ്ങനെ', ഇപ്പോൾ കാണുന്ന
'നിങ്ങൾക്കും ആകാം കോടീശ്വരൻ' എന്ന ടി. വി എപ്പിസോഡിലെ പോലെയുള്ള ആദ്യത്തെ കുറെ എളുപ്പ ചോദ്യങ്ങളൾ !
അതിനിടയിൽ, ഞാൻ കൊടുത്ത 'ബയോഡാറ്റ' അവർ പരിശോധിക്കുന്നു എന്ന് മനസ്സിലായി-
'കഥകളി ഇഷ്ടമാണ് അല്ലെ?'
"അതെ"
എന്തുകൊണ്ടാണ്, ഇഷ്ടമായി തോന്നാൻ കാരണം?
'അതൊരു സമ്പൂർണ കലയാണ് - സംഗീതം, സാഹിത്യം, താളം, ഭാവാഭിനയം, മുദ്രകൾ, ചമയം, ഞാൻ ആസ്വാദനത്തെ കുറിച്ച് വാചാലനായി-
ഞാൻ പറഞ്ഞു തീർക്കുന്നതിനു മുൻപ്, അടുത്ത ചോദ്യം -
'കഥകളി സംഗീതമോ?'
''ഇഷ്ടമാണ്'
'ഏതെങ്കിലും ഒരു പദത്തിന്റെ രണ്ടു വരി പാടാമോ?'
'പാട്ട് വലിയ വശമില്ല, പഠിച്ചിട്ടില്ല'
'ഓർമ വരുന്നത്, ഏതെങ്കിലും രണ്ടു വരി പറഞ്ഞാൽ മതി'-
ഞാൻ 'കലാമണ്ടലത്തിൽ' ചേരാനുള്ള ക്യൂവിൽ, വഴി തെറ്റി നിന്നതാണോ,
എനിക്ക് സംശയം തോന്നി !
ഞാൻ കുചേലവൃത്തത്തിലെ 'അജിത ഹരേ' എന്ന് തുടുങ്ങുന്ന വരികൾ,
പറഞ്ഞു കേൾപ്പിച്ചു -
'ഇത് ഏതു രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നറിയാമോ?'
'ശ്രീരാഗം'
പെട്ടെന്ന് നടുക്കിരിക്കുന്ന ആളുടെ വക മറ്റൊരു ചോദ്യം -
"എ.പി ഉദയഭാനു എന്ന ഒരു പാട്ടുകാരനെ കുറിച്ച് കേട്ടിട്ടുണ്ടോ?"
"ഉദയഭാനു എന്നൊരു പാട്ടുകാരനുണ്ട്, കൂടാതെ ആ പേരിൽ തന്നെ ലേഖനങ്ങൾ എഴുതുന്ന ഒരെഴുത്തുകാരനും ഉണ്ട് - പാട്ട് പാടുന്നത്
കെ. പി. ഉദയഭാനു ആണ്, മറ്റേ ഉദയഭാനുവിന്റെ ഇനീഷ്യൽ വ്യക്തമല്ല-"
'പാട്ടുകാരൻ ഉടയഭാനുവിന്റെ പാട്ടുകൾ?'
നടുക്കിരിക്കുന്ന ആൾ വീണ്ടും -
'അനുരാഗ നാടകത്തിൽ', 'വെള്ളി നക്ഷത്രമേ' അങ്ങിനെ ഒട്ടനവധി .....
എന്റെ ഇന്റർവ്യൂ കഴിഞ്ഞു എന്ന് അറിയിച്ചു !
കുറെ ദിവസങ്ങൾ കഴിഞ്ഞു, എന്റെ ചേട്ടനെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു -
'എങ്ങിനെ ഉണ്ടായിരുന്നു നിന്റെ ബാങ്ക് ഇന്റർവ്യൂ?'
'ഓ, അത് വെറുതെ ഒരു പ്രഹസനം, അവർ ബന്കിങ്ങിനെ കുറിച്ചോന്നും
അല്ല ചോദിച്ചത്- ചോദിച്ചതെല്ലാം, കഥകളിയെ കുറിച്ചും ഡാൻസിനെ കുറിച്ചും ആണ്"
പല സിലക്ഷൻ ബോർഡിലും, ചോദ്യകർത്താവയി ഇരുന്നിട്ടുള്ള, എന്റെ ചേട്ടൻ ഒന്നും മറുപടി പറഞ്ഞില്ല !
അവസാനം എനിക്ക് ബാങ്കിന്റെ 'അപ്പോയിന്റ്മെന്റ് ഓർഡർ'
കിട്ടിയപ്പോൾ, ഞാൻ പോലും അമ്പരന്നു!
അടുത്ത തവണ ചേട്ടനുമായി സംസാരിച്ചപ്പോഴാണ്, ഇതിന്റെ എല്ലാം
അടിയൊഴുക്കുകൾ എനിക്ക് മനസ്സിലാകുന്നത് -
അത്, ഞാൻ അടുത്ത തലമുറയ്ക്ക് പകർന്നു തരുന്നു -
ചോദ്യശരങ്ങൾ കൊണ്ട്, നിർവീര്യമാക്കുന്ന ഒരു സമീപനമല്ല, വിവേകമുള്ള ചോദ്യകർത്താക്കൾ, മുഖാമുഖത്തിലൂടെ ചെയ്യുന്നത് -
ഉദ്യോഗാർത്ഥിക്ക് അറിയിയുന്നത്, എന്ന് അയാൾ തന്നെ പറയുന്ന മേഘലയിൽ കൂടിയാണ്, ചോദ്യകർത്താവിന്റെ അനുമാനങ്ങൾ, സ്ഥിതീകരിക്കപ്പെടുന്നത് !
നമ്മൾക്കറിയാവുന്ന, നമ്മൾക്കിഷ്ടമുള്ള എന്ന് നമ്മൾ തന്നെ ഉണർത്തിച്ച, മേഘലയിൽ നിന്നാണ്, അങ്ങിനെ ഉള്ളവര ചോദ്യം ചോദിക്കുക-
നമ്മൾക്ക് താല്പര്യം ഉണ്ട്, എന്ന് നമ്മൾ തന്നെ, എഴുതിക്കൊടുത്ത,
അല്ലെങ്കിൽ അവകാശപ്പെടുന്ന കാര്യത്തിൽ, ഈ ഉദ്യോഗാർത്ഥിക്ക്
എത്രത്തോളം അറിയാം, അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിട്ടുണ്ട്, എന്നതിലൂടെയാണ്, അവർ വിലയിരുത്തൽ നടത്തുന്നത് -
അതുകൊണ്ട്, ഇപ്പോഴത്തെ കാലത്ത്, കുറെ പേരുകൾ കാണാതെ പഠിച്ചുകൊണ്ട് മാത്രം ഇന്റർവ്യൂവിനു പോകല്ലേ - കാര്യമില്ല !
എന്തായാലും ചോദിച്ച ചോദ്യങ്ങൾക്ക്, ശരിയായ ഉത്തരം പറഞ്ഞ എനിക്ക്, ബാങ്കിൽ ജോലി കിട്ടി !
എന്റെ ചേട്ടൻ ഇത് പോലെ, നിരവധി ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന ഒരു വ്യക്തി ആണ് - അദ്ദേഹം പറഞ്ഞ ഒരു വാചകം ഞാൻ പറയാം -
" വീ വിൽ ഗിവ് ഹിം ദി ലൂസ് എൻഡ് ഓഫ് ദി റോപ് ആൻഡ് ഒബ്സർവു, ഹൗ ഫാർ ഹി കാൻ ഗോ"
ചുരുക്കത്തിൽ, ഇവൻ വാചകം അടിച്ചു എവിടം വരെ പോകും, എന്ന് അവർ നിരീക്ഷിക്കും -
ഉദ്യോഗാർത്ഥി , ബോർഡിൽ ഇരിക്കുന്നവരെ പറ്റിച്ചു എന്ന സന്തോഷത്തിൽ, കാട് കേറും !
എന്തായാലും ഞാൻ ബാങ്കിൽ ചേർന്നില്ല - എഫ്. എ. സി ടിയിൽ നിന്ന്
അതിലും നല്ല ഒരു ഓഫർ കിട്ടിയ കാരണം, അവിടെ ചേർന്നു -
കുറെ നാളുകൾക്കു ശേഷം, ഏതോ ഒരു മാസികയിൽ, എഴുത്തുകാരന്റെ ഫോട്ടോയും കൂടിയുള്ള, ഒരു ലേഖനം ഞാൻ വായിക്കാനിടയായി !
പണ്ട് ബാങ്ക് ഇന്റർവ്യൂവിനു, എ. പി. ഉദയഭാനു എന്ന പാട്ടുകാരനെ അറിയാമോ എന്ന് ചോദിച്ച, പാനലിൽ നടുക്കിരുന്ന ആളിന്റെ ആയിരുന്നു ഫോട്ടോ!
"ശ്രീ. എ. പി. ഉദയഭാനു "
ഒരു സംശയം എന്നിൽ ഇപ്പോഴും അവശേഷിക്കുന്നു !
അവനവന്റെ പേര് അറിയുമോ എന്ന, വ്യക്തിപ്രഭാവ ചിന്തയിൽ നിന്ന് ആയിരുന്നോ ആ ചോദ്യം ഉണ്ടായത്, 'അതോ കൊനഷ്ടു നിറഞ്ഞ ഒരു ചോദ്യത്തിന് വേണ്ടി ഒരു ചോദ്യം ' എന്ന നിലയിലായിരുന്നോ, ആ ചോദ്യം ഉയർന്നത് എന്ന് !!
------------------------------------------------------------------------------------------------------